Friday, January 07, 2011

കാലചക്രമുരുളും കമ്പ്യൂട്ടറും

വായനയുടെ ശൈലിയെ തന്നെ കം‌പ്യൂട്ടര്‍ /മൊബീല്‍ ഫോണ്‍ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു എന്നത് പുതുമയുള്ള വാര്‍ത്തയോ വിശകലനമോ അല്ലാതായിരിക്കുന്നു.അസംഖ്യം വെബ്‌സൈറ്റുകളാണ് ഇന്ന് വിവരരാജപാതയിലേക്കുള്ള യാത്രയില്‍ നമ്മെ സഹായിക്കാനുള്ളത്. പത്രമാസികകള്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ പോര്‍ട്ടല്‍ തുടങ്ങുന്നത് നിലവിലുള്ള പ്രസിദ്ധീകരണത്തിന്റെ വെറുമൊരു ഉപശാഖ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കഥ മാറി. വെറുമൊരു വെബ്‌സൈറ്റ് മാത്രമെന്നത് ഒരു പക്ഷെ ബാധ്യത തന്നെയായി മാറുമെന്നത് അനുഭവപാഠം. ഒരു വെബ്‌പോര്‍ട്ടല്‍ ആവശ്യപ്പെടുന്നത് അച്ചടിക്കുള്ളതിന്റെയോ അല്ലെങ്കില്‍ അച്ചടിച്ചുവന്നതിന്റെയോ ഇ-പകര്‍ത്തി വയ്‌ക്കല്‍ അല്ല മറിച്ച് ഈ നവമാധ്യമം ആവശ്യപ്പെടുന്നതലത്തില്‍ വിവരക്കലവറ(ഡാറ്റാബേസ്)യെ മാറ്റിയെടുക്കുകയാണ്. ബ്ലോഗ്,ട്വിറ്റര്‍ ,ഫേസ് ബുക്ക് എന്നിവ ഈ കാഴ്ചപ്പാട് വച്ച് നോക്കുമ്പോള്‍ മടിപിടിച്ച സ്ഥാപനങ്ങള്‍ക്ക് അവസരമല്ല മറിച്ച് വായനക്കാരുടെ പരാതിപറച്ചിലുകള്‍ക്കോ അല്ലെങ്കില്‍ കുറ്റപ്പെടുത്തലുകള്‍ക്കോ ഉള്ള എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കലാണ്. ഉദാഹരണത്തിന് നമ്മള്‍ വായിക്കുന്ന പുതിയ ഒരു പുസ്തകം പൌലോ കൊയ്‌ലോ അല്ലെങ്കില്‍ ചേതന്‍ ഭഗത്തിന്റെതാണന്ന് വിചാരിക്കുക. ഈ രണ്ട് എഴുത്തുകാരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്പപ്പോള്‍ വിവരവിനിമയം നടത്തുന്നവരാണന്നതിനാല്‍ പറയുന്നു അത്രമാത്രം. പ്രസ്തുത പരിഭാഷ വായനയെ മുന്നോട്ട് നയിക്കാത്ത വിധത്തില്‍ കല്ലുകടി ഉള്ളതാണങ്കില്‍ നിങ്ങള്‍ എന്തുചെയ്യും. അവരുടെ പേരിലേക്ക് ഒരു ട്വിറ്റര്‍ /ഫേസ്ബുക്ക് സന്ദേശം ഇടും. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലത്തെ സന്ദേശത്തിന് ഇമെയില്‍ കാലഘട്ടത്തിനെക്കാള്‍ ഉള്ള മറ്റൊരു പ്രത്യേകത, ഇത് എഴുതുന്ന ആളും വായിക്കുന്ന ആളും തമ്മില്‍ മാത്രമുള്ള അന്യോന്യ സംസാരമല്ല, ഒപ്പം നമ്മുടെ കൂട്ടുകാര്‍ക്കും ഇത് വായിക്കാമെന്നതാണ്. കഴമ്പും കാമ്പുമുള്ള സന്ദേശമാണങ്കില്‍ അവര്‍ വീണ്ടും ഇത് പകര്‍ത്തി വച്ച് ചങ്ങലക്കണ്ണിപോലെ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാപിക്കും. എന്തായിരിക്കും ഫലം. രണ്ട് സാധ്യതകള്‍ ഇതാണ് ഒന്ന്, മൂലകൃതി എഴുതിയ ആള്‍ തര്‍ജമ ചെയ്‌ത ആളിനെയോ അല്ലെങ്കില്‍ സ്ഥാപനത്തെയോ സമീപിക്കും പരാതിപ്പെടും ചിലപ്പോള്‍ പിണങ്ങും എന്നാല്‍ രണ്ടാമത്തെ സാധ്യത അല്‍പ്പം അപകടം പിടിച്ചതാണ് കാരണം പുസ്തകം വാങ്ങാം എന്ന് കരുതുന്നവര്‍ ഒരു പക്ഷെ ഒരു രണ്ടാമതൊന്ന് ചിന്തിക്കാം, പുസ്തകക്കടയില്‍ ചെന്ന് നല്ല പോലെ പരിശോധിച്ച ശേഷമേ വാങ്ങൂ. ചുരുക്കത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കാലത്ത് വായനക്കാരന്‍ /ഉപഭോക്താവ് പതിയെ യഥാര്‍ത്ഥ രാജാവ് ആയിക്കൊണ്ടിരിക്കുന്നു. അതേ സമയം തന്നെ പ്രസ്തുത പുസ്തകം ഉന്നതമായ വായനാനുഭവം നല്‍കിയെങ്കില്‍ അത് ഉടനടി നേരത്തെ പറഞ്ഞ അതേ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും എഴുതിയ/പരിഭാഷപ്പെടുത്തിയ ആള്‍ക്ക് സന്തോഷവും മുദ്രണാലയത്തിന് കൂടുതല്‍ പ്രതി വിറ്റഴിക്കാനുള്ള സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. ഈ പറഞ്ഞ കാര്യം ഉപഭോക്‍തൃ ഉല്പന്നങ്ങള്‍ക്കെല്ലാം ബാധകമാണ് എങ്കിലും വായനയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗൌരവമുള്ളതിനാല്‍ സൂചിപ്പിച്ചെന്നേയുള്ളൂ.

