Tuesday, July 07, 2015

ഈ ഡിജിറ്റൽ ഇടനാഴികളിൽ നിരോധനം പണ്ടേ പോലെ ഫലിക്കുമോ?

'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററി വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി, എന്നാൽ അച്ചടി, ടെലിവിഷൻ എന്നതിനപ്പുറം ഈ നിരോധവാളിന് എത്രമാത്രം മൂർച്ചയുണ്ട് എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. ഔദ്യോഗികമായി ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കാനോ(ഫിൽറ്റർ), നിരോധിക്കാനോ സർക്കാരിന് അധികാരമുണ്ടെങ്കിലും അത് പ്രായോഗികമായി സാധ്യമല്ല എന്നതിന്റെ സമീപകാല ഉദാഹരണമായി ഈ സംഭവം. നിയമം നടപ്പാക്കുന്ന ഏജൻസികൾക്ക് ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക് പോലെയുള്ള ഇന്റർമീഡിയറികളോട് പ്രസ്തുത വീഡിയോ ഒഴിവാക്കാൻ അഥവാ ടേക്ക് ഡൗൺ ചെയ്യാൻ ആവശ്യപ്പെടാം. മിക്ക അവസരങ്ങളിലും അവർ അത് അംഗീകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ ആ വഴിക്ക് ആകില്ല പോകുന്നത്. മറ്റ് പരശതം മാർഗങ്ങളിലൂടെ ഈ ഇൻഫർമേഷൻ സൂപ്പർ ഹൈവേയിൽ 'നിരോധിച്ചവ' ഓടി നടക്കും.

നീക്കം ചെയ്യൽ കോടാലി വീഴാൻ സാധ്യതയുണ്ടന്ന് തോന്നിയാലുടൻ തന്നെ നല്ലൊരു പക്ഷം ആൾക്കാർ അവരുടെ ഉപകരണങ്ങളിലേക്ക് ഈ ഉള്ളടക്കം പകർത്തി വയ്‌ക്കുന്നത് ഇന്ന് ശീലമായിക്കഴിഞ്ഞു. അത് ഒരു മറുപടി കൂടിയാണ്. നിരോധനം വന്നാൽ ഉടൻ തന്നെ സേവന ദാതാക്കൾ സെർവറിൽ നിന്ന് ഉള്ളടക്കം ഒഴിവാക്കും, കാരണം അവർക്ക് അതിന് നിയമപരമായ ബാധ്യത ഉണ്ട്. എന്തിലും വലുത് കമ്പനിയുടെ നിലനിൽപ്പാണല്ലോ! എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇതിന്റെ നിയമവശം ഒന്നും അറിയണമെന്ന് പോലുമില്ല, ടോറന്റ് വഴിയാലും അല്ലെങ്കിൽ വാട്ട്സ്ആപ്പ് മുഖേന ആയാലും വീഡിയോ എത്തേണ്ടിടത്ത് ഒക്കെ എത്തിക്കും. തടഞ്ഞ് നിർത്താൻ നോക്കുന്നത് സർവശക്തിയുമെടുത്ത് പറ്റിയ വഴികളിലൂടെ എല്ലാം എത്തേണ്ടിടത്ത് എത്തും. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് ഭൗതികമായ ഒരു സാന്നിദ്ധ്യം ഉണ്ട്. അനുസരിക്കാത്തവരുടെ ലൈസൻസ് സർക്കാരിന് റദ്ദ് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യാം. ഇവിടെ 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററിയുടെ കാര്യത്തിൽ പ്രതിഷേധിച്ച് തങ്ങളുടെ ദൃശ്യസമയം താഴ്‌ത്തി വച്ച് ശൂന്യസ്ക്രീൻ കാണിച്ച് പ്രതിഷേധം അറിയിക്കാനേ എൻഡിടിവി ക്ക് ആയുള്ളൂ. ഇന്റർനെറ്റിലെ വീഡിയോ ഇതേ ഉത്തരവ് അനുസരിച്ച് യൂട്യൂബ് നീക്കം ചെയ്‌തപ്പോഴും, അച്ചടി-ദൃശ്യ മാധ്യമത്തിലേത് പോലെ അത് നടപ്പായില്ല എന്ന് മാത്രം. കാരണം ലളിതം അങ്ങനെയെളുപ്പം നിയന്ത്രിക്കാവുന്നതല്ല ഇന്റർനെറ്റിലെ ഉള്ളടക്കം

