Thursday, September 24, 2015

സംരംഭകർക്കും വ്യാപാരികൾക്കും ഇനി മുദ്രാ വായ്പയുടെ കൈത്താങ്ങ് ഒപ്പമുണ്ടാകും

വരൂ നമുക്ക് ഈ വ്യവസായ വായ്പ എടുക്കാം അല്ലെങ്കിൽ തൊട്ടയല്പക്കത്തെ സംരംഭകരോട് ഇതിന്റെ വർത്തമാനം പറയാം


നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭകർക്കും അതായത് കുടിൽ വ്യവസായം നടത്തുന്നവർക്ക്, വ്യാപാരികൾക്കും മുതൽ തീരെ ചെറുകിട യൂണിറ്റുകൾക്ക് - അത് ചായക്കച്ചവടക്കാരനാകാം ചെരുപ്പ് നന്നാക്കുന്നവർ ആകാം- വരെ ബാങ്ക് ഉചിതമായ ബാങ്ക് വായ്പ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മുദ്രാ ബാങ്ക് ബാങ്ക് വായ്പ. Micro Units Development and Refinance Agency (MUDRA) എന്നാണ് പൂർണ രൂപം. ഇപ്പോഴുള്ള എല്ലാ ബാങ്ക് ശാഖകൾ വഴിയും ഈ നവസംവിധാന വായ്പ കിട്ടുന്നതിന് ഒരു തടസവുമില്ല.
സൂക്ഷ്മ സംരംഭകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പക്ക് പല അകലങ്ങളും ഉണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ഉണ്ട്. ചിലപ്പോൾ 'വലിയ' വായ്പയിൽ ആകും അനുവദിക്കുന്നവർക്ക് താത്പര്യം, മറ്റ് ചില അവസരങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്ന കടലാസുകൾ തയാറാക്കി നൽകാൻ ഈ കുഞ്ഞ് യൂണിറ്റുകൾ നടത്തുന്നവർക്ക് സാധിക്കാതെ പോകുന്നത് അവർ സാമ്പത്തിക സാക്ഷരത ഇല്ലാത്തവരായതിനാലും. ഈ നിരക്ഷരത മുതലെടുത്ത് ആണ് കുബേര മാരും സമാന്തര 'മൊത്തമൂറ്റ്' കാരും ഇവർക്ക് വലിയ പലിശ നിരക്കിൽ വായ്പ കൊടുത്ത് ആത്യന്തികമായി അവരെ തകർക്കുന്നത്.
എങ്ങനെയെന്നല്ലേ? ആഴ്ചയ്‌ക്കോ അല്ലെങ്കിൽ ദിനം പ്രതിയോ തന്നെ 90 രൂപ തന്നിട്ട് 100 രൂപ തിരികെ വാങ്ങുന്ന ടീംസ് ഇവിടെ കാര്യമായി ഉണ്ട് എന്ന് കുബേര റെയ്ഡ് സമയത്ത് നമ്മൾ കണ്ട കാര്യം. ഇവിടെയാണ് തീരെ ലളിതമായ നടപടിക്രമത്തിലൂടെ. അതെ ഒറ്റ പേജുള്ള അപേക്ഷാഫോറം (ആദ്യകമന്റിൽ പിഡിഎഫ് രൂപത്തിൽ ഉള്ളത് പ്രിന്റെടുത്ത് ഉപയോഗിക്കാം) തയാറാക്കി സംരംഭക വായ്പ സുഗമമാക്കിയിരിക്കുന്നു.
ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും
എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്
എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.
എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക. അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ. ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്. ഇത് ഉദാ: 7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും. ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം. അതുമല്ലങ്കിൽ ഒരു കൈ സഹായം ചെയ്യാൻ സുമനസുകൾ ഫേസ്ബുക്കിലും ഉണ്ടാകുമല്ലോ. പറഞ്ഞ് വരുന്നത് സാമ്പത്തിക സാക്ഷരതയെ പറ്റിയാണ്.
ഇനി എപ്പോഴും ബാങ്കിൽ പോകാനെവിടെ സമയം എന്നാണ് ആശങ്ക എങ്കിൽ അതിനുമുണ്ട് ഒരു ചെറിയ സാങ്കേതിക സഹായം. ഈ ചെറിയ യൂണിറ്റ് നടത്തുന്നവർക്ക് അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ സംഭരണം നടത്താം
ഓ ഇതൊക്കെ പറയാൻ എളുപ്പം. ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ. നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക. അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം. മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
ഇതിന്റെ ഒന്നും ആവശ്യം വരില്ല. നമ്മൾക്ക് ചെയ്യാവുന്നത് ഇത്രയെങ്കിലും ആകില്ലേ? വിടിന്റെ സമീപത്തുള്ള സംരംഭകരോട് അത് എന്ത് വലിപ്പമുള്ളതുമാകട്ടെ, എന്ത് അവസ്ഥയിലുള്ളതും ആകട്ടെ അവർക്ക് ഉചിതമായ വായ്പ ഇന്ന് എളുപ്പമാണ് എന്ന് പറഞ്ഞ് കൊടുക്കുക. കുബേര യുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുന്നത് പതിയെ അവർക്ക് സാമ്പത്തിക സാക്ഷരതയും ചെറിയ വായ്പയും ഒക്കെ സംഘടിപ്പിച്ച് നൽകിയാണ്, അതിൽ നമുക്ക് ചെയ്യാനാകുന്നത് ചെയ്യുക.
വിരാമതിലകം: എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക. വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല, ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ഇത് ആരുടെയും - ബാങ്കിന്റെയും സർക്കാരിന്റെയും ഒക്കെ തന്നെ- ഔദാര്യമല്ല, രാജ്യത്തെ എല്ലാ അസംഘടിതരുടെയും കോർപ്പറേറ്റ് ഇതര യൂണിറ്റുകളുടെയും അവകാശമാണ്. അതും അറിയുക
ഒടുവിലാൻ: തീർന്നില്ല, ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പ് വ്യവസായ വായ്പ പിന്നാലെ വരുന്നുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിലേറെ ബാങ്ക് ശാഖകൾ ഉണ്ട് എന്നും അറിയാമല്ലോ.

Tuesday, July 07, 2015

ഈ ഡിജിറ്റൽ ഇടനാഴികളിൽ നിരോധനം പണ്ടേ പോലെ ഫലിക്കുമോ?

'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററി വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി, എന്നാൽ അച്ചടി, ടെലിവിഷൻ എന്നതിനപ്പുറം ഈ നിരോധവാളിന് എത്രമാത്രം മൂർച്ചയുണ്ട് എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. ഔദ്യോഗികമായി ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കാനോ(ഫിൽറ്റർ), നിരോധിക്കാനോ സർക്കാരിന് അധികാരമുണ്ടെങ്കിലും അത് പ്രായോഗികമായി സാധ്യമല്ല എന്നതിന്റെ സമീപകാല ഉദാഹരണമായി ഈ സംഭവം. നിയമം നടപ്പാക്കുന്ന ഏജൻസികൾക്ക് ഗൂഗിൾ, യൂട്യൂബ്, ഫേസ്ബുക്ക് പോലെയുള്ള ഇന്റർമീഡിയറികളോട് പ്രസ്തുത വീഡിയോ ഒഴിവാക്കാൻ അഥവാ ടേക്ക് ഡൗൺ ചെയ്യാൻ ആവശ്യപ്പെടാം. മിക്ക അവസരങ്ങളിലും അവർ അത് അംഗീകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ ആ വഴിക്ക് ആകില്ല പോകുന്നത്. മറ്റ് പരശതം മാർഗങ്ങളിലൂടെ ഈ ഇൻഫർമേഷൻ സൂപ്പർ ഹൈവേയിൽ 'നിരോധിച്ചവ' ഓടി നടക്കും.

