Sunday, July 24, 2011

കാമ്പസ് ഇന്റര്‍വ്യൂ നെ കാമ്പസിന് പുറത്താക്കേണ്ടേ ?

ഇന്ന് എല്ലാ കോളെജുകളും മേന്മഘടകങ്ങളിലൊന്നായി അവതരിപ്പിക്കുന്നത് കാമ്പസ് ഇന്റര്‍വ്യൂ നെയാണ്. അത്രയ്‌ക്ക് മെച്ചമുള്ളതാണോ ഈ സംവിധാനം. . സ്വകാര്യ കമ്പനികളെ പിന്‍‌പറ്റി പൊതു മേഖലാ സ്ഥാപനങ്ങളും ഇപ്പോള്‍ കാമ്പസ് ഇന്റര്‍വ്യൂനെ വരിക്കാന്‍ തുടങ്ങി

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിനു തുനിഞ്ഞിറങ്ങുന്നത് എതിര്‍ക്കപ്പെടേണ്ടതല്ലേ ?
പൊതു പണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് കോളെജുകള്‍ ഇതിനായി തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് പൊതുമേഖലാ എണ്ണശുദ്ധീകരണ സ്ഥാപനമായ ഒ എന്‍ ജി സി കാമ്പസ് റിക്രൂട്ട്‌‌മെന്റ് വഴി ആളെ എടുക്കാന്‍ പോകുന്നെങ്കില്‍ നിശ്ചയമായും നഗര കേന്ദ്രീകൃതമായതും പേരും പെരുമയും ഉള്ള സ്ഥാപനങ്ങളിലേക്ക് മാത്രമായിരിക്കുമല്ലോ ആനയിക്കപ്പെടുന്നത്. അതേ കോളെജിലെ തതുല്യമായ ബിരുദ/ബിരുദാനന്തര ബിരുദം തന്നെ നല്‍കുന്ന ഗ്രാമ/ഇടത്തരം പട്ടണത്തിലെ കോളെജിലെ വിദ്യാര്‍ത്ഥിക്ക് ഒരു പക്ഷെ താന്‍ സ്വപ്‌നം കാണുന്ന കരിയറിലേക്ക് അപേക്ഷ അയക്കാന്‍ പോലും ആകുന്നില്ല എന്ന് പറഞ്ഞാല്‍ അവന്‍ മുന്തിയ ജോലികളില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയല്ലേ.
ഐ ഐ എം /ഐ ഐ ടി/ എന്‍ ഐ ടി മാത്രമല്ല നമ്മുടെ നാട്ടിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളെജുകളിലേക്ക് വരെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുന്നു എന്നത് ഇന്ന് സത്യമാണ്. എന്തുകൊണ്ട് കുറഞ്ഞപക്ഷം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളെജുകളിലേക്ക് പോയ ശേഷം ആകുന്നില്ല ഇവര്‍ രണ്ടാം തരം /മൂന്നാം തരം കോളെജുകളിലേക്ക് എത്തുന്നത്

പോയ ദിവസങ്ങളിലൊന്നില്‍ തീവണ്ടി യാത്രയ്ക്കിടെ ഒരു ഗവ: എഞ്ചിനീയറിംഗ് കോളെജിലെ രണ്ട് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെ കണ്ടു. ഒറ്റ കമ്പനി പോലും ഇവിടെ എത്തിയിട്ടില്ല. അതേ സമയം അമൃത അടക്കമുള്ള കാമ്പസുകളിലേക്ക് പൊതു മേഖലാസ്ഥാപനങ്ങള്‍ പോകുന്നു

