Wednesday, January 05, 2011

ഒരു യുവവ്യവസായി ഇങ്ങനെയൊക്ക പട്ടുപോകാം

ഒരു കല്‍പിത കഥയായി എടുത്തോളൂ. ഒരേ എഞ്ചിനീയറിംഗ് കോളെജില്‍ ഒരു ബഞ്ചില്‍ ഇരുന്ന് പഠിച്ച രണ്ട് കൂട്ടുകാരെ അന്ന് പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ പത്തു വര്‍ഷം കഴിഞ്ഞ് ഒരു സായാഹ്നസവാരിക്കിടെ കണ്ടുമുട്ടുന്നു. പതിവ് സുഖാന്വേഷണത്തിനിടെ ഇരുവരുടേയും ജോലിക്കാര്യം അന്വേഷിക്കുന്നു.

ആദ്യത്തെയാള്‍ പറഞ്ഞു ‘സര്‍ ഞാന്‍ സ്റ്റേറ്റ് ബാങ്കിലാണ് ഇപ്പോള്‍ കോഴിക്കോട് മെയിന്‍ ശാഖയില്‍ സീനിയര്‍ മാനേജര്‍ ’ സര്‍ സന്തോഷാഭിമാനത്തോടെ പറഞ്ഞു ‘ഗുഡ് ’ .

താനെന്തു ചെയ്യുന്നു ചോദ്യമുന അടുത്തയാളിലേക്ക് നീങ്ങി

“ഞാന്‍ ഇവിടെ കൊല്ലത്തെ സിഡ്കോ പാര്‍ക്കില്‍ ഒരു വ്യവസായ യൂണിറ്റ് നടത്തുന്നു. മറ്റോരു യൂ‍ണിറ്റിന് വായ്പ തരപ്പെടുത്തുന്നത് ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു”

സര്‍ ഉടനെ “അപ്പോ ജോലി ഒന്നും കിട്ടിയില്ല ‍അല്ലേ? ”

......

നോക്കണേ ഇതേ പ്രോഫസര്‍ അവസാന സെമസ്റ്ററുകളില്‍ ആവേശത്തോടെ പഠിപ്പിച്ച മെഷീന്‍ ഡിസൈന്‍ പേപ്പറിന്റെ അതേ മേഖലയില്‍ സ്വന്തം കാലില്‍ നിന്ന് വ്യവസായം നടത്തുകയും രണ്ടുഡസന്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുകയും മാത്രമല്ല പത്തുവര്‍ഷത്തിനകം തന്നെ രണ്ടാമത്തെ യൂണിറ്റിനെ പറ്റി ആലോചിച്ച് തുടങ്ങിയ ഒരു യുവ‌എഞ്ചിനീയര്‍ സാറിന്റെ കണ്ണില്‍ ജീവിത വിജയം നേടാത്ത രണ്ടാം തരം പൌരന്‍ . എന്നാല്‍ പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്തതും എതൊരു ബിരുദധാരിക്കും സാമാന്യമായി ചെയ്യാവുന്ന ഒരു ജോലി ചെയ്യുന്ന ആള്‍ മിടുക്കനുമാകുന്ന സാമൂഹികാന്തരീക്ഷം.

എഞ്ചിനീയറിംഗ് കോളെജിലോ മാനേജ്മെന്റ് ഇന്‍സ്റ്റിട്യൂട്ടിലോ ചേര്‍ന്നാല്‍ തുടങ്ങും നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം “കാമ്പസ് ഇന്റര്‍വ്യൂ ആയോ ഇന്‍ഫൊസിസ് വന്നോ വിപ്രോ എന്ന് വരും മട്ടില്‍ ” അതേ സമയം ഒരു നാരായണമൂര്‍ത്തിയോ അസിം പ്രേംജിയോ കാമ്പസില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഇവര്‍ സമ്മതിക്കുകയുമില്ല. ഇത് മാറേണ്ടേ. വിദേശ രാജ്യങ്ങളിലും എന്തിന് ഇന്ത്യയില്‍ തന്നെ . നമ്മുടെ ഇന്‍ഫോസിസ് സ്ഥാപകര്‍ തന്നെ ഉദാഹരണം. വയസിന്റെ ഇരുപതുകളില്‍ ഉത്സാഹികളും മിടുക്കരുമായ സംരംഭകര്‍ തുടങ്ങുന്ന സ്ഥാപനം ലോകത്ത് അതാത് മേഖലകളില്‍ അജയ്യമായി മുന്നേറുന്ന ഉദാഹരണം ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അനവധി.

23 വയസില്‍ സ്റ്റാന്‍ഫഡില്‍ വിദ്യാര്‍ത്ഥികളായിരിക്കെ സെര്‍ജി ബ്രിന്‍ ,ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ഗൂഗിള്‍ എന്ന കമ്പനിയുടെ പേര് കേള്‍ക്കാത്തവര്‍ എത്രപേരുണ്ടാകും. ഇന്ന് ഗൂഗിളിന്റെ ആസ്തി എതാണ്ട് നമ്മുടെ റിലയന്‍സ് സാമ്രാജ്യത്തിനൊപ്പം വരും. നേക്കണേ, നാല്പതാണ്ടുകള്‍ക്ക് മുന്നെ തുടങ്ങിയ റിലയന്‍സ് ഇന്ന് രണ്ടാം തലമുറയിലെ നേതൃത്വമാണ് നയിക്കുന്നത്. ഗൂഗിള്‍ ആകട്ടെ 14 വയസിന്റെ ചെറുപ്പത്തിലും.

