Sunday, February 19, 2012

ഓണ്‍ലൈന്‍ കച്ചവടം കൊഴുക്കുന്നു

ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണി ഇന്ന് വന്‍‌കുതിപ്പിലാണ്. ആമസോണിന്റെ ജംഗ്‌ളീ ഡോട്ട് കോം കൂടി എത്തിയതോടെ വിപണി ഉഷാറായി. ഫ്ലിപ്കാര്‍ട്ട്, ഇന്‍ഫിബീം, ഇന്ത്യാപ്ലാസാ പോലെയുള്ള ഇ-കച്ചവടക്കാര്‍ നേരത്തേ തന്നെ നാട്ടില്‍ സജീവമാണ്. ഭാവിയില്‍ മൊത്തം വില്‍പ്പനയുടെ മുഖ്യപങ്കും നടക്കുന്നത് ഇന്റര്‍നെറ്റിലൂ‍ടെയാകും എന്ന് കണക്കാക്കുന്ന സാഹചര്യത്തില്‍ ഉടനെ തന്നെ കുറെയധികം പ്രബല സ്ഥാപനങ്ങള്‍ കൂടി ഓണ്‍‌ലൈനായി സാധന സാമഗ്രികള്‍ വില്‍ക്കാന്‍ എത്തും.

ചില്ലറ വില്പന രംഗത്ത് സ്വ/വിദേശ കുത്തക കമ്പനികള്‍ വരുന്നതിനെതിരെ നാട്ടില്‍ പ്രക്ഷോഭം ഇപ്പോഴും അടങ്ങിയിട്ടില്ലെങ്കിലും നിശബ്ദമായി നടക്കുന്ന ഈ കച്ചവടം ചെറിയ തുകയുടെ ഒന്നുമല്ല. പലവ്യഞ്ജനം പോലെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ അല്ല നിലവില്‍ ഇതില്‍ ആളുകള്‍ എത്തുന്നത്, ഭാവിയില്‍ അതും സംഭവിക്കില്ല എന്ന് പറയാനുമാകില്ല. സംഗീതം, സംഗീത ഉപകരണങ്ങള്‍ , കളിപ്പാട്ടങ്ങള്‍ , കം‌പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ , പുസ്തകം എന്നിവയാണ് ഇലക്‍ട്രോണിക് ചന്തയില്‍ വഴി ഇപ്പോള്‍ വില്പന പൊടി പൊടിക്കുന്നത്. 2005 ന് ശേഷമാണ് ഇ-കൊമേഴ്സ് ഇന്ത്യയില്‍ കാര്യമായി വേരൂന്നാന്‍ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. ഇതൊക്കെ ഇവിടെ നടക്കുമോ എന്ന് ആശങ്കപ്പെട്ടവര്‍ പോലും അത്ദുതപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകാന്‍ ഇന്ത്യന്‍ ഇ-വിപണിയിലെ മുഖ്യതാരം ആയ ഫ്ലിപ്പ്കാര്‍ട്ടിലെ വ്യാപാരം ഒന്ന് അപഗ്രഥിച്ചാല്‍ മതിയാകും. ഡല്‍ഹി ഐ‌ഐടി യിലെ സഹപാഠികളായ സച്ചിന്‍ ബെന്‍സാലും ബിന്നി ബന്‍സാലും ആമസോണ്‍ ഡോട്ട് കോം എന്ന അമേരിക്കയിലെ പുകള്‍പെറ്റ ഓണ്‍ലൈന്‍ വില്പനശാലയില്‍ ജോലി ചെയ്യവേ ആണ് സമാനമായ ഒരു ഇന്ത്യന്‍ സംരംഭത്തെ പറ്റി ആലോചിക്കുന്നതും 2007 ല്‍ ഫ്ലിപ്പ്കാര്‍ട്ടിന് തുടക്കം കുറിക്കുന്നതും. വെബ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ റാങ്കിംഗ് പ്രകാരം ഇന്ന് ഇന്ത്യയിലെ ആദ്യ 30 പോര്‍ട്ടലുകളില്‍ ഒന്ന് ഇതാണ്. 4500 പേര്‍ 27 നഗരങ്ങളിലെ ബാക്ക് ഓഫീസുകളിലായി പണിയെടുക്കുന്നു. പുസ്തകങ്ങളുടെ മാത്രം കണക്കെടുത്താല്‍ 1.15 കോടി ടൈറ്റിലുകള്‍ , 80 ലക്ഷം സന്ദര്‍ശകര്‍ ദിനേന 30,000 വില്പനകള്‍ ! ഇത് വര്‍ഷം തോറും കുത്തനെ കൂടുകയാണ്. കേവലം ഒരു ഫ്ലിപ്കാര്‍ട്ടിലെ മാത്രം നഖചിത്രമാണിത്. ഇത് പോലെ എത്രയെണ്ണം ഉണ്ട് അതിലേറേ വരാനിരിക്കുന്നു.

