Wednesday, January 05, 2011

ഒരു യുവവ്യവസായി ഇങ്ങനെയൊക്ക പട്ടുപോകാം

ഒരു കല്‍പിത കഥയായി എടുത്തോളൂ. ഒരേ എഞ്ചിനീയറിംഗ് കോളെജില്‍ ഒരു ബഞ്ചില്‍ ഇരുന്ന് പഠിച്ച രണ്ട് കൂട്ടുകാരെ അന്ന് പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ പത്തു വര്‍ഷം കഴിഞ്ഞ് ഒരു സായാഹ്നസവാരിക്കിടെ കണ്ടുമുട്ടുന്നു. പതിവ് സുഖാന്വേഷണത്തിനിടെ ഇരുവരുടേയും ജോലിക്കാര്യം അന്വേഷിക്കുന്നു.

ആദ്യത്തെയാള്‍ പറഞ്ഞു ‘സര്‍ ഞാന്‍ സ്റ്റേറ്റ് ബാങ്കിലാണ് ഇപ്പോള്‍ കോഴിക്കോട് മെയിന്‍ ശാഖയില്‍ സീനിയര്‍ മാനേജര്‍ ’ സര്‍ സന്തോഷാഭിമാനത്തോടെ പറഞ്ഞു ‘ഗുഡ് ’ .

താനെന്തു ചെയ്യുന്നു ചോദ്യമുന അടുത്തയാളിലേക്ക് നീങ്ങി

“ഞാന്‍ ഇവിടെ കൊല്ലത്തെ സിഡ്കോ പാര്‍ക്കില്‍ ഒരു വ്യവസായ യൂണിറ്റ് നടത്തുന്നു. മറ്റോരു യൂ‍ണിറ്റിന് വായ്പ തരപ്പെടുത്തുന്നത് ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു”

സര്‍ ഉടനെ “അപ്പോ ജോലി ഒന്നും കിട്ടിയില്ല ‍അല്ലേ? ”

......

നോക്കണേ ഇതേ പ്രോഫസര്‍ അവസാന സെമസ്റ്ററുകളില്‍ ആവേശത്തോടെ പഠിപ്പിച്ച മെഷീന്‍ ഡിസൈന്‍ പേപ്പറിന്റെ അതേ മേഖലയില്‍ സ്വന്തം കാലില്‍ നിന്ന് വ്യവസായം നടത്തുകയും രണ്ടുഡസന്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുകയും മാത്രമല്ല പത്തുവര്‍ഷത്തിനകം തന്നെ രണ്ടാമത്തെ യൂണിറ്റിനെ പറ്റി ആലോചിച്ച് തുടങ്ങിയ ഒരു യുവ‌എഞ്ചിനീയര്‍ സാറിന്റെ കണ്ണില്‍ ജീവിത വിജയം നേടാത്ത രണ്ടാം തരം പൌരന്‍ . എന്നാല്‍ പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്തതും എതൊരു ബിരുദധാരിക്കും സാമാന്യമായി ചെയ്യാവുന്ന ഒരു ജോലി ചെയ്യുന്ന ആള്‍ മിടുക്കനുമാകുന്ന സാമൂഹികാന്തരീക്ഷം.

എഞ്ചിനീയറിംഗ് കോളെജിലോ മാനേജ്മെന്റ് ഇന്‍സ്റ്റിട്യൂട്ടിലോ ചേര്‍ന്നാല്‍ തുടങ്ങും നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം “കാമ്പസ് ഇന്റര്‍വ്യൂ ആയോ ഇന്‍ഫൊസിസ് വന്നോ വിപ്രോ എന്ന് വരും മട്ടില്‍ ” അതേ സമയം ഒരു നാരായണമൂര്‍ത്തിയോ അസിം പ്രേംജിയോ കാമ്പസില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഇവര്‍ സമ്മതിക്കുകയുമില്ല. ഇത് മാറേണ്ടേ. വിദേശ രാജ്യങ്ങളിലും എന്തിന് ഇന്ത്യയില്‍ തന്നെ . നമ്മുടെ ഇന്‍ഫോസിസ് സ്ഥാപകര്‍ തന്നെ ഉദാഹരണം. വയസിന്റെ ഇരുപതുകളില്‍ ഉത്സാഹികളും മിടുക്കരുമായ സംരംഭകര്‍ തുടങ്ങുന്ന സ്ഥാപനം ലോകത്ത് അതാത് മേഖലകളില്‍ അജയ്യമായി മുന്നേറുന്ന ഉദാഹരണം ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അനവധി.

