Monday, September 05, 2011

സിജിയാര്‍ -അധ്യാപകദിനക്കുറിപ്പ്

ഒരു അധ്യാപകദിനത്തിലാണ് ഈ കുറിപ്പെഴുതുന്നത്. പല തരത്തിലും സ്വാധീനിച്ച ഗുരുക്കന്മാര്‍ എല്ലാവര്‍ക്കും ഉണ്ടാകും. അറിവിന്റെ അഗാധത, വാഗ്ദോരണിയുടെ സൌന്ദര്യം ഒപ്പം സ്നേഹം ചാലിച്ച പെരുമാറ്റം എന്നിവ കൊണ്ട് ഞങ്ങളെ സ്വാധീനിച്ച ഒരു അധ്യാപകനെ കുറിച്ചുള്ള ഓര്‍മയാണ് ഇവിടെ പങ്കു വയ്‌ക്കുന്നത്.

കേരള സര്‍വകലാശാലയിലെ ഭാവിപഠന വകുപ്പില്‍ എം.ടെക് വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ ഒന്‍പത് പേരുടെയും പ്രീയപ്പെട്ട അധ്യാപകനായ ഡോ.സി.ജി രാമചന്ദ്രന്‍ നായര്‍ സാറിന്റെ ലളിതമായ പെരുമാറ്റം സമയനിഷ്ഠ , ചിട്ടയായ വസ്ത്രധാരണം എന്നിവ ഇപ്പോഴും പാഠം ആണ്. ഒപ്പം എഴുപത്തിയഞ്ചാം വയസിലും ചെറുപ്പത്തിന്റെ പ്രസരിപ്പോടെ കഥകളില്‍ നിന്ന് കഥകളിലേക്ക് ഊളിയിട്ട് എത്ര സരസമായാണ് സിജിയാര്‍ ക്ലാസ് എടുത്തിരുന്നത്, മണിക്കൂറുകള്‍ കടന്നു പോകുന്നത് അറിയുകയേ ഇല്ല. സെമസ്റ്റര്‍ അന്ത്യ പരീക്ഷയില്ലാത്ത സയന്‍സ് ഫിക്ഷന്‍ എന്ന പേപ്പര്‍ ആണ് സര്‍ പഠിപ്പിച്ചിരുന്നത്. ആഴ്ചയിലൊരിക്കലുള്ള ക്ലാസിനായി തന്റെ സ്വന്തം മാരുതി 800 ഡ്രൈവ് ചെയ്ത് വരുന്നത് കാണുന്നത് തന്നെ രസകരമായിരുന്നു. പഠിപ്പിക്കാന്‍ പുസ്തകം ഒന്നും സാറിന് ആവശ്യമില്ലായിരുന്നു. പരീക്ഷയില്ല എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ക്കും നോട്ട് പേപ്പര്‍ പോലും ഇല്ലായിരുന്നു എന്നത് മറ്റൊരു വസ്തുത, എന്നിരിക്കിലും സര്‍ പഠിപ്പിച്ച ഒരോ കൃതിയും ഇന്നും ഓര്‍മയില്‍ തെളിമയോടെ നില്‍ക്കുന്നു. ഒരോ ശാസ്ത്രജ്ഞരെക്കുറിച്ച് അല്ലെങ്കില്‍ ശാസ്ത്രസാങ്കേതിക നേട്ട-കോട്ടങ്ങളെ പറ്റി പറയുമ്പോഴും ഒരുപിടി അകമ്പടി വസ്തുതകളാല്‍ വിവരസമ്പന്നമാക്കി, ഞങ്ങളുടെ ക്ലാസുകളെ പ്രൊഫസര്‍ ഹരം പിടിപ്പിച്ചിരുന്നു.