ഇതിലും രസകരമാണ് പോയ വാരം ടൈം മാഗസിന്‍ ‘ഈ വര്‍ഷത്തെ (2010) ശ്രദ്ധേയ വ്യക്തിത്വം’ ആയി തിരഞ്ഞെറ്റുത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സംരംഭകത്വ വഴി. 1984 ല്‍ ജനിച്ച ഈ പയ്യന്‍സ് ഹര്‍വാഡില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 2004 ല്‍ ഫേസ്‌ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് ആരംഭിച്ചു. ഇന്ന് 50 കോടി ഉപയോക്താക്കള്‍ ഈ സംരംഭത്തിന് കീഴില്‍ ഉണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ എറ്റവും വലിയ മൂന്നാമത്തെ രാജ്യമെന്ന് പോലും ഫേസ്ബുക്ക് ജനസംഖ്യയെ വിളിക്കാം! ആകെ ഒരു ജോലിയേ മാര്‍ക്ക് ഇന്നേ വരെ ചെയ്തിട്ടുള്ളൂ, മറ്റുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ആണ് ഇന്ന് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് എന്ന ഇരുപത്തിയാറുകാരന്‍ . നാല് വര്‍ഷം മുന്നെ യാഹൂ എന്ന സര്‍ച്ച് എഞ്ചിന്‍ സ്ഥാപനം ഫേസ്ബുക്കിന് പറഞ്ഞ വില 4500 കോടി രൂപയാണ്. ഈ വാഗ്ദാനം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞങ്കിലും 2007 ല്‍ കേവലം ഒന്നര ശതമാനം ഓഹരി മൈക്രോസോഫ്ട് വാങ്ങിയത് ആയിരം കോടി രൂപയ്‌ക്കാണ്.

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് ഇത്തരത്തില്‍ വലുത് അല്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത സംരംഭകകഥ കാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്നില്ല. സമൂഹത്തിനും ഇക്കാര്യത്തില്‍ ചെറുതല്ലാത്ത റോളുണ്ട്. യുവവ്യവസായികളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന മനോഭാവം തന്നെ വില്ലന്‍ .

ഇതു മാത്രമല്ല വിവാഹാലോചന സമയത്താണ് ഇതിലും രസം. സര്‍ക്കാര്‍ ഓഫീസിലെ ശിപായിക്ക് പോലും നല്ല പരിഗണന കിട്ടും. എന്നാല്‍ സംരംഭകനാണന്ന് പറഞ്ഞാല്‍ . ഇവന് എന്തോ കുഴപ്പമുണ്ടന്ന് മട്ടിലാകും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ . അതൊക്കെ പോകട്ടെ നമ്മുടെ മോഹന്‍ലാലും മമ്മൂട്ടിയും വരെ ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷാക്കണ്ണിലൂടെ നോക്കിയാല്‍ സ്ഥിര വരുമാനം ഇല്ലാത്തവര്‍ എന്നാല്‍ സര്‍ക്കാര്‍ ഓഫീസിലെ വരുമാനം കൊണ്ട് അരിഷ്ടിച്ച് ജീവിതം തള്ളിനീക്കുന്ന ശരാശരിക്കാരന്‍ സാമ്പത്തിക സുരക്ഷിതത്വം ഉള്ള ജോലി ചെയ്യുന്നവന്‍ .

ഇനി നേരത്തേ പറഞ്ഞ ചോദ്യം ഒന്ന് തിരിച്ച് വയ്‌ക്കുന്നു. പെണ്‍കുട്ടി സംരംഭകയാകാന്‍ തീരുമാനിക്കുന്നു എന്ന് കരുതുക. പിന്നത്തെ പുകില്‍ പറയുകയും വേണ്ട. അവള്‍ അഹങ്കാരിയാണ്, തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയാണ്. പതിയെ വ്യവസായം ഒക്കെ മെച്ചമാക്കിയാല്‍ പിന്നെ സുധാ മൂര്‍ത്തി (ഇന്‍ഫോസിസ്), ബീനാ കണ്ണന്‍ (ശീമാട്ടി) യുടെ പിന്‍‌തലമുറക്കാരി എന്ന് പറഞ്ഞ് ഉയര്‍ത്തും. അവള്‍ക്ക് നിര്‍ണായക പിന്തുണ വേണ്ടുന്ന സമയത്ത് മുഖം തിരിച്ചവരാണ് പിന്നീട് മുഖസ്തുതി പാടാനെത്തുന്നത്.

