Tuesday, October 18, 2011

നമുക്ക് സ്റ്റീവ് ജോബ്‌സില്‍ നിന്ന് പഠിക്കാവുന്നത്

ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സിന്റെ (1955-2011) മരണം പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് സംഭവം ആയിരുന്നല്ലോ. അനാഥബാല്യത്തില്‍ നിന്ന് തുടങ്ങി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം, സ്വയം പോറ്റിവളര്‍ത്തിയ കമ്പനിയില്‍ നിന്നും ഇടക്കാലത്ത് പുറത്താക്കപ്പെടുകയും പിന്നീട് വര്‍ധിത വീര്യത്തോടെ തിരിച്ചെത്തി സ്ഥാപനത്തിന്റെ അനുപമമായ വളര്‍ച്ചയ്‌ക്ക് തന്നെ കാരണമായ വ്യക്തിത്വം, അവസാനം അര്‍ബുദ രോഗം കീഴ്പ്പെടുത്തിയപ്പോഴേക്കും ജീവിതത്തിന്റെ നി‌മ്നോന്നതങ്ങള്‍ വളരെപ്പെട്ടന്ന് തന്നെ ഈ മനുഷ്യനിലൂടെ കടന്നു പോയിരുന്നു. എത് വീക്ഷണ കോണില്‍ നിന്ന് നോക്കിയാലും സ്റ്റീവ് ജോബ്സില്‍ നിന്ന് പഠിക്കാന്‍ എറെയുണ്ട്. പരമ്പരാഗതമായ പലധാരണകളെയും തച്ചുടയ്‌ക്കുന്നതായിരുന്നു ഇദ്ദേഹം നടന്നു വന്ന വഴികള്‍ . ചെറിയ തിരിച്ചടിയില്‍ പോലും ജീവിതം അസ്തമിച്ചെന്ന് കരുതുന്ന സാധാരണക്കാര്‍ക്കിടയില്‍ ഇദ്ദേഹം ഒരു പ്രകാശ ഗോപുരമായി എക്കാലവും നില നില്‍ക്കും.

ദത്തുപുത്രനായാണ് സ്റ്റീവ് ജോബ്സ് വളര്‍ന്നത്. 2005 ല്‍ അമേരിക്കയിലെ സ്റ്റന്‍ഫഡ് സര്‍വകലാശാലയില്‍ ബിരുദപൂര്‍വ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ നേരിട്ട തിരിച്ചടികള്‍ അക്കമിട്ട് നിരത്തി പ്രസംഗിച്ചത് ശ്രദ്ധേയമായിരുന്നു. മരണാനാന്തരം മിക്ക ദിനപത്രങ്ങളും വെബ് പോര്‍ട്ടലുകളും ഈ പ്രസംഗം വീണ്ടും വായനക്കാരിലേക്ക് എത്തിച്ചിരുന്നു. യൂ ട്യൂബ് പോലെയുള്ള വീഡിയോ പങ്കിടല്‍ സൈറ്റുകളില്‍ പ്രസംഗം ശ്രവിക്കാനാത്തൈയവരുടെ എണ്ണ കുത്തനെ കൂടി. തിരിച്ചടികളില്‍ നിന്ന് ഫീനീക്‍സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സവിശേഷമായ സഹജസ്വഭാവം ഇദ്ദേഹത്തില്‍ ജന്മനാ തന്നെ ഉണ്ടായിര്‍ുന്നു എന്ന് പറയുന്നതാണ് ശരി.

കോളെജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ഗര്‍ഭിണിയായ അവിവാഹിത കൂടിയായ അമ്മ കുഞ്ഞിനെ ദത്തു നല്‍കി. ഗര്‍ഭിണി ആയിരിക്കെ തന്നെ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി എന്നാല്‍ ജനിച്ചപ്പോള്‍ തങ്ങള്‍ക്ക് പെണ്‍‌കുട്ടിയെ മതി എന്ന കാരണം പറഞ്ഞ് അവര്‍ ഒഴിവായി. ജനിച്ചും വീണ സമയത്ത് തന്നെ തുടങ്ങുന്നു തിരിച്ചടി എന്ന് പറഞ്ഞാല്‍ പോലും അതിശയോക്‍തിയില്ല. അവസാനം മറ്റൊരു കൂട്ടര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വന്നു. പക്ഷെ ബിരുദധാരിക്കെ കുഞ്ഞിനെ വളര്‍ത്താന്‍ നല്‍കൂ എന്ന് പെറ്റമ്മ വാശിപിടിച്ചും പിന്നെ കുഞ്ഞു സ്റ്റീവ് വളര്‍ന്ന് വരുമ്പോള്‍ കോളെജിലയച്ച് ബിരുദധാരിയാക്കാം എന്ന വ്യവസ്ഥയില്‍ കുട്ടിയെ ദത്ത് നല്‍കി. കൌമാരകാലത്തിന്റെ തുടക്കത്തില്‍ എല്ലാരെയും പോലെ കോളെജില്‍ എത്തിയങ്കിലും പഠനം ആദ്യവര്‍ഷം തന്നെ ഉപേക്ഷിച്ചു. അവിടെ നിന്നും മുങ്ങിയ സ്റ്റീവ് പൊങ്ങുന്നത് അക്ഷരരൂപത്തെ പറ്റി (കാലിഗ്രാഫി) പഠിക്കുന്ന ക്ലാസിലാണ്. അതാകട്ടെ സ്റ്റീവ് ജോബ്സ് എന്ന സംരംഭകന് പില്‍ക്കാലത്ത് വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറാന്‍ കാരണമാവുകയും ചെയ്തു. യുവായ സ്റ്റീവ് ജോബ്സ് പലപ്പോഴും കൂട്ടുകാരുടെ താമസസ്ഥലത്ത് അധികപറ്റായി അന്തിയുറങ്ങുകയും ഉപയോഗശൂന്യമായ കോളാക്കുപ്പികള്‍ പെറുക്കി വിറ്റ് കിട്ടുന്ന കാശിന് ഉപജീവനം നടത്തിയ കാലവും ഉണ്ടായിരുന്നു. ആഴ്ചക്കവസാനം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഇസ്‌കോണ്‍ കൃഷ്‌ണ ക്ഷേത്രത്തിലെ അന്നദാനമായിരുന്നു വിഭവ സ‌മൃദ്ധമായ ശാപ്പാട്

പിന്നീട് ഭാരതീയ തത്വചിന്തയിലും നാട് കാണാനുള്ള മോഹത്തിലും ഒരു ചങ്ങാതിയുമായി ഇന്ത്യയിലെത്തുകയും ചെയ്തു. തിരികെ നാട്ടിലെത്തിയ ശേഷമാണ് ഇന്ന് നാമറിയുന്ന സ്റ്റീവ് ജോബ്സിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. 1975 ചങ്ങാതിയായ വോസ്‌നിയാക്കുമായി ചേര്‍ന്ന് അക്കാലത്ത് കേട്ട് കേള്‍വിമാത്രമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. കോളെജ് പഠനം ഇഷ്ടമായില്ലെങ്കിലും സ്റ്റീവിന് സാങ്കേതികവിദ്യയോട് അടങ്ങാത്ത കമ്പമായിരുന്നു. ഇതാണ് ഇന്ത്യയിലേക്ക് വരുന്നതിന് മുന്നെ അറ്റാറി എന്ന ടെക് കമ്പനിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഈ സ്ഥാപനത്തില്‍ വച്ചാണ് ആപ്പിളിന്റെ സഹസ്ഥാപകനായ വോസ്‌നിയാക്കിനെ പരിചയപ്പെട്ടതും. ആപ്പിള്‍ 1 എന്ന ആദ്യ കമ്പ്യൂട്ടറിന്റെ പണിശാല സ്റ്റീവ് ജോബ്സിന്റെ കിടപ്പുമുറി തന്നെയായിരുന്നു. പതുക്കെ വളരാന്‍ തുടങ്ങി, ചില നിക്ഷേപകര്‍ പണം മുടക്കാനും തയാറായി. ഇതിനിടെ പെപ്‌സി യില്‍ നിന്നും ഒരാളെ ജോലിക്കെടുത്തു. ഇവിടെ തുടങ്ങുന്നു രണ്ടാം തിരിച്ചടിയുടെ ആദ്യ സ്ഫുരണങ്ങള്‍ .1984 ല്‍ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ വില്‍‌പനയ്‌ക്ക് തയാറാക്കി നല്‍കി. കമ്പനിക്ക് പത്ത് വയസ് തികയുമ്പോഴേക്ക് കഠിനപരിശ്രമം കൊണ്ടും ചിന്തയുടെ പ്രയോഗം കൈമുതലാക്കിയും 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ എന്ന കടമ്പ കടന്നു ഒപ്പം മൂവായിരത്തിയഞ്ഞൂറിലധികം ജീവനക്കാരും. ഇതിനിടെ തന്നെ സ്ഥാപനം ഓഹരിക്കമ്പോളത്തിലുമെത്തി. അപ്പോഴേക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂര്‍ശ്ചിച്ച് സ്റ്റീവ് ജോബ്സിന്റെ സ്വന്തം കമ്പനി പുറത്താക്കി. ഇദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ - ഒപ്പമുള്ള വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ തെറ്റായ മാതൃകയാണന്ന് തോന്നി പോയ നിമിഷം. പതിയെ ആ പുറത്താകല്‍ ഒരു അവസരമായി മനസിലായി. ഒരു വിജയവരിച്ചവന്റെ അഹങ്കാരത്തില്‍ നിന്നും തുടക്കക്കാരന്റെ വിനയത്തിലേക്ക് ഞാന്‍ എത്തപ്പെട്ടു.

