Saturday, September 21, 2013

ബാങ്കുകളിലെ സോഫ്ട്‌വെയര്‍ ഔട്ട്സോഴ്സിംഗ് പൊതുമേഖലയിലേക്ക് അല്ലേ കൂടുതല്‍ നല്ലത് ?


അധ്വാനം പുറത്തേക്ക് പോകുന്നത് ആണല്ലോ നമ്മള്‍ പുറംജോലിക്കരാര്‍ എന്നത് കൊണ്ട് സാമാന്യമായി ചര്‍ച്ച ചെയ്യുന്നത്. ടെക്‍നോളജി രൂപപ്പെടുത്താന്‍ മറ്റുള്ള കമ്പനികളെ ആശ്രയിക്കുമ്പോള്‍ (ഇതും ഔട്ട്‌സോഴ്സിംഗ് തന്നെ) ലഭിക്കുന്നത് ഒരു സോഫ്ട്‌വെയര്‍ മാത്രമായി കാണാതെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന മനുഷ്വാധ്വാനത്തെ കൂടി കാണണം. സാങ്കേതികവിദ്യയുടെ ഉപായങ്ങളില്‍ കാര്യമായ തോതില്‍ മനുഷ്യന്റെ ബുദ്ധിശക്തി ഉപയോഗപ്പെടുത്തിയാണ് സോഫ്ട്‌വെയര്‍ ഉണ്ടാക്കി എടുക്കുന്നത്. ഇതര വ്യവസായങ്ങളില്‍ ഒരിക്കല്‍ ഉണ്ടാക്കി എടുത്ത വിജയകരമായ മാതൃക അനുസരിച്ചാണ് വ്യാവസായികമായി വന്‍ തോതില്‍ ഉത്പാദനം നടത്തുന്നത്. മോട്ടോര്‍ കാര്‍ മുതല്‍ സോപ്പ് വരെ ഉദാഹരണം. ആവശ്യകത കൂടുന്നതനുസരിച്ച് വില കുറയാന്‍ സാധ്യതയും ഉണ്ട്. എന്നാല്‍ സോഫ്ട്‌വെയര്‍ അങ്ങനെ അല്ല. ഒരിക്കല്‍ വിജയകരമായാല്‍ അവയുടെ വ്യാവസായികമായ വ്യാപനത്തിന് വേണ്ടി കൂട്ടിച്ചേര്‍ക്കപ്പെടുന്ന അധ്വാനം പരമ്പരാഗത വ്യവസായശാലകളെ അപേക്ഷിച്ച് തുലോം തുശ്ചമാണ്, അഥവാ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇതിനനുസരിച്ച് അല്ല ഇതിന്റെ വില മിക്കപ്പോഴും നിശ്ചയിക്കപ്പെടുന്നത്. എ എന്ന ബാങ്കിന് വേണ്ടി ഉണ്ടാക്കിയ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ ബി മുതല്‍ ഇസഡ് വരെയുള്ള ബാങ്കുകള്‍ക്ക് ഒരു കമ്പനി കൊടുക്കുന്നത് ഒരോ തവണയും ആദ്യമായി ഉണ്ടാക്കുന്ന തരത്തില്‍ വിലയിട്ടാണ്. ചിലപ്പോള്‍ ഒരോ ബാങ്കിന്റെയും രീതി അനുസരിച്ച് ചില മുഖം‌മിനുക്കല്‍ സമാനമായ മാറ്റം ഉണ്ടാകും, പക്ഷെ ഇതിന് ആവശ്യമായി വരുന്ന അധ്വാന മണിക്കൂറുകള്‍ എടുത്ത് താരതമ്യം ചെയ്‌താല്‍ അവഗണിക്കാവുന്ന തരത്തില്‍ തുശ്ചമാണ് മൂല്യ വര്‍ദ്ധനവ് എന്ന് ബോധ്യമാകും
ഇവിടെയാണ് കാര്യമായി ഇടപെടേണ്ടത്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് രംഗത്ത് ഭാരതത്തെ പോലെ സുശക്‍തമായ പൊതു മേഖലാ സ്ഥപനങ്ങളുടെ നിര മറ്റൊരു രാജ്യത്തിന് ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഇലക്‍ട്രോണിക്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സിഡാക്, ഭാരത് ഇലക്‍ട്രോണിക്‍സ് , കേന്ദ്ര ഇലക്‍ട്രോണിക്‍സ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍‌സ്റ്റിട്യൂട്ട്.....തുടങ്ങീ കേരളത്തിലെ കെല്‍‌ട്രോണ്‍ വരെ. പൊതുമേഖലാ സ്ഥാപനത്തെ ആണ് ഇക്കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ആശ്രയിക്കുന്നത് എങ്കില്‍ അത് ഫലപ്രദമായതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്ത്രപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുന്ന തീരുമാനവും ആണ്‍. സോഫ്ട്‌വെയര്‍ സങ്കേതങ്ങള്‍ നിര്‍മ്മിക്കാനും അത് വിന്യസിക്കാനും മിക്കപ്പോഴും പുറത്തെ സ്ഥാപനങ്ങളെ ആശ്രയിക്കാറുണ്ട്, ഇതില്‍ തെറ്റുമില്ല കാരണം ഉദാഹരണമായി ബാങ്കിനെ തന്നെ എടുത്ത് പറയാം. കോര്‍ ബാങ്കിംഗിനും മറ്റ് ഉപാധികള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗിനും ഒക്കെ വ്യത്യസ്ഥമായ പാക്കേജുകളോ അല്ലെങ്കില്‍ മൊഡ്യൂളുകളോ ആവശ്യം വരും. ഇതില്‍ സിഡാക്ക്, എന്‍ ഐ സി പോലെയുള്ള സോഫ്‌ട്‌വെയര്‍ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ആണ് ആശ്രയിക്കുന്നതെങ്കില്‍ സാമൂഹികപരമായ നേട്ടവും ഏറെയാണ്. നിലവില്‍ അതാത് ബാങ്കിന്റെ ഡാറ്റാ സെന്ററില്‍ ആണ് വിവരം അതുകൊണ്ട് വിവരചോരണം എന്ന പ്രശ്‌നം ഇല്ല എന്ന് പറയാമെങ്കിലും ടെക്നോളജി ഔട്ട്സോഴ്സിംഗ് എന്ന പേരില്‍ പുറത്തേക്ക് പോകുന്ന പണത്തിന് ആനുപാതികമായ തൊഴില്‍ പുറത്ത് സൃഷ്‌ടിക്കപ്പെടുന്നില്ല എന്നത് കാര്യമായ വിശകലനത്തിന് വിധേയമായിട്ടുണ്ടോ?

എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും സോഫ്ട്‌വെയര്‍ നിര്‍മാണത്തിന് വര്‍ഷം തോറും എത്രമാത്രം പണം, സമയം എന്നിവ ചിലവഴിക്കുന്നുവെന്ന് നോക്കിയാല്‍ ഇത് എല്ലാം കൂടി ഒരു പൊതുമേഖലാ സ്ഥാപനത്തിലേക്ക് കൊണ്ട് വന്നാല്‍ ഉണ്ടാകുന്ന നേട്ടം മനസിലാകും. മാത്രവുമല്ല ഇക്കാര്യത്തില്‍ പ്രത്യേകമായ ഒരു വൈദഗ്ദ്യം നമുക്ക് ഉണ്ടാക്കി എടുക്കുകയും ചെയ്യാം. സോഫ്ട്‌വെയര്‍ ഉണ്ടാക്കല്‍ ,ഇന്‍‌സ്റ്റലേഷന്‍ , പരിപാലനം എന്നിവ അത്രമേല്‍ കുശാഗ്രമായ വൈദഗ്ദ്യം വേണ്ടുന്ന റോക്കറ്റ് സയന്‍സ് ഒന്നുമല്ല. കൂട്ടായ യത്നത്തിലൂടെ സുസ്ജ്ജമായ ഒരു പാക്കേജ് ഉണ്ടാക്കി എടുക്കാവുന്നതേയുള്ളൂ

ഇനി നിലവിലുള്ള പൊതുമേഖലാ കം‌പ്യൂട്ടര്‍ /ഐടി സ്ഥാപനങ്ങളില്‍ വിശ്വാസം വരുന്നില്ലങ്കില്‍ ഇതിനായി ഒരു പുതിയ സ്ഥാപനം ഉണ്ടാക്കുന്നതിലും തെറ്റില്ല. വിവിധ ബാങ്കുകള്‍ സഹകരിച്ചാണല്ലോ സിബില്‍ , സര്‍സായി (CIBIL, CERSAI ) സേവനങ്ങള്‍ എന്നിവ ഇപ്പോള്‍ നല്‍‌കുന്നത്, അതില്‍ സഹകരിക്കാമെങ്കില്‍ ഇതും സാധ്യമാണ്.
സ്വതന്ത്ര സോഫ്ട്‌വെയറിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ സോഫ്ട്‌വെയര്‍ നിര്‍മാണത്തിന് വേണ്ടി വരുന്ന ചിലവ് ഇനിയും ഗണ്യമായ തോതില്‍ കുറയ്‌ക്കുകയും ചെയ്യാമെന്ന മെച്ചവുമുണ്ട്. മാത്രമല്ല ഒരോ കമ്പ്യൂട്ടറിലേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും ഓഫീസ് പാക്കേജിനും മുറയ്‌ക്ക് നല്‍കേണ്ടി വരുന്ന ആവര്‍ത്തന ചിലവ് നിലയ്‌‌ക്ക് നിര്‍ത്താം.

ഡിജിറ്റല്‍ ആസ്തികള്‍ക്ക് മരണ ശേഷം എന്തു സംഭവിക്കും ?


