Saturday, September 21, 2013

നമ്മുടെ ഇ ഉലകം


(ഔട്ട്‌ലുക്ക് ന്റെ 2013മലയാളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

കണക്കിലെ കളികൾ നോക്കിയാൽ ഫേസ്ബുക്കിലെ അംഗസംഖ്യ ലോകമൊട്ടാകെ
115 കോടി. ഇന്ത്യയ്‌ക്ക് പിന്നാലെ ലോകത്തെ അടുത്ത രാജ്യമെന്ന് വേണമെങ്കിൽ ഉപമയായി പറയാം. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെയിലെ സ്ഥിതിവിവരക്കണക്ക് പ്രകാരം ഇന്ത്യയിലെ സജീവ ഉപയോക്‌താക്കളുടെ മാത്രം എണ്ണം 9 കോടിയോളം. സ്‌മാർട്ട് ഫോണിലൂടെയാണ് ഇനിയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൗഹൃദങ്ങളുടെ കുതിപ്പ് എന്നും ഉറപ്പിക്കുന്നതരത്തിലാണ് വിപണിയുടെ പോക്ക്. ഇന്ത്യയിൽ തന്നെ മെട്രോ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മൊബൈൽ ടെലഫോൺ കേരളത്തിലാണ് മാത്രവുമല്ല ഓൺലൈൻ പൗരന്മാരിൽ കേരളീയർ സക്രീയരുമത്രേ. അണ്ണാ ഹസാരെയുടെ സമരത്തിൽ നാടെങ്ങും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും എസ് എം എസ് സൗകര്യവും സമരമാർഗത്തിന് ഊർജം പകരാൻ ഉപയോഗിച്ചതിനും നാം സാക്ഷിയായി. എന്നാൽ എങ്ങനെയാണ് മലയാള നാട്ടിൽ സൈബർ സേവനങ്ങൾ ഉപയോഗിക്കപ്പെടുന്നത്.
സൂചിപ്പിച്ചത് പോലെ സമകാലിക ലോകത്തെ മാധ്യമ യാഥാർത്ഥ്യമായിക്കഴിഞ്ഞു ഇന്റർനെറ്റ്, വിശേഷിച്ചും അതിലെ സോഷ്യൽ മീഡിയ. ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമ വേരോട്ടമുള്ള കേരളത്തിൽ എങ്ങനെയാണ് ഇ-ലോകം വളരുന്നതും വികസിക്കുന്നതും എന്നത് ഗൗരവമുള്ള ചോദ്യം തന്നെ. ആർക്കും എഴുതാനാകുന്ന എല്ലാരും വായിക്കുന്ന അവനവൻ പ്രസാധനകാലത്ത് ഈ വിവരത്തള്ളിച്ചയിൽ അഥവാ പെരുക്കത്തിൽ എങ്ങനെ ആധികാരികത ഉറപ്പാക്കാനാകും എന്ന ചോദ്യം ഉയരുന്നുണ്ട് . എന്നിരിക്കിലും ഇന്റർനെറ്റിൽ മലയാളികളുടെ ഇടപെടൽ പല സാഹചര്യങ്ങളിലും പരമ്പരാഗത മാധ്യമങ്ങൾക്ക് വെല്ലുവിളിയോ താക്കീതോ ആകുന്നു. എല്ലാ മാധ്യമങ്ങൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും അവരവരുടെ താത്പര്യങ്ങളും നയവും ഒക്കെ ഉണ്ട്, അതിനനുസരിച്ചാണ് രചനകൾ/നയങ്ങൾ പ്രകാശിതമാകുന്നത്. രാഷ്‌ട്രീയ ചർച്ചകളിൽ മാത്രമല്ല, വിപണിയിലെ ഉത്പന്നങ്ങളുടെ അവകാശവാദങ്ങളെ പൊളിക്കാനും സിനിമ ഇറങ്ങുന്ന ആദ്യ ഷോ സമയം മുതൽ തന്നെ അതിനെ നിശിതമായ ചർച്ചയ്‌ക്കും വിമർശത്തിനും വിധേയമാക്കുന്നത് ഏത് സംവിധായകനെ ആണ് അസ്വസ്ഥമാക്കാതിരിക്കുനത്. എന്തിനേറേ പറയുന്നു ചിലർ സോഷ്യൽ നെറ്റ്‌വർക്കിംഗിലെ കമന്റുകളും പോസ്റ്റുകളും നോക്കിയാണ് സിനിമയ്‌ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തന്നെ. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ആരെയും കൂസാത്ത മലയാളി ഇ-പൗരന്മാർ എവിടെ വരെ പോയിട്ടുണ്ട് ഈ ഇന്റർനെറ്റിന്റെ സ്വാതന്ത്ര്യച്ചിറകിലേറി എന്നത് പ്രസക്‌തമാകുന്നു. വിക്കിലീക്ക്സിന്റെ ജൂലിയൻ അസാഞ്ചെയും അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ പുറം ലോകത്തെത്തിക്കാൻ കാരണക്കാരനായ എ‌ഡ്വേഡ് സ്‌നോഡനും ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ ഇവിടെയും എണ്ണമറ്റ ആൾക്കാർ തയാർ. എന്നാൽ സാധ്യമായ എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും വിവരാവകാശം പോലെയുള്ള നിയമ പരിരക്ഷ സഹായ ഹസ്‌തവുമായി പിന്നാമ്പുറത്ത് ഉള്ളപ്പോഴും കാര്യമായ എന്ത് അഴിമതി വിവരമാണ് നമ്മൾ സൈബർ ഇടം വഴി പുറത്തെത്തിച്ചത്.
ഇന്റർനെറ്റ് എന്നാൽ സാഹിത്യം എഴുതാനും വായിക്കാനും ഉള്ള സമർത്ഥമായ ഇടം കൂടിയാണല്ലോ. ചിലർക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് സിറ്റിസൺ ജേണലിസത്തിന്റെ സീമാതിതമായ സാധ്യതകൾ ആണ് ഹരം പിടിപ്പിക്കുന്നതെങ്കിൽ മറ്റുചിലർക്ക് കഥയും കവിതയും എഴുതാനുള്ള ഒരു വലിയ ചുവരായി ഫേസ്ബുക്ക് വാളുകൾ മാറുന്നു. പക്ഷെ വായനയുടെ കാര്യത്തിൽ ഇപ്പോഴും നമ്മളിൽ ചിലരെങ്കിലും തനി പാരമ്പര്യവാദികൾ തന്നെ എന്നതിൽ സംശയമില്ല.
ഫേസ്‌ബുക്ക്/ബ്ലോഗ് തുടങ്ങിയവയിലെ എഴുത്തിനെയും എന്തിനധികം ഇ-ബുക്ക് റീഡറിലെ പുസ്‌തക വായനയേയും ഒരു നിർണായക ന്യൂനപക്ഷം എതിർക്കുന്നത് ഒരു തരം പഴയ മാമൂലുകളെ വിടാതെ കെട്ടിപുണർന്ന് കൊണ്ടിരിക്കുകയും അതേ സമയം വായനയുടെ പുതുവഴികളോട് ഒരു തരം നിഷേധാത്മക സമീപനവും കൂടി ചേരുംപടി ചേർത്തല്ലേ? . മാമൂലുകളും ഭൂതകാലക്കുളിരു (നോസ്റ്റാൾജിയ) കലർന്ന സാമൂഹിക ജഡത്വം (social inertia) ഇപ്പോഴും നമ്മെ ഭരിക്കുക ആണെന്ന് കരുതുക ആയിരിക്കും ഇവരുടെ കാര്യത്തിലെങ്കിലും ശരി. അത് കൊണ്ടല്ലേ ബ്ലോഗിൽ എഴുതുന്നത് ഒന്നും കവിത അല്ല എന്ന് അഭിപ്രായം പടച്ച് വിടുന്നത്. എഴുതുന്നത് അല്ല മറിച്ച് എഴുതി പ്രകാശിപ്പിച്ച് വരുന്ന തലം ആണ് മുഖ്യമെന്ന് കരുതുന്നവരുടെ യുക്‌തി എവിടെയാണ് ആണ്ടിരിക്കുന്നത് ? ഒരു പക്ഷെ ശ്രീനാരായണഗുരു ജീവിച്ചിരുന്നത് ഈ സമയത്ത് ആയിരുന്നെങ്കിൽ 'ആത്മോപദേശ ശതകം' രചിക്കപ്പെടുന്നത് ട്വിറ്റർ ടൈം ലൈനിൽ ആയിരുന്നേനേ. ഗുരുവിന് ആ കാലത്ത് തന്നെ വളരെ പുരോഗമനപരമായ പലകാര്യങ്ങളെയും പുൽകാനുള്ള മാനേജ്മെന്റ് വൈഭവം ഉണ്ടായിരുന്നു എന്നതിന് ഒന്നിലേറേ ഉദാഹരണവും ഉണ്ടല്ലോ. കടലാസും പേനയും ഉപയോഗിച്ചേ ഞങ്ങൾക്ക് വശമുള്ളൂ. അതല്ലാത്ത എല്ലാറ്റിനെയും വച്ച് പൊറുപ്പിക്കില്ല എന്ന് കരുതുന്നവരുടെ കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അവർ തന്നെ കാണുന്നില്ല എന്നത് ഈ എതിർപ്പാശാന്മാരുടെ മറ്റൊരു വശം . നമ്മൾ ഒരു സംക്രമകാലത്തിന്റെ ഘട്ടത്തിലാണ്. അതിന്റെ വെപ്രാളമാണ് കൂടുതലും. ഇന്ന് ആരും താളിയോലയിൽ എഴുതുന്നില്ലല്ലോ. താളിയോല കാലഘട്ടത്തിൽ നിന്ന് അച്ചടിയിലേക്ക് പിച്ച വച്ചപ്പോഴും ഇതിലേറേ ഭയപ്പാട് ഉണ്ടായിരുന്നു എന്ന് മറക്കരുത്.