പുതുനിര ഓണ്‍ലൈന്‍ വില്പനശാലകള്‍ പല മുന്‍‌ധാരണകളെയും പൊളിച്ചെഴുതുന്ന തരത്തില്‍ തന്നെയാണ് വില്‍‌പനാതന്ത്രങ്ങള്‍ ഒരുക്കിയത്. പുസ്‌തകങ്ങള്‍ ആയാലും മറ്റ് സാധനങ്ങള്‍ ആയാലും പെട്ടെന്ന് തിരഞ്ഞെടുക്കാനും ഉപയോഗിച്ചവര്‍ എഴുതിയ അഭിപ്രായം വായിച്ച് നോക്കി എടുക്കാനും സാധിക്കുന്നു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡോ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ ഇല്ലാത്തവര്‍ ഇതെങ്ങനെ ഉപയോഗിക്കും അതായത് പണമടവ് എങ്ങനെ നടപ്പാക്കും എന്ന് സംശയിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ COD (കാഷ് ഓണ്‍ ഡെലിവറി) എന്ന സംവിധാനം ഇത്തരം കച്ചവടത്തെ അടിമുടി മാറ്റി, അതായത് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്‌ത സാധനം കൊറിയര്‍ കമ്പനിക്കാര്‍ നമ്മുടെ വീട്ട് പടിക്കലെത്തിക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, കാര്‍ഡ് പോയിട്ട് ബാങ്ക് അക്കൌണ്ട് പോലും വേണ്ട. തീര്‍ന്നില്ല 30 ദിവസത്തെ തിരികെയെടുക്കല്‍ ഉറപ്പ് (Replacement Guarantee), പല തവണകളായി പണം അടച്ച് തീര്‍ക്കാനായി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള സന്ധിക്കലുകള്‍ (tie up) ഒക്കെ ഓണ്‍ലൈന്‍ സ്റ്റോറുകളെ പൊടുന്നനെ ജനപ്രീയമാക്കി. ഇന്ത്യയിലെ എത് ഭാഗത്തും ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഇന്ന് മിക്കവര്‍ക്കും ഉണ്ട്. നല്ലൊരു തുക ഡിസ്‌കൌണ്ടും കിട്ടും എന്ന് മാത്രമല്ല കൊറിയര്‍ കമ്പനിക്കാരുമായി ധാരണയായിട്ടുള്ളതിനാല്‍ മിക്ക വാങ്ങലുകള്‍ക്കും ഉപയോക്താവ് പണം നല്‍കേണ്ടതുമില്ല.

