Wednesday, January 06, 2016

വലയിൽ കുരുങ്ങേണ്ടതല്ല ഇന്റർനെറ്റ് സമത്വം


ഇന്റർനെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി തകർക്കുന്നതാണ് മതിൽ കെട്ടിയടച്ച പൂന്തോട്ടങ്ങളെന്ന് വിളിക്കപ്പെടുന്ന സീറോ റേറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ. ഫേസ്ബുക്ക് കുറച്ച് മാസങ്ങൾക്ക് മുന്നെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിലും പിന്നീട് ഇപ്പോൾ ഫ്രീ ബേസിക്സ് എന്ന പുതിയ ആവരണത്തിലും എത്തിയ 'സൗജന്യ ഇന്റർനെറ്റ്' ശരിക്കുള്ള അർത്ഥത്തിൽ പൂർണ സ്വതന്ത്രമല്ല. ടെലകോം ഉപയോക്താക്കൾക്ക് പണം നൽകാതെ തന്നെ ഏതാനും ഇന്റർനെറ്റ് ഇടങ്ങളിലേക്ക് വിവരവിനിമയ സൗകര്യം നൽകുന്ന സംവിധാനത്തെ പൊതുവേ സീറോ റേറ്റിംഗ് പ്ലാറ്റ്ഫോം എന്നാണ് വിളിക്കപ്പെടുന്നത്. അതായത് എല്ലാ വരിക്കാർക്കും അതാത് ടെലകോം കമ്പനിക്കാരുമായി ധാരണയിലായ വെബ്സൈറ്റിലേക്ക് പണമൊന്നും നൽകാതെ വിവരപര്യടനം നടത്താം, ഇപ്പോൾ ഫേസ്ബുക്ക് പുതിയ കൂടിട്ട് അവതരിപ്പിച്ച ഫ്രീ ബേസിക്സ്, നേരത്തെ വന്ന എയർടെൽ സീറോ, എയർസെല്ലും വിക്കിപീഡിയയും ആയി ഉണ്ടാക്കിയ ഏർപ്പാട് ഒക്കെ സീറോ റേറ്റിംഗ് എന്ന പൊതു സംജ്ഞ യിൽ പെടുത്താം. ഇപ്പോൾ നടക്കുന്ന ചർച്ചയെ 'ഫ്രീ ബേസിക്സ് Vs ഉപയോക്താക്കൾ/ട്രായ് എന്ന് വിളിക്കുന്നതിലും ശരികേടുണ്ട് എന്ന് ചുരുക്കം. എന്തിനു ഇതിനു വേണ്ടിയുള്ള സംവാദം തന്നെ ഫ്രീ ബേസിക്‌സിന്റെ പരസ്യം ആകണം ! നാളെ ഫ്രീ ബേസിക്സ് പോലെയുള്ള പല ഏർപ്പാടുകളും മുള പൊന്തി വരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കെ പൊതുവായ പേരിലേക്കും സൂചകങ്ങളിലേക്കും ചർച്ചയുടെ തലക്കെട്ട് മാറേണ്ടത് അനിവാര്യമാണ്. ഒരു ദശകത്തിനു മുന്നെ വിൻഡോസ് Vs ഗ്നു/ലിനക്സ് എന്ന ചർച്ച ചൂടുപിടിച്ചപ്പോഴും ഈ പേരിന്റെ ഊരാക്കുടുക്ക് സമാനമായ സാഹചര്യം ഉണ്ടാക്കിയിരുന്നു പിന്നീട് അത് പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയർ Vs സ്വതന്ത്ര സോഫ്ട്‌വെയർ എന്ന് പൊതുരീതിയിൽ ഉപയോഗിച്ച് വന്നത് ഇത്തരുണത്തിൽ ഓർക്കാം. 


