Saturday, September 21, 2013

ബാങ്കുകളിലെ സോഫ്ട്‌വെയര്‍ ഔട്ട്സോഴ്സിംഗ് പൊതുമേഖലയിലേക്ക് അല്ലേ കൂടുതല്‍ നല്ലത് ?


അധ്വാനം പുറത്തേക്ക് പോകുന്നത് ആണല്ലോ നമ്മള്‍ പുറംജോലിക്കരാര്‍ എന്നത് കൊണ്ട് സാമാന്യമായി ചര്‍ച്ച ചെയ്യുന്നത്. ടെക്‍നോളജി രൂപപ്പെടുത്താന്‍ മറ്റുള്ള കമ്പനികളെ ആശ്രയിക്കുമ്പോള്‍ (ഇതും ഔട്ട്‌സോഴ്സിംഗ് തന്നെ) ലഭിക്കുന്നത് ഒരു സോഫ്ട്‌വെയര്‍ മാത്രമായി കാണാതെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന മനുഷ്വാധ്വാനത്തെ കൂടി കാണണം. സാങ്കേതികവിദ്യയുടെ ഉപായങ്ങളില്‍ കാര്യമായ തോതില്‍ മനുഷ്യന്റെ ബുദ്ധിശക്തി ഉപയോഗപ്പെടുത്തിയാണ് സോഫ്ട്‌വെയര്‍ ഉണ്ടാക്കി എടുക്കുന്നത്. ഇതര വ്യവസായങ്ങളില്‍ ഒരിക്കല്‍ ഉണ്ടാക്കി എടുത്ത വിജയകരമായ മാതൃക അനുസരിച്ചാണ് വ്യാവസായികമായി വന്‍ തോതില്‍ ഉത്പാദനം നടത്തുന്നത്. മോട്ടോര്‍ കാര്‍ മുതല്‍ സോപ്പ് വരെ ഉദാഹരണം. ആവശ്യകത കൂടുന്നതനുസരിച്ച് വില കുറയാന്‍ സാധ്യതയും ഉണ്ട്. എന്നാല്‍ സോഫ്ട്‌വെയര്‍ അങ്ങനെ അല്ല. ഒരിക്കല്‍ വിജയകരമായാല്‍ അവയുടെ വ്യാവസായികമായ വ്യാപനത്തിന് വേണ്ടി കൂട്ടിച്ചേര്‍ക്കപ്പെടുന്ന അധ്വാനം പരമ്പരാഗത വ്യവസായശാലകളെ അപേക്ഷിച്ച് തുലോം തുശ്ചമാണ്, അഥവാ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇതിനനുസരിച്ച് അല്ല ഇതിന്റെ വില മിക്കപ്പോഴും നിശ്ചയിക്കപ്പെടുന്നത്. എ എന്ന ബാങ്കിന് വേണ്ടി ഉണ്ടാക്കിയ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ ബി മുതല്‍ ഇസഡ് വരെയുള്ള ബാങ്കുകള്‍ക്ക് ഒരു കമ്പനി കൊടുക്കുന്നത് ഒരോ തവണയും ആദ്യമായി ഉണ്ടാക്കുന്ന തരത്തില്‍ വിലയിട്ടാണ്. ചിലപ്പോള്‍ ഒരോ ബാങ്കിന്റെയും രീതി അനുസരിച്ച് ചില മുഖം‌മിനുക്കല്‍ സമാനമായ മാറ്റം ഉണ്ടാകും, പക്ഷെ ഇതിന് ആവശ്യമായി വരുന്ന അധ്വാന മണിക്കൂറുകള്‍ എടുത്ത് താരതമ്യം ചെയ്‌താല്‍ അവഗണിക്കാവുന്ന തരത്തില്‍ തുശ്ചമാണ് മൂല്യ വര്‍ദ്ധനവ് എന്ന് ബോധ്യമാകും
ഇവിടെയാണ് കാര്യമായി ഇടപെടേണ്ടത്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് രംഗത്ത് ഭാരതത്തെ പോലെ സുശക്‍തമായ പൊതു മേഖലാ സ്ഥപനങ്ങളുടെ നിര മറ്റൊരു രാജ്യത്തിന് ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഇലക്‍ട്രോണിക്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സിഡാക്, ഭാരത് ഇലക്‍ട്രോണിക്‍സ് , കേന്ദ്ര ഇലക്‍ട്രോണിക്‍സ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍‌സ്റ്റിട്യൂട്ട്.....തുടങ്ങീ കേരളത്തിലെ കെല്‍‌ട്രോണ്‍ വരെ. പൊതുമേഖലാ സ്ഥാപനത്തെ ആണ് ഇക്കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ആശ്രയിക്കുന്നത് എങ്കില്‍ അത് ഫലപ്രദമായതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്ത്രപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുന്ന തീരുമാനവും ആണ്‍. സോഫ്ട്‌വെയര്‍ സങ്കേതങ്ങള്‍ നിര്‍മ്മിക്കാനും അത് വിന്യസിക്കാനും മിക്കപ്പോഴും പുറത്തെ സ്ഥാപനങ്ങളെ ആശ്രയിക്കാറുണ്ട്, ഇതില്‍ തെറ്റുമില്ല കാരണം ഉദാഹരണമായി ബാങ്കിനെ തന്നെ എടുത്ത് പറയാം. കോര്‍ ബാങ്കിംഗിനും മറ്റ് ഉപാധികള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗിനും ഒക്കെ വ്യത്യസ്ഥമായ പാക്കേജുകളോ അല്ലെങ്കില്‍ മൊഡ്യൂളുകളോ ആവശ്യം വരും. ഇതില്‍ സിഡാക്ക്, എന്‍ ഐ സി പോലെയുള്ള സോഫ്‌ട്‌വെയര്‍ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ആണ് ആശ്രയിക്കുന്നതെങ്കില്‍ സാമൂഹികപരമായ നേട്ടവും ഏറെയാണ്. നിലവില്‍ അതാത് ബാങ്കിന്റെ ഡാറ്റാ സെന്ററില്‍ ആണ് വിവരം അതുകൊണ്ട് വിവരചോരണം എന്ന പ്രശ്‌നം ഇല്ല എന്ന് പറയാമെങ്കിലും ടെക്നോളജി ഔട്ട്സോഴ്സിംഗ് എന്ന പേരില്‍ പുറത്തേക്ക് പോകുന്ന പണത്തിന് ആനുപാതികമായ തൊഴില്‍ പുറത്ത് സൃഷ്‌ടിക്കപ്പെടുന്നില്ല എന്നത് കാര്യമായ വിശകലനത്തിന് വിധേയമായിട്ടുണ്ടോ?

എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും സോഫ്ട്‌വെയര്‍ നിര്‍മാണത്തിന് വര്‍ഷം തോറും എത്രമാത്രം പണം, സമയം എന്നിവ ചിലവഴിക്കുന്നുവെന്ന് നോക്കിയാല്‍ ഇത് എല്ലാം കൂടി ഒരു പൊതുമേഖലാ സ്ഥാപനത്തിലേക്ക് കൊണ്ട് വന്നാല്‍ ഉണ്ടാകുന്ന നേട്ടം മനസിലാകും. മാത്രവുമല്ല ഇക്കാര്യത്തില്‍ പ്രത്യേകമായ ഒരു വൈദഗ്ദ്യം നമുക്ക് ഉണ്ടാക്കി എടുക്കുകയും ചെയ്യാം. സോഫ്ട്‌വെയര്‍ ഉണ്ടാക്കല്‍ ,ഇന്‍‌സ്റ്റലേഷന്‍ , പരിപാലനം എന്നിവ അത്രമേല്‍ കുശാഗ്രമായ വൈദഗ്ദ്യം വേണ്ടുന്ന റോക്കറ്റ് സയന്‍സ് ഒന്നുമല്ല. കൂട്ടായ യത്നത്തിലൂടെ സുസ്ജ്ജമായ ഒരു പാക്കേജ് ഉണ്ടാക്കി എടുക്കാവുന്നതേയുള്ളൂ

ഇനി നിലവിലുള്ള പൊതുമേഖലാ കം‌പ്യൂട്ടര്‍ /ഐടി സ്ഥാപനങ്ങളില്‍ വിശ്വാസം വരുന്നില്ലങ്കില്‍ ഇതിനായി ഒരു പുതിയ സ്ഥാപനം ഉണ്ടാക്കുന്നതിലും തെറ്റില്ല. വിവിധ ബാങ്കുകള്‍ സഹകരിച്ചാണല്ലോ സിബില്‍ , സര്‍സായി (CIBIL, CERSAI ) സേവനങ്ങള്‍ എന്നിവ ഇപ്പോള്‍ നല്‍‌കുന്നത്, അതില്‍ സഹകരിക്കാമെങ്കില്‍ ഇതും സാധ്യമാണ്.
സ്വതന്ത്ര സോഫ്ട്‌വെയറിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ സോഫ്ട്‌വെയര്‍ നിര്‍മാണത്തിന് വേണ്ടി വരുന്ന ചിലവ് ഇനിയും ഗണ്യമായ തോതില്‍ കുറയ്‌ക്കുകയും ചെയ്യാമെന്ന മെച്ചവുമുണ്ട്. മാത്രമല്ല ഒരോ കമ്പ്യൂട്ടറിലേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും ഓഫീസ് പാക്കേജിനും മുറയ്‌ക്ക് നല്‍കേണ്ടി വരുന്ന ആവര്‍ത്തന ചിലവ് നിലയ്‌‌ക്ക് നിര്‍ത്താം.

ഡിജിറ്റല്‍ ആസ്തികള്‍ക്ക് മരണ ശേഷം എന്തു സംഭവിക്കും ?


ഈ ദുനിയാവില്‍ നമ്മള്‍ ഉണ്ടാക്കിയ ഭൌതികമായതും (വസ്തു,വീട്,വാഹനം,....) അല്ലാത്തതുമായ (റോയല്‍റ്റി , പേറ്റന്റ്..) എല്ലാം നീയമപരമായ അവകാശിക്ക് കൊടുക്കുന്നതില്‍ പുതുതായി ഒന്നുമില്ല . എന്നാല്‍ ഡിജിറ്റല്‍ എസ്റ്റേറ്റിലെ ആസ്‌തികള്‍ എങ്ങനെ നിയമപരമായ അവകാശികള്‍ക്കോ അല്ലെങ്കില്‍ ഇഷ്ടദാനമോ ആയി മുന്‍‌കൂട്ടി നിശ്ചയിച്ചവര്‍ക്കോ കൊടുക്കും. കുറച്ച് കൂടി വ്യക്തമാക്കാം. എഴുത്തുകാരൊക്കെ മരിച്ചാല്‍ പിന്നീട് കുടുംബാംഗങ്ങളോ പ്രീയരോ അപ്രകാശിത കഥകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. ഇത് വഴി പണം മാത്രമല്ല കിട്ടുന്നത്, മരിച്ച് പോയവരുടെ സഫലമാക്കാതെ പോയ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്. ഇതില്‍ നിന്ന് സമകാലീന ഡിജിറ്റല്‍ സാഹചര്യത്തിലേക്ക് വരാം, ഇന്റര്‍നെറ്റില്‍ നന്നായി മേയാന്‍ അറിയാവുന്ന ഒരു എഴുത്തുകാരന്‍ എഴുതിയത് ഇ മെയിലില്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വായിക്കാനുള്ള പബ്ലിഷ് ബട്ടന്‍ അമര്‍ത്താതെ ബ്ലോഗില്‍ കിടക്കുക ആണെന്ന് വയ്‌ക്കുക. മരണശേഷം ഇത് വീണ്ടെടുക്കുന്നതെങ്ങനെ?
അപ്പോള്‍ നിശ്ചയമായും നിയമപരമായ അവകാശിക്ക് പാസ്‌വേഡ് കൈമാറേണ്ടതല്ലേ ? എഴുത്തുകാരനും വായനക്കാരനും ഒക്കെ പോകട്ടെ. മകനെയോ മകളെയോ അകാലത്തില്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് മക്കളുടെ ഫേസ്‌ബുക്കില്‍ ഇട്ട ഫോട്ടോകള്‍ കാണണം. അതിനുള്ള അര്‍ഹത അവര്‍ക്കുണ്ടല്ലോ.

വില്‍‌പത്രമെഴുതുമ്പോള്‍ ഗൂഗിളിനോട് പറഞ്ഞ് എന്റെ ജിമെയില്‍ പാസ്‌വേഡ് മക്കള്‍ക്ക് കൊടുക്കണം എന്ന് മാതാപിതാക്കള്‍ക്ക് എഴുതാനാകുമോ
? ചിലപ്പോള്‍ പ്രീയ വായനക്കാരന്‍ ചിന്തിക്കുന്നുണ്ടാകാം പാസ്‌വേഡ് എവിടെയെങ്കിലും സുരക്ഷിതമായി എഴുതിയിട്ട ശേഷം അല്ലെങ്കില്‍ വില്‍‌പത്രം എഴുതുന്ന വേളയില്‍ വക്കീലിനോടോ മറ്റോ കൊടുത്താല്‍ പോരെ? ഇത് പൂര്‍ണമായും ശരിയാകില്ല കാരണം സാങ്കേതികപരമായി ചാറ്റില്‍ മറുതലയ്‌ക്കിരിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ജീവനുള്ള വ്യക്തിയാണ്. കമ്പ്യൂട്ടറിനോ മൊബൈലിനോ അറിയില്ലല്ലോ ഉടമസ്ഥന്‍ തന്നെയാണ് ഇപ്പോള്‍ പാസ്‌വേഡ് ടൈപ്പ് ചെയ്‌തത് എന്ന്, ചിലപ്പോള്‍ മരിച്ച് പോയ ആള്‍ മരണശേഷം പോലും ആരെയും അറിയിക്കണമെന്ന് ആഗ്രഹിക്കാത്ത തികച്ചും സ്വകാര്യമായി വച്ച വിവരവും വെളിപ്പെട്ടേക്കാം.

അതേ സമയം തന്നെ മറ്റോരു സാധ്യതയും നോക്കുക
. നിക്ഷേപം, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൌണ്ട് തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ എത്തുന്നത് ഇമെയില്‍ സ്റ്റേറ്റ്മെന്റായി ആകും, ചുരുക്കം ചിലരെങ്കിലും പ്രിന്റ് ചെയ്‌ത പാസ്‌ബുക്ക് ബാങ്കില്‍ നിന്ന് വാങ്ങിയിട്ട് പോലുമുണ്ടാകില്ല അപ്പോള്‍ ഇങ്ങനെയുള്ളവരുടെ പണമിടപാട് കുടുംബാംഗങ്ങള്‍ക്ക് അറിയേണ്ടത് അനിവാര്യമാണ്. കടമെടുത്തതിന്റെ വിവരവും നിലവിലെ പണനീക്കിയിരുപ്പും ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങളിലാണന്ന് അറിയാന്‍ ഇ-മെയില്‍ അക്കൌണ്ടില്‍ കടക്കേണ്ടതുണ്ട്. എടുത്ത ഇന്‍‌ഷുറന്‍സിന്റെ വിശദവിവരം അറിഞ്ഞില്ലെങ്കില്‍ പിന്നെ ഇന്‍‌ഷുറന്‍സ് എന്ന പദത്തിനെന്തര്‍ത്ഥം !

