Wednesday, January 21, 2015

സാമൂഹിക മാധ്യമങ്ങളും മലയാളവും

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിലൂടെ പൊതുജനങ്ങളെ പരസ്പരം കണ്ണികളാക്കി അവരവർക്ക് എഴുതാനും ഫോട്ടോകൾ, വിവരങ്ങൾ ഒക്കെ പങ്ക് വയ്‌ക്കാനുള്ള സൈബർ ഇടമാണ് സാമൂഹിക മാധ്യമങ്ങൾ. ഡിജിറ്റൽ വ്യൂഹങ്ങളിലാണ് ഇതിലെ ഉള്ളടക്കം നിലകൊള്ളുന്നത്, അച്ചടി മാധ്യമത്തെപോലെ ഭൗതികമായ സാന്നിദ്ധ്യം ഇല്ല എന്ന് പറയാം, ശരിക്കും വിർച്വൽ കമ്യൂണിറ്റികളാണ് സാമൂഹിക സമ്പർക്ക വെബ്‌സൈറ്റുകൾ. പരസ്പരം എഴുതാനും ഉള്ളടക്കം പങ്ക് വയ്‌ക്കാനും സാധിക്കുന്നു. വാർത്തയും വർത്തമാനവും ഒക്കെ തൽസമയം ലഭിക്കും എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത എല്ലാവർക്കും എഴുതാൻ അവസരമുണ്ട് എന്നതുമാണ്. ഇവ നവമാധ്യമങ്ങൾ എന്നും വിളിക്കപ്പെടുന്നു. എന്നാൽ ഇനി അഞ്ചോ പത്തോ വർഷം കഴിഞ്ഞ് മറ്റൊരു മാധ്യമരൂപം വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ വീക്ഷണ കോണിൽനിന്നു നോക്കുക ആണങ്കിൽ നവമാധ്യമം എന്ന വിളിപ്പേരിനെക്കാൾ ഉചിതം സാമൂഹിക മാധ്യമം എന്നതുതന്നെ.

വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയം അടിസ്ഥാനപരമായി നിലനിൽക്കുമ്പോൾ തന്നെ വാർത്താ താരങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയും ഇന്ന് സാമൂഹിക സമ്പർക്ക മാർഗങ്ങൾ ഉപയോഗിക്കുന്നത് പരമാവധി പേരിലേക്ക് തങ്ങൾക്ക് പറയാനുള്ളത് എത്തിക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ്. ഒരു ടെക്‌നോപൊളിസ് പതിയെ രൂപപ്പെടുകയാണ്. അവിടെ ദൂരങ്ങൾ പെട്ടെന്ന് ഇല്ലാതാകുന്നു, എത്ര അകലത്തിലിരുന്നവർ പോലും തമ്മിൽ കാണുമ്പോൾ ഇന്നലെ കണ്ടപോലെ പരിചിതമായി സംഭാഷണം ആരംഭിക്കാൻ പറ്റുന്നത് അവരവരുടെ ടൈംലൈനിൽ അവരെ സംബന്ധിച്ച വിവരങ്ങൾ ഉള്ളതുകൊണ്ടു കൂടിയാണ്.

സാധാരണ മാധ്യമങ്ങളുടെ ഘടനയിൽ നിന്ന് വളരെ മാറിയാണ് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ സഞ്ചരിക്കുന്നത്. ഇരുത്തം വന്ന ഭാഷ, പലതട്ടിൽ ഉള്ള എഡിറ്റിങ്ങ് ഒക്കെ സാമ്പ്രദായിക മാധ്യമങ്ങളിൽ നടക്കുമെന്ന് തത്വം. അവനവൻ മാധ്യമത്തിൽ ഇങ്ങനെ ഒരു എഡിറ്റിങ്ങ് ഇല്ല, മറിച്ച് അവരവരുടെ രുചിഭേദവും അറിവും അനുസരിച്ച് ഇടപെടുകയാണ്. അതുകൊണ്ടുതന്നെ ഓരോ ഡിജിറ്റൽ വ്യക്തികളുടെ ഭാഷയും വ്യത്യസ്തമായിരിക്കും. ഉള്ളടക്കത്തിന്റെ ആധികാരികത വ്യക്തിയെ ആശ്രയിച്ചാണ് ഉറപ്പിക്കാനാകുന്നതും. മാധ്യമ ബഹുസ്വരതയുടെ ശക്തിയും ദൗർബല്യവും ഒരേ സമയം ഇതിനുണ്ട്. എണ്ണം കൊണ്ടും വളർച്ചാനിരക്കുവച്ചും ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂ ട്യൂബ് ഒക്കെ ലോകത്തെ പ്രബലമാധ്യമമായി മാറിക്കഴിഞ്ഞു. മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനവും സ്മാർട്ട് ഫോണുകളുടെ പ്രചാരവും സാമൂഹികസമ്പർക്ക മാധ്യമങ്ങളുടെ സമീപകാല മുന്നേറ്റത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.

