Friday, December 05, 2014

എടിഎം ഇടപാടിന്റെ എണ്ണം കുറച്ചത് ഇതിന് കൂടിയാണ്

ഒരു ചോദ്യം ചോദിച്ചു കൊണ്ട് തുടങ്ങാം. എന്തുകൊണ്ടാണ് റിസർവ് ബാങ്ക് ഇങ്ങനെ എടിഎം ഉപയോഗം നിയന്ത്രിക്കാൻ ബാങ്കുകളെ അനുവദിച്ചത്?

ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ന് റിസർവ് ബാങ്ക് സർക്കുലറിൽ ഉയരുന്ന എടിഎം പരിപാലന ചിലവിനെ സൂചിപ്പിച്ചിരുന്നു. ഒരു എടിഎം ഇടപാട് നടക്കുമ്പോൾ ഏകദേശം രൂ.20 ബാങ്കിന് ചിലവ് ഉണ്ടാകുന്നു, അതേ സമയം ശാഖയിലെ ഇടപാട് ഒന്നിന് രൂ.40 ന് മേലെ ചിലവും ഉണ്ടാകും. ഇത് ചെറുതായി എങ്കിലും ഒന്ന് പരിമിതപ്പെടുത്തുന്നത് ബാങ്കിന്റെ ധനകാര്യ ആരോഗ്യത്തിന് മാത്രമല്ല ഇടപാടുകാർക്കും മറ്റൊരു തരത്തിൽ നല്ലത് തന്നെ. കാരണം പരിമിതിയില്ലാത്ത എടിഎം ഉപയോഗം ക്യു ന്റെ നീളം കൂട്ടുകയേ ഉള്ളൂ. സേവനം അത് എന്ത് തന്നെയായാലും ഒരു പരിധി എല്ലാ stake holders നും നല്ലതാണ്. ഇങ്ങനെ ഉണ്ടാകുന്ന ചിലവ് ഇടപാടുകാരുമായി പങ്ക് വയ്‌ക്കുന്നതിന്റെ ശരിതെറ്റുകൾ അല്ല ഇവിടെ വിഷയം. അത് എത്ര എണ്ണം വേണം അതിനെത്ര രൂപ ഈടാക്കണം എന്നതൊക്കെ അതാത് ബാങ്കുകളുടെയും നിയന്ത്രണാധികാരികളുടെയും വിഷയം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ അത് നടപ്പാക്കട്ടെ.

എന്നാൽ ഇതല്ല യഥാർത്ഥ കാരണം മറ്റ് ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നിലവിൽ പ്ലാസ്റ്റിക് പണവിനിമയം അതായത് കാർഡ് വഴിയുള്ള ഇടപാട് ഇന്ത്യയിൽ കാര്യമായ തോതിൽ ഉയരുന്നില്ല. കടകളിൽ പോയി സാധനം വാങ്ങാൻ തൊട്ടടുത്ത എടിഎം ൽ നിന്ന് പണം എടുത്ത് കടയിൽ കൊടുക്കുന്ന ഏർപ്പാട് സർവത്ര. എന്നാൽ കടയിലെ കാർഡ് ഉരസൽ (PoS Terminal/Swipe Card Reader) വഴി അനായാസം സാധിക്കാവുന്നതേയുള്ളൂ. ഇത് കാര്യമായി ഉയർത്തേണ്ടത് സർക്കാരിന്റെയും ആർ ബി ഐ യുടേയും ആവശ്യമാണ്.