ഇനി നമുക്ക് നെറ്റ് ന്യൂട്രാലിറ്റി എന്ത് എന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. ഇനിയും വൈദ്യുതീകരിക്കാത്ത 15,000 ലേറെ ഗ്രാമങ്ങൾ ഇന്ത്യയിൽ ഉണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറയുന്നത് കേട്ട് രാജ്യത്തെ മുൻനിര വൈദ്യുത ഉത്പാദന കമ്പനികളിലൊന്നോ അല്ലെങ്കിൽ കൂട്ടമായോ വന്ന് ഞങ്ങൾ ഗ്രാമീണ വൈദ്യുതീക്രണം ഏറ്റു. സർവർക്കും വൈദ്യുതി ലഭ്യമാക്കി ഭവനങ്ങളെ ശാക്തീകരിക്കുന്ന 'ഫ്രീ പവർ' പദ്ധതിക്ക് തയാർ എന്ന് പറയുന്നു. എല്ലാ സൗജന്യങ്ങൾക്കും ചില നിബന്ധനകൾ ഉണ്ടായിരിക്കുമല്ലോ. ഇവിടെ അത് ഈ ധാരണയിലെത്താൻ മുന്നോട്ട് വന്ന കമ്പനികൾ നിർദ്ദേശിക്കുന്ന വൈദ്യുത വിളക്ക്, ഫാൻ തന്നെ ഗ്രാമീണൻ ഉപയ്യോഗിക്കണം. അവരുടെ വീട്ടിൽ സൗജന്യമായി ലഭിക്കുന്ന വൈദ്യുതി ഏതേത് കാര്യങ്ങൾക്ക് ഏതേത് കമ്പനിയുടെ ഉപകരണങ്ങൾ വഴി ഉപയോഗിക്കണം എന്ന് വന്നാലോ? അതെങ്ങനെ ശരിയാകും. നിശ്ചിത യൂണിറ്റ് വൈദ്യുതി പരിപൂർണ സ്വാതന്ത്ര്യത്തോടെ അല്ല ഇവിടെ നൽകുന്നത് എന്ന് ചുരുക്കം. 


ഇവിടെ തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാഭാവികമായ നീതി അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇപ്പോൾ ചർച്ചയാകുന്ന മേൽ സൂചിപ്പിച്ച സീറോ റേറ്റിംഗ് ഇന്റർനെറ്റ് പ്ലാനുകളും സൗജന്യവൈദ്യുതിക്കാരുടെ മോഹനവാഗ്ദാനം പോലെ കൂട്ടിലിട്ട തത്തയെ പോലെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അവരുമായി ധാരണയിൽ ഏർപ്പെട്ട വെബ് സേവനങ്ങൾ മാത്രം ലഭിക്കും എന്നത് ഉപയോക്താവിനു നല്ലതല്ലേ എന്ന് ആദ്യ നോട്ടത്തിൽ തോന്നുമെങ്കിലും ഇത് നെറ്റ് സമത്വത്തെ തകർക്കും. കാരണം കേവലം മുപ്പതോ അല്ലെങ്കിൽ നൂറോ വെബ്സൈറ്റിൽ ഒതുങ്ങുന്നതല്ല ഈ വിശ്വ വ്യാപന വല. സർക്കാർ ഇ ഗവണൻസ് പദ്ധതികൾ മുതൽ വീട്ട് സാധനങ്ങൾ വാങ്ങുന്ന ഇ കോമേഴ്സ് സൈറ്റുകൾ വരെ പരശതം ഈ ഇ-ഉലകത്തിൽ ഉള്ളതിൽ സീറോ റേറ്റിംഗ് വരിക്കാർ വന്ന് നിൽക്കുന്നത് കെട്ടിയടക്കപ്പെട്ട പൂന്തോട്ടത്തിൽ (walled garden) ആണ്. 