നീക്കം ചെയ്യൽ കോടാലി വീഴാൻ സാധ്യതയുണ്ടന്ന് തോന്നിയാലുടൻ തന്നെ നല്ലൊരു പക്ഷം ആൾക്കാർ അവരുടെ ഉപകരണങ്ങളിലേക്ക് ഈ ഉള്ളടക്കം പകർത്തി വയ്‌ക്കുന്നത് ഇന്ന് ശീലമായിക്കഴിഞ്ഞു. അത് ഒരു മറുപടി കൂടിയാണ്. നിരോധനം വന്നാൽ ഉടൻ തന്നെ സേവന ദാതാക്കൾ സെർവറിൽ നിന്ന് ഉള്ളടക്കം ഒഴിവാക്കും, കാരണം അവർക്ക് അതിന് നിയമപരമായ ബാധ്യത ഉണ്ട്. എന്തിലും വലുത് കമ്പനിയുടെ നിലനിൽപ്പാണല്ലോ! എന്നാൽ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇതിന്റെ നിയമവശം ഒന്നും അറിയണമെന്ന് പോലുമില്ല, ടോറന്റ് വഴിയാലും അല്ലെങ്കിൽ വാട്ട്സ്ആപ്പ് മുഖേന ആയാലും വീഡിയോ എത്തേണ്ടിടത്ത് ഒക്കെ എത്തിക്കും. തടഞ്ഞ് നിർത്താൻ നോക്കുന്നത് സർവശക്തിയുമെടുത്ത് പറ്റിയ വഴികളിലൂടെ എല്ലാം എത്തേണ്ടിടത്ത് എത്തും. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് ഭൗതികമായ ഒരു സാന്നിദ്ധ്യം ഉണ്ട്. അനുസരിക്കാത്തവരുടെ ലൈസൻസ് സർക്കാരിന് റദ്ദ് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യാം. ഇവിടെ 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററിയുടെ കാര്യത്തിൽ പ്രതിഷേധിച്ച് തങ്ങളുടെ ദൃശ്യസമയം താഴ്‌ത്തി വച്ച് ശൂന്യസ്ക്രീൻ കാണിച്ച് പ്രതിഷേധം അറിയിക്കാനേ എൻഡിടിവി ക്ക് ആയുള്ളൂ. ഇന്റർനെറ്റിലെ വീഡിയോ ഇതേ ഉത്തരവ് അനുസരിച്ച് യൂട്യൂബ് നീക്കം ചെയ്‌തപ്പോഴും, അച്ചടി-ദൃശ്യ മാധ്യമത്തിലേത് പോലെ അത് നടപ്പായില്ല എന്ന് മാത്രം. കാരണം ലളിതം അങ്ങനെയെളുപ്പം നിയന്ത്രിക്കാവുന്നതല്ല ഇന്റർനെറ്റിലെ ഉള്ളടക്കം

സർക്കാരിന് ഓൺലൈൻ ഉള്ളടക്കത്തിനു മേൽ ചെയ്യാവുന്നത് കേവലം രണ്ട് കാര്യങ്ങൾ മാത്രമാണ്. ഒന്ന് ഡിജിറ്റൽ ഉള്ളടക്ക സേവന ഇടങ്ങളായ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയോടൊക്കെ പ്രസ്‌തുത ഭാഗം ഒഴിവാക്കാൻ നിർദ്ദേശിക്കാം. രണ്ടാമതായി ഇന്റർനെറ്റ് സേവനദാതാക്കളോട് (ISP) വെബ്സൈറ്റ് പേജ് വിലാസം ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടാം. സർക്കാരും കോടതികളും പല അവസരത്തിലും ഇത് ചെയ്യാറുണ്ട്. അത്രമേൽ വിവാദമായാൽ നിരോധനം കാറ്റിൽ പറക്കുന്ന അവസ്ഥയാകും ശരിക്കും സംഭവിക്കുക. കാരണം മറ്റൊന്നുമല്ല, സാധാരണ മാധ്യമ ഉള്ളടക്കത്തിന് അത് പുസ്തകമാകട്ടെ, ദിനപത്രമോ ടെലിവിഷൻ പരിപാടകളോ ആകട്ടെ പലതരത്തിൽ അതിനെ അടച്ച് പൂട്ടി വയ്‌പ്പിക്കാം. പണ്ടൊക്കെ പ്രസ് കണ്ടുകെട്ടി മുദ്രവച്ചു എന്ന് കേട്ടിട്ടില്ലേ, എന്നാൽ ഓൺലൈൻ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ മുദ്രവയ്‌പിന് യാതോരു വിലയുമില്ല.

ഇവിടെ പ്രസക്തമായ മറ്റൊരു വിഷയവുമുണ്ട്. അച്ചടി പുസ്തകങ്ങൾ, ലഘുലേഖകൾ ഒക്കെ കാലാകാലങ്ങളായി ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടം അനുസരിച്ച് ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ നിരത്താം എന്നാൽ ഇന്ന് അതിന്റെ മുനയും ഒടിഞ്ഞില്ലാതായി കൊണ്ടിരിക്കുന്നു. നിരോധനം വീണ പുസ്‌തകത്തിന്റെ ഇലക്‌ട്രോണിക് ഫോർമാറ്റ് തലങ്ങും വിലങ്ങും ഇന്റർനെറ്റിൽ പറന്ന് നടക്കും. ചുരുക്കത്തിൽ ഡിജിറ്റൽ അല്ലാത്ത മാധ്യമരൂപങ്ങളും നിരോധനത്തെ മറികടക്കാൻ ഡിജിൽ രൂപത്തിലേക്ക് ഇറങ്ങും. നിരോധനം വീഴുമെന്ന് ഉറപ്പായാൽ അത് പെട്ടെന്ന് തന്നെ പകർത്തിയോ സ്‌കാൻ ചെയ്‌തോ സൂക്ഷിച്ച് വയ്‌ക്കുന്നത് ഒരു ബദൽ പ്രവർത്തനവും തന്നെ. മിക്കപ്പോഴും ഇത് പബ്ലിക് ലൈനിലൂടെ അല്ലാതെ പങ്ക് വയ്‌ക്കുകയും ചെയ്യും.