ഈ ദുനിയാവില്‍ നമ്മള്‍ ഉണ്ടാക്കിയ ഭൌതികമായതും (വസ്തു,വീട്,വാഹനം,....) അല്ലാത്തതുമായ (റോയല്‍റ്റി , പേറ്റന്റ്..) എല്ലാം നീയമപരമായ അവകാശിക്ക് കൊടുക്കുന്നതില്‍ പുതുതായി ഒന്നുമില്ല . എന്നാല്‍ ഡിജിറ്റല്‍ എസ്റ്റേറ്റിലെ ആസ്‌തികള്‍ എങ്ങനെ നിയമപരമായ അവകാശികള്‍ക്കോ അല്ലെങ്കില്‍ ഇഷ്ടദാനമോ ആയി മുന്‍‌കൂട്ടി നിശ്ചയിച്ചവര്‍ക്കോ കൊടുക്കും. കുറച്ച് കൂടി വ്യക്തമാക്കാം. എഴുത്തുകാരൊക്കെ മരിച്ചാല്‍ പിന്നീട് കുടുംബാംഗങ്ങളോ പ്രീയരോ അപ്രകാശിത കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. ഇത് വഴി പണം മാത്രമല്ല കിട്ടുന്നത്, മരിച്ച് പോയവരുടെ സഫലമാക്കാതെ പോയ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്. ഇതില്‍ നിന്ന് സമകാലീന ഡിജിറ്റല്‍ സാഹചര്യത്തിലേക്ക് വരാം, ഇന്റര്‍നെറ്റില്‍ നന്നായി മേയാന്‍ അറിയാവുന്ന ഒരു എഴുത്തുകാരന്‍ എഴുതിയത് ഇ മെയിലില്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വായിക്കാനുള്ള പബ്ലിഷ് ബട്ടന്‍ അമര്‍ത്താതെ ബ്ലോഗില്‍ കിടക്കുക ആണെന്ന് വയ്‌ക്കുക. മരണശേഷം ഇത് വീണ്ടെടുക്കുന്നതെങ്ങനെ?
അപ്പോള്‍ നിശ്ചയമായും നിയമപരമായ അവകാശിക്ക് പാസ്‌വേഡ് കൈമാറേണ്ടതല്ലേ ? എഴുത്തുകാരനും വായനക്കാരനും ഒക്കെ പോകട്ടെ. മകനെയോ മകളെയോ അകാലത്തില്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് മക്കളുടെ ഫേസ്‌ബുക്കില്‍ ഇട്ട ഫോട്ടോകള്‍ കാണണം. അതിനുള്ള അര്‍ഹത അവര്‍ക്കുണ്ടല്ലോ.

വില്‍‌പത്രമെഴുതുമ്പോള്‍ ഗൂഗിളിനോട് പറഞ്ഞ് എന്റെ ജിമെയില്‍ പാസ്‌വേഡ് മക്കള്‍ക്ക് കൊടുക്കണം എന്ന് മാതാപിതാക്കള്‍ക്ക് എഴുതാനാകുമോ
? ചിലപ്പോള്‍ പ്രീയ വായനക്കാരന്‍ ചിന്തിക്കുന്നുണ്ടാകാം പാസ്‌വേഡ് എവിടെയെങ്കിലും സുരക്ഷിതമായി എഴുതിയിട്ട ശേഷം അല്ലെങ്കില്‍ വില്‍‌പത്രം എഴുതുന്ന വേളയില്‍ വക്കീലിനോടോ മറ്റോ കൊടുത്താല്‍ പോരെ? ഇത് പൂര്‍ണമായും ശരിയാകില്ല കാരണം സാങ്കേതികപരമായി ചാറ്റില്‍ മറുതലയ്‌ക്കിരിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ജീവനുള്ള വ്യക്തിയാണ്. കമ്പ്യൂട്ടറിനോ മൊബൈലിനോ അറിയില്ലല്ലോ ഉടമസ്ഥന്‍ തന്നെയാണ് ഇപ്പോള്‍ പാസ്‌വേഡ് ടൈപ്പ് ചെയ്‌തത് എന്ന്, ചിലപ്പോള്‍ മരിച്ച് പോയ ആള്‍ മരണശേഷം പോലും ആരെയും അറിയിക്കണമെന്ന് ആഗ്രഹിക്കാത്ത തികച്ചും സ്വകാര്യമായി വച്ച വിവരവും വെളിപ്പെട്ടേക്കാം.

അതേ സമയം തന്നെ മറ്റോരു സാധ്യതയും നോക്കുക
. നിക്ഷേപം, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൌണ്ട് തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ എത്തുന്നത് ഇമെയില്‍ സ്റ്റേറ്റ്മെന്റായി ആകും, ചുരുക്കം ചിലരെങ്കിലും പ്രിന്റ് ചെയ്‌ത പാസ്‌ബുക്ക് ബാങ്കില്‍ നിന്ന് വാങ്ങിയിട്ട് പോലുമുണ്ടാകില്ല അപ്പോള്‍ ഇങ്ങനെയുള്ളവരുടെ പണമിടപാട് കുടുംബാംഗങ്ങള്‍ക്ക് അറിയേണ്ടത് അനിവാര്യമാണ്. കടമെടുത്തതിന്റെ വിവരവും നിലവിലെ പണനീക്കിയിരുപ്പും ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങളിലാണന്ന് അറിയാന്‍ ഇ-മെയില്‍ അക്കൌണ്ടില്‍ കടക്കേണ്ടതുണ്ട്. എടുത്ത ഇന്‍‌ഷുറന്‍സിന്റെ വിശദവിവരം അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇന്‍‌ഷുറന്‍സ് എന്ന പദത്തിനെന്തര്‍ത്ഥം !