സിജിയാറിനെ പറ്റി ഒരു വരിയില്‍ ഇങ്ങനെ ഒതുക്കുന്നത് സാഹസമാണ് എങ്കിലും: അന്താരാഷ്‌ട്ര പ്രശസ്തരായ ശിഷ്യസമ്പത്തും സഹപ്രവര്‍ത്തക ബന്ധവും ഉള്ള ശാസ്ത്രജ്ഞന്‍ ,കേരള സര്‍വകലാശാല രസതന്ത്രവകുപ്പിന്റെ അധ്യക്ഷനും സയന്‍സ് ഡീനും, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്‍ടറും ചീഫ് എഡിറ്ററും, കേരള സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി, അമേരിക്ക-ഇംഗ്ലണ്ട് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വിസിറ്റിംഗ് പ്രഫസര്‍ ,ഇരുപത്തിയഞ്ചിലധികം മലയാളം ശാസ്ത്രപുസ്തകങ്ങളുടെ രചയിതാവ്, പ്രഭാഷകന്‍ , ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ പാണ്ഡിത്യമുള്ള ഇദ്ദേഹം മാതൃഭാഷ ഫ്രഞ്ച് ആയ ഒരു ഗവേഷണ ബിരുദവിദ്യാര്‍ത്ഥിയെ ആ ഭാഷയില്‍ തന്നെ ഗൈഡ് ചെയ്തിട്ടുമുണ്ട്.

സാധാരണ വിശ്രുതരായ അധ്യാപകര്‍ക്ക് രാഷ്ട്രീയക്കാരോട് അത്ര ബഹുമാനം ഉണ്ടാകാന്‍ വഴിയില്ല. എന്നാല്‍ നെഹ്രുവിനെ പറ്റിയായാലും ഇയെമ്മെസിനെ പറ്റിയായാലും ഇനി കരുണാകരനായാലും സാറിന് നൂറ് നാവാണ്. എത്രയോ വ്യക്തികളുടെ ജീവിതരേഖയും നേട്ടങ്ങളും വിശദമായി ക്ലാസില്‍ പറഞ്ഞിരിക്കുന്നു ഒരു തവണ പോലും ആരെയെങ്കിലും പറ്റി തെറ്റായ ധ്വനി പോലും വരുന്ന വാക്കുകള്‍ കേട്ടിട്ടേയില്ല, ഒരു പക്ഷെ അങ്ങനെ പറയേണ്ട അവസരത്തില്‍ പോലും സംസാരത്തിലോ പെരുമാറ്റത്തിലോ അങ്ങനെ വരാതിരിക്കാന്‍ സര്‍ സൂക്ഷിച്ചിരുന്നു. സാഹിത്യത്തില്‍ ഇത്രയേറെ കമ്പമുള്ള ഒരു ശാസ്ത്രാധ്യാപകനെ പഠനക്കാലയളിവില്‍ ഞങ്ങള്‍ക്കാര്‍ക്കും കണ്ടെത്താനായിട്ടില്ല. ശാസ്ത്രത്തിന്റെ രീതിയെ പറ്റി സര്‍ പറയുന്ന ഒരു കഥ ഇങ്ങനെയാണ്. “അല്പം അകലെ മേഞ്ഞിരുന്ന ഒരു കുതിരയ്‌ക്ക് എത്ര പല്ലുകള്‍ ഉണ്ടെന്നതിനെ പറ്റി രണ്ടു ശാസ്ത്രജ്ഞര്‍ തമ്മില്‍ മൂത്ത തര്‍ക്കം നടക്കുകയായിരുന്നു. ഒരാള്‍ പറഞ്ഞു 'X' പല്ലെന്ന് രണ്ടാമന്‍ 'Y' എന്നും. അവരവരുടെ സീറ്റിലിരുന്ന് മുയലിന് മൂന്ന് കൊമ്പ് എന്ന കണക്കേ സൈദ്ധാന്തിക വാദങ്ങള്‍ സമര്‍ത്ഥിച്ചിരുന്നത് കേട്ടിരുന്ന ഒരു നാട്ടിന്‍‌പുറത്തുകാരന്‍ കുതിരയുടെ വായ നയത്തില്‍ തുറന്ന് നോക്കി 'Z' പല്ലുകള്‍ ഉണ്ടെന്ന് ഇവരിരുവരോടും വിനയപൂര്‍വം പറഞ്ഞു, ഒപ്പം നിങ്ങള്‍ വൃഥാ സമയം പാഴാക്കുകയാണന്നും” ഇതിന്റെ സാരാംശമായി സര്‍ ഊന്നിപ്പറയുന്നത് ഒരു ശാസ്ത്രവിദ്യാര്‍ത്ഥിക്ക് നാട്ടിന്‍പുറത്തുകാരന്റെ നിരീക്ഷണമാണ് വേണ്ടതെന്നാണ്. ദന്തഗോപുരങ്ങളിലിരുന്ന് വാദിക്കാതെ പരീക്ഷണശാലയിലും പ്രശ്‌ന മേഖലയിലും ചെന്ന് ശാസ്ത്രീയമാര്‍ഗത്തിലൂടെ സത്യം കണ്ടുപിടിക്കുക തന്നെ വേണമെന്ന് ആവര്‍ത്തിച്ച് പറയും. നേരത്തെ ക്ലാസിലും പുറത്തും പറഞ്ഞ പല കഥകളും ആവര്‍ത്തിക്കുമ്പോള്‍ പെട്ടെന്ന് 'A gentleman is one who can patiently hear an anecdote for the second time and still pretend that he is hearing it for the first time!' എന്ന ഉദ്ധരണി തൊടുത്തുവിടുന്നത് ഒരു പക്ഷെ ഞങ്ങള്‍ക്ക് ബോറടിക്കും എന്ന് തോന്നിയിട്ടാകാം. പക്ഷെ സര്‍ അറിയുന്നില്ലായിരുന്നിരിക്കാം ഒരോ പ്രാവശ്യവും ആവര്‍ത്തിക്കുന്ന കഥകള്‍ക്കൊപ്പമുള്ള വിവരങ്ങള്‍ , അതിന്റെ ഭാഷ സൌന്ദര്യം എന്നിവ ആവര്‍ത്തിക്കുന്നില്ലന്ന്. എന്‍ വി കൃഷ്‌ണവാരിയരെ പറ്റിപറയുമ്പോള്‍ എത്ര വാചാലനാകാറുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, അതില്‍ പിന്നെയാണ് എന്‍ വി സാഹിത്യം പരിചയപ്പെട്ടതും. ശാസ്ത്രജ്ഞാനം സൌന്ദര്യാസ്വാദനത്തിന് തടസമല്ല എന്ന എന്‍ വി സിദ്ധാന്തം സിജിയാറിന്റെ കാര്യത്തിലും നൂറു ശതമാനം ശരിയായിരുന്നു.