പുസ്‌തകങ്ങളുടെ കാര്യം മാത്രം എടുത്താല്‍ തന്നെ ഓണ്‍‌ലൈന്‍ വില്പനാശാലകള്‍ക്ക് സാധാരണ നമുക്ക് കടന്ന് ചെല്ലാവുന്ന കടകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ മെച്ചങ്ങളുമുണ്ട്. നഗരത്തിലെ ഏറ്റവും വലിയ ബുക്ക്ഷോപ്പില്‍ ചെന്നാല്‍ പോലും എല്ലാ പുസ്തകങ്ങളും ലഭ്യമാകണമെന്നില്ല. എന്നാല്‍ നേരത്തെ ഇവിടെ സൂചിപ്പിച്ച പോലെ ദശലക്ഷക്കണക്കിന് ടൈറ്റിലുകള്‍ ഇന്റര്‍നെറ്റ് വഴി പരതാം ബുക്ക് ചെയ്യാം. രാജ്യത്ത് -ഒരു പക്ഷെ വിദേശത്തോ- പലയിടത്തായി എവിടെയാണോ നമുക്കിഷ്ടമുള്ള പുസ്‌തകം ഉള്ളത് അവിടെ നിന്ന് നമ്മുടെ വീട്ട്പടിക്കലേക്ക് ദിവസങ്ങള്‍ക്കകം തന്നെ കൊറിയര്‍ വഴി എത്തും. മാത്രമല്ല ഉത്പന്നം ഏതായാലും അതിനെ പറ്റിയുള്ള റിവ്യൂ അതാത് പേജില്‍ തന്നെ വായിക്കാം. നമുക്ക് വേണമെങ്കില്‍ അഭിപ്രായം എഴുതുകയും ചെയ്യാം. ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്‌ത ഫ്ലിപ്പ്കാര്‍ര്‍ട്ട് എന്ന ഒറ്റ സൈറ്റില്‍ മാത്രം പോയ വര്‍ഷം 75 കോടി രൂപയുടെ കച്ചവടം നടന്നു. ഒന്നോര്‍ക്കുക കേരളത്തില്‍ മൊത്തം പോയ വര്‍ഷം എല്ലാ കടകള്‍ മുഖാന്തിരം നടന്ന ഇടപാട് ഇത്രയും വരണമെന്നില്ല! കേരളത്തിലെ അടക്കം പുസ്തകക്കടകളില്‍ നമ്മള്‍ ചെല്ലുമ്പോള്‍ രണ്ട് ദിവസത്തിനകം പുസ്‌തകം വരുത്തി തരാം എന്ന് ഉറപ്പ് ലഭിക്കുന്നത് ഫ്ലിപ്പ്ക്കാര്‍ട്ടിലോ ഇന്‍ഫിബീമിലോ നോക്കി ഉറപ്പാക്കിയിട്ടാണ് എന്നത് പരസ്യമായ രഹസ്യം.

ലോകത്തിലെ ഈ മേഖലയിലെ വമ്പന്മാരായ ആമസോണും പോയ വാരം ഇന്ത്യയിലെത്തിയത് മത്സരം കൊഴുക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. junglee.com എന്ന പേരിലാണ് ഇന്ത്യന്‍ സംരംഭം. തുടങ്ങി 5 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫ്ലിപ്പ്ക്കാര്‍ട്ടില്‍ വരുന്നതിന്റെ ആറിലോന്ന് മറ്റോരു പ്രമുഖ സ്ഥാപനമായ ഇന്‍ഫിബീം സന്ദര്‍ശകരുടെ പകുതിയോളവും ജംഗ്‌ളീ യിലെത്തി. ഇങ്ങനെ എത്തുന്നവര്‍ ശരാശരി പത്ത് മിനിട്ടോളം സൈറ്റില്‍ സാധനങ്ങള്‍ തിരയാറുമുണ്ട്. ആമോസോണിന്റെ ഇന്ത്യന്‍ പതിപ്പ് നിലവില്‍ വന്നത് പരസ്യകോലാഹലമോ പത്രസമ്മേളനമോ നടക്കാതെ തന്നെയാണ് എന്നിട്ടും ഈ കനത്ത തോതിലുള്ള വില്പനാകണക്കുകള്‍ രേഖപ്പെടുത്തുന്നത് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ആമസോണിന്റെ പ്രശസ്‌തമായ കിന്‍ഡില്‍ ഇബുക്ക് റീഡര്‍ മുതല്‍ നാട്ടിലെ പ്രശസ്‌തമായ ഫാബ്‌ഇന്ത്യ തുണിത്തരങ്ങള്‍ വരെ വിപുലമായ ഉത്പന്ന നിരയുമായാണ് ജംഗ്‌ളി നെറ്റിസണ്‍മാരെ കാത്തിരിക്കുന്നത്

