Wednesday, August 20, 2014

തിരഞ്ഞെടുപ്പിനെ സോഷ്യൽ മീഡിയ ലൈക്കിയാൽ !

ഫേസ്ബുക്ക്, ട്വിറ്റർ പോലെയുള്ള നവമാധ്യമങ്ങൾ കാര്യമായി പ്രചരണോപാധിയായി ഉപയോഗിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണ് കടന്ന് വരുന്നത്. മാസങ്ങൾക്ക് മുന്നെ തന്നെ പുറത്ത് വന്ന ഒരു പഠനം അനുസരിച്ച് ഇന്ത്യയിൽ 160 ലോക്‌സഭാ മണ്ഡലങ്ങളിൽ നിർണായകമായ ഒരു റോൾ വഹിക്കാൻ സോഷ്യൽ മീഡിയ‌ക്ക് ആകും എന്ന് സൂചന നൽകിയിരുന്നു. ഫേസ്ബുക്ക് പോലെയുള്ള വെബ് ഇടങ്ങൾ വഴി അങ്ങ് പ്രചരണം നടത്തി കാര്യം തീർക്കാം എന്നല്ല ഇതിനർത്ഥം. പോസ്റ്റർ, ചുവരെഴുത്ത്, വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചരണം, കവല യോഗങ്ങൾ എന്നിവയ്‌ക്ക് ഉള്ളത് പോലെ തന്നെ കാര്യമായ പ്രാധാന്യം ഓൺലൈൻ പ്രചരണത്തിനും കൈവന്നിരിക്കുന്നു എന്നാണ് ഇതിൽ നിന്നും വായിച്ചെടുക്കാവുന്നത്. നെറ്റിനെ കാര്യമായി ഉപയോഗിക്കുന്ന സ്ഥാനാർത്ഥിയും, ഓ അത് വലിയ സംഭവമൊന്നുമല്ല എന്ന് വിചാരിക്കുന്ന എതിർ സ്ഥാനാർത്ഥിയും തമ്മിൽ ചെറിയതെങ്കിലും ഒരു അകലം അന്തിമ ഫലപ്രഖ്യാപനത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഇന്റർനെറ്റിലെ പ്രചരണം യൂ ട്യൂബ്, വാട്ട്സ് ആപ്പ് എന്നിവ അടക്കമുള്ള സർവസന്നാഹങ്ങളും ഉപയോഗിച്ചാകും എന്നതിൽ തർക്കമില്ല. അതാണ് കണ്ട് തുടങ്ങിക്കഴിഞ്ഞിട്ടുള്ളതും. മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഡിജിറ്റൽ മീഡിയ റൂം തന്നെ സജ്ജീകരിച്ചിരിക്കുന്നത് കോടിക്കണക്കിന് രൂപ ചിലവിട്ടാണ്. സാധാരണ പ്രവർത്തകരെ ഭവനസന്ദർശനത്തിനും മറ്റ് പ്രചരണോപാധികൾക്കും നിയോഗിക്കുന്നത് പോലെ തന്നെ സൈബർ ചുവരെഴുത്തും സമാന വിനിമയോപാധികളും ഫലപ്രദമായി ഉപയോഗിക്കാൻ കാര്യമായ തോതിൽ തന്നെ ഓൺലൈൻ പ്രചാരകരെയും കണ്ടെത്തിക്കഴിയുക മാത്രമല്ല അവർക്ക് തികച്ചും പ്രൊഫഷണലായ പരിശീലനവും കൊടുത്തു കഴിഞ്ഞു. ഇത് സൂചിപ്പിക്കുന്നത് രാഷ്ട്രീയപാർട്ടികൾ സോഷ്യൽ മീഡിയ വഴിയുള്ള കാമ്പെയിൻ നല്ല രീതിയിൽ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു എന്നതാണ്.

കേവലം കാര്യങ്ങൾ പ്രചരിപ്പിക്കൽ മാത്രമല്ലല്ലോ ഇത് വഴി നടക്കുക, പരസ്പര സംവേദനം ലളിതമായി നടക്കുമെന്നതിനാൽ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നു അവരോട് എങ്ങനെ ഇടപെട്ട് മറുപടി പറഞ്ഞും വിശദീകരിച്ചും ഒക്കെ വോട്ട് സ്വന്തം പെട്ടിയിലാക്കാം എന്നിടത്താണ് ഓൺലൈൻ പ്രചാരവേലയുടെ ഊന്നൽ. സ്വഭാവികമായും പ്രവാസികളായ വലിയൊരു പങ്ക് ജനങ്ങൾ ഉള്ള സംസ്ഥാനത്ത് ഇങ്ങനെയുള്ള പ്രചരണ ഉപാധികൾ വളരെ നിർണായകമാണ്. അന്യനാട്ടിൽ ഇരുന്നും വോട്ടർമാർക്ക് നാട്ടിലെ രാഷ്ട്രീയ ചർച്ചയുടെ സ്‌പന്ദനം മനസിലാകും എന്നത് മാത്രമല്ല, അവർക്ക് തിരിച്ചും ചോദിക്കാനും അറിയാനും ഒക്കെ ഈ നവമാധ്യമം അവസരമൊരുക്കുന്നു. അത് കൊണ്ട് തന്നെ അത്രയെളുപ്പമാകില്ല ഇ-വോട്ട് പിടുത്തം. ഇല്ലാ വാർത്തകളെയും ഊഹങ്ങളെയും തൽക്ഷണം തന്നെ വെട്ടിയൊതുക്കാൻ സാധിക്കുമെങ്കിലും അപകീർത്തകരവും ആക്ഷേപവും ഒക്കെയായി വരും നാളുകളിൽ നമ്മുടെ ടൈം‌ലൈൻ നിറയും എന്നത് പ്രായോഗികവശം. ഇതിലൊക്കെ എവിടെ വരെ തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ മറ്റ് ഏജൻസികൾക്കോ നിയന്ത്രണം സാധ്യമാകും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

വോട്ടർമാരെ പരമാവധി കണ്ട് വോട്ട് ചോദിക്കണം എന്നാണല്ലോ എല്ലാ സ്ഥാനാർത്ഥികളുടെയും അതാത് രാഷ്ട്രീയ പാർട്ടികളുടെയും ആഗ്രഹം. അത് മുൻപെങ്ങത്തെക്കാളും കൂടുതൽ സാധ്യമാകുന്നത് ഡിജിറ്റൽ മാധ്യമത്തിന്റെ സാന്നിദ്ധ്യം പ്രകടമാകുന്ന ഈ തവണ മുതൽ ആകും. സ്ഥാനാർത്ഥി ഒരു ഫേസ്ബുക്ക്/ടിറ്റർ വിളിപ്പുറത്ത് ! ഓൺലൈനിൽ നല്ല തഴക്കവും പഴക്കവും ഉള്ള ശശി തരൂരിനും എം‌ബി രാജേഷിനുമൊക്കെ ഇത് താരതമ്യേന എളുപ്പമെങ്കിൽ നെറ്റ് പരിചയം അത്ര സിദ്ധിക്കാത്തവർക്ക് സ്വന്തം ഡിജിറ്റൽ മീഡിയ സഹായികൾ വഴി ഇടപെടേണ്ടത് അനിവാര്യമാകുന്നു.

മറ്റൊരു വശത്ത് രാഷ്ട്രീയ എതിരാളികളെ ശരിപ്പെടുത്താനും സ്വന്തം സൈബർ ജന സമ്മിതി വർധിപ്പിക്കുവാനുമായി പതിനെട്ട് ഡിജിറ്റൽ അടവും പുറത്തെടുക്കുന്നവർക്കും കുറവുണ്ടാകില്ല. ഫേക്ക് ഐഡി മുതൽ നിർമ്മിത ലൈക്ക് വരെ ഇതിന് ഉപയോഗിക്കും. വളരെ സർഗാത്മകമായി വീഡിയോ പങ്കിടൽ സൈറ്റുകൾ ഉപയോഗിച്ചാൽ സ്ഥാനാർത്ഥികളുടെയോ അല്ലെങ്കിൽ മുഖ്യ പ്രാസംഗികരുടെയോ ഒക്കെ വളരെ പ്രസക്തമയ / സരസമായ / കാമ്പുള്ള പ്രചരണ പ്രസംഗത്തിന്റെ വീഡിയോ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിക്കാം. ഒരു പക്ഷെ നഗര ചത്വരത്തിലെ പ്രസംഗം കേൾക്കാൻ നേരിട്ട് വരാൻ സാധിക്കാതെ പോയ വോട്ടർമാർക്കും തങ്ങളുടെ പ്രീയ നേതാക്കൾ എന്തുപറഞ്ഞു എന്നറിയാൻ താത്പര്യമുണ്ടാകുമല്ലോ, അവരൊക്കെ യൂ ട്യൂബ് വീഡിയോ കാണാൻ വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും. അതായത് പ്രസംഗം കേൾക്കാൻ മുന്നിൽ കൂടിയ ജനാവലി വച്ച് അളക്കാനാകില്ല യഥാർത്ഥ അന്തിമ കേൾവിക്കാരെ. വളരെ പ്രസക്തമായ സംസാരമാണെങ്കിൽ ആ വീഡിയോ ഒക്കെ പങ്കിട്ട്/കൈമാറി വൈറൽ ആയി വോട്ടർമാരിലേക്ക് പരമാവധി എത്തും. പോയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇങ്ങനെ ചില നേതാക്കളുടെ പ്രസംഗം നല്ല തോതിൽ പ്രചരിച്ചിരുന്നു എന്നത് ഓർക്കാം.

താരതമ്യേന ചിലവ് കുറഞ്ഞ പ്രചരണോപാധി എന്നതിനെക്കാളും വളരെ കൃത്യമായി അളന്നിടാവുന്ന (ടാർജറ്റ്) ആശയപ്രചരണമായി ഓൺലൈൻ കാമ്പെയിനിങ്ങ് മാറിക്കൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം. അങ്ങോട്ടുമിങ്ങോട്ടുമുള്ള സംവേദനം സാധ്യമാകുന്നതിനാൽ, പൗരസമൂഹത്തിന്റെ ആവശ്യമെന്ത്? എന്തൊക്കെയാണ് ചെയ്യേണ്ടത്? എന്ന് രാഷ്ട്രീയപാർട്ടികൾക്ക് വായിച്ചറിഞ്ഞ് ആസൂത്രണം ചെയ്യാനും സോഷ്യൽ മീഡിയ വഴിയൊരുക്കും. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പെട്ടെന്ന് സംഘടിപ്പിച്ച് താഴെ തട്ടിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഫേസ്ബുക്ക്,ട്വിറ്റർ,ഗൂഗിൾ പ്ലസ്,വാട്ട്സ് ആപ്, പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കും എന്നതിൽ തർക്കമില്ല. ചുരുക്കത്തിൽ സോഷ്യൽ മീഡിയ രണ്ട് തരത്തിൽ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പിനാണ് നാം സാക്ഷിയാകുന്നത്. ഒന്നാമതായി വോട്ടർമാരിലേക്കുള്ള നേരിട്ടുള്ള പ്രചരണ സംവിധാനമായി, രണ്ടാമത്തേത് പ്രചരണപ്രവർത്തനങ്ങളുടെ വിവിധ തലങ്ങളിലെ ഏകോപനവും ആസൂത്രണവുമായി ബന്ധപ്പെട്ടും.

