Thursday, June 09, 2011

മൊബൈല്‍ വഴി പണം അയക്കാം ഇന്‍സ്റ്റന്റായി തന്നെ

നിലവിലുള്ള ഇന്റര്‍നെറ്റ്/മൊബീല്‍ ബാങ്കിംഗിനെ പറ്റി അല്ല പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്, പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന ഐ‌എം‌പി‌എസ് (IMPSഇന്റര്‍ബാങ്ക് മൊബൈല്‍ പേയ്‌മെന്റ് സര്‍വീസ്) എന്ന പുതുനിര സേവനത്തെ പറ്റിയാണ്. ഇപ്പോള്‍ ഉള്ള മൊബൈല്‍ ബാങ്കിംഗില്‍ വളരെ പരിമിതമായ സൌകര്യങ്ങളെ അനുവദിക്കുന്നുള്ളൂ, എന്നാല്‍ IMPS സംവിധാനം വളരെ പ്രാധാന്യമുള്ള ഒട്ടേറെ സേവനങ്ങളെ ഒരു കുടക്കീഴില്‍ ആക്കികൊണ്ടാണ് വരുന്നത്. ഭാരതീയ റിസര്‍വ് ബാങ്ക് ഇത് അംഗീകരിക്കുക മാത്രമല്ല എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താന്‍ രാജ്യത്തെ ബാങ്കുകളെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്നേ വരെ രാജ്യത്ത് പൊതുമേഖലാ/സഹകരണ/ സ്വകാര്യ ബാങ്കുകള്‍ എല്ലാം കൂടി 35 കോടി വ്യക്തിഗത എസ് ബി അക്കൌണ്ട് മാത്രമേ തുറന്നിട്ടുള്ളൂ. പതിനായിരക്കണക്കിന് വിദൂ‍രഗ്രാമങ്ങളില്‍ ഇന്നേ വരെ ഒരു ബാങ്ക് ശാഖപോലും എത്തിയിട്ടുമില്ല. അതേ സമയം ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ 70 കോടി ജനങ്ങളിലേക്ക് ഗ്രാമ നഗര ഭേദമില്ലാതെ മൊബൈല്‍ ഫോണ്‍ എത്തിക്കഴിഞ്ഞു. പുതിയ നീക്കത്തിലൂലൂടെ ഇതുവരെ ബാങ്കിംഗ് സേവനം എത്താത്ത അല്ലെങ്കില്‍ ബാങ്കിലേക്ക് പോകാന്‍ മടിച്ചു നില്‍ക്കുന്ന സമൂഹത്തെ കൂടി ബാങ്കിംഗ് ശ്രംഖലയില്‍ കൊണ്ട് വരാന്‍ ലക്ഷ്യമിടുന്നു.

ഐ‌ എം പി എസ് സംവിധാനത്തിന്റെ ആരംഭദശയില്‍ തന്നെ ജനപ്രീയമായ ഒട്ടേറെ സൌകര്യങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. എത് സമയത്തും എത് സ്ഥലത്ത് വച്ചും ഒരാളുടെ അക്കൌണ്ടില്‍ നിന്ന് മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം കൈമാറാം. പണം കൈമാറ്റം നടന്ന സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാളുടേയും മൊബീലില്‍ സന്ദേശമായി എത്തും.

പ്രത്യേകതകള്‍

എത് ബാങ്കില്‍ നിന്നും എത് ബാങ്കിലേക്കും

24 മണിക്കൂറും ആഴ്ചയില്‍ എഴ് ദിവസവും ലഭ്യത

നിങ്ങളുടെ ബാങ്ക് അക്കൌണ്ട് നമ്പറോ മറ്റ് വിശദാംശങ്ങളോ സ്വീകരിക്കുന്ന വ്യക്തി അറിയില്ല