ഇങ്ങനെ കാർഡ് - കട പണി വിനിമയം വഴി എന്താണ് നേട്ടം?
പണവിനിമയം ഇലക്‌ട്രോണിക് വഴികളിലൂടെ ആയാൽ, കള്ളപ്പണം കാര്യമായ തോതിൽ കുറയ്‌ക്കാനാകും. നികുതിവരവ് വർധിപ്പിക്കാം. ഇപ്പോൾ നാം വാങ്ങുന്ന ഉത്പന്നത്തിന് എല്ലാ തലത്തിലും കൃത്യമായി നികുതി സർക്കാർ ഖജനാവുകളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കൽ കടുകട്ടി ഏർപ്പാട് ആണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പറയുന്നതിന്റെ സാധുത അറിയണമെങ്കിൽ സ്വർണം എടുക്കാൻ പോകുമ്പോൾ നാമെല്ലാം കാർഡ് വഴി മാത്രമേ പണം നൽകൂ എന്ന് ഒന്ന് പറഞ്ഞ് നോക്കൂ അപ്പോൾ അറിയാം കാര്യത്തിന്റെ കിടപ്പ്‌വശം. അധിക ചാർജ് / നികുതി വരും എന്ന് മറുപടി ക്ഷണനേരം കൊണ്ട് എത്തും. അപ്പോൾ പണം കൈകൊണ്ട് രൊക്കം കൊടുത്താലോ?

ശരിയാണ് കാർഡ് വഴി എടുക്കുമ്പോൾ തീരെ നേരിയ വിനിമയനിരക്ക് ഈടാക്കുന്നുണ്ട്, ഇത് മിക്ക അവസരങ്ങളിലും കടയുടമ തന്നെയാണ് വഹിക്കേണ്ടത്. ഇ-കൊമേഴ്സ് പോർട്ടലുകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ മുതൽ നമ്മുടെ നാട്ടിലെ ഇടത്തരം സൂപ്പർമാർക്കറ്റുകളിൽ വരെ ഈ നേരിയ സേവന നിരക്ക് കടയുടമ തന്നെയാണ് വഹിക്കുന്നത്. പരമാവധി ചില്ലറ വില എന്നത് ഇതൊക്കെ ചേർത്തുള്ളതാണ്. ഈ പിഓഎസ് ടെർമിനൽ വഴിയുള്ള വിനിമയത്തിന്റെ നിലവിലുള്ള രീതി Rupay കാർഡ് വ്യാപകമാകുന്നതോടെ നിർണായകമായി മാറും. വിസാ/മാസ്റ്റർകാർഡുകളുടെ ഇന്ത്യൻ മറുപടി ആണല്ലോ റുപ്പെ കാർഡ്.

ഇപ്പോഴുള്ള എടിഎം ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ മുഖ്യകാരണം നിങ്ങളുടെ കാർഡ് ഉപയോഗരീതി അല്ലെങ്കിൽ ശീലം -Behavioural Shift- മാറ്റിയെടുക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കടകളിൽ ചെല്ലുമ്പോൾ കാർഡ് നൽകുക. അത് വഴി മറ്റൊരു നേട്ടവും ഉണ്ട്, ഉപയോക്താവ് ഒരു പക്ഷെ കടയിലെ ബിൽ തുക/തീയതി എന്നിവ മറന്ന് പോയാൽ പോലും വിശദ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വഴി അറിയാവുന്നതേയുള്ളൂ.

ലഭ്യമായ പുതിയ കണക്ക് അനുസരിച്ച് ഇന്ന് ഇന്ത്യയിൽ എടിഎം ന്റെ ആറര ഇരട്ടി PoS Terminal (കടകളിലെ കാർഡ് ഉരസൽ ഉപകരണം) ഉണ്ട്. എന്നാൽ എടിഎം ഇടപാടുകളുടെ അഞ്ചിലൊന്ന് പോലും കടകളിലെ കാർഡ് ഇടപാട് വഴി നടക്കുന്നില്ല. ഈ സ്ഥിതി പതിയെ മാറ്റിക്കൊണ്ട് വരുന്നതാണ് ലക്ഷ്യം. എടിഎം ഇടപാടിന്റെ എണ്ണത്തിനാണ് നിയന്ത്രണം എന്നാൽ കടകളിലെ ഉപകരണത്തിൽ കാർഡ് ഉപയോഗിച്ച് പണം നൽകുന്നതിൽ ഒരു നിയന്ത്രണവുമില്ല, യഥേഷ്ടം ഇടപാട് നടത്താവുന്നതാണ്.

