Sunday, April 21, 2013

വലാധിപത്യ ലോകം


ഇന്റര്‍നെറ്റ് എന്ന വിശ്വ വ്യാപന വലയുടെ ഭാഗമാണ് ഇന്ന് മിക്കവരും. ഒരു പക്ഷെ ഇന്റര്‍നെറ്റ് നിലവില്‍ വന്ന സമയത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ കടന്ന് വരവും കീഴടക്കലും സ്വപ്‌നം കണ്ടവര്‍ പോലും വിരളമോ അല്ലെങ്കില്‍ ഇല്ല എന്ന് പറയുന്നതോ ആകും ശരി. നിലവില്‍ ഫേസ്ബുക്കില്‍ മാത്രം നൂറ് കോടിയിലേറേ പേര്‍ ചേര്‍ന്നിട്ടുണ്ട്. ട്വിറ്റര്‍,ഗൂഗിള്‍ പ്ലസ് പോലെയുള്ളവ വേറേ. മിക്കവര്‍ക്കും എല്ലാ ജനകീയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലും അംഗത്വവുമുണ്ട്, അത് കൊണ്ട് തന്നെ എല്ലാറ്റിലും കൂടി അംഗത്വം ഉള്ളവരെ ഒരുമിച്ചെടുത്ത് കണക്കായി അവതരിപ്പിക്കുന്നതില്‍ ശരികേടുമുണ്ട്. ശരാശരി കണക്ക് എടുത്താല്‍ ലോകത്ത് ഒരോ ആറ് പേരില്‍ ഒരാള്‍ക്ക് ഏതെങ്കിലുമൊരു സൈബര്‍ കൂട്ടായ്മയില്‍ പങ്കാളിത്തം ഉണ്ട്. അഞ്ച് വര്‍ഷം മുന്നെയുള്ള സംഖ്യ അല്ല ഇന്ന് അതിനാല്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞുള്ള നെറ്റിസണ്‍ മാരുടെ ( ഇന്റര്‍നെറ്റ് സിറ്റിസണ്‍ ) എണ്ണം ഒരു പക്ഷെ മൊത്തം ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിനടുത്ത് വരും എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ഒപ്പം തന്നെ എടുത്ത് പരിശോധിക്കേണ്ട മറ്റൊരു കാര്യം ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ഇടം ആണ്‍, അഞ്ച് വര്‍ഷം മുന്‍പ് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് മേശപ്പുറ കമ്പ്യൂട്ടറുകള്‍ വഴി ആയിരുന്നു എങ്കില്‍ ഇന്ന് ടാബ്‌ലെറ്റ് / സ്മാര്‍ട്ട് ഫോണ്‍ ആണ് ഈ നെറ്റ് ചങ്ങാതിമാര്‍ക്ക് എഴുത്തിന്റെ, വായനയുടെ തലം ആകുന്നത് .