സര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന വിഷയത്തിലേക്ക് വരാം ശാസ്ത്രകല്പിത കഥാലോകത്തെ അതികായരായ ഐസക് അസിമോവ്,ആര്‍തര്‍ സി ക്ലര്‍ക്ക് എന്നിവരെയും കൃതികളേയും ആവേശത്തോടെ പഠിപ്പിക്കുമ്പോള്‍ ഭാരതീയ ഭാഷകളിലെ സയന്‍സ് ഫിക്ഷന്‍ ശാഖ പൊതുവില്‍ ദരിദ്രമാണന്നും പ്രത്യേകിച്ചും കേരളത്തില്‍ , ആകെ ഒരു നേട്ടം എന്ന് പറയാനാകുന്നത് ജയന്ത് നാര്‍ലിക്കറുടെ മറാത്ത,ഹിന്ദി എഴുത്തുകള്‍ മാത്രമാണന്ന് ഓര്‍മ്മിപ്പിക്കും. ആ മാസമാണ് ജി ആര്‍ ഇന്ദുഗോപന്റെ ‘ഐസ് -196 ഡിഗ്രി സെല്‍‌ഷ്യസ് ‘ എന്ന കൃതി പുസ്തകരൂപത്തില്‍ വന്നത്. സര്‍ ഇപ്പോള്‍ മലയാളത്തില്‍ കൃതികള്‍ ഉണ്ടെന്നും ഐസ് അതില്‍ ഒന്നാണന്നും പറഞ്ഞ് ഒരു കോപ്പി നല്‍കി. അടുത്ത ആഴ്ച എന്തോ അസൌകര്യമായതിനാല്‍ വരാന്‍ ആയില്ല ആ ഒഴിവില്‍ ജി.ആര്‍ ഇന്ദുഗോപനെ തന്നെ ഞങ്ങള്‍ ക്ലാസെടുക്കാന്‍ വിളിച്ചു. ശാസ്ത്രകഥ മാത്രമല്ല ആ എഴുത്തിന്റെ രസതന്ത്രം കൂടി അറിയണമല്ലോ. അടുത്ത ക്ലാസ് ഊഴത്തില്‍ പതിവിലും ഊര്‍ജസ്വലനായാണ് അതും ഇന്ദുഗോപന്റെ പുസ്തകവും പിടിച്ച് ക്ലാസില്‍ എത്തിയത്, ഈ കൃതി ഇംഗ്ലീഷില്‍ ആയിരുന്നെങ്കില്‍ ഇതിലും നന്നായി വിറ്റുപോകും എന്ന് സര്‍ പറഞ്ഞു, പോയ ആഴ്ച ഇന്ദുഗോപനെ വിളിച്ചു കൊണ്ടുവന്ന വിവരം ഞങ്ങള്‍ പറഞ്ഞപ്പോള്‍ സര്‍ ഉത്സാഹത്തോടെ എഴുത്തുകാരനോട് ബന്ധപ്പെടാനും ഒപ്പം അങ്ങോട്ടേക്ക് വിളിക്കാന്‍ മൊബൈല്‍ നമ്പറും വാങ്ങി. തൊട്ടടുത്ത ഓണപ്പതിപ്പുകളില്‍ ഒന്നില്‍ ഒരോ മേഖലയിലേയും പ്രശസ്തരോട് അവരുടെ തട്ടകത്തിലെ യുവനാമ്പുകളെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. സ്വഭാവികമായും ഡോ.സിജിയാറിന് ഒരു യുവശാസ്ത്രജ്ഞനെ പരിചയപ്പെടുത്തേണ്ട ചുമതലയായി, അതനുസരിച്ച് ഒരാളെ കൃത്യമായി അവതരിപ്പിച്ചു, ഒപ്പം അവസാന ഭാഗത്തായി ശാസ്ത്രത്തിന്റെ വേലി കടന്ന് സാഹിത്യത്തെ കൂടെക്കൂട്ടി, ഇതാ ശാസ്ത്രകല്പിതകഥാ ലോകത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവാവിനെ കൂടി പരിചയപ്പെടുത്തുന്നു എന്ന മുഖവുരയോടെ ഇന്ദുഗോപനെയും പരാമര്‍ശിച്ചു.