മറ്റെല്ലാ മാധ്യമങ്ങളും ഒന്നല്ലങ്കിൽ മറ്റൊരു നിയമത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സിനിമയുടെ കാര്യം തന്നെയെടുക്കൂ, തിയേറ്റർ വഴി പ്രദർശിപ്പിക്കണമെങ്കിൽ അത് സെൻസർ ബോർഡിനു മുന്നിൽ സമർപ്പിച്ച് അനുമതി വാങ്ങിയാലേ നാട്ടിലെമ്പാടുമുള്ള സിനിമാകൊട്ടകകളിൽ എത്തിക്കാനാകൂ, അത് പൊലെ തന്നെ ടെലിവിഷൻ ചാനലും എഫ്എം റേഡിയോയും നടത്തുന്ന സ്വകാര്യ ഓപ്പറേറ്റർമാർക്ക് ലൈൻസൻസ് ഉണ്ടാകണം. എന്നാൽ ഇന്റർനെറ്റിലോ? ഇതൊന്നും ആവശ്യമില്ല, ആർക്കും പ്രസാധകൻ ആകാം, സിനിമ എടുത്ത് യ്യൂട്യൂബ് വഴി മാലോകരെ കാണിക്കാം. ഒരു പക്ഷെ പറയുന്ന വിഷയത്തിന്റെ കാമ്പിനും കരുത്തിനുമനുസരിച്ച് അത് വൈറൽ ആയി ലക്ഷക്കണക്കിന് ആളുകളിലേക്ക് ക്ഷണനേരം കൊണ്ടെത്തും. ഇവിടെ പരാമർശ വിഷയമായ 'ഇന്ത്യയുടെ മകൾ' ഡോക്യുമെന്ററി തന്നെ ആരൊക്കെ ഈ ഔദ്യോഗിക നീക്കം ചെയ്യലിന് ശേഷം കണ്ടു എന്നറിയാൻ നിരോധന ദിവസത്തിന്റെ തൊട്ടടുത്ത മണിക്കൂറുകളിൽ ഫേസ്ബുക്കിലും ട്വിറ്ററിലും വന്ന അഭിപ്രായങ്ങളുടെയും ചർച്ചകളുടെയും മാത്രം കണക്കെടുത്താൽ മതിയാകും. ശരിക്കും പറഞ്ഞാൽ കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഇന്റർനെറ്റിന്റെ കാര്യത്തിൽ കാറ്റിൽ പറന്നു എന്ന് പറയാം. ഒട്ടനവധി പകർപ്പുകൾ മറ്റ് പല പേരിലും തരത്തിലും വീഡിയോ പങ്കിടൽ സൈറ്റുകളിലിലും ഫയൽ കൈമാറ്റ ഇടങ്ങളിലും പൊന്തിവന്നു.

ഇന്റർനെറ്റ് സെൻസർഷിപ്പിന്റെ കാര്യം പറയുമ്പോൾ പതിവായി ഉയർന്ന് വരാറുള്ള വാദമാണ് ചൈനയിൽ എല്ലാം സർക്കാർ അരിപ്പ കടന്നല്ലേ (ഫിൽറ്ററിങ്ങ്) പൗരന്മാർക്ക് കിട്ടുന്നത് എന്നത്. കാര്യങ്ങൾ അവിടെയും സർക്കാർ ചിട്ടവട്ടങ്ങളിലല്ല എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത. ഇന്ത്യയുടെ മകൾ ഡോക്യുമെന്ററി വരുന്നതിനും ഏതാനും ദിവസം മുന്നെ, അതായത് ഫെബ്രുവരി അവസാനവാരം Under the Dome എന്ന ഒരു പരിസ്ഥിതി ദൂഷണം പരാമർശ വിധേയമാകുന്ന ഡോക്യുമെന്ററി വല്ലാതെ വൈറൽ ആയി ചൈനയിലെ ഇന്റർനെറ്റ് ഇടങ്ങളിൽ പൊടുന്നനെ പ്രത്യക്ഷമായി. 48 മണിക്കൂറിനകം 10 കോടിയിലധികം പ്രേക്ഷകർ ഇതിനുണ്ടായി എന്നാണ് വാർത്തകൾ. അതിന്റെ എണ്ണക്കണക്കിലേക്കല്ല, മറിച്ച് സർക്കാരിന് പരിസ്ഥിതി അനുഭാവ നയമാണുണ്ടാകേണ്ടത് എന്ന അഭിപ്രായം സ്വരൂപിക്കാൻ ഈ ഡോക്യുമെന്ററിക്ക് സാധിച്ചു. ആദ്യമൊക്കെ ഈ പരിസ്ഥിതി ഡോക്യുമെന്ററിയോട് അനുഭാവം പ്രകടിപ്പിച്ചവർ തന്നെ സംഗതി സുഖകരമാകില്ല എന്ന് കണ്ട് നിരോധിക്കുകയാണുണ്ടായത്. ഈ രണ്ട് വീഡിയോ ഉള്ളടക്കവും ലോകത്തെ രണ്ട് വൻ രാജ്യങ്ങളിലെ കടുത്ത യാഥാർത്ഥ്യമാണ് ഭരണകൂടത്തെ മറി കടന്നും ഇന്റർനെറ്റിലൂടെ കാഴ്ചക്കാരെ ഉണ്ടാക്കിയത്.


സർക്കാരിന്റെ ഭാഷ നിരോധനത്തിന്റേതാകുമ്പോൾ, പ്രജകൾ അത് അപ്പടി അംഗീകരിച്ചിരിക്കേണ്ട അവസ്ഥ ഒന്നും ഈ ഗൂഗോളവൽകൃത ലോകത്ത് ഇല്ല എന്നതാണ് സമകാലിക യാഥാർത്ഥ്യം. ഒന്ന് നല്ല പോലെ ഗൂഗിളിലോ ടോറന്റിലോ തപ്പിയാൽ തടഞ്ഞ് വച്ചതൊക്കെ നിമിഷനേരം കൊണ്ട് ഉള്ളം കൈയ്യിലെ മൊബൈൽ ഫോണിലോ ടാബ്/ഐപാഡിലോ എത്തും. ഈ യാഥാർത്ഥ്യം നിരോധന വാൾ ചുഴറ്റുന്നവർ അറിയാതിരിക്കില്ല എന്നിട്ടും നിരോധനം മുറയ്‌ക്ക് നടക്കുന്നു. സെൻസർഷിപ്പ് എന്ന വാക്ക് അപ്രസക്തമാണ് അഥവാ നിറം മങ്ങിക്കൊണ്ടിരിക്കുന്നു, കുറഞ്ഞ പക്ഷം ഇന്റർനെറ്റിലെങ്കിലും.

പിൻ‌കുറിപ്പ്: Under the Dome – Investigating China’s Smog എന്ന് യൂട്യൂബിൽ തിരഞ്ഞാൽ ചൈനയിലെ പരിസ്ഥിതിയുടെ സ്ഥിതി - ഇംഗ്ലീഷ് സബ്‌ടൈറ്റിലിൽ - കാണാം.