മറ്റ് ചിലരാകട്ടെ ഇമെയില്‍ ഫോള്‍ഡറില്‍ പല നിര്‍ണായകമായ വിവരങ്ങളും ടൈപ്പ് ചെയ്‌ത് വയ്‌ക്കാറുണ്ട്
, രഹസ്യമെന്നതിലുപരി എളുപ്പമെന്നതാകും ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്, സ്‌മാര്‍ട്ട് ഫോണുകളും പാഡ്/ടാബ് ഒക്കെ ദിനേനയുള്ള യാത്രയില്‍ സന്തത സഹചാരിയാക്കിയവരെ സംബന്ധിച്ചിടത്തോളം ഇത് നൂറ് ശതമാനം ശരി. ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഗൂഗിള്‍ ഡോക്‍സില്‍ ചെയ്‌ത് കൊണ്ടിരുന്ന പണി വീട്ടിലെത്തി തുടരാമല്ലോ. ഒരു പക്ഷെ പണിയെടുക്കുന്ന സ്ഥാപനത്തിലെ വളരെ ആവശ്യമുള്ള രേഖയാകും ഇത്. അച്ചടി യുഗത്തില്‍ ഈ പ്രശ്‌നം ഇല്ലല്ലോ? കാരണം മരണപ്പെട്ട് പോയ ആള്‍ എഴുതിയ ഫയലോ മറ്റോ വേറെ ഒരാള്‍ക്ക് എടുത്ത് നോക്കുന്നതില്‍ എന്ത് തടസം. എന്നാല്‍ ഇ-ലോകത്ത് മിക്കപ്പോഴും പാസ്‌വേഡിന്റെ പൂട്ട് പ്രശ്‌നക്കാരനാകും. കോര്‍പ്പറേറ്റ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പാസ്‌വേഡ് റീസെറ്റ് ചെയ്യാനോ അല്ലെങ്കില്‍ പ്രസ്‌തുത രേഖ എടുക്കാനോ സൌകര്യം കാണും. തീരെ ചെറിയ സ്ഥാപനമോ ഒരു വ്യക്തി തന്നെ നയിക്കുന്ന വണ്‍ മാന്‍ ഷോ സ്ഥാപനങ്ങളോ ചിലപ്പോള്‍ ആകെ കുരുക്കില്‍ ആയി പോകും.

എക്‍സ്ട്രാ ബൈറ്റ്
: ഒരു വെബ്‌ വില്‍‌പത്രം എഴുതാന്‍ പറ്റുന്ന നിയമസംവിധാനം ഉടനെ വരുമായിരിക്കും. ഒപ്പം സ്വകാര്യമായ വിവരങ്ങള്‍ ,ചാറ്റ് ഓപ്ഷന്‍ , പുറമേയ്‌ക്ക് മെയില്‍ അയക്കുന്നത് ഇതൊക്കെ മരവിപ്പിച്ച ശേഷം ഇമെയില്‍ ഐഡി പോലെ ഉള്ളവ പരിമിത സമയത്തേക്ക് നിയമപരമായ അവകാശികള്‍ക്ക് കൈമാറുന്ന രീതിയും എത്തേണ്ടതുണ്ട് .

നമ്മുടെ ഇ ഉലകം


(ഔട്ട്‌ലുക്ക് ന്റെ 2013മലയാളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

കണക്കിലെ കളികൾ നോക്കിയാൽ ഫേസ്ബുക്കിലെ അംഗസംഖ്യ ലോകമൊട്ടാകെ
115 കോടി. ഇന്ത്യയ്‌ക്ക് പിന്നാലെ ലോകത്തെ അടുത്ത രാജ്യമെന്ന് വേണമെങ്കിൽ ഉപമയായി പറയാം. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെയിലെ സ്ഥിതിവിവരക്കണക്ക് പ്രകാരം ഇന്ത്യയിലെ സജീവ ഉപയോക്‌താക്കളുടെ മാത്രം എണ്ണം 9 കോടിയോളം. സ്‌മാർട്ട് ഫോണിലൂടെയാണ് ഇനിയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൗഹൃദങ്ങളുടെ കുതിപ്പ് എന്നും ഉറപ്പിക്കുന്നതരത്തിലാണ് വിപണിയുടെ പോക്ക്. ഇന്ത്യയിൽ തന്നെ മെട്രോ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മൊബൈൽ ടെലഫോൺ കേരളത്തിലാണ് മാത്രവുമല്ല ഓൺലൈൻ പൗരന്മാരിൽ കേരളീയർ സക്രീയരുമത്രേ. അണ്ണാ ഹസാരെയുടെ സമരത്തിൽ നാടെങ്ങും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും എസ് എം എസ് സൗകര്യവും സമരമാർഗത്തിന് ഊർജം പകരാൻ ഉപയോഗിച്ചതിനും നാം സാക്ഷിയായി. എന്നാൽ എങ്ങനെയാണ് മലയാള നാട്ടിൽ സൈബർ സേവനങ്ങൾ ഉപയോഗിക്കപ്പെടുന്നത്.
സൂചിപ്പിച്ചത് പോലെ സമകാലിക ലോകത്തെ മാധ്യമ യാഥാർത്ഥ്യമായിക്കഴിഞ്ഞു ഇന്റർനെറ്റ്, വിശേഷിച്ചും അതിലെ സോഷ്യൽ മീഡിയ. ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമ വേരോട്ടമുള്ള കേരളത്തിൽ എങ്ങനെയാണ് ഇ-ലോകം വളരുന്നതും വികസിക്കുന്നതും എന്നത് ഗൗരവമുള്ള ചോദ്യം തന്നെ. ആർക്കും എഴുതാനാകുന്ന എല്ലാരും വായിക്കുന്ന അവനവൻ പ്രസാധനകാലത്ത് ഈ വിവരത്തള്ളിച്ചയിൽ അഥവാ പെരുക്കത്തിൽ എങ്ങനെ ആധികാരികത ഉറപ്പാക്കാനാകും എന്ന ചോദ്യം ഉയരുന്നുണ്ട് . എന്നിരിക്കിലും ഇന്റർനെറ്റിൽ മലയാളികളുടെ ഇടപെടൽ പല സാഹചര്യങ്ങളിലും പരമ്പരാഗത മാധ്യമങ്ങൾക്ക് വെല്ലുവിളിയോ താക്കീതോ ആകുന്നു. എല്ലാ മാധ്യമങ്ങൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും അവരവരുടെ താത്പര്യങ്ങളും നയവും ഒക്കെ ഉണ്ട്, അതിനനുസരിച്ചാണ് രചനകൾ/നയങ്ങൾ പ്രകാശിതമാകുന്നത്. രാഷ്‌ട്രീയ ചർച്ചകളിൽ മാത്രമല്ല, വിപണിയിലെ ഉത്പന്നങ്ങളുടെ അവകാശവാദങ്ങളെ പൊളിക്കാനും സിനിമ ഇറങ്ങുന്ന ആദ്യ ഷോ സമയം മുതൽ തന്നെ അതിനെ നിശിതമായ ചർച്ചയ്‌ക്കും വിമർശത്തിനും വിധേയമാക്കുന്നത് ഏത് സംവിധായകനെ ആണ് അസ്വസ്ഥമാക്കാതിരിക്കുനത്. എന്തിനേറേ പറയുന്നു ചിലർ സോഷ്യൽ നെറ്റ്‌വർക്കിംഗിലെ കമന്റുകളും പോസ്റ്റുകളും നോക്കിയാണ് സിനിമയ്‌ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തന്നെ. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ആരെയും കൂസാത്ത മലയാളി ഇ-പൗരന്മാർ എവിടെ വരെ പോയിട്ടുണ്ട് ഈ ഇന്റർനെറ്റിന്റെ സ്വാതന്ത്ര്യച്ചിറകിലേറി എന്നത് പ്രസക്‌തമാകുന്നു. വിക്കിലീക്ക്സിന്റെ ജൂലിയൻ അസാഞ്ചെയും അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ പുറം ലോകത്തെത്തിക്കാൻ കാരണക്കാരനായ എ‌ഡ്വേഡ് സ്‌നോഡനും ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ ഇവിടെയും എണ്ണമറ്റ ആൾക്കാർ തയാർ. എന്നാൽ സാധ്യമായ എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും വിവരാവകാശം പോലെയുള്ള നിയമ പരിരക്ഷ സഹായ ഹസ്‌തവുമായി പിന്നാമ്പുറത്ത് ഉള്ളപ്പോഴും കാര്യമായ എന്ത് അഴിമതി വിവരമാണ് നമ്മൾ സൈബർ ഇടം വഴി പുറത്തെത്തിച്ചത്.
ഇന്റർനെറ്റ് എന്നാൽ സാഹിത്യം എഴുതാനും വായിക്കാനും ഉള്ള സമർത്ഥമായ ഇടം കൂടിയാണല്ലോ. ചിലർക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് സിറ്റിസൺ ജേണലിസത്തിന്റെ സീമാതിതമായ സാധ്യതകൾ ആണ് ഹരം പിടിപ്പിക്കുന്നതെങ്കിൽ മറ്റുചിലർക്ക് കഥയും കവിതയും എഴുതാനുള്ള ഒരു വലിയ ചുവരായി ഫേസ്ബുക്ക് വാളുകൾ മാറുന്നു. പക്ഷെ വായനയുടെ കാര്യത്തിൽ ഇപ്പോഴും നമ്മളിൽ ചിലരെങ്കിലും തനി പാരമ്പര്യവാദികൾ തന്നെ എന്നതിൽ സംശയമില്ല.
ഫേസ്‌ബുക്ക്/ബ്ലോഗ് തുടങ്ങിയവയിലെ എഴുത്തിനെയും എന്തിനധികം ഇ-ബുക്ക് റീഡറിലെ പുസ്‌തക വായനയേയും ഒരു നിർണായക ന്യൂനപക്ഷം എതിർക്കുന്നത് ഒരു തരം പഴയ മാമൂലുകളെ വിടാതെ കെട്ടിപുണർന്ന് കൊണ്ടിരിക്കുകയും അതേ സമയം വായനയുടെ പുതുവഴികളോട് ഒരു തരം നിഷേധാത്മക സമീപനവും കൂടി ചേരുംപടി ചേർത്തല്ലേ? . മാമൂലുകളും ഭൂതകാലക്കുളിരു (നോസ്റ്റാൾജിയ) കലർന്ന സാമൂഹിക ജഡത്വം (social inertia) ഇപ്പോഴും നമ്മെ ഭരിക്കുക ആണെന്ന് കരുതുക ആയിരിക്കും ഇവരുടെ കാര്യത്തിലെങ്കിലും ശരി. അത് കൊണ്ടല്ലേ ബ്ലോഗിൽ എഴുതുന്നത് ഒന്നും കവിത അല്ല എന്ന് അഭിപ്രായം പടച്ച് വിടുന്നത്. എഴുതുന്നത് അല്ല മറിച്ച് എഴുതി പ്രകാശിപ്പിച്ച് വരുന്ന തലം ആണ് മുഖ്യമെന്ന് കരുതുന്നവരുടെ യുക്‌തി എവിടെയാണ് ആണ്ടിരിക്കുന്നത് ? ഒരു പക്ഷെ ശ്രീനാരായണഗുരു ജീവിച്ചിരുന്നത് ഈ സമയത്ത് ആയിരുന്നെങ്കിൽ 'ആത്മോപദേശ ശതകം' രചിക്കപ്പെടുന്നത് ട്വിറ്റർ ടൈം ലൈനിൽ ആയിരുന്നേനേ. ഗുരുവിന് ആ കാലത്ത് തന്നെ വളരെ പുരോഗമനപരമായ പലകാര്യങ്ങളെയും പുൽകാനുള്ള മാനേജ്മെന്റ് വൈഭവം ഉണ്ടായിരുന്നു എന്നതിന് ഒന്നിലേറേ ഉദാഹരണവും ഉണ്ടല്ലോ. കടലാസും പേനയും ഉപയോഗിച്ചേ ഞങ്ങൾക്ക് വശമുള്ളൂ. അതല്ലാത്ത എല്ലാറ്റിനെയും വച്ച് പൊറുപ്പിക്കില്ല എന്ന് കരുതുന്നവരുടെ കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അവർ തന്നെ കാണുന്നില്ല എന്നത് ഈ എതിർപ്പാശാന്മാരുടെ മറ്റൊരു വശം . നമ്മൾ ഒരു സംക്രമകാലത്തിന്റെ ഘട്ടത്തിലാണ്. അതിന്റെ വെപ്രാളമാണ് കൂടുതലും. ഇന്ന് ആരും താളിയോലയിൽ എഴുതുന്നില്ലല്ലോ. താളിയോല കാലഘട്ടത്തിൽ നിന്ന് അച്ചടിയിലേക്ക് പിച്ച വച്ചപ്പോഴും ഇതിലേറേ ഭയപ്പാട് ഉണ്ടായിരുന്നു എന്ന് മറക്കരുത്.

വെളുത്ത കടലാസോടു
കറുത്ത മഷി ചേരവേ
പാരിടത്തിന് വന്നല്ലോ
ഭാഗധേയം സമസ്തവും
-
പുസ്തക മാഹാത്മ്യം (ഉള്ളൂര്‍)

അക്കാലത്ത് അച്ചടി മുദ്രണം വരുന്ന കാലത്ത് ഉയര്‍ന്ന എതിര്‍പ്പിനെ പ്രതിരോധിക്കാന്‍ മഹാകവി ഉള്ളൂര്‍ എഴുതിയതില്‍ നാല് വരി. ഇക്കാലത്ത് ഇ-ബുക്ക് റീഡറുകളെയും ഇന്റര്‍നെറ്റ് എഴുത്തിനെയും കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ നമുക്കില്ലാതെ പോകുന്നത് ഒരു ഉള്ളൂരല്ലേ എന്ന് സന്ദേഹിക്കുന്നതിൽ തെറ്റില്ല. എന്നാല്‍ കടലാസില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേയ്ക്കുള്ള മാറ്റം വിവരശേഖരത്തോടൊപ്പം വിവര സംസ്‌കരണമെന്ന പുതിയൊരു സൗകര്യം കൂടി വാഗ്ദാനം ചെയ്യുന്നു എന്നത് സൗകര്യപൂർവം വിസ്‌മരിക്കുകയോ അല്ലെങ്കിൽ അതിനെ പറ്റി ഗ്രാഹ്യമില്ലാതെയോ ആണ് എതിർപ്പ് ഇപ്പോഴും തുടരുന്നത്.