നെഹ്രുവിനെ പറ്റി സിജിയാര്‍ പറയാറുള്ളത് ഇങ്ങനെയാണ് “നമ്മള്‍ ഭാഗ്യവാന്മാരാണ് . നെഹ്രു നമ്മുടെ നാടിന് കൈവന്ന ഭാഗ്യം തന്നെയായിരുന്നു, പണ്ഡിറ്റ് നെഹ്രുവിനെ പോലെ ശാസ്ത്രാവബോധവും ശാസ്ത്രാഭിമുഖ്യവും അതോടോപ്പം തന്നെ സൌന്ദര്യാസ്വാദന ത്വരയും പ്രകൃതി സ്നേഹവും ഒത്തിണങ്ങിയ ബഹുമുഖ പ്രതിഭയായ ഒരു മഹാപുരുഷനെ രാഷ്ട്രത്തിന്റെ പ്രഥമ പ്രധാന മന്ത്രിയായി ലഭിച്ച ഭാഗ്യവാന്മാര്‍ “ ഡോ. സി.ജി രാമചന്ദ്രന്‍ നായരുടെ കാര്യത്തിലും ഇത് നൂറു ശതമാനം ശരിയാണന്ന് ഒരു പ്രാവശ്യമെങ്കിലും ക്ലാസില്‍ ഇരുന്ന ഭാഗ്യവാന്മാരായ വിദ്യാര്‍ത്ഥികള്‍ അല്ലെങ്കില്‍ പ്രഭാഷണം കേട്ടവരോ ശരിവയ്‌ക്കും.


(കഴിഞ്ഞ അധ്യാപകദിനത്തില്‍ എഴുതിയ കുറിപ്പ്, പിന്നീട് മാതൃഭൂമി ആഴ്ചപതിപ്പിലെ മധുരച്ചൂരല്‍ പേജില്‍ വന്നിരുന്നു)