മറ്റൊരു നേട്ടം പൗരന്മാരുടെ പക്കൽ കറൻസി നോട്ട് വയ്‌ക്കുന്നതിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് നേട്ടം അത് ബാങ്ക്-ടു-ബാങ്ക് ഇടപാട് ആക്കുന്നതാണ്. കടകളിൽ കാർഡ് നൽകുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ഇലക്‌ട്രോണിക് ആക്കി മാറ്റുക മാത്രമാണ്. അതായത് പണം എപ്പോഴും ഏതെങ്കിലും ഒരു ഔദ്യോഗിക ശൃംഖലയിൽ ആയിരിക്കും. ഉപയോക്താവും കടക്കാരനും അത് സ്വന്തം പക്കൽ വയ്‌ക്കുന്നില്ല എന്ന് ചുരുക്കി പറയാം. അതിൽ സുരക്ഷയും ഉണ്ട്.

ഇങ്ങനെ ചെയ്യുക വഴി സമ്പദ് വ്യവസ്ഥയുടെ കൃത്യമായ ചിത്രം, മെച്ചപ്പെട്ട നികുതിവരവ് ഒക്കെ ലഭിക്കും. സ്വന്തം കീശയിൽ അല്ലെങ്കിൽ വീട്ടിൽ കറൻസി ഇരുന്നാൽ അത് പണവ്യവസ്ഥയിൽ ചലിക്കുന്നില്ല. പണം ഔദ്യോഗിക ശ്രംഖലയിലൂടെ ഇലക്ട്രോണിക് ആയി വിനിമയം ചെയ്യാൻ ഉപാധികൾ ഇന്ന് ഇന്റർനെറ്റ് കാലത്ത് ഉണ്ട്. അത് ഇ-ബാങ്കിംഗ് ആയാലും കടകളിൽ കാർഡ് വഴി പണം നൽകുന്ന ഏർപ്പാട് ആയാലും മെച്ചപ്പെട്ട തരത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്ന് ഉപയോഗിച്ച് തുടങ്ങിയാൽ എ‌ടിഎം സാർവത്രികമായത് പോലെ കാർഡ് ഇടപാടും സജീവമാകും.

ഒരു പക്ഷെ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്ന കുറച്ചധികം വായനക്കാർ എങ്കിലും ഉണ്ടാകും. എന്നാൽ ഒന്നറിയുക ഇന്ത്യയിൽ എടിഎം വന്നപ്പോൾ, ഇ-കൊമേഴ്സ് വന്നപ്പോൾ ഒക്കെ ഇതെവിടെ വരെ പോകാൻ എന്ന് ശങ്കിച്ചവർ പുരികം വളച്ചവർ ഒക്കെ ഉണ്ടായിരുന്നു. പിന്നീട് എന്തായി എന്നത് ചരിത്രം.

സമീപ ഭാവികാലത്ത് തന്നെ കടകളിലെ ഇലക്‌ട്രോണിക് പണം പതിയെ കാർഡ് ഉപയോഗം വഴി വ്യാപകമാകും. മാസ എടിഎം ഉപയോഗം എണ്ണം 5‌+3 ആക്കി നിർത്താൻ എങ്കിലും കാർഡ് കടകളിൽ കൊടുത്ത് തുടങ്ങും, അത് അനായാസ പരിപാടി ആണെന്ന് ബോധ്യമാകുന്നതോടെ ഇപ്പോഴുള്ള പത്ത് ലക്ഷത്തോളം under utilised PoS Terminal ഉഷാറാകുമെന്ന് കണക്കാക്കുന്നു. ഇക്കഴിഞ്ഞ ജൂൺ അവസാനത്തെ കണക്ക് പ്രകാരം രാജ്യത്ത് 1.66 ലക്ഷം എടിഎം ഉള്ളപ്പോൾ കടകളിൽ 10.81 ലക്ഷം മെഷീനുകൾ ഉണ്ട്, ATM ൽ നടക്കുന്ന തോതിൽ തന്നെ വിനിമയം കടകളിലെ മെഷീനിൽ നടന്നാൽ തന്നെ കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മാറും.