വാര്‍ത്തയുമായി ബന്ധപ്പെട്ട ഇ-വായനയുടെ മറ്റൊരു ശ്രദ്ധേയ സാഹചര്യം ആക്ടിവിസത്തിന്റെ പുതിയ രീതിയാണ്. ബിനായക് സെന്നിനെതിരെയുള്ള വിധി വന്ന് ക്ഷണനേരം കൊണ്ട് ആയിരക്കണക്കിന് ട്വിറ്റുകളും ഫേസ്‌ബുക്ക്/-മെയില്‍ സന്ദേശങ്ങളും പ്രവഹിക്കപ്പെട്ടു. പലതും കേവലം അമര്‍ഷം/വിയോജിപ്പ് മാത്രമല്ല പഴയവാര്‍ത്തകളും വിശദമായ വിശകലനവും ഉള്ള പേജുകളിലേക്ക് കണ്ണികളാക്കുന്നവയായിരുന്നു. ഓണ്‍‌ലൈന്‍ പരാതി ഒപ്പിടല്‍ സര്‍വകാല റെക്കോഡിലേക്കെത്തി. അതായത് മാധ്യമങ്ങള്‍ ഇന്റര്‍നെറ്റ് പൂര്‍വകാലത്ത് വഹിച്ചിരുന്ന ഇടപെടല്‍ ഇന്ന് സമര്‍ത്ഥമായി നടത്തുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളാണ്. ദിനപത്രങ്ങളിലെ തെറ്റും അല്ലെങ്കില്‍ എതെങ്കിലും ഒരു മാധ്യമം ഒഴിവാക്കുന്ന/ഒതുക്കുന്ന/വളച്ചൊടിക്കുന്ന വാര്‍ത്തയെപ്പറ്റിയ അന്തമില്ലാത്ത ഗൂഗിള്‍ ബസ് ചര്‍ച്ചയും കണ്ടാല്‍ മാധ്യമവിമര്‍ശനത്തിന്റെ താക്കോലാണ് സോഷ്യല്‍ നെറ്റ്വര്‍‌ക്കിംഗ് ഇടങ്ങള്‍ എന്ന് തോന്നിപ്പിക്കും. പരമ്പരാഗത മാധ്യമവിമര്‍ശനം നടത്തിയിരുന്നത് പ്രത്യേകസിദ്ധിയുള്ള ചിലരായിരുന്നെങ്കില്‍ ഇന്ന് ഇളമുറക്കാരായവരോ അല്ലെങ്കില്‍ കാര്യമായ വായന ഇല്ലാത്ത സാധാരണക്കാരോ വരെയാണ് വിമര്‍ശനത്തിന്റെ പോര്‍മുന മിനുക്കുന്നത്. ഈയടുത്ത കാലത്ത് ഒരു എഴുത്തുകാരന്‍ അല്‍‌പം സങ്കടത്തോടെ പറഞ്ഞത് ഇങ്ങനെയാണ് “എന്നെ/പുസ്തകത്തെ പറ്റി എന്തോ ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നുവെന്നറിഞ്ഞ് എത്തിയതാണ്. വന്നപ്പോഴല്ലേ ഇത്രമേല്‍ രസകരമായ ഒരിടം ഇല്ല എന്ന് മനസിലായത്” .അതെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലെ പരിഹാസമോ എതിര്‍പ്പോ മാന്യതയുടെയോ സഭ്യതയുടെയോ സീമകള്‍ ലംഘിക്കുന്നതായിരിക്കും. എന്നാല്‍ അച്ചടി മാധ്യമത്തിലെ ലേഖനസംവാദമോ ടെലിവിഷനുകളിലെ ന്യൂസ് റൂം ഡിസ്‌കഷനോ മിക്കപ്പോഴും അതാത് സ്ഥാപനത്തിന്റെ സഭ്യതാവരമ്പിനകത്ത് നിന്നായിരിക്കും. അതായത് എഴുത്തുകാരന്‍ മിക്കപ്പോഴും സുരക്ഷിതന്‍ എന്നാല്‍ ഇന്റര്‍നെറ്റ് ലോകത്ത് എഴുത്തുകാരനും വായനക്കാരും തമ്മില്‍ സംവദിക്കുന്നത് ഇത്തരം സംരക്ഷണഭിത്തികളുടെ കവചം ഇല്ലാതെയാണ്.