എല്ലാരും എഴുതുന്ന-എല്ലാരും വായിക്കുന്ന, തർക്കിക്കുന്ന, ഇണങ്ങുന്ന-പിണങ്ങുന്ന ഈ ഒരുമിക്കൽ ഇടത്തിന്റെ നേട്ട കോട്ടങ്ങൾ എന്താണ് ? ചിലർക്ക് പോയകാല സൗഹൃദം കാത്ത് സൂക്ഷിക്കാൻ. അതിനായി പഴയ കാല ഫോട്ടോയും ഇപ്പോഴത്തെ ജീവിതവഴി കാഴ്‌ചകളും ഒക്കെ അവർ മുടങ്ങാതെ പകർത്തി പങ്ക് വയ്‌ക്കുന്നു. ഗൗരവമായ ചർച്ചയ്‌ക്ക് ഇവർക്കിടയിൽ സ്ഥാനമില്ല എന്നാൽ സദാ കണക്‌ടഡ് ആയ ഇക്കൂട്ടർ ലൈവ് ചാറ്റും അല്പസ്വൽപം വീട്-നാട് വർത്തമാനവുമായി ഓൺലൈൻ സമയം ഉപയോഗിക്കുന്നു. എന്നാൽ ചർച്ചയ്‌ക്കും സംവാദത്തിനുമായി ഉള്ള ഒരു ജനാധിപത്യ ഇടമായി സോഷ്യൽ നെറ്റ്‌വർക്കിനെ കാണുന്നവരും ഉണ്ട്. പക്ഷെ ഇവിടെ പലപ്പോഴും സദാചാര വാദികളായും രാഷ്ട്രീയ-മതാന്ധന്മാരായി വിരാജിക്കുന്നവരെ കൊണ്ടുള്ള പ്രഹരം ചെറുതല്ല. ഒരു പക്ഷെ മലയാളി സൈബർ ഇടങ്ങളിൽ സ്‌ത്രീകളുടെ സാന്നിദ്ധ്യം അത്രമേൽ ഇല്ലാത്തതാകാം സ്‌ത്രീവിരുദ്ധത ആഘോഷിക്കപ്പെടാൻ കാരണം. രഞ്ജിനി ഹരിദാസിന്റെ വിമാനത്താവളത്തിലെ സംസാരം ആയാലും സോളാർ അഴിമതിയിൽ സരിതയെ ആക്ഷേപിക്കാൻ ആയാലും ഓൺലൈൻ പടയാളികൾ സദാ സന്തോഷവാന്മാർ. എന്നാൽ ഇതിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്‌ണനെ കാര്യമായി ഗൗനിക്കുന്നു പോലുമില്ല, അദ്ദേഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും മലയാളി സൈബർ ഹൗസിൽ നന്നേ കുറവ്. വഴിയിൽ ഇറങ്ങി നിന്ന് വിളിച്ച് പറയാനാകാത്ത തെറിയും പരദൂഷണവും കുശുമ്പും കുന്നായ്‌മയും പകർന്ന് വയ്‌ക്കാനാണ് നല്ലൊരു പങ്ക് നെറ്റിസൺ‌മാർ ശ്രമിക്കുന്നതും, ഇത് സോഷ്യൽ നെറ്റ്‌വർക്ക് ടൈം ലൈനുകളെ ദുർഗന്ധപൂരിതമാക്കുന്നു. ചിലർക്ക് ഫേസ്ബുക്ക് ചർച്ചകൾ ദിനേനയുള്ള തെറിപ്പാട്ടുത്സവങ്ങൾ ! ആക്രോശങ്ങളും മുനവച്ചുള്ള പ്രയോഗങ്ങളും അർത്ഥശൂന്യമായ സുഖത്തിന് വേണ്ടി. ഇതൊക്കെ എഴുതാൻ പറ്റാത്തവർ ലൈക്ക് ചെയ്യുന്നു/ഷെയർ/റീ ട്വീറ്റ് ചെയ്യുന്നു. അങ്ങനെയും സായൂജ്യമടയുന്നു.

കേരളത്തിന് പുറത്തെ വികസിത മാധ്യമ ഇടപെടലുകളിൽ നിർണായകമായ സ്ഥാനം ട്വിറ്ററിനുണ്ട്. ഒരു പക്ഷെ എണ്ണം കൊണ്ട് അളന്നെടുത്താൽ ഫേസ്‌ബുക്കിനെ കാര്യമായി ഗൗനിക്കുന്നില്ല എന്ന് നിസംശയം ദേശിയ തലത്തിലെ ചർച്ചകൾ കണ്ണോടിച്ചാൽ പറയാം. എന്താകും മലയാളികൾ ട്വിറ്ററിനോട് അത്രയ്‌ക്ക് ഇണങ്ങി നിൽക്കാത്തതിന് കാരണം. 140 അക്ഷരത്തിലോ അക്കത്തിലോ പറഞ്ഞൊപ്പിക്കാൻ സ്വതവേ തന്നെ പരത്തിപ്പറഞ്ഞ് ശീലം ഉള്ളവർക്കുള്ള പ്രയാസമാണോ ? എന്നാൽ ഫേസ്‌ബുക്കിൽ അക്ഷര എണ്ണ നിയന്ത്രണം ഇല്ലാത്തതിനാൽ ആഘോഷം കെങ്കേമമായി നടക്കുന്നുമുണ്ട് . ദേശിയ തലത്തിൽ അൽപമെങ്കിലും സാങ്കേതിക സാക്ഷരരായ മിക്ക നേതാക്കളും മാധ്യമ പ്രവർത്തകരും എന്ന് വേണ്ട സിനിമാതാരങ്ങളുമെല്ലാം ട്വിറ്ററിലാണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സമയത്തിന്റെ നല്ലൊരു പങ്ക് ചിലവഴിക്കുന്നത്. പറയാൻ കാമ്പില്ലാത്തവർക്ക് ട്വിറ്ററിൽ കറങ്ങുക പ്രയാസം തന്നെ, ഒരു ഒപ്പിനിയൻ ഉണ്ടെങ്കിലേ അവിടെ ഇടപെട്ട് പിടിച്ച് നിൽക്കാനാകൂ.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഭരണകൂടങ്ങളുടെ ഇരിക്കപ്പൊറുതിയില്ലായ്‌മയാണ്. സർക്കാർ ജീവനക്കാർ എഴുതുന്ന സോഷ്യൽ നെറ്റ്‌വർക്ക് അഭിപ്രായങ്ങളും പോസ്റ്റുകളും കേസും വഴക്കും അവസാനം ജോലിയിൽ നിന്നും താത്ക്കാലികമായെങ്കിലും മാറ്റുന്ന അവസ്ഥയുമൊക്കെ ഇപ്പോൾ കാര്യമായി കണ്ടുവരുന്നു.ഒരു കാര്യം ഉറപ്പാണ്. ഇത് വരെയില്ലാത്ത ഒരു മാധ്യമ തുറസാണ് ഫേസ്ബുക്കും ട്വിറ്ററും ഒക്കെ പകർന്നു തരുന്നത്. വിളിച്ച് പറച്ചിലുകളും (വിസിൽ ബ്ലോവേഴ്‌സ്) ഭരണകൂട വിമർശങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിനും അതിലുപരിയായി ജനാധിപത്യത്തിന്റെ അസ്ഥിവാരത്തിനും ഉറച്ച കല്ലുകൾ തന്നെയാണന്നതിൽ തർക്കമില്ല. എന്നാൽ വിമർശം എന്നത് കണ്ണടച്ച്, വസ്തുതകളുമായി ബന്ധമില്ലാത്തതും വരികളിൽ തെറിയും ഒക്കെയായി പരിണമിക്കുമ്പോൾ നിങ്ങൾ ഇളക്കിയാട്ടുന്നത് ജനാധിപത്യത്തിന്റെ അഞ്ചാം തൂണെന്ന് വിളിച്ച് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ ബലിഷ്ടമായ തൂണുകളെ തന്നെയാണ്. ഭാഷ കടുത്തതാകാം അങ്ങനെ ആകുകയും വേണം എന്നാൽ അത് നേതാക്കളെയോ അല്ലെങ്കിൽ ജനാധിപത്യ-സാമൂഹിക പ്രസ്ഥാനങ്ങളെയോ വെറുതെ പുലഭ്യം പറയാനും ചേരും പടി ചേരാത്ത ഒന്നിലേറേ ഇമേജുകൾ ചേർത്ത് വച്ചൊട്ടിച്ചത് ഷെയർ ചെയ്യാനോ ആകുന്നത് കഷ്ടമാണ്.സഭ്യമായ വിമർശമാണ് കാരിരുമ്പിനെക്കാൾ കട്ടിയുള്ളതും പുഴുക്കുത്തുകളെ പുറത്താക്കാൻ പോന്ന പ്രഹരശേഷിയുള്ളതും.അതേ സമയം വിമർശം എന്നത് വസ്‌തുതകളുടെ പിൻബലത്തോടെ ആവുകയും വേണം.

മലയാളിയുടെ വരും കാല പൊതുജീവിതത്തിൽ എന്താകും സോഷ്യൽ നെറ്റ്‌വർക്കിംഗ് വ്യൂഹങ്ങളുടെ സംഭാവന. തൽക്ഷണം പുതുക്കപ്പെടുന്ന, പ്രതികരിക്കുന്ന ചലനാത്മകമായ ഒരു ഓൺലൈൻ സമൂഹം എണ്ണം കൊണ്ട് അത്ര ചെറുതല്ല ഇപ്പോൾ തന്നെ. പങ്കാളിത്ത ജനാധിപത്യത്തിൽ സോഷ്യൽ മീഡിയ നൽകുന്ന സാധ്യത വലുതാണ്, വോട്ടർമാരുടെ ചോദ്യങ്ങളിൽ നിന്ന് അത്രയെളുപ്പം കുതറി മാറിപോകാനാകില്ല. മാധ്യമങ്ങളുടെ കാര്യമെടുത്താൽ നിലവിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന ചർച്ചകൾ പലതും പത്ര/ദൃശ്യമാധ്യമങ്ങൾക്ക് വഴിതെളിക്കുകയോ അല്ലെങ്കിൽ വഴിതെറ്റിക്കാറുമോ ഉണ്ട് എന്ന് പറയുന്നത് അതിശയോക്‌തി ആകില്ലന്നതിന് സമീപകാല ഉദാഹരണങ്ങൾ തന്നെ സാക്ഷി. സർക്കാർ ആയാലും സന്നദ്ധ സംഘടന ആയാലും അവർ ചെയ്യുന്നതെല്ലാം എല്ലാക്കാലത്തേക്കും മൂടി വയ്‌ക്കാനാകില്ല. സാങ്കേതികവിദ്യയുടെ വിശേഷിച്ചും വിവരസാങ്കേതികതയുടെ മുന്നേറ്റം സർക്കാരുകളെ എന്തിനധികം സാമൂഹിക-രാഷ്‌ട്രീയ സംഘടനകളെ വരെ ചില കാര്യങ്ങൾ സൗകര്യപ്രദമായ തമസ്‌കരിക്കുന്നതിനോ ഒതുക്കിമാറ്റി നിർത്തുന്നതിനോ അനുവദിക്കില്ല. നിലവിലുള്ള ജനാധിപത്യത്തെ കൂടുതൽ നവീകരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നമ്മുടെ സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു. അത് കൃത്യമായ അച്ചടക്കത്തോടെ തെളിച്ച് കൊണ്ട് വരുന്ന ഒരു നല്ല സംഖ്യ ജനങ്ങളുടെ ശക്‌തിപ്രകടനമാകില്ല എന്നാൽ അറിഞ്ഞറിഞ്ഞ് പ്രചരിപ്പിച്ച് വരുന്ന അതിനനുസരിച്ച് ചെറുതെങ്കിലും കാര്യമാത്രപ്രസക്‌തമായി വർധിക്കുന്ന ജനക്കൂട്ടമാകും. പാർശ്വവൽക്കരിക്കപ്പെട്ടവർ പ്രാന്തവൽക്കരിക്കപ്പെട്ട പ്രശ്‌നങ്ങൾ ഒക്കെ മുഖ്യധാരയിലേക്ക് അത് അർഹിക്കുന്ന ഗൗരവത്തോടെ കൊണ്ട് വരാൻ സാധിച്ചേക്കാം. വിവിധ ജനവിഭാഗങ്ങളുടെ തുരുത്തുകൾ , അവ ചേർന്നുള്ള (multitudes) ഒരുമ ഒക്കെ കേരളത്തിൽ സാധ്യമാകുമോ? കാത്തിരുന്ന് കാണാം. മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾക്കപ്പുറം കേരളത്തിൽ ഒരു ജനമുന്നേറ്റത്തിന് സാധ്യതയുണ്ടോ എന്ന് .

ഒരു പക്ഷെ വിവരാവകാശത്തിന് പോലും തുറന്ന് കൊടുക്കാൻ വിസമ്മതിക്കുന്ന കമ്മറ്റി രഹസ്യങ്ങൾ നാളെ ഒന്നൊന്നായി ലീക്ക് ചെയ്‌ത് വരില്ലന്ന് ആര് കണ്ടു. അങ്ങനെ വരുമെങ്കിൽ അപ്പോൾ അറിയാം എഡ്വേഡ് സ്‌നോഡനും ജൂലിയൻ അസാഞ്ചെയ്‌ക്കും വേണ്ടി വീറോടെ വാദിക്കുന്നവരുടെ യഥാർത്ഥ'സ്വാതന്ത്ര്യം'

Wednesday, May 01, 2013

മന്ത്രി ഭവനങ്ങളിലെ വൈദ്യുതചാർജിന്മേൽ മേയുന്നതിങ്ങനെ!

മന്ത്രിമാരുടെ ഭവനത്തിലെ വൈദ്യുത ചാർജ്, വിമാന യാത്ര, ചായസൽക്കാര ചിലവ് എന്നിവ എത്രയോ കാലമായി മുറയ്‌ക്ക് നിയമസഭാചോദ്യത്തിന് മറുപടി ആയോ അല്ലെങ്കിൽ വിവരാവകാശം വഴിയോ മാധ്യമങ്ങളിൽ എത്താറുണ്ട്. അത് വച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു പൊതുബോധം എന്താണ്? അവർ അവിടെ സുഖിക്കുന്നു, പൊതുപണം അടിച്ച് തകർക്കുന്നു. സാക്ഷാൽ സുധീരനും വി എസും ഒക്കെ മന്ത്രിമന്ദിരത്തിൽ വാണിട്ടുണ്ടല്ലോ അപ്പോൾ എത്രയായിരുന്നു തുക. ഏറെക്കുറെ ഇത് തന്നെ (ഇവർ രണ്ട് പേരെയും സൗകര്യത്തിന് ഉദാഹരിച്ചതാണ് അല്ലാതെ ഇതിൽ തൂങ്ങല്ലേ ചർച്ച. സംവദിക്കേണ്ട കാര്യം പിന്നാലെ പറയുന്നതാണ്)

ഈ വല്ലാത്ത വലിയ തുക പട്ടികപ്പെടുത്തും മന്ത്രിയൊന്നിന് ഇത്ര എന്ന കണക്കിൽ . പിന്നെ പെട്ടെന്ന് തന്നെ "നമ്മുടെ വീട്ടിൽ എത്ര വൈദ്യുത ചാർജ് Vs മന്ത്രിമന്ദിരത്തിൽ എത്ര ചാർജ്" എന്ന സമവാക്യം മനസിൽ രൂപപ്പെടും. എന്നാൽ ചോദിക്കാതെ പോകുന്ന ചില ചോദ്യങ്ങൾ ഉണ്ട്. എത്ര സ്‌ക്വയർ ഫൂട്ട് ആണ് അവിടുത്തെ വീടിന്റെ വിസ്തീർണം? രാവേറേ പ്രവർത്തിക്കുന്ന ഓഫീസ് ഉണ്ടോ അവിടെ. മന്ത്രിയെ കാണാനും നിവേദനം കൊടുക്കാനും എത്തുന്ന എല്ലാർക്കും ഉള്ള സൗകര്യം കൂടിയാണ് ഒരു പരിധി വരെ ഇത്.