മറ്റ് ചിലരാകട്ടെ ഇമെയില്‍ ഫോള്‍ഡറില്‍ പല നിര്‍ണായകമായ വിവരങ്ങളും ടൈപ്പ് ചെയ്‌ത് വയ്‌ക്കാറുണ്ട്
, രഹസ്യമെന്നതിലുപരി എളുപ്പമെന്നതാകും ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്, സ്‌മാര്‍ട്ട് ഫോണുകളും പാഡ്/ടാബ് ഒക്കെ ദിനേനയുള്ള യാത്രയില്‍ സന്തത സഹചാരിയാക്കിയവരെ സംബന്ധിച്ചിടത്തോളം ഇത് നൂറ് ശതമാനം ശരി. ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഗൂഗിള്‍ ഡോക്‍സില്‍ ചെയ്‌ത് കൊണ്ടിരുന്ന പണി വീട്ടിലെത്തി തുടരാമല്ലോ. ഒരു പക്ഷെ പണിയെടുക്കുന്ന സ്ഥാപനത്തിലെ വളരെ ആവശ്യമുള്ള രേഖയാകും ഇത്. അച്ചടി യുഗത്തില്‍ ഈ പ്രശ്‌നം ഇല്ലല്ലോ? കാരണം മരണപ്പെട്ട് പോയ ആള്‍ എഴുതിയ ഫയലോ മറ്റോ വേറെ ഒരാള്‍ക്ക് എടുത്ത് നോക്കുന്നതില്‍ എന്ത് തടസം. എന്നാല്‍ ഇ-ലോകത്ത് മിക്കപ്പോഴും പാസ്‌വേഡിന്റെ പൂട്ട് പ്രശ്‌നക്കാരനാകും. കോര്‍പ്പറേറ്റ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പാസ്‌വേഡ് റീസെറ്റ് ചെയ്യാനോ അല്ലെങ്കില്‍ പ്രസ്‌തുത രേഖ എടുക്കാനോ സൌകര്യം കാണും. തീരെ ചെറിയ സ്ഥാപനമോ ഒരു വ്യക്തി തന്നെ നയിക്കുന്ന വണ്‍ മാന്‍ ഷോ സ്ഥാപനങ്ങളോ ചിലപ്പോള്‍ ആകെ കുരുക്കില്‍ ആയി പോകും.

എക്‍സ്ട്രാ ബൈറ്റ്
: ഒരു വെബ്‌ വില്‍‌പത്രം എഴുതാന്‍ പറ്റുന്ന നിയമസംവിധാനം ഉടനെ വരുമായിരിക്കും. ഒപ്പം സ്വകാര്യമായ വിവരങ്ങള്‍ ,ചാറ്റ് ഓപ്ഷന്‍ , പുറമേയ്‌ക്ക് മെയില്‍ അയക്കുന്നത് ഇതൊക്കെ മരവിപ്പിച്ച ശേഷം ഇമെയില്‍ ഐഡി പോലെ ഉള്ളവ പരിമിത സമയത്തേക്ക് നിയമപരമായ അവകാശികള്‍ക്ക് കൈമാറുന്ന രീതിയും എത്തേണ്ടതുണ്ട് .

നമ്മുടെ ഇ ഉലകം


(ഔട്ട്‌ലുക്ക് ന്റെ 2013മലയാളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