ബരാക്ക് ഒബാമയൂടെ ഡിജിറ്റൽ പ്രചരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച Chris Hughes, സൂചിപ്പിച്ചത് ഇങ്ങനെയായിരുന്നു what made the site unique was not the “technology itself, but the people who used the online tools to coordinate offline action.”

(2014 പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് വെബ്‌പോർട്ടലിൽ എഴുതിയത്)

സിബിലിനെ അറിയാം, വായ്‌പ എളുപ്പത്തിലാക്കാം


സാധാരണയായി ഒരു വായ്‌പ തരപ്പെടുത്തുന്നതിനായി ബാങ്കിനെയോ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തേയോ സമീപിക്കുമ്പോഴാണ് 'സിബിൽ' എ‌ന്ന ഒരു സംവിധാനത്തെ പറ്റി മിക്കവരും അറിയുന്നത് തന്നെ. സിബിൽ സ്‌കോറിനെ ആശ്രയിച്ചാണ് വായ്‌പ കിട്ടുമോ ഇല്ലയോ എന്ന കാര്യം പോലും തീരുമാനിക്കപ്പെടുക. എന്താണ് സിബിൽ ? എന്താണ് അത് കൊണ്ടുള്ള പ്രയോജനം?. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (CIC) കളാണ് വായ്‌പ നേടാൻ ഉരകല്ലാകുന്ന ഈ സ്‌കോർ ഷീറ്റ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ മുഖ്യ CIC ആണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ അഥവാ സിബിൽ.


സിബിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടേയും വായ്‌പാവിവരങ്ങൾ കൃത്യമായ മാസ ഇടവേളകളിൽ ശേഖരിച്ച് സൂക്ഷിക്കുകയും ഇതുപയോഗിച്ച് ഒരോരുത്തർക്കും സിബിൽ സ്‌കോറും ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും ഉണ്ടാക്കും. പുതുതായി വായ്പ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എടുക്കുന്ന വേളയിൽ എല്ലാ സ്ഥാപനങ്ങളും ഈ സിബിൽ രേഖ വിശകലനം ചെയ്‌തിട്ടാണ് വായ്‌പ അനുവദിക്കാമോ അഥവാ നൽകിയാൽ തന്നെ എത്ര തുക വരെയാകാം എന്നൊക്കെ തീരുമാനിക്കുന്നത്. എല്ലാ അംഗ ധനകാര്യ സ്ഥാപനങ്ങളുടെ അവരുടെ പക്കൽ നിന്ന് എടുത്ത വായ്പകളുടെ വിവരം കമ്പ്യൂട്ടർ ഡാറ്റയായി ക്രഡിറ്റ് ഇൻഫർമേഷൻ കമ്പനിക്ക് നൽകും, ഇങ്ങനെ ലഭിക്കുന്ന വിവരപ്പുര അല്ലെങ്കിൽ ഡാറ്റാബേസിൽ നിന്നാണ് റിപ്പോർട്ട് ഉണ്ടാക്കുക.
പുതുതായി വായ്പ/ക്രെഡിറ്റ് കാർഡ് അപേക്ഷിക്കുന്ന സമയത്ത് അതാത് ബാങ്ക് അപേക്ഷകന്റെ പക്കൽ നിന്ന് വ്യക്തിഗത വിവരങ്ങൾ വാങ്ങും. പേര്, വിലാസം, പാൻ കാർഡ്, പാസ്‌പോർട്ട് നമ്പർ തുടങ്ങിയവ കെവൈസി ഡോക്കുമെന്റിന്റെ നല്ലൊരു ഭാഗം എന്ന് ബാങ്ക് ഭാഷയിൽ പറയാം. ഈ വിവരങ്ങൾ അംഗബാങ്കുകൾ https://cibil.com ലേ‌ക്ക് നൽകും, ഉടനെ തന്നെ സിബിൽ റിപ്പോർട്ട് വായ്‌പ വിശകലനം ചെയ്യാൻ നിയോഗിക്കപ്പെട്ട ആളുടെ കമ്പ്യൂട്ടറിൽ ലഭ്യമാകും. പ്രധാനമായും രണ്ട് ഭാഗമാണ് എല്ലാ സിബിൽ റിപ്പോർട്ടിനും ഉള്ളത്. മൂന്നക്ക സിബിൽ ട്രാൻസ്‌യൂണിയൻ സ്‌കോർ ആണ് ആദ്യത്തേത്, തുടർന്ന് വിശദമായ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും.


എന്താണ് ക്രെഡിറ്റ് സ്‌കോർ എന്ന് ആദ്യം നോക്കാം 
സാധാരണയായി 300 നും 900 മധ്യേയുള്ള ഒരു സംഖ്യയാണ് ഒരോ വ്യക്തിയുടേയും വായ്പാ ആരോഗ്യ നമ്പർ എന്ന് പറയാം. 900 നോടടുത്ത സ്‌കോർ ഉള്ള വ്യക്തിക്ക് അനായാസമായി വായ്‌പ ലഭിക്കും എന്നാൽ 300 നോടടുത്ത സ്‌കോർ ഉള്ളയാൾക്ക് പണം നൽകുന്നത് ബാങ്കിനെ സംബന്ധിച്ചിടത്തോളം റിസ്‌ക്ക് ഉള്ള ഇടപാടാണ് എന്ന് പറയാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരേ സ്ഥാപനത്തിൽ ഒരേ തസ്‌തികയിൽ ജോലി ചെയ്‌ത് ഒരേ ശമ്പളം പറ്റുന്ന രണ്ടാളുകൾ ഒരു ബാങ്കിന്റെ ശാഖയെ തന്നെ അവരവരുടെ വായ്‌പ/ക്രെഡിറ്റ് കാർഡ് ആവശ്യത്തിനായി ഒരു ദിവസം തന്നെ സമീപിച്ചു എന്നിരിക്കട്ടെ. ഒന്നാമന്റെ സിബിൽ സ്‌കോർ 340 എന്നാൽ രണ്ടാമന്റേത് 820. രണ്ടാമത്തെയാൾക്ക് പെട്ടെന്ന് തന്നെ വായ്‌പയുടെ അനന്തര നടപടികളിലേക്ക് കടക്കാനാകും, കാരണം മെച്ചപ്പെട്ട സ്‌കോർ ഉള്ളത് തന്നെ. എന്നാൽ ഒന്നാമത്തെയാൾക്ക് ഒരു പക്ഷെ വായ്‌പ തന്നെ നിഷേധിച്ചെന്ന് വരാം അല്ലെങ്കിൽ കൂടുതൽ വിവരശേഖരണം നടത്തിയ ശേഷം താരതമ്യേന കുറഞ്ഞ ഒരു തുക ആകും വായ്‌പ ആയി ലഭിക്കുന്നുണ്ടാവുക. ചുരുക്കത്തിൽ പറഞ്ഞാൽ സിബിൽ സ്‌കോർ മൂല്യം ഉയർന്നതായിരിക്കാൻ ശ്രദ്ധിക്കുക. പൊതുവായി 750 മുതലുള്ള സ്‌കോർ മികച്ചതായാണ് കണക്കാക്കുന്നത്. എന്നാൽ ചില അവസരങ്ങളിൽ N.A or N.H എന്നാകും സ്‌കോർ കാണിക്കുക. മൂന്ന് കാരണങ്ങളായി ഇങ്ങനെയുള്ള ശൂന്യസ്‌കോർ വരാം. 1) നിങ്ങൾ ഇത് വരെ വായ്‌പ യോ ക്രെഡിറ്റ് കാർഡോ എടുത്തിട്ടില്ല. 2) വായ്‌പ എടുത്തിട്ടുണ്ട് എന്നാൽ ഇക്കഴിഞ്ഞ രണ്ട് വർഷമായി വായ്‌പാ വിനിമയം ഒന്നും നടത്തേണ്ടതില്ലായിരുന്നു . 3) നിങ്ങൾക്ക് നേരിട്ട് പണമടവ് ബാധ്യത ഇല്ലാത്ത ആഡ് ഓൺ ക്രെഡിറ്റ് കാർഡ് മാത്രമാകും വായ്‌പാ വിവരത്തിൽ ഉണ്ടാവുക. ഇത് കൂടാതെ ഒരു പക്ഷെ ശരിയായ വിവരങ്ങളുടെ അഭാവത്തിൽ നിലവിലുള്ള വായ്‌പ വിവരങ്ങൾ തന്നെ സിബിൽ ഡാറ്റാബേസിൽ ശരിയായി സമന്വയിക്കപ്പെടാതെ വരുന്ന അപൂർവം കേസുകളും വരാം.
രണ്ടാമത്തെ ഭാഗമായ വായ്‌പാ വിവര രേഖ / ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അതാത് വ്യക്തികൾ എടുത്ത വായ്‌പകളുടെ ലഘുചരിത്രമാണ്. ഏത് തരം വായ്‌പ, എത്രയായിരുന്നു ആദ്യം അനുവദിച്ച തുക, ഇപ്പ്പോഴത്തെ നീക്കിയിരുപ്പ് ബാധ്യത എത്ര രൂപയാണ്, ഇത് വരെ അടച്ചതിൽ കാലതാമസ പിഴവ് വന്നിട്ടുണ്ടോ, വായ്പ എഴുതി തള്ളിയിട്ടുണ്ടോ, തീർപ്പാക്കലിലൂടെ (സെറ്റിൽഡ്) അട‌ച്ച വായ്പകൾ അങ്ങനെ നാളിതുവരെ എടുത്ത വായ്‌പകളുടെ കൃത്യമായ വിവരങ്ങൾ. ഇതിൽ നിങ്ങളുടെ സേവിങ്ങ്സ് ബാങ്ക് വിവരങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഉണ്ടാകില്ല. അത് വ്യക്തിപരമായ സ്വകാര്യതയായി തുടരും.
എന്തൊക്കെ വിവരങ്ങൾ
1.വ്യക്തിപരമായ കാര്യങ്ങൾ : വ്യക്തിയുടെ പേര്, ജനന തീയതി, വിലാസം, പാൻ / പാസ്‌പോർട്ട് / വോട്ടേഴ്‌സ് ഐഡി കാർഡ് നമ്പരുകൾ, പിൻ കോഡ്, ടെലഫോൺ, മൊബൈൽ ഫോൺ തുടങ്ങിയവ. പലയിടങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഈ ഒരൊറ്റ റിപ്പോർട്ടിലൂടെ ലഭിക്കുന്നത്. വിലാസത്തിൽ നേരത്തെ ജോലി ചെയ്‌ത / താമസിച്ച വിലാസം എല്ലാം വന്നേക്കാം.

