Thursday, November 10, 2011

സിരി - ഇന്റര്‍നെറ്റ് തിരയലിന്റെ ശബ്‌ദ വസന്തം

ആപ്പിള്‍ 4എസ് മൊബീല്‍ ഫോണിലെ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആപ്ലിക്കേഷന്‍ മാത്രമായി സിരീ എന്ന ശബ്‌ദ തിരയല്‍ സംവിധാനത്തെ കാണുന്നത് ശരിയാകില്ല. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സമര്‍ത്ഥമായ പ്രയോഗമാണ് ഈ സ്വഭാവിക ഭാഷാ വിശകലന ഉപാധി. ഈ ആപ്ലിക്കേഷന്‍ സജീവമാക്കിയ ശേഷം ആവശ്യമുള്ള വിവരം ഫോണിനോട് ചോദിക്കുക. ഉടന്‍ തന്നെ ഉത്തരം ലഭിക്കും. സാങ്കേതികതയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കിയാല്‍ സീരി അടുത്ത ടെക് വിപ്ലവം എന്ന് തന്നെ പറഞ്ഞാലും തെറ്റില്ല. കാരണം ഫോണിനോ സമാന ഉപകരണങ്ങള്‍ക്കോ അതിന്റെ സന്തത സഹചാരിയായ ബഹുവര്‍ണ സ്‌ക്രീന്‍ തന്നെ ആവശ്യമില്ലാത്ത തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സമീപ ഭാവിയില്‍ ഒരാളെ വിളിക്കണമെങ്കില്‍ ഫോണ്‍ എടുത്ത് വിളിക്കണം എന്ന് പറയുക. തിരികെ ആരെ വിളിക്കണം എന്ന് ഫോണ്‍ ചോദിക്കും. പേര് പറയുക. ഒന്നിലേറേ പേര് ഫോണ്‍ ബുക്കില്‍ ഉണ്ടെങ്കില്‍ അതില്‍ എത് വേണമെന്ന് ഫോണ്‍ വീണ്ടും ചോദിക്കും അതനുസരിച്ച് വിളിച്ച് തരും. ഇനി അങ്ങേപ്പുറത്തെ ആള്‍ തിരക്കിലോ അല്ലെങ്കില്‍ ഫോണ്‍ ഓഫ് ചെയ്‌തിരിക്കുന്ന അവസ്ഥയിലോ ആണെങ്കില്‍ ചിലപ്പോള്‍ സീരി ഇങ്ങനെ മറുപടി പറയാം. അദ്ദേഹത്തിനെ ഈ നമ്പറില്‍ കിട്ടുന്നില്ല വീട്ടിലെയോ അല്ലെങ്കില്‍ ഓഫീസിലെയോ നമ്പറില്‍ ശ്രമിക്കണോ. അതുമല്ലെങ്കില്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം. എസ് എം എസ് വേണമെങ്കിലും അയക്കാം വേണ്ടത് പറഞ്ഞ് കൊള്ളൂ. അല്‍‌പം കഴിഞ്ഞ് വിളിക്കാം എന്നാണ് മറുപടി എങ്കില്‍ ഉടനെ വരും അടുത്ത ഉപദേശം എത്ര സമയം കഴിഞ്ഞ് വിളിക്കണം സമയം പറഞ്ഞോളൂ !


കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സീരിയെ ആപ്പിള്‍ സ്വന്തമാക്കുന്നത്. ഉത്പന്നം എന്ന നിലയില്‍ അവതരിപ്പിക്കുന്നത് കഴിഞ്ഞ മാസം അവതരിപ്പിച്ച എറ്റവും പുതിയ ഐ ഫോണിലും. നാല് വര്‍ഷം മുന്‍‌പ് ഒരു ചെറു സംരംഭമായി വികസിപ്പിച്ച് തുടങ്ങിയതാണ് സിരീ. അമേരിക്കന്‍ പ്രതിരോധ സ്ഥാപനമായ ദര്‍പ (ഡിഫന്‍സ് അഡ്വവാന്‍സ്‌ഡ് റിസര്‍ച്ച് പ്രോജക്‍ട്) യുടെ സഹകരണവും ആവോളം ഉണ്ടായിരുന്നു. SRI International ആണ് ഈ പദ്ധതിയുടെ ഇടനാഴിയായി പ്രവര്‍ത്തിച്ചത്, ഏതാനും സര്‍വകലാശാലകളുടെ അക്കാദമിക-സാങ്കേതിക സഹായവും പിന്നിലുണ്ടായിരുന്നു. ആന്‍‌ഡ്രോയ്ഡ്, ബ്ലാക്ക്‍ബെറി തുടങ്ങിയ സ്‌മാര്‍ട്ട് ഫോണുകളിലും ശബ്ദത്തിരയല്‍ ആയി ഇത് വരുമെന്ന് അനുമാനിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ആപ്പിള്‍ ഇത് എറ്റെടുത്തതോടെ ഇനി ഐ ഫോണിലൂടെയാകും മുഖ്യമായും സീരി ശബ്‌ദമുണ്ടാക്കി നീങ്ങുന്നത്. നമ്മുടെ ശബ്‌ദാന്വേഷണത്തിന് വിവരം ലഭിക്കുന്നതിനായി ഇന്റര്‍നെറ്റിലെ ആശ്രയിക്കാനാകുന്ന ഇടങ്ങള്‍ക്കൊപ്പം ഫോണിലെ റിമൈന്‍ഡര്‍ , ഫോണ്‍ ബുക്ക്, എസ് എം എസ് പെട്ടി, നോട്ട്സ് ,കലണ്ടര്‍ , സമയവിവരം, ഭൂപട സൌകര്യം എന്നിവയും ഉപയോഗിക്കും. ഓഹരി വിപണി വാര്‍ത്ത കാലാവസ്ഥാ വിവരം എന്നിവയും അവിഭാജ്യ ഘടകമാണ്. മഴവരുന്നോ, ഓഹരി വിപണി ഉയര്‍ന്നോ എന്ന് വിളിച്ച് തന്നെ ചോദിക്കാം ഉടനെ ഫോണ്‍ മറുപടിയും പറയും. നമ്മള്‍ നില്‍ക്കുന്നയിടം ഫോണിന് അറിയാവുന്നതിനാല്‍ അവിടെ മഴപെയ്യുമോ ഇല്ലയോ എന്നാകും മിക്കവാറും ആദ്യം മറുപടി പറയുക എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ലല്ലോ. ഒപ്പം തന്നെ മറ്റ് സ്ഥലങ്ങളുടെ കാലാവസ്ഥാ വിവരം ആണ് വേണ്ടതെങ്കില്‍ സ്ഥലനാമം പറഞ്ഞു കൊള്ളൂ എന്ന് ഉപദേശിച്ചാലോ!

നിലവില്‍ തന്നെ മൊബീല്‍ ഫോണുകള്‍ മൂകരും ബധിരരുമായവര്‍ക്ക് അനുഗ്രഹമാണ്. എസ് എം എസ് വഴിയും മൊബീല്‍ ഫോണ്‍ സ്‌ക്രീനിലെ മറ്റ് ഇന്ദ്രജാലങ്ങള്‍ വഴിയും അവര്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് നമ്മളുമായി ആശയവിനിമയം ചെയ്യുന്നത്. ഇക്കഴിഞ്ഞ പതിനഞ്ചുവര്‍ഷം കൊണ്ട് മൊബീല്‍ ഫോണ്‍ വ്യാപകമായപ്പോഴും അന്ധരായ ചങ്ങാതിമാര്‍ക്ക് അത്ര ചങ്ങാത്തം കൂടാന്‍ പറ്റിയ ഉപകരണമായിരുന്നില്ല ഫോണുകള്‍ .ചില മോഡലുകളില്‍ വോയ്സ് റെക്കഗ്നിഷന്‍ സംവിധാനം ഉണ്ടെങ്കിലും അത് ഫോണിന്റെ പൂര്‍ണ ഉപയോഗം സാധ്യമാക്കിയിരുന്നില്ല. എന്നാല്‍ സീരിയും ഇതിനെ പ്രതിരോധിക്കാന്‍ ആന്‍‌ഡ്രോയ്‌ഡും ബ്ലാക്ക്ബെറിയും അടങ്ങുന്ന എതിരാളികള്‍ ഇറക്കാന്‍ ഇടയുള്ള സംവിധാനങ്ങളും കൂടി എത്തുന്നതോടെ കണ്ണുകാണാത്തത് ഒരു തടസമായി കുറഞ്ഞ പക്ഷം ഫോണുപയോഗിക്കുന്നതില്‍ അവര്‍ക്ക് അനുഭവപ്പെടില്ല. ഇതുവരെ അന്യമായിരുന്ന എസ് എം എസ് അവര്‍ക്ക് ഇനി ഇണങ്ങും. ആളിന്റെ പേര് പറയുക അയക്കാനുള്ള സന്ദേശം നിര്‍ദ്ദേശാനുസരണം നല്‍കുക. പൂര്‍ത്തിയായ ശേഷം ഫോണ്‍ തന്നെ ടൈപ്പ് ചെയ്യിപ്പിച്ചത് വായിച്ച് കേള്‍പ്പിക്കും അയക്കട്ടെ എന്ന അവസാന ചോദ്യത്തിന് യെസ് പറയുന്നതോടെ സന്ദേശം ഫോണ്‍ കടന്ന് അടുത്ത ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ പറക്കും.