പരമ്പരാഗത മാധ്യമങ്ങളിൽ പലതട്ടിലൂടെയുള്ള എഡിറ്റോറിയൽ അരിപ്പയിലൂടെ കടന്നാകും റിപ്പോർട്ടുകൾ നമ്മളിലേക്കെത്തുന്നത്. എന്നാൽ ബ്ലോഗ് മുതലുള്ള വെബ്‌മാധ്യമങ്ങളിൽ യാതൊരു എഡിറ്റോറിയൽ സ്‌ക്രീനിങ്ങും ഇല്ലാതെയാണ് വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തുന്നത്. എഴുത്തുകാരനും എഡിറ്ററും പ്രസാധകനും എല്ലാം ഒരാൾ തന്നെ. പരമ്പരാഗത മാധ്യമങ്ങൾക്കെല്ലാം അവരുടേതായ ഉള്ളടക്ക നയം ഉണ്ടാകും. പരസ്യം അടക്കമുള്ള ബാഹ്യഘടകങ്ങളും വാർത്തയുടെ തിരഞ്ഞെടുപ്പിനെയും അവതരിപ്പിക്കലിനേയും ബാധിക്കും. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഈ ബാധ്യതകൾ ഒന്നും ഇല്ലാത്തതിനാൽ വാർത്തകൾ, വിശകലനങ്ങൾ ഒക്കെ ഒഴുകിപ്പരക്കുകയാണ്. വ്യക്തിയുടെ നിലപാടും ഒരോ വിഷയത്തോടും അപ്പപ്പോഴുള്ള യോജിപ്പും വിയോജിപ്പുമൊക്കെയാണ് എഴുത്തിന്റെ മാനദണ്ഡങ്ങൾ.