അല്‍‌പം തമാശയോടെ കാണാവുന്ന മറ്റൊരു കാര്യം .ഇത് നടന്ന കഥയണെന്ന് തോന്നുന്നു . പറഞ്ഞ് കേട്ടതാണ്. ഒരിക്കല്‍ ഒരു കമ്പനി നടത്തുന്ന ചെറുപ്പക്കാരന്റെ വിവാഹാലോചന ലഭിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ എല്ലാ അനുബന്ധവിവരങ്ങളും കൃത്യമായി തിരക്കി. ആകെ ഒരു കുഴപ്പം. അവന്‍ ഒരു കമ്പനി നടത്തുന്നു. തൊഴില്‍ സുരക്ഷിതത്വവും ഇല്ലന്ന് ഉടനെ വിധിച്ചു. താമസിച്ചില്ല അതുകൊണ്ട് തന്നെ ആലോചന ഉപേക്ഷിച്ചു. ആറുമാസം കഴിഞ്ഞു. തന്റെ കാബിനിലേക്ക് അടുത്തിടെ കമ്പനിയില്‍ ചേര്‍ന്ന ഒരു ചെറുപ്പക്കാരന്‍ സന്തോഷത്തോടെ കയറി വന്ന് വിവാഹ ക്ഷണക്കത്ത് നല്‍കി. ആശംസകള്‍ ഒക്കെ പറഞ്ഞ് ആ കത്ത് വായിച്ചു നോക്കിയ യുവവ്യവസായി അത്ഭൂതപ്പെടാതിരുന്നില്ല, അന്ന് തനിക്ക് വിവാഹാലോചന വന്ന അതേ പെണ്‍കുട്ടിയാണ് വധു. കാര്യം ഇത്രമാത്രം. ഇപ്പോഴത്തെ പയ്യന്‍ സുരക്ഷിതത്വം ഉള്ള തൊഴിലാണ് ചെയ്യുന്നത്, അവനെ പോലെ പത്തോളം ആള്‍ക്കാര്‍ക്ക് തൊഴില്‍ കൊടുക്കുകയും സാമാന്യം നല്ല നിലയില്‍ സമ്പാദിക്കുകയും ചെയ്യുന്ന സംരംഭകന്‍ ഒട്ടും തൊഴില്‍ സുരക്ഷിതനല്ലത്രേ!!!! ഇത് മാറാതെ മലയാളിയുടെ വ്യവസായ സംരംഭങ്ങള്‍ മുന്നോട്ട് വരില്ല

സംരംഭകത്വബോധം ഇല്ലാത്തതിന് മറ്റ് ചില കാരണങ്ങളും ഉണ്ട്.
എഞ്ചിനീയറിംഗ് ബിരുദത്തിനായി എകദേശം അന്‍പത്തിയഞ്ചിലേറേ പേപ്പറുകള്‍ പഠിച്ച് പരീക്ഷ എഴുതി പാസാവുന്ന ഒരാള്‍ക്ക് ‘എന്‍‌ട്രപ്രണര്‍ഷിപ്പ്’ ന്റെ ഒരു പേപ്പറെങ്കിലും നിര്‍ബന്ധിത വിഷയമായി പഠിക്കാനുണ്ടോ? മറ്റൊരു ജോലിയും കിട്ടാതെ അവസാന അത്താണിയായി കരുതേണ്ടതല്ല സംരംഭ്കത്വം . മികച്ചവര്‍ തന്നെ (അക്കാദമിക് മികവോ പ്രോഫഷണല്‍ തികവോ, നൂതന ചിന്തയോ ) സംരംഭകരാകാന്‍ എത്തണം. നാരായണമൂര്‍ത്തി, നന്ദന്‍ നിലേകാനി, കിരണ്‍ മസുംദാര്‍ഷാ (ബയോകോണ്‍ ) എന്നിവരില്‍ തുടങ്ങി സ്റ്റീവ് ജോബ്സ് (ആപ്പിള്‍ ), ബില്‍ ഗേറ്റ്സ്, സെര്‍ജി ബ്രിന്‍ -ലാറി പേജ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരെല്ലാം മിടുക്കര്‍ തന്നെയാണ് സംരംഭകര്‍ എന്ന പട്ടം അഴിച്ചുവച്ചാലും.

എതായാലും പത്തുവര്‍ഷത്തിന് മുന്നത്തെ അവസ്ഥയില്‍ നിന്ന് കേരളത്തിലെ കാമ്പസുകള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണന്നതിന് സമീപകാലത്തായി ടെക്‍നോപാര്‍ക്കിലെ ഇന്‍‌കുബേഷന്‍ കേന്ദ്രത്തില്‍ വിരിഞ്ഞു തുടങ്ങിയ നവസംരംഭങ്ങള്‍ തന്നെ സാക്ഷി. ഇത് വര്‍ധിതവീര്യത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ നമ്മുടെ യുവാക്കള്‍ക്കാകണം. ഭാവി ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസും ബയോകോണും ഒക്കെ ആകട്ടെ ഇന്ന് ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്നത്. അത് കണ്ട് സമൂഹവും ബിരുദധാരികളോട് ചോദിക്കട്ടെ എന്താ തനിക്ക് കമ്പനി തുടങ്ങാനായില്ലേ!
പണത്തിന്റെ കാര്യം ആലോചിച്ച് ഇന്ന് യുവാക്കള്‍ വിഷമിക്കേണ്ട ആവശ്യമില്ല, വാണിജ്യ സാധ്യതയുള്ള ആശയം കമ്പനിയാക്കി വിജയം കൊയ്യാന്‍ ഒരു കോടി രൂപ വരെ ജാമ്യരഹിതമായി മൂലധനം ലഭിക്കുന്നതിന് ഇന്ന് എല്ലാ ബാങ്കുകള്‍ക്കും പദ്ധതിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ചറിയാന്‍ http://www.cgtmse.in/ സന്ദര്‍ശിക്കുക .അര്‍ഹിക്കുന്നവര്‍ക്ക് ഇത്തരം ജാമ്യരഹിത വായ്പ ലഭ്യമാക്കി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് താഴേ തട്ടില്‍ അതുണ്ടാക്കുന്ന വന്‍‌തൊഴിലവസരങ്ങള്‍ കൂടിയാണ്. ബാങ്കില്‍ പോകാന്‍ താത്പര്യമില്ലാത്തവര്‍ക്കായി മാലാഖ നിക്ഷേപകര്‍ ഉണ്ട്. നിങ്ങളുടെ ആശയത്തെ തേടി പണവുമായി വന്നുകൊള്ളും.

