Sunday, April 21, 2013

സോഷ്യല്‍ നെറ്റ്വര്‍ക്കിനെ കണ്ണുമടച്ച് ലൈക്ക് ചെയ്യാമോ ?

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഇടങ്ങളില്‍ ഷെയര്‍ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ ആധികാരികത കൂടി ഉറപ്പാക്കേണ്ടതില്ലേ? ഏതാനും ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍

1) ഗായിക കെ.എസ് ചിത്രയുമായി ബന്ധപ്പെട്ട വാര്‍ത്ത അതിന്റെ ഉറവിടം എന്താണന്നോ അല്ലെങ്കില്‍ വാസ്തവം ഉണ്ടോ എന്നൊന്നും നോക്കാതെ സൈബര്‍ പൌരന്മാരില്‍ നല്ലൊരു ഭാഗം ഷെയര്‍ ചെയ്തും കമന്റ് പറഞ്ഞും ആഘോഷിച്ചു
2) ഡല്‍ഹിയില്‍ അക്രമികളുടെ തോന്നിയവാസത്തിന് ഇരായായി മരിച്ച പെണ്‍കുട്ടിയുടേത് എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രം മറ്റൊരു പെണ്‍‌കുട്ടിയുടേതായിരുന്നു. ഡല്‍-ഹി പെണ്‍കുട്ടിയുടെ മരണം സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും രാജ്യത്തെ പല നഗര ചത്വരങ്ങളിലും കാര്യമായ പൊതുജന പ്രക്ഷോഭത്തിന് ഇടയാക്കിയതാണ്. ഒരു പക്ഷെ ഫേസ്ബുക്കും ട്വിറ്ററും ഒക്കെ തെരുവീഥികളിലേക്ക് ആളിനെ കൊണ്ട് വരാനും സമര പ്രക്ഷോഭങ്ങള്‍ക്ക് പലതരത്തിലുള്ള പിന്തുണ കൊടുക്കാനും സഹയകരമായി എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ തന്നെ ആ പെണ്‍‌കുട്ടിയുടേത് എന്ന് പറഞ്ഞ് വന്ന ചിത്രം ഒരു തരത്തിലുള്ള പരിശോധനയും കൂടാതെ പങ്കിട്ട് പടര്‍ത്തി വലിയ സംഭവമാക്കി, ഒന്നോര്‍ക്കണം വ്യാജവാര്‍ത്ത ആളിക്കത്തിയത് ആദ്യ സംഭവത്തിനെക്കാള്‍ വേഗത്തിലും !
3) പി.ജെ കുര്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ വേളയില്‍ , സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞ മഹിളാ കോണ്‍‌ഗ്രസ് നേത്രി അഡ്വ.ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ചിത്രസമേതം തരം താണ അഭിപ്രായം എഴുതി പ്രദര്‍ശിപ്പിച്ച  മനോനില ഒരു തരത്തിലും അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്ന് പറയാനാവില്ല. ആ പോസ്റ്റ് കാണുന്ന ആരും പ്രതികരിച്ച് പോകും. അത്രയ്ക്കും മനോവിഷമം ഉണ്ടാക്കുന്ന അല്ലെങ്കില്‍ അത്രമേല്‍ അപകീര്‍ത്തി പടര്‍ത്തുന്ന പോസ്റ്റ്.  അതിനെ ഇന്റര്‍നെറ്റ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത് ഉള്ള സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തി വയ്ക്കലാണ് . ബിന്ദു കൃഷ്‌ണ ഇപ്പോഴത്തെ കുര്യന്‍ വിഷയത്തില്‍ എടുത്ത നിലപാടിനെ ശക്തിയുക്‍തം എതിര്‍ക്കാന്‍ എല്ലാര്‍ക്കും അളവറ്റ സ്വാതന്ത്ര്യം ഉണ്ട്, അത് അനിവാര്യവുമാണ്. എന്നാല്‍ അത് വ്യക്തിപരമായ ഇമ്മാതിരി തരം താണ അവഹേളന ഭാഷയില്‍ ആകരുത് .
4) ഏതാനും മാസങ്ങള്‍ക്ക് മുന്നെ ആസാം കലാപ സമയത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരിച്ച മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രശ്‌നം ഗുരുതരമാക്കുന്നു എന്ന് ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ വരെ നിശ്ചിത ദിവസത്തേക്ക് മരവിപ്പിച്ച് നിര്‍ത്തി വയ്ക്കാന്‍ ടെലകോം സേവന ദാതാക്കളോട് ആവശ്യപ്പെടേണ്ടി വന്നു. ഇവിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെക്കാളും അപകടമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ചിത്രസന്ദേശങ്ങള്‍/എം എം എസ് ആണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നിരോധനവാള്‍ വീശിയത്. കലാപം ഉണ്ടാക്കാനായി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് മനപൂര്‍വം പടച്ച് വിട്ടതാണന്ന വാദങ്ങള്‍ നിരത്തി സര്‍ക്കാര്‍ തങ്ങളുടെ നടപടിയെ ന്യായികരിച്ചു .