-വായനയില്‍ നിന്ന് ഇ-വായനയിലേക്ക്

അച്ചടി വായനയില്‍ നിന്ന് ഇലക്ട്രോണിക് വായനയിലേക്ക് എന്ന് വാമനരൂപം(short form) മാറ്റി പറയാം! നേരത്തേ സൂചിപ്പിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എങ്ങനെ എവിടെ വച്ച് ഉപയോഗിക്കുന്നു എന്ന് കൂടി അറിഞ്ഞാല്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ ആഴം ബോധ്യമാകും. പേഴ്‌സണല്‍ കമ്പ്യൂട്ടറും അതിലേക്ക് ബന്ധപ്പെടുത്തിയ ടെലഫോണ്‍ കമ്പികളുടെയും ഇന്റര്‍നെറ്റ് മണ്ണിലല്ല ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വേരൂന്നി നില്‍ക്കുന്നത്. കൈയില്‍ കൊണ്ട് നടക്കാവുന്ന ഉപകരണങ്ങളില്‍ നിന്ന് അപ്പപ്പോള്‍ തന്നെ തങ്ങള്‍ക്ക് തോന്നിയത് വിളിച്ചുപറയുന്ന നെറ്റിസണ്‍‌മാരുടെ (ഇന്റര്‍നെറ്റില്‍ സക്രീയരായ സിറ്റിസണ്‍ /പൌരന്‍ ) എണ്ണം വന്‍‌വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തുന്നത്. ഒറ്റനിറം മാത്രം ഡിസ്‌പ്ലേ ചെയ്തിരുന്നതും വിളിക്കപ്പുറം എസ് എം എസ് ന്റെ മാത്രം ഔദാര്യം അനുഭവിച്ചിരുന്ന സമയത്തില്‍ നിന്നും എങ്ങനെയാണോ ഇന്ന് നമ്മുടെ കയ്യിലിരിക്കുന്ന ബഹുവര്‍ണ/ബഹു‌ഉപയോഗ സാധ്യതകള്‍ ഉള്ള ഫോണിലേക്ക് മാറ്റപ്പെട്ടത് അതിലും വേഗത്തില്‍ നമ്മള്‍ സ്‌മാര്‍ട്ട് ഫോണിലേക്കും ടാബ്‌ലറ്റ് കമ്പ്യൂട്ടറിലേക്കും വഴിമാറും എന്ന് എതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ ചരിത്രം അങ്ങനെയാണ് ചിലത് വരുമ്പോള്‍ മറ്റ് ചിലത് തുടച്ച് മാറ്റപ്പെടും. എതാനും മാസം മുന്നെയാണ് സോണി അവരുടെ അതിപ്രശസ്‌തമായ വാക്ക്‍മാന്‍ നിര്‍മ്മാണം നിര്‍ത്തിവച്ച വാര്‍ത്ത പുറത്തു വന്നത്. മുപ്പത് വര്‍ഷത്തിനിടെ 20 കോടി വാക്ക്‍മാനാണ് ലോകമാകമാനം വിറ്റഴിച്ചത്. എന്നാല്‍ ആപ്പിള്‍ ഐ പോഡിന്റെയും സമാനമായ മറ്റ് സംഗീത ഉപകരണങ്ങളുടെയും വഴി വാക്ക്‍മാന്റെ മാഞ്ഞുപോകലിന് വഴി‌വച്ചു. ഇന്നിന്റെ പകുതി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഒരു പക്ഷെ സ്‌മാര്‍ട്ട് ഫോണിനും ടാബ്‌ലറ്റിനും വഴി മാറുമെന്ന് എതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നോക്കണം മറ്റൊരു കാര്യം, സാധാരണ കാസറ്റിന് പകരക്കാരനായി സിഡി റോം ഉള്ള ഡിസ്‌ക്‍മാന്‍ സോണി ഇറക്കിയത് ഒരു പക്ഷെ തുടര്‍ച്ചയെന്നോണം ഉള്ള മാര്‍ക്കറ്റിനെ കൈപ്പിടിയിലാക്കാം എന്ന ചിന്തയാകും. പക്‍ഷെ വിപണി ആവശ്യപ്പെടുന്നത് കേവല തുടര്‍ച്ചയല്ല മറിച്ച് നൂതനമായ ആശയങ്ങളും അതിന്റെ സാക്ഷാത്‌കാരവുമാണന്ന് സോണി പോലും മനസിലാക്കിയില്ല എന്നത് ചരിത്രം. എന്നാല്‍ മക്കിന്‍‌ഡോഷ് കമ്പ്യൂട്ടര്‍ ,ഐ പോഡ് ,ഐ ഫോണ്‍ എന്നിവയില്‍ തുടങ്ങി ഐ പാഡ് വരെ ആപ്പിളിന് ഇതു വരെ തെറ്റിയിട്ടില്ല. ഒരു പക്ഷെ സോണിയെ വെട്ടി ആപ്പിള്‍ എത്തിയ പോലെ നാളെ ആപ്പിളിനെ മുറിച്ച് വിപണിയുടെ സിംഹഭാഗം എടുക്കാന്‍ മറ്റൊരു സ്റ്റാര്‍ട്ടപ്പ് കമ്പനി വരുമായിരിക്കില്ലെന്നും എങ്ങെനെ പറയാനാകും.

