Thursday, February 10, 2011

വര്‍ത്തമാന പത്രത്തിന്റെ അടുത്ത അവതാരം

വാര്‍ത്തയും വിശകലനങ്ങളുമായി പ്രഭാതത്തില്‍ നമ്മെ തേടി വരാറുള്ള ദിനപത്രങ്ങളുടെ ഭാവിയെ തന്നെ ബാധിച്ചേക്കാവുന്ന ഒരു മാറ്റത്തിന് പോയ വാരം തുടക്കം കുറിച്ചു. സാധാരണ മേശപ്പുറ കമ്പ്യൂട്ടറുകള്‍ അടക്കിവാണിരുന്ന സമയത്ത് എത്തിയ ലാപ്‌ടോപ്പ് വ്യക്തിഗത കമ്പ്യൂട്ടിംഗിന്റെ വിപണിയെ തന്നെ മാറ്റിമറിച്ചു എന്നത് വസ്‌തുതയാണ്. എന്നാല്‍ ആ ലാപ്ടോപ്പിനെയും കടപുഴക്കിയെറിഞ്ഞു കൊണ്ടാണ്ട് 2010 ജനുവരിയില്‍ വിപണിയിലെത്തിയ ടാബ്‌ലറ്റുകള്‍ വിപണി വാഴുന്നത്. കേവലം ഒരു വര്‍ഷത്തുനുള്ളില്‍ തന്നെ ദശലക്ഷക്കണക്കിന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിറ്റഴിക്കപ്പെട്ടു. യാത്രാവേളയിലും ഓഫീസ് സമയത്തും ഒക്കെ വ്യക്തിപരമായ വിവരങ്ങള്‍ ചികയാനും മറ്റ് വിനോദോപാധികള്‍ക്കുമായി ടാബുകള്‍ ഇന്ന് നിര്‍ണായക സ്വാധിനം ചെലുത്തുന്നു. ആപ്പിള്‍ ഐ പാഡ് ആണ് നിലവിലെ ടാബ്‌ലറ്റ് രംഗത്തെ സ്വാധീനശക്തി.. ഈ ഐ പാഡിന്റെ സ്‌ക്രീന്‍ പ്രതലത്തിലേക്ക് വര്‍ത്തമാന പത്രത്തെ ഇരുപ്പുറപ്പിക്കാനുള്ള ശ്രമമാണ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ അധ്യക്ഷതയിലുള്ള ന്യൂസ് കോര്‍പ്പറേഷന്‍ നടത്തിയത്. ഐ പാഡില്‍ മാത്രം കിട്ടുന്ന ഒരു പത്രത്തിന്റെ പിറവി. ‘ദി ഡെയ്‌ലി’ എന്ന് പേരിട്ടിരിക്കുന്ന ഈ പത്രം സൌജന്യമല്ല., വെബ്സൈറ്റ് പതിപ്പുമില്ല. അതായത് സാധാരണ പത്രത്തെ പോലെ ആഴ്ച/വാര്‍ഷിക വരിസംഖ്യ എല്ലാം ഒടുക്കണം. ദിനം തോറും വാര്‍ത്തയും ചിത്രങ്ങളും ഒക്കെയായി പ്രഭാതത്തില്‍ പത്രം സ്‌ക്രീനില്‍ പുതുക്കിയ പേജായി എത്തും. ഇ-വായനയെ എറെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധ്യതയുള്ള ഒരു നീക്കമാണ് ന്യൂസ് കോര്‍പ്പറേഷന്റെ ‘ദി ഡെയ്‌ലി’ എന്ന ഡിജിറ്റല്‍ പ്രസിദ്ധീകരണം..

(ച്ചടി ) വായനയില്‍ നിന്ന് ഇ(ലക്‍ട്രോണിക് ) വായനയിലേക്കുള്ള മാറ്റം.

കേവലം ഓണ്‍‌ലൈന്‍ പത്രമായല്ല ഇത് കൂടുമാറുന്നത്. മറിച്ച് മള്‍ട്ടിമീഡിയ പകര്‍ന്നു നല്‍കുന്ന എല്ലാ സാധ്യതകളും പരമാവധി ഉപയോഗിക്കുന്നതിനോപ്പം തന്നെ പരമ്പരാഗത പത്രത്തിന്റെ തനിമ വിടാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. അതാത് സെക്കന്റില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഓണ്‍‌ലൈന്‍ സൈറ്റുകള്‍ ഈ മാധ്യമ വമ്പന്റെ കൂടയില്‍ ഉണ്ട് അപ്പോഴാണ് തികച്ചും നൂതനമായ രീതിയില്‍ ആണ് ടാബ്‌ലറ്റ് പത്രം അണിയിച്ചൊരുക്കാന്‍ ശ്രമിച്ചിരിക്കുന്നത്.. കാണാന്‍ പത്രത്തെ പോലെ തന്നെ, എത്തുന്ന സമയവും രീതിയും അതേ പോലെ. പുറത്തിറക്കിക്കൊണ്ട് കമ്പനി പറഞ്ഞത് ‘നവകാലം നവജേണലിസം ആവശ്യപ്പെടുന്നു’ എന്നാണ്. അതായത് കേവലം വാര്‍ത്തയും ചിത്രവും മാത്രമല്ല, ഒപ്പം ഇന്‍ഫോഗ്രാഫിക്‍സ് ശൈലിയിലുള്ള ഇന്ററാക്‍ടിവ് ഫീച്ചറുകളും ഉണ്ടാകും. എന്താണ് ഇതിന്റെ മെച്ചം .അവതരിപ്പിക്കനുദ്ദേശിക്കുന്ന വാര്‍ത്ത ഒരു ആനിമേഷന്‍ (പൂര്‍ണമായ അര്‍ത്ഥത്തില്‍ അല്ല എങ്കിലും) പശ്ചാത്തലത്തില്‍ എത്തും . ഒരു വിമാനാപകടം നടന്നാലോ അല്ലെങ്കില്‍ ആഴമേറിയ ഖനിക്കുള്ളില്‍ അകപ്പെട്ട തൊഴിലാളികളുടെ ദൈന്യതയുടെ വാര്‍ത്തയോ എത്തുന്നത് അതിന്റെ വിശദമായ ഇന്ററാക്‍ടീവ് സാധ്യതകളുമായി ആകും. ഇത് സാധിക്കണമെങ്കില്‍ പത്രത്തിലെ എഴുത്ത്,,ചിത്രമെടുപ്പ്,വരപ്പ്,പേജ് രൂപകല്പന,ആനിമേഷന്‍ എന്നീ സംഘങ്ങളിലെ കുറച്ച് പേര്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കാരണം ഇന്‍ഫോഗ്രാഫിക് നല്‍കുന്നത് സമഗ്രമായ അറിവാണ്.