എക്‍സ്ട്രാ ബൈറ്റ് : ഇങ്ങനെ വരുന്ന സാധന സാമഗ്രികള്‍ അതാത് സംസ്ഥാനങ്ങളുടെ നികുതിക്കണ്ണിന് മുന്നിലൂടെയാണോ പോകുന്നത്. ഭൌതികമായി കാണാനാകുന്ന വില്പന കൊറിയര്‍ കമ്പനി റെയ്ഡ് ചെയ്‌തെങ്കിലും നമ്മുടെ സെയില്‍ ടാക്‍സ് ഉദ്യോഗസ്ഥര്‍ക്ക് നികുതിയടിപ്പിക്കാം എന്നാല്‍ സംഗീത ആല്‍ബങ്ങളും സിനിമാ സിഡികളും ഓണ്‍‌ലൈനായി പണമടച്ച് ഡൌണ്‍ലോഡ് ചെയ്‌ത് ആസ്വദിക്കുന്നതിന് വല്ല കണക്കും ഉണ്ടോ. വരുന്ന ബഡ്‌ജറ്റില്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ മാണി സാര്‍ പിടികൂടുമെന്ന് ഒരു പ്രസംഗത്തില്‍ കേട്ടു. എങ്ങനെയാണ് നടപ്പാക്കുകയെന്ന് കാത്തിരുന്ന് കാണാം .

Thursday, January 05, 2012

2012 ഐ ടി

ലാപ്‌ടോപ്പ് , സ്‌മാര്‍ട്ട് ഫോണ്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകാന്‍ അല്ലെങ്കില്‍ നേര്‍ത്തതാകാന്‍ ഇടയുണ്ട്, ഇതിനോടകം തന്നെ സ്‌മാര്‍ട്ട് ഫോണും ടാബും തമ്മില്‍ വലിപ്പത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് പറയാം. ചുരുക്കം ചില കമ്പനികളേ ടാബ് , സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇത് വരെ ഇറങ്ങിയിട്ടൂള്ളൂ എങ്കിലും ഈ വര്‍ഷം വിപണിയില്‍ ഭാവികാലത്തും പിടിച്ച് നില്‍ക്കണം എന്ന് താത്പര്യമുള്ളവരെല്ലാം ടാബുമായി എത്തും. ഒപ്പം തന്നെ ടാബിനും സ്‌മാര്‍ട്ട് ഫോണിനും മധ്യേ ഇരിപ്പുറപ്പിക്കാവുന്ന തരത്തിലുള്ള ഉപകരണങ്ങളും മത്സരിക്കും , നിലവില്‍ ഗാലക്‍സി നോട്ട് ഈ വിടവില്‍ സാന്നിദ്ധ്യമറിയിച്ച് കഴിഞ്ഞു. ലോകമാകമാനം സ്‌മാര്‍ട്ട് ഫോണുകളുടെ സഞ്ചിത ശരാശരി വളര്‍ച്ചാ നിരക്ക് (CAGR) ഇരട്ട അക്കത്തിലാണ്, സാധാരണ ഫോണുകളുടേതാകട്ടെ ഒറ്റ അക്കത്തിലും. ഇത് കൃത്യമായി വിരല്‍ ചൂണ്ടുന്നത് വരും വര്‍ഷങ്ങളിലെ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയുടെ വളര്‍ച്ചയിലേക്ക് തന്നെയാണ്. ഫോണ്‍ വിപണിയുടെ ചരിത്രം തന്നെ നോക്കിയാല്‍ ഇത് മനസിലാകും. ഒറ്റവര്‍ണ സ്‌ക്രീനില്‍ നിന്ന് ബഹുവര്‍ണ സ്‌ക്രീന്‍ സൌകര്യത്തിലേക്ക് നാം പറിച്ച്നടപ്പെട്ടതിലും വേഗത്തിലാകും സ്‌മാര്‍ട്ട് ഫോണിലേക്കുള്ള വളര്‍ച്ച. കേവലം വിളി ഉപകരണം മാത്രമല്ല കൈഫോണുകള്‍ എന്ന തിരിച്ചറിവാകാം ചില ഉപഭോക്താക്കളെ എങ്കിലും മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