സർക്കാരിന് ഓൺലൈൻ ഉള്ളടക്കത്തിനു മേൽ ചെയ്യാവുന്നത് കേവലം രണ്ട് കാര്യങ്ങൾ മാത്രമാണ്. ഒന്ന് ഡിജിറ്റൽ ഉള്ളടക്ക സേവന ഇടങ്ങളായ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയോടൊക്കെ പ്രസ്‌തുത ഭാഗം ഒഴിവാക്കാൻ നിർദ്ദേശിക്കാം. രണ്ടാമതായി ഇന്റർനെറ്റ് സേവനദാതാക്കളോട് (ISP) വെബ്സൈറ്റ് പേജ് വിലാസം ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടാം. സർക്കാരും കോടതികളും പല അവസരത്തിലും ഇത് ചെയ്യാറുണ്ട്. അത്രമേൽ വിവാദമായാൽ നിരോധനം കാറ്റിൽ പറക്കുന്ന അവസ്ഥയാകും ശരിക്കും സംഭവിക്കുക. കാരണം മറ്റൊന്നുമല്ല, സാധാരണ മാധ്യമ ഉള്ളടക്കത്തിന് അത് പുസ്തകമാകട്ടെ, ദിനപത്രമോ ടെലിവിഷൻ പരിപാടകളോ ആകട്ടെ പലതരത്തിൽ അതിനെ അടച്ച് പൂട്ടി വയ്‌പ്പിക്കാം. പണ്ടൊക്കെ പ്രസ് കണ്ടുകെട്ടി മുദ്രവച്ചു എന്ന് കേട്ടിട്ടില്ലേ, എന്നാൽ ഓൺലൈൻ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ മുദ്രവയ്‌പിന് യാതോരു വിലയുമില്ല.

ഇവിടെ പ്രസക്തമായ മറ്റൊരു വിഷയവുമുണ്ട്. അച്ചടി പുസ്തകങ്ങൾ, ലഘുലേഖകൾ ഒക്കെ കാലാകാലങ്ങളായി ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടം അനുസരിച്ച് ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ നിരത്താം എന്നാൽ ഇന്ന് അതിന്റെ മുനയും ഒടിഞ്ഞില്ലാതായി കൊണ്ടിരിക്കുന്നു. നിരോധനം വീണ പുസ്‌തകത്തിന്റെ ഇലക്‌ട്രോണിക് ഫോർമാറ്റ് തലങ്ങും വിലങ്ങും ഇന്റർനെറ്റിൽ പറന്ന് നടക്കും. ചുരുക്കത്തിൽ ഡിജിറ്റൽ അല്ലാത്ത മാധ്യമരൂപങ്ങളും നിരോധനത്തെ മറികടക്കാൻ ഡിജിൽ രൂപത്തിലേക്ക് ഇറങ്ങും. നിരോധനം വീഴുമെന്ന് ഉറപ്പായാൽ അത് പെട്ടെന്ന് തന്നെ പകർത്തിയോ സ്‌കാൻ ചെയ്‌തോ സൂക്ഷിച്ച് വയ്‌ക്കുന്നത് ഒരു ബദൽ പ്രവർത്തനവും തന്നെ. മിക്കപ്പോഴും ഇത് പബ്ലിക് ലൈനിലൂടെ അല്ലാതെ പങ്ക് വയ്‌ക്കുകയും ചെയ്യും.

മറ്റെല്ലാ മാധ്യമങ്ങളും ഒന്നല്ലങ്കിൽ മറ്റൊരു നിയമത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സിനിമയുടെ കാര്യം തന്നെയെടുക്കൂ, തിയേറ്റർ വഴി പ്രദർശിപ്പിക്കണമെങ്കിൽ അത് സെൻസർ ബോർഡിനു മുന്നിൽ സമർപ്പിച്ച് അനുമതി വാങ്ങിയാലേ നാട്ടിലെമ്പാടുമുള്ള സിനിമാകൊട്ടകകളിൽ എത്തിക്കാനാകൂ, അത് പൊലെ തന്നെ ടെലിവിഷൻ ചാനലും എഫ്എം റേഡിയോയും നടത്തുന്ന സ്വകാര്യ ഓപ്പറേറ്റർമാർക്ക് ലൈൻസൻസ് ഉണ്ടാകണം. എന്നാൽ ഇന്റർനെറ്റിലോ? ഇതൊന്നും ആവശ്യമില്ല, ആർക്കും പ്രസാധകൻ ആകാം, സിനിമ എടുത്ത് യ്യൂട്യൂബ് വഴി മാലോകരെ കാണിക്കാം. ഒരു പക്ഷെ പറയുന്ന വിഷയത്തിന്റെ കാമ്പിനും കരുത്തിനുമനുസരിച്ച് അത് വൈറൽ ആയി ലക്ഷക്കണക്കിന് ആളുകളിലേക്ക് ക്ഷണനേരം കൊണ്ടെത്തും. ഇവിടെ പരാമർശ വിഷയമായ 'ഇന്ത്യയുടെ മകൾ' ഡോക്യുമെന്ററി തന്നെ ആരൊക്കെ ഈ ഔദ്യോഗിക നീക്കം ചെയ്യലിന് ശേഷം കണ്ടു എന്നറിയാൻ നിരോധന ദിവസത്തിന്റെ തൊട്ടടുത്ത മണിക്കൂറുകളിൽ ഫേസ്ബുക്കിലും ട്വിറ്ററിലും വന്ന അഭിപ്രായങ്ങളുടെയും ചർച്ചകളുടെയും മാത്രം കണക്കെടുത്താൽ മതിയാകും. ശരിക്കും പറഞ്ഞാൽ കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഇന്റർനെറ്റിന്റെ കാര്യത്തിൽ കാറ്റിൽ പറന്നു എന്ന് പറയാം. ഒട്ടനവധി പകർപ്പുകൾ മറ്റ് പല പേരിലും തരത്തിലും വീഡിയോ പങ്കിടൽ സൈറ്റുകളിലിലും ഫയൽ കൈമാറ്റ ഇടങ്ങളിലും പൊന്തിവന്നു.