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഒരു വശത്ത് ജനങ്ങളുടെ രാഷ്ട്രീയ അവബോധം കാര്യമായി തന്നെ വര്‍ധിപ്പിക്കുന്നു , അവരെ മുന്‍പെങ്ങുമില്ലാത്ത വിധം ചര്‍ച്ചകളില്‍ ഇടപെടാനും അഭിപ്രായ രൂപീകരണം നടത്തുവാനും പറ്റിയ പൊതു ഇടം ഉണ്ടാക്കുന്നു. എന്നാല്‍ ഇതേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പിന് കത്തി വയ്ക്കുന്നതിന് തുല്യമാണ്. മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ കാര്യങ്ങളുടെ ഒരു ഏകദേശ ചിത്രം മാത്രം. സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ ഫോട്ടോയും മറ്റും ഫേസ്ബുക്കിലൂടെ അപകടകരമായ തരത്തില്‍ പങ്കിട്ട് വഞ്ചിക്കപ്പെട്ടതറിഞ്ഞ് ശേഷമുള്ള ആത്മഹത്യയുടെ കഥകളും നമ്മള്‍ കേട്ടു .

വികലമനസുകള്‍ ബോധപൂര്‍വമോ അല്ലെങ്കില്‍  അബോധപൂര്‍വമോ സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ എന്തെല്ലാം തകരാറാണ് ആ സംഭവത്തില്‍ പരാമേശിക്കപ്പെടുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉണ്ടാക്കുക. രാഷ്ട്രീയം , ബിസിനസ് , നയതന്ത്രം , ദേശസുരക്ഷ , വ്യക്തികള്‍ എന്നിവയ്ക്ക് വ്യാജനിര്‍മ്മിതി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പരിക്ക് പെട്ടെന്ന് പരിഹരിച്ചില്ലാതാക്കാന്‍ ആകില്ല , തിരികെ എത്ര സമര്‍ത്ഥമായി വസ്തുതകള്‍ വച്ച് എങ്ങനെയൊക്കെ ഖണ്ഡിച്ചാലും അതേസമയം തന്നെ സമാന്തരമായി മറ്റായിരം ഡിജിറ്റല്‍ ഹാന്‍ഡിലുകള്‍ വഴി, വ്യാജനിര്‍മ്മിതി വൈറല്‍ ആയി പടരുന്നുണ്ടാകും , അല്ലെങ്കിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കാനും പ്രചരിപ്പിക്കാനും ആണല്ലോ നല്ലൊരു പങ്ക് ആളുകള്‍ക്ക് ഉത്സാഹം. അറിവിന്റെ കാലത്ത് വിവരങ്ങളെ മുന്‍‌നിശ്ചയ പ്രകാരം ക്ലിപ്‌തപ്പെടുത്താന്‍ ആകില്ല , അത് പൂര്‍ണമായും ശരിയുടെയോ അഥവാ വസ്തുതകളുമായി കുലങ്കഷമായോ പൊരുത്തപ്പെടുത്തി നോക്കിയ ശേഷം മാത്രം ഫേസ്ബുക്കെന്ന മേച്ചില്‍ പുറത്ത് മേയാന്‍ വിടാനും പറ്റില്ല. ഇവിടെ സ്വയം ആണ് തീരുമാനം എടുക്കേണ്ടത് ഷെയര്‍ ചെയ്യുന്നതിന് മുന്നെ അല്ലെങ്കില്‍ അഭിപ്രായം പറയുന്നതിന് മുന്നെ അത് എത്രമാത്രം ശരിയാണ്. വ്യാജമായ അല്ലെങ്കില്‍ വസ്തുത വിരുദ്ധമാണങ്കില്‍ അതുണ്ടാക്കുന്ന ആഘാതം എന്താകും എന്നൊക്കെ ഗുണദോഷ വിചിന്തനം അനിവാര്യമായിരിക്കുന്നു .

