Saturday, January 17, 2015

വാർത്തകൾ 'ശരി'ക്കും വാർത്തകൾ ആകേണ്ടേ

യേശു തന്നിൽ വിശ്വസിച്ച യഹൂദരോട് പറഞ്ഞു: എന്റെ വചനത്തിൽ ഉറച്ച് നിന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ഒരർത്ഥത്തിൽ യേശുവിനോട് വിശ്വാസികൾക്കുള്ള വിശ്വാസം തന്നെയാണ് ജനാധിപത്യ രാജ്യത്തെ ആം ആദ്മികൾ സ്വതന്ത്രരെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് നൽകുന്നതും. സത്യം നമ്മൾ അറിയണം, ആ സത്യം ജനാധിപത്യത്തെ കൂടുതൽ സ്വതന്ത്രരാക്കുകയും ചെയ്യുമെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട തത്വവും.

എന്നാൽ ഏതാനും വർഷങ്ങളായി പലപത്രങ്ങൾ, ചാനലുകൾ മാറ്റി നോക്കിയാൽ പോലും കാണാതാകുന്ന തരത്തിലെ ചില സത്യങ്ങൾ ഇല്ലേ? ഒരു പക്ഷെ ഞാൻ മുന്നെ, ഞാൻ മുന്നെ എന്ന ആവേശത്തിൽ റിപ്പോർട്ട് ചെയ്യേണ്ടത് ഈ 24X7ലോകത്ത് ആവശ്യമാണെന്ന് മാധ്യമങ്ങൾ മറുപടി പറഞ്ഞേക്കാം. ആരുടെ ആവശ്യം എന്ന് മറുചോദ്യം തത്കാലം ഉള്ളിൽ വച്ച് കൊണ്ട് ചോദിക്കട്ടെ. വസ്തുതകളുടെ പിൻബലമില്ലാതെ അപ്പോൾ കാണുന്ന യുക്തിയുടെയും പണ്ടേ ഉള്ളിലുള്ള വിവരത്തിന്റെയും മാത്രം വെളിച്ചത്തിൽ വെളിച്ചപ്പാടിന്റെ വെപ്രാളത്തിൽ വാർത്തയാക്കുമ്പോൾ ഞെരിഞ്ഞമരുന്നത് വ്യക്തികൾ , സ്ഥാപനങ്ങൾ , സംഘടനകൾ അങ്ങനെ പലതും.

ഇത് പറയാൻ വ്യക്തമായ കാരണം ഉണ്ട്. മാധ്യമപ്രവർത്തകർക്ക് തെറ്റുപറ്റാം, തെറ്റ് മനുഷ്യസഹജവുമാണ്. അത് അച്ചടി മാധ്യമങ്ങൾ സ്വയബോധ്യത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കോടതിയെ പേടിച്ചോ തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ തന്നെ വിശദീകരണക്കുറിപ്പായോ മാപ്പായോ പ്രസിദ്ധീകരിക്കുന്നു. എന്നാൽ പത്രങ്ങളെ വിഴുങ്ങുന്ന പോലെ ചാനലുകൾ വന്നപ്പോൾ അവടെ ഇങ്ങനെ ഒരു ഇടം ഉണ്ടോ? തെറ്റുകൾ എത്രയോ തവണപറ്റുന്നു. അത് തെറ്റിപ്പോയെന്ന് പറയാൻ ഏതെങ്കിലും ഒരു വാർത്താചാനലിൽ ഇടം ഉണ്ടോ ? തെറ്റുകൾ പറ്റുന്നുണ്ടന്ന് ആരും സമ്മതിക്കും എന്നാൽ അത് തിരുത്തുന്നുണ്ടോ എന്നതാണ് നേരെയുള്ള ചോദ്യം. നേരോടെ നിർഭയം നിരന്തരം എന്നതുമുതൽ നേരറിയാൻ നേരത്തെ അറിയാൻ എന്നൊക്കെ ആണല്ലോ പരസ്യത്തിലെ ആപ്തവാക്യങ്ങൾ. പരസ്യം പ്രാവർത്തികമാക്കണം എന്നത് വാണിജ്യയുക്തിയിൽ 'ശരിയല്ല' , അത് നമ്മുടെ മാധ്യമങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്നുണ്ടോ എന്ന് സന്ദേഹിച്ചാലും കുറ്റപ്പെടുത്താനാകില്ലല്ലോ