വാല്‍കഷണം : എന്‍ എസ് എസ് /എന്‍ സി സി/കോളെജ് യൂണിയന്‍ /സര്‍വകലാശാലാ യുവജനോത്‌സവം / അത്‌ലറ്റിക് മീറ്റ് എന്ന് വേണ്ട ക്രിക്കറ്റ് കളി കാണാന്‍ പോയാലോ അല്ലെങ്കില്‍ കാമ്പസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയാല്‍ പോലും ഡ്യൂട്ടി ലീവോ അഥവാ ഇന്റേണല്‍ മാര്‍ക്കില്‍ ആനുപാതികമായ സഹായമോ കിട്ടും. എന്നാല്‍ ഒരു കാമ്പസ് കമ്പനി തുടങ്ങാന്‍ പോകുന്ന വഴിക്ക് ചില ദിവസങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നാല്‍ ഈ വകുപ്പില്‍ ഒന്നും അര ദിവസത്തെ അവധികിട്ടില്ല. ഇത് മാറ്റാന്‍ എന്തു ചെയ്യാനാകും. ആലോചിക്കൂ സംരംഭകരേ!

19 comments:

വി. കെ ആദര്‍ശ് said...

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗൂഗിള്‍ ബസ്,ഫേസ്ബുക്ക് എന്നിവയില്‍ തുടങ്ങിയ ചര്‍ച്ച സമാഹരിച്ച്/പെറുക്കി കൂട്ടി ബ്ലോഗ് പോസ്റ്റ് ആക്കി

mayflowers said...

പോസ്റ്റ്‌ നല്ലത് തന്നെ.വല്ലതും തുടങ്ങാന്‍ ഉദ്ദേശമുള്ള യുവാക്കള്‍ക്ക് ഒരു പ്രചോദനവും കിട്ടും.
പക്ഷെ, നമ്മുടെ നാട്ടിലെ കാലാവസ്ഥ എന്താണെന്ന് വെച്ചാല്‍ വരവേല്‍പ്പിലെ മോഹന്‍ലാലിനെയും ,ഗര്‍ഷോമിലെ മുരളിയെയും പോലെയാണ്.
ഉദ്ദേശം മുപ്പതു വര്‍ഷം മുമ്പ് എന്റെ സഹോദരന്മാര്‍ പേപ്പര്‍ ബാഗ്‌ നിര്‍മാണ യുണിറ്റ് തുടങ്ങാനായി ഒരു പാട് ഓടിച്ചാടി നടന്നിരുന്നു.അവസാനം വീട്ടില്‍ ബാക്കിയായത് ഒരു കേട്ട് pepers മാത്രം.

ചെലക്കാണ്ട് പോടാ said...

എക്സലന്റ്....

മേഫ്ലവേഴ്സിന്റെ കമന്റും ആലോചിക്കേണ്ടത് തന്നെ......

എന്തായാലും പ്രൊഫസറുടെ ചോദ്യം എനിക്ക് പിടിച്ചു...


പണിയൊന്നും ആയില്ല ല്ലേ.....

ShAjiN said...

തകര്‍ത്തളിയാ.. കലക്കി..

അരുണ്‍ രാജ R. D said...
This comment has been removed by the author.
അരുണ്‍ രാജ R. D said...

സംഗതി കലക്കി..മിഥുനവും, വരവേല്‍പും പോലുള്ള തിക്താനുഭവങ്ങളെ നേരിടാന്‍ ആവശ്യമായ ഒരു തൊലിക്കട്ടി and മനക്കട്ടി കൈമുതലായുള്ള ഏതൊരു ഇന്ത്യന്‍ പൌരനും കൈ വയ്ക്കാവുന്ന മേഖല തന്നെയാണ് വ്യവസായം..!!
Risk എന്ന ഇംഗ്ലീഷ് വാക്കിനു ഇനിയും കൃത്യമായ പരിഭാഷ കണ്ടു പിടിച്ചിട്ടില്ലാത്ത ഒരു നാട്ടില്‍ അത്തരം ഒരു തൊലിക്കട്ടി കിട്ടണമെങ്കില്‍ കുറഞ്ഞത്‌ 10 വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതമെങ്കിലും ആവശ്യമായി വരും.
ഏതായാലും ഈ പോസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവര്‍ക്ക് എന്റെ വിജയാശംസകള്‍...!!