ആ‍ര്‍ക്കും എന്തും എഴുതാം ഏത് സമയത്തും ആര്‍ക്കെതിരെയും അല്ലെങ്കില്‍ ഏത് സ്ഥാപനത്തിനെതിരെയും എന്ന് പറയുമ്പോള്‍ അത് കേവല അരാജകത്വാവസ്ഥ അല്ലെ സൃഷ്ടിച്ചെടുക്കുക മാത്രമല്ല ഇങ്ങനെ വായില്‍ തോന്നുന്നത് പറഞ്ഞാല്‍ അതെങ്ങനെ ആധികാരികം ആകും എന്ന് നെറ്റിചുളിക്കുന്നവരും കുറവല്ല. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ മുന്‍പെങ്ങും പരിചയിച്ചിട്ടില്ലാത്ത ഇടമാണ് ഇവര്‍ക്കുള്ളത് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കയ്യാളുന്നത് എന്ന വസ്‌തുത വിമര്‍ശകര്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റിന്റെ ട്വിറ്റര്‍ പോസ്റ്റിന്റെ ബ്ലോഗില്‍ എഴുതുന്നവയുടെ എണ്ണപ്പെരുക്കം എന്ത് മാത്രമാണ്, ഒരു വിഷയത്തെ തന്നെ ചിന്തിക്കാന്‍ പറ്റാത്ത കാഴ്ചക്കോണുകളില്‍ നിന്നാണ് സമീപിക്കുന്നത്. ഇത് ഉണ്ടാക്കുന്ന ഒരു അഭിപ്രായ ഉള്‍ചേര്‍ച്ച ഉണ്ട്. ഇങ്ങനെ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി എഴുതപ്പെടുന്നതും വലിയ ഒരു ജനാവലി അപ്പപ്പോള്‍ വായിക്കുന്ന ചിലപ്പോള്‍ കൂടെ ചേര്‍ന്ന് വാദിക്കുന്ന , ഇണങ്ങുന്ന , പിണങ്ങുന്ന ഇടം മറ്റൊരു തരത്തില്‍ ജനാധിപത്യം തന്നെയാണ് സ്ഥാപിച്ചെടുക്കുന്നത്. ഇങ്ങനെ ഉള്ള ബഹുസ്വരതയില്‍ നിന്ന് പൊട്ടിമുളയ്ക്കുന്നത് ഒരു പക്ഷെ കലാപം ആകാം അല്ലെങ്കില്‍ സഹായ ഹസ്തമാകാം. എങ്ങനെയാണ് ഇത് ഭരണാധികാരികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് നമ്മള്‍ ട്യുണീഷ്യയിലും ഈജിപ്റ്റിലും മുതല്‍ തീരെ ചെറിയ ഒരളവ് വരെ ഡല്‍ഹിയിലും കണ്ടു .

ഈ വിപുലമായ ഡിജിറ്റല്‍ ഹാന്‍ഡിലുകള്‍ അഥവാ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വിലാസങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുമെങ്കില്‍ അത് ജനാധിപത്യത്തിനെ കൂടുതല്‍ സുതാര്യമാക്കാനോ അല്ലെങ്കില്‍ തുറസിലേക്ക് എത്തിക്കാനോ ആകും അത് നല്ലതല്ലേ? ഇക്കാരണാങ്ങളാകണം ഇന്റര്‍നെറ്റിനെ ഭരിക്കേണ്ടത് ഭരണകൂടത്തിന്റെയും ബിസിനസ് ലോബികളുടെയും ബദ്ധശ്രദ്ധ പതിയുന്ന അനിവാര്യത ആക്കി മാറ്റിയത്. നിലവിലെ ഐടി നിയമത്തിന്റെ പുഴുക്കുത്തുകള്‍ ഉപയോഗിച്ച് എങ്ങനെ ആണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങ് ഇടുന്നത് എന്ന് മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നിയമദുരുപയോഗത്തിലും ഈയടുത്ത ദിവസങ്ങളിലൊന്നില്‍ ഐ ഐ പി എം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും അതിന്റെ മേധാവി അരിന്ദം ചൌധരിക്കും എതിരെ ശബ്ദിച്ച വെബ്‌പേജുകളെ അപ്പാടെ നിര്‍വീര്യമാക്കുന്നിടത്ത് വരെയെ‌ത്തിയത് നമ്മള്‍ കണ്ടു. സ്വതന്ത്രമായതും മാധ്യമ ചട്ടക്കൂടില്‍ നിന്ന് പുറത്ത് നിന്ന് വരുന്ന അഭിപ്രായങ്ങള്‍ അസ്വസ്ഥത സൃഷ്ടിച്ച് തുടങ്ങി എന്ന് സാരം. അത് ഇനിയും ഉണ്ടാകും .പുതുലോകം പകര്‍ന്ന് ഡിജിറ്റല്‍ ലോകം : വാര്‍ത്താവിനിമയത്തിന്റെ ചരിത്രം ആരംഭിക്കുന്ന നാളുകളില്‍ ഒന്ന് ഒച്ചയില്‍ നാലാള്‍ കൂടുന്നിടത്ത് സംസാരിക്കാന്‍ പോലും തമ്പ്രാന്റെ അനുമതി വേണമായിരുന്ന വൃത്തികെട്ട ഭൂതകാലം നമുക്കും ഉണ്ടായിരുന്നു, എന്നാല്‍ ഇന്നോ ഇതേ തമ്പ്രാക്കന്മാരുടെ നവരൂപമായ രാഷ്ട്രീയ/ഭരണ/ബിസിനസ് രംഗത്തുള്ളവര്‍ക്ക് മുന്നില്‍ അസ്വസ്ഥത പടര്‍ത്തുന്ന ശബ്ദമുഖരിതമായ ഇടത്തേക്ക് നാമെത്തി. ഇന്റര്‍നെറ്റ് ഉള്ളതാണ് ജനാധിപത്യം ഇനിയും കൂടുതല്‍ മേല്‍ത്തരമായി നിലനില്‍ക്കും എന്ന് ഉറപ്പിക്കാന്‍ ആകുന്ന സൂചന എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നിയന്ത്രണം സാധ്യമല്ല എന്ന് പറയാം, ഭരണകൂടം എങ്ങനെ ഒക്കെ ശ്രമിച്ചാലും സേവന ദാതാക്കള്‍ വഴി എത്ര നല്ല അരിപ്പ വച്ചാലും ഇത് മറ്റൊരു വഴിയിലൂടെ വളരും/പടരും എന്നതിന് ഉദാഹരണം പലത്. ഇതിന്റെ പ്രയോജനം പരമ്പരാഗത മാധ്യമങ്ങള്‍ക്കും പരോക്ഷമായി ലഭിക്കുന്ന്. നമ്മുടെ പത്രം എത്ര തമസ്കരിച്ചാലും ഇത് നെറ്റില്‍ എത്തും , പിന്നെ പടരും നാടാകെ എന്നിട്ട് വാര്‍ത്ത കൊടുത്തിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കുന്ന ന്യൂനപക്ഷം എങ്കിലും ന്യൂസ് റൂമില്‍ ഉണ്ടായാല്‍ അത് മതിയല്ലോ !