കണക്കിലെ കളികൾ നോക്കിയാൽ ഫേസ്ബുക്കിലെ അംഗസംഖ്യ ലോകമൊട്ടാകെ
115 കോടി. ഇന്ത്യയ്‌ക്ക് പിന്നാലെ ലോകത്തെ അടുത്ത രാജ്യമെന്ന് വേണമെങ്കിൽ ഉപമയായി പറയാം. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെയിലെ സ്ഥിതിവിവരക്കണക്ക് പ്രകാരം ഇന്ത്യയിലെ സജീവ ഉപയോക്‌താക്കളുടെ മാത്രം എണ്ണം 9 കോടിയോളം. സ്‌മാർട്ട് ഫോണിലൂടെയാണ് ഇനിയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൗഹൃദങ്ങളുടെ കുതിപ്പ് എന്നും ഉറപ്പിക്കുന്നതരത്തിലാണ് വിപണിയുടെ പോക്ക്. ഇന്ത്യയിൽ തന്നെ മെട്രോ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മൊബൈൽ ടെലഫോൺ കേരളത്തിലാണ് മാത്രവുമല്ല ഓൺലൈൻ പൗരന്മാരിൽ കേരളീയർ സക്രീയരുമത്രേ. അണ്ണാ ഹസാരെയുടെ സമരത്തിൽ നാടെങ്ങും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും എസ് എം എസ് സൗകര്യവും സമരമാർഗത്തിന് ഊർജം പകരാൻ ഉപയോഗിച്ചതിനും നാം സാക്ഷിയായി. എന്നാൽ എങ്ങനെയാണ് മലയാള നാട്ടിൽ സൈബർ സേവനങ്ങൾ ഉപയോഗിക്കപ്പെടുന്നത്.
സൂചിപ്പിച്ചത് പോലെ സമകാലിക ലോകത്തെ മാധ്യമ യാഥാർത്ഥ്യമായിക്കഴിഞ്ഞു ഇന്റർനെറ്റ്, വിശേഷിച്ചും അതിലെ സോഷ്യൽ മീഡിയ. ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമ വേരോട്ടമുള്ള കേരളത്തിൽ എങ്ങനെയാണ് ഇ-ലോകം വളരുന്നതും വികസിക്കുന്നതും എന്നത് ഗൗരവമുള്ള ചോദ്യം തന്നെ. ആർക്കും എഴുതാനാകുന്ന എല്ലാരും വായിക്കുന്ന അവനവൻ പ്രസാധനകാലത്ത് ഈ വിവരത്തള്ളിച്ചയിൽ അഥവാ പെരുക്കത്തിൽ എങ്ങനെ ആധികാരികത ഉറപ്പാക്കാനാകും എന്ന ചോദ്യം ഉയരുന്നുണ്ട് . എന്നിരിക്കിലും ഇന്റർനെറ്റിൽ മലയാളികളുടെ ഇടപെടൽ പല സാഹചര്യങ്ങളിലും പരമ്പരാഗത മാധ്യമങ്ങൾക്ക് വെല്ലുവിളിയോ താക്കീതോ ആകുന്നു. എല്ലാ മാധ്യമങ്ങൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും അവരവരുടെ താത്പര്യങ്ങളും നയവും ഒക്കെ ഉണ്ട്, അതിനനുസരിച്ചാണ് രചനകൾ/നയങ്ങൾ പ്രകാശിതമാകുന്നത്. രാഷ്‌ട്രീയ ചർച്ചകളിൽ മാത്രമല്ല, വിപണിയിലെ ഉത്പന്നങ്ങളുടെ അവകാശവാദങ്ങളെ പൊളിക്കാനും സിനിമ ഇറങ്ങുന്ന ആദ്യ ഷോ സമയം മുതൽ തന്നെ അതിനെ നിശിതമായ ചർച്ചയ്‌ക്കും വിമർശത്തിനും വിധേയമാക്കുന്നത് ഏത് സംവിധായകനെ ആണ് അസ്വസ്ഥമാക്കാതിരിക്കുനത്. എന്തിനേറേ പറയുന്നു ചിലർ സോഷ്യൽ നെറ്റ്‌വർക്കിംഗിലെ കമന്റുകളും പോസ്റ്റുകളും നോക്കിയാണ് സിനിമയ്‌ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തന്നെ. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ആരെയും കൂസാത്ത മലയാളി ഇ-പൗരന്മാർ എവിടെ വരെ പോയിട്ടുണ്ട് ഈ ഇന്റർനെറ്റിന്റെ സ്വാതന്ത്ര്യച്ചിറകിലേറി എന്നത് പ്രസക്‌തമാകുന്നു. വിക്കിലീക്ക്സിന്റെ ജൂലിയൻ അസാഞ്ചെയും അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ പുറം ലോകത്തെത്തിക്കാൻ കാരണക്കാരനായ എ‌ഡ്വേഡ് സ്‌നോഡനും ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ ഇവിടെയും എണ്ണമറ്റ ആൾക്കാർ തയാർ. എന്നാൽ സാധ്യമായ എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും വിവരാവകാശം പോലെയുള്ള നിയമ പരിരക്ഷ സഹായ ഹസ്‌തവുമായി പിന്നാമ്പുറത്ത് ഉള്ളപ്പോഴും കാര്യമായ എന്ത് അഴിമതി വിവരമാണ് നമ്മൾ സൈബർ ഇടം വഴി പുറത്തെത്തിച്ചത്.
ഇന്റർനെറ്റ് എന്നാൽ സാഹിത്യം എഴുതാനും വായിക്കാനും ഉള്ള സമർത്ഥമായ ഇടം കൂടിയാണല്ലോ. ചിലർക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് സിറ്റിസൺ ജേണലിസത്തിന്റെ സീമാതിതമായ സാധ്യതകൾ ആണ് ഹരം പിടിപ്പിക്കുന്നതെങ്കിൽ മറ്റുചിലർക്ക് കഥയും കവിതയും എഴുതാനുള്ള ഒരു വലിയ ചുവരായി ഫേസ്ബുക്ക് വാളുകൾ മാറുന്നു. പക്ഷെ വായനയുടെ കാര്യത്തിൽ ഇപ്പോഴും നമ്മളിൽ ചിലരെങ്കിലും തനി പാരമ്പര്യവാദികൾ തന്നെ എന്നതിൽ സംശയമില്ല.
ഫേസ്‌ബുക്ക്/ബ്ലോഗ് തുടങ്ങിയവയിലെ എഴുത്തിനെയും എന്തിനധികം ഇ-ബുക്ക് റീഡറിലെ പുസ്‌തക വായനയേയും ഒരു നിർണായക ന്യൂനപക്ഷം എതിർക്കുന്നത് ഒരു തരം പഴയ മാമൂലുകളെ വിടാതെ കെട്ടിപുണർന്ന് കൊണ്ടിരിക്കുകയും അതേ സമയം വായനയുടെ പുതുവഴികളോട് ഒരു തരം നിഷേധാത്മക സമീപനവും കൂടി ചേരുംപടി ചേർത്തല്ലേ? . മാമൂലുകളും ഭൂതകാലക്കുളിരു (നോസ്റ്റാൾജിയ) കലർന്ന സാമൂഹിക ജഡത്വം (social inertia) ഇപ്പോഴും നമ്മെ ഭരിക്കുക ആണെന്ന് കരുതുക ആയിരിക്കും ഇവരുടെ കാര്യത്തിലെങ്കിലും ശരി. അത് കൊണ്ടല്ലേ ബ്ലോഗിൽ എഴുതുന്നത് ഒന്നും കവിത അല്ല എന്ന് അഭിപ്രായം പടച്ച് വിടുന്നത്. എഴുതുന്നത് അല്ല മറിച്ച് എഴുതി പ്രകാശിപ്പിച്ച് വരുന്ന തലം ആണ് മുഖ്യമെന്ന് കരുതുന്നവരുടെ യുക്‌തി എവിടെയാണ് ആണ്ടിരിക്കുന്നത് ? ഒരു പക്ഷെ ശ്രീനാരായണഗുരു ജീവിച്ചിരുന്നത് ഈ സമയത്ത് ആയിരുന്നെങ്കിൽ 'ആത്മോപദേശ ശതകം' രചിക്കപ്പെടുന്നത് ട്വിറ്റർ ടൈം ലൈനിൽ ആയിരുന്നേനേ. ഗുരുവിന് ആ കാലത്ത് തന്നെ വളരെ പുരോഗമനപരമായ പലകാര്യങ്ങളെയും പുൽകാനുള്ള മാനേജ്മെന്റ് വൈഭവം ഉണ്ടായിരുന്നു എന്നതിന് ഒന്നിലേറേ ഉദാഹരണവും ഉണ്ടല്ലോ. കടലാസും പേനയും ഉപയോഗിച്ചേ ഞങ്ങൾക്ക് വശമുള്ളൂ. അതല്ലാത്ത എല്ലാറ്റിനെയും വച്ച് പൊറുപ്പിക്കില്ല എന്ന് കരുതുന്നവരുടെ കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അവർ തന്നെ കാണുന്നില്ല എന്നത് ഈ എതിർപ്പാശാന്മാരുടെ മറ്റൊരു വശം . നമ്മൾ ഒരു സംക്രമകാലത്തിന്റെ ഘട്ടത്തിലാണ്. അതിന്റെ വെപ്രാളമാണ് കൂടുതലും. ഇന്ന് ആരും താളിയോലയിൽ എഴുതുന്നില്ലല്ലോ. താളിയോല കാലഘട്ടത്തിൽ നിന്ന് അച്ചടിയിലേക്ക് പിച്ച വച്ചപ്പോഴും ഇതിലേറേ ഭയപ്പാട് ഉണ്ടായിരുന്നു എന്ന് മറക്കരുത്.