അ ) എന്തു മാനദണ്ഡം ഉപയോഗിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ കാമ്പസ് റിക്രൂട്ട്മെന്റിനായി കോളെജുകള്‍ തിരഞ്ഞെടുക്കുന്നത്
ആ ) പൊതുജനങ്ങളുടെ മൂലധനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തിരയാന്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ നിഷ്കര്‍ഷിക്കുന്ന അതേ മാനദണ്ഡങ്ങള്‍ ഉള്ള എല്ലാ യുവാക്കള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹത നല്‍കേണ്ടതല്ലേ. അത് തന്നെയല്ലേ ഭരണഘടന നല്‍കുന്ന തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യവും
ഇ ) ഇങ്ങനെ കാമ്പസ് ഇന്റര്‍വ്യൂ വഴി പൊതുമേഖലാ എണ്ണക്കമ്പനികളിലേക്കും ബാങ്കുകളിലേക്കും വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവിടെ നില്‍ക്കുന്നില്ല എന്നതാണ് സത്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആദ്യ കരിയറിലെ ചവിട്ടുപടി സര്‍ക്കാര്‍ ചിലവില്‍ . ഇവര്‍ക്ക് വേണ്ടത് ഒന്നാം തരം സര്‍ക്കാര്‍ /പൊതുമേഖലാ സ്ഥാപനങ്ങളിലെ രണ്ടോ മൂന്നോ വര്‍ഷം പ്രവര്‍ത്തി പരിചയം മാത്രം. ഉടന്‍ തന്നെ ഇക്കൂട്ടര്‍ സമാനമായ അല്ലെങ്കില്‍ പ്രതിയോഗികളായ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറും. ചുരുക്കത്തില്‍ സര്‍ക്കാര്‍ ചിലവില്‍ ആദ്യവര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ഇവരുടെ യഥാര്‍ത്ഥ പ്രയോജനം ആ സ്ഥാപനത്തിലേക്ക് മുതല്‍ക്കൂട്ടാകുന്ന സമയം ആകുമ്പോഴേക്ക് ഇവര്‍ സ്ഥാപനം വിട്ടിട്ടുണ്ടാകും.
ഈ ) അതേ സമയം തന്നെ കോളെജുകളില്‍ നിന്ന് ശമ്പളത്തിന്‍െ കനം മാത്രം കണ്ട് കരിയര്‍ തിരഞ്ഞെടുക്കാന്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നത് ഐ‌എ‌എസ് പോലെയുള്ള അത്യാകര്‍ഷകമായ തൊഴിലിലേക്ക് പോലും അപകര്‍ഷതാ മനോഭാവം ഉണ്ടാക്കിയിട്ടുണ്ട്. ഇതറിയാന്‍ സമീപ കാലത്ത് സര്‍ക്കാര്‍ കോളെജുകളില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് എത്തുന്നവരുടെ എണ്ണം ഒന്ന് ഓടിച്ച് നോക്കിയാല്‍ മതിയാകും. നേരത്തെ കേരള കേഡര്‍ ഐ‌എ(പി)എസ് കാരില്‍ എഞ്ചിനീയര്‍മാരുണ്ടെങ്കില്‍ അത് മിക്കവാറും കോളെജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം തന്നെയാകും. എന്നാല്‍ ഇന്നോ ? ഇതേ കോളെജിലെ കാമ്പസ് ഇന്റര്‍വ്യൂ കനപ്പെട്ട് തുടങ്ങിയ സമയത്ത് തന്നെ സിവില്‍ സര്‍വീസിലേക്കെത്തുന്ന ഇവിടെ നിന്നുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞും വരുന്നു
ഉ ) സമാനമായ ഒരു തര്‍ക്കം ഇന്ത്യലെ എറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിലെ കാമ്പസ് ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് എത്തി. അവസാനം കോടതി തീരുമാനം എതിരാകും ,ഭാവിയിലെ എല്ലാ കാമ്പസ് ഇന്റര്‍വ്യൂകളും അവതാളത്തിലാകും എന്ന് കണ്ട് ഞങ്ങള്‍ പ്രസ്തുത കാമ്പസ് ഇന്റര്‍വ്യൂവിന് ഇല്ല എന്ന് സത്യവാങ്ങ്മൂലം നല്‍കി അവര്‍ തടിയൂരി
ഊ ) കാമ്പസ് ഇന്റര്‍വ്യൂ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ,അതായത് ഏഴാം സെമസ്റ്ററില്‍ കിട്ടുന്നവര്‍ എട്ടാം സെമസ്റ്ററില്‍ പഠനം ഗൌരവമായേ എടുക്കാറില്ല. എങ്ങനെയോ ക്ലാസ് വര്‍ക്ക് പൂര്‍ത്തിയാക്കി കമ്പനിയിലേക്ക് ചേക്കേറാന്‍ സ്വപ്‌നം കണ്ടാണിരിക്കുന്നതെന്ന് അഭിപ്രായപ്പെടുക മാത്രമല്ല , മത്സരം മൂത്ത് മൂത്ത് മൂന്നാം വര്‍ഷം തന്നെ (അഞ്ചാം സെമസ്റ്ററില്‍ ) കാമ്പസ് ഇന്റര്‍വ്യൂവിന് വരുന്ന കമ്പനികളെ വിലക്കണമെന്ന് അഭിപ്രാ‍യപ്പെട്ടത് അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ശാസ്ത്ര ഗ്രന്ഥകാരനും അണ്ണാ സര്‍വകലാശാല വൈസ് ചാനസലറുമായിരുന്ന ബാലഗുരുസ്വാമി ആണ്