ആപ്പിള്‍ കൃത്യം ഒരു വര്‍ഷം മുന്‍‌പ് വിപണിയിലെത്തിച്ച ഐ‌പാഡ് അത്ഭുതകരമായ രിതിയില്‍ വിപണി കീഴടക്കുന്നതിന്റെ തെളിവാണ് ഈ ടാബ് പത്രം. നിലവില്‍ കിന്‍‌ഡില്‍ പൊലെയുള്ള ഇ ബുക്കുകളും ടാബ് ആപ്ലിക്കേഷനുകള്‍ തയാറാക്കിക്കഴിഞ്ഞു. ചുരുക്കത്തില്‍ സമ്പൂര്‍ണ വായനാ വിപ്ലവം ആണ് ടാബുകളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ആപ്പിള്‍ ഐപാഡിനെ അനുകരിച്ചോ അല്ലാതെയോ വിപണിയില്‍ അനവധി ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. ഇവയില്‍ ഏറിയപങ്കും ഗൂഗിള്‍ ആന്‍‌ഡ്രോയ്‌ഡ് എന്ന പ്ലാറ്റ്ഫോമിലാണ് നിലകൊള്ളുന്നത്. വളരുന്ന ടാബ് വിപണിയുടെ സ്‌പന്ദനം ഉള്‍ക്കൊണ്ട് ഗൂഗിള്‍ പുതിയ പതിപ്പ് ആന്‍‌ഡ്രോയ്ഡ് ഹണികോമ്പ് എന്ന വാണിജ്യനാമത്തില്‍ ഇപ്പോള്‍ എത്തിച്ചു. സാംസങ്ങ്, എല്‍ ജി, മൊട്ടോറോള എന്നിവര്‍ ടാബ് ഉപകരണങ്ങളുടെ വലിയ നിരതന്നെ അണിയറയില്‍ തയാറാക്കുന്നു. ഒപ്പം ഇന്ത്യയില്‍ നിന്ന് ആദം എന്ന വിസ്‌മയവും.

നിലവിലെ ഐ പാഡ് പത്രം മര്‍ഡോക്ക് ഇറക്കിയതും ആപ്പിള്‍ ഐ പാഡ് ഇന്ത്യയില്‍ ഐദ്യോഗികമായി എത്തിയതും എതാണ്ട് ഒരേ ആഴ്ചയില്‍ തന്നെ എന്നത് കേവലം യാദൃശ്ചികമാണോ ?

ഇന്ത്യന്‍ സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വഴിയെത്തുന്ന ടാബ് പത്രങ്ങളാകും സമീപ ഭാവിയില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധ്യത കാണുന്നത്. 1995 ന്റെ പകുതിയില്‍ ഇന്ത്യയിലെത്തിയ ഇന്റര്‍നെറ്റിന്റെ ചുവടുപിടിച്ച് എതാണ്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ ചെറുതും വലുതുമായ മിക്ക ഇന്ത്യന്‍ പത്രങ്ങളും ഓണ്‍‌ലൈന്‍ പത്രങ്ങള്‍ നെറ്റില്‍ എത്തിച്ചു എന്നത് ചരിത്രം. ഇതില്‍ ചിലതെല്ലാം അച്ചടി പതിപ്പുകള്‍ പോലെ സാമ്പത്തികലാഭം ഉണ്ടാക്കുകയോ അതിനെക്കാള്‍ മുന്നാക്കം പോകുകയോ ചെയ്യുന്നു. ഇപ്പോഴത്തെ ടാബ് പത്രം ഒരു തരംഗമാകുകയാണങ്കില്‍ കേവലം രണ്ട് വര്‍ഷം പോലും എടുക്കില്ല നമ്മുടെ നാട്ടിലെ പത്രങ്ങളായ പത്രങ്ങളെല്ലാം ടാബ് അവതാരവുമായി വാര്‍ത്താ വിരുന്നൊരുക്കാന്‍

2 comments:

വി. കെ ആദര്‍ശ് said...

ടാബ്‌ലറ്റ് പത്രവും വായനക്കാര്‍ക്ക് പുതുമ ഉണ്ടാക്കുമോ, കാത്തിരുന്ന് കാണാം

S.V.Ramanunni said...

മൊബലിൽ- ആൻഡ്രോയ്ഡ് ഇപ്പോൾ തന്നെ മിക്കവാറും പത്രങ്ങൾ ലഭ്യം. രഘുവിന്റെ കയ്യിൽ 4“ സോണി എറിക്ക്സൺ കണ്ടു. എല്ലാം സുഖമായി വായിക്കാം..