(കേരള മീഡിയ അക്കാദമി -പൂർവാശ്രമത്തിൽ പ്രസ് അക്കാദമി - ജേണൽ 'മീഡിയ' യിൽ പ്രസിദ്ധീകരിച്ച ലേഖനം)

Wednesday, January 21, 2015

സാമൂഹിക മാധ്യമങ്ങളും മലയാളവും

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിലൂടെ പൊതുജനങ്ങളെ പരസ്പരം കണ്ണികളാക്കി അവരവർക്ക് എഴുതാനും ഫോട്ടോകൾ, വിവരങ്ങൾ ഒക്കെ പങ്ക് വയ്‌ക്കാനുള്ള സൈബർ ഇടമാണ് സാമൂഹിക മാധ്യമങ്ങൾ. ഡിജിറ്റൽ വ്യൂഹങ്ങളിലാണ് ഇതിലെ ഉള്ളടക്കം നിലകൊള്ളുന്നത്, അച്ചടി മാധ്യമത്തെപോലെ ഭൗതികമായ സാന്നിദ്ധ്യം ഇല്ല എന്ന് പറയാം, ശരിക്കും വിർച്വൽ കമ്യൂണിറ്റികളാണ് സാമൂഹിക സമ്പർക്ക വെബ്‌സൈറ്റുകൾ. പരസ്പരം എഴുതാനും ഉള്ളടക്കം പങ്ക് വയ്‌ക്കാനും സാധിക്കുന്നു. വാർത്തയും വർത്തമാനവും ഒക്കെ തൽസമയം ലഭിക്കും എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത എല്ലാവർക്കും എഴുതാൻ അവസരമുണ്ട് എന്നതുമാണ്. ഇവ നവമാധ്യമങ്ങൾ എന്നും വിളിക്കപ്പെടുന്നു. എന്നാൽ ഇനി അഞ്ചോ പത്തോ വർഷം കഴിഞ്ഞ് മറ്റൊരു മാധ്യമരൂപം വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ വീക്ഷണ കോണിൽനിന്നു നോക്കുക ആണങ്കിൽ നവമാധ്യമം എന്ന വിളിപ്പേരിനെക്കാൾ ഉചിതം സാമൂഹിക മാധ്യമം എന്നതുതന്നെ.

വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയം അടിസ്ഥാനപരമായി നിലനിൽക്കുമ്പോൾ തന്നെ വാർത്താ താരങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവയും ഇന്ന് സാമൂഹിക സമ്പർക്ക മാർഗങ്ങൾ ഉപയോഗിക്കുന്നത് പരമാവധി പേരിലേക്ക് തങ്ങൾക്ക് പറയാനുള്ളത് എത്തിക്കാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ്. ഒരു ടെക്‌നോപൊളിസ് പതിയെ രൂപപ്പെടുകയാണ്. അവിടെ ദൂരങ്ങൾ പെട്ടെന്ന് ഇല്ലാതാകുന്നു, എത്ര അകലത്തിലിരുന്നവർ പോലും തമ്മിൽ കാണുമ്പോൾ ഇന്നലെ കണ്ടപോലെ പരിചിതമായി സംഭാഷണം ആരംഭിക്കാൻ പറ്റുന്നത് അവരവരുടെ ടൈംലൈനിൽ അവരെ സംബന്ധിച്ച വിവരങ്ങൾ ഉള്ളതുകൊണ്ടു കൂടിയാണ്.

സാധാരണ മാധ്യമങ്ങളുടെ ഘടനയിൽ നിന്ന് വളരെ മാറിയാണ് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ സഞ്ചരിക്കുന്നത്. ഇരുത്തം വന്ന ഭാഷ, പലതട്ടിൽ ഉള്ള എഡിറ്റിങ്ങ് ഒക്കെ സാമ്പ്രദായിക മാധ്യമങ്ങളിൽ നടക്കുമെന്ന് തത്വം. അവനവൻ മാധ്യമത്തിൽ ഇങ്ങനെ ഒരു എഡിറ്റിങ്ങ് ഇല്ല, മറിച്ച് അവരവരുടെ രുചിഭേദവും അറിവും അനുസരിച്ച് ഇടപെടുകയാണ്. അതുകൊണ്ടുതന്നെ ഓരോ ഡിജിറ്റൽ വ്യക്തികളുടെ ഭാഷയും വ്യത്യസ്തമായിരിക്കും. ഉള്ളടക്കത്തിന്റെ ആധികാരികത വ്യക്തിയെ ആശ്രയിച്ചാണ് ഉറപ്പിക്കാനാകുന്നതും. മാധ്യമ ബഹുസ്വരതയുടെ ശക്തിയും ദൗർബല്യവും ഒരേ സമയം ഇതിനുണ്ട്. എണ്ണം കൊണ്ടും വളർച്ചാനിരക്കുവച്ചും ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂ ട്യൂബ് ഒക്കെ ലോകത്തെ പ്രബലമാധ്യമമായി മാറിക്കഴിഞ്ഞു. മൊബൈൽ ഇന്റർനെറ്റിന്റെ വ്യാപനവും സ്മാർട്ട് ഫോണുകളുടെ പ്രചാരവും സാമൂഹികസമ്പർക്ക മാധ്യമങ്ങളുടെ സമീപകാല മുന്നേറ്റത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു.

പരമ്പരാഗത മാധ്യമങ്ങളിൽ പലതട്ടിലൂടെയുള്ള എഡിറ്റോറിയൽ അരിപ്പയിലൂടെ കടന്നാകും റിപ്പോർട്ടുകൾ നമ്മളിലേക്കെത്തുന്നത്. എന്നാൽ ബ്ലോഗ് മുതലുള്ള വെബ്‌മാധ്യമങ്ങളിൽ യാതൊരു എഡിറ്റോറിയൽ സ്‌ക്രീനിങ്ങും ഇല്ലാതെയാണ് വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തുന്നത്. എഴുത്തുകാരനും എഡിറ്ററും പ്രസാധകനും എല്ലാം ഒരാൾ തന്നെ. പരമ്പരാഗത മാധ്യമങ്ങൾക്കെല്ലാം അവരുടേതായ ഉള്ളടക്ക നയം ഉണ്ടാകും. പരസ്യം അടക്കമുള്ള ബാഹ്യഘടകങ്ങളും വാർത്തയുടെ തിരഞ്ഞെടുപ്പിനെയും അവതരിപ്പിക്കലിനേയും ബാധിക്കും. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഈ ബാധ്യതകൾ ഒന്നും ഇല്ലാത്തതിനാൽ വാർത്തകൾ, വിശകലനങ്ങൾ ഒക്കെ ഒഴുകിപ്പരക്കുകയാണ്. വ്യക്തിയുടെ നിലപാടും ഒരോ വിഷയത്തോടും അപ്പപ്പോഴുള്ള യോജിപ്പും വിയോജിപ്പുമൊക്കെയാണ് എഴുത്തിന്റെ മാനദണ്ഡങ്ങൾ.