വെളുത്ത കടലാസോടു
കറുത്ത മഷി ചേരവേ
പാരിടത്തിന് വന്നല്ലോ
ഭാഗധേയം സമസ്തവും
-
പുസ്തക മാഹാത്മ്യം (ഉള്ളൂര്‍)

അക്കാലത്ത് അച്ചടി മുദ്രണം വരുന്ന കാലത്ത് ഉയര്‍ന്ന എതിര്‍പ്പിനെ പ്രതിരോധിക്കാന്‍ മഹാകവി ഉള്ളൂര്‍ എഴുതിയതില്‍ നാല് വരി. ഇക്കാലത്ത് ഇ-ബുക്ക് റീഡറുകളെയും ഇന്റര്‍നെറ്റ് എഴുത്തിനെയും കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ നമുക്കില്ലാതെ പോകുന്നത് ഒരു ഉള്ളൂരല്ലേ എന്ന് സന്ദേഹിക്കുന്നതിൽ തെറ്റില്ല. എന്നാല്‍ കടലാസില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേയ്ക്കുള്ള മാറ്റം വിവരശേഖരത്തോടൊപ്പം വിവര സംസ്‌കരണമെന്ന പുതിയൊരു സൗകര്യം കൂടി വാഗ്ദാനം ചെയ്യുന്നു എന്നത് സൗകര്യപൂർവം വിസ്‌മരിക്കുകയോ അല്ലെങ്കിൽ അതിനെ പറ്റി ഗ്രാഹ്യമില്ലാതെയോ ആണ് എതിർപ്പ് ഇപ്പോഴും തുടരുന്നത്.