റെപ്പ് said...

നന്നായിട്ടുണ്ട്.!!ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഞാന്‍ നേരിട്ട് കാണുകയോ പറഞ്ഞു അറിയുകയോ ചെയ്തിട്ടുണ്ട്(via മൈ ഫ്രണ്ട്) !!

Juwal Bose said...

no idea how to write in malayalam, but and excellent post. bought some harsh memories from my past :) had walked this path with csharks .. good going, keep it up

resmi said...

Excellent.....

കഷായക്കാരൻ said...

മേഫ്ലവർ ഒക്കെ പറയുന്നത് ചിത്രത്തിന്റെ ഒരു വശം മാത്രമാണു. തൊഴിൽ പ്രശ്നങ്ങളും ലൈസൻസിങും രൂക്ഷമായിരുന്ന കാലത്ത് തുടങ്ങി വിജയിച്ച സ്ഥാപനമല്ലെ കൊച്ചിൻ മിനറത്സ് & റൂട്ടൈത്സ്? ആദർശ് പറയുന്നതിലെ കാതലായ കാര്യം മലയാളിയുടെ മനോഭാവമാണു. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കരുത്ത് മലയാളി യുവത്വത്തിനില്ല. ഇന്നിപ്പോൾ കൃഷി ചെയ്താൽ‌പ്പോലും ലാഭവും സംതൃപ്തിയും ഉണ്ടാകും. പക്ഷെ മലയാലിയുടെ മനസിൽ പ്ലാന്ററുടെ ചിത്രമേ ഉദിക്കു. എന്നാൽ അതിനു തക്ക കാമ്പൊട്ടില്ലാ താനും. കമ്മിഷൻ ഇടപാടുകൾ ആകുമ്പോൾ ജോലിഭാരം കുറയും കൂടുതൽ കാശു കിട്ടും. അതിനുള്ള അവസരങ്ങൾ ധാരാളമുണ്ട്. പിന്നെ പഠിത്തം കൊണ്ട് ഒരു കാര്യവുമില്ല. തൊഴിൽ ചെയ്യാൻ വേറെ പഠിക്കണം. അതാണു കാതലായ വേറൊരു പ്രശ്നം. ഒരു സംരഭകനു തന്റെ പ്രവർത്തനമണ്ഡലത്തേക്കുറിച്ച് നല്ല ധാരണയുണ്ടാകണം. എന്നാൽ അതിനു ഇറങ്ങിത്തിരിക്കുമ്പോൾ അതിന്റെ പ്രയാസം കൊണ്ട് തലചുറ്റും. മലായാളിക്ക് മെയ്യനങ്ങാൻ വയ്യ. കഷ്ടപ്പെടാൻ വയ്യ. പോയി തുലയട്ടെന്നേ... അടുത്ത എൽ.ഡി.ക്ലാർക്ക് പരീക്ഷയ്ക്ക് വിജ്ഞാപനമായിട്ടുണ്ടല്ലോ. അത് പോയി എഴുതട്ടെ.

Nimod said...

hello writer,
kudos to you....
Now in the lights of your article a question to ask...
Anybody have a good idea...? I will find investors and infrastructure... I am 29 yr old retired business man... Ipo consultant anu...

Nimod namboodiri
nimodka@gmail.com
9884210062
twitter @nimodka

Rakesh said...

Nalla post... thanks

Joseph said...

പ്രിയ ആദര്‍ശ്,
ലേഖനം വളരെ നന്നയിട്ടിണ്ടേ.
താങ്കള്‍ പറഞ്ഞതുപോലെ ആദ്യം സമൂഹത്തിന്റെ മനോഭാവം മാറണം, പിന്നെ വിദ്യഭ്യാസ രീദി, നമ്മുടെ സംസ്കാരം, പ്രത്യകിച്ചു തൊഴില്‍ സംസ്കാരം.
താങ്കള്‍ക്ക് അറിയുമോ നാടിന്നു പുറത്ത് ഒരുപാടെ സംരംബാങ്ങല്ക് പിന്നില്‍ മലയാളിയുടെ കരങ്ങള്‍ ഉണ്ടെന്നു.
ഇതൊക്കെ മാറും. മാറാതെ തരമില്ല.

dixon said...

I think we as newbie generations should change and completely ignore social comments. They are just peoples for talk.They have opinions for free and themselves are not successful. I think follows our instinct and prove our guts.
Risk:
Pinna epoyum high speedil pokkunna busil keran jeevannu bhayam ulla ellavarum madikum illlaa am I wrong.

Social prespective:

vallathi valluthaki 10- 20 lakhs mudaki oru pennina padipichu pinna oru min 50 lakhs dowryayum,veedum koduthu oru sdhira varumanam illatha payanna kettikanulla valliya risk
ethadukan arum thayaravilla.

Individual perspective:

Entrepreneur: Jack of all trades but not king of a trade.
employment oppor: Self,and other entrepreneurs view him as a threat

Employee:King of a trade.
Employment oppor: Anywhere in the world where the trade exists.
If proficient and affluent can start his own business.

abstract: Entrepreneur path is limited and should be certain in his path of business or else none will weep for you or guide you.