സോഷ്യല്‍ നെറ്റ്വര്‍ക്കിന്റേയും സ്മാര്‍ട്ട് ഫോണ്‍ ആപ്പ്‌സിന്റെയും കടന്ന് വരവ് പത്ര/ടി വി മാധ്യമങ്ങളെ മാത്രമല്ല ബാധിച്ചത്. അടുത്ത കാലം വരെ അല്ലെങ്കില്‍ ഇപ്പോഴും ആശയവിനിമയത്തിനെ ആശയും ആവേശവും ആയ എസ് എം എസ് നെ കാര്യമായി തന്നെ തളര്‍ത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് കഴിഞ്ഞു. ഫേസ്ബുക്ക്/ജിമെയില്‍ ചാറ്റും ടെക്‍സ്റ്റിംഗിനായുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകളും എസ് എം എസ് വരുമാനത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങി എന്ന് ടെലകോം സേവന ദാതാക്കള്‍ തന്നെ സമ്മതിക്കുന്നു , അതെ ഇത് അത്രമേല്‍ വേഗത്തിലാണ് നിലവിലുള്ള വിവര വിനിമയത്തിനെ മാറ്റി മറിക്കുന്നത്. നിരന്തരം നവീകരിക്കുകയും പുതുപുത്തന്‍ ആശയങ്ങളുമായി എത്തുകയും ചെയ്തില്ലെങ്കില്‍ നില‌നില്‍പ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് പോലും അപകടമാകും എന്നതിന് ഓര്‍ക്കുട്ടിനപ്പുറം ഉദാ‍ഹരണം വേണോ. നമ്മെ ഒക്കെ കൂട്ടുകൂടാന്‍ പഠിപ്പിച്ച ഓര്‍ക്കുട്ടിന് ഏതാണ്ട് നിത്യശാന്തി നേരാന്‍ സമയമായി. എന്തിനധികം പത്തുവര്‍ഷത്തിനപ്പുറം ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടാകും എന്ന് ഉറപ്പിക്കാന്‍ പോലും ആകില്ല, എന്ന് വച്ച് ആശങ്കപ്പെടേണ്ട . ഇതിനെ വകഞ്ഞ് മാറ്റി എത്തുന്നത് ഇതിലും നവം‌നവങ്ങളായ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു ഇടം ആകും .മാധ്യമ സമന്വയത്തിന്റെ കാലം :
പത്രവായനയും ടിവിയുടെ ദൃശ്യ സാധ്യതളും സമ്മേളിക്കുന്ന ഇടം മാത്രമല്ല ഇന്റര്‍നെറ്റ് , ഇവയ്ക്ക് രണ്ടിനും സാധിക്കാതിരുന്ന വിവര ദൃശ്യ മേളിക്കല്‍ ആണ് സൈബര്‍ മാധ്യമം പകര്‍ന്ന് തരുന്നത്. മീഡിയ കണ്‍‌വര്‍ജന്‍സ് എന്ന് വിളിക്കുന്നത് ശരി എന്ന് പറയാം. എല്ല വിഭവങ്ങളും വിളമ്പുന്ന ഒരു വലിയ വിവര സദ്യ. ഇത് മാധ്യമ പ്രവര്‍ത്തനത്തെ അപ്രസക്തമാക്കും എന്നൊക്കെ ചില കോണില്‍ നിന്ന് പറയുന്നുണ്ടങ്കിലും അത് സംഭാവ്യമാകാന്‍ വിദൂര സാധ്യത പോലും ഇല്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരത്തിന്റെ സ്കൂപ്പിന്റെ വസ്തുതാന്വേഷങ്ങളുടെ ഒക്കെ അപരിമിതമായ സാധ്യതകള്‍ ആണ് തുറന്ന് കിടക്കുന്നത്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്ന് വിളിക്കാവുന്ന ഈ നെറ്റിസണ്‍ മാര്‍ എഴുതുന്ന ചില വരികളിലെങ്കിലും നല്ല വാര്‍ത്താ സ്കൂപ്പിന്റെ വിത്തെടുക്കാന്‍ പറ്റും. ഇതെടുത്ത് ശരിയുടെ അനുബന്ധവിവരത്തിന്റെ വെള്ളവും വളവും നല്‍കിയാല്‍ നല്ല വാര്‍ത്ത ആകും. ഇത് കല്പിത കഥ പോലെ പറയുന്നതല്ല., ഇപ്പോള്‍ ലോകത്തില്‍ പലയിടത്തും മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗില്‍ കറങ്ങുന്നത് വാര്‍ത്ത തേടി കൂടിയാണ്. വരും കാലത്ത് ഇത് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല

മൈക്കിള്‍ ജാക്‍സണ്‍ നമ്മെ വിട്ട് പിരിഞ്ഞ വാര്‍ത്ത വന്ന സമയത്ത് ട്വിറ്റര്‍ ഷട്ട് ഡൌണ്‍ ആയത് വാര്‍ത്തയുടെ സ്രോതസ് എന്ന നിലയില്‍ എത്രമാത്രം പ്രധാനമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്ന സൂ‍ചന തരുന്നു. ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വിവരം ആദ്യം ബേക്ക് ചെയ്തത് ട്വിറ്റര്‍ ആണ് എന്തിനധികം രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബരാക്ക് ഒബാമ Four more years എന്ന് കുറിക്കുക മാത്രമല്ല ഭാര്യ മിഷേലിനെ ചെര്‍ത്ത് പിടിച്ച് കൊണ്ടുള്ള ഫോട്ടോയുടെ അകമ്പടി കൂടി ഉണ്ടായിരുന്നു. അതെ വാര്‍ത്ത ഉത്‌ഭവിക്കുന്ന ഉറവിടം തന്നെ വാര്‍ത്ത എഴുതുകയും ചെയ്യുന്ന തത്‌സമയ വാര്‍ത്താപൂരത്തിന്റെ കാലം. ഇത് ഇനിയുള്ള കാലം കൂടുമെന്നതില്‍ തര്‍ക്കമില്ല, നമ്മുടെ നാട്ടില്‍ ഇപ്പോഴും ജനകീയത ഫേസ്ബുക്കിന് തന്നെയാണ് എന്നാല്‍ വാര്‍ത്താതാരങ്ങള്‍ക്ക് പ്രീയം ട്വിറ്ററും. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഏതായാലും , സദാ കണക്ടഡ് ആണ് നമ്മളില്‍ നല്ലൊരു ഭാഗം