എല്ലാരും എഴുതുന്ന-എല്ലാരും വായിക്കുന്ന, തർക്കിക്കുന്ന, ഇണങ്ങുന്ന-പിണങ്ങുന്ന ഈ ഒരുമിക്കൽ ഇടത്തിന്റെ നേട്ട കോട്ടങ്ങൾ എന്താണ് ? ചിലർക്ക് പോയകാല സൗഹൃദം കാത്ത് സൂക്ഷിക്കാൻ. അതിനായി പഴയ കാല ഫോട്ടോയും ഇപ്പോഴത്തെ ജീവിതവഴി കാഴ്‌ചകളും ഒക്കെ അവർ മുടങ്ങാതെ പകർത്തി പങ്ക് വയ്‌ക്കുന്നു. ഗൗരവമായ ചർച്ചയ്‌ക്ക് ഇവർക്കിടയിൽ സ്ഥാനമില്ല എന്നാൽ സദാ കണക്‌ടഡ് ആയ ഇക്കൂട്ടർ ലൈവ് ചാറ്റും അല്പസ്വൽപം വീട്-നാട് വർത്തമാനവുമായി ഓൺലൈൻ സമയം ഉപയോഗിക്കുന്നു. എന്നാൽ ചർച്ചയ്‌ക്കും സംവാദത്തിനുമായി ഉള്ള ഒരു ജനാധിപത്യ ഇടമായി സോഷ്യൽ നെറ്റ്‌വർക്കിനെ കാണുന്നവരും ഉണ്ട്. പക്ഷെ ഇവിടെ പലപ്പോഴും സദാചാര വാദികളായും രാഷ്ട്രീയ-മതാന്ധന്മാരായി വിരാജിക്കുന്നവരെ കൊണ്ടുള്ള പ്രഹരം ചെറുതല്ല. ഒരു പക്ഷെ മലയാളി സൈബർ ഇടങ്ങളിൽ സ്‌ത്രീകളുടെ സാന്നിദ്ധ്യം അത്രമേൽ ഇല്ലാത്തതാകാം സ്‌ത്രീവിരുദ്ധത ആഘോഷിക്കപ്പെടാൻ കാരണം. രഞ്ജിനി ഹരിദാസിന്റെ വിമാനത്താവളത്തിലെ സംസാരം ആയാലും സോളാർ അഴിമതിയിൽ സരിതയെ ആക്ഷേപിക്കാൻ ആയാലും ഓൺലൈൻ പടയാളികൾ സദാ സന്തോഷവാന്മാർ. എന്നാൽ ഇതിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്‌ണനെ കാര്യമായി ഗൗനിക്കുന്നു പോലുമില്ല, അദ്ദേഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും മലയാളി സൈബർ ഹൗസിൽ നന്നേ കുറവ്. വഴിയിൽ ഇറങ്ങി നിന്ന് വിളിച്ച് പറയാനാകാത്ത തെറിയും പരദൂഷണവും കുശുമ്പും കുന്നായ്‌മയും പകർന്ന് വയ്‌ക്കാനാണ് നല്ലൊരു പങ്ക് നെറ്റിസൺ‌മാർ ശ്രമിക്കുന്നതും, ഇത് സോഷ്യൽ നെറ്റ്‌വർക്ക് ടൈം ലൈനുകളെ ദുർഗന്ധപൂരിതമാക്കുന്നു. ചിലർക്ക് ഫേസ്ബുക്ക് ചർച്ചകൾ ദിനേനയുള്ള തെറിപ്പാട്ടുത്സവങ്ങൾ ! ആക്രോശങ്ങളും മുനവച്ചുള്ള പ്രയോഗങ്ങളും അർത്ഥശൂന്യമായ സുഖത്തിന് വേണ്ടി. ഇതൊക്കെ എഴുതാൻ പറ്റാത്തവർ ലൈക്ക് ചെയ്യുന്നു/ഷെയർ/റീ ട്വീറ്റ് ചെയ്യുന്നു. അങ്ങനെയും സായൂജ്യമടയുന്നു.