Something that should be changed:

As individuals we have to classify comments that hurt and ignore it under the basis, not having ample information.

As society we have to discourage and stop screwing others from back.

What I mean is everything starts from you and ends on you. So if you can control the first part rest may be fortunate.

For entrepreneur :
I am sorry for that character and have lot of appreciation for them because they drive our economy and provide what others want. Entrepreneurs with weak mind perish with these comments and please dont die at young because you are the cells for the society.

മനോജ് കുമാര്‍ said...

ആദർശ്
വർഷങ്ങൾക്ക് മുൻപ് ചെറിയ തോതിൽ ഒരു ഐടി കമ്പനി നാട്ടിൽ നടത്തി കൈപൊള്ളിയ ഒരാളാണു ഞാൻ. ബാങ്ക് ലോണിനു നടന്നും, സർക്കാറിന്റെ ചെറുകിട സംരംഭങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്കും നടന്ന് ചെരിപ്പ് തേഞ്ഞത് മിച്ചം. ലോൺ ഏതു ബാങ്കും തരും, മതിയായ ജാമ്യം വേണമെന്ന് മാത്രം. രണ്ട് ലക്ഷം വേണമെങ്കിൽ 5 ലക്ഷത്തിന്റെയെങ്കിലും മൂല്യമുണ്ടാവണം ജാമ്യത്തിനു.

സർക്കാർ വകുപ്പുകളുടെ മനോഭാവമാണു ശരിയായ പീഠനം. രണ്ട് പേർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തൊഴിലാളി വേതന നിയമം പാലിക്കുന്നില്ലെന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാരനായ ലേബർ ഇൻസ്പെക്ടർ എന്നെ വേട്ടയാടിയത് 1000 രൂപ ‘കൈമടക്കാൻ’

ആദ്യം നമ്മുടെ സർക്കാറിനു ഒരു നയം ഉണ്ടാകട്ടെ. ആ നയം സംരംഭകർക്ക് ഫലപ്രദമായ രീതിയിൽ ഉപയോറ്റപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ തൊഴിൽ വകുപ്പിനു ഒരു ഉപ വകുപ്പ് ഉണ്ടാക്കട്ടെ. ആ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിവുള്ള, വ്യവസായങ്ങളുടെ ആവശ്യകതയെപറ്റി ബോധവന്മാരായ സർക്കാർ ഉദ്ധ്യോഗസ്ഥന്മാർ ഉണ്ടാകട്ടെ.

പ്രാർത്ഥിക്കുക. അല്ലാതെന്തു ചെയ്യാൻ!

sanju said...

നാട്ടുകാരും വീട്ടുകാരും മാത്രമല്ല, അധികാരികള്‍ വരെ ഒരു ചടങ്ങിനു വേണ്ടിയാണു കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്...
രണ്ടു കൊല്ലം മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 2008 Dec), താങ്കള്‍ കൂടി പങ്കെടുത്ത, MSME യുടെ 'ബിസിനസ്‌ സ്കില്‍ ടെവേലോപ്മെന്റ്റ്‌ പ്രോഗ്രാം' ലക്ഷങ്ങള്‍ ചിലവഴിച്ചു പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടത്തിയ കാര്യം ഓര്‍മ കാണുമല്ലോ. ഇതില്‍ കുട്ടികളെ സെലക്ട്‌ ചെയ്തത് മുതല്‍ പ്രഹസനമായിരുന്നു....
കുട്ടികളെ സെലക്ട്‌ ചെയ്യാന്‍ 'class representative ' നെ ചുമതലപ്പെടുത്തി. അവന്‍ അവന്റെ കൂട്ടുകാരുടെ പേര് എഴുതി നല്‍കി. ഭൂരിഭാഗം പിള്ളേരും ഇങ്ങനെ ഒരു പരിപാടിയെ പറ്റി അറിഞ്ഞിരുന്നില്ല.പ്രോഗ്രാം തുടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പാണ്‌ ഇതിനെ പറ്റി ഞാന്‍ അറിയുന്നത്. അതും യാത്രിചികമായി. താല്പര്യം കൊണ്ട് അധികാരികളെ സമീപിച്ചപ്പോള്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍. പിന്നെ രണ്ടു അദ്യാപകരുടെ ശുപാര്‍ശ വേണ്ടിവന്നു കയറിപ്പറ്റാന്‍...പങ്കെടുത്തതില്‍ ഭൂരിഭാഗവും Business Skill develop ചെയ്യനോന്നുമല്ല, സൗജന്യമായി കിട്ടുന്ന ചായ, പലഹാരങ്ങള്‍, ബുക്ക്‌, പേന, ഫയല്‍, പിന്നെ എല്ലാറ്റിനും ഉപരി സര്‍ട്ടിഫിക്കട്ടിനും വേണ്ടി മാത്രമാണ് വന്നത്. കൂട്ടുകാരുമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങി നടക്കാനുള്ള അവസരമായെ അവര്‍ ഇതിനെ കണ്ടിട്ടുള്ളു....ഇപ്പോള്‍ ഇവരെല്ലാം പലപല കമ്പനികളില്‍ ജോലി ചെയ്യുന്നു......!!!
ഈ പ്രോഗ്രാമ്മില്‍ 'Quality Management System 'ത്തെ പറ്റി ക്ലാസ്സ്‌ എടുക്കാന്‍ ഏതോ അയല്‍ രാജ്യത്തു നിന്ന് വിമാനത്തി പറന്നെത്തിയ വനിത പിണങ്ങി പോയ സംഭവവും ഉണ്ടായി. പിള്ളേര്‍ 'ക്ലാസ്സ്‌ കട്ട്‌ ' ചെയ്തതാണ് അവരെ ചൊടിപ്പിച്ചത്...

