Wednesday, April 30, 2014

ഞാനിപ്രേ , വവവ , എമശ.......

എന്തായിത് എന്നായിരിക്കും ആലോചിക്കുന്നത് അല്ലേ

ചുരുക്കെഴുത്ത് അല്ലെങ്കില്‍ വാമനരൂപം ഇന്ന് എല്ലാ ഭാഷകളും നേരിടുന്ന പ്രശ്‌നം തന്നെയാണ്. ഇപ്പോള്‍ ആംഗലേയ ഭാഷ ഈ വെല്ലുവിളിയുടെ നടുവിലാണ്. NOIDA മുതല്‍ POLICE വരെ BPL മുതല്‍ WIPRO വരെ എന്ന് വേണ്ട ഇന്ന് പൂര്‍ണരൂപം തന്നെ പലര്‍ക്കും നിശ്ചയമില്ലാതെ ആയിരിക്കുന്നു. ചിലപ്പോള്‍ ചുരുക്കെഴുത്ത് ഉപയോഗിച്ച് വരുന്നവര്‍ പൂര്‍ണരൂപം എഴുതുമ്പോള്‍ അക്ഷരത്തെറ്റും വരാറുണ്ടത്രേ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ ചുരുക്കെഴുത്തിനെ കുറ്റം പറയാനുമാകില്ല. മൊബീല്‍ ഹ്രസ്വ സന്ദേശവും ട്വിറ്ററും അക്ഷര/അക്കക്കൂട്ടങ്ങളെ 140 എണ്ണത്തില്‍ നിലക്ക് നിര്‍ത്താന്‍ ആജ്ഞാപിക്കുമ്പോള്‍ വാമനരൂപത്തെ പ്രണയിക്കേണ്ടി വരും. ചില അവസരങ്ങളില്‍ കാര്യമാത്ര പ്രസക്‍തമായി വിവരം നല്‍കാനും ഇത് പ്രയോജനപ്പെടും.

നിലവില്‍ മലയാള ഭാഷ ഈ പ്രശ്‌നത്തിന്റെ നടുവില്‍ എത്താത്തതിന്റെ ഒരു കാരണം മൊബീല്‍ ഫോണില്‍ മലയാളം ഹ്ര സ എഴുതാന്‍ സാങ്കേതികമായി പൂര്‍ണസജ്ജം ആയിട്ടില്ല എന്നതാണ്. മറ്റൊരു കാര്യം ഈ ചുരുക്കെഴുത്ത് മലയാളത്തില്‍ ആയാല്‍ നന്നാകില്ല എന്ന ഒരു മുന്‍‌വിധി നമുക്കില്ലാതില്ല. എന്നാല്‍ യഥാര്‍ത്ഥ്യം നേരേ മറിച്ചാണ്. രസകരമായ അല്ലെങ്കില്‍ എളുപ്പം ഓര്‍ത്തുവയ്ക്കാവുന്ന സുന്ദര ചുരുക്കെഴുത്ത് പദങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട്. നമ്മള്‍ അത് കാണുന്നില്ല എന്ന് മാത്രം
ഞാനിപ്രേ = ഞാന്‍ നിന്നെ പ്രേമിക്കുന്നു
www ന് വവവ (വിശ്വ വ്യാപക വല)
എന്നാണ് ഗുരു നിത്യചൈതന്യയതി കൊടുത്ത വാമനരൂപം

എ മ ശ നമ്പൂതിരിപ്പാട് എന്ന് എഴുതുന്നതല്ലേ കൂടുതല്‍ ഉചിതം. മലയാളത്തെ ഇത്രമേല്‍ സ്‌നേഹിച്ച ഒരു രാഷ്ട്രീയക്കാരന്‍ അന്നും ഇതുവരെയും ഉണ്ടായിട്ടില്ല. പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന ഒരു ലേഖനം ഇ എം എസ് എഴുതിയതായിരുന്നു. അതില്‍ അദ്ദേഹം എമശ യെ പറ്റി പരാമര്‍ശിച്ചിരുന്നു എന്നോര്‍ക്കുന്നു

ചുരുക്കെഴുത്ത് ഇപ്പോള്‍ ഒരു നിത്യസംഭവമായിട്ടുണ്ട്. BBC,CNN,NDTV,DD തുടങ്ങിയവ പൂര്‍ണരൂപത്തെക്കാള്‍ ഹിറ്റാണല്ലോ. ഇതിനെ ആല്‍ഫബറ്റിസം എന്നും പറയുന്നു. ഈ ആല്‍ഫബറ്റുകളെ ഒറ്റവാക്കായി പറയുമ്പോള്‍ അക്രോനിം ഉണ്ടാകും. പെലിസ് മുതല്‍ ഇസ്‌റോ വരെ :-)

ഗളച്ഛേദം വരുത്തിയ വാക്കുകളും ആംഗലേയത്തില്‍ സുലഭം ഉദാ Prof, Princi, Num, Tech (Professor, Princi, Number, Technology ) .
മിശ്രിതവാക്കുകളും ധാരാളമത്രേ. Infotainment (Information+ Entertainment), Advertorial (Advertisement + Editorial), Mechatronics (Mechanical + Electronics)

പറഞ്ഞുവരുന്നത്. മൊബീല്‍ ഫോണിലെ മലയാളം ടൈപ്പിംഗ് വ്യാപകമാകുന്നതോടെ മലയാളഭാഷയും ഈ വെല്ലുവിളി/ അവസരത്തെ അഭിമുഖികരിക്കും, അത് നമ്മള്‍ എങ്ങനെ നേരിടും എന്നാണ്.
കുറച്ച് പേര്‍ ഭാഷയെ കൊന്നു എന്ന് നിലവിളിക്കും മറ്റ് ചിലരാകട്ടെ എന്തിനും എതിനും വാമനരൂപവും,ഗളച്ഛേദവും,മിശ്രണവാക്കും ഉണ്ടാക്കി ഭാഷയെ കൊല്ലും.

ഇതിനിടയില്‍ നിന്ന് അരിച്ചെടുത്താല്‍ നേരത്തെ സൂചിപ്പിച്ച വവവ പോലെയുള്ള നല്ല ലളിത സുന്ദര പദങ്ങളെ ഭാഷയിലേക്ക് സ്വരുക്കൂട്ടാം

1 comment:

Kalavallabhan said...

നല്ല ലേഖനം.
വ വ വ കൊള്ളാം.