കേരളത്തിന് പുറത്തെ വികസിത മാധ്യമ ഇടപെടലുകളിൽ നിർണായകമായ സ്ഥാനം ട്വിറ്ററിനുണ്ട്. ഒരു പക്ഷെ എണ്ണം കൊണ്ട് അളന്നെടുത്താൽ ഫേസ്‌ബുക്കിനെ കാര്യമായി ഗൗനിക്കുന്നില്ല എന്ന് നിസംശയം ദേശിയ തലത്തിലെ ചർച്ചകൾ കണ്ണോടിച്ചാൽ പറയാം. എന്താകും മലയാളികൾ ട്വിറ്ററിനോട് അത്രയ്‌ക്ക് ഇണങ്ങി നിൽക്കാത്തതിന് കാരണം. 140 അക്ഷരത്തിലോ അക്കത്തിലോ പറഞ്ഞൊപ്പിക്കാൻ സ്വതവേ തന്നെ പരത്തിപ്പറഞ്ഞ് ശീലം ഉള്ളവർക്കുള്ള പ്രയാസമാണോ ? എന്നാൽ ഫേസ്‌ബുക്കിൽ അക്ഷര എണ്ണ നിയന്ത്രണം ഇല്ലാത്തതിനാൽ ആഘോഷം കെങ്കേമമായി നടക്കുന്നുമുണ്ട് . ദേശിയ തലത്തിൽ അൽപമെങ്കിലും സാങ്കേതിക സാക്ഷരരായ മിക്ക നേതാക്കളും മാധ്യമ പ്രവർത്തകരും എന്ന് വേണ്ട സിനിമാതാരങ്ങളുമെല്ലാം ട്വിറ്ററിലാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സമയത്തിന്റെ നല്ലൊരു പങ്ക് ചിലവഴിക്കുന്നത്. പറയാൻ കാമ്പില്ലാത്തവർക്ക് ട്വിറ്ററിൽ കറങ്ങുക പ്രയാസം തന്നെ, ഒരു ഒപ്പിനിയൻ ഉണ്ടെങ്കിലേ അവിടെ ഇടപെട്ട് പിടിച്ച് നിൽക്കാനാകൂ.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഭരണകൂടങ്ങളുടെ ഇരിക്കപ്പൊറുതിയില്ലായ്‌മയാണ്. സർക്കാർ ജീവനക്കാർ എഴുതുന്ന സോഷ്യൽ നെറ്റ്‌വർക്ക് അഭിപ്രായങ്ങളും പോസ്റ്റുകളും കേസും വഴക്കും അവസാനം ജോലിയിൽ നിന്നും താത്ക്കാലികമായെങ്കിലും മാറ്റുന്ന അവസ്ഥയുമൊക്കെ ഇപ്പോൾ കാര്യമായി കണ്ടുവരുന്നു.ഒരു കാര്യം ഉറപ്പാണ്. ഇത് വരെയില്ലാത്ത ഒരു മാധ്യമ തുറസാണ് ഫേസ്ബുക്കും ട്വിറ്ററും ഒക്കെ പകർന്നു തരുന്നത്. വിളിച്ച് പറച്ചിലുകളും (വിസിൽ ബ്ലോവേഴ്‌സ്) ഭരണകൂട വിമർശങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിനും അതിലുപരിയായി ജനാധിപത്യത്തിന്റെ അസ്ഥിവാരത്തിനും ഉറച്ച കല്ലുകൾ തന്നെയാണന്നതിൽ തർക്കമില്ല. എന്നാൽ വിമർശം എന്നത് കണ്ണടച്ച്, വസ്തുതകളുമായി ബന്ധമില്ലാത്തതും വരികളിൽ തെറിയും ഒക്കെയായി പരിണമിക്കുമ്പോൾ നിങ്ങൾ ഇളക്കിയാട്ടുന്നത് ജനാധിപത്യത്തിന്റെ അഞ്ചാം തൂണെന്ന് വിളിച്ച് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ ബലിഷ്ടമായ തൂണുകളെ തന്നെയാണ്. ഭാഷ കടുത്തതാകാം അങ്ങനെ ആകുകയും വേണം എന്നാൽ അത് നേതാക്കളെയോ അല്ലെങ്കിൽ ജനാധിപത്യ-സാമൂഹിക പ്രസ്ഥാനങ്ങളെയോ വെറുതെ പുലഭ്യം പറയാനും ചേരും പടി ചേരാത്ത ഒന്നിലേറേ ഇമേജുകൾ ചേർത്ത് വച്ചൊട്ടിച്ചത് ഷെയർ ചെയ്യാനോ ആകുന്നത് കഷ്ടമാണ്.സഭ്യമായ വിമർശമാണ് കാരിരുമ്പിനെക്കാൾ കട്ടിയുള്ളതും പുഴുക്കുത്തുകളെ പുറത്താക്കാൻ പോന്ന പ്രഹരശേഷിയുള്ളതും.അതേ സമയം വിമർശം എന്നത് വസ്‌തുതകളുടെ പിൻബലത്തോടെ ആവുകയും വേണം.