ഇക്കാര്യത്തില്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്

ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ ഇരിക്കുന്ന ചിലരുടെ മക്കള്‍ പഠിക്കുന്ന കോളെജിലേക്ക് തന്നെ അതേ സ്ഥാപനം കാമ്പസ് ഇന്റര്‍വ്യൂന് പോകുന്ന വിരുതുകള്‍ പോലും നടക്കുന്നുണ്ടന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. കാരണം ഒരു പാടും അവശേഷിപ്പിക്കാതെ ഇക്കൂട്ടര്‍ക്ക് മക്കളെ കമ്പനിക്കകത്താക്കമല്ലോ എന്തെളുപ്പം !

ഇത് മാത്രമല്ല ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു സംഗതിയുള്ളത്. പെന്‍ഷന്‍ പദ്ധതി പഴയത് അല്ല ഇപ്പോള്‍ ഉള്ളത്, എത് കമ്പനിയില്‍ ചേര്‍ന്നാലും കൂടെ കൊണ്ട് പോകാന്‍ പറ്റുന്ന പരുവത്തിലുള്ള പെന്‍ഷന്‍ ഫണ്ട് ആണ് പുതിയ തൊഴില്‍ പടയ്‌ക്ക് നിര്‍ബന്ധമായും നല്‍കുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനത്തോട് ഒരു കൂറും ഇല്ലാത്ത മരം ചാടി ചാടി തൊഴില്‍ മാറുന്നവര്‍ക്ക് പേടിക്കാനും ഇല്ല. പണ്ടാണെങ്കില്‍ പെന്‍ഷന്‍ പോകും സേവന കാലയളവില്‍ മുറിവ് (സര്‍വീസ് ബ്രേക്ക്) വീഴും എന്ന് ഭയവും ഉണ്ടാകുമായിരുന്നു. ചുരുക്കത്തില്‍ കാമ്പസ് ഇന്റര്‍വ്യൂ, പെന്‍ഷന്‍ ഫണ്ട് എന്നിങ്ങനെ പരസ്പരം ബന്ധം ഇല്ല എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ബ്ലോക്കുകള്‍ തമ്മില്‍ അഭേദ്യമായ ഇണക്കപ്പൊരുത്തം ഉണ്ട് എന്ന് മനസിലാകും. സ്വകാര്യ സ്ഥാപനങ്ങള്‍ ആകട്ടെ കഴുകന്‍ കണ്ണുമായി സര്‍ക്കാര്‍ /പൊതു മേഖലാ സ്ഥാപനങ്ങളിലെ ആദ്യവര്‍ഷ പരിചയം സിദ്ധിച്ചവരെ വലിയ പാക്കേജ് തന്നെ നല്‍കിയാണ് വീശിപ്പിടിക്കുന്നത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കാമ്പസ് ഇന്റര്‍വ്യൂന് പോകാനുള്ള കാരണമായി പറയുന്ന ഘടകങ്ങള്‍ ഒന്നും അവര്‍ക്ക് ഹിതകരമായി മാറുന്നില്ല എന്നതാണ് സത്യം. സത്യം ഇങ്ങനെ ആയിരിക്കെ പിന്നെയും പിന്നെയും ഇവര്‍ എന്തിനാണ് കാമ്പസ് ഇന്റര്‍വ്യൂവിന് അടിമപ്പെടുന്നത് . ഇന്ത്യയില്‍ ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളെജ് പോലും ഇല്ലാത്ത എത്രയോ ജില്ലകള്‍ ഉണ്ട്. എന്തിന് മൊത്തം ആറ് ലക്ഷം ഗ്രാമങ്ങളില്‍ പകുതിയില്‍ പോലും വൈദ്യുതി വരെ ഇന്നേ വരെ എത്തിയിട്ടില്ല. ഇവിടങ്ങളില്‍ മണ്ണെണ്ണ വിളക്കിന്റെ അല്ലെങ്കില്‍ വഴി വെളിച്ചത്തില്‍ പഠിക്കുന്ന മിടുക്കനും മിടുക്കിക്കും കൂടി അര്‍ഹതപ്പെട്ടതാണ് പൊതു മേഖലാ/സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി


വിപണി മത്സരത്തില്‍ പങ്കാളിയാകുന്നത് അസംസ്‌കൃത വസ്തു (ഫാക്ടറി ആണെങ്കില്‍ ) എടുക്കാനും ഉത്പന്നങ്ങളുടെ / സേവനങ്ങളുടെ വിപണി കണ്ടെത്താനുമാകണം. അല്ലാതെ സ്വന്തക്കാരെ സ്ഥാപനത്തിലേക്ക് തിരുകി കയറ്റാനുള്ള പാര്‍ശ്വ പ്രവേശനദ്വാരം ആയി കാമ്പസ് ഇന്റര്‍വ്യൂ നെ മാറ്റരുത്
ഈ വാര്‍ത്ത നോക്കുക

Campus recruitment to hire employees by PSU banks affected CET for bank job as first exam announcement scheduled in June 2011. In recent years PSU banks hired officers in specialist cadre and Middle Management directly from campus recruitment.

As reported in some banks high officials are successful in placement of their wards via campus placement, RBI intervened and directed banks for general recruitment also.

The Reserve Bank of India (RBI) is of the view that banks should not look at only campus recruitment to hire employees.
"Why should banks rush to recruit from campus? None of us would get a job if recruitment was from campus. Banks must give opportunity to everybody. I am not sure however many from campus will have empathy for the poor of the poorest, RBI deputy governor, K C Chakrabarty said
He indicated that banks should look at hiring across the country and be fair to those in hinterland.
This is required in context of financial inclusion initiative taken by banks and RBI jointly to provide formal banking to all in rural India. Those hired from rural India would be close to ground realities compared to others. (ഉറവിടം : http://www.bankingonly.com/detail-news.php?news_id=622)
1974 മുതല്‍ 1980-82 വരെ കെല്‍ട്രോണ്‍ പിന്തുടര്‍ന്ന് വന്ന ഒരു വഴിയുണ്ടായിരുന്നു. കേരളത്തിലെ എല്ലാ കോളെജുകളില്‍ നിന്നും ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി പാസായവരുടെ ലിസ്റ്റ് വാങ്ങും. അവരില്‍ നിന്നും ടെസ്റ്റും ഇന്റര്‍വ്യൂം നടത്തി ആളുകളെ തെരഞ്ഞെടുക്കും. ഈ കാമ്പസ് തിരഞ്ഞെടുപ്പിനെക്കാളും എന്തുകൊണ്ടും നല്ലത് അത് തന്നെയാണ് . നമ്മുടെ പൊതുമേഖലാ സ്‌നേഹികള്‍ ആയ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എങ്കിലും ഈ കാര്യത്തില്‍ ഇടപെട്ടെങ്കില്‍ ? നഗ്നമായ ഭരണഘടനാ ലംഘനം ആണ് ഇത്തരം കാമ്പസ് റിക്രൂട്ട്മെന്റുകള്‍