ലളിതമായ ഉപയോഗ ക്രമം

തികച്ചും വിശ്വസിക്കാവുന്ന കുറ്റമറ്റ സാങ്കേതിക പിന്‍‌ബലം

സാധനങ്ങള്‍ വാങ്ങിയ ശേഷം ഡെബിറ്റ് കാര്‍ഡിന് പകരമായി കടയില്‍ പണമടവിന് ഉപയോഗിക്കാം

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇടനിലക്കാര്‍

ബാങ്ക് സേവനം ലഭിക്കാനായി നിലവില്‍ വിവിധ ശാഖകളില്‍ ഒന്നില്‍ പോകാം അല്ലെങ്കില്‍ എ ടി എം , ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗപ്പെടുത്താം. എന്നാല്‍ മറ്റൊരാള്‍ക്ക് പണം അയക്കണമെങ്കില്‍ പ്രസ്തുത ആളിന്റെ അക്കൌണ്ട് നമ്പര്‍ അറിയേണ്ടതുണ്ട്. ഇത് ഒരു പക്ഷെ വ്യക്തിഗതമായ ഒരു നിര്‍ണായക വിവരമാണ്. നമ്മുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ പുറമേ വെളിപ്പെടുത്താന്‍ മടിയുള്ളവരും ഒരു പക്ഷെ അങ്ങനെ നല്‍കിയാല്‍ ദുരുദ്ദേശത്തോടെ സങ്കീര്‍ണവിവരങ്ങള്‍ ഖനനം ചെയ്‌തെടുക്കാന്‍ അതിവിദഗ്ദരും എറെയുള്ള നാട്ടില്‍ പൊല്ലാപ്പാകും എന്ന് പറയേണ്ടതില്ലല്ലോ. ഈ പുതിയ സംവിധാനത്തില്‍ നിങ്ങള്‍ അക്കൌണ്ട് നമ്പര്‍ നല്‍കേണ്ടതില്ല.

നിലവിലെ രീതി : മിക്ക ബാങ്കുകളും മൊബൈല്‍ ബാങ്കിംഗ് സേവനം നല്‍കുന്നുണ്ടെങ്കിലും അവരവരുടെ പ്ലാറ്റ്‌ഫോം ആണ് ഇതിന് ഉപയോഗിക്കുന്നത്. ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൌണ്ടിലേക്കുള്ള പണകൈമാറ്റം എന്‍‌ഇ‌എഫ്‌ടി (നാഷണല്‍ ഇലക്‍ട്രോണിക് ഫണ്ട് ട്രാന്‍സ്‌ഫര്‍ ) വഴിയാണ്. ഇതാകട്ടെ ഉടനടി കൈമാറ്റം ചെയ്യില്ല. വിവിധ ബാച്ചുകളിലായി പകല്‍ 9 നും 7നും മധ്യേ ആണ് വിനിമയം ചെയ്യുന്നത്. ഇതിന് പലബാങ്കുകളും പല നിരക്കില്‍ ചാര്‍ജും ഈടാക്കുന്നുണ്ട് . ആര്‍ക്കാണൊ പണം അയക്കുന്നത് അയാളുടെ അക്കൌണ്ട് നമ്പറും മറ്റ് വിശദാംശംങ്ങളും ഇപ്പോഴുള്ള സംവിധാനത്തില്‍ നിര്‍ബന്ധമായും വേണം. എന്നാല്‍ പുതിയ സംവിധാനം ഇതിന്റെ മൊത്തത്തിലുള്ള പൊളിച്ചെഴുത്താണ് ലക്ഷ്യമിടുന്നത്

നിലവില്‍ ബാങ്ക് അക്കൌണ്ട് ഉള്ള എല്ലാ ഉപയോക്താക്കള്‍ക്കും IMPS സേവനം ലഭ്യമാണ്. ഇതുവരെ 20 ബാങ്കുകള്‍ സംവിധാനത്തില്‍ ചേര്‍ന്ന് കഴിഞ്ഞു. മറ്റുള്ളസ്ഥാപനങ്ങളും ഇതിലേക്ക് വരാനുള്ള പാതയിലാണ്. 6 ബാങ്കുകള്‍ക്ക് സുസജ്ജമായ സര്‍ട്ടിഫിക്കേഷനും ലഭിച്ചു കഴിഞ്ഞു.