ഒരു മന്ത്രി കൂടുതൽ വിമാനയാത്ര നടത്തുന്നോ അല്ലെങ്കിൽ ചായസൽക്കാരം നടത്തുന്നോ എന്നല്ല ചുഴിഞ്ഞ് അന്വേഷിക്കേണ്ടത് അദ്ദേഹം സാമാന്യമായി പണിയെടുക്കുന്നുണ്ടോ എന്നാണ്, അങ്ങനെ പണിയെടുക്കണമെങ്കിൽ വൈദ്യുതി, വിമാനയാത്ര, ചായ സൽക്കാരം ഒക്കെ അവശ്യം ആവശ്യം വരും.

ഇനി വൈദ്യുത ബിൽ ഏറിയതിൽ ആണ് ആശങ്ക എങ്കിൽ ഇതേ വലിപ്പമുള്ള സമാന സൗകര്യം ഉള്ള, ഇത്രയും ആൾക്കാർ ദിനേന സന്ദർശിക്കുന്ന ഒരു ഗസ്റ്റ് ഹൗസ് അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യ സ്‌ഥാപന ഉടമയുടെ വീടുമായി താരതമ്യപ്പെടുത്തണം. അല്ലാതെ വെറുതെ ജനങ്ങളെ രാഷ്ട്രീയക്കാർ എന്നാൽ വെറും കറണ്ട് തീനികളാണ് എന്ന് പഠിപ്പിക്കാനുള്ള അഭ്യാസം അല്ല വേണ്ടത്. ഏട്ടും പൊട്ടും തിരിയാത്ത ചിലർക്ക് വിവരാവാകാശ ആക്‌ടിവിസം കാണിക്കാം എന്ന് മാത്രം. ഇനി ഇത് നിയമസഭയിൽ ചോദ്യമായി വന്നു എന്നിരിക്കട്ടെ എന്ത് പ്രയോജനം ആണ് ഈ ചോദ്യം ഉണ്ടാക്കിയത് എന്ന് പറഞ്ഞ് തരാമോ. എൺപത്കൾ മുതൽ ഈ പതിവ് അഭ്യാസം കാണുന്നതിനാൽ ചോദിച്ച് പോകുന്നതാണ്. ഇതിന് പകരം അംഗൻ വാടികളിലെ അല്ലെങ്കിൽ ലക്ഷം വീട് കോളനികളിലെ അടിസ്ഥാന സൗകര്യത്തെ പറ്റി അവിടെ വൈദ്യുതി ഉണ്ടോ എന്ന് ആരായുന്ന ചോദ്യമാണ് പതിവായി ചോദിച്ചിരുന്നതെങ്കിൽ ഒരു മാറ്റം നിശ്ചയമായും പ്രതീക്ഷിക്കാമായിരുന്നു.

ഇനിയും മന്ത്രിമന്ദിരത്തിലെ വൈദ്യുത ഉപയോഗത്തെ പറ്റി ആശങ്ക തീരാത്തവർക്ക് എനർജി മാനേജ്മെന്റ് സെന്റർ ശാസ്ത്രജ്ഞരെ കൊണ്ട് ഒന്ന് ഓഡിറ്റ് നടത്താം. അതിൽ വ്യക്തമാകുമല്ലോ, ഊർജ ധാരാളിത്തം ഉണ്ടെങ്കിൽ അത്. അല്ലാതെ വെറുതെ ചടങ്ങ് വിമർശം കൊണ്ട് ചെന്നെത്തിക്കുന്നത് അരാഷ്‌ട്രീയതയ്‌ക്ക് വളം വയ്‌ക്കുന്നിടത്താണ്

ലേബൽ : ഇല്ലാത്ത കാര്യത്തിന്റെ വല്ലാത്ത വില

Sunday, April 21, 2013

ഇന്റര്‍നെറ്റിന്റെ മായാലോകം

(2013 മാര്‍ച്ച് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)


ദൈനംദിന ജീവിതത്തെ ആയാസ രഹിതമാക്കുക ആണല്ലോ യന്ത്രങ്ങളുടെ അല്ലെങ്കില്‍ ഉപകരണങ്ങളുടെ ധര്‍മം. പലപ്പോഴും സഹായി ആയി തുടങ്ങി പിന്നീട് വല്ലാത്ത ഇണക്കം യന്ത്രങ്ങളുമായി മനുഷ്യന് ഉണ്ടാവുന്നത് സ്വാഭാവികം, വിശേഷിച്ചും ഇലക്‍ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ . ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തമാണ് മാനവ ചരിത്രത്തെ തന്നെ മാറ്റി മറിച്ചതെങ്കില്‍ കം‌പ്യൂട്ടറുകളുടെ കടന്ന് വരവാണ് വ്യക്തിപരമായി മനുഷ്യനെ കാര്യമായി സ്വാധീനിച്ചത്. വിവിധ മാധ്യമങ്ങളുടെയോ അല്ലെങ്കില്‍ ഉപകരണങ്ങളുടെയോ സംവ്രജനകാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. കം‌പ്യൂട്ടറോ അല്ലെങ്കില്‍ സ്‌മാര്‍ട്ട് ഫോണോ കേവലം ഒന്നോ രണ്ടോ ഉപയോഗത്തിനായി രൂപപ്പെടുത്തിയ ഉപാ‍ധിയേ അല്ല ഒരു നിര സേവനങ്ങള്‍ക്കുള്ള പ്രവേശന കവാടം ആണ്.

കം‌പ്യൂട്ടറുകളുടെ വ്യാപനം എളുപ്പമാക്കി തീര്‍ത്തത് ഇന്റര്‍നെറ്റ് ആണന്ന് പറയാം ഒപ്പം തന്നെ ആര്‍ക്കും എളുപ്പം ഉപയോഗിക്കാവുന്ന തരത്തില്‍ (Graphical User Interface) പ്രവര്‍ത്തക സംവിധാനവും രൂപപ്പെടുത്തിയത് ആരെയും ഇതൊക്കെ ഉപയോഗിക്കാന്‍ പ്രാപ്‌തമാക്കി. ഒരു പക്ഷെ ഇന്റര്‍നെറ്റ് കടന്ന് വന്നില്ലായിരുന്നെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണ്‍ ഇത്രയും വിവിധോദ്ദേശ സേവനങ്ങള്‍ കൊണ്ട് നിറയുമായിരുന്നോ എന്ന് സംശയമാണ് . കം‌പ്യൂട്ടര്‍ ആകട്ടെ നീളന്‍ കണക്കുകൂട്ടലിന് സഹായിക്കുന്ന ഒരു ഹൈടെക് യന്ത്രമായി ഓഫീസുകളില്‍ അതുമല്ലെങ്കില്‍ ടൈപ്പ് റൈറ്ററുകളെ വകഞ്ഞ് മാറ്റി ഒരു കേമന്‍ ബദല്‍ ഉപകരണം . വീട്ടിലെ കമ്പ്യൂട്ടറുകളോ മള്‍ട്ടിമീഡിയ പ്രദാനം ചെയ്യുന്ന ഒരു പുതിയ സംവിധാനം ആയി ഉപയോഗം പരിമിതപ്പെടുമായിരുന്നു . എന്നാല്‍ ഇന്റര്‍നെറ്റിന്റെ കടന്ന് വരവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ എണ്ണിയാലൊടുങ്ങാത്ത സേവനങ്ങളും പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കവും ഒരു വിവര വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

അച്ചടി സാങ്കേതികവിദ്യയെ തന്നെയാണ് കം‌പ്യൂട്ടര്‍ പ്രധാനമായും അടിമുടി മാറ്റിമറിച്ചത്. മാധ്യമം എന്ന നിലയില്‍ റേഡിയോ അതിനെ തുടര്‍ന്ന് ടെലിവിഷന്‍ എന്നിവ കടന്ന് വന്നപ്പോള്‍ സ്വാഭാവികമായും അച്ചടി രംഗത്തിന് വെല്ലുവിളിയാകും എന്ന് ഭയന്നിരുന്നവര്‍ ഉണ്ടായിരുന്നു . എന്നാല്‍ അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല അച്ചടി പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചയില്‍ ഗുണപരമായി പരോക്ഷ സ്വാധീനം ചെലുത്തുകയും ചെയ്‌തു. സ്വാഭാവികമായും കം‌പ്യൂട്ടറിന്റെ കടന്ന് വരവും ഇതേ ചരിത്രപാതയില്‍ ആകുമെന്ന് കണക്കൂകൂട്ടിയവര്‍ അധികം . എന്നാല്‍ കം‌പ്യൂട്ടറും ഇന്റര്‍നെറ്റും ചേര്‍ന്ന് മാധ്യമ രംഗത്തെ കാര്യമായി തന്നെ പാളം തെറ്റിച്ചു. എന്തിനധികം പറയുന്നു കം‌പ്യൂട്ടറുമായി ചെന്ന് വിനോദ കേന്ദ്രത്തില്‍ ഇരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചത് മറ്റാരുമല്ല വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പര്‍ അഥവാ WAN എന്ന പ്രബല സംഘടന ആണ്. എന്ന് മാത്രമല്ല ഒരു പടി കൂടി കടന്ന് കാര്‍ട്ടൂണ്‍ അച്ചടിച്ച് ഇറക്കുകയും ചെയ്‌തു. പ്രായം ചെന്ന ഭാര്യയും ഭര്‍ത്താവും വിനോദകേന്ദ്രത്തിലെ ഇരിപ്പിടത്തില്‍ ഒരു പേഴ്സ‌ണല്‍ കം‌പ്യൂട്ടര്‍ മടിയില്‍ വച്ച് അതില്‍ വാര്‍ത്ത വായിക്കുന്നത് !


എന്തായി പില്‍‌ക്കാല ചരിത്രം ?
ഇന്ന് കേരളത്തിലെ ഏത് പൊതു നിരത്ത് വക്കിലും വരെ ഐ പാഡിലോ ടാബ്‌ലറ്റ് കം‌പ്യൂട്ടറിലോ വിദേശ പത്രങ്ങള്‍ വരെ വായിക്കുന്നവര്‍ പതിവ് കാഴ്‌ചകള്‍ . ശരാശരി ഇന്ത്യാക്കാരന്‍ അവന്റെ പകല്‍ സമയത്തില്‍ നല്ലൊരു പങ്ക് ഹോമിക്കുന്നത് ട്രാഫിക് കുരുക്കുകളില്‍ എന്ന ആക്ഷേപിച്ചിരുന്നവര്‍ ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് യാത്രാ വേളയില്‍ സ്‌മാര്‍ട്ട് ഫോണില്‍ ഏറ്റവും പുതിയ സിനിമ കാണുകയോ അല്ലെങ്കില്‍ ഇമെയില്‍ വായിച്ച് കൊണ്ടിരിക്കുകയോ ചെയ്യുന്നത് ഒരു പുതുമയേ അല്ലാതായിരിക്കുന്നു , അങ്ങനെ സമയത്തെ ക്രിയാത്‌മകമായി മാറ്റാന്‍ സര്‍വവ്യാപിയായ ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപകരണങ്ങള്‍ക്കാകുന്നു .
അച്ചടിക്ക് ശേഷം ഇന്റര്‍നെറ്റ് വന്നു , ഇത് പോയി നാളെ മറ്റൊന്ന് വരും. കാലമുരുളും എഴുത്തിന്റെ സങ്കേതങ്ങള്‍ ഇനിയും മാറും. വായന മരിക്കുന്നില്ല , വായനയുടെ തലം മാത്രമാണ് മാറുന്നത് , ഓരോ മാറ്റവും വായനയെ കൂടുതല്‍ ജനകീയമാക്കുന്നു എന്നതാണ് നേര് . സമകാലിക സാഹചര്യത്തില്‍ കം‌പ്യൂട്ടര്‍ ആണ് വായനയുടെ തലം ഒരുക്കുന്നതെങ്കില്‍ നാളെ അത് ബയോ ടെക്‍നോളജി കൂടി ചേര്‍ന്ന ഒരു സങ്കരസന്തതി ആകില്ല എന്ന് ആര് കണ്ടു .