കാര്‍ഷിക കോളെജുകളില്‍ നിന്ന് ആര്‍ ഡി ഓ (റൂറല്‍ ഡവലപ്മെന്റ് ഓഫീസര്‍ ) മാരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാമ്പസ് റിക്രൂട്ട്മെന്റ് ആയി തിരഞ്ഞെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇവിടെ സൂചിപ്പിക്കുന്ന പ്രശ്‌നം അത്രയ്ക്കില്ല, കാരണം മറ്റൊന്നുമല്ല. കാര്‍ഷിക ബിരുദം നല്‍കുന്ന സ്വാശ്രയ / ഡീംഡ് (അവരെന്താണാവോ ഈ കൃഷിക്കിറങ്ങാത്തത്?) കോളെജുകള്‍ ഇല്ലാത്തതിനാല്‍ പ്രത്യേകിച്ചും. കേരളത്തില്‍ ആകെ നൂറ്റമ്പതില്‍ താഴെ കാര്‍ഷിക ബിരുദധാരികളല്ലേ വര്‍ഷം തോറും പുറത്തിറങ്ങുന്നുള്ളൂ. ഇവിടെ കാമ്പസ് വഴി തൊഴില്‍ സേനയെ എടുക്കാന്‍ എത്തിയില്ലെങ്കില്‍ പരമ്പരാഗതമായ എഴുത്തുപരീക്ഷ, അഭിമുഖപരിക്ഷ എന്നിവയ്ക്ക് ശേഷം ആളെ എടുക്കാം. അങ്ങനെ ചെയ്യുമ്പോഴും ഇതേ ആളുകള്‍ തന്നെയാകും എത്തുക. അപ്പോള്‍ പരമ്പരാഗത വഴി പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അധിക ചിലവാണ്. പക്ഷെ കോളെജുകളുടെ എണ്ണവും സീറ്റുകളുടെ വണ്ണവും കൂടുമ്പോള്‍ കാമ്പസ് പ്രവേശനം ഇപ്പറഞ്ഞ രീതിയില്‍ ആകില്ല. അവിടെയാണ് കാമ്പസ് റിക്രൂട്ട്മെന്റ് എതിര്‍ക്കപ്പെടേണ്ടത്.
1.
പക്ഷെ എന്നിരുന്നാലും ചെറിയ പ്രശ്‌നങ്ങള്‍ ഇല്ലാതില്ല. ഉദാഹരണത്തിന് ഒരു പൊതു മേഖലാ സ്ഥാപനം മാത്രം ഒരു കാര്‍ഷിക കോളെജില്‍ നിന്ന് 10 ആളെ കഴിഞ്ഞവര്‍ഷം എടുത്തു എന്നിരിക്കട്ടെ. ആകെ സീറ്റ് അന്‍പതോ അറുപതോ ആയിരിക്കേ, മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് എടുക്കാന്‍ ആളെവിടെ?
2.
കൊഴിഞ്ഞ് പോക്ക് തടയാനായി സ്ഥാപനങ്ങള്‍ ഇപ്പോള്‍ ബോണ്ട് തുക നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു ജോലി എന്നത് ജീവന്മരണ പ്രശ്‌നമായതിനാല്‍ കുട്ടികള്‍ ഇത് ഒപ്പിട്ട് കൊടുക്കും. ഇനി ജോലി ഇഷ്ടമില്ല എന്ന് കണ്ടാലോ അല്ലെങ്കില്‍ എം‌എസ്‌സി (അഗ്രി) ക്ക് പ്രവേശനം കിട്ടിയാലോ ചേരാനാകാത്ത അവസ്ഥ ആകും. ബോണ്ട് തുക വാങ്ങി വച്ച് പൊതുമേഖലാ സ്ഥാപനങ്ങളോ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളോ പണിയെടുപ്പിക്കുന്നത്. നിര്‍ബന്ധിപ്പിച്ച് തൊഴിലെടുപ്പിക്കലല്ലേ. ഇത് ഭരണഘടന നല്‍കുന്ന തൊഴില്‍ സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള സര്‍ക്കാരിന്റെ തന്നെ വെല്ലുവിളി അല്ലേ. അവനോ അവള്‍ക്കോ ഇഷ്ടമുള്ളപ്പോള്‍ തൊഴില്‍ മാറാനുള്ള അവസരം ഉണ്ടാകണ്ടേ?
3.
ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സര്‍ക്കാര്‍ /പൊതുമേഖലാ സ്ഥാപനത്തിലേക്ക് പോകുന്നെങ്കില്‍ എന്തുകൊണ്ട് ബോണ്ട് തുക അടയ്ക്കല്‍ ഒഴിവാക്കിക്കൂടാ. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന പരിചയം മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിനോ പൊതുമേഖലാ സ്ഥാപനത്തിനോ അല്ലേ ലഭിക്കുന്നത്. അത് വലിയ ഒരു വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ നല്ലതാണ്.
4.
എന്നാല്‍ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് സ്വകാര്യ സ്ഥാപനത്തിലേക്ക് മരം ചാടുന്നവര്‍ക്ക് ബോണ്ട് തുക ഇപ്പോഴുള്ളത് അത് പോലെ തുടരുന്നതില്‍ തെറ്റില്ല