മാധ്യമങ്ങൾക്ക് ഇത്തരം അവനവൻ മാധ്യമങ്ങൾ അഥവാ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ പകരക്കാരനാകുമോ എന്ന ഗൗരവമായ ചോദ്യങ്ങൾ പലകോണുകളിൽ നിന്ന് ഉയരാനും ആരംഭിച്ചിട്ടുണ്ട്.  ഇന്റർനെറ്റ് പൂർവകാലത്ത് പുറം ലോക വാർത്തകൾ മുതൽ തൊട്ടയൽ പക്ക വർത്തമാനങ്ങൾ വരെ ലഭിച്ചിരുന്നത് പരമ്പരാഗത മാധ്യമങ്ങൾ വഴി മാത്രമായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല. വാർത്തകൾ ഉത്ഭവിക്കുന്ന ഇടത്ത് നിന്ന് തന്നെ തൽക്ഷണം സിറ്റിസൺ ജേണലിസ്റ്റുകളുടെ വക വാർത്ത എത്തിക്കൽ ആരംഭിക്കും. ഇങ്ങനെ എഴുതുന്നവർ പരമ്പരാഗത വഴിയിൽ എഴുത്ത് ശിക്ഷണമോ എഡിറ്റിംഗ് പരിശീലനമോ ഒന്നും ലഭിച്ചവർ ആയിരിക്കണമെന്നില്ല. ഇത് മാധ്യമ ഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുന്നു ഒപ്പം വാർത്തയുടെ തൽക്ഷണമുള്ള വ്യാപനത്തിന് സൌകര്യമൊരുക്കുന്നു എന്നതാന് ഏറ്റവും പ്രധാനം.  ദൈനംദിന വിഷയങ്ങളിൽ ആധികാരികതയോടെ വിശകലനം നടത്തുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്. സാധാരണ എഡിറ്റോറിയൽ പേജ് ലേഖനങ്ങളെക്കാളും മികച്ച തരത്തിൽ എഴുതപ്പെടുന്ന പോസ്റ്റുകൾക്ക് വായനക്കാരും ധാരാളമുണ്ട്. പത്രത്തിൽ തൽക്ഷണ ചർച്ചയ്ക്ക് ഒരു സാധ്യതയും ഇല്ല. എന്നാൽ ഇവിടെ മുഖലേഖനത്തേക്കാൾ ആധികാരികവും ആഴവും ഉള്ള അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ ഒക്കെ തൊട്ടുതാഴെ കമന്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും. നിരന്തര സംവാദങ്ങളും അഭിപ്രായങ്ങൾ പങ്കു വയ്‌ക്കലും സോഷ്യൽ മീഡിയയെ ഒഴിവാക്കാനാകാത്ത മാധ്യമ രൂപം ആക്കി മാറ്റിക്കഴിഞ്ഞു. അതു കൊണ്ടാകാം ഇന്ന് ഫിഫ്‌ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേരും സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്ക് ലഭിച്ചത്.  ഈ വലിയ വായനാസമൂഹത്തിന്റെ വിപണി സാധ്യതകൂടി കണ്ടിട്ടാകണം അച്ചടി, ടെലിവിഷൻ വാർത്താമാധ്യമങ്ങൾ അടക്കം സൈബർ ചർച്ചാ വേദികളിലും സക്രിയ സാന്നിദ്ധ്യമാകുന്നത്. ഇതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്നതണ് വസ്തുത.