ഇക്കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ എത്രയോ പേർ ചാനലുകളുടെ വാർത്താവെപ്രാളത്തിൽ പെട്ടു, ആ വാർത്തയുടെ ശരിയകലം പിന്നീട് വ്യക്തമായപ്പോഴേക്കും ഇവരുടെ ഭാഗം വാർത്തയിൽ ഇടം പിടിച്ചുമില്ല. ഉദാഹരണം നിരത്തുന്നില്ല. എന്നാൽ മറ്റൊരു സമാന സംഭവം ചൂണ്ടിക്കാട്ടാം. പിഎഫ് വിവാദവുമായി ബന്ധപ്പെട്ട സംഭവത്തിൽ പണാപഹരണത്തിൽ ന്യായമൂർത്തിമാർ പലരും ഉൾപ്പെട്ടു. സ്വാഭാവികമായും വാർത്ത ആകുന്ന സംഭവം റിപ്പോർട്ട് ചെയ്ത് വന്നപ്പോൾ ജസ്റ്റിസ് പി.കെ സാമന്തയെക്കുറിച്ച് പറഞ്ഞിടത്ത് ജസ്റ്റിസ് പി.ബി സാവന്തിന്റെ ചിത്രം കാണിച്ച ചെറിയൊരു കയ്യബദ്ധത്തിന് ടൈംസ് നൗ ചാനൽ കൊടുക്കേണ്ടി വന്ന വില എത്രയായിരുന്നു! അപ്പീൽ മേൽക്കോടതിൽ പരിഗണിക്കണമെങ്കിൽ തന്നെ ഒന്നും രണ്ടും കോടിയല്ല, 20 കോടി ഉറുപ്പിക കാശായും 80 കോടി ബാങ്ക് ഗ്യാരണ്ടിയായും കെട്ടിവച്ച് നൽകണമെന്നാണ് വിധിയുണ്ടായത്. പ്രസ് കൗൺസിൽ അദ്ധ്യക്ഷൻ കൂടിയായിരുന്ന സാവന്ത് ഒരു പക്ഷെ ഇത്തിരി കടന്ന കാര്യം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം നാനാദിക്കിൽ നിന്നുമുണ്ടായിരുന്നു. ഒരു പക്ഷെ ഇത് ഒരു നല്ല താക്കിത് ആകട്ടെ എന്ന് കരുതിയാകും റിട്ട. ജസ്റ്റിസ് സാവന്ത് ഇടപെട്ടത്. കേവലം പത്ത് സെക്കന്റ് ദൈർഘ്യത്തിന് കൊടുക്കേണ്ടി വന്ന വില ആ ചാനലിന്റെ മൊത്തം ആസ്തിയോളം വരുന്ന തുക. ഈ നൂറ് കോടി മാനനഷ്ടം നമ്മൂടെ മലയാളം ചാനലുകളിലൊന്നിൽ ചെന്ന് തറച്ചാൽ എന്താകും അവസ്ഥ? കേവലം പത്തോ പതിനഞ്ചോ സെക്കന്റ് ഒരു പക്ഷെ അറിയാതെ കടന്ന് വന്ന പിഴവിന്റെ വില ! അപ്പോൾ വാർത്തയുടെ അടിസ്ഥാനം എങ്ങാനും തെറ്റിയാലോ എന്താകുമായിരുന്നു അവസ്ഥ.

തിരുത്ത് പറയുന്നത് എവിടെ എന്നതും ചോദ്യമാണ്. 9 മണി രാചർച്ചയിൽ വന്ന തെറ്റഭ്യാസത്തിന് ഒരു പക്ഷെ തിരുത്ത് എയറിലെത്തിക്കുന്നത് രാത്രി 12 മണി ബുള്ളറ്റിനിൽ വന്നാൽ അത് പറ്റില്ലന്ന് ശഠിക്കുന്നവർ ഉണ്ടാകാം പക്ഷെ നമ്മുടെ പതിവ് അതാണല്ലോ, ഒന്നാം പേജിൽ വരുത്തിയ ഭീമാബദ്ധത്തിന്റെ പിഴ നൽകുന്നത് ചരമപ്പേജിന്റെയപ്പൂറത്തെ ഒരു കോളം പത്ത് സെ.മി ഇടത്താണല്ലോ ! ഇതേ മാധ്യമത്തിനെതിരെ സോഷ്യൽ മീഡിയയിൽ എങ്ങാനും തെറ്റ് ഉള്ള പോസ്റ്റിങ്ങ് വന്നാൽ അപ്പോൾ വരും വ്യവസ്ഥാപിതമായ മാധ്യമം വക അപകീർത്തി കേസ്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന് അപകീർത്തികേസ് വിഘാതമാകും എന്നത് ശരിയെന്ന് പറയണമെങ്കിൽ രണ്ട് കാര്യം ഉറപ്പാക്കണം. ഒന്ന് പറയുന്ന കാര്യം വസ്തുതാപരമാണന്ന് ഉറപ്പിക്കാൻ പറ്റുന്ന ഘടന ഉള്ളിൽ ഉണ്ടാകണം. രണ്ടാമതായി ഇതേ മാധ്യമത്തിന്റെ വാർത്തയിലെ പൊരുത്തക്കേട് പൊളിച്ചടുക്കലുകൾ ആയി സോഷ്യൽ മീഡിയയിൽ വരുമ്പോൾ അതിനോടും ഇതേ ഉദാര സമീപനം പുലർത്തണം. സോഷ്യൽ മീഡിയ കാര്യമായി തന്നെ ഈ പൊളിച്ചടുക്കൽ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം വസ്തുതാപരമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പെട്ടെന്നുത്തരം. മാധ്യമങ്ങളെ പോലെ പലതട്ട് എഡിറ്റർമാരും എഴുത്തിന്റെ രചനാവഴിയിലെ വഴക്കം ഒന്നും സിദ്ധിച്ചവരല്ലല്ലോ സാധാരണക്കാർ, അപ്പോൾ തെറ്റും, തെറ്റിദ്ധരിപ്പിക്കലും സ്വാഭാവികം. ഇത് ഒരു ആനുകൂല്യമായി പറഞ്ഞ് സാമൂഹികമാധ്യമത്തെ ന്യായികരിക്കുക അല്ല. വസ്‌തുത അതാണെന്ന് കൂടി സൂചിപ്പിച്ചെന്ന് മാത്രം.