1984 ല്‍ അതായത് ആപ്പിളില്‍ നിന്ന് പുറത്താകുന്നതിന് തൊട്ട് മുന്നെ പുറത്തിറക്കിയ ആപ്പിള്‍ മാക്കിന്റോഷ് കമ്പ്യൂട്ടറിന് ചിത്രരൂപേണ സംവദിക്കാവുന്ന (ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്) സംവിധാനം ഉണ്ടായിരുന്നു, അക്കാലത്ത് അത് പുതുമയോ അല്ലെങ്കില്‍ അത്ഭുതമോ ആയിരുന്നു. ആപ്പിളില്‍ നിന്ന് പടിയിറങ്ങിയ ശേഷം നെക്‍സ്റ്റ് എന്ന കമ്പനിയും പിക്സാര്‍ എന്ന ആനിമേഷം സംരംഭവുമായി സ്റ്റീവ് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവിരാമമായ യാത്രയിലായിരുന്നു. 1996 ല്‍ തന്നെ പുറത്താക്കിയ അല്ലെങ്കില്‍ സ്വന്തം സ്ഥാപനമായ ആപ്പിളിന് സ്റ്റീവ് ജോബ്സ് എന്ന മാന്ത്രികനെ തിരിച്ച് വിളിക്കേണ്ടി വന്നു. ഒന്ന് നോക്കണേ ! ലോകത്തില്‍ ഒരു വ്യവസായി സ്റ്റീവ് നടന്ന സംരംഭവഴികളിലൂടെ നടന്നുകാണില്ല. തിരികെ എത്തിയത് പ്രതാപകാലം മങ്ങിത്തുടങ്ങുകയായിരുന്ന ആപ്പിളിലേക്കായിരുന്നു, പുറത്ത് നിന്ന 11 വര്‍ഷം ആപ്പിള്‍ നിര്‍ണായകമായ ഒരു ചലനവും സാങ്കേതികലോകത്ത് സൃഷ്ടിച്ചതുമില്ല എന്നത് സത്യം.

തിരിച്ചെത്തിയപ്പോള്‍ ആപ്പിളും സ്റ്റീവ് ജോബ്സും മുന്‍‌പെങ്ങുമില്ലാത്ത കരുത്താര്‍ജിക്കുകയായിരുന്നു അതു വരെ കണ്‍‌സ്യൂമര്‍ ഇലക്‍ട്രോണിക്‍സ് വിപണിയില്‍ കമ്പനി ഒന്നുമല്ലായിരുന്നു. 2001 ല്‍ സംഗീതാസ്വാദന ലോകത്ത് ഐ പോഡ് എന്ന തീരെ ചെറിയ ഒരു ഉപകരണം പുറത്തിറക്കുമ്പോള്‍ എതിരാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വിപണി വാണിരുന്നവര്‍ക്ക് അവഗണിക്കാവുന്നതായിരുന്നില്ല ഈ കൊണ്ടുനടക്കാവുന്ന ഒരു ബിസ്‌കറ്റിന്റെയത്ര മാത്രം വലിപ്പമുള്ള പാ‍ട്ട് പെട്ടി. ഉപയോക്താക്കള്‍ ഇരു കൈയ്യും നീട്ടി ഉത്പന്നത്തെ സ്വീകരിച്ചു. അവര്‍ സ്വപ്‌നം പോലും കാണാത്ത സാങ്കേതികത്തികവായിയിരുന്ന ഐ പോഡ് എന്ന ചെപ്പില്‍ ഒളിപ്പിച്ച് വച്ച് നല്‍‌കിയത്. ഐ പോഡിന്റെ വിപണിത്തിളക്കം ആപ്പിളിനെ ഉപഭോക്‍തൃ ഉത്പന്നങ്ങളുടെ ലോകത്ത് ഇരുപ്പുറപ്പിച്ചു. തുടര്‍ന്ന് ഐ ട്യൂണ്‍സ് എന്ന മ്യൂസിക് സ്റ്റോര്‍ , ഐ ഫോണ്‍ എന്ന മൊബൈല്‍ ഫോണ്‍ എന്നിവയും 2010 ജനുവരിയില്‍ ഐ പാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറും അവതരിപ്പിച്ചു. തൊട്ടതെല്ലാം പൊന്നാക്കി എന്ന പ്രയോഗം ആപ്പിളിന്റെയും സ്റ്റീവ് ജോബ്സിന്റെയും കാര്യത്തില്‍ നൂറു ശതമാനം ശരിയായി. എല്ലാ ഉപകരണങ്ങളും വിപണി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞു. ഇന്ന് 40,000 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സ്ഥാപനമായി ആപ്പിള്‍ മാറി.

ഒരു വ്യവസായ സംരംഭകന്റെ നിറം പിടിപ്പിച്ച പതിവ് കഥ എന്ന് പറഞ്ഞ് അലക്ഷ്യമായി വായിച്ചുപേക്ഷിക്കാവുന്നതാണോ സ്റ്റീവ് ജോബ്സിന്റെ ജീവിതവും ആപ്പിളിന്റെ കഥയും. അല്ല എന്ന് ഉത്തരം. മേന്മയേറിയ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മാത്രം പ്രാപ്യമാകുന്ന സാങ്കേതികവിദ്യാ ലോകത്താണ് ഇദ്ദേഹം വിജയപതാക പാറിച്ചത്. അക്കാ‍ദമിക് യോഗ്യത ഒന്നും ഇല്ല. അതെ സ്റ്റീവ് ജോബ്സില്‍ നിന്നും പഠിക്കാവുന്ന പാഠം ഇതാണ്: സ്വപ്‌നം കാണാനുള്ള കഴിവും ആ സ്വപ്‌നത്തെ ആര്‍ക്കും അസൂയ ജനിപ്പിക്കാവുന്ന തരത്തിലെ ഉത്പന്നമാക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ പിന്നെ ഒരു യോഗ്യതയും ആവശ്യമില്ല. സംരംഭകത്വ ബോധം തീരെ കുറഞ്ഞ ഇന്ത്യയില്‍ (പ്രത്യേകിച്ച് കേരളത്തില്‍ ) ആപ്പിളിന്റെ ജൈത്രയാത്ര ആവര്‍ത്തിച്ച് പഠന വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ ഡി ടി പി സെന്റര്‍ നടത്തിപ്പുകാരന് പോലും സാങ്കേതികയോഗ്യത വേണം എന്ന് ശഠിക്കുന്ന കാലത്ത് സ്റ്റീവ് ജോബ്സിനെ പോലെ ഒരു സംരംഭകനെ ഉള്‍ക്കൊള്ളാന്‍ ഇക്കാലത്ത് പോലും ആകുമോ? അതേ സമയം തന്നെ കോളെജില്‍ നിന്നും ആദ്യവര്‍ഷം തന്നെ പുറത്താകേണ്ടി വരുന്ന ഒരാള്‍ക്ക് മാനസികമായും മറ്റും നേരിടേണ്ടി വരുന്ന പീഡനപര്‍വം തുടരുന്ന നാട്ടില്‍ സ്റ്റീവ് ജോബ്സിന്റെ ലോകം അവര്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു പിടിവള്ളിയാകണം.

ഇന്നാട്ടില്‍ ഏതാനും കോടി വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളും അതിന്റെ മേധാവികളും ത്രീ പീസ് സ്യൂട്ടില്‍ ധനാഡ്യനായി വന്നിറങ്ങുമ്പോള്‍ പലതരം പത്മാ അവാര്‍ഡുകള്‍ക്കുമായി ചരടുവലിക്കുമ്പോഴാണ്. എണ്‍പതുകള്‍ മുതല്‍ക്ക് തന്നെ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം പിടിച്ച ആപ്പിളിന്റെ സ്ഥാപകന്‍ ഒരു വട്ടക്കഴുത്ത് ടീ ടര്‍ട്ടും ജീന്‍സുമിട്ട് എല്ലായ്പ്പോഴും നടക്കുന്നത്. ലോകം സാകൂതം കാത്തിരിക്കുന്ന പത്രസമ്മേളനങ്ങളില്‍ പോലും കമ്പനിയുടമയുടെ നാട്യങ്ങളില്ലാതെ ഇതേ വസ്ത്രധാരണവുമായാണ് എത്തുന്നത്. ഭാരതീയ തത്വചിന്തയില്‍ ആകൃഷ്ടനായി പില്‍ക്കാലത്ത് ഇദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു എന്നത് ചരിത്രം.

സ്വന്തം കമ്പനിയില്‍ നിന്നും താന്‍ കൊണ്ട് വന്ന സഹപ്രവര്‍ത്തകനാല്‍ തന്നെ പടിയിറക്കപ്പെട്ടപ്പോഴും ശുഭചിന്ത കൈവിടാതെ അവിരാമം പ്രവര്‍ത്തിച്ചിരുന്ന സ്റ്റീവ് ജോബ്സിനെ താരതമ്യപ്പെടുത്താന്‍ മറ്റ് വ്യക്തികള്‍ ഇല്ല എന്ന് പറയുമ്പോള്‍ തന്നെ ചിന്തയുടെ നൂതനത്വം കൊണ്ട് വിജയം കൊയ്യാന്‍ ഒരു സ്ഥാപന പിന്തുണയും ആവശ്യമില്ല എന്ന് ബോധ്യമാകും. ചെറിയ പ്രതിസന്ധികളില്‍ പോലും ആടിയുലയുന്നവര്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായി സ്റ്റീവ് ജോബ്സിന്റെ ജീവിതം മാറുന്നത് ഇവിടെയാണ്. മറ്റുള്ളവര്‍ ഉണ്ടാക്കിയ (കമ്പ്യൂട്ടര്‍ , മ്യൂസിക് പ്ലയര്‍ , മൊബീല്‍ ഫോണ്‍ , ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ) ഉപകരണങ്ങളാണ് ആപ്പിള്‍ പരിഷ്‌കരിച്ച് അവതരിപ്പിച്ചത്. അതായത് തികച്ചും പുത്തന്‍ പുതിയ ഉപകരണം അല്ല വിജയത്തിനായി ഇദ്ദേഹം തിരഞ്ഞെടുത്തത്, മറിച്ച് നിലവിലുള്ളവയെ തന്നെ സ്വപ്‌നം ചാലിച്ച് തികച്ചും നൂതനമായ ഒന്നാക്കി മാറ്റി. ഒരോ ഉപകരണം അവതരിപ്പിക്കുന്ന ആദ്യദിനം തന്നെ അത് വിപണിയെ പിടിച്ചു കുലുക്കി . നിലവിലുള്ള പ്രബലരായ ഉത്പാദകരുടെ ഉറക്കം കെടുത്താന്‍ തക്ക എന്ത് സാധനം ആണ് സ്റ്റീവ് ജോബ്സിന്റെ പക്കല്‍ ഉണ്ടായിരുന്നത്? ഉത്തരം ഒന്ന് മാത്രം സ്വപ്‌നം ..സ്വപ്‌നം മാത്രം. ഇതിനെ ഉപകരണമാക്കിമാറ്റാനുള്ള കര്‍മ്മകുശലത എതെങ്കിലും ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നല്ല സ്വയാര്‍ജിതമായാണ് സ്റ്റീവ് ഉണ്ടാക്കിയെടുത്തത്. ഇതാകണം ഇന്ത്യന്‍ സംരംഭകര്‍ക്ക് പകര്‍ത്താനാകുന്നത്. അല്ലെങ്കില്‍ കേവലം ഒരു ബിസിനസ് കാരന്റെ വിജയചരിത്രം മാത്രമായി ഒരു ജീവിതം മാറും.

സ്റ്റീവ് ജോബ്സിന്റെ അവസാന തിരിച്ചടി എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത് തന്നില്‍ പിടിപെട്ട അപൂര്‍വമായ പാന്‍‌ക്രിയാസ് അര്‍ബുദമാണ്. ആറുവര്‍ഷത്തിന് മുന്നെ തന്നെ അര്‍ബുദരോഗം സ്ഥിരീകരിക്കപ്പെട്ടു. ചികില്‍‌സയില്ല എന്നറിയമായിരുന്നിട്ടും കര്‍മമേഖലയില്‍ നിന്ന് ഒരടി പോലും ഇദ്ദേഹം പിന്‍‌മാറിയില്ല എന്ന് മാത്രമല്ല കൂടുതല്‍ തീവ്രമായി തന്റെ സ്വപ്‌നങ്ങളെ താലോലിക്കാനും അത് പ്രാവര്‍ത്തികമാക്കാനും ആണ് സമയം കണ്ടെത്തിയത്. കരിയറിന്റെ അവസാന കാലത്ത് നടത്തിയ പ്രസംഗങ്ങളിലും യുവാക്കളോട് നടത്തിയ ഉപദേശം വിശപ്പുള്ളവനായിരിക്കൂ വിഡ്ഡിയായിരിക്കൂ എന്നതാണ്.

ജനനസമയത്ത്, പഠനകാലത്ത്, സംരംഭകനായിരിക്കെ എറ്റവും ഒടുവില്‍ രോഗാതുരനായി സ്റ്റീവ് ജോബ്സ് പ്രതിസന്ധികളോട് തന്നെയാണ് പടവെട്ടിയത്. ഇതില്‍ നിന്ന് നമുക്ക് പഠിക്കാവുന്നത് വിജയത്തിന് എളുപ്പവഴിയോ കുറുക്കുവഴിയോ ഇല്ല എന്നതാണ്. ചിലര്‍ പറയാറുള്ളത് പോലെ കഠിനാധ്വാനം എന്നും ഇദ്ദേഹത്തിന്റെ ജീവിതവഴിയെ വിശേഷിപ്പിക്കാനാകുമോ? ഇല്ല. മറിച്ച് innovate and improve (നൂതനത്വത്തിലൂടെ പുരോഗതിയുടെ പടവുകളിലേക്ക്) തന്നെയായാണ് നമുക്ക് ഈ ജീവിതത്തില്‍ നിന്ന് പഠിക്കാനാവുന്നത്


3 comments:

വി. കെ ആദര്‍ശ് said...

ആദരാഞ്ജലികളും

Vipin.R.Unnithan said...

hai sir....A most valuable post

geethu mohanan said...

HAI SIR ,
A MOST VALUABLE POST......