ഇന്റർനെറ്റ് നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന പ്രധാന ന്യൂനത,  വിനിമയ ഭാഷയായ  ഇംഗ്ലീഷ് ഡിജിറ്റൽ വ്യൂഹങ്ങൾക്ക് പഥ്യം എന്നതായിരുന്നു. എന്നാൽ യൂണികോഡ് മലയാളം അക്ഷരൂപങ്ങളുടെയും  വിവിധ ഇന്റർനെറ്റ് ഇടങ്ങളിൽ അവ കാര്യമായ തോതിൽ ഉപയോഗിച്ച് തുടങ്ങിയതും മുൻധാരണകളെ ആകെ മാറ്റിമറിച്ചു. ഇന്ന് സൈബർ മലയാളം കാര്യമായി മുന്നേറുകയാണ്. മൊബൈൽ ഫോൺ പ്രവർത്തകസംവിധാനത്തിന്റെ സമ്പർക്ക മുഖം മുതൽ സാമൂഹികമാധ്യമങ്ങളിൽ വരെ മലയാളം കാര്യമായ തോതിൽ ഉപയോഗിക്കപ്പെടുന്നു. മലയാളം വിക്കിപീഡിയ ഇന്ത്യയിലെ തന്നെ സജീവപതിപ്പുകളിൽ മുന്നിൽ നിൽക്കുന്നു. മലയാളത്തിൽ ഇന്റർനെറ്റിൽ തിരഞ്ഞ് വിവരം എടുക്കുന്നവരുടെ എണ്ണം കുറവല്ല എന്നത് മറ്റൊരു തരത്തിൽ ഇന്റർനെറ്റ് വിവരപ്പുരകളിൽ നമ്മുടെ ഭാഷാ ഉള്ളടക്കം സാമാന്യം നല്ലത് എന്ന് കൂടിയാണല്ലോ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും ഇപ്പോഴും ചിലരെങ്കിലും ഇന്റർനെറ്റിൽ മലയാളം എഴുതുന്നതിന് മംഗ്ലീഷിനെയോ അല്ലെങ്കിൽ ഇംഗ്ലീഷിനെയോ ആശ്രയിക്കുന്നു എന്നത് വസ്‌തുതയാണ്. മലയാളത്തിൽ എഴുതാനും വായിക്കാനും പേജ് രൂപകല്പന നടത്താനും ഇംഗ്ലീഷ് ഭാഷയിലേതുപോലെ തന്നെ എളുപ്പമാണ്. നിരവധി വെബ് സൈറ്റുകൾ ഇക്കാര്യം മുൻ നിർത്തി സഹായങ്ങൾ നൽകുന്നുണ്ട്. അവയിൽ വിവിധതരത്തിലുള്ള മലയാള അക്ഷരരൂപങ്ങളും, എഴുത്തുരീതിയും ലഭ്യമാണ്. അവയിൽനിന്ന് ഫോണ്ടുകൾ കമ്പ്യൂട്ടറിൽ കൊണ്ട് വരാനും, എഴുതാൻ ഉള്ള സങ്കേതങ്ങൾ ഉൾപ്പെടുത്താനും എളുപ്പം കഴിയും.  സമാന്തരമായി തന്നെ ബ്ലോഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് എന്നിവയിലും മലയാളം കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഇനി അടുത്ത ഗതിവേഗം മലയാളം ഉള്ളടക്കത്തിനുണ്ടാകാൻ പോകുന്നത് മൊബൈൽ ഫോണിൽ നിന്നാകും. സ്‌മാർട്ട് ഫോൺ ഉപകരണങ്ങളിൽ ഇപ്പോൾ മലയാളത്തിൽ എഴുതാൻ ഉള്ള ആപ്ലിക്കേഷനുകൾ കാര്യമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അത് വരും വർഷങ്ങളിൽ പ്രചുരപ്രചാരം നേടുന്നതോടെ മലയാളം ഇ-മെയിൽ മുതൽ എസ്എംഎസ് വരെ തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടും. നിലവിൽ വെബ് സൈറ്റുകൾ അത് വാണിജ്യ-വ്യാപാര ഉടമസ്ഥതയിൽ ഉള്ളതായാലും സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളുടെതായാലും പ്രാദേശികഭാഷകളിലേക്ക് കൂടുമാറുന്നതേയുള്ളൂ. ഇന്റർനെറ്റിന് ഇനിയുള്ള വളർച്ച  പ്രാദേശികഭാഷയിലൂടെയാണെന്ന  നിലയിൽ എത്തി നിൽക്കുന്നു, കാര്യങ്ങൾ.