മാധ്യമങ്ങൾക്ക് ഇത്തരം അവനവൻ മാധ്യമങ്ങൾ അഥവാ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ പകരക്കാരനാകുമോ എന്ന ഗൗരവമായ ചോദ്യങ്ങൾ പലകോണുകളിൽ നിന്ന് ഉയരാനും ആരംഭിച്ചിട്ടുണ്ട്.  ഇന്റർനെറ്റ് പൂർവകാലത്ത് പുറം ലോക വാർത്തകൾ മുതൽ തൊട്ടയൽ പക്ക വർത്തമാനങ്ങൾ വരെ ലഭിച്ചിരുന്നത് പരമ്പരാഗത മാധ്യമങ്ങൾ വഴി മാത്രമായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല. വാർത്തകൾ ഉത്ഭവിക്കുന്ന ഇടത്ത് നിന്ന് തന്നെ തൽക്ഷണം സിറ്റിസൺ ജേണലിസ്റ്റുകളുടെ വക വാർത്ത എത്തിക്കൽ ആരംഭിക്കും. ഇങ്ങനെ എഴുതുന്നവർ പരമ്പരാഗത വഴിയിൽ എഴുത്ത് ശിക്ഷണമോ എഡിറ്റിംഗ് പരിശീലനമോ ഒന്നും ലഭിച്ചവർ ആയിരിക്കണമെന്നില്ല. ഇത് മാധ്യമ ഭാഷയുടെ വാർപ്പു മാതൃകകളെ തകർക്കുന്നു ഒപ്പം വാർത്തയുടെ തൽക്ഷണമുള്ള വ്യാപനത്തിന് സൌകര്യമൊരുക്കുന്നു എന്നതാന് ഏറ്റവും പ്രധാനം.  ദൈനംദിന വിഷയങ്ങളിൽ ആധികാരികതയോടെ വിശകലനം നടത്തുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്. സാധാരണ എഡിറ്റോറിയൽ പേജ് ലേഖനങ്ങളെക്കാളും മികച്ച തരത്തിൽ എഴുതപ്പെടുന്ന പോസ്റ്റുകൾക്ക് വായനക്കാരും ധാരാളമുണ്ട്. പത്രത്തിൽ തൽക്ഷണ ചർച്ചയ്ക്ക് ഒരു സാധ്യതയും ഇല്ല. എന്നാൽ ഇവിടെ മുഖലേഖനത്തേക്കാൾ ആധികാരികവും ആഴവും ഉള്ള അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ ഒക്കെ തൊട്ടുതാഴെ കമന്റ് രൂപത്തിൽ പ്രത്യക്ഷപ്പെടും. നിരന്തര സംവാദങ്ങളും അഭിപ്രായങ്ങൾ പങ്കു വയ്‌ക്കലും സോഷ്യൽ മീഡിയയെ ഒഴിവാക്കാനാകാത്ത മാധ്യമ രൂപം ആക്കി മാറ്റിക്കഴിഞ്ഞു. അതു കൊണ്ടാകാം ഇന്ന് ഫിഫ്‌ത്ത് എസ്റ്റേറ്റ് എന്ന വിളിപ്പേരും സാമൂഹികസമ്പർക്ക മാധ്യമങ്ങൾക്ക് ലഭിച്ചത്.  ഈ വലിയ വായനാസമൂഹത്തിന്റെ വിപണി സാധ്യതകൂടി കണ്ടിട്ടാകണം അച്ചടി, ടെലിവിഷൻ വാർത്താമാധ്യമങ്ങൾ അടക്കം സൈബർ ചർച്ചാ വേദികളിലും സക്രിയ സാന്നിദ്ധ്യമാകുന്നത്. ഇതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ പറ്റില്ല എന്നതണ് വസ്തുത.


ഇന്റർനെറ്റ് നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്ന പ്രധാന ന്യൂനത,  വിനിമയ ഭാഷയായ  ഇംഗ്ലീഷ് ഡിജിറ്റൽ വ്യൂഹങ്ങൾക്ക് പഥ്യം എന്നതായിരുന്നു. എന്നാൽ യൂണികോഡ് മലയാളം അക്ഷരൂപങ്ങളുടെയും  വിവിധ ഇന്റർനെറ്റ് ഇടങ്ങളിൽ അവ കാര്യമായ തോതിൽ ഉപയോഗിച്ച് തുടങ്ങിയതും മുൻധാരണകളെ ആകെ മാറ്റിമറിച്ചു. ഇന്ന് സൈബർ മലയാളം കാര്യമായി മുന്നേറുകയാണ്. മൊബൈൽ ഫോൺ പ്രവർത്തകസംവിധാനത്തിന്റെ സമ്പർക്ക മുഖം മുതൽ സാമൂഹികമാധ്യമങ്ങളിൽ വരെ മലയാളം കാര്യമായ തോതിൽ ഉപയോഗിക്കപ്പെടുന്നു. മലയാളം വിക്കിപീഡിയ ഇന്ത്യയിലെ തന്നെ സജീവപതിപ്പുകളിൽ മുന്നിൽ നിൽക്കുന്നു. മലയാളത്തിൽ ഇന്റർനെറ്റിൽ തിരഞ്ഞ് വിവരം എടുക്കുന്നവരുടെ എണ്ണം കുറവല്ല എന്നത് മറ്റൊരു തരത്തിൽ ഇന്റർനെറ്റ് വിവരപ്പുരകളിൽ നമ്മുടെ ഭാഷാ ഉള്ളടക്കം സാമാന്യം നല്ലത് എന്ന് കൂടിയാണല്ലോ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും ഇപ്പോഴും ചിലരെങ്കിലും ഇന്റർനെറ്റിൽ മലയാളം എഴുതുന്നതിന് മംഗ്ലീഷിനെയോ അല്ലെങ്കിൽ ഇംഗ്ലീഷിനെയോ ആശ്രയിക്കുന്നു എന്നത് വസ്‌തുതയാണ്. മലയാളത്തിൽ എഴുതാനും വായിക്കാനും പേജ് രൂപകല്പന നടത്താനും ഇംഗ്ലീഷ് ഭാഷയിലേതുപോലെ തന്നെ എളുപ്പമാണ്. നിരവധി വെബ് സൈറ്റുകൾ ഇക്കാര്യം മുൻ നിർത്തി സഹായങ്ങൾ നൽകുന്നുണ്ട്. അവയിൽ വിവിധതരത്തിലുള്ള മലയാള അക്ഷരരൂപങ്ങളും, എഴുത്തുരീതിയും ലഭ്യമാണ്. അവയിൽനിന്ന് ഫോണ്ടുകൾ കമ്പ്യൂട്ടറിൽ കൊണ്ട് വരാനും, എഴുതാൻ ഉള്ള സങ്കേതങ്ങൾ ഉൾപ്പെടുത്താനും എളുപ്പം കഴിയും.  സമാന്തരമായി തന്നെ ബ്ലോഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ് എന്നിവയിലും മലയാളം കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഇനി അടുത്ത ഗതിവേഗം മലയാളം ഉള്ളടക്കത്തിനുണ്ടാകാൻ പോകുന്നത് മൊബൈൽ ഫോണിൽ നിന്നാകും. സ്‌മാർട്ട് ഫോൺ ഉപകരണങ്ങളിൽ ഇപ്പോൾ മലയാളത്തിൽ എഴുതാൻ ഉള്ള ആപ്ലിക്കേഷനുകൾ കാര്യമായി ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അത് വരും വർഷങ്ങളിൽ പ്രചുരപ്രചാരം നേടുന്നതോടെ മലയാളം ഇ-മെയിൽ മുതൽ എസ്എംഎസ് വരെ തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടും. നിലവിൽ വെബ് സൈറ്റുകൾ അത് വാണിജ്യ-വ്യാപാര ഉടമസ്ഥതയിൽ ഉള്ളതായാലും സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളുടെതായാലും പ്രാദേശികഭാഷകളിലേക്ക് കൂടുമാറുന്നതേയുള്ളൂ. ഇന്റർനെറ്റിന് ഇനിയുള്ള വളർച്ച  പ്രാദേശികഭാഷയിലൂടെയാണെന്ന  നിലയിൽ എത്തി നിൽക്കുന്നു, കാര്യങ്ങൾ.