23 വയസില്‍ സ്റ്റാന്‍ഫഡില്‍ വിദ്യാര്‍ത്ഥികളായിരിക്കെ സെര്‍ജി ബ്രിന്‍ ,ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ഗൂഗിള്‍ എന്ന കമ്പനിയുടെ പേര് കേള്‍ക്കാത്തവര്‍ എത്രപേരുണ്ടാകും. ഇന്ന് ഗൂഗിളിന്റെ ആസ്തി എതാണ്ട് നമ്മുടെ റിലയന്‍സ് സാമ്രാജ്യത്തിനൊപ്പം വരും. നേക്കണേ, നാല്പതാണ്ടുകള്‍ക്ക് മുന്നെ തുടങ്ങിയ റിലയന്‍സ് ഇന്ന് രണ്ടാം തലമുറയിലെ നേതൃത്വമാണ് നയിക്കുന്നത്. ഗൂഗിള്‍ ആകട്ടെ 14 വയസിന്റെ ചെറുപ്പത്തിലും.

ഇതിലും രസകരമാണ് പോയ വാരം ടൈം മാഗസിന്‍ ‘ഈ വര്‍ഷത്തെ (2010) ശ്രദ്ധേയ വ്യക്തിത്വം’ ആയി തിരഞ്ഞെറ്റുത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സംരംഭകത്വ വഴി. 1984 ല്‍ ജനിച്ച ഈ പയ്യന്‍സ് ഹര്‍വാഡില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 2004 ല്‍ ഫേസ്‌ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് ആരംഭിച്ചു. ഇന്ന് 50 കോടി ഉപയോക്താക്കള്‍ ഈ സംരംഭത്തിന് കീഴില്‍ ഉണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ എറ്റവും വലിയ മൂന്നാമത്തെ രാജ്യമെന്ന് പോലും ഫേസ്ബുക്ക് ജനസംഖ്യയെ വിളിക്കാം! ആകെ ഒരു ജോലിയേ മാര്‍ക്ക് ഇന്നേ വരെ ചെയ്തിട്ടുള്ളൂ, മറ്റുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ആണ് ഇന്ന് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് എന്ന ഇരുപത്തിയാറുകാരന്‍ . നാല് വര്‍ഷം മുന്നെ യാഹൂ എന്ന സര്‍ച്ച് എഞ്ചിന്‍ സ്ഥാപനം ഫേസ്ബുക്കിന് പറഞ്ഞ വില 4500 കോടി രൂപയാണ്. ഈ വാഗ്ദാനം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞങ്കിലും 2007 ല്‍ കേവലം ഒന്നര ശതമാനം ഓഹരി മൈക്രോസോഫ്ട് വാങ്ങിയത് ആയിരം കോടി രൂപയ്‌ക്കാണ്.

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് ഇത്തരത്തില്‍ വലുത് അല്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത സംരംഭകകഥ കാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്നില്ല. സമൂഹത്തിനും ഇക്കാര്യത്തില്‍ ചെറുതല്ലാത്ത റോളുണ്ട്. യുവവ്യവസായികളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന മനോഭാവം തന്നെ വില്ലന്‍ .

ഇതു മാത്രമല്ല വിവാഹാലോചന സമയത്താണ് ഇതിലും രസം. സര്‍ക്കാര്‍ ഓഫീസിലെ ശിപായിക്ക് പോലും നല്ല പരിഗണന കിട്ടും. എന്നാല്‍ സംരംഭകനാണന്ന് പറഞ്ഞാല്‍ . ഇവന് എന്തോ കുഴപ്പമുണ്ടന്ന് മട്ടിലാകും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ . അതൊക്കെ പോകട്ടെ നമ്മുടെ മോഹന്‍ലാലും മമ്മൂട്ടിയും വരെ ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷാക്കണ്ണിലൂടെ നോക്കിയാല്‍ സ്ഥിര വരുമാനം ഇല്ലാത്തവര്‍ എന്നാല്‍ സര്‍ക്കാര്‍ ഓഫീസിലെ വരുമാനം കൊണ്ട് അരിഷ്ടിച്ച് ജീവിതം തള്ളിനീക്കുന്ന ശരാശരിക്കാരന്‍ സാമ്പത്തിക സുരക്ഷിതത്വം ഉള്ള ജോലി ചെയ്യുന്നവന്‍ .