വെളുത്ത കടലാസോടു
കറുത്ത മഷി ചേരവേ
പാരിടത്തിന് വന്നല്ലോ
ഭാഗധേയം സമസ്തവും
-
പുസ്തക മാഹാത്മ്യം (ഉള്ളൂര്‍)

അക്കാലത്ത് അച്ചടി മുദ്രണം വരുന്ന കാലത്ത് ഉയര്‍ന്ന എതിര്‍പ്പിനെ പ്രതിരോധിക്കാന്‍ മഹാകവി ഉള്ളൂര്‍ എഴുതിയതില്‍ നാല് വരി. ഇക്കാലത്ത് ഇ-ബുക്ക് റീഡറുകളെയും ഇന്റര്‍നെറ്റ് എഴുത്തിനെയും കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ നമുക്കില്ലാതെ പോകുന്നത് ഒരു ഉള്ളൂരല്ലേ എന്ന് സന്ദേഹിക്കുന്നതിൽ തെറ്റില്ല. എന്നാല്‍ കടലാസില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേയ്ക്കുള്ള മാറ്റം വിവരശേഖരത്തോടൊപ്പം വിവര സംസ്‌കരണമെന്ന പുതിയൊരു സൗകര്യം കൂടി വാഗ്ദാനം ചെയ്യുന്നു എന്നത് സൗകര്യപൂർവം വിസ്‌മരിക്കുകയോ അല്ലെങ്കിൽ അതിനെ പറ്റി ഗ്രാഹ്യമില്ലാതെയോ ആണ് എതിർപ്പ് ഇപ്പോഴും തുടരുന്നത്.

എല്ലാരും എഴുതുന്ന-എല്ലാരും വായിക്കുന്ന, തർക്കിക്കുന്ന, ഇണങ്ങുന്ന-പിണങ്ങുന്ന ഈ ഒരുമിക്കൽ ഇടത്തിന്റെ നേട്ട കോട്ടങ്ങൾ എന്താണ് ? ചിലർക്ക് പോയകാല സൗഹൃദം കാത്ത് സൂക്ഷിക്കാൻ. അതിനായി പഴയ കാല ഫോട്ടോയും ഇപ്പോഴത്തെ ജീവിതവഴി കാഴ്‌ചകളും ഒക്കെ അവർ മുടങ്ങാതെ പകർത്തി പങ്ക് വയ്‌ക്കുന്നു. ഗൗരവമായ ചർച്ചയ്‌ക്ക് ഇവർക്കിടയിൽ സ്ഥാനമില്ല എന്നാൽ സദാ കണക്‌ടഡ് ആയ ഇക്കൂട്ടർ ലൈവ് ചാറ്റും അല്പസ്വൽപം വീട്-നാട് വർത്തമാനവുമായി ഓൺലൈൻ സമയം ഉപയോഗിക്കുന്നു. എന്നാൽ ചർച്ചയ്‌ക്കും സംവാദത്തിനുമായി ഉള്ള ഒരു ജനാധിപത്യ ഇടമായി സോഷ്യൽ നെറ്റ്‌വർക്കിനെ കാണുന്നവരും ഉണ്ട്. പക്ഷെ ഇവിടെ പലപ്പോഴും സദാചാര വാദികളായും രാഷ്ട്രീയ-മതാന്ധന്മാരായി വിരാജിക്കുന്നവരെ കൊണ്ടുള്ള പ്രഹരം ചെറുതല്ല. ഒരു പക്ഷെ മലയാളി സൈബർ ഇടങ്ങളിൽ സ്‌ത്രീകളുടെ സാന്നിദ്ധ്യം അത്രമേൽ ഇല്ലാത്തതാകാം സ്‌ത്രീവിരുദ്ധത ആഘോഷിക്കപ്പെടാൻ കാരണം. രഞ്ജിനി ഹരിദാസിന്റെ വിമാനത്താവളത്തിലെ സംസാരം ആയാലും സോളാർ അഴിമതിയിൽ സരിതയെ ആക്ഷേപിക്കാൻ ആയാലും ഓൺലൈൻ പടയാളികൾ സദാ സന്തോഷവാന്മാർ. എന്നാൽ ഇതിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്‌ണനെ കാര്യമായി ഗൗനിക്കുന്നു പോലുമില്ല, അദ്ദേഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും മലയാളി സൈബർ ഹൗസിൽ നന്നേ കുറവ്. വഴിയിൽ ഇറങ്ങി നിന്ന് വിളിച്ച് പറയാനാകാത്ത തെറിയും പരദൂഷണവും കുശുമ്പും കുന്നായ്‌മയും പകർന്ന് വയ്‌ക്കാനാണ് നല്ലൊരു പങ്ക് നെറ്റിസൺ‌മാർ ശ്രമിക്കുന്നതും, ഇത് സോഷ്യൽ നെറ്റ്‌വർക്ക് ടൈം ലൈനുകളെ ദുർഗന്ധപൂരിതമാക്കുന്നു. ചിലർക്ക് ഫേസ്ബുക്ക് ചർച്ചകൾ ദിനേനയുള്ള തെറിപ്പാട്ടുത്സവങ്ങൾ ! ആക്രോശങ്ങളും മുനവച്ചുള്ള പ്രയോഗങ്ങളും അർത്ഥശൂന്യമായ സുഖത്തിന് വേണ്ടി. ഇതൊക്കെ എഴുതാൻ പറ്റാത്തവർ ലൈക്ക് ചെയ്യുന്നു/ഷെയർ/റീ ട്വീറ്റ് ചെയ്യുന്നു. അങ്ങനെയും സായൂജ്യമടയുന്നു.