നാളെ നല്ല ജഡ്‌ജുകളെ കിട്ടാന്‍ കോടതികള്‍ നുവാല്‍‌സിലേക്ക് കാമ്പസ് ഇന്റര്‍വ്യൂ‍ നടത്താന്‍ പോയാല്‍ നമ്മുടെ സര്‍ക്കാര്‍ ലോ കോളെജില്‍ പഠിക്കുന്ന സമര്‍ത്ഥര്‍ക്ക് ജുഡീഷ്യല്‍ സര്‍വീസ് തന്നെ അന്യമാകില്ലേ
. ( NUALS-National University Of Advanced Legal Studies ഐഐടി /ഐ‌ഐ‌എം നിലവാരമുള്ളതും വന്‍‌നഗരങ്ങളില്‍ മാത്രം സാന്നിദ്ധ്യമുള്ളതുമായ മേല്‍ത്തരം ലോ കോളെജാണ് നുവാല്‍‌സുകള്‍ .സമാന്യപൊതുബോധം ഉള്ള രക്ഷകര്‍ത്താക്കള്‍ക്ക് പോലും പുത്തന്‍ കൂറ്റുകാരായ ഇത്തരം ശ്രേഷ്ഠസ്ഥാപനങ്ങളുടെ പേരു പോലും അറിയില്ല പിന്നല്ലേ മക്കളെ അവിടേക്ക് വിടുന്നത്! ഗ്രാമ നഗര വ്യത്യാസം അത്രയ്‌ക്കുണ്ട് നമ്മുടെ നാട്ടില്‍ പഠനസ്ഥാപനം തിരഞ്ഞെടുക്കുന്നതില്‍ എന്നതിന് ഇതില്‍ പരം ഉദാഹരണം വേണോ? CLATഎന്‍‌ട്രന്‍സ് പരീക്ഷ ആണ് ഇവിടേക്കുള്ള പ്രവേശനവഴി)

ഇതേപോലെ തന്നെ ഗ്രാമപ്രദേശത്തെ രക്ഷിതാക്കള്‍ക്ക് ഐ ഐ ടി യും ഐ ടി ഐ യും തമ്മിലുള്ള വ്യത്യാസം പോലും അറിയില്ല എന്നതാണ് സത്യം. സ്വാഭാവികമായും മിടുക്കുള്ളവന്‍ (ള്‍ ) വരെ പ്രാദേശികമായ കോളെജില്‍ പഠിക്കേണ്ടിയും വരുന്നു. ഇവര്‍ക്ക് ഈ പൊതു മേഖലാ സ്ഥാപനങ്ങള്‍ അന്യമാണന്ന് രക്ഷിതാവ് മനസിക്കുമ്പോഴേക്കും സന്തതികള്‍ പഠനം പൂര്‍ത്തിയാക്കി‌യിട്ടുണ്ടാകും. ഇനി കേരളത്തിലെ ഒന്നാം നിര കാമ്പസായ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജ് (ശ്രീകാര്യം) എത്തുന്ന വരില്‍ മുഖ്യപങ്കും തൃശൂര്‍ /പാലാ ഫാക്‍ടറിയില്‍ നിന്നും വിരിയുന്ന എന്‍‌ട്രന്‍സ് കുഞ്ഞുങ്ങള്‍ ആണന്നത് വിദ്യാഭ്യാസ അങ്ങാടിയിലെ പാട്ട്. പാലായിലെ ഫീസ് ലക്ഷമാണ് അവിടെ നിന്ന് പഠിക്കുകയും വേണം. പാവം രക്ഷിതാവ് ഇതെങ്ങനെ താങ്ങും. ഇങ്ങനെ താങ്ങാനാകുന്നവര്‍ നല്ല സാമ്പത്തിക സ്ഥിതി ഉള്ളവരാണന്നതില്‍ തര്‍ക്കമില്ല. ഇങ്ങനെയുള്ള കാമ്പസുകളിലേക്ക് മാത്രം പൊതു സ്ഥാപനങ്ങളുടെ കാമ്പസ് റിക്രൂട്ട്മെന്റ് നീളുന്നത് ഒരു തരത്തിലും നീതികരിക്കാനാകില്ല
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ !

3 comments:

വി. കെ ആദര്‍ശ് said...

കാമ്പസ് ഇന്റര്‍വ്യൂ : സാമൂഹിക പ്രശ്‌നങ്ങള്‍

ബൈജുവചനം said...

മാതൃഭൂമിയിൽ എഡിറ്റഡ് രൂപം വായിച്ചിരുന്നു.ആശംസകൾ..

ഷാജു അത്താണിക്കല്‍ said...

കൊള്ളാം ഒരു പൊതു താല്പര്യമുണ്ടാകുന്ന പോസ്റ്റ്