Monday, April 10, 2017

ഡിജിറ്റലാകൂ അല്ലെങ്കിൽ പതുക്കെ പുറത്താകൂ !

ഇന്ത്യ കണ്ട എക്കാലത്തേയും ശ്രേഷ്ഠ എഞ്ചിനീയർ എം.വിശ്വേശ്വരയ്യയുടെ പ്രശസ്തമായ ഒരു വാചകം ഉണ്ട് "Industrialise or perish". ഇദ്ദേഹത്തിന്റെ ഓർമയ്‌ക്കായാണ് ഇന്ത്യയിൽ എഞ്ചിനിയേഴ്സ് ദിനം ആചരിക്കുന്നത്, മികവുറ്റ സിവിൽ എഞ്ചിനീയർ മാത്രമായിരുന്നില്ല ഭാരതരത്ന വിശ്വേശ്വരയ്യ സംരംഭകനും ഭരണാധികാരിയും ആസൂത്രണ തന്ത്രജ്ഞനും ഒക്കെ ആയി പല നിലകളിൽ ശോഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വലിയ വ്യവസായ ശാലകൾക്കും ജലസേചന പദ്ധതികൾക്കും വേണ്ടി വാദിക്കുക മാത്രമല്ല, ഇന്നും യശസോടെ നിൽക്കുന്ന പല നിർമിതികളും രൂപകല്പന ചെയ്‌ത് തന്റെ നിലപാട് ശരിയെന്ന് പിൽക്കാല മാറ്റത്തിലൂടെ കാണിച്ച് തരികയും ചെയ്‌തു.

അന്ന് വിശ്വേശ്വരയ്യ നിന്നത് വ്യവസായ മാറ്റത്തിന്റെയും വൻകിട യന്ത്രശാലകളുടെയും പരിക്രമണയാമത്തിൽ ആയിരുന്നെങ്കിൽ ഇന്ന് അത് ഡിജിറ്റൽ മാറ്റത്തിന്റെത് എന്ന് മാത്രം. ആദ്യത്തെ വാചകത്തെ ഇന്നത്തെ ഭാഷയിൽ "
digitize or stagnate" എന്ന് പറയാം. ആലോചനാതീതമാം വിപുലമാണ് ഡിജിറ്റൽ മാറ്റത്തിന്റെ ആസന്ന ഭാവികാലം. വ്യവസായ വിപ്ലവം ഒറ്റ ഇടപെടലിനെ തുടർന്നുണ്ടായ ക്രമമായ അനുരണനമായിരുന്നെങ്കിൽ, ഡിജിറ്റൽ മാറ്റം ഇടവേള തരംഗമാണ്. ഇന്റർനെറ്റ് വന്നതോടെ ആദ്യമാറ്റ കാഹളമായി, ചിലർ മാറ്റത്തോട് അപ്പോഴെ അനുകൂലമായി പ്രതികരിച്ചു, പിന്നാലെ കംപ്യൂട്റ്റർ ശൃംഖലകളും ബിസിനസ് സഹായ വികേന്ദ്രീകൃത സോഫ്ട്‌വെയർ ഉപാധികളും എത്തി. ഇതിനെ ഒരു തരം റീഎഞ്ചിനീയറിംഗ് എന്ന് പറയാം. പിന്നാലെ എത്തിയ മെസഞ്ചർ വിപ്ലവം കസ്റ്റമർ കെയർ അല്ലെങ്കിൽ ഉപയോക്തനിലയെ ഗുണപരമായി കണക്ട് ചെയ്‌തു, അവസാനം എത്തിയത് രണ്ട് തരംഗങ്ങൾ ഒരുമിച്ചാണ് സാമൂഹിക സമ്പർക്ക മാധ്യമങ്ങളും, ബിസിനസിന്റെ തന്നെ ഡിജിറ്റൽ സമഗ്രതയും.

ഇപ്പോൽ ഉത്പന്ന രൂപകല്പന, നവീകരണത്തിൽ തുടങ്ങി സപ്ലെ ചെയിനിലൂടെ മാർക്കറ്റിംഗ് സംവിധാനങ്ങളും കടന്ന് വില്പനാനന്തര സേവനത്തിലും ഡിജിറ്റൽ കാല്പാടില്ലാതെ മുന്നോട്ട് ചലിക്കാൻ പറ്റില്ലന്നായി. ആമുഖത്തിൽ സൂചിപ്പിച്ചത് പോലെ ഒന്നുകിൽ ഡിജിറ്റലാകൂ, ഇല്ലെങ്കിൽ സാവധാനം കളമൊഴിയൂ എന്നതായി സ്ഥിതി. ആദ്യമൊക്കെ മടിച്ച് നിന്നവരും ഇന്ന് വേറെ വഴിയില്ലാതെ ഡിജിറ്റൽ വ്യൂഹത്തിന്റെ നേട്ടം കൊയ്യാൻ മനസില്ലാ മനസോടെയാണങ്കിലും തയാറെടുത്ത് കഴിഞ്ഞു. മാറ്റത്തിന്റെ ഉദയം ആദ്യമേ മണത്തറിഞ്ഞവർ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. മാറ്റം എന്തുതന്നെയായാലും അതിനോട് മുഖം തിരിച്ച് നിൽക്കുന്നവർക്ക് തിരിച്ച് വരവ് അസാധ്യമാകും എന്നതിന് വ്യവസായ ലോകത്ത് ഉദാഹരണം അനവധി. എന്നാൽ മാറ്റക്കുലുക്കം അഥവാ disruption സ്വായത്തമാക്കുന്നവർക്ക് വിപണിയിൽ ഇടം സൃഷ്ടിച്ച് മുന്നേറാനാകും. ഡിജിറ്റൽ ലോകത്ത് നൂതനത്വം അഥവാ ഇന്നോവേഷൻ ആണ് വിജയത്തിന്റെ താക്കോൽ. ആപ്പിൾ, ആമസോൺ, ടെസ്‌ല, ഗൂഗിൾ ഒക്കെ മുന്നിലുള്ള നൂതനാശയക്കാർ. ഇന്ന് മിക്ക സ്ഥാപനങ്ങൾക്കും ചീഫ് ടെക്നോളജി ഓഫീസർ തസ്തിക വരെ മുകളറ്റത്ത്, ഇതിനാനുപാതികമായി താഴേ തട്ടിലേക്കും സാങ്കേതിക സജ്ജരായ തൊഴിൽ പടയെ വിന്യസിച്ച് കഴിഞ്ഞു. അതെ സാങ്കേതികമാറ്റം അതിദ്രുത ഗതിയിൽ മുന്നോട്ട് പോവുകയാണ്.