മൊബൈല്‍ ഫോണിലേക്ക് ആദ്യം കൂട്ടിയിണക്കപ്പെട്ടത് ക്യാമറ ആയിരുന്നെങ്കില്‍ പിന്നീട് പാട്ട് പെട്ടി , സഞ്ചരിക്കുന്ന സിനിമാ തീയേറ്റര്‍ , സ്ഥലമാപിനി (ജി പി എസ് ), ഇന്റര്‍നെറ്റ് (ജി പി ആര്‍ എസ് / ത്രി ജി) , വായന (ബുക്ക്/ പി ഡി എഫ് റീഡര്‍ ), ബാങ്കിംഗ് (ഇന്റര്‍നെറ്റ് /മൊബീല്‍ ബാങ്കിംഗ് ) ഒക്കെയായി ഫോണ്‍ മാറി. പോയ രണ്ട് വര്‍ഷങ്ങളിലായി മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വ്യാപകമായ സ്വീകാര്യത നവം‌നവങ്ങളായ എത്രയോ ആപ്ലിക്കേഷനുകളാല്‍ ഇന്ന് നമ്മുടെ ഫോണുകളെ വിവര സമ്പന്നമാക്കി കൊണ്ടിരിക്കുന്നു. ആന്‍‌ഡ്രോയ്‌ഡ്, ആപ്പിള്‍ ഐ ഓ‌എസ് , ബ്ലാക്ക് ബെറി എന്നിവയിലായി അഞ്ച് ലക്ഷത്തിലേറേ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട് ഒരു പക്ഷെ ഈ വര്‍ഷാവസാനത്തിന് മുന്നെ തന്നെ ഇത് പുതിയ കടമ്പ കടന്നേക്കാം.

മൊബൈല്‍ ഫോണില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ഒരോ ഘടകത്തിനും സാമാന്യ ചിന്തയ്‌ക്ക് അപ്പുറത്തെ പ്രയോഗ സാധ്യതകളാണ് വരുന്നത്. ഒരു ഉദാഹരണം എടുത്ത് കാട്ടാനായി കാമറയുടെ കാര്യം തന്നെ നോക്കാം. ഉചിതമായ ഒരു ആപ്ലിക്കേഷന്‍ കൂട്ടിച്ചേര്‍ത്താല്‍ ഫോണ്‍ ക്യാമറയെ ബാര്‍ കോഡ് ഒപ്പിയെടുക്കല്‍ സംവിധാനമാക്കാം. വിപണിയിലെ പല ഉത്പന്നങ്ങളുടേയും പുറം‌ചട്ടയില്‍ കുത്തനെയുള്ള വരകളുടെ കൂട്ടം കാണമല്ലോ. സാധാരണയായി ബാര്‍കോഡ് സ്‌കാനര്‍ എന്ന ഉപകരണം ഉപയോഗിച്ച് കടകളില്‍ വിലയിടല്‍ വേളയിലാണ് ഈ വരകളെ വിവരമാക്കി ബില്ലില്‍ അച്ചടിച്ച് തരുന്നത്. എന്നാല്‍ ഇതിന് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ സജീവമാക്കിയാല്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ കാമറ വരകള്‍ക്ക് അഭിമുഖമായി പിടിച്ച് ക്യാമറ ക്ലിക്ക് ചെയ്താല്‍ ഉത്പന്ന/പുസ്തക വിവരം ഫോണ്‍ സ്‌ക്രീനില്‍ എത്തും. അതായത് ക്യാമറയെ വെറും പടമെടുക്കല്‍ സംവിധാനമായല്ല സ്‌മാര്‍ട്ട് ഫോണ്‍ കാണുന്നത്. സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രയോഗങ്ങളും നിലവില്‍ വന്നു കഴിഞ്ഞു, ചിലത് പണിപ്പുരയിലുമാണ്. വരും വര്‍ഷങ്ങളില്‍ ഫോണിന് മെഡിക്കല്‍ മേഖലയില്‍ വര്‍ധിച്ച സാധ്യതകളാകും തുറക്കപ്പെടുക.