2. വായ്‌പാ അക്കൗണ്ട് വിശദാംശങ്ങൾ : ഏതൊക്കെ തരം വായ്‌പകൾ ലഭിച്ചിട്ടുണ്ട്. തുക എത്ര, ഇ‌പ്പോൾ എ‌ത്ര തുക അടയ്‌ക്കാൻ ഉണ്ട്. തവണ വീഴ്‌ച ഉണ്ടോ ? അങ്ങനെ ഇതിനോടകം കിട്ടിയ വായ്‌പയുടെ സമ്പൂർണ വിവരം
3. എ‌ത്ര തവണ വായ്‌പ അന്വേഷിച്ചു: നിങ്ങൾ ഒരോ തവണ വായ്‌പക്ക് അപേക്ഷിക്കുമ്പോഴോ അല്ലെങ്കിൽ വായ്‌പ ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴും അവർ സിബിൽ റിപ്പോർട്ട് എടുത്ത് നോക്കും. ഇങ്ങനെ എത്ര പ്രാവശ്യം നിങ്ങളുടെ സിബിൽ രേഖ എടുത്തു എന്നത് വായ്‌പാതീരുമാനം എടുക്കുമ്പോൾ നിർണായകമായേക്കാം. കുറെ അന്വേഷിക്കൽ പലയിടത്തായി നടത്തി എങ്കിൽ ഒരു പക്ഷെ വായ്‌പാ ആർത്തി (credit hungry) ഉ‌ള്ള ആളെന്ന് വിലയിരുത്തപ്പെടുന്ന അവസരങ്ങൾ ഉണ്ട്. കൃത്യമായ അന്വേഷണങ്ങൾ കഴിഞ്ഞ ശേഷം മാത്രം ബാങ്കിനെ സമീപിക്കുന്നത് വഴി ഈ എണ്ണപ്പെരുക്കം കുറയ്‌ക്കാം. സമീപ കാലത്ത് കുറെ അന്വേഷണം നടന്നു എന്നത് അത്രയധികം ബാങ്കുകൾ വായ്‌പ നിഷേധിച്ചു അല്ലെങ്കിൽ സൗകര്യപൂർവം ഒഴിവാക്കി എന്ന് വേണമെങ്കിലും വരികൾക്കിടയിൽ വായിക്കാമല്ലോ, അ‌പ്പോൾ പുതിയ വായ്‌പ വിശകലനം ചെയ്യുന്ന വേളയിൽ മാനേജർ കൂടുതൽ ആഴത്തിലും പരപ്പിലും അന്വേഷണം നടത്താൻ സ്വതവേ നിർബന്ധിക്കപ്പെടും
സിബിൽ റിപ്പോർട്ട് എടുത്ത ശേഷം ബാങ്ക് എന്തൊക്കെ നോക്കും?
1. വായ്‌പാ-ബാധ്യത അനുപാതം (debt-burdon ratio) : എത്രമാത്രം തുക വായ്‌പയായി ഒരു വ്യക്തിയുടെ പേരിൽ നൽകാം എന്ന് തീരുമാനിക്കുന്നതിൽ ഈ അനുപാതത്തിന് നിർണായക സ്ഥാനം ഉണ്ട്. ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. നിങ്ങളുടെ മാസവരുമാനം 50,000 രൂപ എന്ന് കരുതി തുടങ്ങാം, ഒ‌പ്പം തന്നെ സിബിൽ റിപ്പോർട്ട് എടുത്തപ്പോഴും അതിനു മുന്നെ മാനേജരോട് സംസാരിച്ചപ്പോൾ സൂചിപ്പിച്ചതുമായ നിലവിലെ കാർ വായ്‌പക്ക് മാസ അടവ് 5,000 രൂപയും നിലവിൽ ഉണ്ട്. നിങ്ങൾ സമീപിച്ച ബാങ്ക് അപേക്ഷകരുടെ മാസവരുമാനത്തിന്റെ 40% വീട്ട് ചിലവിന് ആ വ്യക്തിമാറ്റി വയ്‌ക്കണമെന്ന് നിഷ്‌കർഷിക്കാറുള്ള പതിവും ഉണ്ട്. അതായത് മാസം 25,000 രൂപ (കാർ തവണതുക 5,000+ജീവിതചിലവ് 20,000) മാറ്റി വയ്‌ക്കണം. മാസ വരുമാനത്തിൽ നിന്ന് ഈ 25,000 കുറച്ചുള്ള തുകയുടെ ഇഎംഐ നിങ്ങൾക്ക് താങ്ങാനാകും. എ‌ന്ന് വച്ചാൽ പുതിയ വായ്‌പയുടെ മാസത്തവണ പരമാവധി 25,000 വരുന്ന വായ്‌പ വരെ നിങ്ങൾക്ക് അനുവദിക്കാൻ സിബിൽ വഴി തടസം ഒന്നും കാണുന്നില്ല. പുതിയ വായ്‌പ 25,000 രൂപ ആയി അനുവദിക്കുക ആണെങ്കിൽ നിങ്ങളുടെ വായ്പാ-ബാധ്യത അനുപാതം: 30,000/50,000 = 60%. ബാക്കിയുള്ള 40% നിങ്ങളുടെ നിത്യദാന ചിലവിന് മാറ്റി വയ്‌ക്കാൻ ബാങ്ക് നിഷ്‌കർഷിച്ച 40% കൃത്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇനി പുതിയ വായ്‌പയ്‌ക്ക് സ്ഥലം ഇല്ല. ഭാവിയിൽ വരുമാനം മെച്ചമാകുന്ന മുറയ്‌ക്ക് വായ്‌പാ ലഭ്യത കൂടാൻ ഉള്ള സാധ്യത ഉണ്ട് എന്നത് മറക്കേണ്ട.
2. പഴയ വായ്‌പാ ചരിത്രം : നേര‌ത്തെ സൂചിപ്പിച്ച വായ്‌പാ അക്കൗണ്ട് വിശദാംശങ്ങളിൽ ഭവന, വാഹന, മോർട്ട്‌ഗേജ് പോലുള്ള secured loan ഉം ക്രെഡിറ്റ് കാർഡ്, പേഴ്‌സണൽ ലോൺ വരെയുള്ള unsecured loan എന്നിവയും ഉൾപ്പെടും. എന്നാണ് വായ്പ അനുവദിച്ചത് അന്നുമുതലുള്ള തവണയടവ് ക്രമപ്രകാരം ആണോ അഥവാ അല്ലെങ്കിൽ എത്ര ദിവസത്തെ വീഴ്ച ഒരോ പ്രാവശ്യവും വരുത്തി എന്നൊക്കെ കൃത്യമായി അറിയാം. ലഭ്യമായ വായ്‌പയുടെ ഇപ്പോഴത്തെ നീക്കിയിരുപ്പ് തുക എത്ര, മുടക്കം ഉണ്ടെങ്കിൽ ആ തുക എത്ര. പഴയ വായ്‌പ എഴുതി തള്ളിയതാണോ അതോ ഒറ്റത്തവണ തീർപ്പാക്കൽ പോലെയുള്ള നടപടികളിലൂടെ ഒഴിവാക്കിയതാണോ എന്നും അറിയാം. എഴുതിത്തള്ളിയ വായ്‌പ ഉണ്ടെങ്കിൽ അത് പുതിയ വായ്‌പ അനുവദിക്കാനുള്ള സാധ്യതയ്‌ക്ക് ചെറുതായെങ്കിലും മങ്ങലേൽപ്പിക്കും എന്ന് പറയേണ്ടതില്ലല്ലോ. പതിവായി മുടക്കം വരുത്തുന്ന വായ്‌പാ ചരിത്രം ഉണ്ടങ്കിൽ അത് അത്ര നന്നാകില്ല എന്ന് ഓർമ്മിപ്പിക്കട്ടെ


സിബിൽ എന്തിനൊക്കെ ?

  • വായ്‌പ അനുവദിക്കാൻ ഉള്ള നടപടി ക്രമത്തിന്റെ മുന്നോടിയായി സിബിൽ റിപ്പോർട്ട് ഉപയോഗിക്കും
  • എ‌ത്ര മാത്രം തുക അനുവദിക്കാം എന്ന തീരുമാനം എടുക്കാൻ
  • ക്രെഡിറ്റ് കാർഡ് എടുക്കാനും നിലവിലുള്ള കാർഡിന്റെ തുക പരിധി വർദ്ധിപ്പിക്കുന്നതിന്
  • ബാങ്ക് പോലെയുള്ള സ്ഥാപനങ്ങൾ നിങ്ങളുടെ വായ്‌പാ സാധ്യത നോക്കി മറ്റൊരു വായ്‌പയെ പറ്റി സാധ്യത സൂചിപ്പിക്കാൻ വിളിക്കാം
    ഇ‌പ്പോൾ ടെലകോം സേവനദാതാക്കൾ വരെ എടുക്കാൻ തുടങ്ങി എന്നും കേൾക്കുന്നു, പോസ്റ്റ് പെയ്‌ഡ് കണക്ഷനാണിത്. ക്രെഡിറ്റ് ലിമിറ്റ് ഒക്കെ ഒരു പക്ഷെ സിബിൽ ആശ്രയിച്ച് ആകും ടെലകോം കമ്പനികൾ തീരുമാനിക്കുക.

