Wednesday, August 20, 2014

തിരഞ്ഞെടുപ്പിനെ സോഷ്യൽ മീഡിയ ലൈക്കിയാൽ !

ഫേസ്ബുക്ക്, ട്വിറ്റർ പോലെയുള്ള നവമാധ്യമങ്ങൾ കാര്യമായി പ്രചരണോപാധിയായി ഉപയോഗിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണ് കടന്ന് വരുന്നത്. മാസങ്ങൾക്ക് മുന്നെ തന്നെ പുറത്ത് വന്ന ഒരു പഠനം അനുസരിച്ച് ഇന്ത്യയിൽ 160 ലോക്‌സഭാ മണ്ഡലങ്ങളിൽ നിർണായകമായ ഒരു റോൾ വഹിക്കാൻ സോഷ്യൽ മീഡിയ‌ക്ക് ആകും എന്ന് സൂചന നൽകിയിരുന്നു. ഫേസ്ബുക്ക് പോലെയുള്ള വെബ് ഇടങ്ങൾ വഴി അങ്ങ് പ്രചരണം നടത്തി കാര്യം തീർക്കാം എന്നല്ല ഇതിനർത്ഥം. പോസ്റ്റർ, ചുവരെഴുത്ത്, വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചരണം, കവല യോഗങ്ങൾ എന്നിവയ്‌ക്ക് ഉള്ളത് പോലെ തന്നെ കാര്യമായ പ്രാധാന്യം ഓൺലൈൻ പ്രചരണത്തിനും കൈവന്നിരിക്കുന്നു എന്നാണ് ഇതിൽ നിന്നും വായിച്ചെടുക്കാവുന്നത്. നെറ്റിനെ കാര്യമായി ഉപയോഗിക്കുന്ന സ്ഥാനാർത്ഥിയും, ഓ അത് വലിയ സംഭവമൊന്നുമല്ല എന്ന് വിചാരിക്കുന്ന എതിർ സ്ഥാനാർത്ഥിയും തമ്മിൽ ചെറിയതെങ്കിലും ഒരു അകലം അന്തിമ ഫലപ്രഖ്യാപനത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ഇന്റർനെറ്റിലെ പ്രചരണം യൂ ട്യൂബ്, വാട്ട്സ് ആപ്പ് എന്നിവ അടക്കമുള്ള സർവസന്നാഹങ്ങളും ഉപയോഗിച്ചാകും എന്നതിൽ തർക്കമില്ല. അതാണ് കണ്ട് തുടങ്ങിക്കഴിഞ്ഞിട്ടുള്ളതും. മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഡിജിറ്റൽ മീഡിയ റൂം തന്നെ സജ്ജീകരിച്ചിരിക്കുന്നത് കോടിക്കണക്കിന് രൂപ ചിലവിട്ടാണ്. സാധാരണ പ്രവർത്തകരെ ഭവനസന്ദർശനത്തിനും മറ്റ് പ്രചരണോപാധികൾക്കും നിയോഗിക്കുന്നത് പോലെ തന്നെ സൈബർ ചുവരെഴുത്തും സമാന വിനിമയോപാധികളും ഫലപ്രദമായി ഉപയോഗിക്കാൻ കാര്യമായ തോതിൽ തന്നെ ഓൺലൈൻ പ്രചാരകരെയും കണ്ടെത്തിക്കഴിയുക മാത്രമല്ല അവർക്ക് തികച്ചും പ്രൊഫഷണലായ പരിശീലനവും കൊടുത്തു കഴിഞ്ഞു. ഇത് സൂചിപ്പിക്കുന്നത് രാഷ്ട്രീയപാർട്ടികൾ സോഷ്യൽ മീഡിയ വഴിയുള്ള കാമ്പെയിൻ നല്ല രീതിയിൽ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു എന്നതാണ്.