സേതു എഴുതിയ അടയാള വാക്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാകും . കഥയില്‍ ഇമെയില്‍ വിലാസത്തിന്റെ ഒറ്റവരി മാന്ത്രികതയും പുതിയ സാങ്കേതികതയുമായി പരിചയപ്പെടാനിടയായതും വല്ലാത്ത ഒരു അസ്‌സ്തിത്വഭയം തന്നെ കഥാനായകനായ കമലാക്ഷന്‍ നായര്‍ എന്ന സ്‌കൂള്‍ മാഷില്‍ സൃഷ്ടിക്കപ്പെടുന്നു . അഞ്ചാറ് വരിയിലേക്ക് നീണ്ട് അവസാനം സൌത്ത് ഇന്ത്യ എന്ന വരിയില്‍ അവസാനിക്കുന്ന വിലാസം മകന് ഇഷ്ടമല്ല. വേഗതയുടെ ഇ-ലോകത്ത് ജീവിക്കുന്ന മകനാണ് അച്ഛനുമമ്മയേയും ഒരു ഇന്റര്‍നെറ്റ് കഫേയിലേക്ക് പറഞ്ഞ് വിട്ട് ഇമെയില്‍ വിലാസം കരസ്ഥമാക്കാന്‍ ഉപദേശിച്ചത്. കഥയില്‍ മകന്‍ പറയുന്നത് ഇങ്ങനെയാണ് : സൈബര്‍ തലമുറ അക്ഷറ്റങ്ങളുടെ തടവ് ഇഷ്ടപ്പെടുന്നില്ലച്ഛാ! കൈയ്യെഴുത്തിന്റെ വടിവും. ഒരു കാലത്ത് പ്രൈമറി സ്കൂള്‍ മാഷുമാരുടെ അറ്റകൈ പ്രയോഗമായിരുന്ന കോപ്പിയെഴുത്ത് ഇന്ന് തീഹാര്‍ ജയിലില്‍ പോലും ചിലവാകില്ല. കമലാക്ഷന്‍ നായര്‍ എന്ന പേര് ഞങ്ങളുടെ ദേശത്തെ മുന്തിയ തറവാട്ടുകാര്‍ മാത്രം ഇട്ടിരുന്ന വലിയ പരിഷ്കാരമുള്ള പേരായിരുന്നല്ലോ മോനേ എന്ന് അമ്മ ദാക്ഷായണിയും സങ്കടപ്പെടുന്നുണ്ട്. അവസാനം കഥയില്‍ സേതു പറയുന്നത് പോലെ ഗോളാന്തരങ്ങളെ തമ്മിലിണക്കുന്ന മഹാമാന്ത്രികാലയം എന്ന സൈബര്‍ കഫേയില്‍ മാഷും ഭാര്യയും ചെന്നു. സേതുവിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കമ്പ്യൂട്ടറിന്റെ ചില്ലുതിരയില്‍ വിചിത്രമായ നിറക്കൊഴുപ്പ്. ഏതോ പ്രാകൃതമായ ഈണം മൂളി, വെള്ളക്കട്ടകളില്‍ താളം കൊട്ടിക്കൊണ്ട് സൈബര്‍കഫെയിലെ പെണ്‍കുട്ടി  ചോദിക്കുകയാണ് മാഷ്ടെ പേര് കമല്‍ എന്നാക്കിയാലോ നല്ല ചന്തമായിരിക്കും? രസകരമായ സംഭവപരമ്പരകള്‍ക്കൊടുവില്‍  mash-99@hotmail.com എന്ന ഒറ്റവരി വിലാസം കിട്ടി. സൈബര്‍ കഫെയിലെ പെണ്‍കുട്ടിയാണ് വിലാസം എടുക്കാന്‍ സഹായിച്ചത്. ഇനി അങ്ങ് ഈരേഴ് പതിനാല് ലോകങ്ങളിലും ഈ പേരിലാണ് അറിയപ്പെടാന്‍ പോകുന്നത്. അതിനിണങ്ങുന്ന ഒരു പാസ്‌വേഡും, പിന്നെ ശൂന്യാകാശത്തില്‍ സ്വന്തമായൊരു തപാല്‍പ്പെട്ടി! അവള്‍ പ്രഖ്യാപിച്ചത് നടുക്കത്തോടെയാണ് മാഷ് സ്വീകരിച്ചത്. ആ സൈബര്‍ കഫേയിലിരുന്ന മറ്റുള്ളവരും ഇതേ പോലെ ഇമെയില്‍ വിലാസങ്ങളും അടയാളവാക്യങ്ങളും എടുക്കാന്‍ വന്നതായിരുന്നു. അവസാനം മനസില്ലാമനസോടെ എങ്ങനെ ഒറ്റവരി വിലാസത്തിന് ഒരു തെറ്റും സംഭവിക്കാതെ വരിക്കാരനിലേക്ക് തന്നെ എത്താന്‍ കഴിയുന്നു എന്നൊക്കെ ആലോചിച്ച് മാഷ് വീട്ടിലേക്ക് തിരികെ ഇന്റര്‍നെറ്റ് പൌരനായി വണ്ടി കയറുന്നു

വീഡിയോ ചിത്രങ്ങള്‍ പങ്ക് വയ്‌ക്കാന്‍ സഹായിക്കുന്ന യൂ ട്യൂബ് സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം ഇന്റര്‍നെറ്റ് പഠിച്ചവര്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അത് അതിശയോക്‍തി ആകില്ല. കോടിക്കണക്കിന് വീഡിയോ ഫയലുകളാല്‍ സമ്പന്നമാണ് യൂ ട്യൂബ് പോലെയുള്ള വെബ്സൈറ്റുകള്‍ . സിനിമാ ഗാനം , വാര്‍ത്താ സംഭവങ്ങള്‍ , തമാശ ചുവയുള്ള രംഗങ്ങള്‍ എന്ന് വേണ്ട മലയാളത്തിലെ അടക്കം ജനകീയ ടെലിവിഷന്‍ പരിപാടികള്‍ വരെ ഇവിടെ സുലഭം . മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ ചെറുതല്ലാത്ത സംഭാവന വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ കയ്യടക്കുന്നു . ടെലിവിഷന്റെ ഏറ്റവും വലിയ പ്രശ്‌നം അത് സം‌പ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ കാണണം അല്ലെങ്കില്‍ പുനസം‌‌പ്രേഷണം എന്നൊന്നുണ്ടങ്കില്‍ അത് കാത്തിരിന്ന് ടിവി യെ പിന്തുടരണം. എന്നാല്‍ യൂ‍ ട്യൂബില്‍ ഉണ്ടെങ്കില്‍ ഇഷ്ട സമയ കാഴ്ച ആണല്ലോ . ഏത് വീഡിയോ എപ്പോള്‍ കാണണം എന്ന് തീരുമാനിക്കുന്നത് ഉപയോക്‍താവ് തന്നെ. സേതുവിന്റെ കഥയില്‍ കമലാക്ഷന്‍ നായര്‍ക്ക് മുന്നിലെ ഇ മെയില്‍ വിലാസത്തിന്റെ പുതുമ ആണ് വിവരിക്കുന്നതെങ്കില്‍ ഇന്ന് ഒരു പക്ഷെ മക്കളുമായി വീഡിയോ ചാറ്റ് നടത്താനും അവര്‍ പങ്കിടുന്ന വീഡിയോ ഫയലുകള്‍ കാണാനും ആകും ഇന്റര്‍നെറ്റും കം‌പ്യൂട്ടറും പരിചയപ്പെടുന്നത് . അതേ സമയം വിദേശത്തോ സ്വദേശത്തോ ഉള്ള കമലാക്ഷന്‍ നായരുടെ മക്കളുടെ തലമുറ ആകട്ടെ എങ്ങനെ പാചകം ചെയ്യാം എന്ന് വിശദമായി വിവരിക്കുന്ന വീഡിയോ ആകും തിരയുക . എല്ലാ തലമുറയ്‌ക്കും ആവശ്യമായതിന്റെ കാഴ്ചപ്പെരുക്കം തന്നെ ഇവിടെ .

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനങ്ങളുടെ കടന്ന് വരവോടെ മനുഷ്യന്റെ ജീവിതം കൂടുതല്‍ തുറന്ന പു‌സ്‌തകം പോലെ ആയി. വര്‍ഷങ്ങളായി കണ്ടുമുട്ടുന്നവര്‍ക്ക് പോലും പുതുതായി പറയാന്‍ ഒരു വിശേഷവും ഇല്ലാത്ത അവസ്ഥ എന്നത് ഒരു പരിധി വരെ ശരി അല്ലേ? അപ്പപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ എല്ലാ വര്‍ത്തമാനവും വിളമ്പുന്നവര്‍ക്കിടയില്‍ നേരിട്ട് കാണുമ്പോള്‍ എന്തൊക്കെ പറയണം എന്നത് ഒരു പക്ഷെ വെല്ലുവിളി ആയേക്കാം. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നത് എന്ന ഒരു പ്രതീതി ഉണ്ടാവുന്നുമില്ല. ഒരു പക്ഷെ ഇത് അതിശയോക്തി ആയി തോന്നുന്നുണ്ടാകാം . കണക്കുകള്‍ നോക്കിയാല്‍ മറിച്ചും. ലോകത്തില്‍ ആറില്‍ ഒരാള്‍ ഫേസ്ബുക്ക് അക്കൌണ്ട് ഉള്ള ആള്‍ ആണ്, കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഫേസ്ബുക്ക് ജനസംഖ്യയെ ഒറ്റ രാജ്യമായി സങ്കല്‍‌പിച്ചാല്‍ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും പിന്നില്‍ മൂന്നാമതാണ് നിലവില്‍ സ്ഥാനം. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഫേസ്ബുക്ക് അംഗസംഖ്യ ആദ്യ സ്ഥാനത്ത് എത്തുകയും ചെയ്യും. അത്രയധികം ജനങ്ങള്‍ എല്ലായ്പ്പോഴും കണക്‍ടഡ് ആണ് !

മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നവയില്‍ എടുത്ത് പറയേണ്ട ഇനം പു‌സ്തകം തന്നെയാണ്. വായനയുടെ തലവും ഇന്ന് കടലാസില്‍ നിന്ന് ഇ-ബുക്ക് റീഡറുകളിലേക്ക് പറിച്ച് നടപ്പെട്ടു കൊണ്ടിരിക്കുന്നു . സാമാന്യം വലിപ്പമുള്ള ഒരു ലൈബ്രറിയില്‍ ഉള്‍ക്കൊള്ളുന്ന പുസ്‌തകങ്ങളെ വഹിക്കാന്‍ പ്രാപ്‌തമായ ഉപകരണത്തിന്റെ ഭാരം അഞ്ഞൂറ് ഗ്രാമില്‍ താഴെയും വലിപ്പം ഒരു ചെറിയ പുസ്‌തകത്തിന്റെയത്രയും . തീര്‍ന്നില്ല കാര്യങ്ങള്‍ ഇന്ന് മിക്ക പ്രസാധകരും അവരുടെ നിലവിലുള്ള ടൈറ്റിലുകള്‍ അടക്കം ഇലക്‍ട്രോണിക് ഫോര്‍മാറ്റില്‍ എത്തിക്കുന്ന തിരക്കിലാണ്. (ച്ചടി) വായനയില്‍ നിന്ന് ഇ (ലക്‍ട്രോണിക് ) വായനയിലേക്ക് !

ഒരു മൈക്രോ പ്രോസസര്‍ ചിപ്പ് എങ്കിലും ഉള്ള ഉപകരണത്തെ കം‌പ്യൂട്ടര്‍ എന്ന് വിവക്ഷിക്കാമെങ്കില്‍ നമ്മുടെ ഒക്കെ വീടുകളില്‍ ഒന്നിലധികം കം‌പ്യൂട്ടര്‍ ഉണ്ട്. സ്‌മാര്‍ട്ട് ഫോണ്‍ , വാഷിങ്ങ് മെഷീന്‍ , മൈക്രോ വേവ് ഓവന്‍ , റഫ്രിജറേറ്റര്‍ എന്നിങ്ങനെ ഉപകരണങ്ങളായ ഉപകരണങ്ങള്‍ എല്ലാം പലതരം നിയന്ത്രണങ്ങള്‍ സാധ്യമായതും പലപ്പോഴും കൂട്ടിയിണക്കി വിദൂരങ്ങളിലിരുന്ന നിയന്ത്രിക്കാവുന്ന തരത്തില്‍ ഇവയെല്ലാം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു . ഇത് മനുഷ്യന്റെ വീടിനുള്ളിലെ അധ്വാനം കുറച്ചുവെന്നതും അതിനെ ചുറ്റിപറ്റിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മറ്റൊരു സംവാദ വിഷയം.

ഗ്രാമ ഫോണ്‍ , അതിനെ തുടര്‍ന്നെത്തിയ കാസറ്റ് പ്ലയര്‍ എന്നിവ സംഗീത വിപണിയെ ജനകീയമാക്കുന്നതില്‍ അതിന്റേതായ പങ്ക് വഹിച്ചു എന്നത് നേര്. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്ന് വരവ് ഈ രംഗത്തെ അടിമുടി മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്നതിന് ഐ പോഡ് എന്ന ഒറ്റ ഉപകരണത്തിന്റെ സാന്നിദ്ധ്യം മാത്രം നിരീക്ഷിച്ചാല്‍ മനസിലാകും. ഇന്ന് കയ്യിലുള്ള മൊബൈല്‍ ഫോണ്‍ കേവലം വിളിയുപകരണം മാത്രമല്ല അത് എഫ് എം റേഡിയോ , മ്യൂസിക് പ്ലയര്‍ അങ്ങനെ പരകായ പ്രവേശം സാധ്യമാക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇടം ആണ്. ഒപ്പം തന്നെ ഇന്റര്‍നെറ്റില്‍ നിന്നോ മറ്റ് സമീപസ്ഥമായ സമാന ഉപകരണങ്ങളില്‍ നിന്നോ ആവശ്യത്തിന് നിമിഷനേരം കൊണ്ട് സംഗീത ഫയലുകള്‍ പകര്‍ത്തിയെടുക്കാം . അത് കൊണ്ട് തന്നെ അത്രയ്‌ക്ക് സംഗീത പ്രേമി അല്ലാത്തവരുടെ പക്കല്‍ പോലും ഒരു യാത്രയ്‌ക്കുള്ള പാട്ടുകള്‍ ഇലക്‍ട്രോണിക് മെമ്മറിയില്‍ കാണും.

സദാ സമ്പര്‍ക്കത്തിലായ ആയ മനുഷ്യന്‍ എപ്പോഴും മറ്റൊരാളുടെ അല്ലെങ്കില്‍ സ്റ്റേറ്റിന്റെ ഡിജിറ്റല്‍ നിരീക്ഷണ വലയത്തില്‍ ആണെന്ന് പറഞ്ഞാലും തെറ്റില്ല. ഒളിക്കാന്‍ ഒരിടമില്ലാത്ത അവസ്ഥ . ഒരോ നീക്കത്തിലും വ്യക്തി എവിടെ ആണെന്നത് നാമറിഞ്ഞോ അറിയാതെയോ രേഖപ്പെടുത്തപ്പെടുന്നു . അത് ഫോണിലുള്ളിലെ ജി‌പി‌എസ് ആകാം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ സ്റ്റാറ്റസ് അപ്ഡേറ്റ് അകാം അതുമല്ലെങ്കില്‍ പൊതു നിരത്തുകളിലെ നിരീക്ഷണ ക്യാമറകള്‍ വഴി. എ ടി എം ല്‍ നിന്ന് പണം എടുക്കുമ്പോള്‍ പോലും നാമെവിടെയെന്ന സമയവും സ്ഥലവും വളരെ കൃത്യമായി രേഖപ്പെടുത്തുക കൂടിയാണ്. ഇലക്‍ട്രോണിക്‍ സങ്കേതങ്ങള്‍ തീര്‍ക്കുന്ന വലയ്‌ക്കിടയിലൂടെ ചലിക്കാന്‍ വിധിക്കപ്പെട്ടവര്‍ . ഭൌതികമായി നമ്മള്‍ ഒളിച്ചിരിക്കുമ്പോഴും ഡിജിറ്റല്‍ നടവഴികളില്‍ നമ്മള്‍ വെളിവാക്കപ്പെട്ടിരിക്കുകയാണന്ന് സാരം .