ഐ ഫോണ്‍ ,ബ്ലാക്ക്ബെറി എന്നീ മുന്തിയ ഉത്പന്നങ്ങളും ആന്‍‌ഡ്രോയ്ഡ് പ്രവര്‍ത്തകസംവിധാനം ഉള്ള 5000 രൂപ മുതല്‍ മുകളിലേക്ക് വിലയുള്ളവയും അടങ്ങുന്ന ശ്രേണിയാണ് സ്‌മാര്‍ട്ട് ഫോണ്‍ ഇത് ഇന്ന് ഇന്ത്യയിലടക്കം കുതിപ്പിന് തയ്യാറെടുക്കുന്നു. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വര്‍ത്തമാനം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെതാണ്. എന്താണ് ഈ ടാബ്‌ലറ്റ് ? ആപ്പിള്‍ എന്ന ഇലക്ട്രോണിക് വ്യവസായ ഭീമന്റെ ഐ പാഡിന്റെ വരവാണ് മറ്റ് സ്ഥാപനങ്ങളെ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ലോകത്ത് ശ്രദ്ധയൂന്നാ‍ന്‍ അത്രമേല്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടിംഗിന്റെ ഒരു ഘട്ടത്തിന് വിരാമമിടും ടാ‍‌ബ്‌ലറ്റ് എന്ന് പറഞ്ഞാലും ഒരു തെറ്റുമില്ലാത്തവിധമാണ് ഇത് പ്രചുരപ്രചാരം നേടുന്നത്. അഥവാ പേഴ്സണല്‍ കമ്പ്യൂട്ടിംഗിന്റെ ദിശതന്നെ മാറ്റുന്ന നിലയിലാണ് ഇന്ന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ടാബ്‌ലറ്റുകള്‍ കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ ഇടയില്‍ ഒരു സ്ഥലം സൃഷ്ടിച്ചെടുക്കുകയല്ല ഇവയെക്കൂടി വിഴുങ്ങുകയാണന്ന് പറയേണ്ടിയിരിക്കുന്നു. പ്രീയ വായനക്കാരാ ! ടാബ്‌ലറ്റ് എന്തെന്ന് പറയാന്‍ മറന്നു പോയി അല്ലേ? നമ്മുടെ പഴയകാല സ്ലേറ്റിന്റെ അതേ രൂപമാണ് ഇവയ്‌ക്ക്. ശരാശരി എഴ് ഇഞ്ച് വലിപ്പം ഉള്ള ഉപകരണത്തില്‍ തൊട്ടെഴുതുന്ന രീതി -ടച്ച് സ്ക്രീന്‍ - ആണ് വിവരാലേഖനത്തിന് ഉപയോഗിക്കുന്നത്. ഉള്ളം കൈയ്യില്‍ ഒതുങ്ങുന്ന ഏറെ നേരം ബാറ്ററി ആയുസുള്ള ഇതില്‍ മാസവരി നൂറുരൂപയില്‍ താഴെ ചിലവു വരുന്ന രീതിയില്‍ തന്നെ ഇന്റര്‍നെറ്റ് ലഭ്യമാക്കാം.

പേരുകേട്ട വിദേശ മാധ്യമങ്ങള്‍ മിക്കതും വെബ്സൈറ്റിനെ അടിമുടി തന്നെ മാറ്റുകയും ടാബ്‌ലറ്റ് (ഐ പാഡ്/ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ) പതിപ്പുകളുമിറക്കി തങ്ങളുടെ ഡാറ്റാബേസിനെ പരിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ അച്ചടിമാധ്യമങ്ങളുടെ ഭാവി ടാബ്‌ലറ്റ് വായനയിലൂടെയാകും എന്ന് പ്രവചിക്കുന്നവരാണ് ഫ്യൂച്ചറിസ്റ്റുകളില്‍ അധികവും. മാധ്യമങ്ങളെ, പുസ്തകത്തെ, കമ്പ്യൂട്ടിങിനെ ഒക്കെ ഒരേ സമയം ലക്ഷ്യംവെച്ചുള്ളതാണ് വിവിധ കമ്പനിയുടെ ടാബ്‌ലറ്റുകള്‍ . അച്ചടിമാധ്യമങ്ങള്‍ക്ക് ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ അവതാരം സാധ്യമാകുക ഇത് വഴിയാകുമെന്ന് പലരും കരുതുന്നു.

