Friday, January 07, 2011

കാലചക്രമുരുളും കമ്പ്യൂട്ടറും

വായനയുടെ ശൈലിയെ തന്നെ കം‌പ്യൂട്ടര്‍ /മൊബീല്‍ ഫോണ്‍ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു എന്നത് പുതുമയുള്ള വാര്‍ത്തയോ വിശകലനമോ അല്ലാതായിരിക്കുന്നു.അസംഖ്യം വെബ്‌സൈറ്റുകളാണ് ഇന്ന് വിവരരാജപാതയിലേക്കുള്ള യാത്രയില്‍ നമ്മെ സഹായിക്കാനുള്ളത്. പത്രമാസികകള്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ പോര്‍ട്ടല്‍ തുടങ്ങുന്നത് നിലവിലുള്ള പ്രസിദ്ധീകരണത്തിന്റെ വെറുമൊരു ഉപശാഖ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കഥ മാറി. വെറുമൊരു വെബ്‌സൈറ്റ് മാത്രമെന്നത് ഒരു പക്ഷെ ബാധ്യത തന്നെയായി മാറുമെന്നത് അനുഭവപാഠം. ഒരു വെബ്‌പോര്‍ട്ടല്‍ ആവശ്യപ്പെടുന്നത് അച്ചടിക്കുള്ളതിന്റെയോ അല്ലെങ്കില്‍ അച്ചടിച്ചുവന്നതിന്റെയോ ഇ-പകര്‍ത്തി വയ്‌ക്കല്‍ അല്ല മറിച്ച് ഈ നവമാധ്യമം ആവശ്യപ്പെടുന്നതലത്തില്‍ വിവരക്കലവറ(ഡാറ്റാബേസ്)യെ മാറ്റിയെടുക്കുകയാണ്. ബ്ലോഗ്,ട്വിറ്റര്‍ ,ഫേസ് ബുക്ക് എന്നിവ ഈ കാഴ്ചപ്പാട് വച്ച് നോക്കുമ്പോള്‍ മടിപിടിച്ച സ്ഥാപനങ്ങള്‍ക്ക് അവസരമല്ല മറിച്ച് വായനക്കാരുടെ പരാതിപറച്ചിലുകള്‍ക്കോ അല്ലെങ്കില്‍ കുറ്റപ്പെടുത്തലുകള്‍ക്കോ ഉള്ള എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കലാണ്. ഉദാഹരണത്തിന് നമ്മള്‍ വായിക്കുന്ന പുതിയ ഒരു പുസ്തകം പൌലോ കൊയ്‌ലോ അല്ലെങ്കില്‍ ചേതന്‍ ഭഗത്തിന്റെതാണന്ന് വിചാരിക്കുക. ഈ രണ്ട് എഴുത്തുകാരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്പപ്പോള്‍ വിവരവിനിമയം നടത്തുന്നവരാണന്നതിനാല്‍ പറയുന്നു അത്രമാത്രം. പ്രസ്തുത പരിഭാഷ വായനയെ മുന്നോട്ട് നയിക്കാത്ത വിധത്തില്‍ കല്ലുകടി ഉള്ളതാണങ്കില്‍ നിങ്ങള്‍ എന്തുചെയ്യും. അവരുടെ പേരിലേക്ക് ഒരു ട്വിറ്റര്‍ /ഫേസ്ബുക്ക് സന്ദേശം ഇടും. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലത്തെ സന്ദേശത്തിന് ഇമെയില്‍ കാലഘട്ടത്തിനെക്കാള്‍ ഉള്ള മറ്റൊരു പ്രത്യേകത, ഇത് എഴുതുന്ന ആളും വായിക്കുന്ന ആളും തമ്മില്‍ മാത്രമുള്ള അന്യോന്യ സംസാരമല്ല, ഒപ്പം നമ്മുടെ കൂട്ടുകാര്‍ക്കും ഇത് വായിക്കാമെന്നതാണ്. കഴമ്പും കാമ്പുമുള്ള സന്ദേശമാണങ്കില്‍ അവര്‍ വീണ്ടും ഇത് പകര്‍ത്തി വച്ച് ചങ്ങലക്കണ്ണിപോലെ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാപിക്കും. എന്തായിരിക്കും ഫലം. രണ്ട് സാധ്യതകള്‍ ഇതാണ് ഒന്ന്, മൂലകൃതി എഴുതിയ ആള്‍ തര്‍ജമ ചെയ്‌ത ആളിനെയോ അല്ലെങ്കില്‍ സ്ഥാപനത്തെയോ സമീപിക്കും പരാതിപ്പെടും ചിലപ്പോള്‍ പിണങ്ങും എന്നാല്‍ രണ്ടാമത്തെ സാധ്യത അല്‍പ്പം അപകടം പിടിച്ചതാണ് കാരണം പുസ്തകം വാങ്ങാം എന്ന് കരുതുന്നവര്‍ ഒരു പക്ഷെ ഒരു രണ്ടാമതൊന്ന് ചിന്തിക്കാം, പുസ്തകക്കടയില്‍ ചെന്ന് നല്ല പോലെ പരിശോധിച്ച ശേഷമേ വാങ്ങൂ. ചുരുക്കത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കാലത്ത് വായനക്കാരന്‍ /ഉപഭോക്താവ് പതിയെ യഥാര്‍ത്ഥ രാജാവ് ആയിക്കൊണ്ടിരിക്കുന്നു. അതേ സമയം തന്നെ പ്രസ്തുത പുസ്തകം ഉന്നതമായ വായനാനുഭവം നല്‍കിയെങ്കില്‍ അത് ഉടനടി നേരത്തെ പറഞ്ഞ അതേ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയും എഴുതിയ/പരിഭാഷപ്പെടുത്തിയ ആള്‍ക്ക് സന്തോഷവും മുദ്രണാലയത്തിന് കൂടുതല്‍ പ്രതി വിറ്റഴിക്കാനുള്ള സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. ഈ പറഞ്ഞ കാര്യം ഉപഭോക്‍തൃ ഉല്പന്നങ്ങള്‍ക്കെല്ലാം ബാധകമാണ് എങ്കിലും വായനയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗൌരവമുള്ളതിനാല്‍ സൂചിപ്പിച്ചെന്നേയുള്ളൂ.

