Sunday, February 19, 2012

ഓണ്‍ലൈന്‍ കച്ചവടം കൊഴുക്കുന്നു

ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി ഇന്ന് വന്‍‌കുതിപ്പിലാണ്. ആമസോണിന്റെ ജംഗ്‌ളീ ഡോട്ട് കോം കൂടി എത്തിയതോടെ വിപണി ഉഷാറായി. ഫ്ലിപ്കാര്‍ട്ട്, ഇന്‍ഫിബീം, ഇന്ത്യാപ്ലാസാ പോലെയുള്ള ഇ-കച്ചവടക്കാര്‍ നേരത്തേ തന്നെ നാട്ടില്‍ സജീവമാണ്. ഭാവിയില്‍ മൊത്തം വില്‍പ്പനയുടെ മുഖ്യപങ്കും നടക്കുന്നത് ഇന്റര്‍നെറ്റിലൂ‍ടെയാകും എന്ന് കണക്കാക്കുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ കുറെയധികം പ്രബല സ്ഥാപനങ്ങള്‍ കൂടി ഓണ്‍‌ലൈനായി സാധന സാമഗ്രികള്‍ വില്‍ക്കാന്‍ എത്തും.

ചില്ലറ വില്പന രംഗത്ത് സ്വ/വിദേശ കുത്തക കമ്പനികള്‍ വരുന്നതിനെതിരെ നാട്ടില്‍ പ്രക്ഷോഭം ഇപ്പോഴും അടങ്ങിയിട്ടില്ലെങ്കിലും നിശബ്ദമായി നടക്കുന്ന ഈ കച്ചവടം ചെറിയ തുകയുടെ ഒന്നുമല്ല. പലവ്യഞ്ജനം പോലെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ അല്ല നിലവില്‍ ഇതില്‍ ആളുകള്‍ എത്തുന്നത്, ഭാവിയില്‍ അതും സംഭവിക്കില്ല എന്ന് പറയാനുമാകില്ല. സംഗീതം, സംഗീത ഉപകരണങ്ങള്‍ , കളിപ്പാട്ടങ്ങള്‍ , കം‌പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ , പുസ്തകം എന്നിവയാണ് ഇലക്‍ട്രോണിക് ചന്തയില്‍ വഴി ഇപ്പോള്‍ വില്പന പൊടി പൊടിക്കുന്നത്. 2005 ന് ശേഷമാണ് ഇ-കൊമേഴ്സ് ഇന്ത്യയില്‍ കാര്യമായി വേരൂന്നാന്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് ആശങ്കപ്പെട്ടവര്‍ പോലും അത്ദുതപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകാന്‍ ഇന്ത്യന്‍ ഇ-വിപണിയിലെ മുഖ്യതാരം ആയ ഫ്ലിപ്പ്കാര്‍ട്ടിലെ വ്യാപാരം ഒന്ന് അപഗ്രഥിച്ചാല്‍ മതിയാകും. ഡല്‍ഹി ഐ‌ഐടി യിലെ സഹപാഠികളായ സച്ചിന്‍ ബെന്‍സാലും ബിന്നി ബന്‍സാലും ആമസോണ്‍ ഡോട്ട് കോം എന്ന അമേരിക്കയിലെ പുകള്‍പെറ്റ ഓണ്‍ലൈന്‍ വില്പനശാലയില്‍ ജോലി ചെയ്യവേ ആണ് സമാനമായ ഒരു ഇന്ത്യന്‍ സംരംഭത്തെ പറ്റി ആലോചിക്കുന്നതും 2007 ല്‍ ഫ്ലിപ്പ്കാര്‍ട്ടിന് തുടക്കം കുറിക്കുന്നതും. വെബ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ റാങ്കിംഗ് പ്രകാരം ഇന്ന് ഇന്ത്യയിലെ ആദ്യ 30 പോര്‍ട്ടലുകളില്‍ ഒന്ന് ഇതാണ്. 4500 പേര്‍ 27 നഗരങ്ങളിലെ ബാക്ക് ഓഫീസുകളിലായി പണിയെടുക്കുന്നു. പുസ്തകങ്ങളുടെ മാത്രം കണക്കെടുത്താല്‍ 1.15 കോടി ടൈറ്റിലുകള്‍ , 80 ലക്ഷം സന്ദര്‍ശകര്‍ ദിനേന 30,000 വില്പനകള്‍ ! ഇത് വര്‍ഷം തോറും കുത്തനെ കൂടുകയാണ്. കേവലം ഒരു ഫ്ലിപ്കാര്‍ട്ടിലെ മാത്രം നഖചിത്രമാണിത്. ഇത് പോലെ എത്രയെണ്ണം ഉണ്ട് അതിലേറേ വരാനിരിക്കുന്നു.