ഓര്‍മ എന്നത് നല്ലൊരു പങ്ക് ഇന്ന് ഉപകരണങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഫോണിലോ കം‌പ്യൂട്ടര്‍ കീബോഡിലോ തിരയാന്‍ ഉദ്ദേശിക്കുന്നതിന്റെ വിരലോട്ടം നടക്കുന്ന മാത്രയില്‍ തന്നെ പുതിയതും പുതുക്കപ്പെട്ടതുമായ വിവരം സ്‌ക്രീന്‍ ചതുരത്തില്‍ എത്തിക്കഴിഞ്ഞു. ഫോണ്‍ ഒന്ന് അപ്രത്യക്ഷമായാല്‍ തന്നെ ജീവിതം ദുസഹമാകുന്നവര്‍ അല്ലേ നമ്മളില്‍ ഏറിയ പങ്കും. വിളിക്കാനുള്ളവരില്‍ എത്ര പേരുടെ നമ്പര്‍ ഒരു വേള ഓര്‍ത്തെടുക്കാനാകും . മനസും ബുദ്ധിയും ഇന്ന് ഇങ്ങനെ പെട്ടെന്ന് കരഗതമാകുന്ന വിവരങ്ങളെ അപഗ്രഥനം ചെയ്യുന്ന തരത്തില്‍ മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു.

വീടിനെയോ ഓഫീസിനെയോ മാത്രമല്ല ഈ ഇലക്‍ട്രോണിക് അതിപ്രസരം ബാധിച്ചിരിക്കുന്നത്. മനുഷ്യന്‍ സമ്പര്‍ക്കപ്പെടുന്ന എല്ലാ തുറസിലും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് നടന്ന് കൊണ്ടിരിക്കുന്നു. ആശുപത്രി മുറി തന്നെ എടുത്ത് നോക്കൂ. കം‌പ്യൂട്ടര്‍ പൂര്‍വ കാലത്ത് ഡോക്‍ടറിനും രോഗിക്കും ഇടയില്‍ സ്റ്റെതസ്‌കോപ്പ് പോലെയുള്ള പരിമിത മെക്കാനിക്കല്‍ ഉപകരണങ്ങള്‍ മാത്രം. എന്നാല്‍ ഇന്ന് ഇതേ രണ്ട് പേര്‍ക്കിടയില്‍ എത്ര ഉപകരണങ്ങളുടെ സാന്നിദ്ധ്യമുണ്ടന്ന് പെട്ടെന്ന് എണ്ണിയെടുക്കല്‍ പ്രയാസം. വിദൂര ദേശത്തിരുന്ന് ലൈവായി ശസ്‌ത്രക്രീയ നടത്താന്‍ ഡോക്‍ടറെ പ്രാപ്‌തമാക്കുന്ന തലത്തില്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ച് കഴിഞ്ഞു. എന്തിനേറേ പറയുന്നു , ഉചിതമായ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയ ഐ ഫോണ്‍ ഉണ്ടെങ്കില്‍ രോഗിയുടെ ശരീരത്തുണ്ടാകുന്ന മാറ്റങ്ങള്‍ പോലും അപ്പപ്പോള്‍ ആശുപത്രിയില്‍ അറിയിക്കാന്‍ തക്ക വിധത്തില്‍ കാര്യങ്ങള്‍ പുരോഗമിച്ച് കഴിഞ്ഞു.

എന്താകും ഭാവി
മനുഷ്യ കം‌‌പ്യൂട്ടര്‍ സമ്പര്‍ക്കം ( ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ് ) ആകും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വികസിക്കാന്‍ സാധ്യത ഉള്ളത് എന്ന വിലയിരുത്തല്‍ ശക്തമാണ്. മനുഷ്യ മസ്‌തിഷ്‌ക്കത്തിലെ ഒരു ഭാഗമെങ്കിലും മോഡല്‍ ചെയ്യാനും സിമുലേറ്റ് ചെയ്യാനും സമീപ ഭാവിയില്‍ തന്നെ നീക്കമുണ്ടാകും . പേസ്‌‌മേക്കല്‍ പോലെ ശരീരത്തിനുള്ളില്‍ യന്ത്രക്കടന്നു കൂടല്‍ ഇതിനോടകം സംഭവിച്ച് തുടങ്ങിയെങ്കിലും സ്‌മാര്‍ട്ട് ആയ അല്ലെങ്കില്‍ പുറം കം‌പ്യൂട്ടര്‍ വ്യൂഹവുമായി ബന്ധം പുലര്‍ത്താനാകുന്ന ശരീരഭാഗങ്ങള്‍ ഒരു പക്ഷെ വന്നുകൂടായ്‌കയില്ല . പലതും പരീക്ഷണശാലയില്‍ വിജയം കാണുന്നുണ്ടങ്കിലും കടമ്പകള്‍ പലതുമുണ്ട് കടക്കാന്‍ . മനുഷ്യനെ പോലെ തന്നെ ഇന്റലിജന്റ് ആയ ഉപകരണങ്ങളും നമുക്കിടയില്‍ ജീവിക്കുന്നത് സംഭവ്യമത്രേ. ശാസ്‌ത്ര കല്‍‌പിത കഥാകാരനും ഭാവിയെ പ്രവചിക്കുന്നതില്‍ അസാമാന്യ പ്രതിഭ കാട്ടിയ ആര്‍തര്‍ സി ക്ലര്‍ക്ക് തന്റെ ഒരു പുസ്‌തകത്തില്‍ HAL എന്ന് പേരായ ഒരു ഇന്റലിജന്റ് കം‌പ്യൂട്ടറിനെ പറ്റി പറയുന്നുണ്ട് , ഈ യന്ത്രം മനുഷ്യന് ശരിക്കും ഒരു intellectual match ആയിരിക്കുമെന്ന് ! ആര്‍ക്കറിയാം ഏത് പാതയിലൂടെ ആകും അടുത്ത പതിറ്റാണ്ടുകള്‍ ലോകം ചലിക്കുമെന്ന് , ഏതായാലും ഒരു കാര്യം ഉറപ്പാണ് പോയ പതിറ്റാണ്ടുകളില്‍ ഉണ്ടായ സാങ്കേതികമാറ്റങ്ങളെക്കാല്‍ സംഭവ ബഹുലമാകും വരാനിരിക്കുന്ന കാലം. കാത്തിരുന്ന് കാണാം .

സോഷ്യല്‍ നെറ്റ്വര്‍ക്കിനെ കണ്ണുമടച്ച് ലൈക്ക് ചെയ്യാമോ ?

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഇടങ്ങളില്‍ ഷെയര്‍ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ ആധികാരികത കൂടി ഉറപ്പാക്കേണ്ടതില്ലേ? ഏതാനും ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍

1) ഗായിക കെ.എസ് ചിത്രയുമായി ബന്ധപ്പെട്ട വാര്‍ത്ത അതിന്റെ ഉറവിടം എന്താണന്നോ അല്ലെങ്കില്‍ വാസ്തവം ഉണ്ടോ എന്നൊന്നും നോക്കാതെ സൈബര്‍ പൌരന്മാരില്‍ നല്ലൊരു ഭാഗം ഷെയര്‍ ചെയ്തും കമന്റ് പറഞ്ഞും ആഘോഷിച്ചു
2) ഡല്‍ഹിയില്‍ അക്രമികളുടെ തോന്നിയവാസത്തിന് ഇരായായി മരിച്ച പെണ്‍കുട്ടിയുടേത് എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രം മറ്റൊരു പെണ്‍‌കുട്ടിയുടേതായിരുന്നു. ഡല്‍-ഹി പെണ്‍കുട്ടിയുടെ മരണം സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും രാജ്യത്തെ പല നഗര ചത്വരങ്ങളിലും കാര്യമായ പൊതുജന പ്രക്ഷോഭത്തിന് ഇടയാക്കിയതാണ്. ഒരു പക്ഷെ ഫേസ്ബുക്കും ട്വിറ്ററും ഒക്കെ തെരുവീഥികളിലേക്ക് ആളിനെ കൊണ്ട് വരാനും സമര പ്രക്ഷോഭങ്ങള്‍ക്ക് പലതരത്തിലുള്ള പിന്തുണ കൊടുക്കാനും സഹയകരമായി എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഇതേ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ തന്നെ ആ പെണ്‍‌കുട്ടിയുടേത് എന്ന് പറഞ്ഞ് വന്ന ചിത്രം ഒരു തരത്തിലുള്ള പരിശോധനയും കൂടാതെ പങ്കിട്ട് പടര്‍ത്തി വലിയ സംഭവമാക്കി, ഒന്നോര്‍ക്കണം വ്യാജവാര്‍ത്ത ആളിക്കത്തിയത് ആദ്യ സംഭവത്തിനെക്കാള്‍ വേഗത്തിലും !
3) പി.ജെ കുര്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ വേളയില്‍ , സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞ മഹിളാ കോണ്‍‌ഗ്രസ് നേത്രി അഡ്വ.ബിന്ദു കൃഷ്ണയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ചിത്രസമേതം തരം താണ അഭിപ്രായം എഴുതി പ്രദര്‍ശിപ്പിച്ച  മനോനില ഒരു തരത്തിലും അഭിപ്രായപ്രകടന സ്വാതന്ത്ര്യമെന്ന് പറയാനാവില്ല. ആ പോസ്റ്റ് കാണുന്ന ആരും പ്രതികരിച്ച് പോകും. അത്രയ്ക്കും മനോവിഷമം ഉണ്ടാക്കുന്ന അല്ലെങ്കില്‍ അത്രമേല്‍ അപകീര്‍ത്തി പടര്‍ത്തുന്ന പോസ്റ്റ്.  അതിനെ ഇന്റര്‍നെറ്റ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത് ഉള്ള സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തി വയ്ക്കലാണ് . ബിന്ദു കൃഷ്‌ണ ഇപ്പോഴത്തെ കുര്യന്‍ വിഷയത്തില്‍ എടുത്ത നിലപാടിനെ ശക്തിയുക്‍തം എതിര്‍ക്കാന്‍ എല്ലാര്‍ക്കും അളവറ്റ സ്വാതന്ത്ര്യം ഉണ്ട്, അത് അനിവാര്യവുമാണ്. എന്നാല്‍ അത് വ്യക്തിപരമായ ഇമ്മാതിരി തരം താണ അവഹേളന ഭാഷയില്‍ ആകരുത് .
4) ഏതാനും മാസങ്ങള്‍ക്ക് മുന്നെ ആസാം കലാപ സമയത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരിച്ച മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രശ്‌നം ഗുരുതരമാക്കുന്നു എന്ന് ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ വരെ നിശ്ചിത ദിവസത്തേക്ക് മരവിപ്പിച്ച് നിര്‍ത്തി വയ്ക്കാന്‍ ടെലകോം സേവന ദാതാക്കളോട് ആവശ്യപ്പെടേണ്ടി വന്നു. ഇവിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെക്കാളും അപകടമായത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ചിത്രസന്ദേശങ്ങള്‍/എം എം എസ് ആണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നിരോധനവാള്‍ വീശിയത്. കലാപം ഉണ്ടാക്കാനായി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് മനപൂര്‍വം പടച്ച് വിട്ടതാണന്ന വാദങ്ങള്‍ നിരത്തി സര്‍ക്കാര്‍ തങ്ങളുടെ നടപടിയെ ന്യായികരിച്ചു .

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഒരു വശത്ത് ജനങ്ങളുടെ രാഷ്ട്രീയ അവബോധം കാര്യമായി തന്നെ വര്‍ധിപ്പിക്കുന്നു , അവരെ മുന്‍പെങ്ങുമില്ലാത്ത വിധം ചര്‍ച്ചകളില്‍ ഇടപെടാനും അഭിപ്രായ രൂപീകരണം നടത്തുവാനും പറ്റിയ പൊതു ഇടം ഉണ്ടാക്കുന്നു. എന്നാല്‍ ഇതേ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പിന് കത്തി വയ്ക്കുന്നതിന് തുല്യമാണ്. മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ കാര്യങ്ങളുടെ ഒരു ഏകദേശ ചിത്രം മാത്രം. സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ ഫോട്ടോയും മറ്റും ഫേസ്ബുക്കിലൂടെ അപകടകരമായ തരത്തില്‍ പങ്കിട്ട് വഞ്ചിക്കപ്പെട്ടതറിഞ്ഞ് ശേഷമുള്ള ആത്മഹത്യയുടെ കഥകളും നമ്മള്‍ കേട്ടു .

വികലമനസുകള്‍ ബോധപൂര്‍വമോ അല്ലെങ്കില്‍  അബോധപൂര്‍വമോ സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ എന്തെല്ലാം തകരാറാണ് ആ സംഭവത്തില്‍ പരാമേശിക്കപ്പെടുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉണ്ടാക്കുക. രാഷ്ട്രീയം , ബിസിനസ് , നയതന്ത്രം , ദേശസുരക്ഷ , വ്യക്തികള്‍ എന്നിവയ്ക്ക് വ്യാജനിര്‍മ്മിതി വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പരിക്ക് പെട്ടെന്ന് പരിഹരിച്ചില്ലാതാക്കാന്‍ ആകില്ല , തിരികെ എത്ര സമര്‍ത്ഥമായി വസ്തുതകള്‍ വച്ച് എങ്ങനെയൊക്കെ ഖണ്ഡിച്ചാലും അതേസമയം തന്നെ സമാന്തരമായി മറ്റായിരം ഡിജിറ്റല്‍ ഹാന്‍ഡിലുകള്‍ വഴി, വ്യാജനിര്‍മ്മിതി വൈറല്‍ ആയി പടരുന്നുണ്ടാകും , അല്ലെങ്കിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കാനും പ്രചരിപ്പിക്കാനും ആണല്ലോ നല്ലൊരു പങ്ക് ആളുകള്‍ക്ക് ഉത്സാഹം. അറിവിന്റെ കാലത്ത് വിവരങ്ങളെ മുന്‍‌നിശ്ചയ പ്രകാരം ക്ലിപ്‌തപ്പെടുത്താന്‍ ആകില്ല , അത് പൂര്‍ണമായും ശരിയുടെയോ അഥവാ വസ്തുതകളുമായി കുലങ്കഷമായോ പൊരുത്തപ്പെടുത്തി നോക്കിയ ശേഷം മാത്രം ഫേസ്ബുക്കെന്ന മേച്ചില്‍ പുറത്ത് മേയാന്‍ വിടാനും പറ്റില്ല. ഇവിടെ സ്വയം ആണ് തീരുമാനം എടുക്കേണ്ടത് ഷെയര്‍ ചെയ്യുന്നതിന് മുന്നെ അല്ലെങ്കില്‍ അഭിപ്രായം പറയുന്നതിന് മുന്നെ അത് എത്രമാത്രം ശരിയാണ്. വ്യാജമായ അല്ലെങ്കില്‍ വസ്തുത വിരുദ്ധമാണങ്കില്‍ അതുണ്ടാക്കുന്ന ആഘാതം എന്താകും എന്നൊക്കെ ഗുണദോഷ വിചിന്തനം അനിവാര്യമായിരിക്കുന്നു .