അടുത്ത സുഹൃത്തുക്കളിലൊരാള്‍ കഴിഞ്ഞ് ദിവസം പറഞ്ഞത് പത്രം വായിക്കുന്നത് ഇപ്പോള്‍ തന്റെ ആന്‍ഡ്രോയ്ഡ് ഫോണിലെന്നാണ്, എന്നാല്‍ വായിക്കാനെടുത്ത സമയമാണ് രസകരം കൊച്ചിയിലെ ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുന്ന സമയം! ശരാശരി ഇന്ത്യാക്കാരന്റെ ജീവിതസമയത്തില്‍ നല്ലൊരു പങ്ക് ഹോമിക്കപ്പെടുന്നത് ട്രാഫിക്ക് കുരുക്കുകളിലാകും എന്ന് വായിച്ചതോര്‍ക്കുന്നു. അതെ ഒരു പ്രയോജനം ഇല്ലെന്ന് കരുതിയ സമയത്ത് ഓഫീസ് ഇ-മെയിലും പത്രവും വായിച്ച് പ്രയോജനപ്രദമാക്കുന്നു അല്ലെങ്കില്‍ യൂട്യൂബ് വീഡിയോ പര്യടനം നടത്തി വിനോദിക്കുന്നു. അമേരിക്കയിലേയും ബ്രിട്ടനിലേയും പ്രൌഡപാരമ്പര്യമുള്ള പത്രമാസികകള്‍ കേവലം ഒരു തൊടല്‍ (ടച്ച് സ്ക്രീന്‍ ) മാത്രം അകലെ. ത്രീ ജി സേവനങ്ങളുടെ വരവോടെ കൂടുതല്‍ വ്യക്തതയോടെയുള്ള വീഡിയോ ചിത്രങ്ങളും ഉടനടി ലഭിക്കും. അതായത് പത്രങ്ങള്‍ മാത്രമല്ല ടെലിവിഷന്‍ ചാനലുകളും യൂട്യൂബ് അടക്കമുള്ള വീഡിയോപുരകളും ഇനി ഇത്തിരിപോന്ന മൊബൈലിലോ ടാബ്‌ലറ്റിലോ കൊണ്ട് നടക്കാം.