പ്രവര്‍ത്തനരീതി :നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടിന്റെ ഡാറ്റാബേസില്‍ ചേര്‍ക്കുക. മിക്കപ്പോഴും ഇത് നല്‍കിയിട്ടുണ്ടാകും. നിലവില്‍ എസ് എം എസ് അലര്‍ട്ട് ലഭിക്കുന്നുണ്ടങ്കില്‍ നിങ്ങളുടെ നമ്പര്‍ ബാങ്കിന്റെ വിവരക്കലവറയില്‍ ഉണ്ടെന്നര്‍ത്ഥം. അടുത്തതായി അതാത് ബാങ്കില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ IMPSനുള്ള പ്രത്യേക നമ്പര്‍ നേടുക. എം എം ഐ ഡി (MMID) എന്നാണ് ഈ നമ്പറിന്റെ പേര്. വളരെ ലളിതമായി ഇത് നേടാം, ബാങ്കില്‍ പോകേണ്ടതില്ല, നമ്മുടെ അക്കൌണ്ട് നമ്പറുമായി രജിസ്റ്റര്‍ ചെയ്ത മൊബീല്‍ നമ്പറില്‍ നിന്ന് ഒരു സന്ദേശം ബാങ്ക് ഇതിനായി ഏര്‍പ്പെടുത്തിയ നമ്പറിലേക്ക് അയച്ചാല്‍ ഉടന്‍ തന്നെ 7 അക്ക MMID കിട്ടും. അടുത്തതായി ഒരു പാസ്‌വേഡ് (MPIN) ലഭിക്കണം ഇതിനും എസ് എം എസ് അയച്ചാല്‍ മതിയാകും. ഇത്രയുമായാല്‍ നിങ്ങളുടെ അക്കൌണ്ട് പുതിയ മൊബൈല്‍ ബാങ്കിംഗിന് സജ്ജമായി കഴിഞ്ഞു. ഒരോ ബാങ്കുകളും ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അതാത് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും.

പണം സ്വീകരിക്കാന്‍ നിലവില്‍ MPIN നേടണമെന്നില്ല, എന്നാല്‍ പണം അയക്കാന്‍ ഇത് നിര്‍ബന്ധം. ആരാണോ നിങ്ങള്‍ക്ക് പണം അയക്കാന്‍ പോകുന്നത് അല്ലെങ്കില്‍ പതിവായി പണം അയക്കുന്നത്. അയാളുടെ മൊബൈല്‍ നമ്പറും ആ നമ്പറുമായി കൂട്ടിയിണാക്കി രജിസ്റ്റര്‍ ചെയ്ത MMID അറിഞ്ഞാല്‍ പണം അയക്കാന്‍ കേവലം ഒരു മൊബൈല്‍ സന്ദേശദൂരം മാത്രം. ഉദാ: ദൂരെദേശത്തെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കുട്ടിക്ക് രക്ഷിതാവ് പതിവായി പണം അയക്കുമല്ലോ. അസമയത്തോ മറ്റോ പണത്തിന് അത്യാവശ്യം നേരിട്ടാല്‍ ഈ രീതിയില്‍ നിമിഷം കൊണ്ട് പണം എത്തേണ്ടിടത്ത് എത്തിക്കാം. ഉടന്‍ തന്നെ സമീപത്തെ എ ടി എം ല്‍ നിന്ന് കുട്ടിക്ക് പണം പിന്‍ വലിക്കാം. ഇനി അല്ല ഹോസ്റ്റല്‍ പണം അടയ്ക്കുക, സര്‍വകലാശാലാ ഫീസ് അടയ്ക്കുക എന്നിവ ആണെങ്കില്‍ അതും ഇതേ മാതൃകയില്‍ തന്നെ കുട്ടിക്ക് ചെയ്യാം എടി‌എം ലും പോകേണ്ടതില്ല. സംവിധാനം പൂര്‍ണതോതില്‍ എത്താന്‍ സമയം എടുക്കുമെങ്കിലും നിലവിലെ പുരോഗതി അതിവേഗത്തിലാണ്. പരിമിതമായി മാത്രം ആള്‍ക്കാര്‍ അറിഞ്ഞ ഈ സേവനത്തില്‍ പോയ മാസം 3965 ക്രയവിക്രയം നടന്നു, 155.85 ലക്ഷം രൂപയും വിനിമയം ചെയ്തു. 35 കോടി മൊത്തം ബാങ്ക് അക്കൌണ്ടില്‍ വെറും 1 കോടി പേര്‍ മാത്രമാണ് നാളിതു വരെ വിവിധ ബാങ്കുകളിലായി MMID നേടിയിട്ടുള്ളത്. പ്രത്യേക പരസ്യപ്രചരണങ്ങളും തുടര്‍ന്ന് ഉപയോഗം സാര്‍വത്രികമാകുന്നതോടെയും ഒരു പക്ഷെ എ‌ടി‌എം നെക്കാളും സുശക്തമായ ശ്രംഖലയായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്നിലേറെ അക്കൌണ്ട് ഉള്ളവര്‍ക്ക് ഒരു മൊബൈല്‍ നമ്പറില്‍ തന്നെ വിവിധ ബാങ്കുകളുടെ MMID കൂട്ടിചേര്‍ക്കാം. മറ്റൊരാള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ,MMID നമ്പര്‍ കൊടുക്കുന്നതിലൂടെ ഒരു കാരണവശാലും അക്കൌണ്ടിന്റെ വിശദാംശങ്ങള്‍ അല്ല നല്‍കുന്നത് എന്ന രഹസ്യസ്വഭാവവും മേന്മയും ഉണ്ട്. MPIN വേണമെങ്കില്‍ പലപ്രാവശ്യമായി മാറാം, ഇപ്പോഴത്തെ എ ടി എം , ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ്‌വേഡ് മാറ്റുന്നത് പോലെ.