ഇന്റര്‍നെറ്റ് ആണ് പോരാത്തതിന് ഞാന്‍ ഇരിക്കുന്നത് മൈലുകള്‍ക്കകലെ , മാത്രമോ തിരിച്ചറിയാനാകുന്ന ഒരു വിലാസത്തിലും അല്ല എന്റെ സൈബര്‍ തേരോട്ടം , ഈ വിചാരത്തോടെ കീബോഡില്‍ കൊട്ടുമ്പോള്‍ എന്തെങ്കിലും രക്ഷ കിട്ടും എന്ന് കരുതുക സ്വാഭാവികം .ആ കരുതല്‍ തികച്ചും തെറ്റാണന്ന് ഒരു പക്ഷെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാകും തിരിച്ചറിയുക . ഇത്തരം അസഹിഷ്‌ണുതയില്‍ നിന്ന് പിറവി കൊള്ളുന്ന വ്യാജപ്രചരണം ഏറ്റുമുട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യവുമായാണ്. എന്തിന്റെയെങ്കിലും പേര് പറഞ്ഞ് ഇന്റര്‍നെറ്റിന് മൂക്കുകയറിടാന്‍ നടക്കുന്ന അധികാരികള്‍ക്ക് ഇതൊക്കെ ആവേശം പകരുമായിരിക്കും, അവര്‍ക്ക് വേണ്ടത് വ്യാജനെ അല്ല ഒന്നാംതരം രാഷ്ട്രീയ വിമര്‍ശത്തെ/സാമൂഹികമായി ഉരുവം കൊള്ളേണ്ടുന്ന എതിര്‍പ്പിനെ മുളയിലെ നുള്ളുക ആണല്ലോ.

സാധാരണ മാധ്യമങ്ങള്‍ക്ക് ബദല്‍ മാധ്യമമാണ് ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന് പറയുന്നത് യാഥാര്‍ത്ഥ്യമെന്ന് തോന്നണമെങ്കില്‍ കുറച്ച് കൂടി ഉത്തരവാദിത്വബോധം കാട്ടേണ്ടതുണ്ട്. എന്തും ഷെയര്‍ ചെയ്യാം തോന്നിയതൊക്കെ ടൈപ്പാം എന്ന് പറയുന്നത് വിവരക്കേട് മാത്രമല്ല , ഒരു സാധ്യതയുടെ ചരമക്കുറിപ്പെഴുതല്‍ കൂടിയാണ് .കെ എസ് ചിത്ര സ്വജീവിതത്തിലെ വലിയ ഒരു ആഘാതത്തില്‍ നിന്ന് പതിയെ വിടുതല്‍ നേടി വരുന്നതേയുള്ളൂ എന്ന് ഇല്ലാവാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ക്കും അറിയാം, നമ്മുടെ പ്രീയ ഗായികയുടെ മനസ്വസ്ഥത കളയാനല്ലാതെ എന്തുപകാരം ആണ് ഈ ഷെയര്‍ വീരന്മാരും വീരകളും ചെയ്യുന്നത്. ഡല്‍ഹി പെണ്‍‌കുട്ടിയുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം അവരുടേത് ആണെങ്കില്‍ തന്നെ അത് ഷെയര്‍ ചെയ്ത് ആഘോഷിക്കാന്‍ എന്ത് അവകാശമാണ് നമുക്കുള്ളത്. ഇര അത് ആരായിരുന്നാലും അവര്‍ക്ക് സ്വകാര്യത ഉണ്ട്. അവരുടേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തിയും ഈ സമൂഹത്തിന്റെ ഭാഗമാണ്, നാളെ അത് നമ്മളാകാം അല്ലെങ്കില്‍ പ്രീയ ബന്ധുമിത്രാദികളാകാം .

വ്യാജ വാര്‍ത്തകള്‍ ചമയ്ക്കലും നിരുത്തരവാദപരമായ ഷെയര്‍ ചെയ്യലും പെരുകുകയാണ്. കമ്പ്യൂട്ടര്‍ കാലത്ത് ഫോട്ടോഷോപ്പ്/ജിമ്പ് പോലെയുള്ള ചിത്രപ്പണി സൂത്രങ്ങള്‍ ഉണ്ടെങ്കില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജനെ നിമിഷാര്‍ധം കൊണ്ട് സൃഷ്ടിച്ചെടുത്ത്, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കടലേഴും കടത്തി ജനലക്ഷങ്ങള്‍ക്കിടയിലേക്ക് പടര്‍ത്താം. ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും സ്വയം നിയന്ത്രണവും വരുത്തേണ്ടിയിരിക്കുന്നു. നാം ജീവിയ്ക്കുന്ന സമൂഹത്തിന്റെ ഒരു ഓണ്‍‌ലൈന്‍ പ്രതിരൂപമല്ലേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ . ഇതിന് ഒരു ബദല്‍ മാധ്യമമായി വികസിയ്ക്കാന്‍ ഘടനാപരമാ‍യ പരിമിതികളുണ്ട്. നാള്‍ക്കുനാള്‍ , പൊതു / സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്ന നവമാദ്ധ്യമം ഇരു തല മൂര്‍ച്ചയുള്ള വാള്‍ തന്നെയാണ് എന്നാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

ഒരു വശത്ത് അറ്റം കൂര്‍പ്പിച്ച വാക്കുകളുമായി വളരെ കൃത്യമായ ഇടപെടലിനായി ഒരു കൂട്ടര്‍ ശ്രദ്ധേയമായി സംവേദനം നടത്തുകയും, സംവാദത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ വിഷലിപ്‌തമായ ആശയവുമായി വികൃതമനസോടെയോ അല്ലെങ്കില്‍  തമാശയായോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് എന്ന സാധ്യതയെ കാണുകയും എഴുതുകയും ചെയ്യുന്നു, മറ്റ് ചിലരാകട്ടെ മുന്‍‌പിന്‍ നോക്കാതെ ടൈം ലൈനില്‍ തെളിയുന്നതെന്തും ലൈക്കുന്നു, ഷെയര്‍ ചെയ്യുന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ്‌ തെറ്റുദ്ധാരണ പടര്‍ത്തുന്നതും, വ്യക്തിഹത്യയിലധിഷ്ഠിതവുമായ ആധികാരികമല്ലാത്ത പ്രചാരവേലകളുടെ ഉസ്താദുമാര്‍ !! അവരെ നാമെന്തു ചെയ്യും? എന്നത് പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു . തികച്ചും നിര്‍ദ്ദോഷമെന്ന് കരുതാവുന്ന കാണാതായ കുട്ടിയുടം പടം ഷെയര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍, രോഗ ബാധിതയായവര്‍ക്ക് വേണ്ടിയുള്ള സഹായാഭ്യര്‍ത്ഥനകള്‍ , രക്തദാനം , ആശ്വാസധനം സ്വരൂപിക്കല്‍ എന്നിവയുടെ കാര്യത്തിലും ഈ ജാഗ്രത അനിവാര്യം

ഐടി നിയമത്തില്‍ തികച്ചും ഉദാസീനമായി എഴുതി, കയ്യടിച്ച് പാസാക്കിയ 66(a) പോലെയുള്ള വകുപ്പുകള്‍ അല്ല ഇതിനെ ഒക്കെ പ്രതിരോധിക്കാന്‍ കരുതേണ്ടത്. നാളിതുവരെ ഈ വിവാദ വകുപ്പ് ഉപയോഗിക്കപ്പെട്ടത് സര്‍ക്കാര്‍/കോര്‍പ്പറേറ്റ് തന്നിഷ്ടങ്ങള്‍ക്ക് പക്കമേളമായാണ്. അരിന്ദം ചൌധരിയുടെ വിവാദ സ്ഥാപനമായ ഐ ഐ പി എം നെതിരെ വന്ന വസ്തുതാപരമായ വാര്‍ത്തയെ പ്രതിരോധിക്കാനാണ് ഏറ്റവും അടുത്ത കാലത്ത് ഐടി നിയമം ഉപയോഗിക്കപ്പെട്ടത്. രാജ്യത്തെ പുകള്‍പെറ്റ സര്‍ക്കാര്‍ സ്ഥാപനമായ യുജിസി യുടെ മുതല്‍ പ്രബലമായ മാധ്യമങ്ങളുടെ വെബ്പേജുകള്‍ വരെ നിര്‍വീര്യമാക്കാന്‍ ഐടി നിയമം ദുരുപയോഗിക്കുന്നതിന് നാം സാക്ഷിയായി. വ്യാജവാര്‍ത്തകള്‍ എഴുതുന്നതിനും ഷെയര്‍ ചെയ്യുന്നതിനും തടയിടാന്‍ കൊണ്ട് വരുന്ന കര്‍ക്കശമായ നിയമങ്ങള്‍ മോശമാണ്, ദോഷവും. നിര്‍മ്മിതവാര്‍ത്തകള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടത് സാമൂഹികമായ ഒരു വലയം തീര്‍ത്തുകൊണ്ടാകണം. നഗരത്തിലെ പൊതുവഴി വൃത്തികേടാക്കാതെ സൂക്ഷിക്കുന്നത് നിയമത്തെ പേടിച്ചല്ല മറിച്ച് നമ്മുടെ പൊതു ഇടമാണ്, അത് വെടിപ്പായി സൂക്ഷിക്കണം എന്ന സാമൂഹിക ബോധം തനിയെ ഉരുത്തിരിഞ്ഞ് വന്നത് കൊണ്ടാണ്. ഇങ്ങനെ ഒരു പൊതു സ്വീകാര്യമായ അവസ്ഥ രൂപപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വവും ഓണ്‍‌ലൈന്‍ സമൂഹത്തിനുണ്ട്. സൈബര്‍ സ്പെയ്സ് ജനാധിപത്യത്തില്‍ ഇന്ന് നിര്‍ണായകമായ സ്വാധീ‍നം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ മെരുക്കാനും വീര്യം കെടുത്താനും നിക്ഷിപ്‌ത താത്പര്യക്കാര്‍ സര്‍വസന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുള്ളതും മറക്കതിരിക്കുക. അവര്‍ക്കുള്ള പിടിവള്ളിയാകരുത് വ്യാജവാര്‍ത്തയും ഫാബ്രിക്കേറ്റഡ് ചിത്രങ്ങളും, ഒപ്പം അവയെ ഷെയര്‍ ചെയ്യുന്നവരും .
(2013 മാര്‍ച്ച് ലക്കം കേരള പ്രസ് അക്കാദമി ജേണല്‍ ‘മീഡിയ‘ യില്‍ പ്രസിദ്ധീകരിച്ചത്)

വലാധിപത്യ ലോകം


ഇന്റര്‍നെറ്റ് എന്ന വിശ്വ വ്യാപന വലയുടെ ഭാഗമാണ് ഇന്ന് മിക്കവരും. ഒരു പക്ഷെ ഇന്റര്‍നെറ്റ് നിലവില്‍ വന്ന സമയത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ കടന്ന് വരവും കീഴടക്കലും സ്വപ്‌നം കണ്ടവര്‍ പോലും വിരളമോ അല്ലെങ്കില്‍ ഇല്ല എന്ന് പറയുന്നതോ ആകും ശരി. നിലവില്‍ ഫേസ്ബുക്കില്‍ മാത്രം നൂറ് കോടിയിലേറേ പേര്‍ ചേര്‍ന്നിട്ടുണ്ട്. ട്വിറ്റര്‍,ഗൂഗിള്‍ പ്ലസ് പോലെയുള്ളവ വേറേ. മിക്കവര്‍ക്കും എല്ലാ ജനകീയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലും അംഗത്വവുമുണ്ട്, അത് കൊണ്ട് തന്നെ എല്ലാറ്റിലും കൂടി അംഗത്വം ഉള്ളവരെ ഒരുമിച്ചെടുത്ത് കണക്കായി അവതരിപ്പിക്കുന്നതില്‍ ശരികേടുമുണ്ട്. ശരാശരി കണക്ക് എടുത്താല്‍ ലോകത്ത് ഒരോ ആറ് പേരില്‍ ഒരാള്‍ക്ക് ഏതെങ്കിലുമൊരു സൈബര്‍ കൂട്ടായ്മയില്‍ പങ്കാളിത്തം ഉണ്ട്. അഞ്ച് വര്‍ഷം മുന്നെയുള്ള സംഖ്യ അല്ല ഇന്ന് അതിനാല്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞുള്ള നെറ്റിസണ്‍ മാരുടെ ( ഇന്റര്‍നെറ്റ് സിറ്റിസണ്‍ ) എണ്ണം ഒരു പക്ഷെ മൊത്തം ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിനടുത്ത് വരും എന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ഒപ്പം തന്നെ എടുത്ത് പരിശോധിക്കേണ്ട മറ്റൊരു കാര്യം ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്ന ഇടം ആണ്‍, അഞ്ച് വര്‍ഷം മുന്‍പ് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് മേശപ്പുറ കമ്പ്യൂട്ടറുകള്‍ വഴി ആയിരുന്നു എങ്കില്‍ ഇന്ന് ടാബ്‌ലെറ്റ് / സ്മാര്‍ട്ട് ഫോണ്‍ ആണ് ഈ നെറ്റ് ചങ്ങാതിമാര്‍ക്ക് എഴുത്തിന്റെ, വായനയുടെ തലം ആകുന്നത് .

ആ‍ര്‍ക്കും എന്തും എഴുതാം ഏത് സമയത്തും ആര്‍ക്കെതിരെയും അല്ലെങ്കില്‍ ഏത് സ്ഥാപനത്തിനെതിരെയും എന്ന് പറയുമ്പോള്‍ അത് കേവല അരാജകത്വാവസ്ഥ അല്ലെ സൃഷ്ടിച്ചെടുക്കുക മാത്രമല്ല ഇങ്ങനെ വായില്‍ തോന്നുന്നത് പറഞ്ഞാല്‍ അതെങ്ങനെ ആധികാരികം ആകും എന്ന് നെറ്റിചുളിക്കുന്നവരും കുറവല്ല. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ മുന്‍പെങ്ങും പരിചയിച്ചിട്ടില്ലാത്ത ഇടമാണ് ഇവര്‍ക്കുള്ളത് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കയ്യാളുന്നത് എന്ന വസ്‌തുത വിമര്‍ശകര്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റിന്റെ ട്വിറ്റര്‍ പോസ്റ്റിന്റെ ബ്ലോഗില്‍ എഴുതുന്നവയുടെ എണ്ണപ്പെരുക്കം എന്ത് മാത്രമാണ്, ഒരു വിഷയത്തെ തന്നെ ചിന്തിക്കാന്‍ പറ്റാത്ത കാഴ്ചക്കോണുകളില്‍ നിന്നാണ് സമീപിക്കുന്നത്. ഇത് ഉണ്ടാക്കുന്ന ഒരു അഭിപ്രായ ഉള്‍ചേര്‍ച്ച ഉണ്ട്. ഇങ്ങനെ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി എഴുതപ്പെടുന്നതും വലിയ ഒരു ജനാവലി അപ്പപ്പോള്‍ വായിക്കുന്ന ചിലപ്പോള്‍ കൂടെ ചേര്‍ന്ന് വാദിക്കുന്ന , ഇണങ്ങുന്ന , പിണങ്ങുന്ന ഇടം മറ്റൊരു തരത്തില്‍ ജനാധിപത്യം തന്നെയാണ് സ്ഥാപിച്ചെടുക്കുന്നത്. ഇങ്ങനെ ഉള്ള ബഹുസ്വരതയില്‍ നിന്ന് പൊട്ടിമുളയ്ക്കുന്നത് ഒരു പക്ഷെ കലാപം ആകാം അല്ലെങ്കില്‍ സഹായ ഹസ്തമാകാം. എങ്ങനെയാണ് ഇത് ഭരണാധികാരികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് നമ്മള്‍ ട്യുണീഷ്യയിലും ഈജിപ്റ്റിലും മുതല്‍ തീരെ ചെറിയ ഒരളവ് വരെ ഡല്‍ഹിയിലും കണ്ടു .