എടുത്ത് പറയേണ്ട മറ്റൊരുമാറ്റം സമീപസ്ഥ വിനിമയ ധാര -സവിധ! (Near Field Communication) ആകും. സവിസം പ്ലാസ്റ്റിക് പണമായ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളെ ഇല്ലായ്‌മ ചെയ്യും എന്ന് പോലും പ്രവചിക്കുന്നവര്‍ ഉണ്ട്. ക്യാമറ പോലെ തന്നെ ഫോണിനുള്ളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ ഹാര്‍ഡ്‌വെയര്‍ ഉപയോഗിച്ച് തൊട്ടടുത്തുള്ള ഫോണുകള്‍ തമ്മിലോ അല്ലെങ്കില്‍ കടകളിലെ ബില്ലിംഗ് ഉപകരണമായോ ബന്ധിപ്പിച്ച് പണമടവ് നടത്താം. എ ടി എം ന് പകരം വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം, പെട്ടെന്ന് മറ്റോരു മികച്ച ബദല്‍ ഉപകരണം ഉരുത്തിരിഞ്ഞ് വന്നില്ലെങ്കില്‍ അടുത്ത കാലത്ത് സമീപസ്ഥ വിനിമയ ധാര മേല്‍‌ക്കൈ നേടും. എ ടി എം മുറിയില്‍ ഇത് മതിയാകും പണമെടുക്കാന്‍ . 2014 ആകുമ്പോള്‍ 50 ശതകോടി ഡോളര്‍ പണം സവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് അനുമാനിക്കപ്പെടുന്നു. വീസ , അമേരിക്കന്‍ എക്‍സ്‌പ്രസ്, മാസ്റ്റര്‍ കാര്‍ഡ് എന്നീ‍ പ്രബലര്‍ ഇതില്‍ നേരിട്ടോ അല്ലെങ്കില്‍ സാങ്കേതിക പങ്കാളി വഴിയോ നിക്ഷേപമിറക്കി കഴിഞ്ഞു. രസകരമായ മറ്റൊരു സമാന ഉപകരണം സ്‌ക്വയര്‍ ആണ്. ഐ ഫോണിലെ ഹെഡ്ഫോണ്‍ ജാക്കില്‍ പിടിപ്പിക്കാവുന്ന കാര്‍ഡ് റീഡര്‍ ആണ് ഇത്. പണക്കൈമാറ്റം ആവശ്യം വരുമ്പോള്‍ കാര്‍ഡ് ഇതില്‍ ഉരസിയാല്‍ പണം നല്‍കാം. സവിധ ആയാലും സ്‌ക്വയര്‍ ആയാലും ഇ-കൊമേഴ്സിന്റെയും എം-കൊമേഴ്സിന്റെയും വരും കാല ഉപയോഗത്തിന്റെ സാധ്യത ആണ് ഉറപ്പിക്കുന്നത്. സ്‌ക്വയര്‍ എന്ന സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത് ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോഴ്സിയും.

എടുത്ത് പറയാവുന്ന മാറ്റം ഈ വര്‍ഷം നടക്കാനിടയുള്ളത് ടെലിവിഷനിലാകും. ഇതിനോടകം തന്നെ കേരളവിപണിയിലടക്കം സ്‌മാര്‍ട്ട് ടിവി വരവറിയിച്ച് കഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗും യൂ ട്യൂബ് വീഡിയോയും ഒക്കെ ലഭിക്കുന്ന ടി‌വിക്ക് വര്‍ധിച്ച സ്വീകാ‍ര്യത ആണ് ലഭിച്ച് വരുന്നത്. ടി വി യും ഇന്റര്‍നെറ്റും സമ്മേളിക്കുന്ന അനുഭവം (Convergence) . ഒപ്പം തന്നെ സ്‌ക്രീന്‍ സാങ്കേതികവിദ്യയിലും വന്‍‌കുതിച്ച് ചാട്ടമാണ് സംഭവിക്കുന്നത്, ഇത് ഊര്‍ജ ഉപഭോഗത്തില്‍ കുറവ് ഉണ്ടാക്കുന്നു , മിഴിവുള്ള ചിത്രങ്ങള്‍ നയനാന്ദകരമായി സ്വീകരണ മുറിയിലെത്തുന്നു. ഗെയിമിങ്ങ് സൌകര്യങ്ങളായ ഹാര്‍ഡ്‌വെയര്‍ കൂട്ടിയിണക്കാനും ഇന്ന് ടി‌വിക്ക് സാധിക്കുന്നു. ചില നിര്‍മ്മാതക്കള്‍ ആകട്ടെ ഉള്‍ച്ചേര്‍ന്ന (in built) രീതിയില്‍ കമ്പ്യൂട്ടര്‍ ഗെയിമിങ്ങ് ഹാ‍ര്‍ഡ്‌വെയര്‍ ടി വി ക്കുള്ളില്‍ തന്നെ ചേര്‍ക്കുന്നു. പ്രകടമായ മറ്റൊരു മാറ്റം കാണാന്‍ സാധ്യത ഉള്ളത് ടി വി റിമോട്ടുകള്‍ക്കാകും. വിവരം ടൈപ്പ് (text input) ചെയ്യലും മൌസ് മുന ചലിപ്പിക്കാന്‍ പറ്റുന്ന സ്‌ക്രോള്‍ വീലും റിമോട്ടില്‍ വ്യാപകമായി വരാന്‍ ഇടയുണ്ട്. ഇതില്ലാതെ പൂര്‍ണ ഇന്റര്‍നെറ്റ് അനുഭവം പെട്ടെന്ന് സാധ്യമാകുവതെങ്ങനെ ! ശബ്ദ നിയന്ത്രിത സൌകര്യവും റിമോട്ടിലേക്ക് / ടി വി യിലേക്ക് വരുമെന്ന് കണക്കു കൂട്ടുന്നവരും കുറവല്ല, ചാനല്‍ മാറ്റാന്‍ ആജ്ഞാപിച്ചാല്‍ മതി ബട്ടന്‍ അമര്‍ത്തേണ്ടതില്ലന്ന് ചുരുക്കം