സോഷ്യൽ നെറ്റ്‌വർക്ക് ഇന്ന് പലതരം പഠനങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇതിൽ വളരെ പ്രസക്തമായ ഒ‌ന്ന്, ഒരു വ്യക്തിയുടെ എഴുത്തുജീവിതം ക്രമമായി മാറുന്നതിനെക്കുറിച്ചുള്ളതാണ്.  ആദ്യം ഫേസ് ബുക്കിൽ ഒക്കെ കുറിച്ച് തുടങ്ങിയയിടത്തുനിന്നു പതിയെ എഴുത്തു രീതിയും ഭാഷയും മാറുന്നു. എങ്ങനെ മാറുന്നു എ‌ന്നത് ആ വ്യക്തിയുടെ ചങ്ങാതി വൃന്ദത്തെയും അവർ ഇടപെട്ട രീതിയെയും ഒക്കെ ആശ്രയിച്ചിരിക്കും. പഴയ പോസ്റ്റുകൾ ഇപ്പോൾ കാണുമ്പോൾ ഒരു വല്ലായ്‌മ അനുഭവപ്പെടുന്നെങ്കിൽ അതിനർഥം പഴയ കാലത്തുനിന്ന് നിങ്ങൾ വ്യക്തമായി മാറിയിരിക്കുന്നു എന്നാണ്. ലോ‌കവീക്ഷണം മുതൽ വായിക്കാനെടുക്കുന്ന പുസ്‌തകങ്ങൾ വരെ ഇങ്ങനെ സ്വാധീനിക്കപ്പെടുന്നുണ്ട്. അറിവിനെയും എഴുത്തിനെയും അതിന്റെ പിന്നാമ്പുറത്തെ ചിന്തയേയും സാമൂഹികസമ്പർക്ക മാധ്യമങ്ങൾ അതിന്റെതായ രീതിയിൽ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു.  ഒരു പക്ഷേ ഇത് പരസ്പരവിപരീതമായ ദിശകളിൽ സംഭവിക്കാം.  സാമൂഹികമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന ന്യൂനപക്ഷം ഉണ്ടാകാം എന്ന് വച്ച് അവ കൊണ്ടുവരുന്ന ഗുണകരമായ പരശതം കാര്യങ്ങളോട് എങ്ങനെ പിണങ്ങി നിൽക്കാനാകും? അച്ചടി മാധ്യമങ്ങൾ അടക്കം മാധ്യമങ്ങളെ ദുഷ്ടലാക്കോടെ ഉപയോഗിച്ച സാഹചര്യങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും പലകുറി ഉണ്ടാകുന്നു.  ഗുണവശങ്ങളും സമൂഹത്തെ ഇവ സുതാര്യവത്കരിക്കുന്നതിന്റെ തോതും കണക്കിലെടുത്താൽ മാത്രമേ ദുരുപയോഗത്തെയും ദൂഷ്യവശങ്ങളെയും പറ്റിയുള്ള ചർച്ചകൾക്ക് സമഗ്രതയുണ്ടാവുകയുള്ളൂ . വ്യക്തി സ്വകാര്യത ഈ ഡിജിറ്റൽ കാലത്ത് കനത്ത വെല്ലുവിളിയെ നേരിടുന്നുണ്ട് എന്നത് വിസ്‌മരിക്കാൻ പാടില്ലാത്ത കാര്യമാണ്. ഒളിച്ചു വയ്‌ക്കാനും ഇരിക്കാനും ഒരിടമില്ലാത്ത അവസ്ഥ എന്ന് ഇതിനെ സാമാന്യമായി വ്യവഹരിക്കാം.എന്നാൽ ഭരണകൂടങ്ങൾക്കു മാത്രമല്ല, പൌരന്മാർക്കുപോലും പൊതുസ്ഥാപനങ്ങൾ മുതൽ എൻ ജി ഓ കളെ വരെ നിരന്തരമായ നിരീക്ഷണത്തിനും വിചാരണയ്ക്കും വിധേയമാക്കാനുള്ള അവസരം പുതിയ മാധ്യങ്ങളുടെ ഇടപെടലുകൾ നിർമ്മിച്ചിട്ടുണ്ട്.  മുൻപ് മാധ്യമസൃഷ്ടിയെന്നോ പറഞ്ഞത് വളച്ചൊടിച്ചതാണെന്നോ പറഞ്ഞ് രക്ഷപ്പെടാമായിരുന്ന അവസരങ്ങൾ കുറഞ്ഞു. ചരിത്രം ചികഞ്ഞും  വസ്തുതകളുടെ പിൻ ബലത്തോടെ മർമ്മത്ത് കൊള്ളുന്ന ചോദ്യം ചോദിക്കാനും ഇന്റർനെറ്റ് വിവരപ്പുരകൾ - ആർക്കീവ്സ് - സാധാരണ പൗരന്മാരെ വരെ ശാക്തീകരിക്കുന്നു.

ഇന്ന് ലോകമാകമാനം സൈബർ ഇടങ്ങളിൽ സാധാരണക്കാർ എഴുതുന്നതും അവർ ചേർക്കുന്ന ചിത്രങ്ങളും എല്ലാം,  വാർത്ത കണ്ടെത്തലിന്റെ ഭാഗമായി പത്ര-ടെലിവിഷൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. പല മേഖലകളിൽ വിദഗ്ദരായ ആളുകൾ എഴുതുന്നതിൽ നിന്ന് പത്രമാധ്യമങ്ങൾ, അവർക്കാവശ്യമുള്ള വാർത്തയുടെ നാമ്പുകൾ കണ്ടെടുക്കുന്നു. വാർത്തയുടെ നിജസ്ഥിതി ഉറപ്പ് വരുത്താനും എഴുതിയ വാർത്ത കൂടുതൽ മെച്ചമാക്കാനും സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഉണ്ട്.

അറിയുക അറിയിക്കുക എന്നതിലുപരിയായി പലപ്പോഴും നമ്മുടെ സ്‌കൂൾ, കോളേജ് പഠനകാലം വഴിയോ  മറ്റേതെങ്കിലും സംഘടനയോ പ്രസ്ഥാനങ്ങളോ വഴിയോ ഒക്കെ പരിചയപ്പെട്ടവരെ സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുക എന്നതും ഓൺലൈൻ ഇടത്തിന്റെ മേന്മ ആണല്ലോ. സമാന ചിന്താഗതിയുള്ളവർക്ക് രമ്യപ്പെടാനും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള സാഹചര്യവും അവ ഒരുക്കുന്നുണ്ട്. ചങ്ങാതിയുടെ ചങ്ങാതി ആയി ആകാം പരിചയം തുടങ്ങുന്നത്. എന്നാൽ പിന്നീട് ഇത് സുദൃഢമായ വ്യക്തിബന്ധമായോ പൊതുസംഘടനയുടെ പങ്കാളിയായോ സാമൂഹിക പ്രവർത്തനം മുൻ നിർത്തി ഒരുമിക്കാനോ ഒക്കെയുള്ള  സാധ്യത ഏറെയാണ്.ടുണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂവിപ്ലവം, അമേരിക്കയിലെ വാൾസ്ട്രീറ്റ് പ്രക്ഷോഭം, ഡൽഹിയിലെ കൂട്ടായ്‌മകൾ ഒക്കെ സോഷ്യൽ മീഡിയ മുന്നോട്ട് വയ്‌ക്കുന്ന പൊതുസമര സാധ്യതകൾ ആയി. ആളിനെ സംഘടിപ്പിക്കാനും ആശയങ്ങൾ ഊതിക്കാച്ചിയെടുക്കാനും ഒക്കെ അപരിമിതമായ അവസരങ്ങൾ ഇത് ഒരുക്കി തരുന്നുണ്ട്. എന്നെ പോലെ അല്ലെങ്കിൽ എന്റെ ആശയം സമാന തലത്തിൽ പങ്കിടുന്ന ഒട്ടേറെ പേരുണ്ടന്നും, ഒന്നൊരുമിച്ചാൽ മാറ്റം സാധ്യമാകും എന്നുള്ള ബോധ്യം ഇന്ന് ഡിജിറ്റൽ ശൃംഖലകൾ പ്രാവർത്തികമാക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവരുടെ കാര്യങ്ങൾ എഴുതാനും പറയാനും ഉള്ള ഈ സ്ഥലം ഒന്നാം തരം ജനാധിപത്യവേദി കൂടിയാണന്ന് സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ എന്നു ചുരുക്കം.