ഇന്റര്‍നെറ്റ് ആണ് പോരാത്തതിന് ഞാന്‍ ഇരിക്കുന്നത് മൈലുകള്‍ക്കകലെ , മാത്രമോ തിരിച്ചറിയാനാകുന്ന ഒരു വിലാസത്തിലും അല്ല എന്റെ സൈബര്‍ തേരോട്ടം , ഈ വിചാരത്തോടെ കീബോഡില്‍ കൊട്ടുമ്പോള്‍ എന്തെങ്കിലും രക്ഷ കിട്ടും എന്ന് കരുതുക സ്വാഭാവികം .ആ കരുതല്‍ തികച്ചും തെറ്റാണന്ന് ഒരു പക്ഷെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാകും തിരിച്ചറിയുക . ഇത്തരം അസഹിഷ്‌ണുതയില്‍ നിന്ന് പിറവി കൊള്ളുന്ന വ്യാജപ്രചരണം ഏറ്റുമുട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യവുമായാണ്. എന്തിന്റെയെങ്കിലും പേര് പറഞ്ഞ് ഇന്റര്‍നെറ്റിന് മൂക്കുകയറിടാന്‍ നടക്കുന്ന അധികാരികള്‍ക്ക് ഇതൊക്കെ ആവേശം പകരുമായിരിക്കും, അവര്‍ക്ക് വേണ്ടത് വ്യാജനെ അല്ല ഒന്നാംതരം രാഷ്ട്രീയ വിമര്‍ശത്തെ/സാമൂഹികമായി ഉരുവം കൊള്ളേണ്ടുന്ന എതിര്‍പ്പിനെ മുളയിലെ നുള്ളുക ആണല്ലോ.

സാധാരണ മാധ്യമങ്ങള്‍ക്ക് ബദല്‍ മാധ്യമമാണ് ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന് പറയുന്നത് യാഥാര്‍ത്ഥ്യമെന്ന് തോന്നണമെങ്കില്‍ കുറച്ച് കൂടി ഉത്തരവാദിത്വബോധം കാട്ടേണ്ടതുണ്ട്. എന്തും ഷെയര്‍ ചെയ്യാം തോന്നിയതൊക്കെ ടൈപ്പാം എന്ന് പറയുന്നത് വിവരക്കേട് മാത്രമല്ല , ഒരു സാധ്യതയുടെ ചരമക്കുറിപ്പെഴുതല്‍ കൂടിയാണ് .കെ എസ് ചിത്ര സ്വജീവിതത്തിലെ വലിയ ഒരു ആഘാതത്തില്‍ നിന്ന് പതിയെ വിടുതല്‍ നേടി വരുന്നതേയുള്ളൂ എന്ന് ഇല്ലാവാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ക്കും അറിയാം, നമ്മുടെ പ്രീയ ഗായികയുടെ മനസ്വസ്ഥത കളയാനല്ലാതെ എന്തുപകാരം ആണ് ഈ ഷെയര്‍ വീരന്മാരും വീരകളും ചെയ്യുന്നത്. ഡല്‍ഹി പെണ്‍‌കുട്ടിയുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം അവരുടേത് ആണെങ്കില്‍ തന്നെ അത് ഷെയര്‍ ചെയ്ത് ആഘോഷിക്കാന്‍ എന്ത് അവകാശമാണ് നമുക്കുള്ളത്. ഇര അത് ആരായിരുന്നാലും അവര്‍ക്ക് സ്വകാര്യത ഉണ്ട്. അവരുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിയും ഈ സമൂഹത്തിന്റെ ഭാഗമാണ്, നാളെ അത് നമ്മളാകാം അല്ലെങ്കില്‍ പ്രീയ ബന്ധുമിത്രാദികളാകാം .