ഇന്റർനെറ്റ് സെൻസർഷിപ്പിന്റെ കാര്യം പറയുമ്പോൾ പതിവായി ഉയർന്ന് വരാറുള്ള വാദമാണ് ചൈനയിൽ എല്ലാം സർക്കാർ അരിപ്പ കടന്നല്ലേ (ഫിൽറ്ററിങ്ങ്) പൗരന്മാർക്ക് കിട്ടുന്നത് എന്നത്. കാര്യങ്ങൾ അവിടെയും സർക്കാർ ചിട്ടവട്ടങ്ങളിലല്ല എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത. ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി വരുന്നതിനും ഏതാനും ദിവസം മുന്നെ, അതായത് ഫെബ്രുവരി അവസാനവാരം Under the Dome എന്ന ഒരു പരിസ്ഥിതി ദൂഷണം പരാമർശ വിധേയമാകുന്ന ഡോക്യുമെന്ററി വല്ലാതെ വൈറൽ ആയി ചൈനയിലെ ഇന്റർനെറ്റ് ഇടങ്ങളിൽ പൊടുന്നനെ പ്രത്യക്ഷമായി. 48 മണിക്കൂറിനകം 10 കോടിയിലധികം പ്രേക്ഷകർ ഇതിനുണ്ടായി എന്നാണ് വാർത്തകൾ. അതിന്റെ എണ്ണക്കണക്കിലേക്കല്ല, മറിച്ച് സർക്കാരിന് പരിസ്ഥിതി അനുഭാവ നയമാണുണ്ടാകേണ്ടത് എന്ന അഭിപ്രായം സ്വരൂപിക്കാൻ ഈ ഡോക്യുമെന്ററിക്ക് സാധിച്ചു. ആദ്യമൊക്കെ ഈ പരിസ്ഥിതി ഡോക്യുമെന്ററിയോട് അനുഭാവം പ്രകടിപ്പിച്ചവർ തന്നെ സംഗതി സുഖകരമാകില്ല എന്ന് കണ്ട് നിരോധിക്കുകയാണുണ്ടായത്. ഈ രണ്ട് വീഡിയോ ഉള്ളടക്കവും ലോകത്തെ രണ്ട് വൻ രാജ്യങ്ങളിലെ കടുത്ത യാഥാർത്ഥ്യമാണ് ഭരണകൂടത്തെ മറി കടന്നും ഇന്റർനെറ്റിലൂടെ കാഴ്ചക്കാരെ ഉണ്ടാക്കിയത്.


സർക്കാരിന്റെ ഭാഷ നിരോധനത്തിന്റേതാകുമ്പോൾ, പ്രജകൾ അത് അപ്പടി അംഗീകരിച്ചിരിക്കേണ്ട അവസ്ഥ ഒന്നും ഈ ഗൂഗോളവൽകൃത ലോകത്ത് ഇല്ല എന്നതാണ് സമകാലിക യാഥാർത്ഥ്യം. ഒന്ന് നല്ല പോലെ ഗൂഗിളിലോ ടോറന്റിലോ തപ്പിയാൽ തടഞ്ഞ് വച്ചതൊക്കെ നിമിഷനേരം കൊണ്ട് ഉള്ളം കൈയ്യിലെ മൊബൈൽ ഫോണിലോ ടാബ്/ഐപാഡിലോ എത്തും. ഈ യാഥാർത്ഥ്യം നിരോധന വാൾ ചുഴറ്റുന്നവർ അറിയാതിരിക്കില്ല എന്നിട്ടും നിരോധനം മുറയ്‌ക്ക് നടക്കുന്നു. സെൻസർഷിപ്പ് എന്ന വാക്ക് അപ്രസക്തമാണ് അഥവാ നിറം മങ്ങിക്കൊണ്ടിരിക്കുന്നു, കുറഞ്ഞ പക്ഷം ഇന്റർനെറ്റിലെങ്കിലും.

പിൻ‌കുറിപ്പ്: Under the Dome – Investigating China’s Smog എന്ന് യൂട്യൂബിൽ തിരഞ്ഞാൽ ചൈനയിലെ പരിസ്ഥിതിയുടെ സ്ഥിതി - ഇംഗ്ലീഷ് സബ്‌ടൈറ്റിലിൽ - കാണാം.

(കേരള മീഡിയ അക്കാദമി -പൂർവാശ്രമത്തിൽ പ്രസ് അക്കാദമി - ജേണൽ 'മീഡിയ' യിൽ പ്രസിദ്ധീകരിച്ച ലേഖനം)