കേവലം കാര്യങ്ങൾ പ്രചരിപ്പിക്കൽ മാത്രമല്ലല്ലോ ഇത് വഴി നടക്കുക, പരസ്പര സംവേദനം ലളിതമായി നടക്കുമെന്നതിനാൽ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നു അവരോട് എങ്ങനെ ഇടപെട്ട് മറുപടി പറഞ്ഞും വിശദീകരിച്ചും ഒക്കെ വോട്ട് സ്വന്തം പെട്ടിയിലാക്കാം എന്നിടത്താണ് ഓൺലൈൻ പ്രചാരവേലയുടെ ഊന്നൽ. സ്വഭാവികമായും പ്രവാസികളായ വലിയൊരു പങ്ക് ജനങ്ങൾ ഉള്ള സംസ്ഥാനത്ത് ഇങ്ങനെയുള്ള പ്രചരണ ഉപാധികൾ വളരെ നിർണായകമാണ്. അന്യനാട്ടിൽ ഇരുന്നും വോട്ടർമാർക്ക് നാട്ടിലെ രാഷ്ട്രീയ ചർച്ചയുടെ സ്‌പന്ദനം മനസിലാകും എന്നത് മാത്രമല്ല, അവർക്ക് തിരിച്ചും ചോദിക്കാനും അറിയാനും ഒക്കെ ഈ നവമാധ്യമം അവസരമൊരുക്കുന്നു. അത് കൊണ്ട് തന്നെ അത്രയെളുപ്പമാകില്ല ഇ-വോട്ട് പിടുത്തം. ഇല്ലാ വാർത്തകളെയും ഊഹങ്ങളെയും തൽക്ഷണം തന്നെ വെട്ടിയൊതുക്കാൻ സാധിക്കുമെങ്കിലും അപകീർത്തകരവും ആക്ഷേപവും ഒക്കെയായി വരും നാളുകളിൽ നമ്മുടെ ടൈം‌ലൈൻ നിറയും എന്നത് പ്രായോഗികവശം. ഇതിലൊക്കെ എവിടെ വരെ തിരഞ്ഞെടുപ്പ് കമ്മീഷനോ അല്ലെങ്കിൽ മറ്റ് ഏജൻസികൾക്കോ നിയന്ത്രണം സാധ്യമാകും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

വോട്ടർമാരെ പരമാവധി കണ്ട് വോട്ട് ചോദിക്കണം എന്നാണല്ലോ എല്ലാ സ്ഥാനാർത്ഥികളുടെയും അതാത് രാഷ്ട്രീയ പാർട്ടികളുടെയും ആഗ്രഹം. അത് മുൻപെങ്ങത്തെക്കാളും കൂടുതൽ സാധ്യമാകുന്നത് ഡിജിറ്റൽ മാധ്യമത്തിന്റെ സാന്നിദ്ധ്യം പ്രകടമാകുന്ന ഈ തവണ മുതൽ ആകും. സ്ഥാനാർത്ഥി ഒരു ഫേസ്ബുക്ക്/ടിറ്റർ വിളിപ്പുറത്ത് ! ഓൺലൈനിൽ നല്ല തഴക്കവും പഴക്കവും ഉള്ള ശശി തരൂരിനും എം‌ബി രാജേഷിനുമൊക്കെ ഇത് താരതമ്യേന എളുപ്പമെങ്കിൽ നെറ്റ് പരിചയം അത്ര സിദ്ധിക്കാത്തവർക്ക് സ്വന്തം ഡിജിറ്റൽ മീഡിയ സഹായികൾ വഴി ഇടപെടേണ്ടത് അനിവാര്യമാകുന്നു.