ഇതെല്ലം കഴിഞ്ഞു സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാനുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ കൊട്ടിയത്തുള്ള 'Syndicate Institute of Rural Entrepreneurship Development ' ല്‍ ചെന്നപ്പോള്‍ അവിടിരുന്നുറങ്ങിക്കൊണ്ടിരുന്ന മാന്യദേഹം ആദ്യം ചോദിച്ചത് 'ക്യാമ്പസ്‌ സെലക്ഷന്‍ കിട്ടിയില്ലേ ' എന്നാണ് .പിന്നെ അദേഹത്തിന്റെ വക ഉപദേശവും "ഇതൊന്നും താങ്ങള്‍ക്ക്‌ ചേര്‍ന്ന പണി അല്ല, പിറകെ നടന്നാല്‍ ചെരുപ്പ് തേയത്തെ ഉള്ളു "

കാശു വല്ലതും കിട്ടുമോയെന്നറിയാന്‍ കൊല്ലം DIC , ഖാദി ബോര്‍ഡ്‌ -ല്‍ ചെന്നപ്പോള്‍ ആ വര്‍ഷത്തെ, പ്രധാനമന്ത്രിയുടെ പ്ലാനുകളെല്ലാം (ബന്ധുക്കള്‍ക്കും സുഹ്രത്തുക്കള്‍ക്കും) കൊടുത്തു തീര്‍ത്തെന്നും, പോയിട്ട് അടുത്ത വര്‍ഷം വരാനും പറഞ്ഞു.....

കമ്പനി തുടങ്ങാന്‍ കലശലായ ആഗ്രഹങ്ങളുമായി നടക്കുന്ന യുവാക്കള്‍ക്ക് ആഗ്രഹങ്ങള്‍ മാത്രമേ ഉള്ളു നല്ല ആശയങ്ങള്‍ ഇല്ല എന്നതാണ് വാസ്തവം .....ഇതു തന്നെയാണ് സെര്‍ജി ബ്രിന്‍ ,ലാറി പേജ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സ്റ്റീവ് ജോബ്സ്, etc എന്നിവരുമായി നമ്മുടെ യുവാക്കള്‍ക്കുള്ള വ്യതാസം.

വി. കെ ആദര്‍ശ് said...

@ എല്ലാര്‍ക്കും :
നമ്മുടെ നാട്ടിലെ കാലാവസ്ഥ പതിയെ മാറി വരുന്നുണ്ട്. തിരുവനന്തപുരം ടെക്‍നോപാര്‍ക്കില്‍ തുടങ്ങിയ നവസംരംഭങ്ങള്‍ ഈ ദിശയിലേക്കുള്ള തുടക്കമാണ്.
ഒട്ടേറെ പേര്‍ കമന്റായും ഇമെയില്‍ ആയും ധനസ്രോതസ് കണ്ടെത്താനുള്ള ആശങ്ക പങ്കുവച്ചു (ഒന്നു രണ്ട് പേര്‍ ഓഫീസ് തിരക്കിപ്പിടിച്ച് കാ‍ണാനും വന്നു)
ഒരു പക്ഷെ ചെയ്ത ബ്ലോഗ് പോസ്റ്റില്‍ എനിക്ക് എറ്റവും സംതൃപ്‌തി നല്‍കിയ രണ്ട് ബ്ലോഗ് പോസ്റ്റില്‍ ഒന്നാണ് ഇത്.