ഒടുവിലാൻ : ഒരു കാലത്ത് വാർത്തയിലിട്ട് അരച്ചെടുത്ത നമ്പി നാരായണൻ മംഗൾയാൻ ചർച്ചാ സമയത്ത് മാധ്യമങ്ങളിൽ വിദഗ്ധ പാനലംഗം ആയി എത്തിയിരുന്നു. ഈ ചർച്ചയിലൊന്നിൽ നമ്പിനാരായണൻ പറഞ്ഞത് "ഇത് വരെ ചോവ്വാ ദോഷമെന്ന് പറഞ്ഞ് ആളുകളെ വട്ടം കറക്കിയിരുന്നുവെങ്കിൽ, ഇപ്പോൾ നമ്മൾ ചൊവ്വയെ വട്ടം കറക്കാൻ തുടങ്ങി". ഇത് മറ്റൊരു തരത്തിലും ശരിയല്ലേ, ഒരു കാലത്ത് മാധ്യമങ്ങൾ സംഘം ചേർന്ന് ഈ പ്രഗത്ഭ ശാസ്ത്രജ്ഞനെ കറക്കിയെറിഞ്ഞത് ഔദ്യോഗിക ജീവിതത്തിന്റെ പുറത്തേക്കായിരുന്നു. ആ മനുഷ്യൻ ഇപ്പോൾ ചാനലുകളിലെ അവതാരകരെ മോശം ചോദ്യത്തോട് ഇടഞ്ഞോ നിരസം പ്രകടിപ്പിച്ചോ കറക്കുന്നതും കണ്ടു. കാവ്യനീതി എന്നല്ലാതെ എന്ത് പറയാൻ.

1 comment:

Manikandan said...

ദൃശ്യമാദ്ധ്യമങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ പറയാതെ പോകരുതാത്ത ഒരു കാര്യം പലപ്പോഴും അവരുടെ ഔചിത്യമില്ലായ്മയാണ്. ഉദാഹരണം പറഞ്ഞാൽ വാർത്ത എവിടെ നിന്നും റിപ്പോർട്ട് ചെയ്യണം എന്നകാര്യത്തിൽ. ഒരു അപകടം നടന്നാൽ അവിടെ രക്ഷാപ്രവർത്തനങ്ങൾക്ക് വിഘാതമുണ്ടാകുന്ന തരത്തിൽ പലപ്പോഴും റിപ്പോർട്ടിങ്ങ് ഉണ്ടാകാറുണ്ട്. അതുപോലെ അപകടത്തിൽ ഉൾപ്പെട്ടവർക്ക് ആവശ്യമായ അടിയന്തിരമായ പ്രാഥമികശുശ്രൂഷകൾ നൽകുന്ന ആശുപത്രിയിലെ അത്യാഹിതവിഭാഗങ്ങളിൽ നിന്നുപോലും ഇവർ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. കാഴ്ചക്കാർക്ക് അറപ്പും ഭീതിയും ഉണ്ടാക്കുന്ന ദൃശ്യങ്ങൾ പോലും യാതൊരു മുന്നറിയിപ്പും നൽകാതെ വ്യക്താമായ വീഡിയോആയിത്തന്നെ പ്രക്ഷേപണം ചെയ്ത ഉദാഹരണങ്ങളും ധാരാളം.