കേരളത്തിന് പുറത്തെ വികസിത മാധ്യമ ഇടപെടലുകളിൽ നിർണായകമായ സ്ഥാനം ട്വിറ്ററിനുണ്ട്. ഒരു പക്ഷെ എണ്ണം കൊണ്ട് അളന്നെടുത്താൽ ഫേസ്‌ബുക്കിനെ കാര്യമായി ഗൗനിക്കുന്നില്ല എന്ന് നിസംശയം ദേശിയ തലത്തിലെ ചർച്ചകൾ കണ്ണോടിച്ചാൽ പറയാം. എന്താകും മലയാളികൾ ട്വിറ്ററിനോട് അത്രയ്‌ക്ക് ഇണങ്ങി നിൽക്കാത്തതിന് കാരണം. 140 അക്ഷരത്തിലോ അക്കത്തിലോ പറഞ്ഞൊപ്പിക്കാൻ സ്വതവേ തന്നെ പരത്തിപ്പറഞ്ഞ് ശീലം ഉള്ളവർക്കുള്ള പ്രയാസമാണോ ? എന്നാൽ ഫേസ്‌ബുക്കിൽ അക്ഷര എണ്ണ നിയന്ത്രണം ഇല്ലാത്തതിനാൽ ആഘോഷം കെങ്കേമമായി നടക്കുന്നുമുണ്ട് . ദേശിയ തലത്തിൽ അൽപമെങ്കിലും സാങ്കേതിക സാക്ഷരരായ മിക്ക നേതാക്കളും മാധ്യമ പ്രവർത്തകരും എന്ന് വേണ്ട സിനിമാതാരങ്ങളുമെല്ലാം ട്വിറ്ററിലാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സമയത്തിന്റെ നല്ലൊരു പങ്ക് ചിലവഴിക്കുന്നത്. പറയാൻ കാമ്പില്ലാത്തവർക്ക് ട്വിറ്ററിൽ കറങ്ങുക പ്രയാസം തന്നെ, ഒരു ഒപ്പിനിയൻ ഉണ്ടെങ്കിലേ അവിടെ ഇടപെട്ട് പിടിച്ച് നിൽക്കാനാകൂ.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഭരണകൂടങ്ങളുടെ ഇരിക്കപ്പൊറുതിയില്ലായ്‌മയാണ്. സർക്കാർ ജീവനക്കാർ എഴുതുന്ന സോഷ്യൽ നെറ്റ്‌വർക്ക് അഭിപ്രായങ്ങളും പോസ്റ്റുകളും കേസും വഴക്കും അവസാനം ജോലിയിൽ നിന്നും താത്ക്കാലികമായെങ്കിലും മാറ്റുന്ന അവസ്ഥയുമൊക്കെ ഇപ്പോൾ കാര്യമായി കണ്ടുവരുന്നു.ഒരു കാര്യം ഉറപ്പാണ്. ഇത് വരെയില്ലാത്ത ഒരു മാധ്യമ തുറസാണ് ഫേസ്ബുക്കും ട്വിറ്ററും ഒക്കെ പകർന്നു തരുന്നത്. വിളിച്ച് പറച്ചിലുകളും (വിസിൽ ബ്ലോവേഴ്‌സ്) ഭരണകൂട വിമർശങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിനും അതിലുപരിയായി ജനാധിപത്യത്തിന്റെ അസ്ഥിവാരത്തിനും ഉറച്ച കല്ലുകൾ തന്നെയാണന്നതിൽ തർക്കമില്ല. എന്നാൽ വിമർശം എന്നത് കണ്ണടച്ച്, വസ്തുതകളുമായി ബന്ധമില്ലാത്തതും വരികളിൽ തെറിയും ഒക്കെയായി പരിണമിക്കുമ്പോൾ നിങ്ങൾ ഇളക്കിയാട്ടുന്നത് ജനാധിപത്യത്തിന്റെ അഞ്ചാം തൂണെന്ന് വിളിച്ച് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ ബലിഷ്ടമായ തൂണുകളെ തന്നെയാണ്. ഭാഷ കടുത്തതാകാം അങ്ങനെ ആകുകയും വേണം എന്നാൽ അത് നേതാക്കളെയോ അല്ലെങ്കിൽ ജനാധിപത്യ-സാമൂഹിക പ്രസ്ഥാനങ്ങളെയോ വെറുതെ പുലഭ്യം പറയാനും ചേരും പടി ചേരാത്ത ഒന്നിലേറേ ഇമേജുകൾ ചേർത്ത് വച്ചൊട്ടിച്ചത് ഷെയർ ചെയ്യാനോ ആകുന്നത് കഷ്ടമാണ്.സഭ്യമായ വിമർശമാണ് കാരിരുമ്പിനെക്കാൾ കട്ടിയുള്ളതും പുഴുക്കുത്തുകളെ പുറത്താക്കാൻ പോന്ന പ്രഹരശേഷിയുള്ളതും.അതേ സമയം വിമർശം എന്നത് വസ്‌തുതകളുടെ പിൻബലത്തോടെ ആവുകയും വേണം.