പലതരത്തിലുള്ള കണക്ടിവിറ്റിയിലൂടെ ഉത്പന്നം ഉണ്ടാക്കാനും അത് കാര്യക്ഷമമായി വിതരണം ചെയ്യാനും കഴിയിയുന്നത് മാത്രമല്ല, നിർണായകമായ പല ചിലവുകളും പാടേ ഒഴിവാക്കാനോ കുറയ്‌ക്കാനോ ഈ ഡിജിറ്റൽ പ്രയാണത്തിനാകുന്നുണ്ട്. പെട്ടെന്ന് എടുത്ത് പറയാവുന്ന മേഖല ചില്ലറ വില്പന യിലെ ഇ-കോമേഴ്സ് / മാർക്കറ്റ് പ്ലേസ് സാന്നിദ്ധ്യവും ബാങ്കിംഗ് രംഗവും ആണ്. കേരളത്തിലെ ഒരു മുഖ്യബാങ്ക് പോയ വർഷം വിരലിലെണ്ണാവുന്ന ശാഖകൾ മാത്രമാണ് പുതുതായി ആരംഭിച്ചത്, ഈ വർഷം ഇത് വരെ പുതിയ ശാഖകളും ഇല്ല. എന്ന് വച്ച് ബിസിനസിനോ, ലാഭത്തിനോ പുതിയ ഇടപാടുകാരെ ആകർഷിച്ച് കരവലയത്തിൽ എത്തിക്കുന്നതിനോ ഒരു കുറവും വന്നില്ല. സാധാരണ ബാങ്ക് ഇടപാട് ഒന്നുക്ക് ഉള്ളതിന്റെ ചിലവിന്റെ പകുതിയിൽ താഴെയെ എടിഎം ഇടപാടിനുള്ളൂ, അതിന്റെ വളരെ കുറഞ്ഞ അളവിലേ മൊബൈൽ ഇടപാടുകൾക്ക് ഉള്ളൂ. അതായത് എത്തപ്പെടൽ കൂടുന്നു എന്ന് മാത്രമല്ല ഓപ്പറെഷൻ കോസ്റ്റും കുറയുന്നു എന്നത് വളരെ പ്രകടമായ ഒരു സേവന മേഖല ആയതിനാൽ. ഈ പ്രവണത ഏറിയും കുറഞ്ഞും മറ്റെല്ലാ വ്യവസായ-വാണിജ്യ-വ്യാപാര രംഗത്തും കാണാം.
Digital Disruption എന്നത് 'ഒരു പുതിയ സാധാരണത്വം' (ന്യൂ നോർമൽ) എന്ന നിലയ്‌ക്ക് പരക്കെ സ്വീകരിക്കപ്പെടുന്നു, ഇതിനെ താങ്ങാൻ ശേഷിയുള്ളവർക്ക് ഒരു ഡിജിറ്റൽ മൈൻഡ് സെറ്റ് ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കിൽ അവരെക്കാൾ കുറഞ്ഞ ഭൗതിക സാഹചര്യവും ധനശേഷിയും ഉള്ളവർ പോലും ഡിജിറ്റൽ ക്രയവിക്രയ ലോകത്ത് നിർണായക ഇടം സൃഷ്ടിച്ചെടുക്കാനാകും. Digital disruption is the change that occurs when new digital technologies and business models affect the value proposition of existing goods and services. ഒരു പത്ത്/ഇരുപത് വർഷങ്ങൾക്ക് ശേഷമുള്ള ബിസിനസ് ലോകം എങ്ങനെയാകും എന്ന് പ്രവചനാത്മകതയോടെ -ഫോർകാസ്റ്റ്- നോക്കിയാൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ആ മാറ്റത്തിനനുസരിച്ച് മത്സര സജ്ജമാണോ എന്നും അറിയാം. വ്യക്തമായ ഭാവികാലം പല കൺസൾട്ടൻസികളും ബിസിനസ് ഗ്രൂപ്പുകളും അവരുടെ ആസൂത്രണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതൊക്കെ ഒരു ഗൂഗിൾ സർച്ചിൽ കിട്ടുകയും ചെയ്യും !