സിബിൽ തെറ്റുകുറ്റങ്ങൾ


ഒരു പക്ഷെ നിങ്ങൾ അടച്ചു തീർത്ത വായ്‌പയുടെ വിവരം തെറ്റായി സിബിൽ റിപ്പോർട്ടിൽ പ്രതിഫലിച്ചേക്കാം. അ‌പ്പോൾ ആ കാരണം മുഖേന ഒരു പക്ഷെ പുതിയ വായ്‌പാ സാധ്യതയ്‌ക്ക് മ‌ങ്ങലേക്കാം. ഇങ്ങനെ തെറ്റായി വിവരം എത്തപ്പെടാൻ മുഖ്യമായും രണ്ട് കാരണങ്ങൾ ഉണ്ട്. സമീപ ആഴ്ചയിലാണ് വായ്‌പയുടെ ഗഡു അടച്ചതെങ്കിൽ അത് സിബിൽ റിപ്പോർട്ടിൽ എത്തപ്പെടാനുള്ള സാധ്യത നിശ്ചിത ഇടവേളയ്‌ക്ക് ശേഷം മാത്രമാകും, സാധാരണയായി 45 ദിവസത്തെ സമയം എടുക്കാറുണ്ട്. തെറ്റായ വിവരമെത്താൻ സാങ്കേതികമായി ബാങ്ക് ഡാറ്റാബേസും സിബിൽ സംവിധാനവും തമ്മിലുള്ള പൊരുത്തക്കേടും കാരണമായേക്കാം. ഇത് പരിഹരിക്കാൻ സിബിലിനെ സമീപിക്കാം. അല്ലെങ്കിൽ അതാത് ബാങ്കിൽ നിന്ന് ഒരു ക്രെഡിറ്റ് റിപ്പോർട്ട് മാനേജരുടെ സാക്ഷ്യപത്രം സഹിതം ഇപ്പോൾ വായ്‌പ പരിഗണിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വാങ്ങി നൽകാം. മുൻപ് വായ്‌പ എടുക്കുന്ന വേളയിൽ അറിയാതെ നൽകിയ തെറ്റോ അല്ലെങ്കിൽ നിങ്ങൾ നൽകിയ വിവരം ബാങ്കിന്റെ സിസ്റ്റത്തിൽ രേഖപ്പെടുത്തുമ്പോൾ സംഭവിച്ച പിഴവോ തെറ്റായ സിബിൽ റിപ്പോർട്ടിലേക്ക് നയിച്ചേക്കാൻ ഉള്ള സാധ്യത വിരളമല്ല. ഇതിനുള്ള സിബിൽ വെബ്‌സൈറ്റ് ലിങ്ക് : https://www.cibil.com/faq/loan-rejections-disputes



വായ്പ എടുത്തില്ലെങ്കിലും റിസ്‌ക് ഇല്ലാതാകുന്നില്ല !
ഒരു പക്ഷെ നിങ്ങൾ നേരിട്ട് വായ്‌പ എടുത്തിട്ടുണ്ടാകില്ല, എന്നാൽ സുഹൃത്തിനോ അല്ലെങ്കിൽ ബന്ധുക്കളുടെയോ വായ്‌പ ക്ക് ജാമ്യക്കാരൻ ആയി നിന്നിട്ടുണ്ടാകും (ഗ്യാരന്റർ) . സിബിൽ റിപ്പോർട്ടിൽ തന്നെ ഗ്യാരന്റർ ആയി നിന്ന വായ്‌പാ ഇടപാടുകളുടെ ചരിത്രവും ഉണ്ടാകും. ഒരു പക്ഷെ നിങ്ങളുടെ ഉറപ്പിന്മേൽ വായ്‌പ എടുത്ത ആൾ വരുത്തിയ തവണത്തുക മുടക്കം സ്വന്തം വായ്‌പാ പരിശോധനയുടെ ഭാഗമായ സിബിൽ റിപ്പോർട്ട് നോക്കുന്ന വേളയിൽ വിലങ്ങ് തടിയാകും. ഗ്യാരന്റർ ആയി നിൽക്കുന്ന ആളിന് ആ വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയാൽ സാമ്പത്തിക ബാധ്യത ഉണ്ടന്നത് മറക്കരുത്. അഥവ ഗ്യാരണ്ടി നിന്നാൽ തന്നെ വല്ലപ്പോഴും തിരിച്ചടവ് ശരിയായി നടത്തുന്നുണ്ടോ എന്ന് സൗഹാർദ്ദ ചർച്ചയ്‌ക്കിടയിൽ ചോദിക്കാൻ മറക്കേണ്ട. അഥവാ അങ്ങനെ ഒരു പരോക്ഷ വായ്‌പാ പ്ര‌ശ്‌നം മൂലം വായ്‌പ അനുവദിക്കാൻ ബാങ്ക് തടസം പറഞ്ഞാൽ, വായ്‌പ എടുത്ത സുഹൃത്തിനെ കൊണ്ടോ അല്ലെങ്കിൽ നിങ്ങൾ തന്നെ മുൻകൈ എടുത്തോ ആ വായ്‌പ യഥാവിധി (റഗുലർ) ആക്കിയ ശേഷം ഒരു ക്രഡിറ്റ് റിപ്പോർട്ട് വാങ്ങി ബാങ്കിൽ കൊടുക്കാം. സിബിലിൽ ശരിയായി പ്രതിഫലിക്കണമെങ്കിൽ ഒരു ഇടവേള കാത്തിരിക്കേണ്ടി വരും.

(ഈ ലേഖനം ഗോകുലം ശ്രീ മാസിക - ആഗസ്റ്റ് 2014 ലക്കം - പ്രസിദ്ധീകരിച്ചതാണ് ) 

അകമ്പടി വിവരങ്ങൾ


ഓരോ വായ്പക്കും ഒപ്പം DPD (Days Past Due)


DPD സൂചിപ്പിക്കുന്നത് വായ്‌പയുടെ തവണ അടച്ചതിന്റെ ദിവസ താമസം ആണ്. മൂന്ന് അക്കമോ/അക്ഷരമോ ഒരോ മാസത്തിനും ഒപ്പമുണ്ടാകും ഇത് "000" അല്ലെങ്കിൽ "STD" ആകുന്നത് നല്ല തിരിച്ചടവ് സൂചിപ്പിക്കുന്നു. മ‌റ്റ് ഡിപിഡി കോഡുകൾ താഴെ പറയുന്നത് പോലെ

• Standard (STD): തൊണ്ണൂറു ദിവസത്തിനകം നടത്തിയ തിരിച്ചടവ്

• Special Mention Account (SMA): സബ് സ്റ്റാൻഡേഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ശ്രദ്ധ വയ്‌ക്കേണ്ടത്

• Sub-Standard (SUB): 90 ദിവസത്തിന് ശേഷം നടത്തിയ തിരിച്ചടവ്

• Doubtful (DBT): 12 മാസമായി സബ്‌സ്റ്റാൻഡേഡായി തുടരുന്നവ

• Loss (LSS): നഷ്ട അക്കൗണ്ടുകൾ ഇത് തിരിച്ച് പിടിക്കാൻ സാധ്യമല്ലാത്ത തരത്തിൽ


“XXX” എന്നാണ് മാസത്തിനു താഴെ ഡിപിഡി ആയി കാണുന്നതെങ്കിൽ ആ വിവരം ധനകാര്യസ്ഥാപനത്തിൽ നിന്ന് സിബിൽ ഡാറ്റാബേസിൽ ശരിയായി എത്തിയിട്ടില്ല. ഡിപിഡി കള്ളിയിലെ അക്കം സൂചിപ്പിക്കുന്നത് ദിവസത്തെയാണ്. "055" ആണ് എങ്കിൽ തവണ തിരിച്ചടവ് 55 ദിവസത്തെ താമസം കാണിക്കുന്നു എന്നാണ്. "000" എന്നാൽ താമസമേയില്ലാതെ കൃത്യമായി തിരിച്ചടച്ച നല്ല വായ്‌പാ ചരിത്രം.

ഇ-ലോകത്തെ വാസ്‌തവങ്ങള്‍ ഇങ്ങനെയൊക്കെകൂടിയാണ്




സാങ്കേതികവിദ്യയും അതിനെ പിന്‍‌പറ്റി ഉണ്ടായ ഇന്റര്‍നെറ്റും സര്‍ഗാത്മക ഇടങ്ങളെ നശിപ്പിച്ചില്ലാതാക്കും എന്ന് ആകുലപ്പെട്ടിരുന്ന ചെറു ന്യൂനപക്ഷം ഇന്നും ഉണ്ട് എന്ന് പറയുന്നത് അതിശയോക്തി ആകില്ല എന്ന് കരുതട്ടെ., അതില്‍ വാസ്‌തവമൊട്ടുമില്ലെങ്കിലും. ഇന്റര്‍നെറ്റ് വര്‍ത്തമാനത്തിലേക്ക് കടക്കും മുന്നെ മറ്റൊരു സമാനമായ കാര്യം സൂചിപ്പിച്ച് കൊണ്ട് തുടങ്ങാം. ഭാഷയുടെ തനിമ സംരക്ഷിക്കുന്നതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ള പങ്ക് തര്‍ക്കമില്ലാത്തതാണ്. നമുക്കിടയില്‍ നല്ലൊരു വായനാ സംസ്‌കാരം ഉണ്ടാക്കാനും, സംവാദത്തിനുള്ള പൊതു മിനിമം ഇടം സൃഷ്ടിച്ചെടുക്കാനും മാത്രമല്ല അതിലുപരിയായ പല ധര്‍മങ്ങളും ഗ്രന്ഥശാലകള്‍ നിര്‍വഹിച്ചു പോരുന്നു. സാക്ഷരത പോലുള്ള അനൌപചാരിക പഠന സൌകര്യങ്ങള്‍ക്ക് ഇടമൊരുക്കിയ ഗ്രന്ഥശാലകള്‍ നമുക്ക് ഒരുമിക്കാനുള്ള മതനിരപേക്ഷമായ പൊതു ഇടമായിരുന്നു, അതിന്റെ ഗുണങ്ങള്‍ കേരളത്തിന്റെ പൊതു ഇടം ഇന്നും അനുഭവിക്കുന്നു. ഏതാണ്ട് ഗ്രന്ഥശാലകള്‍ മുന്നോട്ട് വച്ച അതേ ധര്‍മമാണ് ഇന്ന് ഇന്റര്‍നെറ്റിലെ പല സംഘങ്ങളും വളരെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാല്‍ ഭാഷയ്ക്കും സംസ്‌‌കാരത്തിനും വേണ്ടി നടക്കുന്ന ഇ-പ്രവര്‍ത്തനങ്ങള്‍ക്ക് അതുപയോഗിക്കാത്ത അല്ലെങ്കില്‍ ഇന്റര്‍നെറ്റ് തുറസിലേക്ക് പരിചയം ഇല്ലാത്തവര്‍ക്കിടയില്‍ കൃത്യമായ അവബോധം ഉണ്ടോ? അവര്‍ക്കിടയില്‍ സൈബര്‍ ഇടപാടുകളോട് പൊരുത്തമില്ലാത്തവര്‍ ഏറെയാണ്.
അച്ചടി നിലവില്‍ വന്ന സമയത്ത് നമ്മുടെ മലയാളത്തില്‍ അടക്കം ശക്‍തമായ എതിര്‍പ്പുണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് ഇന്ന് അച്ചടിയില്‍ നിന്ന് ഇന്റര്‍നെറ്റ് കാലത്തേക്ക് അല്ലെങ്കില്‍ ഇ-ബുക്കിലേക്ക് കടക്കുമ്പോള്‍ ചിലരെങ്കിലും ഉയര്‍ത്തുന്നത് അങ്ങനെ ഒരു എതിര്‍പ്പല്ലേ എന്ന സംശയം ഇല്ലാതില്ല.
അന്നത്തെ അച്ചടി പുസ്‌തകത്തോടുള്ള എതിര്‍പ്പ് കലശലയാപ്പോള്‍ മഹാകവി ഉള്ളൂര്‍ ഇങ്ങനെ എഴുതി
വെളുത്ത കടലാസോടു
കറുത്ത മഷി ചേരവേ
പാരിടത്തിന് വന്നല്ലോ
ഭാഗധേയം സമസ്‌തവും “
- പുസ്‌തക മാഹാത്മ്യം / ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍


മറ്റൊരു വിമര്‍ശം കള്ള ഐഡി വച്ച് ഇന്റര്‍നെറ്റില്‍ എഴുതുന്നു എന്നതാണ്. അപകീര്‍ത്തി, മത‌സ്പര്‍ധ, ദേശവിരുദ്ധത, വര്‍ണവെറി, കുറ്റകൃത്യം.... എന്നിവ ആകാത്തിടത്തോളം സൈബര്‍ വിലാസം തരുന്ന സാധ്യതകള്‍ അപരിമിതമാണ് എന്നതാണ് സത്യം. അതായത് ഒരാള്‍ക്ക് രണ്ടോ അതിലധികമോ വിലാസം ഉള്ള അവസ്ഥ. നാട്ടുവിലാസത്തില്‍ ഉള്ള പരിമിതികളെ എത്രയോ മെച്ചമായി പൊട്ടിച്ചെറിയാന്‍ ആരും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഡിജിറ്റല്‍ ഐഡികള്‍ വച്ച് ആകുന്നുണ്ട്. ഇത് ചെറിയ കാര്യമല്ല. നാം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നടക്കുന്ന ഒരു അരുതായ്‌മ പുറം സമൂഹത്തില്‍ എത്തിക്കാന്‍ നാട്ടുവിലാസത്തിന്(റിയല്‍ ഐഡി) പല പരിമിതികള്‍ ഉണ്ടാകാം, ചിലപ്പോള്‍ പണി തെറിക്കാം മറ്റ് ചിലപ്പോള്‍ ഗുണ്ടാവിലാസം വക പണികിട്ടി തലയും തെറിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലല്ലോ. അതായത് വാര്‍ത്തകള്‍ സദുദ്ദേശത്തോടെ ലീക്ക് ചെയ്യേണ്ടുന്ന സാഹചര്യങ്ങളില്‍ സൈബര്‍ വിലാസം വലിയ സാധ്യത ആണ് മുന്നിലേക്ക് ഇടുന്നത്. ഒരു പക്ഷെ മനപൂര്‍വം ചര്‍ച്ച മാറ്റാന്‍ പ്രത്യേകിച്ച് ഒരു ഉദ്ദേശ്യവുമില്ലാതെ എത്തുന്നവരുണ്ടാകാം മറ്റൊരു കൂട്ടര്‍ കുറ്റകരമായ വാസനയോടെ ഒളിഞ്ഞിരിക്കുന്നവര്‍ , അവരെയല്ല ഉദ്ദേശിച്ചത്. ഉറൂബ് പറഞ്ഞ പോലെ എല്ലാ തറവാടികളിലും ചെറ്റകളുണ്ടാകാം , എല്ലാ ചെറ്റകളിലും തറവാടികളും.


സാമൂഹിക വിമര്‍ശം @ നെറ്റ്

പരമ്പരാഗത മാധ്യമങ്ങളില്‍ വരുന്ന തെറ്റുകളും പിണയുന്ന അബദ്ധങ്ങളും ഫേസ്ബുക്ക്, ട്വിറ്റര്‍ ടൈം ലൈനുകളില്‍ ദിനേന തിരയടിച്ചുയരുന്നുണ്ട്. ഇത് എണ്ണത്തില്‍ വളരെ കൂടുതലാകാം എന്നാല്‍ ശാസ്ത്രത്തിന്റേയും അതിന്റെ നടപ്പ് രീതികളേയും വെല്ലുവിളിച്ച് മതാത്മകതയുടെ വായ്‌ത്താരിയുമായി വിളയുന്നവര്‍ക്ക് ശക്തമായ താക്കീതാകുന്ന ചര്‍ച്ചകള്‍ മുറയ്‌ക്ക് നടക്കുക മാത്രമല്ല ഗോക്രിയെന്ന് പറയാവുന്ന മത്രപ്രഭാഷണങ്ങളിലെ ശാസ്ത്രമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വസ്‌തുതയുടെ പിന്‍‌ബലത്തോടെ വളരെ കൃത്യമായി പൊളിച്ചടുക്കുന്നുണ്ട്. പുരോഗമന സമൂഹത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കേണ്ട ധര്‍മമാണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്. രാഷ്ട്രീയവും മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഒരോ പത്രമാധ്യമങ്ങള്‍ എവിടെ വരെ പോകും എന്ന് നല്ല നിശ്ചയം ഇന്ന് ശരാശരിക്കാരായ വായനക്കാര്‍ക്ക് പോലും ഉണ്ട്. മതപരമായ കാരണം കൊണ്ട് മാത്രം പല ചര്‍ച്ചകളും വഴിക്കുപേക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ മനപൂര്‍വം ചര്‍ച്ചയ്‌ക്കെടുക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നുവെന്നത് ചിലകാര്യങ്ങളില്‍ അനാവശ്യവിവാദം ഉണ്ടാവുമ്പോള്‍ അതാത് മേഖലയില്‍ പണിയെടുക്കുന്നവര്‍ തന്നെ നിര്‍ണായകമായ വിവരങ്ങളുടെ അകമ്പടിയോടെ വളരെ കൃത്യമായ ഇടപെടല്‍ ഓണ്‍‌ലൈന്‍ ചര്‍ച്ചാപരിസരങ്ങളില്‍ നടത്തുന്നതിന് ഉദാഹരണം സമീപകാലത്ത് തന്നെ ധാരാളം. അതിരാത്രം പോലെയുള്ള ചടങ്ങുകള്‍ പുതിയ അടപ്പിട്ട് എത്തിയ കാലത്തെ എതിര്‍പ്പും , മിശിഹാ രാത്രി-മഹാ ശിവരാത്രി സംഭവവും, വീട് നിര്‍മ്മാണത്തിന്റെ വാസ്‌തു കോപവും കൃത്യമായി എതിര്‍ക്കപ്പെട്ടത് ഓണ്‍‌ലൈന്‍ സമൂഹത്തിലായിരുന്നു

പത്രങ്ങളില്‍ അച്ചടിച്ചുവരുന്നതില്‍ ശരിതെറ്റുകള്‍ ഓര്‍ക്കാറില്ല അഥവാ ഓര്‍ത്താല്‍ തന്നെ ചര്‍ച്ചയ്‌ക്കുള്ള വളരെ കുറഞ്ഞ തുറസുകള്‍ അല്ലേ അവിടെ ഉള്ളൂ. എന്നാല്‍ ഇന്റര്‍നെറ്റില്‍ വസ്‌തുതകളുമായി പുലബന്ധം (ഫാക്‍ട് ഫൈന്‍ഡിംഗ്) ഉണ്ടോ എന്ന പരിശോധന നിരന്തരം നടക്കുന്നു. കുപ്രചരണങ്ങളെ അതിനെക്കാളും തീവൃമായി പൊളിച്ചടുക്കുന്നു. വന്‍‌മേളകളുടെ ലോഗോ മോഷണം ആയാലും ഇല്ലാത്ത വസ്‌തുതകള്‍ ഉണ്ട് എന്ന് വീമ്പടിക്കുന്നതായാലും ഇന്റര്‍നെറ്റില്‍ തകര്‍ന്നടിയാന്‍ കുറച്ച് സമയം മതി. ചുരുക്കത്തില്‍ സ്വാഭാവികമായി വിശ്വസിച്ച് പോകുന്ന അവസ്ഥ നെറ്റിസണ്‍‌മാര്‍ക്കിടയില്‍ (Netizen – Internet citizen) ഇല്ല എന്ന് പറയാം.
അടുത്ത കാലത്ത് തന്നെ ഏതോ പുതിയ ടെക്‍നോളജിയുടെ ലേബലെന്ന് പറഞ്ഞ് വന്ന ഓണ്‍‌ലൈന്‍ സിനിമാ വേട്ട, എത്രമാത്രം ദുര്‍ബലമായിരുന്നു എന്ന് പിന്നീട് മനസിലാക്കാനായത് സൈബര്‍ ഇടങ്ങളിലെ വസ്‌തുതകള്‍ വച്ചുള്ള പ്രതിരോധം കൊണ്ടായിരുന്നു. ആദ്യം തിരക്കഥയനുസരിച്ച് നിര്‍മിച്ചുണ്ടാക്കിയ ഐപി ഊളിയിടല്‍ വാര്‍ത്തകള്‍ക്ക് പരമ്പരാഗത മാധ്യമങ്ങളില്‍ ഇടം കിട്ടി എന്നത് സത്യം. ഇതിന്റെ ശരിതെറ്റുകള്‍ കാര്യമായി തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മാത്രമല്ല ഇമെയില്‍ ഗ്രുപ്പുകളിലും ബ്ലോഗുകളിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് തന്നെ മറിച്ചൊരു നിലപാടെടുക്കേണ്ടി വന്നു.
ജോണ്‍ ഡോ ഓഡറുകള്‍ വച്ച് ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യാന്‍ നോക്കുന്ന പോലെ ശ്രമം ഉണ്ടായി, അവസാനം കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങള്‍ തന്നെ സോഷ്യല്‍ ഓഡിറ്റിന് വിധേയമായി എന്നതും എടുത്ത് പറയേണ്ട മറ്റൊരു കാര്യം. പൈറസി(വ്യാജം) യില്‍ തുടങ്ങിയ ചര്‍ച്ച ഓണ്‍‌ലൈന്‍ പൌരന്റെ പ്രൈവസി(സ്വകാര്യത)യിലേക്ക് വരെ പരന്നെത്തി മാത്രമല്ല പകര്‍പ്പവകാശ നിയമം വരെ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടു.