വാര്‍ത്തയുമായി ബന്ധപ്പെട്ട ഇ-വായനയുടെ മറ്റൊരു ശ്രദ്ധേയ സാഹചര്യം ആക്ടിവിസത്തിന്റെ പുതിയ രീതിയാണ്. ബിനായക് സെന്നിനെതിരെയുള്ള വിധി വന്ന് ക്ഷണനേരം കൊണ്ട് ആയിരക്കണക്കിന് ട്വിറ്റുകളും ഫേസ്‌ബുക്ക്/-മെയില്‍ സന്ദേശങ്ങളും പ്രവഹിക്കപ്പെട്ടു. പലതും കേവലം അമര്‍ഷം/വിയോജിപ്പ് മാത്രമല്ല പഴയവാര്‍ത്തകളും വിശദമായ വിശകലനവും ഉള്ള പേജുകളിലേക്ക് കണ്ണികളാക്കുന്നവയായിരുന്നു. ഓണ്‍‌ലൈന്‍ പരാതി ഒപ്പിടല്‍ സര്‍വകാല റെക്കോഡിലേക്കെത്തി. അതായത് മാധ്യമങ്ങള്‍ ഇന്റര്‍നെറ്റ് പൂര്‍വകാലത്ത് വഹിച്ചിരുന്ന ഇടപെടല്‍ ഇന്ന് സമര്‍ത്ഥമായി നടത്തുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളാണ്. ദിനപത്രങ്ങളിലെ തെറ്റും അല്ലെങ്കില്‍ എതെങ്കിലും ഒരു മാധ്യമം ഒഴിവാക്കുന്ന/ഒതുക്കുന്ന/വളച്ചൊടിക്കുന്ന വാര്‍ത്തയെപ്പറ്റിയ അന്തമില്ലാത്ത ഗൂഗിള്‍ ബസ് ചര്‍ച്ചയും കണ്ടാല്‍ മാധ്യമവിമര്‍ശനത്തിന്റെ താക്കോലാണ് സോഷ്യല്‍ നെറ്റ്വര്‍‌ക്കിംഗ് ഇടങ്ങള്‍ എന്ന് തോന്നിപ്പിക്കും. പരമ്പരാഗത മാധ്യമവിമര്‍ശനം നടത്തിയിരുന്നത് പ്രത്യേകസിദ്ധിയുള്ള ചിലരായിരുന്നെങ്കില്‍ ഇന്ന് ഇളമുറക്കാരായവരോ അല്ലെങ്കില്‍ കാര്യമായ വായന ഇല്ലാത്ത സാധാരണക്കാരോ വരെയാണ് വിമര്‍ശനത്തിന്റെ പോര്‍മുന മിനുക്കുന്നത്. ഈയടുത്ത കാലത്ത് ഒരു എഴുത്തുകാരന്‍ അല്‍‌പം സങ്കടത്തോടെ പറഞ്ഞത് ഇങ്ങനെയാണ് “എന്നെ/പുസ്തകത്തെ പറ്റി എന്തോ ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നുവെന്നറിഞ്ഞ് എത്തിയതാണ്. വന്നപ്പോഴല്ലേ ഇത്രമേല്‍ രസകരമായ ഒരിടം ഇല്ല എന്ന് മനസിലായത്” .അതെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലെ പരിഹാസമോ എതിര്‍പ്പോ മാന്യതയുടെയോ സഭ്യതയുടെയോ സീമകള്‍ ലംഘിക്കുന്നതായിരിക്കും. എന്നാല്‍ അച്ചടി മാധ്യമത്തിലെ ലേഖനസംവാദമോ ടെലിവിഷനുകളിലെ ന്യൂസ് റൂം ഡിസ്‌കഷനോ മിക്കപ്പോഴും അതാത് സ്ഥാപനത്തിന്റെ സഭ്യതാവരമ്പിനകത്ത് നിന്നായിരിക്കും. അതായത് എഴുത്തുകാരന്‍ മിക്കപ്പോഴും സുരക്ഷിതന്‍ എന്നാല്‍ ഇന്റര്‍നെറ്റ് ലോകത്ത് എഴുത്തുകാരനും വായനക്കാരും തമ്മില്‍ സംവദിക്കുന്നത് ഇത്തരം സംരക്ഷണഭിത്തികളുടെ കവചം ഇല്ലാതെയാണ്.