നേരത്തേ തുടങ്ങിവച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലേക്ക് വരാം. കൊണ്ട് നടക്കാവുന്ന ഇന്റര്‍നെറ്റ് ഉപകരണങ്ങളില്‍ ട്വിറ്ററും ഫേസ്‌ബുക്കും ഒക്കെ നോക്കുന്നത് വെബ്‌ബ്രൌസറില്‍ പരമ്പരാഗത രീതിയില്‍ വിലാസം ടൈപ്പ് ചെയ്ത് അല്ല, മറിച്ച് ഒരോന്നിനും വേണ്ട ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. മിക്ക ടാബ്‌ലറ്റ്/മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ തന്നെ ഇത്തരം ആപ്ലിക്കേഷനുകള്‍ മുന്‍‌കൂര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇമെയിലും ട്വിറ്റര്‍ ഓര്‍മ്മപ്പെടുത്തലുകളുമെല്ലാം എസ് എം എസ് വരുന്നതുപോലെ അറിഞ്ഞുകൊണ്ടേയിരിക്കാം. നിരത്തില്‍ കാണുന്ന ഒരു ദൃശ്യം അതേ മാത്രയില്‍ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വഴി തത്സമയം പങ്കുവയ്‌ക്കാം. ഇത് കൌതുകകരമായ ഒരു ചിത്രമോ അതുമല്ലങ്കില്‍ നിരത്തുവക്കില്‍ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലിവാങ്ങുന്നതാകാം. ഒക്കെ പോകട്ടെ അഴിമതിക്കും പോലിസ് പീഡനത്തിന് നേരേ പിടിച്ച കാമറക്കണ്ണുകള്‍ ദൃശ്യങ്ങള്‍ അതേ സമയം തന്നെ പൊതുശ്രദ്ധയിലേക്ക് എത്തിക്കുന്നത് സ്വകാര്യത ഇല്ലായ്‌മയിലേക്കല്ല മറിച്ച് ഔദ്യോഗിക ഗൂഡാലോചനയുടെ വല്ലായ്‌മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതു തന്നെയല്ലേ 2010 ന്റെ അവസാനമാസങ്ങളില്‍ ജൂലിയന്‍ അസാന്‍‌ജെ വീക്കീലീക്ക്സ് വഴി തുറന്നുവച്ചതും. വരും കാലം ഇന്റര്‍നെറ്റ് ഇനിയും വളരും. നടന്നുനീങ്ങുന്ന ഒരോരുത്തരുടെ പക്കലുമുള്ള ഉപകരണങ്ങള്‍ക്ക് ശബ്‌ദ വിനിമയമല്ല കേവല ഉപയോഗം, അതിലുമേറേ ചെയ്യാനുള്ള കരുത്തും പ്രാപ്‌തിയുള്ളവയാണന്ന് നാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ മറ്റൊരു ഉപയോഗം ഇതിന്റെ ഇ-ബുക്ക് റീഡര്‍ എന്ന പരകായ പ്രവേശം ആണ്. അച്ചടിയില്‍ ഇന്ന് ഇച്ചടിയിലേക്ക് കടക്കുന്ന