സോഷ്യൽ നെറ്റ്‌വർക്ക് ഇന്ന് പലതരം പഠനങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇതിൽ വളരെ പ്രസക്തമായ ഒ‌ന്ന്, ഒരു വ്യക്തിയുടെ എഴുത്തുജീവിതം ക്രമമായി മാറുന്നതിനെക്കുറിച്ചുള്ളതാണ്.  ആദ്യം ഫേസ് ബുക്കിൽ ഒക്കെ കുറിച്ച് തുടങ്ങിയയിടത്തുനിന്നു പതിയെ എഴുത്തു രീതിയും ഭാഷയും മാറുന്നു. എങ്ങനെ മാറുന്നു എ‌ന്നത് ആ വ്യക്തിയുടെ ചങ്ങാതി വൃന്ദത്തെയും അവർ ഇടപെട്ട രീതിയെയും ഒക്കെ ആശ്രയിച്ചിരിക്കും. പഴയ പോസ്റ്റുകൾ ഇപ്പോൾ കാണുമ്പോൾ ഒരു വല്ലായ്‌മ അനുഭവപ്പെടുന്നെങ്കിൽ അതിനർഥം പഴയ കാലത്തുനിന്ന് നിങ്ങൾ വ്യക്തമായി മാറിയിരിക്കുന്നു എന്നാണ്. ലോ‌കവീക്ഷണം മുതൽ വായിക്കാനെടുക്കുന്ന പുസ്‌തകങ്ങൾ വരെ ഇങ്ങനെ സ്വാധീനിക്കപ്പെടുന്നുണ്ട്. അറിവിനെയും എഴുത്തിനെയും അതിന്റെ പിന്നാമ്പുറത്തെ ചിന്തയേയും സാമൂഹികസമ്പർക്ക മാധ്യമങ്ങൾ അതിന്റെതായ രീതിയിൽ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.  ഒരു പക്ഷേ ഇത് പരസ്പരവിപരീതമായ ദിശകളിൽ സംഭവിക്കാം.  സാമൂഹികമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ന്യൂനപക്ഷം ഉണ്ടാകാം എന്ന് വച്ച് അവ കൊണ്ടുവരുന്ന ഗുണകരമായ പരശതം കാര്യങ്ങളോട് എങ്ങനെ പിണങ്ങി നിൽക്കാനാകും? അച്ചടി മാധ്യമങ്ങൾ അടക്കം മാധ്യമങ്ങളെ ദുഷ്ടലാക്കോടെ ഉപയോഗിച്ച സാഹചര്യങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും പലകുറി ഉണ്ടാകുന്നു.  ഗുണവശങ്ങളും സമൂഹത്തെ ഇവ സുതാര്യവത്കരിക്കുന്നതിന്റെ തോതും കണക്കിലെടുത്താൽ മാത്രമേ ദുരുപയോഗത്തെയും ദൂഷ്യവശങ്ങളെയും പറ്റിയുള്ള ചർച്ചകൾക്ക് സമഗ്രതയുണ്ടാവുകയുള്ളൂ . വ്യക്തി സ്വകാര്യത ഈ ഡിജിറ്റൽ കാലത്ത് കനത്ത വെല്ലുവിളിയെ നേരിടുന്നുണ്ട് എന്നത് വിസ്‌മരിക്കാൻ പാടില്ലാത്ത കാര്യമാണ്. ഒളിച്ചു വയ്‌ക്കാനും ഇരിക്കാനും ഒരിടമില്ലാത്ത അവസ്ഥ എന്ന് ഇതിനെ സാമാന്യമായി വ്യവഹരിക്കാം.എന്നാൽ ഭരണകൂടങ്ങൾക്കു മാത്രമല്ല, പൌരന്മാർക്കുപോലും പൊതുസ്ഥാപനങ്ങൾ മുതൽ എൻ ജി ഓ കളെ വരെ നിരന്തരമായ നിരീക്ഷണത്തിനും വിചാരണയ്ക്കും വിധേയമാക്കാനുള്ള അവസരം പുതിയ മാധ്യങ്ങളുടെ ഇടപെടലുകൾ നിർമ്മിച്ചിട്ടുണ്ട്.  മുൻപ് മാധ്യമസൃഷ്ടിയെന്നോ പറഞ്ഞത് വളച്ചൊടിച്ചതാണെന്നോ പറഞ്ഞ് രക്ഷപ്പെടാമായിരുന്ന അവസരങ്ങൾ കുറഞ്ഞു. ചരിത്രം ചികഞ്ഞും  വസ്തുതകളുടെ പിൻ ബലത്തോടെ മർമ്മത്ത് കൊള്ളുന്ന ചോദ്യം ചോദിക്കാനും ഇന്റർനെറ്റ് വിവരപ്പുരകൾ - ആർക്കീവ്സ് - സാധാരണ പൗരന്മാരെ വരെ ശാക്തീകരിക്കുന്നു.

ഇന്ന് ലോകമാകമാനം സൈബർ ഇടങ്ങളിൽ സാധാരണക്കാർ എഴുതുന്നതും അവർ ചേർക്കുന്ന ചിത്രങ്ങളും എല്ലാം,  വാർത്ത കണ്ടെത്തലിന്റെ ഭാഗമായി പത്ര-ടെലിവിഷൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. പല മേഖലകളിൽ വിദഗ്ദരായ ആളുകൾ എഴുതുന്നതിൽ നിന്ന് പത്രമാധ്യമങ്ങൾ, അവർക്കാവശ്യമുള്ള വാർത്തയുടെ നാമ്പുകൾ കണ്ടെടുക്കുന്നു. വാർത്തയുടെ നിജസ്ഥിതി ഉറപ്പ് വരുത്താനും എഴുതിയ വാർത്ത കൂടുതൽ മെച്ചമാക്കാനും സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഉണ്ട്.