ഇനി നേരത്തേ പറഞ്ഞ ചോദ്യം ഒന്ന് തിരിച്ച് വയ്‌ക്കുന്നു. പെണ്‍കുട്ടി സംരംഭകയാകാന്‍ തീരുമാനിക്കുന്നു എന്ന് കരുതുക. പിന്നത്തെ പുകില്‍ പറയുകയും വേണ്ട. അവള്‍ അഹങ്കാരിയാണ്, തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയാണ്. പതിയെ വ്യവസായം ഒക്കെ മെച്ചമാക്കിയാല്‍ പിന്നെ സുധാ മൂര്‍ത്തി (ഇന്‍ഫോസിസ്), ബീനാ കണ്ണന്‍ (ശീമാട്ടി) യുടെ പിന്‍‌തലമുറക്കാരി എന്ന് പറഞ്ഞ് ഉയര്‍ത്തും. അവള്‍ക്ക് നിര്‍ണായക പിന്തുണ വേണ്ടുന്ന സമയത്ത് മുഖം തിരിച്ചവരാണ് പിന്നീട് മുഖസ്തുതി പാടാനെത്തുന്നത്.

അല്‍‌പം തമാശയോടെ കാണാവുന്ന മറ്റൊരു കാര്യം .ഇത് നടന്ന കഥയണെന്ന് തോന്നുന്നു . പറഞ്ഞ് കേട്ടതാണ്. ഒരിക്കല്‍ ഒരു കമ്പനി നടത്തുന്ന ചെറുപ്പക്കാരന്റെ വിവാഹാലോചന ലഭിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ എല്ലാ അനുബന്ധവിവരങ്ങളും കൃത്യമായി തിരക്കി. ആകെ ഒരു കുഴപ്പം. അവന്‍ ഒരു കമ്പനി നടത്തുന്നു. തൊഴില്‍ സുരക്ഷിതത്വവും ഇല്ലന്ന് ഉടനെ വിധിച്ചു. താമസിച്ചില്ല അതുകൊണ്ട് തന്നെ ആലോചന ഉപേക്ഷിച്ചു. ആറുമാസം കഴിഞ്ഞു. തന്റെ കാബിനിലേക്ക് അടുത്തിടെ കമ്പനിയില്‍ ചേര്‍ന്ന ഒരു ചെറുപ്പക്കാരന്‍ സന്തോഷത്തോടെ കയറി വന്ന് വിവാഹ ക്ഷണക്കത്ത് നല്‍കി. ആശംസകള്‍ ഒക്കെ പറഞ്ഞ് ആ കത്ത് വായിച്ചു നോക്കിയ യുവവ്യവസായി അത്ഭൂതപ്പെടാതിരുന്നില്ല, അന്ന് തനിക്ക് വിവാഹാലോചന വന്ന അതേ പെണ്‍കുട്ടിയാണ് വധു. കാര്യം ഇത്രമാത്രം. ഇപ്പോഴത്തെ പയ്യന്‍ സുരക്ഷിതത്വം ഉള്ള തൊഴിലാണ് ചെയ്യുന്നത്, അവനെ പോലെ പത്തോളം ആള്‍ക്കാര്‍ക്ക് തൊഴില്‍ കൊടുക്കുകയും സാമാന്യം നല്ല നിലയില്‍ സമ്പാദിക്കുകയും ചെയ്യുന്ന സംരംഭകന്‍ ഒട്ടും തൊഴില്‍ സുരക്ഷിതനല്ലത്രേ!!!! ഇത് മാറാതെ മലയാളിയുടെ വ്യവസായ സംരംഭങ്ങള്‍ മുന്നോട്ട് വരില്ല