ഇതര ഭാരതീയ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓൺലൈൻ മലയാളം മെച്ചപ്പെട്ട ‌പ്രകടനമാണ് നടത്തുന്നത്. വിവിധ പോർട്ടലുകൾ അതിൽ തന്നെ സാഹിത്യ സംബന്ധിയായത് മുതൽ മുഴുവൻ സമയ വാർത്താ ഇടങ്ങൾ വരെ. വിജ്ഞാനകോശം മുതൽ ഓൺലൈൻ നിഘണ്ടുക്കൾ വരെ. മലയാളം യൂണികോഡ് ഫോണ്ടുകൾ ഈയടുത്ത കാലത്തായി എണ്ണം കൊണ്ടും വർധന രേഖപ്പെടുത്തി തുടങ്ങിക്കഴിഞ്ഞു. ഇന്റർനെറ്റിൽ മലയാളം സർച്ച് ചെയ്യുന്നവരുടെ എണ്ണവും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ അനായാസമായി മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്ന സാഹചര്യം കൂടി വന്നതോടെ ഉള്ളടക്കത്തിലും മലയാളം ഓൺലൈൻ ഉപയോഗത്തിന്റെ കാര്യത്തിലും മുൻവർഷങ്ങളെക്കാൾ വളർച്ച ഇനി ന്യായമായി പ്രതീക്ഷിക്കാം.

Saturday, January 17, 2015

വാർത്തകൾ 'ശരി'ക്കും വാർത്തകൾ ആകേണ്ടേ

യേശു തന്നിൽ വിശ്വസിച്ച യഹൂദരോട് പറഞ്ഞു: എന്റെ വചനത്തിൽ ഉറച്ച് നിന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ഒരർത്ഥത്തിൽ യേശുവിനോട് വിശ്വാസികൾക്കുള്ള വിശ്വാസം തന്നെയാണ് ജനാധിപത്യ രാജ്യത്തെ ആം ആദ്മികൾ സ്വതന്ത്രരെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് നൽകുന്നതും. സത്യം നമ്മൾ അറിയണം, ആ സത്യം ജനാധിപത്യത്തെ കൂടുതൽ സ്വതന്ത്രരാക്കുകയും ചെയ്യുമെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട തത്വവും.

എന്നാൽ ഏതാനും വർഷങ്ങളായി പലപത്രങ്ങൾ, ചാനലുകൾ മാറ്റി നോക്കിയാൽ പോലും കാണാതാകുന്ന തരത്തിലെ ചില സത്യങ്ങൾ ഇല്ലേ? ഒരു പക്ഷെ ഞാൻ മുന്നെ, ഞാൻ മുന്നെ എന്ന ആവേശത്തിൽ റിപ്പോർട്ട് ചെയ്യേണ്ടത് ഈ 24X7ലോകത്ത് ആവശ്യമാണെന്ന് മാധ്യമങ്ങൾ മറുപടി പറഞ്ഞേക്കാം. ആരുടെ ആവശ്യം എന്ന് മറുചോദ്യം തത്കാലം ഉള്ളിൽ വച്ച് കൊണ്ട് ചോദിക്കട്ടെ. വസ്തുതകളുടെ പിൻബലമില്ലാതെ അപ്പോൾ കാണുന്ന യുക്തിയുടെയും പണ്ടേ ഉള്ളിലുള്ള വിവരത്തിന്റെയും മാത്രം വെളിച്ചത്തിൽ വെളിച്ചപ്പാടിന്റെ വെപ്രാളത്തിൽ വാർത്തയാക്കുമ്പോൾ ഞെരിഞ്ഞമരുന്നത് വ്യക്തികൾ , സ്ഥാപനങ്ങൾ , സംഘടനകൾ അങ്ങനെ പലതും.

ഇത് പറയാൻ വ്യക്തമായ കാരണം ഉണ്ട്. മാധ്യമപ്രവർത്തകർക്ക് തെറ്റുപറ്റാം, തെറ്റ് മനുഷ്യസഹജവുമാണ്. അത് അച്ചടി മാധ്യമങ്ങൾ സ്വയബോധ്യത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കോടതിയെ പേടിച്ചോ തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ തന്നെ വിശദീകരണക്കുറിപ്പായോ മാപ്പായോ പ്രസിദ്ധീകരിക്കുന്നു. എന്നാൽ പത്രങ്ങളെ വിഴുങ്ങുന്ന പോലെ ചാനലുകൾ വന്നപ്പോൾ അവടെ ഇങ്ങനെ ഒരു ഇടം ഉണ്ടോ? തെറ്റുകൾ എത്രയോ തവണപറ്റുന്നു. അത് തെറ്റിപ്പോയെന്ന് പറയാൻ ഏതെങ്കിലും ഒരു വാർത്താചാനലിൽ ഇടം ഉണ്ടോ ? തെറ്റുകൾ പറ്റുന്നുണ്ടന്ന് ആരും സമ്മതിക്കും എന്നാൽ അത് തിരുത്തുന്നുണ്ടോ എന്നതാണ് നേരെയുള്ള ചോദ്യം. നേരോടെ നിർഭയം നിരന്തരം എന്നതുമുതൽ നേരറിയാൻ നേരത്തെ അറിയാൻ എന്നൊക്കെ ആണല്ലോ പരസ്യത്തിലെ ആപ്തവാക്യങ്ങൾ. പരസ്യം പ്രാവർത്തികമാക്കണം എന്നത് വാണിജ്യയുക്തിയിൽ 'ശരിയല്ല' , അത് നമ്മുടെ മാധ്യമങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്നുണ്ടോ എന്ന് സന്ദേഹിച്ചാലും കുറ്റപ്പെടുത്താനാകില്ലല്ലോ