സൈബര്‍ ആക്ടിവിസ്റ്റുകള്‍
ആഗോളവല്‍കൃത സമൂഹത്തില്‍ അപ്രതിരോധ്യമെന്ന് വിലയിരുത്താവുന്ന എതിര്‍പ്പിന്റെ പല മുഖങ്ങളിലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തുന്ന എതിര്‍ശബ്ദങ്ങള്‍ നേര്‍ത്തതല്ല മറിച്ച് പലമടങ്ങ് പ്രതിധ്വനി ഉണ്ടാക്കുന്ന ശബ്ദമുഖരിതമായ അവസ്ഥ തന്നെ. ഡോ.ബിനായക് സെന്‍ നെ മാവോയ്സ്റ്റ് -ഭീകര ബന്ധം ആരോപിച്ച് തടങ്കല്‍ പാളയത്തില്‍ സര്‍ക്കാര്‍ പാര്‍പ്പിച്ചപ്പോള്‍ നടന്ന ഓണ്‍‌ലൈന്‍ ഇടപെടലുകള്‍ മനുഷ്യാവകാശ രംഗത്ത് വന്ന എടുത്തുപറയത്തക്ക ഓണ്‍‌ലൈന്‍ കാമ്പയിന്‍ ആയിരുന്നു. അന്യായ അറസ്റ്റിനെ പ്രതിരോധിക്കാന്‍ നടത്തിയ പ്രചാരവേലകള്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും മുന്നേറിയിരുന്നു, അവസാനം അത് വിജയം കാണുകയും ചെയ്‌തു എന്നത് ചരിത്രം. പ്രസിഡന്റിന് കൊടുക്കാനുള്ള നിവേദനത്തില്‍ പെട്ടെന്ന് തന്നെ വര്‍ധിച്ച തോതില്‍ തന്നെ ഒപ്പിടാന്‍ ആളിനെ കൂട്ടാന്‍ ഓണ്‍‌ലൈന്‍ സംഘങ്ങള്‍ക്കായി. ഇത് മാത്രമല്ല പരമാവധി വിഷയങ്ങളുമായി ശക്തമായ കാമ്പെയിന്‍ ആണ് ഓണ്‍‌ലൈന്‍ ഒപ്പിടലില്‍ ഉപരിയായി അനിവര്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ നടന്നത്. ഇത് ഗുണപരമായ സൈബര്‍ ആക്‍റ്റിവിസത്തിന്റെ ഇന്ത്യന്‍ ഉദാഹരണമായെടുക്കാം. വരും കാലത്ത് ഇത് പതിന്‍‌മടങ്ങ് കൂടാനാണ് സാധ്യത. ഡിജിറ്റല്‍ വിപ്ലവം വാര്‍ത്താ ശേഖരണത്തിന്റെയും അറിയിക്കലിന്റേയും പരിധികളെ വിസ്‌തൃതമാക്കി. ഒറ്റ ഞെക്കുകൊണ്ട് ലോകത്തെ ഏത് കോണുമായും സമ്പര്‍ക്കത്തിലാകാമെന്നും എവിടെ നടക്കുന്ന പ്രശ്‌നവും മറ്റുള്ള ജനതയുടെ മുന്നിലേക്ക് ഒരു ചോദ്യമെറിയുന്ന തരത്തില്‍ കൊണ്ടുവരാം എന്നതും ഭരണകൂടങ്ങളെ അടക്കം സംഘര്‍ഷഭരിതമാക്കുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവത്തെയും അതിനെ തുടര്‍ന്ന് പല നാടുകളില്‍ ഉണ്ടായ പ്രക്ഷോഭ പരമ്പരകളിലേയും ടെക്‍നോളജിയുടെ പങ്കിനെ ആളിനെ മൊബിലൈസ് ചെയ്യാനുള്ള തലം എന്ന നിലയില്‍ കണ്ടാല്‍ മതി. എന്നാല്‍ ഇത് അത്ര ചെറുതുമല്ലായിരുന്നു. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒരുമിക്കാന്‍ ഒരു കണ്ണിയായത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായിരുന്നു. ആ നാടുകളിലെ ക്ഷുഭിത യൌവനത്തിന് ഇടപെടാന്‍ ആഗ്രഹമുണ്ടായിരുന്നിരിക്കണം, സംഘാത്മകമായ സംവാദങ്ങള്‍ അവര്‍ക്കില്ലായിരുന്നു. ഫേസ്ബുക്കും ട്വിറ്ററും അവര്‍ക്ക് സംസാരിക്കാനും ഒത്തുചേരാനുമുള്ള കണ്ണികളായി പെട്ടെന്ന് മാറി. കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്ന് ആര്‍ക്കും ഉപയോഗമില്ലാതെ എന്തൊക്കെയോ ചെയ്യുന്നു എന്ന് ഒരു പക്ഷെ ഏതാനും മാസങ്ങള്‍ക്ക് മുന്നെ വരെ ട്യുണിഷ്യയിലെ അടക്കം യുവാക്കളോട് അവിടുത്തെ കമ്പ്യൂട്ടര്‍ വിരോധികളും മറ്റും പറഞ്ഞിട്ടുണ്ടായിരിക്കാം, അവസാനം ഈ കമ്പ്യൂട്ടര്‍ ശ്രംഖല തന്നെ വേണ്ടി വന്നു സ്വാതന്ത്ര്യത്തിന്റെ സമരത്തിന് ജീവവായു സമൂഹത്തിനാകെ ഊതിക്കൊടുക്കാന്‍ എന്നത് മറ്റൊരു കാര്യം


വിടാതെ പിന്തുടരല്‍ @നെറ്റ്
ഹരിത എം എല്‍ എ മാര്‍ എതിര്‍പ്പിന്റെ കാഹളമുയര്‍ത്താന്‍ ബ്ലോഗ് തിരഞ്ഞെടുത്തതിന്റെ ഗുണദോഷവിചാരങ്ങളിലേക്കല്ല പോകുന്നത്, ഹരിത ഇടപെടലുകള്‍ ബ്ലോഗില്‍ ഇട്ടത് ആ മാധ്യമത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. ഇനി നാളെ ഇവര്‍ പിന്നാക്കം പോയാലും മറ്റുള്ളവര്‍ക്ക് ഇത് ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഇത് ലിങ്ക് ചെയ്‌ത് അവരുടെ പിന്നാലെ കൂടി മറുപടി തരാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പടെ നിര്‍ബന്ധിക്കുകയോ ആകാം. എന്തിനധികം ഇവരോട് സംസാരിക്കാന്‍ ചാനലുകളായ ചാനലുകള്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന പി.സി ജോര്‍ജിന് വരെ അവസാനം ബ്ലോഗ് തുടങ്ങേണ്ടിയും വന്നു എന്നതും മറക്കേണ്ട.

ചില അവസരങ്ങളില്‍ മാധ്യമങ്ങളില്‍ ചര്‍ച്ച വരുന്നതിന് മുന്നെ തന്നെ ഓണ്‍‌ലൈന്‍ ചര്‍ച്ച വഴി പണി പൊളിച്ച് കൊടുക്കാറുണ്ട്, അത് കൊണ്ട് മാത്രം വിവാദത്തിന്റെ മുനയൊടിഞ്ഞ് ആദ്യമേ തന്നെ ഒരു വഴിക്കവസാനിക്കുന്ന ഉദാഹരണങ്ങള്‍ അനവധി. മമ്മൂട്ടി കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാന്‍ വന്ന ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്നത്തെ സംഭവം ഇതിന് നല്ല ഉദാഹരണം. ഒരു പ്രമുഖ കറി പൌഡര്‍ ബ്രാന്‍ഡിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പേജുല്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നതും അവസാനം ഉത്പന്നനിരയുടെ പരസ്യതന്ത്രം പാടേ മാറ്റേണ്ടി വന്നതും ഇന്റനെറ്റ് മാധ്യമങ്ങളിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. അതായത് പല വിവാദങ്ങളും പരമ്പരാഗത മാധ്യമങ്ങളില്‍ എത്തുന്നതിന് മുന്നെ നടക്കുന്ന ചര്‍ച്ചായിടം എന്ന നിലയില്‍ ഇന്റര്‍നെറ്റിന് ഇന്ന് അവഗണിക്കാനാവാത്ത സ്വാധീനം ഉണ്ട്
സാധാരണ ഒരു കാഴ്‌ചപ്പാടുണ്ട്. ആഴത്തിലുള്ള വിമര്‍ശനങ്ങളും വസ്‌തുനിഷ്ഠമായ വിലയിരുത്തലുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പണിയല്ല എന്ന്, അതും പുതിയകാലത്ത് തിരുത്തപ്പെടുകയല്ലേ. ജയ്‌സണ്‍ നെടുമ്പോല എന്ന ഗ്രാമ പഞ്ചായത്ത് ജീവനക്കാരാന്‍ താന്‍ നിരന്തരം ഇടപെടുന്ന ഓഫീസിലെ സാങ്കേതിക സംവിധാനത്തിന്റെ വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് നല്‍കിയത് ഓണ്‍‌ലൈന്‍ ഗ്രൂപ്പുകളില്‍ അടക്കം തുടര്‍ചര്‍ച്ചയ്‌ക്കും കാരണമായി. സര്‍ക്കാര്‍ ഏജന്‍സിയായ ഐകെഎം നെ പറ്റി ഇത്ര നല്ല പഠനം ഇത് വരെ നടന്നുവോ എന്ന് തന്നെ സംശയമാണ്. സാധാരണയായി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇത് പോലെ വിശദമായ കുറിപ്പ് ഉണ്ടാക്കി നല്‍കിയാല്‍ അത് പൊതുസമൂഹത്തിന്റെ മുന്നിലേക്ക് എത്താന്‍ ഒരു സാധ്യതയുമില്ല, സെക്രട്ടറിയേറ്റിലെ ഫയല്‍ക്കെട്ടുകള്‍ക്കിടയില്‍ സുഖനിദ്രയാകും ഗതി. എന്നാല്‍ സര്‍ക്കാരിന് നല്‍കുന്നതിനൊപ്പം തന്നെ റിപ്പോര്‍ട്ട് ഓണ്‍‌ലൈന്‍ വേദികളിലേക്കും സംവാദത്തിന് വച്ചു. ഇതില്‍ പിടിച്ച് മുന്നോട്ട് പോകാന്‍ നമുക്കാകണം.


വൈജ്ഞാനിക സാഹിത്യത്തിന് മുതല്‍ക്കൂട്ടായി വിക്കിപീഡിയ
നമ്മുടെ പൊതുമണ്ഡലം ഇനിയും വിക്കിപീഡിയ മലയാളം പതിപ്പിനെ അതര്‍ഹിക്കുന്ന തരത്തില്‍ മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളം വിക്കീപീഡിയയെ പറ്റി പറയുന്നതിന് മുന്നെ എന്താണ് വിക്കിപീഡിയ എന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ വിശ്വവിജ്ഞാനകോശമാണ് ഇത്. മലയാളം അടക്കം 250 ലേറേ ഭാഷകളില്‍ ലോകത്ത് കോടിക്കണക്കിന് ആള്‍ക്കാര്‍ വായിക്കുന്ന ഓണ്‍‌ലൈന്‍ ഇടം. വെബ്‌നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ ഹിറ്റ് ചാര്‍ട്ടില്‍ എല്ലായ്പ്പോഴും ലോകത്തില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്ന പത്ത്‌വെബ്‌സൈറ്റുകളില്‍ ഒന്ന്. ഇന്ന് ഗൂഗിള്‍ സര്‍ച്ച് വഴി മാത്രമല്ല അല്ലാതെ തന്നെ ഇന്റര്‍നെറ്റിലേക്കെത്തുന്ന വിവരാര്‍ത്ഥി നേരേ പോകുന്ന അപൂര്‍വം വെബ്‌സൈറ്റുകളില്‍ ഒന്ന്. നിരന്തരം പുതുക്കപ്പെടുന്നു, ലോകത്തിലെ മിക്ക വൈജ്ഞാനിക ശാഖകളിലെ എണ്ണമറ്റ ലേഖനങ്ങളാല്‍ സമ്പന്നം, തീര്‍ന്നില്ല വിശേഷം ഇതിന് ഒരു മുതലാളി നാളിതുവരെ ഇല്ല, എന്ന് പറഞ്ഞാല്‍ വായിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന പൊതുസഞ്ചയം തന്നെയാണ് മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ലേഖനം എഴുതുന്നതും തിരുത്തുന്നതും മാത്രമല്ല ഉചിതമായ ഹൈപ്പര്‍‌ലിങ്കുകളാല്‍ പേജുകള്‍ക്ക് സൈബര്‍‌സമ്പുഷ്ടീകരണം നടത്തുന്നതും മേന്മയേറിയ ചിത്രങ്ങളുടെ അകമ്പടി ചേര്‍ക്കുന്നതും സാധാരണക്കാരായ ഓണ്‍‌ലൈന്‍ പൌരന്മാരാണ്