ഉള്‍ച്ചേര്‍ന്ന ഉള്ളടക്കത്തിന്റെ (Inclusive Content) കാലത്തിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗങ്ങള്‍ വെറും വായനക്കാര്‍ അല്ല, അവര്‍ ഒപ്പം ഇടപെടുക കൂടിയാണ്. വിമര്‍ശമെന്നത് പഴയകാലത്തെ പോലെ പണ്ഡിത കേസരികള്‍ മാത്രം മേയുന്ന പറമ്പുമല്ല. ഇന്നലെ വന്ന പുതുനാമ്പുകള്‍ പോലും ആശയത്തിന്റെ ഉള്‍ക്കരുത്തുമായി കല്ലിനെ പിളര്‍ക്കുന്ന എതിര്‍ വര്‍ത്തമാനം ഉയര്‍ത്തും , കാമ്പുണ്ടെങ്കില്‍ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. നേരിട്ട് പറയാന്‍ പലവിധ പരിമിതി ഉള്ളവര്‍ അപരനാമത്തില്‍ തുറന്ന് പറച്ചിലുകാരാകും (വിസില്‍ബ്ലോവേഴ്സ്). ഇതിനൊക്കെ ഉള്ള പശ്ചാത്തലം മാത്രമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ടാക്കുന്നത്

വരും കാലത്ത് ഈ വലിയ ഓണ്‍‌ലൈന്‍ ജനസംഖ്യയില്‍ മാധ്യമങ്ങളോളം വിശ്വാസ്യത ഉള്ള, ആധികാരികത ഉള്ള ഫേസ്ബുക്ക് / ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉണ്ടാകും. ഒരോരോ വിഷയത്തില്‍ വൈദഗ്ദ്യം നേടിയവര്‍ അതാത് കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ വരുന്ന വായനക്കാരുടെ എണ്ണം വര്‍ധിക്കും. അത് പോലെ തന്നെ ഇത് വരെ ഇന്റര്‍നെറ്റ് എന്തെന്ന് അറിയാത്ത നല്ലൊരു പങ്ക് ജനങ്ങള്‍ സമീപ ഭാവിയില്‍ തന്നെ സൈബര്‍ ഇടത്തിന്റെ ഉപഭോക്താക്കളാകും , ഒരു പക്ഷെ നിലവില്‍ നാമൊക്ക വന്നത് പോലെ ആകില്ല ഇവര്‍ ഉപയോഗിച്ച് തുടങ്ങുക, സൈബര്‍ ഹരിശ്രീ കുറിക്കുന്നത് തന്നെ സ്മാര്‍ട്ട് ഫോണിലോ ടാബ്‌ലറ്റിലോ ആകും. അത്രമേല്‍ ഉപഭോക്‍തൃ ലാളിത്യത്തോടെ അല്ലെ ആപ്ലിക്കേഷനുകള്‍ തയാറാകുന്നത്. മാത്രമോ പ്രാദേശിക ഭാഷയില്‍ സംവദിക്കാം എന്ന പുതുമയും ഉണ്ട്. സര്‍ച്ച് എഞ്ചിന് ഊളിയിട്ടെടുത്ത് തരാനാകാത്ത പല വിവരവും സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് നിമിഷം കൊണ്ട് ഒരു ചോദ്യമെറിഞ്ഞെടുക്കാം എന്ന നിലയും സംജാതമാകും !

No comments: