Thursday, September 15, 2011

ട്വിറ്റര്‍ മാധ്യമങ്ങള്‍ക്ക് ഒരു വിവര സ്രോതസ്

സെപ്തംബര്‍ 8 ന് രാത്രി 11 മണി കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വന്‍‌ശബ്ദത്തോടെ ഭൂചലനം ഉണ്ടായി. ഉടന്‍ തന്നെ ജനങ്ങളുടെ ഭയം അതേ ദിനം രാവിലെ സംഭവിച്ച ഹൈക്കോടതി- ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു എന്നത് സ്വാഭാവികം എന്നാല്‍ ഈ അവസരത്തില്‍ ചില മാധ്യമങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. തല്‍‌ക്ഷണം തന്നെ ട്വിറ്ററില്‍ അടക്കം അവര്‍ ശബ്‌ദം ഭൂചലനത്തിന്റേതാണന്ന് എഴുതുക മാത്രമല്ല. Earthquake in Delhi. Send us your pictures/videos to email or tweet us #delhiearthquake ഇങ്ങനെ കൂടി ട്വിറ്ററില്‍ കുറിച്ചിട്ടു. ഒരേ സമയം തന്നെ എത്ര സമര്‍ത്ഥമായാണ് വാര്‍ത്താ ശേഖരണത്തിനും ഒപ്പം വാര്‍ത്ത ജനങ്ങളിലെത്തിക്കാനും അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്.

കേരളത്തില്‍ പോയ ഒരു വര്‍ഷത്തിനിടെ എത്രയോ പ്രാവശ്യം അടിയന്തിരമായി ഇടപെടേണ്ട വാര്‍ത്താസംഭവങ്ങള്‍ ഉണ്ടായി, എന്നിട്ടും നമ്മള്‍ ട്വിറ്ററിനെയും ഫേസ്‌ബുക്കിനെയും കാര്യമായി വാര്‍ത്ത ശേഖരിക്കാനുള്ള ഒരു ഇടമായി കാണുന്നില്ല. ഉദാ: ഒരു വിമാനം തെന്നിമാറല്‍ അല്ലെങ്കില്‍ ആളില്ലാത്ത തിവണ്ടിമുറിച്ചുകടക്കല്‍ ഇടത്തെ അപകടങ്ങള്‍ . ഇവിടെ ഒക്കെ ജനങ്ങള്‍ അവരുടെ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ എടുക്കുന്നുണ്ട് അല്ലെങ്കില്‍ ട്വിറ്റില്‍ കുറിക്കുന്നുണ്ട്. മിക്കപ്പോഴും ഇത് റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിയ ശേഷം ആകും ശേഖരിക്കപ്പെടുന്നത്. എന്നാല്‍ നിമിഷനേരം കൊണ്ട് തന്നെ ഇവയെല്ലാം യൂടൂബ് ലിങ്ക് വഴി ചാനലില്‍ കാണിച്ചുകൂടാ. കുറഞ്ഞ പക്ഷം ചിത്രങ്ങള്‍ എങ്കിലും ! ഇതിന് മാത്രമല്ല. നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം പ്രധാന വിവരങ്ങള്‍ അവര്‍ മാധ്യമങ്ങളിലേക്ക് വിളിച്ച് പറയും മുന്നെ തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് സോഴ്സ് ചെയ്ത് എടുക്കാവുന്നതേയുള്ളൂ. വേണമെങ്കില്‍ ആ സംഭവ സ്ഥലത്തുള്ള വിശ്വസിനീയമായ ഒരാളെ ഫോണ്‍ ഇന്‍ ല്‍ കിട്ടുകയും ചെയ്യും, അല്ലെങ്കില്‍ ഉടനെ അവിടെ ചെല്ലാനിടയുള്ള റിപ്പോര്‍ട്ടര്‍ക്ക് ശരിയായ ഒരു സഹായിയായി ആദ്യവിവരം നല്‍കാന്‍ ഇങ്ങനെയുള്ളവര്‍ക്ക് ആകും.
ഡല്‍ഹി ഭൂചലന സമയത്ത് ഉപയോഗിച്ച #delhiearthquake എന്ന ടാഗില്‍ ഒരു സെക്കന്റില്‍ പത്തോളം സന്ദേശങ്ങള്‍ ആദ്യമിനുട്ടില്‍ തന്നെ വന്നുകൊണ്ടിരുന്നു. ഇത് ഒരു പക്ഷെ ആ ചാനലിലും മറ്റുള്ളവര്‍ക്കും കാര്യമായി തന്നെ പ്രയോജനപ്പെടും. സ്ഥലത്തെത്തുന്ന റിപ്പോര്‍ട്ടറുടെ ജോലി കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. മേയ് മാസം ആദ്യം ഒസാമ ബിന്‍ ലാദന്റെ മരണം സ്ഥിരീകരിക്കപ്പെടുന്ന സമയത്ത് ഒരു സെക്കന്റില്‍ 5000 ട്വിറ്റ്കളാണ് പ്രവഹിച്ചത്. പിന്നീട് സംഭവിച്ച മുംബൈ ബോബ് സ്ഫോടന സമയത്തും സന്നദ്ധപ്രവര്‍ത്തകരെ എകോപിപ്പിക്കുന്നതിനും വാര്‍ത്ത ശേഖരിക്കാനും മികച്ച പിന്തുണയാണ് ട്വിറ്റര്‍ നല്‍കിയത്.

ഗൌരവമായ ജേണലിസത്തിന് ട്വിറ്റര്‍ എങ്ങനെ പ്രയോജനപ്പെടുത്താം.

  1. ബ്രേക്കിംഗ് ന്യൂസിന്റെ കണ്ടെത്തലിന് : സാമാന്യം നല്ല രീതിയില്‍ ട്വിറ്റ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പപ്പോള്‍ തന്നെ വിവരം ‌@username ആയി കിട്ടും. ട്വിറ്ററില്‍ ഒരാള്‍ വായിക്കണം എന്ന് സന്ദേശം നല്‍കുന്നയാള്‍ ഉദ്ദേശിച്ചാല്‍ പ്രസ്തുതയാളുടെ ട്വിറ്റ് വിലാസത്തിന് മുന്നില്‍ @ ചേര്‍ക്കും. ഇത് വഴി ഒരു എസ് എം എസ് വായിക്കുന്ന ലാഘവത്തില്‍ അപ്പപ്പോഴുള്ള ബ്രേക്കിംഗ് ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിഞ്ഞു കൊണ്ടിരിക്കാം. ഇല്ലെങ്കില്‍ #ടാഗില്‍ ഒരു പ്രത്യേക വിവരം സാമാന്യത്തിലധികം വരുന്നുണ്ടന്ന് മനസിലായാല്‍ ഉടനെ തന്നെ വാര്‍ത്തയുടെ പ്രഭവകേന്ദ്രം കണ്ടെത്തി റിപ്പോര്‍ട്ടര്‍മാരെ വിന്യസിക്കാം. ഇനി ഒരു വാര്‍ത്ത അറിഞ്ഞു എന്ന് വയ്ക്കുക, കൂടുതല്‍ വിവരങ്ങള്‍ തേടണം എന്നാല്‍ റിപ്പോര്‍ട്ടര്‍മാര്‍ സംഭവസ്ഥലത്ത് എത്താന്‍ സമയവും എടുക്കും എങ്കില്‍ പുതിയ #ടാഗ് ഉചിതമായി നല്‍കിയാല്‍ മതി. ഡല്‍ഹി ഭൂചലന സമയത്ത് #delhiearthquake ആയിരുന്നു വിവരങ്ങളെ കോര്‍ത്തിണക്കാന്‍ ഉപയോഗിക്കപ്പെട്ടത്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്ന് വിളിക്കാവുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാകുന്ന ടെക് സാക്ഷരരായ പൊതുജനം വിവരം ബ്ലോഗിലിടാന്‍ മടിക്കും എന്നാല്‍ ഒരു എസ് എം എസ് പോലെ ലളിതമായ ഘടന ട്വിറ്റിനെ ഇവര്‍ക്കിടയില്‍ പ്രീയങ്കരമാക്കുന്നു. മൊബൈലില്‍ എടുത്ത പടം അല്ലെങ്കില്‍ ആദ്യമാത്ര പ്രതീകരണം ഒരു വരിയായി ട്വിറ്ററില്‍ ഇടുന്നു. അതുകൊണ്ടാണ് ഒരു വാര്‍ത്താമൂല്യം ഉള്ള സംഭവം നടക്കുന്ന അതേ സമയത്ത് തന്നെ നൂറുകണക്കിന് ട്വിറ്റുകള്‍ എത്തുന്നത്. സാങ്കേതികഭാഷയില്‍ TPSഎന്നാണ് പറയുന്നത് ട്വിറ്റ് പ്രതി സെക്കന്റ് ! . ഇത് നോക്കി സംഭവത്തിന്റെ വാര്‍ത്തയാഴം എളുപ്പത്തില്‍ മനസിലാക്കാം .

  2. അഭിമുഖം മികവുറ്റതാക്കാന്‍ : വാര്‍ത്താ മാധ്യമങ്ങളില്‍ അഭിമുഖം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. രസമുള്ള അഭിമുഖത്തിന്റെ രസത്രന്ത്രം അപൂര്‍വമായതും കൃത്യമായ വിവരം ഊറ്റിയെടുക്കാനാവുന്ന ചോദ്യങ്ങള്‍ തന്നെ. ആദ്യന്തമായി ഇത് പത്രപ്രവര്‍ത്തകന്റെ ആഴത്തിലും പരപ്പിലും ഉള്ള വായനയെ ആശ്രയിച്ചിരിക്കും എന്നിരിക്കിലും സമര്‍ത്ഥമായി ട്വിറ്റര്‍ ഉപയോഗിച്ച് ഇന്ന് ചോദ്യങ്ങള്‍ പിറവി കൊള്ളുന്നുണ്ട്. ഉദാ: ഒരു കമ്പനി ഉടമയെ അല്ലെങ്കില്‍ രാഷ്ട്രീയ താരത്തെ ആണ് അഭിമുഖം ചെയ്യുന്നതെന്നിരിക്കട്ടെ , ആ സ്ഥാപനത്തിലെ സര്‍വവിവരവ്യാപിയായ ഒരാള്‍ / രാഷ്ട്രീയക്കാരന്റെ അടുത്ത അനുയായി അല്ലെങ്കില്‍ എതിരാളി നല്‍കുന്ന ഒരു ചോദ്യമുനക്ക് മൂര്‍ച്ചയേറും എന്ന് പറയേണ്ടതില്ലല്ലോ. ടിവി പരിപാടികളില്‍ ഇന്ന് ഒരോ പ്രത്യേക പരിപാടിയും നേരിട്ട് സം‌പ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ അവര്‍ സ്‌ക്രീനില്‍ സ്ഥാപനത്തിന്റെ/പരിപാടിയുടെ ട്വിറ്റ് ഐഡി പ്രദര്‍ശിപ്പിക്കാറുണ്ട്. ഉടന്‍ തന്നെ കാഴ്ചക്കാരുടെ വക ചോദ്യങ്ങളെത്തി തുടങ്ങും. ഇതില്‍ നിന്നും കാമ്പുള്ളവ വാര്‍ത്തവതാരകന്റെ ശബ്ദത്തില്‍ എതിരെയിരിക്കുന്ന പാനലംഗങ്ങള്‍ക്ക് മുന്നില്‍ എത്തും. ചാനലില്‍ വിളിക്കുന്നതും ചോദ്യമെറിയാന്‍ ടെലഫോണ്‍ ക്യൂവില്‍ നില്‍ക്കുന്നതും ഒക്കെ പഴങ്കഥ എന്ന് പറയാം

  3. വിവരാധികാരികതയ്‌ക്ക് : ഒരു ബ്രേക്കിംഗ് ന്യൂസ് പരമ്പരാഗത രീതിയില്‍ എത്തിയാല്‍ ഉടനെ തന്നെ ആധികാരികത ഉറപ്പാക്കാനായും അതിന്റെ മറ്റ് അനുബന്ധവിവര ശേഖരണത്തിനും ട്വിറ്റ് ടാഗുകള്‍ നിരീക്ഷിക്കുന്നത് ഇന്ന് പതിവാണ്. മറ്റ് ചിലപ്പോള്‍ സം‌പ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്ന /അച്ചടിച്ച് വന്ന റിപ്പോര്‍ട്ടുകളിലെ തെറ്റുകളോ അക്ഷരപിശാചോ വരെ കണ്ടുപിടിക്കാന്‍ സ്ഥാപനത്തിന്റെ ട്വിറ്റ് ഐഡിയിലേക്ക് വരുന്ന സന്ദേശങ്ങള്‍ നോക്കിയാല്‍ മതി. ഒരു മൊബീല്‍ നമ്പര്‍ കൊടുത്താല്‍ പോരെ എന്ന് കരുതാം എന്നാല്‍ എസ് എം എസ് അയക്കുന്നതില്‍ പ്രേക്ഷകര്‍ താത്പര്യം ഇല്ല എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു, കാരണം എസ് എം എസ് ഒരു നമ്പരിലേക്ക് മാത്രം പോകുന്ന വിവരമാണ് , പബ്ലിക് ഡൊമൈനില്‍ വിവരം എത്തുന്നുമില്ല ! എഴുതുന്നയാള്‍ക്ക് മാധ്യമത്തെ മാത്രമല്ല മറ്റുള്ളവരെ കൂടിയാണ് അറിയിക്കേണ്ടത്.

  4. കൂടുതല്‍ പ്രേക്ഷകര്‍ /വായനക്കാര്‍ : ഇപ്പോള്‍ നടക്കുന്ന പരിപാടി കാണാനായി/ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാനായി ഉള്ള സന്ദേശങ്ങള്‍ ട്വിറ്റ് പേജില്‍ ഇടുന്നത് മാധ്യമത്തിന്റെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ കൂട്ടും. പ്രത്യേകിച്ചും എന്തെങ്കിലും മൌലികത/പ്രത്യേകത ഉള്ള വിവരം ആണെങ്കില്‍ . ട്വിറ്റര്‍ ഒരു ഉച്ചഭാഷിണി (Twitter amplifying news to traditional media) എന്നാണ് വെബ് ലോകത്തെ വര്‍ത്തമാനം അത് ഒരു പരിധി വരെ ശരിയുമാണ്. ഒരു ട്വിറ്റ് മറ്റൊരാള്‍ എടുത്ത് വീണ്ടും ട്വിറ്റ് ചെയ്യുന്നതിനെ റീട്വീറ്റ് അല്ലെങ്കില്‍ RT എന്നാണ് പറയുന്നത്. ചില സന്ദേശങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആ‍യിരക്കണക്കിന് പുനപ്രക്ഷേപണം നടക്കും. ഇത് മാധ്യമത്തിനോ അല്ലെങ്കില്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ഉള്ള സന്ദര്‍ശകരുടെ എണ്ണം പല മടങ്ങ് വര്‍ധിപ്പിക്കും

  5. പണച്ചിലവ് കുറവ് : ട്വിറ്ററില്‍ എത്താനും സജീവമായി ഉപയോഗിക്കാനും പ്രത്യേകിച്ച് പണച്ചിലവ് അധികമായി ഉണ്ടാകുന്നില്ല, നിലവിലുള്ള ഇന്റര്‍നെറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ തന്നെ ധാരാളം. റിപ്പോര്‍ട്ടര്‍ മാര്‍ക്കെല്ലാം ട്വിറ്റ് ഐഡി ഉണ്ടെങ്കില്‍ സംഗതി കൂടുതല്‍ എളുപ്പമായി എന്ന് പറയാം. വാര്‍ത്ത തേടുന്ന സ്ഥലത്തുള്ളവര്‍ റിപ്പോര്‍ട്ടര്‍മാര്‍ , ന്യൂസ് റൂം , കാഴ്ചക്കാര്‍ , സംഭവത്തിന്റെ ആദ്യ ദൃക്‌സാക്ഷികള്‍ , മറ്റ് വാര്‍ത്താ ഉറവിടങ്ങള്‍ എന്നിവയെ മികച്ച രീതിയില്‍ എകോപിപ്പിച്ച് വാര്‍ത്തയ്‌ക്ക് ആധികാരികതയും മൂല്യവും പുതിയ ഡയമന്‍ഷനുകളും ഉണ്ടാക്കാന്‍ എളുപ്പമാണ്.

  6. ഹാഷ് ടാഗ് (#incident) , @username അടയാളം , ടീ ട്വീറ്റ് (RT) , ലിസ്റ്റുകള്‍ , ഡയറക്‍ട് മെസേജ് (DM) ,സേവ്ഡ് സര്‍ച്ചുകള്‍ , വെബ് വിലസത്തെ ചെറുതാക്കല്‍ (URL Shortners) എന്നീ അനുബന്ധ ഘടകങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ ട്വിറ്റര്‍ ഒന്നാം തരം വാര്‍ത്താ സഹായി ആണ്

  7. ഒപ്പം സ്ഥാപനത്തിന്റെ ലോഗോ / റിപ്പോര്‍ട്ടര്‍മാരുടെ ഫോട്ടോ എന്നിവയും അകമ്പടിയായി ചെറുതും കുറിക്ക് കൊള്ളുന്നതുമായ ഒരു ഒറ്റവരി വ്യക്തി/സ്ഥാപന വിവരണക്കുറിപ്പ് കൂടി എഴുതിയാല്‍ ലക്ഷണമൊത്ത ഒരു ട്വിറ്റ് ഹാന്‍ഡില്‍ ആയി .

    എല്ലാത്തിലും ഉപരിയായി വിവരങ്ങള്‍ ട്വിറ്റ് ചെയ്യുന്നതും ട്വിറ്ററില്‍ നിന്ന് വിവരം ശേഖരിക്കുന്നതും ഒരു നിത്യാഭ്യാസമാക്കിയാല്‍ (Habit) വാര്‍ത്താമൂല്യം കൂട്ടാം വിവരങ്ങള്‍ തല്‍‌ക്ഷണം അറിയുകയും ചെയ്യാം. കമ്പ്യൂട്ടറിനെക്കാളും കൂടുതല്‍ ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ സമീപകാലത്ത് തന്നെ കൂടുതല്‍ ജനകീയമാകാന്‍ സാധ്യതയുള്ളതിനാല്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഒഴിവാക്കാനാകാത്ത അക്ഷയഖനിയാണ് ഇത് എന്നതില്‍ സംശയമില്ല1 comment:

വി. കെ ആദര്‍ശ് said...

ഇന്നത്തെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനം കൂടതല്‍ വായനക്കായി ഇവിടെ കുറിച്ചിടുന്നു