വ്യാജ വാര്‍ത്തകള്‍ ചമയ്ക്കലും നിരുത്തരവാദപരമായ ഷെയര്‍ ചെയ്യലും പെരുകുകയാണ്. കമ്പ്യൂട്ടര്‍ കാലത്ത് ഫോട്ടോഷോപ്പ്/ജിമ്പ് പോലെയുള്ള ചിത്രപ്പണി സൂത്രങ്ങള്‍ ഉണ്ടെങ്കില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിമിഷാര്‍ധം കൊണ്ട് സൃഷ്ടിച്ചെടുത്ത്, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കടലേഴും കടത്തി ജനലക്ഷങ്ങള്‍ക്കിടയിലേക്ക് പടര്‍ത്താം. ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും സ്വയം നിയന്ത്രണവും വരുത്തേണ്ടിയിരിക്കുന്നു. നാം ജീവിയ്ക്കുന്ന സമൂഹത്തിന്റെ ഒരു ഓണ്‍‌ലൈന്‍ പ്രതിരൂപമല്ലേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ . ഇതിന് ഒരു ബദല്‍ മാധ്യമമായി വികസിയ്ക്കാന്‍ ഘടനാപരമാ‍യ പരിമിതികളുണ്ട്. നാള്‍ക്കുനാള്‍ , പൊതു / സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്ന നവമാദ്ധ്യമം ഇരു തല മൂര്‍ച്ചയുള്ള വാള്‍ തന്നെയാണ് എന്നാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

ഒരു വശത്ത് അറ്റം കൂര്‍പ്പിച്ച വാക്കുകളുമായി വളരെ കൃത്യമായ ഇടപെടലിനായി ഒരു കൂട്ടര്‍ ശ്രദ്ധേയമായി സംവേദനം നടത്തുകയും, സംവാദത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ വിഷലിപ്‌തമായ ആശയവുമായി വികൃതമനസോടെയോ അല്ലെങ്കില്‍  തമാശയായോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് എന്ന സാധ്യതയെ കാണുകയും എഴുതുകയും ചെയ്യുന്നു, മറ്റ് ചിലരാകട്ടെ മുന്‍‌പിന്‍ നോക്കാതെ ടൈം ലൈനില്‍ തെളിയുന്നതെന്തും ലൈക്കുന്നു, ഷെയര്‍ ചെയ്യുന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ്‌ തെറ്റുദ്ധാരണ പടര്‍ത്തുന്നതും, വ്യക്തിഹത്യയിലധിഷ്ഠിതവുമായ ആധികാരികമല്ലാത്ത പ്രചാരവേലകളുടെ ഉസ്താദുമാര്‍ !! അവരെ നാമെന്തു ചെയ്യും? എന്നത് പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു . തികച്ചും നിര്‍ദ്ദോഷമെന്ന് കരുതാവുന്ന കാണാതായ കുട്ടിയുടം പടം ഷെയര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍, രോഗ ബാധിതയായവര്‍ക്ക് വേണ്ടിയുള്ള സഹായാഭ്യര്‍ത്ഥനകള്‍ , രക്തദാനം , ആശ്വാസധനം സ്വരൂപിക്കല്‍ എന്നിവയുടെ കാര്യത്തിലും ഈ ജാഗ്രത അനിവാര്യം