-വായനയില്‍ നിന്ന് ഇ-വായനയിലേക്ക്

അച്ചടി വായനയില്‍ നിന്ന് ഇലക്ട്രോണിക് വായനയിലേക്ക് എന്ന് വാമനരൂപം(short form) മാറ്റി പറയാം! നേരത്തേ സൂചിപ്പിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എങ്ങനെ എവിടെ വച്ച് ഉപയോഗിക്കുന്നു എന്ന് കൂടി അറിഞ്ഞാല്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ ആഴം ബോധ്യമാകും. പേഴ്‌സണല്‍ കമ്പ്യൂട്ടറും അതിലേക്ക് ബന്ധപ്പെടുത്തിയ ടെലഫോണ്‍ കമ്പികളുടെയും ഇന്റര്‍നെറ്റ് മണ്ണിലല്ല ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വേരൂന്നി നില്‍ക്കുന്നത്. കൈയില്‍ കൊണ്ട് നടക്കാവുന്ന ഉപകരണങ്ങളില്‍ നിന്ന് അപ്പപ്പോള്‍ തന്നെ തങ്ങള്‍ക്ക് തോന്നിയത് വിളിച്ചുപറയുന്ന നെറ്റിസണ്‍‌മാരുടെ (ഇന്റര്‍നെറ്റില്‍ സക്രീയരായ സിറ്റിസണ്‍ /പൌരന്‍ ) എണ്ണം വന്‍‌വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തുന്നത്. ഒറ്റനിറം മാത്രം ഡിസ്‌പ്ലേ ചെയ്തിരുന്നതും വിളിക്കപ്പുറം എസ് എം എസ് ന്റെ മാത്രം ഔദാര്യം അനുഭവിച്ചിരുന്ന സമയത്തില്‍ നിന്നും എങ്ങനെയാണോ ഇന്ന് നമ്മുടെ കയ്യിലിരിക്കുന്ന ബഹുവര്‍ണ/ബഹു‌ഉപയോഗ സാധ്യതകള്‍ ഉള്ള ഫോണിലേക്ക് മാറ്റപ്പെട്ടത് അതിലും വേഗത്തില്‍ നമ്മള്‍ സ്‌മാര്‍ട്ട് ഫോണിലേക്കും ടാബ്‌ലറ്റ് കമ്പ്യൂട്ടറിലേക്കും വഴിമാറും എന്ന് എതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ ചരിത്രം അങ്ങനെയാണ് ചിലത് വരുമ്പോള്‍ മറ്റ് ചിലത് തുടച്ച് മാറ്റപ്പെടും. എതാനും മാസം മുന്നെയാണ് സോണി അവരുടെ അതിപ്രശസ്‌തമായ വാക്ക്‍മാന്‍ നിര്‍മ്മാണം നിര്‍ത്തിവച്ച വാര്‍ത്ത പുറത്തു വന്നത്. മുപ്പത് വര്‍ഷത്തിനിടെ 20 കോടി വാക്ക്‍മാനാണ് ലോകമാകമാനം വിറ്റഴിച്ചത്. എന്നാല്‍ ആപ്പിള്‍ ഐ പോഡിന്റെയും സമാനമായ മറ്റ് സംഗീത ഉപകരണങ്ങളുടെയും വഴി വാക്ക്‍മാന്റെ മാഞ്ഞുപോകലിന് വഴി‌വച്ചു. ഇന്നിന്റെ പകുതി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ഒരു പക്ഷെ സ്‌മാര്‍ട്ട് ഫോണിനും ടാബ്‌ലറ്റിനും വഴി മാറുമെന്ന് എതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നോക്കണം മറ്റൊരു കാര്യം, സാധാരണ കാസറ്റിന് പകരക്കാരനായി സിഡി റോം ഉള്ള ഡിസ്‌ക്‍മാന്‍ സോണി ഇറക്കിയത് ഒരു പക്ഷെ തുടര്‍ച്ചയെന്നോണം ഉള്ള മാര്‍ക്കറ്റിനെ കൈപ്പിടിയിലാക്കാം എന്ന ചിന്തയാകും. പക്‍ഷെ വിപണി ആവശ്യപ്പെടുന്നത് കേവല തുടര്‍ച്ചയല്ല മറിച്ച് നൂതനമായ ആശയങ്ങളും അതിന്റെ സാക്ഷാത്‌കാരവുമാണന്ന് സോണി പോലും മനസിലാക്കിയില്ല എന്നത് ചരിത്രം. എന്നാല്‍ മക്കിന്‍‌ഡോഷ് കമ്പ്യൂട്ടര്‍ ,ഐ പോഡ് ,ഐ ഫോണ്‍ എന്നിവയില്‍ തുടങ്ങി ഐ പാഡ് വരെ ആപ്പിളിന് ഇതു വരെ തെറ്റിയിട്ടില്ല. ഒരു പക്ഷെ സോണിയെ വെട്ടി ആപ്പിള്‍ എത്തിയ പോലെ നാളെ ആപ്പിളിനെ മുറിച്ച് വിപണിയുടെ സിംഹഭാഗം എടുക്കാന്‍ മറ്റൊരു സ്റ്റാര്‍ട്ടപ്പ് കമ്പനി വരുമായിരിക്കില്ലെന്നും എങ്ങെനെ പറയാനാകും.