ഇക്കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ എത്രയോ പേർ ചാനലുകളുടെ വാർത്താവെപ്രാളത്തിൽ പെട്ടു, ആ വാർത്തയുടെ ശരിയകലം പിന്നീട് വ്യക്തമായപ്പോഴേക്കും ഇവരുടെ ഭാഗം വാർത്തയിൽ ഇടം പിടിച്ചുമില്ല. ഉദാഹരണം നിരത്തുന്നില്ല. എന്നാൽ മറ്റൊരു സമാന സംഭവം ചൂണ്ടിക്കാട്ടാം. പിഎഫ് വിവാദവുമായി ബന്ധപ്പെട്ട സംഭവത്തിൽ പണാപഹരണത്തിൽ ന്യായമൂർത്തിമാർ പലരും ഉൾപ്പെട്ടു. സ്വാഭാവികമായും വാർത്ത ആകുന്ന സംഭവം റിപ്പോർട്ട് ചെയ്ത് വന്നപ്പോൾ ജസ്റ്റിസ് പി.കെ സാമന്തയെക്കുറിച്ച് പറഞ്ഞിടത്ത് ജസ്റ്റിസ് പി.ബി സാവന്തിന്റെ ചിത്രം കാണിച്ച ചെറിയൊരു കയ്യബദ്ധത്തിന് ടൈംസ് നൗ ചാനൽ കൊടുക്കേണ്ടി വന്ന വില എത്രയായിരുന്നു! അപ്പീൽ മേൽക്കോടതിൽ പരിഗണിക്കണമെങ്കിൽ തന്നെ ഒന്നും രണ്ടും കോടിയല്ല, 20 കോടി ഉറുപ്പിക കാശായും 80 കോടി ബാങ്ക് ഗ്യാരണ്ടിയായും കെട്ടിവച്ച് നൽകണമെന്നാണ് വിധിയുണ്ടായത്. പ്രസ് കൗൺസിൽ അദ്ധ്യക്ഷൻ കൂടിയായിരുന്ന സാവന്ത് ഒരു പക്ഷെ ഇത്തിരി കടന്ന കാര്യം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം നാനാദിക്കിൽ നിന്നുമുണ്ടായിരുന്നു. ഒരു പക്ഷെ ഇത് ഒരു നല്ല താക്കിത് ആകട്ടെ എന്ന് കരുതിയാകും റിട്ട. ജസ്റ്റിസ് സാവന്ത് ഇടപെട്ടത്. കേവലം പത്ത് സെക്കന്റ് ദൈർഘ്യത്തിന് കൊടുക്കേണ്ടി വന്ന വില ആ ചാനലിന്റെ മൊത്തം ആസ്തിയോളം വരുന്ന തുക. ഈ നൂറ് കോടി മാനനഷ്ടം നമ്മൂടെ മലയാളം ചാനലുകളിലൊന്നിൽ ചെന്ന് തറച്ചാൽ എന്താകും അവസ്ഥ? കേവലം പത്തോ പതിനഞ്ചോ സെക്കന്റ് ഒരു പക്ഷെ അറിയാതെ കടന്ന് വന്ന പിഴവിന്റെ വില ! അപ്പോൾ വാർത്തയുടെ അടിസ്ഥാനം എങ്ങാനും തെറ്റിയാലോ എന്താകുമായിരുന്നു അവസ്ഥ.

തിരുത്ത് പറയുന്നത് എവിടെ എന്നതും ചോദ്യമാണ്. 9 മണി രാചർച്ചയിൽ വന്ന തെറ്റഭ്യാസത്തിന് ഒരു പക്ഷെ തിരുത്ത് എയറിലെത്തിക്കുന്നത് രാത്രി 12 മണി ബുള്ളറ്റിനിൽ വന്നാൽ അത് പറ്റില്ലന്ന് ശഠിക്കുന്നവർ ഉണ്ടാകാം പക്ഷെ നമ്മുടെ പതിവ് അതാണല്ലോ, ഒന്നാം പേജിൽ വരുത്തിയ ഭീമാബദ്ധത്തിന്റെ പിഴ നൽകുന്നത് ചരമപ്പേജിന്റെയപ്പൂറത്തെ ഒരു കോളം പത്ത് സെ.മി ഇടത്താണല്ലോ ! ഇതേ മാധ്യമത്തിനെതിരെ സോഷ്യൽ മീഡിയയിൽ എങ്ങാനും തെറ്റ് ഉള്ള പോസ്റ്റിങ്ങ് വന്നാൽ അപ്പോൾ വരും വ്യവസ്ഥാപിതമായ മാധ്യമം വക അപകീർത്തി കേസ്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന് അപകീർത്തികേസ് വിഘാതമാകും എന്നത് ശരിയെന്ന് പറയണമെങ്കിൽ രണ്ട് കാര്യം ഉറപ്പാക്കണം. ഒന്ന് പറയുന്ന കാര്യം വസ്തുതാപരമാണന്ന് ഉറപ്പിക്കാൻ പറ്റുന്ന ഘടന ഉള്ളിൽ ഉണ്ടാകണം. രണ്ടാമതായി ഇതേ മാധ്യമത്തിന്റെ വാർത്തയിലെ പൊരുത്തക്കേട് പൊളിച്ചടുക്കലുകൾ ആയി സോഷ്യൽ മീഡിയയിൽ വരുമ്പോൾ അതിനോടും ഇതേ ഉദാര സമീപനം പുലർത്തണം. സോഷ്യൽ മീഡിയ കാര്യമായി തന്നെ ഈ പൊളിച്ചടുക്കൽ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം വസ്തുതാപരമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പെട്ടെന്നുത്തരം. മാധ്യമങ്ങളെ പോലെ പലതട്ട് എഡിറ്റർമാരും എഴുത്തിന്റെ രചനാവഴിയിലെ വഴക്കം ഒന്നും സിദ്ധിച്ചവരല്ലല്ലോ സാധാരണക്കാർ, അപ്പോൾ തെറ്റും, തെറ്റിദ്ധരിപ്പിക്കലും സ്വാഭാവികം. ഇത് ഒരു ആനുകൂല്യമായി പറഞ്ഞ് സാമൂഹികമാധ്യമത്തെ ന്യായികരിക്കുക അല്ല. വസ്‌തുത അതാണെന്ന് കൂടി സൂചിപ്പിച്ചെന്ന് മാത്രം.

ഒടുവിലാൻ : ഒരു കാലത്ത് വാർത്തയിലിട്ട് അരച്ചെടുത്ത നമ്പി നാരായണൻ മംഗൾയാൻ ചർച്ചാ സമയത്ത് മാധ്യമങ്ങളിൽ വിദഗ്ധ പാനലംഗം ആയി എത്തിയിരുന്നു. ഈ ചർച്ചയിലൊന്നിൽ നമ്പിനാരായണൻ പറഞ്ഞത് "ഇത് വരെ ചോവ്വാ ദോഷമെന്ന് പറഞ്ഞ് ആളുകളെ വട്ടം കറക്കിയിരുന്നുവെങ്കിൽ, ഇപ്പോൾ നമ്മൾ ചൊവ്വയെ വട്ടം കറക്കാൻ തുടങ്ങി". ഇത് മറ്റൊരു തരത്തിലും ശരിയല്ലേ, ഒരു കാലത്ത് മാധ്യമങ്ങൾ സംഘം ചേർന്ന് ഈ പ്രഗത്ഭ ശാസ്ത്രജ്ഞനെ കറക്കിയെറിഞ്ഞത് ഔദ്യോഗിക ജീവിതത്തിന്റെ പുറത്തേക്കായിരുന്നു. ആ മനുഷ്യൻ ഇപ്പോൾ ചാനലുകളിലെ അവതാരകരെ മോശം ചോദ്യത്തോട് ഇടഞ്ഞോ നിരസം പ്രകടിപ്പിച്ചോ കറക്കുന്നതും കണ്ടു. കാവ്യനീതി എന്നല്ലാതെ എന്ത് പറയാൻ.