പുതുനിര ഓണ്‍ലൈന്‍ വില്പനശാലകള്‍ പല മുന്‍‌ധാരണകളെയും പൊളിച്ചെഴുതുന്ന തരത്തില്‍ തന്നെയാണ് വില്‍‌പനാതന്ത്രങ്ങള്‍ ഒരുക്കിയത്. പുസ്‌തകങ്ങള്‍ ആയാലും മറ്റ് സാധനങ്ങള്‍ ആയാലും പെട്ടെന്ന് തിരഞ്ഞെടുക്കാനും ഉപയോഗിച്ചവര്‍ എഴുതിയ അഭിപ്രായം വായിച്ച് നോക്കി എടുക്കാനും സാധിക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡോ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ ഇല്ലാത്തവര്‍ ഇതെങ്ങനെ ഉപയോഗിക്കും അതായത് പണമടവ് എങ്ങനെ നടപ്പാക്കും എന്ന് സംശയിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ COD (കാഷ് ഓണ്‍ ഡെലിവറി) എന്ന സംവിധാനം ഇത്തരം കച്ചവടത്തെ അടിമുടി മാറ്റി, അതായത് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്‌ത സാധനം കൊറിയര്‍ കമ്പനിക്കാര്‍ നമ്മുടെ വീട്ട് പടിക്കലെത്തിക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, കാര്‍ഡ് പോയിട്ട് ബാങ്ക് അക്കൌണ്ട് പോലും വേണ്ട. തീര്‍ന്നില്ല 30 ദിവസത്തെ തിരികെയെടുക്കല്‍ ഉറപ്പ് (Replacement Guarantee), പല തവണകളായി പണം അടച്ച് തീര്‍ക്കാനായി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള സന്ധിക്കലുകള്‍ (tie up) ഒക്കെ ഓണ്‍ലൈന്‍ സ്റ്റോറുകളെ പൊടുന്നനെ ജനപ്രീയമാക്കി. ഇന്ത്യയിലെ എത് ഭാഗത്തും ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഇന്ന് മിക്കവര്‍ക്കും ഉണ്ട്. നല്ലൊരു തുക ഡിസ്‌കൌണ്ടും കിട്ടും എന്ന് മാത്രമല്ല കൊറിയര്‍ കമ്പനിക്കാരുമായി ധാരണയായിട്ടുള്ളതിനാല്‍ മിക്ക വാങ്ങലുകള്‍ക്കും ഉപയോക്താവ് പണം നല്‍കേണ്ടതുമില്ല.

പുസ്‌തകങ്ങളുടെ കാര്യം മാത്രം എടുത്താല്‍ തന്നെ ഓണ്‍‌ലൈന്‍ വില്പനാശാലകള്‍ക്ക് സാധാരണ നമുക്ക് കടന്ന് ചെല്ലാവുന്ന കടകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ മെച്ചങ്ങളുമുണ്ട്. നഗരത്തിലെ ഏറ്റവും വലിയ ബുക്ക്ഷോപ്പില്‍ ചെന്നാല്‍ പോലും എല്ലാ പുസ്തകങ്ങളും ലഭ്യമാകണമെന്നില്ല. എന്നാല്‍ നേരത്തെ ഇവിടെ സൂചിപ്പിച്ച പോലെ ദശലക്ഷക്കണക്കിന് ടൈറ്റിലുകള്‍ ഇന്റര്‍നെറ്റ് വഴി പരതാം ബുക്ക് ചെയ്യാം. രാജ്യത്ത് -ഒരു പക്ഷെ വിദേശത്തോ- പലയിടത്തായി എവിടെയാണോ നമുക്കിഷ്ടമുള്ള പുസ്‌തകം ഉള്ളത് അവിടെ നിന്ന് നമ്മുടെ വീട്ട്പടിക്കലേക്ക് ദിവസങ്ങള്‍ക്കകം തന്നെ കൊറിയര്‍ വഴി എത്തും. മാത്രമല്ല ഉത്പന്നം ഏതായാലും അതിനെ പറ്റിയുള്ള റിവ്യൂ അതാത് പേജില്‍ തന്നെ വായിക്കാം. നമുക്ക് വേണമെങ്കില്‍ അഭിപ്രായം എഴുതുകയും ചെയ്യാം. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്‌ത ഫ്ലിപ്പ്കാര്‍ര്‍ട്ട് എന്ന ഒറ്റ സൈറ്റില്‍ മാത്രം പോയ വര്‍ഷം 75 കോടി രൂപയുടെ കച്ചവടം നടന്നു. ഒന്നോര്‍ക്കുക കേരളത്തില്‍ മൊത്തം പോയ വര്‍ഷം എല്ലാ കടകള്‍ മുഖാന്തിരം നടന്ന ഇടപാട് ഇത്രയും വരണമെന്നില്ല! കേരളത്തിലെ അടക്കം പുസ്തകക്കടകളില്‍ നമ്മള്‍ ചെല്ലുമ്പോള്‍ രണ്ട് ദിവസത്തിനകം പുസ്‌തകം വരുത്തി തരാം എന്ന് ഉറപ്പ് ലഭിക്കുന്നത് ഫ്ലിപ്പ്ക്കാര്‍ട്ടിലോ ഇന്‍ഫിബീമിലോ നോക്കി ഉറപ്പാക്കിയിട്ടാണ് എന്നത് പരസ്യമായ രഹസ്യം.