ഇന്ന് ഒരു ജാമ്യമില്ലാ മൂലധനം (സിജി‌ടി‌‌എം‌എസ്‌ഇ‌) കാര്യമായി തന്നെ പ്രയോജനപ്പെടുത്തുന്നത് കേരളവും തമിഴ്നാടുമാണന്ന് സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. ഞാന്‍ കൂടി ഇടപെട്ട് ഒരു തിരുവനന്തപുരം ടെക്‍നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിന് 30 ലക്ഷം രൂപ ജാമ്യമില്ലാ മൂലധനം സംഘടിപ്പിച്ചു കൊടുത്തു. അടുത്ത മാസം ആദ്യം അവര്‍ ഉദ്ഘാടനത്തിന് തയാറാവുന്ന രീതിയില്‍ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
വേണ്ടത് കേവലം സംരംഭകനാകാനുള്ള ആഗ്രഹം മാത്രമല്ല ആ സ്വപ്നത്തെ തൊടാനുള്ള പ്രായോഗിക പദ്ധതികള്‍ കൂടിയാണ്. എത്രയോ പദ്ധതികള്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. ചില അവസരങ്ങളില്‍ ഒറ്റപ്പെട്ട ചില സംരംഭകരെ ആരാധിക്കുന്ന തലത്തില്‍ വരെ കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്ന് പറയുന്നത് വായനക്കാര്‍ അതിശയോക്‍തിയായി എടുക്കില്ല എന്ന് കരുതട്ടെ.
ഇത്തരത്തില്‍ വിജയകഥ മാത്രമല്ല. പൊളിഞ്ഞ് പോട്ടിപ്പോയ എതാനും ചില യൂണിറ്റുകള്‍ കാണേണ്ടിയും വന്നിട്ടുണ്ട്. അതാകട്ടെ പത്തു ശതമാനത്തില്‍ താഴെയും.
ഈ പത്ത് ശതമാനത്തെ ആലോചിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്തെന്നാല്‍ നിങ്ങള്‍ മറ്റേത് തൊഴിലിന്റെ കാര്യം എടുത്തു നോക്കൂ. സിവില്‍ സര്‍വീസ് ആകട്ടെ ഐടി കമ്പനികളിലെ തൊഴിലാളികളാകട്ടെ എത് മേഖല ആയാലും അതിന് ചേരാത്തവരോ അല്ലെങ്കില്‍ തൊഴില്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ മാത്രം അവിടെ തുടരുന്ന (അവരെ ചുമക്കാന്‍ നമ്മള്‍ വിധിക്കപ്പെടുന്നു എന്നതാണ് ശരി, അല്ലേ) വരുടെ ശതമാനം 10 ല്‍ കൂ‍ടുതല്‍ വരും.
എതായാലും സംരംഭത്തെ പറ്റി സ്ഥിരമായി എഴുതാന്‍ തീരുമാനിച്ചു.ബാങ്കിന്റെ പുറത്തു നിന്ന് എങ്ങനെ പണം സംഘടിപ്പിക്കാം അല്ലെങ്കില്‍ സി ജി ടി എം എസ് ഇ പോലെ യുള്ള സര്‍ക്കാര്‍ പിന്തുണയോടെ എങ്ങനെ നിങ്ങളുടെ എന്‍‌ട്രപ്രണര്‍ഷിപ്പ് സ്വപ്നങ്ങള്‍ കര്‍മ്മപഥത്തിലെത്തിക്കാം എന്നൊക്കെ നമുക്ക് ചര്‍ച്ച ചെയ്യാം.

@ സഞ്ജു
പെരുമണ്‍ എന്‍‌ജിനീയറിംഗ് കോളെജിലെ സംരംഭകത്വ പരിപാടിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചിന്തിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
നടത്തിപ്പ് പോരായ്മ ഉണ്ടെന്ന് എനിക്ക് അന്നേ ബോധ്യപ്പെട്ടതാണ്. കാരണം എന്നെ വിളിച്ച ഒരാളെ പോലും അവിടെ കണ്ടില്ല. ഒരു ക്രിസ്‌മസ് വൈകുന്നേരമാണെന്ന് തോന്നുന്നു നിങ്ങളോട് സംസാരിച്ചത്. പക്ഷെ ആ കൂട്ടത്തിലെ പലരും പിന്നീട് പ്രോജക്‍ട് വര്‍ക്കിനും സെമിനാറിനും സംരംഭകത്വ സഹായത്തിനും വിളിച്ചിട്ടുണ്ട്. സന്തോഷപൂര്‍വം എന്നെ കൊണ്ട് ചെയ്യാനാവുന്ന സഹായങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. സിന്‍‌ഡിക്കേറ്റ് ബാങ്കിന്റെ കൊട്ടിയത്തുള്ള റൂഡ്‌സെറ്റി പ്രധാനമായും നിങ്ങളെപോലെയുള്ള സാങ്കേതിക ബിരുദധാരികളെ ഉദ്ദേശിച്ചുള്ളതല്ല. കുടുംബശ്രീ പോലെയുള്ള സൂക്ഷ്മ സംരംഭങ്ങളെ പരിശീലനം വഴി ശാക്തീകരിച്ച ശേഷം എളുപ്പത്തില്‍ വായ്പ കൊടുക്കാനാണ് റൂഡ്സെറ്റി.
എറണാകുളത്തെ റൂഡ്‌സെറ്റി തരക്കേടില്ലാതെ പോകുന്നു. തൃശൂരിലെ റൂഡ്‌സെറ്റി മികച്ചരീതിയില്‍ മുന്നേറുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.

sanju said...

താല്പര്യം ഉണ്ടായിരുന്ന നാലഞ്ചു പേരുണ്ടയിരുന്നത്‌ വിസ്മരിക്കുന്നില്ല....
പിന്നെ ബ്ലോഗില്‍ ഫേസ് ബുക്ക്‌ ഷെയര്‍ ബട്ടണ്‍ വച്ചാല്‍ കൊള്ളാമായിരുന്നു....

വി. കെ ആദര്‍ശ് said...

@ സഞ്ജു
ബ്ലോഗ് ആകെ ഒന്നു അഴിച്ചു പണിയണം എന്ന് വിചാരിച്ചിട്ട് നാളേറെയായി