റിസര്‍വ് ബാങ്ക് അടുത്തിടെ ചെറിയ കടകളിലെ പണമിടപാടിനും (Merchant Payments) പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. അതായത് കടയില്‍ നിന്നും സാധനം വാങ്ങിയ ശേഷം ഒരു എസ് എം എസ് അയച്ച് പണമടവ് നടത്താം. ഉടന്‍ തന്നെ കടയുടമയുടെ മൊബൈലില്‍ തുക എത്തിയ സന്ദേശം കിട്ടും. അദ്ദേഹം ട്രാന്‍സാക്ഷന്‍ കോഡ് രേഖപ്പെടുത്തിയ ബില്‍ തരും. ചില്ലറ ഇല്ല പിന്നെ തരാം തുടങ്ങിയ പൊല്ലാപ്പ് ഇല്ലല്ലോ ! തീര്‍ന്നില്ല റേയില്‍‌വേ സ്റ്റേഷനിലേക്ക് പോകും വഴി തന്നെ പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കാം എന്ന് വന്നാലോ ? പ്ലാറ്റ് ഫോം ടിക്കറ്റ് മൊബൈല്‍ സന്ദേശമായി എത്തും. പോരേ

ഓട്ടോ/ടാക്‍സി യാത്ര കഴിഞ്ഞ് കൂലി ഇത്തരത്തില്‍ ഡ്രൈവറുടെ അക്കൌണ്ടില്‍ കോടുക്കുന്ന കാലവും പലരില്‍ നിന്ന് കിട്ടുന്ന കൂലി, പെട്രോള്‍ ബങ്കിലും ഇങ്ങനെ തന്നെ കൈമാറ്റം ചെയ്ത് എണ്ണ നിറയ്ക്കുന്ന കാലവും അങ്ങകലെ ആണോ ?

ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ദിന പരിധി 50,000 രൂപയും എസ് എം എസ് അടിസ്ഥാനമാക്കിയുള്ള സേവനമാണ് ഉപയോഗിക്കുന്നതെങ്കില്‍ ദിനപരിധി 5000 രൂപയും ആണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്, ഇത് ഉയര്‍ത്തിയേക്കാം. നിലവില്‍ ഒരു പണകൈമാറ്റത്തിന് 10 പൈസ ആണ് NPCI ഈടാക്കുന്നത്. നിങ്ങളുടെ രജിസ്റ്റര്‍ ചെ‌യ്‌ത മൊബൈല്‍ നമ്പറില്‍ നിന്നേ ഈ ക്രയവിക്രയമെല്ലാം അനുവദിക്കുകയുള്ളൂ, അഥവാ നമ്പര്‍ മാറിയാല്‍ ബാങ്ക് ശാഖയെ സമീപിച്ച് വേണ്ട ക്രമീകരണം നടത്തുക .

വിശദാംശങ്ങള്‍ക്ക് http://www.npci.org.in


4 comments:

വി. കെ ആദര്‍ശ് said...

പണം കൈമാറ്റം ഉടനടി

S.V.Ramanunni said...

Good Idea. which banks in kerala giving this service now.

MEHAR.P said...

Please link exchange with my blog www.mehar.tk?

MEHAR.P said...

www.2011networktricks.blogspot.com