മലയാളിയുടെ വരും കാല പൊതുജീവിതത്തിൽ എന്താകും സോഷ്യൽ നെറ്റ്‌വർക്കിംഗ് വ്യൂഹങ്ങളുടെ സംഭാവന. തൽക്ഷണം പുതുക്കപ്പെടുന്ന, പ്രതികരിക്കുന്ന ചലനാത്മകമായ ഒരു ഓൺലൈൻ സമൂഹം എണ്ണം കൊണ്ട് അത്ര ചെറുതല്ല ഇപ്പോൾ തന്നെ. പങ്കാളിത്ത ജനാധിപത്യത്തിൽ സോഷ്യൽ മീഡിയ നൽകുന്ന സാധ്യത വലുതാണ്, വോട്ടർമാരുടെ ചോദ്യങ്ങളിൽ നിന്ന് അത്രയെളുപ്പം കുതറി മാറിപോകാനാകില്ല. മാധ്യമങ്ങളുടെ കാര്യമെടുത്താൽ നിലവിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന ചർച്ചകൾ പലതും പത്ര/ദൃശ്യമാധ്യമങ്ങൾക്ക് വഴിതെളിക്കുകയോ അല്ലെങ്കിൽ വഴിതെറ്റിക്കാറുമോ ഉണ്ട് എന്ന് പറയുന്നത് അതിശയോക്‌തി ആകില്ലന്നതിന് സമീപകാല ഉദാഹരണങ്ങൾ തന്നെ സാക്ഷി. സർക്കാർ ആയാലും സന്നദ്ധ സംഘടന ആയാലും അവർ ചെയ്യുന്നതെല്ലാം എല്ലാക്കാലത്തേക്കും മൂടി വയ്‌ക്കാനാകില്ല. സാങ്കേതികവിദ്യയുടെ വിശേഷിച്ചും വിവരസാങ്കേതികതയുടെ മുന്നേറ്റം സർക്കാരുകളെ എന്തിനധികം സാമൂഹിക-രാഷ്‌ട്രീയ സംഘടനകളെ വരെ ചില കാര്യങ്ങൾ സൗകര്യപ്രദമായ തമസ്‌കരിക്കുന്നതിനോ ഒതുക്കിമാറ്റി നിർത്തുന്നതിനോ അനുവദിക്കില്ല. നിലവിലുള്ള ജനാധിപത്യത്തെ കൂടുതൽ നവീകരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നമ്മുടെ സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. അത് കൃത്യമായ അച്ചടക്കത്തോടെ തെളിച്ച് കൊണ്ട് വരുന്ന ഒരു നല്ല സംഖ്യ ജനങ്ങളുടെ ശക്‌തിപ്രകടനമാകില്ല എന്നാൽ അറിഞ്ഞറിഞ്ഞ് പ്രചരിപ്പിച്ച് വരുന്ന അതിനനുസരിച്ച് ചെറുതെങ്കിലും കാര്യമാത്രപ്രസക്‌തമായി വർധിക്കുന്ന ജനക്കൂട്ടമാകും. പാർശ്വവൽക്കരിക്കപ്പെട്ടവർ പ്രാന്തവൽക്കരിക്കപ്പെട്ട പ്രശ്‌നങ്ങൾ ഒക്കെ മുഖ്യധാരയിലേക്ക് അത് അർഹിക്കുന്ന ഗൗരവത്തോടെ കൊണ്ട് വരാൻ സാധിച്ചേക്കാം. വിവിധ ജനവിഭാഗങ്ങളുടെ തുരുത്തുകൾ , അവ ചേർന്നുള്ള (multitudes) ഒരുമ ഒക്കെ കേരളത്തിൽ സാധ്യമാകുമോ? കാത്തിരുന്ന് കാണാം. മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾക്കപ്പുറം കേരളത്തിൽ ഒരു ജനമുന്നേറ്റത്തിന് സാധ്യതയുണ്ടോ എന്ന് .

ഒരു പക്ഷെ വിവരാവകാശത്തിന് പോലും തുറന്ന് കൊടുക്കാൻ വിസമ്മതിക്കുന്ന കമ്മറ്റി രഹസ്യങ്ങൾ നാളെ ഒന്നൊന്നായി ലീക്ക് ചെയ്‌ത് വരില്ലന്ന് ആര് കണ്ടു. അങ്ങനെ വരുമെങ്കിൽ അപ്പോൾ അറിയാം എഡ്വേഡ് സ്‌നോഡനും ജൂലിയൻ അസാഞ്ചെയ്‌ക്കും വേണ്ടി വീറോടെ വാദിക്കുന്നവരുടെ യഥാർത്ഥ'സ്വാതന്ത്ര്യം'