ഐടി നിയമത്തില്‍ തികച്ചും ഉദാസീനമായി എഴുതി, കയ്യടിച്ച് പാസാക്കിയ 66(a) പോലെയുള്ള വകുപ്പുകള്‍ അല്ല ഇതിനെ ഒക്കെ പ്രതിരോധിക്കാന്‍ കരുതേണ്ടത്. നാളിതുവരെ ഈ വിവാദ വകുപ്പ് ഉപയോഗിക്കപ്പെട്ടത് സര്‍ക്കാര്‍/കോര്‍പ്പറേറ്റ് തന്നിഷ്ടങ്ങള്‍ക്ക് പക്കമേളമായാണ്. അരിന്ദം ചൌധരിയുടെ വിവാദ സ്ഥാപനമായ ഐ ഐ പി എം നെതിരെ വന്ന വസ്തുതാപരമായ വാര്‍ത്തയെ പ്രതിരോധിക്കാനാണ് ഏറ്റവും അടുത്ത കാലത്ത് ഐടി നിയമം ഉപയോഗിക്കപ്പെട്ടത്. രാജ്യത്തെ പുകള്‍പെറ്റ സര്‍ക്കാര്‍ സ്ഥാപനമായ യുജിസി യുടെ മുതല്‍ പ്രബലമായ മാധ്യമങ്ങളുടെ വെബ്പേജുകള്‍ വരെ നിര്‍വീര്യമാക്കാന്‍ ഐടി നിയമം ദുരുപയോഗിക്കുന്നതിന് നാം സാക്ഷിയായി. വ്യാജവാര്‍ത്തകള്‍ എഴുതുന്നതിനും ഷെയര്‍ ചെയ്യുന്നതിനും തടയിടാന്‍ കൊണ്ട് വരുന്ന കര്‍ക്കശമായ നിയമങ്ങള്‍ മോശമാണ്, ദോഷവും. നിര്‍മ്മിതവാര്‍ത്തകള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടത് സാമൂഹികമായ ഒരു വലയം തീര്‍ത്തുകൊണ്ടാകണം. നഗരത്തിലെ പൊതുവഴി വൃത്തികേടാക്കാതെ സൂക്ഷിക്കുന്നത് നിയമത്തെ പേടിച്ചല്ല മറിച്ച് നമ്മുടെ പൊതു ഇടമാണ്, അത് വെടിപ്പായി സൂക്ഷിക്കണം എന്ന സാമൂഹിക ബോധം തനിയെ ഉരുത്തിരിഞ്ഞ് വന്നത് കൊണ്ടാണ്. ഇങ്ങനെ ഒരു പൊതു സ്വീകാര്യമായ അവസ്ഥ രൂപപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വവും ഓണ്‍‌ലൈന്‍ സമൂഹത്തിനുണ്ട്. സൈബര്‍ സ്പെയ്സ് ജനാധിപത്യത്തില്‍ ഇന്ന് നിര്‍ണായകമായ സ്വാധീ‍നം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ മെരുക്കാനും വീര്യം കെടുത്താനും നിക്ഷിപ്‌ത താത്പര്യക്കാര്‍ സര്‍വസന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുള്ളതും മറക്കതിരിക്കുക. അവര്‍ക്കുള്ള പിടിവള്ളിയാകരുത് വ്യാജവാര്‍ത്തയും ഫാബ്രിക്കേറ്റഡ് ചിത്രങ്ങളും, ഒപ്പം അവയെ ഷെയര്‍ ചെയ്യുന്നവരും .
(2013 മാര്‍ച്ച് ലക്കം കേരള പ്രസ് അക്കാദമി ജേണല്‍ ‘മീഡിയ‘ യില്‍ പ്രസിദ്ധീകരിച്ചത്)

5 comments:

Nithin Jose said...