ഫോണിലെ വിവരവിശകലന ശേഷിയുള്ള അത്യാധുനിക ചിപ്പ്, പ്രത്യേക ആപ്പ്(ളിക്കേഷന്‍), ഇന്റര്‍നെറ്റ് ബന്ധം, ഇതിനായി ആ‍ശ്രയിക്കാവുന്ന വിവരയിടങ്ങള്‍ എന്നിവയുടെ ചേരുവയാണ് ശബ്‌ദതിരയല്‍ നടത്തുന്നത്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ വരും കാലത്ത് അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ ഈ സംവിധാനത്തില്‍ ഉണ്ടാകും. നിലവില്‍ പരിമിതികള്‍ ഏറെയുണ്ട്. കൂടുതലും അമേരിക്ക അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ചികഞ്ഞെടുത്ത് പറയുന്നത്. ആംഗലേയവും സഹായവാണികളുമാണ് ഇപ്പോള്‍ അനുസരിക്കുന്നത്. എന്നാല്‍ എല്ലാ കണ്ടുപിടുത്തങ്ങളെയും പോലെ ഇതും ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങും എന്നതില്‍ സംശയമില്ല. 1903 ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചത് നാം ഇന്ന് കാണുന്ന രൂപത്തിലും ഭാവത്തിലും അല്ലല്ലോ. ഒരു പക്ഷെ അവരുടെ ഭാവനയ്‌ക്കും അപ്പുറത്താണ് ഇന്ന് വിമാനങ്ങളുടെ ഭൂഖണ്ഡാന്തര സഞ്ചാരം. അതുപോലെ ഈ ശബ്‌ദത്തിരയല്‍ വസന്തം ഇന്റര്‍നെറ്റിനെയും മൊബീല്‍ ഫോണിനെയും സമാനതകളില്ലാത്ത പുതിയ വഴികളിലൂടെ നടത്തും. ഒരു പക്ഷെ ഭാവി സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് സ്‌ക്രീന്‍ ഇല്ലാത്ത മോഡലുകളും ഉണ്ടാകും. ഒരു പേനയുടെ അടപ്പ് പോലെ കീശയില്‍ കുത്തിക്കൊണ്ട് നടക്കാനായേക്കാം.


ബിറ്റ്സ് ആന്‍ഡ് ബൈറ്റ്സ് : കല്‍‌പിത കഥ പോലെ ഒരു കാര്യം പറയാം. പുലര്‍കാലെ 4.30 നുള്ള ഒരു തീവണ്ടിയില്‍ കയറിപറ്റാനായി 4.00 മണിക്ക് അലാറം വച്ച് കിടന്നുറങ്ങുന്നു. രാവേറെ വൈകി കിടന്നതിന്റെ ക്ഷീണവുമുണ്ട് അതേ സമയം യാത്ര ഒഴിവാക്കാനും വയ്യാത്തത് കൊണ്ട് മാത്രമാണ് അലാറം വച്ചത്. പക്ഷെ ഫോണ്‍ അലാറം ശബ്‌ദിച്ചത് കൃത്യം 7 മണിക്ക് എന്നിട്ടും തീവണ്ടി കിട്ടാതെയുമിരുന്നില്ല യാത്ര മുടങ്ങിയതുമില്ലത്രേ! എങ്ങനെയെന്നോ വണ്ടി മൂന്ന് മണിക്കൂര്‍ വൈകിയോടുന്നു എന്ന വിവരം തീവണ്ടിയാപ്പീസിലെ സമയവിവര പട്ടികയില്‍ നിന്നോ റേഡിയോ അറിയിപ്പില്‍ നിന്നോ മൊബില്‍ ഫോണ്‍ സ്‌മാര്‍ട്ടായി മനസിലാക്കി. തന്റെ യജമാനന്റെ ദിനക്കുറിപ്പ് നോക്കിയപ്പോള്‍ ഈ സമയത്തിനിടയ്‌ക്ക് വേറേ പരിപാടികള്‍ ഒന്നും കണ്ടതുമില്ല, അതു കൊണ്ട് പാവം കിടന്നുറങ്ങിയതല്ലേ എന്ന് ഫോണ്‍ കണക്കുകൂട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അല്പസ്വല്‍പ്പം ബുദ്ധിയൊക്കെ ഉണ്ടെന്ന് മനസിലായില്ലേ !

4 comments:

വി. കെ ആദര്‍ശ് said...

ശബ്ദം കൊണ്ടാകട്ടെ അടുത്ത ഇന്റര്‍നെറ്റ് വിപ്ലവം

നചികേതസ്സ് said...

ഞങ്ങള്‍ ഐറിസ്‌ ഉപയോഗിച്ചോളാം

rEstlEss mYstIc said...

സിരിയുടെ ഏഴയലത്ത് എത്തുന്നില്ല ഐറിസ്. പാവം ഞങ്ങള്‍ ആന്ഡ്റോയിഡന്മാര്‍ .. :'(

Marik Joseph said...

Great work please keeps it up!