ലോകത്തിലെ ഈ മേഖലയിലെ വമ്പന്മാരായ ആമസോണും പോയ വാരം ഇന്ത്യയിലെത്തിയത് മത്സരം കൊഴുക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. junglee.com എന്ന പേരിലാണ് ഇന്ത്യന്‍ സംരംഭം. തുടങ്ങി 5 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്ലിപ്പ്ക്കാര്‍ട്ടില്‍ വരുന്നതിന്റെ ആറിലോന്ന് മറ്റോരു പ്രമുഖ സ്ഥാപനമായ ഇന്‍ഫിബീം സന്ദര്‍ശകരുടെ പകുതിയോളവും ജംഗ്‌ളീ യിലെത്തി. ഇങ്ങനെ എത്തുന്നവര്‍ ശരാശരി പത്ത് മിനിട്ടോളം സൈറ്റില്‍ സാധനങ്ങള്‍ തിരയാറുമുണ്ട്. ആമോസോണിന്റെ ഇന്ത്യന്‍ പതിപ്പ് നിലവില്‍ വന്നത് പരസ്യകോലാഹലമോ പത്രസമ്മേളനമോ നടക്കാതെ തന്നെയാണ് എന്നിട്ടും ഈ കനത്ത തോതിലുള്ള വില്പനാകണക്കുകള്‍ രേഖപ്പെടുത്തുന്നത് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ആമസോണിന്റെ പ്രശസ്‌തമായ കിന്‍ഡില്‍ ഇബുക്ക് റീഡര്‍ മുതല്‍ നാട്ടിലെ പ്രശസ്‌തമായ ഫാബ്‌ഇന്ത്യ തുണിത്തരങ്ങള്‍ വരെ വിപുലമായ ഉത്പന്ന നിരയുമായാണ് ജംഗ്‌ളി നെറ്റിസണ്‍മാരെ കാത്തിരിക്കുന്നത്

എക്‍സ്ട്രാ ബൈറ്റ് : ഇങ്ങനെ വരുന്ന സാധന സാമഗ്രികള്‍ അതാത് സംസ്ഥാനങ്ങളുടെ നികുതിക്കണ്ണിന് മുന്നിലൂടെയാണോ പോകുന്നത്. ഭൌതികമായി കാണാനാകുന്ന വില്പന കൊറിയര്‍ കമ്പനി റെയ്ഡ് ചെയ്‌തെങ്കിലും നമ്മുടെ സെയില്‍ ടാക്‍സ് ഉദ്യോഗസ്ഥര്‍ക്ക് നികുതിയടിപ്പിക്കാം എന്നാല്‍ സംഗീത ആല്‍ബങ്ങളും സിനിമാ സിഡികളും ഓണ്‍‌ലൈനായി പണമടച്ച് ഡൌണ്‍ലോഡ് ചെയ്‌ത് ആസ്വദിക്കുന്നതിന് വല്ല കണക്കും ഉണ്ടോ. വരുന്ന ബഡ്‌ജറ്റില്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ മാണി സാര്‍ പിടികൂടുമെന്ന് ഒരു പ്രസംഗത്തില്‍ കേട്ടു. എങ്ങനെയാണ് നടപ്പാക്കുകയെന്ന് കാത്തിരുന്ന് കാണാം .