ആദര്ശ് ചേട്ടാ .ലേഖനം നന്നായിടുണ്ട്
ആധികാരികത എന്നാ വാക്ക് സോഷ്യൽ മീഡിയയിൽ പ്രസക്തമാക്കി എടുക്കാൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്
കാരണം ഇവിടെ കറങ്ങി നടക്കുന്നത് സാധാരണ ക്കാരായ കോടി കണക്കിന് ജനങ്ങള് അല്ലെ
നിയമങ്ങള കൊണ്ട് കാര്യം ഉണ്ടാകില്ല ;പക്ഷെ നിയന്ത്രണം കൊണ്ട് കാര്യമുണ്ടാകും
എല്ലാരും സ്വയം കണ്ട്രോൾ ചെയുന്ന ആത്മ നിയന്ധ്രണം കൊണ്ട്

Eby Thomas said...

It would be great if facebook had added a "validity Checker" to their posts..
If a post got more than 5 activity (like/comment/share) , Its validity should be approved with 2 friends.
By approving the validity they are also responsible for the content.
This may ensure the validity of Information shared on facebook!

Prasannakumary Raghavan said...

അവ ബോധം ഉണ്ടാക്കുന്നത് നല്ലതായിരിക്കും. ഇതുപോലെയുള്ള പ്രസിദ്ദീകരണങ്ങൾ ബ്ലോഗിൽ പരസ്യപ്പെടുത്തുക അതിൽ ചർച്ചയുണ്ടാകുക ഒരു നല്ല തുടക്കമാണ്: നിയമങ്ങൾ വളഞ്ഞ് വഴിയെ നേരിടാമെന്ന അവബോധം രൂക്ഷമായിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്, സമൂഹേത്തിലെ ദുഷിപ്പുകൾ വെച്വൽ മീഡിയകളിലും പകർത്തുന്നു.

ajithkumar said...

1. "ഇത്തരം അസഹിഷ്‌ണുതയില്‍ നിന്ന് പിറവി കൊള്ളുന്ന വ്യാജപ്രചരണം ഏറ്റുമുട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യവുമായാണ്"
2. "നഗരത്തിലെ പൊതുവഴി വൃത്തികേടാക്കാതെ സൂക്ഷിക്കുന്നത് നിയമത്തെ പേടിച്ചല്ല മറിച്ച് നമ്മുടെ പൊതു ഇടമാണ്, അത് വെടിപ്പായി സൂക്ഷിക്കണം എന്ന സാമൂഹിക ബോധം തനിയെ ഉരുത്തിരിഞ്ഞ് വന്നത് കൊണ്ടാണ്. ഇങ്ങനെ ഒരു പൊതു സ്വീകാര്യമായ അവസ്ഥ രൂപപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വവും ഓണ്‍‌ലൈന്‍ സമൂഹത്തിനുണ്ട്."
3. "സൈബര്‍ സ്പെയ്സ് ജനാധിപത്യത്തില്‍ ഇന്ന് നിര്‍ണായകമായ സ്വാധീ‍നം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ മെരുക്കാനും വീര്യം കെടുത്താനും നിക്ഷിപ്‌ത താത്പര്യക്കാര്‍ സര്‍വസന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുള്ളതും മറക്കതിരിക്കുക. അവര്‍ക്കുള്ള പിടിവള്ളിയാകരുത് വ്യാജവാര്‍ത്തയും ഫാബ്രിക്കേറ്റഡ് ചിത്രങ്ങളും, ഒപ്പം അവയെ ഷെയര്‍ ചെയ്യുന്നവരും ."

p m mohamadali said...സർ,
താങ്കളുടെ പല ലേഖനങ്ങളും വായിക്കാർ ഉണ്ട് ഞാൻ ഈ വെറും ഒരു അല്പറ്റ്നാനിയാണു അത് കൊണ്ടു വല്ല അബധത്തിലാണു ചെന്നകപ്പെടുക എന്ന ആകാംക്ഷയിലാണ് . മനപൂർവം ആരെയും മാനം കെടുത്തുക ,തെറ്റുകൾ ചെയ്യക എന്നിവ ഉണ്ടാകില്ല എന്നാലും ശ്രദ്ദപൂർവം സമയം കളയുമ്പോൾ ഇത്തരം നിർദേശങ്ങൽ ഒരു ഒർമപെടുത്തലാണു