സംരംഭകത്വബോധം ഇല്ലാത്തതിന് മറ്റ് ചില കാരണങ്ങളും ഉണ്ട്.
എഞ്ചിനീയറിംഗ് ബിരുദത്തിനായി എകദേശം അന്‍പത്തിയഞ്ചിലേറേ പേപ്പറുകള്‍ പഠിച്ച് പരീക്ഷ എഴുതി പാസാവുന്ന ഒരാള്‍ക്ക് ‘എന്‍‌ട്രപ്രണര്‍ഷിപ്പ്’ ന്റെ ഒരു പേപ്പറെങ്കിലും നിര്‍ബന്ധിത വിഷയമായി പഠിക്കാനുണ്ടോ? മറ്റൊരു ജോലിയും കിട്ടാതെ അവസാന അത്താണിയായി കരുതേണ്ടതല്ല സംരംഭ്കത്വം . മികച്ചവര്‍ തന്നെ (അക്കാദമിക് മികവോ പ്രോഫഷണല്‍ തികവോ, നൂതന ചിന്തയോ ) സംരംഭകരാകാന്‍ എത്തണം. നാരായണമൂര്‍ത്തി, നന്ദന്‍ നിലേകാനി, കിരണ്‍ മസുംദാര്‍ഷാ (ബയോകോണ്‍ ) എന്നിവരില്‍ തുടങ്ങി സ്റ്റീവ് ജോബ്സ് (ആപ്പിള്‍ ), ബില്‍ ഗേറ്റ്സ്, സെര്‍ജി ബ്രിന്‍ -ലാറി പേജ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരെല്ലാം മിടുക്കര്‍ തന്നെയാണ് സംരംഭകര്‍ എന്ന പട്ടം അഴിച്ചുവച്ചാലും.

എതായാലും പത്തുവര്‍ഷത്തിന് മുന്നത്തെ അവസ്ഥയില്‍ നിന്ന് കേരളത്തിലെ കാമ്പസുകള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണന്നതിന് സമീപകാലത്തായി ടെക്‍നോപാര്‍ക്കിലെ ഇന്‍‌കുബേഷന്‍ കേന്ദ്രത്തില്‍ വിരിഞ്ഞു തുടങ്ങിയ നവസംരംഭങ്ങള്‍ തന്നെ സാക്ഷി. ഇത് വര്‍ധിതവീര്യത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ നമ്മുടെ യുവാക്കള്‍ക്കാകണം. ഭാവി ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസും ബയോകോണും ഒക്കെ ആകട്ടെ ഇന്ന് ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്നത്. അത് കണ്ട് സമൂഹവും ബിരുദധാരികളോട് ചോദിക്കട്ടെ എന്താ തനിക്ക് കമ്പനി തുടങ്ങാനായില്ലേ!
പണത്തിന്റെ കാര്യം ആലോചിച്ച് ഇന്ന് യുവാക്കള്‍ വിഷമിക്കേണ്ട ആവശ്യമില്ല, വാണിജ്യ സാധ്യതയുള്ള ആശയം കമ്പനിയാക്കി വിജയം കൊയ്യാന്‍ ഒരു കോടി രൂപ വരെ ജാമ്യരഹിതമായി മൂലധനം ലഭിക്കുന്നതിന് ഇന്ന് എല്ലാ ബാങ്കുകള്‍ക്കും പദ്ധതിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ചറിയാന്‍ http://www.cgtmse.in/ സന്ദര്‍ശിക്കുക .അര്‍ഹിക്കുന്നവര്‍ക്ക് ഇത്തരം ജാമ്യരഹിത വായ്പ ലഭ്യമാക്കി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് താഴേ തട്ടില്‍ അതുണ്ടാക്കുന്ന വന്‍‌തൊഴിലവസരങ്ങള്‍ കൂടിയാണ്. ബാങ്കില്‍ പോകാന്‍ താത്പര്യമില്ലാത്തവര്‍ക്കായി മാലാഖ നിക്ഷേപകര്‍ ഉണ്ട്. നിങ്ങളുടെ ആശയത്തെ തേടി പണവുമായി വന്നുകൊള്ളും.

വാല്‍കഷണം : എന്‍ എസ് എസ് /എന്‍ സി സി/കോളെജ് യൂണിയന്‍ /സര്‍വകലാശാലാ യുവജനോത്‌സവം / അത്‌ലറ്റിക് മീറ്റ് എന്ന് വേണ്ട ക്രിക്കറ്റ് കളി കാണാന്‍ പോയാലോ അല്ലെങ്കില്‍ കാമ്പസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയാല്‍ പോലും ഡ്യൂട്ടി ലീവോ അഥവാ ഇന്റേണല്‍ മാര്‍ക്കില്‍ ആനുപാതികമായ സഹായമോ കിട്ടും. എന്നാല്‍ ഒരു കാമ്പസ് കമ്പനി തുടങ്ങാന്‍ പോകുന്ന വഴിക്ക് ചില ദിവസങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നാല്‍ ഈ വകുപ്പില്‍ ഒന്നും അര ദിവസത്തെ അവധികിട്ടില്ല. ഇത് മാറ്റാന്‍ എന്തു ചെയ്യാനാകും. ആലോചിക്കൂ സംരംഭകരേ!