സോപ്പ് തേച്ച് കുളിക്കണം എന്ന് സോപ്പ് കമ്പനികൾക്ക് സർക്കാരുമായി ചേർന്ന് പറയാം, എന്നാൽ '--' ബ്രാൻഡ് സോപ്പ് തന്നെ തേച്ച് കുളിച്ച് വ്യക്തി ശുചിത്വം പാലിക്കണമെന്ന് സർക്കാർ കൂടി ചേർന്ന് പറയുന്നിടത്ത് ശരികേടുണ്ട്, നീതിയുടെ നിഷേധവുമുണ്ട്. ഇപ്പോൾ ചർച്ചയായ സീറോ റേറ്റിംഗ് പാറ്റ്ഫോമിൽ എല്ലാ ഓൺലൈൻ സാധനസാമഗ്രി -ഇ കൊമേഴ്സ് - വില്പന ശാലകളും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. അങ്ങനെയുള്ളപ്പോൾ ഈ പുതിയ ഇന്റർനെറ്റ് വരിക്കാർക്ക് കടയെന്നാൽ ടെലകോം കമ്പനി പറയുന്ന കട മാത്രം, അവിടെ എന്ത് വിലയാണങ്കിലും അത് വാങ്ങാം വാങ്ങാതിരിക്കാം എന്നത് സ്വാതന്ത്ര്യമല്ല നേരെ മറിച്ച് രാജ്യത്തെ നിയമസംവിധാനത്തിനു കൂടി വെല്ലുവിളി ഉയർത്തുന്നില്ലേ എന്ന് സന്ദേഹിക്കുന്നതിൽ തെറ്റു പറയാനൊക്കുമോ. ഇതേ പ്ലാറ്റ്ഫോമിൽ മാധ്യമങ്ങളിൽ ചിലത് ഉണ്ടാകും, അതായത് ടെലകോം കമ്പനിയുമായി നിർദ്ദിഷ്ട സീറോ റേറ്റിംഗിൽ പങ്കാളിയായ ദിനപത്രം, അപ്പോൾ നിങ്ങൾ ഈ വായിക്കുന്ന മെട്രോ വാർത്ത കിട്ടണമെന്നില്ല. മാർക്കറ്റിൽ പോയി ന്യൂസ് സ്റ്റാൻഡിൽ നിന്ന് ഏത് പത്രവും വാങ്ങാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് ഉള്ളത് അത് പോലെ തന്നെ ഇന്റർനെറ്റിലും ലഭിക്കണമെന്നത് മൗലികവകാശം പോലെ പവിത്രമായി ഇന്ന് ലോകമെമ്പാടും കാണുന്നു. അത് കൊണ്ടാണ് നെറ്റ് ന്യൂട്രാലിറ്റി / നെറ്റ് സമത്വം ചെറുതായെങ്കിലും തൊടാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമെന്ന് പറയുന്നത്. 


സ്റ്റാർട്ടപ്പ് യൂണിറ്റുകൾ, മറ്റ് പുതിയ വ്യവസായ സംരംഭങ്ങൾക്ക് ഒക്കെ വിലങ്ങ്തടിയാണ് ഈ സീറോ റേറ്റിംഗ്പ്ലാനുകൾ എന്നത് മറ്റൊരു ഗൗരവമായ വിഷയം. എന്തിനധികം പറയുന്നു ഒരു പതിറ്റാണ്ടിനു മുന്നെ സാക്ഷാൽ ഫേസ്ബുക്കും ട്വിറ്ററും ഒക്കെ പിച്ച വച്ച് തുടങ്ങുന്ന സമയത്ത് ഇത്തരം സീറോ റേറ്റിംഗ് പ്ലാനുകൾ സർവത്ര ഉണ്ടായിരുന്നെങ്കിൽ ഫേസ്ബുക്കിന്റെ സ്വാഭാവികമായ ജൈത്രയാത്ര തന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതുതായി വരുന്ന ചെറു നൂതന സംരംഭങ്ങൾക്കൊന്നും ഈ പ്രബലരുമായി കൈകോർക്കാനുള്ള സാമ്പത്തിക കരുത്ത് ഉണ്ടാകില്ല. എല്ലാർക്കും വളരാൻ തക്ക വെള്ളവും വളവും ശുദ്ധവായുവും യഥേഷ്ടം ലഭിക്കുന്ന പൂന്തോട്ടമായി ഇന്റർനെറ്റിനെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സീറോ റേറ്റിംഗ് പ്ലാറ്റ് ഫോമുകളെ നിരുൽസാഹപ്പെടുത്തണ്ടതിന്റെ മർമ്മം ഇരിക്കുന്നത്. ഗ്രാമീണമേഖലയിൽ ഇന്റനെർറ്റ് എത്തിക്കാൻ ഫേസ്ബുക്ക്, ഗൂഗിൾ പോലെയുള്ള ഇന്റർനെറ്റ് പ്രബലർക്ക് താത്പര്യം ഉള്ളത് സന്തോഷം തന്നെ, എല്ലാ കാര്യവും നടത്താൻ സർക്കാരുകൾക്ക് സാമ്പത്തിക ഭദ്രത ഉണ്ടാകണമെന്നില്ല. എന്നാൽ ഇത് പൊതുവായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനോ അല്ലെങ്കിൽ നിലവിലുള്ളത് ശക്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളിൽ പങ്കാളി ആയി വേണം കൈ കോർക്കേണ്ടത്, അങ്ങനെയുള്ള ശ്രമങ്ങൾക്ക് പൊതുസമൂഹത്തിന്റെ നിർലോഭമായ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സുതാര്യമായ ഇടപാടുകൾ സൈബർ ഇടനാഴികളിൽ സംഭവിക്കട്ടെ. 

(Published in Metro Vartha News Paper on 6th Jan 2016)