ഈ വിപുലമായ ഡിജിറ്റല്‍ ഹാന്‍ഡിലുകള്‍ അഥവാ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വിലാസങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുമെങ്കില്‍ അത് ജനാധിപത്യത്തിനെ കൂടുതല്‍ സുതാര്യമാക്കാനോ അല്ലെങ്കില്‍ തുറസിലേക്ക് എത്തിക്കാനോ ആകും അത് നല്ലതല്ലേ? ഇക്കാരണാങ്ങളാകണം ഇന്റര്‍നെറ്റിനെ ഭരിക്കേണ്ടത് ഭരണകൂടത്തിന്റെയും ബിസിനസ് ലോബികളുടെയും ബദ്ധശ്രദ്ധ പതിയുന്ന അനിവാര്യത ആക്കി മാറ്റിയത്. നിലവിലെ ഐടി നിയമത്തിന്റെ പുഴുക്കുത്തുകള്‍ ഉപയോഗിച്ച് എങ്ങനെ ആണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങ് ഇടുന്നത് എന്ന് മുംബൈയില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നിയമദുരുപയോഗത്തിലും ഈയടുത്ത ദിവസങ്ങളിലൊന്നില്‍ ഐ ഐ പി എം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും അതിന്റെ മേധാവി അരിന്ദം ചൌധരിക്കും എതിരെ ശബ്ദിച്ച വെബ്‌പേജുകളെ അപ്പാടെ നിര്‍വീര്യമാക്കുന്നിടത്ത് വരെയെ‌ത്തിയത് നമ്മള്‍ കണ്ടു. സ്വതന്ത്രമായതും മാധ്യമ ചട്ടക്കൂടില്‍ നിന്ന് പുറത്ത് നിന്ന് വരുന്ന അഭിപ്രായങ്ങള്‍ അസ്വസ്ഥത സൃഷ്ടിച്ച് തുടങ്ങി എന്ന് സാരം. അത് ഇനിയും ഉണ്ടാകും .പുതുലോകം പകര്‍ന്ന് ഡിജിറ്റല്‍ ലോകം : വാര്‍ത്താവിനിമയത്തിന്റെ ചരിത്രം ആരംഭിക്കുന്ന നാളുകളില്‍ ഒന്ന് ഒച്ചയില്‍ നാലാള്‍ കൂടുന്നിടത്ത് സംസാരിക്കാന്‍ പോലും തമ്പ്രാന്റെ അനുമതി വേണമായിരുന്ന വൃത്തികെട്ട ഭൂതകാലം നമുക്കും ഉണ്ടായിരുന്നു, എന്നാല്‍ ഇന്നോ ഇതേ തമ്പ്രാക്കന്മാരുടെ നവരൂപമായ രാഷ്ട്രീയ/ഭരണ/ബിസിനസ് രംഗത്തുള്ളവര്‍ക്ക് മുന്നില്‍ അസ്വസ്ഥത പടര്‍ത്തുന്ന ശബ്ദമുഖരിതമായ ഇടത്തേക്ക് നാമെത്തി. ഇന്റര്‍നെറ്റ് ഉള്ളതാണ് ജനാധിപത്യം ഇനിയും കൂടുതല്‍ മേല്‍ത്തരമായി നിലനില്‍ക്കും എന്ന് ഉറപ്പിക്കാന്‍ ആകുന്ന സൂചന എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നിയന്ത്രണം സാധ്യമല്ല എന്ന് പറയാം, ഭരണകൂടം എങ്ങനെ ഒക്കെ ശ്രമിച്ചാലും സേവന ദാതാക്കള്‍ വഴി എത്ര നല്ല അരിപ്പ വച്ചാലും ഇത് മറ്റൊരു വഴിയിലൂടെ വളരും/പടരും എന്നതിന് ഉദാഹരണം പലത്. ഇതിന്റെ പ്രയോജനം പരമ്പരാഗത മാധ്യമങ്ങള്‍ക്കും പരോക്ഷമായി ലഭിക്കുന്ന്. നമ്മുടെ പത്രം എത്ര തമസ്കരിച്ചാലും ഇത് നെറ്റില്‍ എത്തും , പിന്നെ പടരും നാടാകെ എന്നിട്ട് വാര്‍ത്ത കൊടുത്തിട്ട് എന്ത് കാര്യം എന്ന് ചിന്തിക്കുന്ന ന്യൂനപക്ഷം എങ്കിലും ന്യൂസ് റൂമില്‍ ഉണ്ടായാല്‍ അത് മതിയല്ലോ !

സോഷ്യല്‍ നെറ്റ്വര്‍ക്കിന്റേയും സ്മാര്‍ട്ട് ഫോണ്‍ ആപ്പ്‌സിന്റെയും കടന്ന് വരവ് പത്ര/ടി വി മാധ്യമങ്ങളെ മാത്രമല്ല ബാധിച്ചത്. അടുത്ത കാലം വരെ അല്ലെങ്കില്‍ ഇപ്പോഴും ആശയവിനിമയത്തിനെ ആശയും ആവേശവും ആയ എസ് എം എസ് നെ കാര്യമായി തന്നെ തളര്‍ത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് കഴിഞ്ഞു. ഫേസ്ബുക്ക്/ജിമെയില്‍ ചാറ്റും ടെക്‍സ്റ്റിംഗിനായുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകളും എസ് എം എസ് വരുമാനത്തെ കാര്‍ന്ന് തിന്നാന്‍ തുടങ്ങി എന്ന് ടെലകോം സേവന ദാതാക്കള്‍ തന്നെ സമ്മതിക്കുന്നു , അതെ ഇത് അത്രമേല്‍ വേഗത്തിലാണ് നിലവിലുള്ള വിവര വിനിമയത്തിനെ മാറ്റി മറിക്കുന്നത്. നിരന്തരം നവീകരിക്കുകയും പുതുപുത്തന്‍ ആശയങ്ങളുമായി എത്തുകയും ചെയ്തില്ലെങ്കില്‍ നില‌നില്‍പ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് പോലും അപകടമാകും എന്നതിന് ഓര്‍ക്കുട്ടിനപ്പുറം ഉദാ‍ഹരണം വേണോ. നമ്മെ ഒക്കെ കൂട്ടുകൂടാന്‍ പഠിപ്പിച്ച ഓര്‍ക്കുട്ടിന് ഏതാണ്ട് നിത്യശാന്തി നേരാന്‍ സമയമായി. എന്തിനധികം പത്തുവര്‍ഷത്തിനപ്പുറം ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടാകും എന്ന് ഉറപ്പിക്കാന്‍ പോലും ആകില്ല, എന്ന് വച്ച് ആശങ്കപ്പെടേണ്ട . ഇതിനെ വകഞ്ഞ് മാറ്റി എത്തുന്നത് ഇതിലും നവം‌നവങ്ങളായ സൌകര്യങ്ങള്‍ ഉള്ള മറ്റൊരു ഇടം ആകും .മാധ്യമ സമന്വയത്തിന്റെ കാലം :
പത്രവായനയും ടിവിയുടെ ദൃശ്യ സാധ്യതളും സമ്മേളിക്കുന്ന ഇടം മാത്രമല്ല ഇന്റര്‍നെറ്റ് , ഇവയ്ക്ക് രണ്ടിനും സാധിക്കാതിരുന്ന വിവര ദൃശ്യ മേളിക്കല്‍ ആണ് സൈബര്‍ മാധ്യമം പകര്‍ന്ന് തരുന്നത്. മീഡിയ കണ്‍‌വര്‍ജന്‍സ് എന്ന് വിളിക്കുന്നത് ശരി എന്ന് പറയാം. എല്ല വിഭവങ്ങളും വിളമ്പുന്ന ഒരു വലിയ വിവര സദ്യ. ഇത് മാധ്യമ പ്രവര്‍ത്തനത്തെ അപ്രസക്തമാക്കും എന്നൊക്കെ ചില കോണില്‍ നിന്ന് പറയുന്നുണ്ടങ്കിലും അത് സംഭാവ്യമാകാന്‍ വിദൂര സാധ്യത പോലും ഇല്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരത്തിന്റെ സ്കൂപ്പിന്റെ വസ്തുതാന്വേഷങ്ങളുടെ ഒക്കെ അപരിമിതമായ സാധ്യതകള്‍ ആണ് തുറന്ന് കിടക്കുന്നത്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്ന് വിളിക്കാവുന്ന ഈ നെറ്റിസണ്‍ മാര്‍ എഴുതുന്ന ചില വരികളിലെങ്കിലും നല്ല വാര്‍ത്താ സ്കൂപ്പിന്റെ വിത്തെടുക്കാന്‍ പറ്റും. ഇതെടുത്ത് ശരിയുടെ അനുബന്ധവിവരത്തിന്റെ വെള്ളവും വളവും നല്‍കിയാല്‍ നല്ല വാര്‍ത്ത ആകും. ഇത് കല്പിത കഥ പോലെ പറയുന്നതല്ല., ഇപ്പോള്‍ ലോകത്തില്‍ പലയിടത്തും മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗില്‍ കറങ്ങുന്നത് വാര്‍ത്ത തേടി കൂടിയാണ്. വരും കാലത്ത് ഇത് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല

മൈക്കിള്‍ ജാക്‍സണ്‍ നമ്മെ വിട്ട് പിരിഞ്ഞ വാര്‍ത്ത വന്ന സമയത്ത് ട്വിറ്റര്‍ ഷട്ട് ഡൌണ്‍ ആയത് വാര്‍ത്തയുടെ സ്രോതസ് എന്ന നിലയില്‍ എത്രമാത്രം പ്രധാനമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്ന സൂ‍ചന തരുന്നു. ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വിവരം ആദ്യം ബേക്ക് ചെയ്തത് ട്വിറ്റര്‍ ആണ് എന്തിനധികം രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബരാക്ക് ഒബാമ Four more years എന്ന് കുറിക്കുക മാത്രമല്ല ഭാര്യ മിഷേലിനെ ചെര്‍ത്ത് പിടിച്ച് കൊണ്ടുള്ള ഫോട്ടോയുടെ അകമ്പടി കൂടി ഉണ്ടായിരുന്നു. അതെ വാര്‍ത്ത ഉത്‌ഭവിക്കുന്ന ഉറവിടം തന്നെ വാര്‍ത്ത എഴുതുകയും ചെയ്യുന്ന തത്‌സമയ വാര്‍ത്താപൂരത്തിന്റെ കാലം. ഇത് ഇനിയുള്ള കാലം കൂടുമെന്നതില്‍ തര്‍ക്കമില്ല, നമ്മുടെ നാട്ടില്‍ ഇപ്പോഴും ജനകീയത ഫേസ്ബുക്കിന് തന്നെയാണ് എന്നാല്‍ വാര്‍ത്താതാരങ്ങള്‍ക്ക് പ്രീയം ട്വിറ്ററും. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഏതായാലും , സദാ കണക്ടഡ് ആണ് നമ്മളില്‍ നല്ലൊരു ഭാഗം

ഉള്‍ച്ചേര്‍ന്ന ഉള്ളടക്കത്തിന്റെ (Inclusive Content) കാലത്തിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗങ്ങള്‍ വെറും വായനക്കാര്‍ അല്ല, അവര്‍ ഒപ്പം ഇടപെടുക കൂടിയാണ്. വിമര്‍ശമെന്നത് പഴയകാലത്തെ പോലെ പണ്ഡിത കേസരികള്‍ മാത്രം മേയുന്ന പറമ്പുമല്ല. ഇന്നലെ വന്ന പുതുനാമ്പുകള്‍ പോലും ആശയത്തിന്റെ ഉള്‍ക്കരുത്തുമായി കല്ലിനെ പിളര്‍ക്കുന്ന എതിര്‍ വര്‍ത്തമാനം ഉയര്‍ത്തും , കാമ്പുണ്ടെങ്കില്‍ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. നേരിട്ട് പറയാന്‍ പലവിധ പരിമിതി ഉള്ളവര്‍ അപരനാമത്തില്‍ തുറന്ന് പറച്ചിലുകാരാകും (വിസില്‍ബ്ലോവേഴ്സ്). ഇതിനൊക്കെ ഉള്ള പശ്ചാത്തലം മാത്രമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉണ്ടാക്കുന്നത്

വരും കാലത്ത് ഈ വലിയ ഓണ്‍‌ലൈന്‍ ജനസംഖ്യയില്‍ മാധ്യമങ്ങളോളം വിശ്വാസ്യത ഉള്ള, ആധികാരികത ഉള്ള ഫേസ്ബുക്ക് / ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഉണ്ടാകും. ഒരോരോ വിഷയത്തില്‍ വൈദഗ്ദ്യം നേടിയവര്‍ അതാത് കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ വരുന്ന വായനക്കാരുടെ എണ്ണം വര്‍ധിക്കും. അത് പോലെ തന്നെ ഇത് വരെ ഇന്റര്‍നെറ്റ് എന്തെന്ന് അറിയാത്ത നല്ലൊരു പങ്ക് ജനങ്ങള്‍ സമീപ ഭാവിയില്‍ തന്നെ സൈബര്‍ ഇടത്തിന്റെ ഉപഭോക്താക്കളാകും , ഒരു പക്ഷെ നിലവില്‍ നാമൊക്ക വന്നത് പോലെ ആകില്ല ഇവര്‍ ഉപയോഗിച്ച് തുടങ്ങുക, സൈബര്‍ ഹരിശ്രീ കുറിക്കുന്നത് തന്നെ സ്മാര്‍ട്ട് ഫോണിലോ ടാബ്‌ലറ്റിലോ ആകും. അത്രമേല്‍ ഉപഭോക്‍തൃ ലാളിത്യത്തോടെ അല്ലെ ആപ്ലിക്കേഷനുകള്‍ തയാറാകുന്നത്. മാത്രമോ പ്രാദേശിക ഭാഷയില്‍ സംവദിക്കാം എന്ന പുതുമയും ഉണ്ട്. സര്‍ച്ച് എഞ്ചിന് ഊളിയിട്ടെടുത്ത് തരാനാകാത്ത പല വിവരവും സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് നിമിഷം കൊണ്ട് ഒരു ചോദ്യമെറിഞ്ഞെടുക്കാം എന്ന നിലയും സംജാതമാകും !