കാലത്ത് പുസ്തകങ്ങള്‍ മിക്കതും ഇ-കോപ്പിയായി ഇറക്കാന്‍ പ്രസാധകര്‍ ഇന്ന് മടിക്കുന്നില്ല. ആമസോണ്‍ കിന്‍‌ഡില്‍ പോലെയുള്ള ഉപകരണങ്ങള്‍ വഴി പുസ്തകങ്ങള്‍ ഇലക്‍ട്രോണിക് രീതിയില്‍ വായിക്കുന്നത് ഇന്ന് അമേരിക്കയില്‍ പുതുമയേയല്ല, നമ്മുടെ നാട്ടിലും വിങ്ക് എന്ന പേരില്‍ സമാനമായ ഉപകരണം അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ചുരുക്കം ചില ഉപയോക്താക്കളെങ്കിലും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെ ഇ-ബുക്ക് റീഡര്‍ ആയി ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കിന്‍ഡിലിലും വിങ്കിലും ഒക്കെ ഇ-ഇങ്ക് എന്ന സങ്കേതമാണ് കണ്ണിന് ആയാസ രഹിതമായ വായന സാധ്യമാക്കുന്നത് എന്നാല്‍ ടാബ്‌ലറ്റിലെ കളര്‍ ഡിസ്‌പ്ലെയും തെളിച്ചവും ബഹുവര്‍ണ പേജ് വായനക്ക് സഹായിക്കും. അച്ചടി പത്ര മാസികകളെല്ലാം തന്നെ കിന്‍ഡില്‍ പതിപ്പിന് ഇന്ന് ഉത്സാഹിക്കുന്നത് ധനാഗമമാര്‍ഗം കൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. ടാബ്‌ലറ്റില്‍ കിന്‍ഡില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപകരണത്തെ എളുപ്പമാര്‍ഗത്തില്‍ കിന്‍‌ഡില്‍ പോലെയാക്കാം, ഒരു വ്യത്യാസവുമില്ലാതെ തന്നെ. ഇങ്ങനെയുള്ള പകര്‍ന്നാട്ട മെയ്‌വഴക്കമാണ് ടാബ്‌ലറ്റിനെ ഭാവിയുടെ ഉപകരണമാക്കുന്നത്. ആപ്പിളിന്റെ ഐ പാഡിനെ പിന്‍ പറ്റി ഒട്ടേറെ താരങ്ങള്‍ അരങ്ങിലെത്തിക്കഴിഞ്ഞു. സാംസങ്ങിന്റെ ഗാലക്‍സി ടാബ് കൂട്ടത്തില്‍ ശ്രദ്ധേയന്‍ ,വിലക്കുറവ് മാത്രമല്ല ആന്‍ഡ്രോയ്ഡ് മേന്മ കൊണ്ടും. ഇതിനൊക്കെ ചൂ‍ടുപകരാനെന്നവണ്ണം ഗൂഗിള്‍ മൂന്ന് ദശലക്ഷം പുസ്തകങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ നെറ്റില്‍ എത്തിച്ച് ഇ-ബുക്ക് സ്റ്റോര്‍ ആരംഭിച്ചു കഴിഞ്ഞു. വളരുന്ന ടാബ്‌ലറ്റ് ബുക്ക് വിപണിയില്‍ മത്സരം ഉഷാറാകുമെന്ന് എതായാലും ഗൂഗിള്‍ നീക്കത്തില്‍ നിന്ന് അനുമാനിക്കാം.