അറിയുക അറിയിക്കുക എന്നതിലുപരിയായി പലപ്പോഴും നമ്മുടെ സ്‌കൂൾ, കോളേജ് പഠനകാലം വഴിയോ  മറ്റേതെങ്കിലും സംഘടനയോ പ്രസ്ഥാനങ്ങളോ വഴിയോ ഒക്കെ പരിചയപ്പെട്ടവരെ സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്നതും ഓൺലൈൻ ഇടത്തിന്റെ മേന്മ ആണല്ലോ. സമാന ചിന്താഗതിയുള്ളവർക്ക് രമ്യപ്പെടാനും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള സാഹചര്യവും അവ ഒരുക്കുന്നുണ്ട്. ചങ്ങാതിയുടെ ചങ്ങാതി ആയി ആകാം പരിചയം തുടങ്ങുന്നത്. എന്നാൽ പിന്നീട് ഇത് സുദൃഢമായ വ്യക്തിബന്ധമായോ പൊതുസംഘടനയുടെ പങ്കാളിയായോ സാമൂഹിക പ്രവർത്തനം മുൻ നിർത്തി ഒരുമിക്കാനോ ഒക്കെയുള്ള  സാധ്യത ഏറെയാണ്.ടുണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂവിപ്ലവം, അമേരിക്കയിലെ വാൾസ്ട്രീറ്റ് പ്രക്ഷോഭം, ഡൽഹിയിലെ കൂട്ടായ്‌മകൾ ഒക്കെ സോഷ്യൽ മീഡിയ മുന്നോട്ട് വയ്‌ക്കുന്ന പൊതുസമര സാധ്യതകൾ ആയി. ആളിനെ സംഘടിപ്പിക്കാനും ആശയങ്ങൾ ഊതിക്കാച്ചിയെടുക്കാനും ഒക്കെ അപരിമിതമായ അവസരങ്ങൾ ഇത് ഒരുക്കി തരുന്നുണ്ട്. എന്നെ പോലെ അല്ലെങ്കിൽ എന്റെ ആശയം സമാന തലത്തിൽ പങ്കിടുന്ന ഒട്ടേറെ പേരുണ്ടന്നും, ഒന്നൊരുമിച്ചാൽ മാറ്റം സാധ്യമാകും എന്നുള്ള ബോധ്യം ഇന്ന് ഡിജിറ്റൽ ശൃംഖലകൾ പ്രാവർത്തികമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവരുടെ കാര്യങ്ങൾ എഴുതാനും പറയാനും ഉള്ള ഈ സ്ഥലം ഒന്നാം തരം ജനാധിപത്യവേദി കൂടിയാണന്ന് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ എന്നു ചുരുക്കം.

ഇതര ഭാരതീയ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺലൈൻ മലയാളം മെച്ചപ്പെട്ട ‌പ്രകടനമാണ് നടത്തുന്നത്. വിവിധ പോർട്ടലുകൾ അതിൽ തന്നെ സാഹിത്യ സംബന്ധിയായത് മുതൽ മുഴുവൻ സമയ വാർത്താ ഇടങ്ങൾ വരെ. വിജ്ഞാനകോശം മുതൽ ഓൺലൈൻ നിഘണ്ടുക്കൾ വരെ. മലയാളം യൂണികോഡ് ഫോണ്ടുകൾ ഈയടുത്ത കാലത്തായി എണ്ണം കൊണ്ടും വർധന രേഖപ്പെടുത്തി തുടങ്ങിക്കഴിഞ്ഞു. ഇന്റർനെറ്റിൽ മലയാളം സർച്ച് ചെയ്യുന്നവരുടെ എണ്ണവും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ അനായാസമായി മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്ന സാഹചര്യം കൂടി വന്നതോടെ ഉള്ളടക്കത്തിലും മലയാളം ഓൺലൈൻ ഉപയോഗത്തിന്റെ കാര്യത്തിലും മുൻവർഷങ്ങളെക്കാൾ വളർച്ച ഇനി ന്യായമായി പ്രതീക്ഷിക്കാം.