ഇതിലെവിടെയാണ് മലയാളിയുടെ സ്ഥാനം.? വിക്കിപീഡിയയില്‍ മലയാള ഭാഷ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു കേരള മാതൃക തന്നെ സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയാകില്ല. കാലഗണന വച്ച് ഒരു കണക്കെടുപ്പ് നടത്തുകയാണങ്കില്‍ അടുത്ത മാസം മലയാളം വിക്കിപീഡിയക്ക് പത്തുവയസാകും. 2002 ഡിസംബര്‍ 21 നാണ് മലയാളം വിക്കിപീഡിയക്ക് തുടക്കം കുറിച്ചത്. ആദ്യം അതീവ മന്ദഗതിയിലായിരുന്നു വളര്‍ച്ച എങ്കിലും പിന്നീട് കാര്യങ്ങള്‍ ഉഷാറായി. ഒരു ലാഭേശ്ചയുമില്ലാതെ പ്രവര്‍ത്തിക്കുന്ന, ഒട്ടും പ്രശസ്‌തരല്ലാത്ത, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വരാന്‍ ആഗ്രഹിക്കാത്ത എന്നാല്‍ മലയാള ഭാഷയെയും സംസ്‌കാരത്തേയും സ്‌‌നേഹിക്കുന്ന ഒരു വലിയ സമൂഹം ഇന്ന് മലയാളം വിക്കിപീഡിയക്ക് താങ്ങും തണലുമായുണ്ട്. അതിന്റെ ഫലമോ? ഇന്ത്യന്‍ ഭാഷകളില്‍ വിവരാധികാരികത വച്ച് (പേജ് ഡെപ്‌ത് എന്ന് സാങ്കേതികഭാഷ) നോക്കിയാല്‍ മലയാളം വിക്കിപീഡിയ എത്രയോ മുന്നിലാണ്. ഇതെഴുതുന്ന സമയത്ത് മലയാളം വിക്കിപീഡിയ പതിപ്പിന്റെ പേജ്‌ഡെപ്‌ത് 288 ഒപ്പം 26,982 ലേഖനങ്ങള്‍ ml.wikipedia.org ല്‍ ഉണ്ട്. ഏത് അച്ചടി മലയാള വിജ്ഞാനകോശവുമായി തട്ടിച്ച് നോക്കിയാലും എത്രയോ ബൃഹത്താണ് മലയാളം വിക്കിപീഡിയ, എന്തിനധികം മലയാളത്തില്‍ നാളിത്‌വരെ ഇറങ്ങിയ എല്ലാ പ്രസാധകരുടേയും എല്ലാ വിജ്ഞാനകോശങ്ങളെയും എടുത്ത് ഒരുമിച്ച് വച്ചാല്‍ പോലും പത്താണ്ട് കൊണ്ട് മലയാളം വിക്കിപിഡിയയുടെ സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാക്കിയ വിവരപ്പെരുക്കത്തിന്റെ അടുത്ത് വരില്ല

ഹിന്ദി പോലെ വളരെ അധികം ആളുകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തെ അപേക്ഷിച്ച് വിക്കിപിഡിയ ലേഖനങ്ങള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നാല്‍ ഗുണം വച്ച് നോക്കുമ്പോള്‍ നമ്മുടെ ഭാഷ മേല്‍ക്കൈ നേടിയതില്‍ കടപ്പെട്ടിരിക്കുന്നത്, കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരിക്കുന്ന നെറ്റിസണ്‍‌മാരോടാണ്. ആദ്യ നൂറ് ലേഖനം തികയ്‌ക്കാന്‍ രണ്ട് വര്‍ഷമെടുത്തെങ്കില്‍ ഇന്ന് രണ്ടാഴ്ച പോലും വേണ്ട നുഊര്‍ കടക്കാന്‍ , ഇതെല്ലാം ഇനിയുള്ള നാളുകളില്‍ ഇനിയും വര്‍ധിക്കും കാരണം ഐടി@സ്‌‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും വിക്കിപീഡിയ യില്‍ എഴുതാനും തിരുത്താനും ചിത്രങ്ങള്‍ കൂട്ടിചേര്‍ക്കാനും പഠിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പൊതു സംവാദ‌ഇടങ്ങളില്‍ ഇത്രയും വലിയ നേട്ടം ഭാഷയ്ക്കും സംസ്‌കാരത്തിനും നേടിക്കൊടുത്തു കൊണ്ടിരിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരാമര്‍ശം പോലും കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. വിശ്വമലയാള മഹോത്സവത്തില്‍ പോലും ഇങ്ങനെയൊന്ന് മലയാളഭാഷയുടെ വൈജ്ഞാനിക മണ്ഡലത്തെ നവികരിക്കുന്നതിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചുവോ? തുറന്ന ഘടനയാണ് തെറ്റുകള്‍ ഉണ്ടാവാം അല്ലെങ്കില്‍ ആര്‍ക്കും എഴുതാവുന്നതാണങ്കില്‍ എങ്ങനെ ആധികാരികമാകും തെറ്റുകുറ്റങ്ങള്‍ വരില്ലേ എന്ന് പറഞ്ഞതൊക്കെ പഴങ്കഥ. പത്ത് വര്‍ഷത്തെ വളര്‍ച്ച ഇതാണങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് മലയാളം വിക്കിപിഡിയ സമാനതകളില്ലാതെ വിജ്ഞാനത്തിന്റെ പുതിയ പടവുകള്‍ കയറും, അത് നിലവിളുള്ള വളര്‍ച്ചാ നിരക്ക് വച്ച് തന്നെ സുനിശ്ചിതമാണ്‍

കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ ചാറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുമായി ചടഞ്ഞിരിക്കുന്ന, സര്‍ഗാത്മകമായി ഒന്നും ചെയ്യാത്തവര്‍ എന്നൊക്കെ ആക്ഷേപങ്ങള്‍ ചുരുക്കം ചിലരെങ്കിലും ഓണ്‍‌ലൈന്‍ സമൂഹത്തിനെതിരെ ആരോപണമായി ഉന്നയിക്കുന്നവരുടെ സംഘത്തില്‍പ്പെട്ടവര്‍ ചെയ്‌തവരെക്കാളും മനോഹരമായി അല്ലെങ്കില്‍ ക്രീയാത്മകമായി സൈബര്‍ സമയം വിനിയോഗിക്കുന്നവരില്‍ ചെറുപ്പക്കാര്‍ മുതല്‍ വളരെ പ്രായം ചെന്നവര്‍ വരെയുണ്ട്. എത്ര ജനാധിപത്യപരമായാണ് അന്യഭാഷയിലെ വാക്കുകള്‍ക്ക് തതുല്യമായ മലയാളപദങ്ങള്‍ കൂട്ടായി കണ്ടെത്തുന്നത്, ഏതൊക്കെ വിവരം ഉള്‍പ്പെടുത്താം എന്ത് ഭാഷ പ്രയോഗിക്കാം എന്നൊക്കെ സംവാദം താളുകളില്‍ ചര്‍ച്ച നിരന്തരം നടക്കുന്നത്. ഒരു കാര്യം ഉറപ്പാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓഫ്‌ലൈനില്‍ ഉള്ള മലയാളിക്ക് വരെ ഒഴിച്ചുകൂടാനാകാത്ത വിവര ഇടമായി മലയാളം വിക്കിപീഡിയ മാറും. വിക്കിപീഡിയ എന്നത് ഒരു സാങ്കേതികവിദ്യയുടെ ചലനമല്ല മറിച്ച് ഇതൊരു സാമൂഹിക നൂതനത്വമോ അല്ലെങ്കില്‍ മുന്നേറ്റമോ ആണ് എന്ന് ഇതിന്റെ സ്ഥാപകരിലൊരാളായ ജിമ്മി‌വെയില്‍‌സ് പറഞ്ഞത് മലയാളത്തിന്റെ കാര്യത്തില്‍ എത്ര ശരി.
മലയാളത്തെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒന്നും കാര്യമായി നാളിത് വരെ ശ്രദ്ധിക്കാത്ത ഈ ഓണ്‍‌ലൈന്‍ ഇടം സമാന്തരമായി വിജ്ഞാനകോശ നിര്‍മ്മിതി ഒന്നാം തരമായി നടക്കും എന്നതിന്റെ ഉദാഹരണത്തേക്കാളും, ഇന്റര്‍നെറ്റില്‍ അച്ചടിയേക്കാളും നല്ല എഴുത്തുകാര്‍ ഉണ്ട് അവര്‍ക്ക് കാര്യമായി തന്നെ പൊതുസമൂഹത്തിന്റെ വിവരസഞ്ചയത്തില്‍ സംഭാവന നല്‍കാനാകും എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്.