മലയാളിയുടെ വരും കാല പൊതുജീവിതത്തിൽ എന്താകും സോഷ്യൽ നെറ്റ്‌വർക്കിംഗ് വ്യൂഹങ്ങളുടെ സംഭാവന. തൽക്ഷണം പുതുക്കപ്പെടുന്ന, പ്രതികരിക്കുന്ന ചലനാത്മകമായ ഒരു ഓൺലൈൻ സമൂഹം എണ്ണം കൊണ്ട് അത്ര ചെറുതല്ല ഇപ്പോൾ തന്നെ. പങ്കാളിത്ത ജനാധിപത്യത്തിൽ സോഷ്യൽ മീഡിയ നൽകുന്ന സാധ്യത വലുതാണ്, വോട്ടർമാരുടെ ചോദ്യങ്ങളിൽ നിന്ന് അത്രയെളുപ്പം കുതറി മാറിപോകാനാകില്ല. മാധ്യമങ്ങളുടെ കാര്യമെടുത്താൽ നിലവിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന ചർച്ചകൾ പലതും പത്ര/ദൃശ്യമാധ്യമങ്ങൾക്ക് വഴിതെളിക്കുകയോ അല്ലെങ്കിൽ വഴിതെറ്റിക്കാറുമോ ഉണ്ട് എന്ന് പറയുന്നത് അതിശയോക്‌തി ആകില്ലന്നതിന് സമീപകാല ഉദാഹരണങ്ങൾ തന്നെ സാക്ഷി. സർക്കാർ ആയാലും സന്നദ്ധ സംഘടന ആയാലും അവർ ചെയ്യുന്നതെല്ലാം എല്ലാക്കാലത്തേക്കും മൂടി വയ്‌ക്കാനാകില്ല. സാങ്കേതികവിദ്യയുടെ വിശേഷിച്ചും വിവരസാങ്കേതികതയുടെ മുന്നേറ്റം സർക്കാരുകളെ എന്തിനധികം സാമൂഹിക-രാഷ്‌ട്രീയ സംഘടനകളെ വരെ ചില കാര്യങ്ങൾ സൗകര്യപ്രദമായ തമസ്‌കരിക്കുന്നതിനോ ഒതുക്കിമാറ്റി നിർത്തുന്നതിനോ അനുവദിക്കില്ല. നിലവിലുള്ള ജനാധിപത്യത്തെ കൂടുതൽ നവീകരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നമ്മുടെ സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. അത് കൃത്യമായ അച്ചടക്കത്തോടെ തെളിച്ച് കൊണ്ട് വരുന്ന ഒരു നല്ല സംഖ്യ ജനങ്ങളുടെ ശക്‌തിപ്രകടനമാകില്ല എന്നാൽ അറിഞ്ഞറിഞ്ഞ് പ്രചരിപ്പിച്ച് വരുന്ന അതിനനുസരിച്ച് ചെറുതെങ്കിലും കാര്യമാത്രപ്രസക്‌തമായി വർധിക്കുന്ന ജനക്കൂട്ടമാകും. പാർശ്വവൽക്കരിക്കപ്പെട്ടവർ പ്രാന്തവൽക്കരിക്കപ്പെട്ട പ്രശ്‌നങ്ങൾ ഒക്കെ മുഖ്യധാരയിലേക്ക് അത് അർഹിക്കുന്ന ഗൗരവത്തോടെ കൊണ്ട് വരാൻ സാധിച്ചേക്കാം. വിവിധ ജനവിഭാഗങ്ങളുടെ തുരുത്തുകൾ , അവ ചേർന്നുള്ള (multitudes) ഒരുമ ഒക്കെ കേരളത്തിൽ സാധ്യമാകുമോ? കാത്തിരുന്ന് കാണാം. മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾക്കപ്പുറം കേരളത്തിൽ ഒരു ജനമുന്നേറ്റത്തിന് സാധ്യതയുണ്ടോ എന്ന് .

ഒരു പക്ഷെ വിവരാവകാശത്തിന് പോലും തുറന്ന് കൊടുക്കാൻ വിസമ്മതിക്കുന്ന കമ്മറ്റി രഹസ്യങ്ങൾ നാളെ ഒന്നൊന്നായി ലീക്ക് ചെയ്‌ത് വരില്ലന്ന് ആര് കണ്ടു. അങ്ങനെ വരുമെങ്കിൽ അപ്പോൾ അറിയാം എഡ്വേഡ് സ്‌നോഡനും ജൂലിയൻ അസാഞ്ചെയ്‌ക്കും വേണ്ടി വീറോടെ വാദിക്കുന്നവരുടെ യഥാർത്ഥ'സ്വാതന്ത്ര്യം'

4 comments:

വി. കെ ആദര്‍ശ് said...

https://www.facebook.com/VKadarsh/posts/668045306553390

ajith said...
This comment has been removed by the author.
ajith said...

നാളത്തെ വായന ഇ-വായന

Cartoonist said...

nannaayi
alpam parathiyo ...