10 comments:

വി. കെ ആദര്‍ശ് said...

അ-വായനയില്‍ നിന്ന് ഇ-വായനയിലേക്ക്

sanju said...

കലക്കി മാഷെ.........

ഞാന്‍:ഗന്ധര്‍വന്‍ said...

നല്ല വിവരണം. ആശംസകള്‍ !!

നിരക്ഷരൻ said...

നല്ലൊരു വായന തന്നു. നന്ദി.

അനാഗതശ്മശ്രു said...

Good w/up

എഴുത്തച്ചന്‍ said...

നന്നായിടുണ്ട്.....

shaji said...

നല്ലൊരു ലേഖനം നന്ദി.
ഇ-ലോകം വളരുമ്പോള്‍ നമ്മുടെ പ്രാദേശിക സാമൂഹ്യ ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കൂടി വിശകലനം ചെയ്യേണ്ടതില്ലേ? പ്രാദേശികമായ കൂട്ടായ്മകളിലൂടെയാണ്‌ ശക്തമായ ചെറുത്തുനില്‍പുകളും സമര രൂപങ്ങളും ഉണ്ടാവേണ്ടത്‌. സ്വാതന്ത്ര്യ സമരകാലത്ത്‌ ദേശീയ പത്രങ്ങള്‍ക്ക്‌ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ ആവേശവും സമരവീര്യവും ഇ-മാധ്യമങ്ങള്‍ക്ക്‌ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നുണ്ടോ എന്നു സംശയമാണ്‌. സാമ്പത്തിക ഭദ്രതയുള്ളവണ്റ്റെ കൌതുകങ്ങള്‍ക്കപ്പുറം സര്‍ഗ്ഗത്മകമായ പ്രതിഷേധ-പ്രതികരണങ്ങള്‍ ഇ-മേഖലയില്‍ എത്രത്തോളം നടക്കുനുണ്ട്‌? സാധാരണക്കാരണ്റ്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള സമരങ്ങളില്‍ ഇ-മാധ്യമങ്ങളെ കൂടുതല്‍ സാര്‍ത്ഥകമായി എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ച്‌ കൂടുതല്‍ ആലോചനകള്‍ ആവശ്യമുണ്ട്‌ എന്നു തോന്നുന്നു.

ടോട്ടോചാന്‍ (edukeralam) said...

ഞാന്‍ ട്രാഫിക്ക് എന്ന സിനിമ കാണാന്‍ പോയത് സോഷ്യല്‍-നെറ്റ്‌വര്‍ക്ക് പോസ്റ്റുകളില്‍ നിന്നുമുള്ള പ്രചോദനം കൊണ്ടാണ്.. അങ്ങിനെ പോയ എത്ര പേരുണ്ടാകും? സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ പുതിയ കാലഘട്ടത്തിന്റെ പരസ്യ മാധ്യമം ആകുന്നുണ്ടോ?

kadathanadan:കടത്തനാടൻ said...

ശാസ്ത്ര-സാങ്കേതികരംഗത്തെ കുതിപ്പും വികാസവും മൂലധനശക്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിന്ന് മാത്രം വിനിയോഗിക്കപ്പെടുക എന്ന കീഴ് വഴക്കം പൊതു സാമൂഹ്യമണ്ഡലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നയാഥാർത്ഥ്യം തിരിച്ചറിയാതെ പോകരുത്.മൂലധന കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥക്കത്ത് ശാസ്ത്രം ജനനന്മക്ക് എന്ന നിലയിൽ എങ്ങിനെ പരിവർത്തിക്കപ്പെടുമെന്ന ചിന്ത സാമൂഹ്യപ്രവർത്തകർക്ക് എന്നപോലെ ശാസ്ത്രജ്ഞർക്കും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാണ്‌....അറിവ് പങ്ക് വച്ചതിന്ന് നന്ദി.

Kalavallabhan said...

ഇ പുതുമകൾ അറിയാനൊരിടം
ആശംസകൾ