കാർഡ് വഴി പണമിടപാട് നടത്തുന്നത് ശരിയായ തരത്തിൽ നിങ്ങൾ നികുതി കൊടുക്കുന്ന നികുതി സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കൽ കൂടിയാണന്ന് പറയേണ്ടതില്ലല്ലോ. ഒരു പക്ഷെ ഏതാനും വർഷം കഴിഞ്ഞ് ഇക്കാര്യം ഓർക്കുമ്പോൾ നിങ്ങൾക്ക് തന്നെ ചിരി വന്നേക്കാം, കാരണം ഇപ്പോൾ ആരും ബാങ്ക് ശാഖയിലേക്ക് പോയി ക്യൂ നിൽക്കാറില്ലല്ലോ. നമുക്ക് എടിഎം ഉണ്ട്. ഈ ശൈലീമാറ്റം -Behavioural Shift- സംഭവിച്ചത് പോലെ, എടിഎം ൽ നിന്ന് കാർഡ് പേയ്മെന്റ് എന്ന നിലയിലേക്ക് മാറിക്കോളും, അതിനുള്ള നിലമൊരുക്കൽ ആണ് ഈ കാർഡ് ഉപയോഗ നിയന്ത്രണം. ലളിതമായി പറഞ്ഞാൽ ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞ് വണക്കം എന്നത് എല്ലാ ഇത്തരം കാര്യങ്ങളിലും നമുക്ക് പതിവുള്ളതാണല്ലോ.

നിലവിലുള്ള 5:3 എന്ന എടിഎം നിയന്ത്രണം, 5(നേരത്തെ unlimited)+3(നേരത്തെ അഞ്ച്) എന്നത് 10:3 എന്നതിലേക്ക് മാറ്റാവുന്നതാണ്. അതായത് സ്വന്തം ബാങ്ക് എടിഎം 10 തവണ അന്യബാങ്ക് എടിഎം 3 തവണ എന്ന രീതി വന്നാൽ തത്കാലം പരാതിക്ക് ഇട കൊടുക്കാതെ മുന്നോട്ട് പോകാം. ഈ എണ്ണം ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ചില ബാങ്കുകൾ എടിഎം നിയന്ത്രണം വേണ്ട എന്ന് തന്നെ തീരുമാനിക്കുന്നത് അതാത് സ്ഥാപനത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യം. എന്തു തന്നെയായാലും കടകളിലെ കാർഡ് ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ എല്ലാ വ്യാപാരികളുടെ പക്കലും ഒന്നിൽ കൂടുതൽ കാർഡ് ഉപകരണം എത്തിക്കണം. ഗ്രാമങ്ങളിലേക്ക് വരെ ഈ കാർഡ് ഉപയോഗം വ്യാപകമാട്ടെ.

ഒരു കാര്യം കൂടി സൂചിപ്പിച്ച് കൊണ്ട് അവസാനിപ്പിക്കാം പരമാവധി പണകൈകാര്യം കാർഡ്/മൊബൈൽ ബാങ്കിംഗ്/നെറ്റ് വഴി ആയാൽ പിന്നെ അത്ര കുറച്ച് കറൻസി നോട്ടും അച്ചടിച്ചാൽ മതിയല്ലോ. പലവിദേശ രാജ്യങ്ങളിലും കാര്യമായ തോതിൽ തന്നെ പണം ഓൺലൈനിൽ ആയിക്കഴിഞ്ഞു. നമ്മളും ആ വഴിക്ക് തന്നെ, അത് ഒന്ന് ത്വരിതപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ള നിയന്ത്രണം ആയി കൂടി കാണാം ഇപ്പോഴുള്ള എ‌ടിഎം ഇടപാട് പരിമിതപ്പെടുത്തൽ.

വിരാമതിലകം: ആദ്യം നെല്ലിയ്‌ക്ക കയ്‌ക്കും, പിന്നെ മധുരിക്കും

വിവരത്തിന് കടപ്പാട് : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ലോകബാങ്ക്, ദി മിന്റ് ദിനപത്രം

(ഈ ലേഖനത്തിന്റെ കരട് രൂപം ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടിരുന്നതാണ്, ഒന്ന് എന്ന് എഡിറ്റ് ചെയ്‌ത് ഈ ബ്ലോഗ് പോസ്റ്റിന്റെ രീതിയിൽ ആക്കിയത് ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി ആയിരുന്നു)