സിനിമാ ഗാനങ്ങള്‍ ട്യൂണിനൊപ്പിച്ച് എഴുതുന്നു എന്ന ആക്ഷേപം പോയ ദശകങ്ങളില്‍ പലവുരു ചര്‍ച്ചയായതാണ്. എന്നാല്‍ ഇനി കേള്‍ക്കാനാകുക പാട്ടെഴുതുന്നത് റിംഗ് ടോണിനൊപ്പിച്ചാണ് എന്നതാകും. സംവാദങ്ങളില്‍ ഇത് ഇടം പിടിച്ച് തുടങ്ങിയിട്ടില്ലെങ്കിലും ഹിന്ദിയില്‍ ഇത് തുടങ്ങിക്കഴിഞ്ഞെന്ന് പറയാം. വരാനിരിക്കുന്ന സിനിമ ഹിറ്റാകാന്‍ ഉപകരിക്കുമെന്ന് മാത്രമല്ല , ഇത് വഴി നല്ലോരു തുക വരുമാനമായും നിര്‍മാതാവിന് ലഭിക്കുമെന്ന സാമ്പത്തിക മേന്മയുമുണ്ട്. സിനിമാ മാര്‍ക്കറ്റിംഗിന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപാധികള്‍ മികച്ച തന്ത്രബോധത്തോടെ തന്നെ 2012 ല്‍ ഉപയോഗിക്കും എന്നതില്‍ തര്‍ക്കമില്ല. സിനിമ ടെലി‌വിഷനില്‍ റിലിസ് ചെയ്യുന്നത് പോലെ വീഡിയോ ഷെയറിംഗ് സൈറ്റുകളായ യൂ ട്യൂബ് പൊലെയുള്ളവ വഴി എല്ലാ നാടുകളിലെയും കാഴ്ചക്കാരെ തേടി ഔദ്യോഗികമായി തന്നെ എത്തും.

പ്രാദേശിക ഭാഷകളിലെ ആപ്ലിക്കേഷനുകള്‍ മൊബീല്‍ ഫോണുകളില്‍ ഇടം പിടിക്കേണ്ടത് അനിവാര്യതയാകും. വിവിധ കമ്പനികള്‍ തമ്മിലുള്ള പേറ്റന്റ് യുദ്ധം മുറുകാന്‍ ഇടയുണ്ട്. കമ്പനികളും സര്‍ക്കാരും പരമ്പരാഗത മാധ്യമങ്ങളും എങ്ങനെയാകും ഫേസ്‌ബുക്ക്, ട്വിറ്റര്‍ , യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഉപാധികളെ ഉരുക്ക്/നിയമ മുഷ്ടി കൊണ്ട് നേരിടുമോ സക്രീയമായി ഈ നവമാധ്യമത്തെ വരിക്കുമോ എന്നും 2012 തീരുമാനിക്കും. 2011 ന്റെ പാഠം അതാണല്ലോ സൂചിപ്പിക്കുന്നത് .