വിക്കിപീഡിയയിലെ മലയാള യശസ്
വിക്കിപീഡിയയില്‍ പേജ് ഡെപ്ത് എന്നത് പൂര്‍ണമായും നല്ല ഒരു അളവുകോല്‍ അല്ല എന്നിരിക്കിലും പേജ് ഡെപ്‌ത് കൂടുന്നതിനനുസരിച്ച് ലേഖനങ്ങളുടെ നിലവാരം കൂടുതല്‍ ആണെന്ന് പൊതുവായി പറയാം. കുറഞ്ഞത് 10,000 ലേഖനങ്ങള്‍ എങ്കിലും ഉള്ള വിക്കിപീഡിയകളില്‍ ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഇപ്പോഴും ഏറ്റവും അധികം പേജ് ഡെപ്‌ത് മലയാളത്തിനാണ്. ആദ്യ അഞ്ചു സ്ഥാനങ്ങള്‍ ഇങ്ങനെ (ഡെപ്ത്ത് ബ്രാക്കറ്റില്‍ ) 1. ഇംഗ്‌ളീഷ് (712) 2. മലയാളം (288) 3. അറബി (243) 4. ഹീബ്രു (240) 5. ടര്‍ക്കിഷ് (215). അതായത് വിവരാധികാരികതയില്‍ ആശ്രയിക്കാവുന്ന ഭാഷകളില്‍ മലയാളം ഇന്ത്യയില്‍ ഒന്നാമത് എന്ന് മാത്രമല്ല, ഇംഗ്ലീഷിന് തൊട്ടുപ്പിന്നില്‍ ഉണ്ട് എന്നത് ചെറിയ കാര്യമല്ലല്ലോ. ഹിന്ദിയില്‍ ലേഖനങ്ങള്‍ ലക്ഷം വരുമെങ്കിലും പേജ് ഡെപ്‌ത് 40 മാത്രം

സമാന്തരമായി ഒരു ഗ്രന്ഥശേഖരം തന്നെ സൃഷ്ടിക്കപ്പെടുന്നു
വിക്കിപീഡിയ പോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു മഹത്‌സംരംഭമാണ് വിക്കിഗ്രന്ഥശാല. പകര്‍പ്പവകാശത്തിന്റെ ഊരാക്കുടുക്കുകള്‍ ഇല്ലാത്ത അല്ലെങ്കില്‍ സമയപരിധിക്ക് പുറത്ത് കടന്ന പുസ്‌തകങ്ങള്‍ ഓണ്‍ലൈനിലേക്ക് സ്വരുക്കൂട്ടാനുള്ള കൂട്ടായ ഒരു പ്രവര്‍ത്തനം. മലയാളം വിക്കിപീഡിയ പോലെ തന്നെ ഇതും ബാലാരിഷ്ടതകളില്‍ നിന്ന് പതിയെ പുറത്ത് കടന്ന് വന്‍‌കുതിപ്പിന് തയ്യാറെടുക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ചക്രവാക സന്ദേശം എന്ന കൃതിയുടെ ഡിജിറ്റലൈസേഷന്‍ 2011 സെപ്തംബര്‍ 15 ന് പൂര്‍ത്തിയാക്കി. പകര്‍പ്പവകാശ സമയ പരിധി കഴിഞ്ഞ കൃതികളാണ് നിലവില്‍ ഉള്ളത്. കുമാരനാശാന്റെ , ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍ , കേരള പാണിനീയം, ചട്ടമ്പി സാമിയിടെ കൃതികള്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല...അങ്ങനെയങ്ങനെ. ഈ മാസം ഉള്ളൂരിന്റെ കൃതികള്‍ സമാഹരിക്കുകയാണ്. വായനക്കാര്‍ക്ക് മാത്രമല്ല പലപ്പോഴും ഗവേഷകര്‍ക്കും ഭാഷാവിദഗ്ദര്‍ക്കും അമൂല്യനിധി തന്നെയാണ് അച്ചടി രൂപങ്ങള്‍ അത്രയെളുപ്പം ലഭ്യമാകാത്ത ഇത്തരം കൃതികള്‍ . ഇത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രം കിട്ടുന്നതാണന്ന ധാരണയും വേണ്ട, വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി റോം പതിപ്പ് കണ്ണൂരില്‍ നടന്ന നാലാം വിക്കിസംഗമത്തില്‍ പുറത്തിറക്കിയിരുന്നു. ഇനി കമ്പ്യൂട്ടറില്‍ വായിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് തൊട്ടടുത്ത കേന്ദ്രത്തില്‍ നിന്ന് പ്രിന്റ് എടുത്താലും മതി. ഏതായാലും പുസ്തകങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാണ്. നേരത്തേ വിക്കിപീഡിയയുടെ കാര്യത്തില്‍ പരാമര്‍ശിച്ചത് പോലെ പുസ്‌തകങ്ങള്‍ ടൈപ്പ് ചെയ്‌ത് ചേര്‍ക്കാനും , അക്ഷരശുദ്ധി പരിശോധിക്കാനും , വേണ്ട തരത്തില്‍ രൂപസംവിധാനം വരുത്താനുമായി ഒട്ടേറേ പേര്‍ രാപകല്‍ അധ്വാനിക്കുന്നുണ്ട്

വിക്കിഗ്രന്ഥശാലയില്‍ ഏറ്റവും സമ്പുഷ്ടമായ വിഭാഗം 'കാവ്യങ്ങളു'ടേതാണ്. വീണ പൂവ്, നളിനി, ലീല, വനമാല, മണിമാല തുടങ്ങി കുമാരനാശാന്റെ കൃതികള്‍ സമഗ്രമായി ഇതിലുണ്ട്. കൂടാതെ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ', ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍ , ഇരയിമ്മന്‍ തമ്പി, രാമപുരത്ത് വാര്യര്‍ എന്നിവരുടെ കൃതികള്‍ ഒക്കെ ഡിജിറ്റല്‍ രൂപത്തില്‍ മനോഹരമായി മുന്നിലെത്തും. ഭാഷാവ്യാകരണം വിഭാഗത്തില്‍ 'കേരളപാണിനീയം' പൂര്‍ണ രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ ചന്തുമേനോന്റെ 'ഇന്ദുലേഖ'യാണ് നോവല്‍ വിഭാഗത്തിലുള്ള ഏക കൃതി. മാത്രമല്ല ക്രിസ്തീയ കീര്‍ത്തനങ്ങളുടെയും, ഹൈന്ദവ ഭക്തിഗാനങ്ങളുടെയും, ഇസ്‌ലാമിക ഗാനങ്ങളുടെയും ശ്രദ്ധേയമായ ഒരു സമാഹാരം ഇവിടെയുണ്ട്. തത്വശാസ്ത്രം വിഭാഗത്തില്‍ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ', 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍ ' എന്നിവയും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍‌ലൈന്‍ ഇടപെടലുകള്‍
വിക്കിഗ്രന്ഥശാലയുടെ കാര്യം പറയുമ്പോള്‍ ഒരിക്കലും വിട്ട് പോകാന്‍ പാടില്ലാത്ത സംഭാവന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കികൊണ്ടിരിക്കുന്നതാണ്. മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷന്‍ കൊല്ലം ചവറ ഉപജില്ലയിലെ 15 പൊതു വിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ കൂട്ടായി ചെയ്‌തതാണ്. മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷന്‍ നിര്‍വഹിക്കച്ചത് വയനാട് കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളിലെ രണ്ട് ഡസനോളം കുട്ടികളുടെ കൂട്ടായ്‌മ. കെ.സി. കേശവപിള്ള രചിച്ച കേശവീയം ഗ്രന്ഥശാലയിലെത്തിച്ചത് ഒരു കൂട്ടം പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും.

മുന്നോട്ടുള്ള പോക്ക്
കേരള സമൂഹത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത വിജ്ഞാനപ്രവര്‍ത്തനങ്ങള്‍ ഇതര ഭാരതീയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നന്നായി പുരോഗമിക്കുന്നുണ്ട്. പൊതുസമൂഹത്തിന് ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഗുണഫലങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഭാഷയില്‍ ഇന്റര്‍നെറ്റ് സമൂഹം നടത്തിയ ഇടപെടലുകള്‍ അതിന്റേതായ തരത്തില്‍ നമ്മള്‍ വിശകലനം ചെയ്‌തിട്ടുണ്ടോ. ഓണ്‍‌ലൈനില്‍ ഇടപെടുന്നവര്‍ക്ക് അറിയാം ഇവിടെ എന്തൊക്കെ നടക്കുന്നുവെന്ന് എന്നാല്‍ ഡിജിറ്റല്‍ ഡിവൈഡിന്റെ മറുകരയില്‍ ഉള്ളവര്‍ക്ക് ഇവിടെ നടക്കുന്ന ഭാഷാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സാമാന്യ ധാരണ പോലും ഇല്ല.
ഇവിടെ സംവാദത്തിന്റെ തലം കുറെ സുതാര്യമാണ്. ചര്‍ച്ച ചെയ്യുന്ന വിഷയത്തിലേക്ക് ഇടപെടേണ്ടവരെ പ്ലസിട്ടോ @ ഉപയോഗിച്ചോ വിളിച്ചുകൊണ്ട് വരാം, പെട്ടെന്ന് ക്ഷണിക്കാനും ഇടപെടാനും പറ്റുന്നത് നേട്ടമാണ്. ആര്‍ക്കും എന്തു പറയാം എന്നതാണല്ലോ ഓണ്‍‌ലൈന്‍ ചര്‍ച്ചയെ അവഗണിക്കുന്നവര്‍ പറയുന്ന പതിവ് ന്യായം. എന്നാല്‍ ഉത്തരവാദിത്വത്തോടെ വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കേ അല്ലെങ്കില്‍ മറുപടി പറയുന്നവര്‍ക്കേ വിശ്വാസ്യത (credibility) ഉണ്ടാകൂ. അങ്ങനെ ആധികാരികമായ, മേന്മയായ ചര്‍ച്ചകള്‍ നടക്കുന്ന എത്രയോ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാല്‍ മലയാളവും ഇന്ന് സമൃദ്ധം. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇന്റര്‍നൈറ്റ് പതിവായി ഉപയോഗിക്കുന്നവരിലും സൈബര്‍ പൌരന്മാരിലെ എല്ലാ പ്രശ്‌നങ്ങളും സമൂഹത്തിലും കാണും, അങ്ങനെ കാണുന്നതല്ലേ ഉചിതം.
അറിവിന്റെ പലതുറകളിലാണ് ഓണ്‍‌ലൈന്‍ വാസികള്‍ നിരന്തരം സമ്പര്‍ക്കപ്പെടുന്നത്, അതനുസരിച്ച് അറിഞ്ഞോ അറിയാതെയോ സ്വയം അപ്ഡേറ്റ് ആകുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് ഇതര/പൂര്‍വ സമൂഹം വ്യവസ്ഥാപിതമായ (hierarchy) വഴികളിലൂടെ ആണ് മുഖ്യമായും പുതിയ വിവരങ്ങളുമായി ഇണക്കപ്പെടുന്നത്. ഇതിന് സ്ഥലത്തിന്റേയും കാലത്തിന്റേയും പരിധികള്‍ ഉണ്ട്. ഇന്റര്‍നെറ്റ് നല്ലോരു പരിധിവരെ സ്ഥലകാല സീമകള്‍ക്കതീതമായി പുതുമകളെ കൂട്ടിക്കൊണ്ട് വരികയാണ്. അത് ലൈവ് ആയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ചര്‍ച്ച ആയി അല്ലെങ്കില്‍ പുതിയ സമരമാര്‍ഗത്തിലൂടെ അതുമല്ലങ്കില്‍ പലദേശങ്ങളില്‍ പല സമയങ്ങളില്‍ ഇരുന്ന് നിരന്തരം പുതുക്കപ്പെടുന്ന ഡിജിറ്റല്‍ പുരകളായ വിക്കിപീഡിയ പോലെയുള്ള നവീന സൌകര്യങ്ങള്‍ ആകാം.

(മാധ്യമം ആഴ്ചപ്പതിപ്പിൽ 2013 ൽ പ്രസിദ്ധീകരിച്ച ലേഖനം)