മറ്റൊരു വശത്ത് രാഷ്ട്രീയ എതിരാളികളെ ശരിപ്പെടുത്താനും സ്വന്തം സൈബർ ജന സമ്മിതി വർധിപ്പിക്കുവാനുമായി പതിനെട്ട് ഡിജിറ്റൽ അടവും പുറത്തെടുക്കുന്നവർക്കും കുറവുണ്ടാകില്ല. ഫേക്ക് ഐഡി മുതൽ നിർമ്മിത ലൈക്ക് വരെ ഇതിന് ഉപയോഗിക്കും. വളരെ സർഗാത്മകമായി വീഡിയോ പങ്കിടൽ സൈറ്റുകൾ ഉപയോഗിച്ചാൽ സ്ഥാനാർത്ഥികളുടെയോ അല്ലെങ്കിൽ മുഖ്യ പ്രാസംഗികരുടെയോ ഒക്കെ വളരെ പ്രസക്തമയ / സരസമായ / കാമ്പുള്ള പ്രചരണ പ്രസംഗത്തിന്റെ വീഡിയോ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിക്കാം. ഒരു പക്ഷെ നഗര ചത്വരത്തിലെ പ്രസംഗം കേൾക്കാൻ നേരിട്ട് വരാൻ സാധിക്കാതെ പോയ വോട്ടർമാർക്കും തങ്ങളുടെ പ്രീയ നേതാക്കൾ എന്തുപറഞ്ഞു എന്നറിയാൻ താത്പര്യമുണ്ടാകുമല്ലോ, അവരൊക്കെ യൂ ട്യൂബ് വീഡിയോ കാണാൻ വരില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും. അതായത് പ്രസംഗം കേൾക്കാൻ മുന്നിൽ കൂടിയ ജനാവലി വച്ച് അളക്കാനാകില്ല യഥാർത്ഥ അന്തിമ കേൾവിക്കാരെ. വളരെ പ്രസക്തമായ സംസാരമാണെങ്കിൽ ആ വീഡിയോ ഒക്കെ പങ്കിട്ട്/കൈമാറി വൈറൽ ആയി വോട്ടർമാരിലേക്ക് പരമാവധി എത്തും. പോയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇങ്ങനെ ചില നേതാക്കളുടെ പ്രസംഗം നല്ല തോതിൽ പ്രചരിച്ചിരുന്നു എന്നത് ഓർക്കാം.

താരതമ്യേന ചിലവ് കുറഞ്ഞ പ്രചരണോപാധി എന്നതിനെക്കാളും വളരെ കൃത്യമായി അളന്നിടാവുന്ന (ടാർജറ്റ്) ആശയപ്രചരണമായി ഓൺലൈൻ കാമ്പെയിനിങ്ങ് മാറിക്കൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യം. അങ്ങോട്ടുമിങ്ങോട്ടുമുള്ള സംവേദനം സാധ്യമാകുന്നതിനാൽ, പൗരസമൂഹത്തിന്റെ ആവശ്യമെന്ത്? എന്തൊക്കെയാണ് ചെയ്യേണ്ടത്? എന്ന് രാഷ്ട്രീയപാർട്ടികൾക്ക് വായിച്ചറിഞ്ഞ് ആസൂത്രണം ചെയ്യാനും സോഷ്യൽ മീഡിയ വഴിയൊരുക്കും. പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പെട്ടെന്ന് സംഘടിപ്പിച്ച് താഴെ തട്ടിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ഫേസ്ബുക്ക്,ട്വിറ്റർ,ഗൂഗിൾ പ്ലസ്,വാട്ട്സ് ആപ്, പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കും എന്നതിൽ തർക്കമില്ല. ചുരുക്കത്തിൽ സോഷ്യൽ മീഡിയ രണ്ട് തരത്തിൽ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പിനാണ് നാം സാക്ഷിയാകുന്നത്. ഒന്നാമതായി വോട്ടർമാരിലേക്കുള്ള നേരിട്ടുള്ള പ്രചരണ സംവിധാനമായി, രണ്ടാമത്തേത് പ്രചരണപ്രവർത്തനങ്ങളുടെ വിവിധ തലങ്ങളിലെ ഏകോപനവും ആസൂത്രണവുമായി ബന്ധപ്പെട്ടും.

ബരാക്ക് ഒബാമയൂടെ ഡിജിറ്റൽ പ്രചരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച Chris Hughes, സൂചിപ്പിച്ചത് ഇങ്ങനെയായിരുന്നു what made the site unique was not the “technology itself, but the people who used the online tools to coordinate offline action.”

(2014 പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് വെബ്‌പോർട്ടലിൽ എഴുതിയത്)

1 comment:

ajith said...

നമ്മുടെ പി എം ആണെങ്കില്‍ ന്യൂസ് ലെറ്ററുകള്‍ അയച്ചുകൊണ്ടേയിരിക്കുന്നു