ഐ ഫോണ്‍ ,ബ്ലാക്ക്ബെറി എന്നീ മുന്തിയ ഉത്പന്നങ്ങളും ആന്‍‌ഡ്രോയ്ഡ് പ്രവര്‍ത്തകസംവിധാനം ഉള്ള 5000 രൂപ മുതല്‍ മുകളിലേക്ക് വിലയുള്ളവയും അടങ്ങുന്ന ശ്രേണിയാണ് സ്‌മാര്‍ട്ട് ഫോണ്‍ ഇത് ഇന്ന് ഇന്ത്യയിലടക്കം കുതിപ്പിന് തയ്യാറെടുക്കുന്നു. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വര്‍ത്തമാനം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെതാണ്. എന്താണ് ഈ ടാബ്‌ലറ്റ് ? ആപ്പിള്‍ എന്ന ഇലക്ട്രോണിക് വ്യവസായ ഭീമന്റെ ഐ പാഡിന്റെ വരവാണ് മറ്റ് സ്ഥാപനങ്ങളെ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ലോകത്ത് ശ്രദ്ധയൂന്നാ‍ന്‍ അത്രമേല്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടിംഗിന്റെ ഒരു ഘട്ടത്തിന് വിരാമമിടും ടാ‍‌ബ്‌ലറ്റ് എന്ന് പറഞ്ഞാലും ഒരു തെറ്റുമില്ലാത്തവിധമാണ് ഇത് പ്രചുരപ്രചാരം നേടുന്നത്. അഥവാ പേഴ്സണല്‍ കമ്പ്യൂട്ടിംഗിന്റെ ദിശതന്നെ മാറ്റുന്ന നിലയിലാണ് ഇന്ന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ടാബ്‌ലറ്റുകള്‍ കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ ഇടയില്‍ ഒരു സ്ഥലം സൃഷ്ടിച്ചെടുക്കുകയല്ല ഇവയെക്കൂടി വിഴുങ്ങുകയാണന്ന് പറയേണ്ടിയിരിക്കുന്നു. പ്രീയ വായനക്കാരാ ! ടാബ്‌ലറ്റ് എന്തെന്ന് പറയാന്‍ മറന്നു പോയി അല്ലേ? നമ്മുടെ പഴയകാല സ്ലേറ്റിന്റെ അതേ രൂപമാണ് ഇവയ്‌ക്ക്. ശരാശരി എഴ് ഇഞ്ച് വലിപ്പം ഉള്ള ഉപകരണത്തില്‍ തൊട്ടെഴുതുന്ന രീതി -ടച്ച് സ്ക്രീന്‍ - ആണ് വിവരാലേഖനത്തിന് ഉപയോഗിക്കുന്നത്. ഉള്ളം കൈയ്യില്‍ ഒതുങ്ങുന്ന ഏറെ നേരം ബാറ്ററി ആയുസുള്ള ഇതില്‍ മാസവരി നൂറുരൂപയില്‍ താഴെ ചിലവു വരുന്ന രീതിയില്‍ തന്നെ ഇന്റര്‍നെറ്റ് ലഭ്യമാക്കാം.

പേരുകേട്ട വിദേശ മാധ്യമങ്ങള്‍ മിക്കതും വെബ്സൈറ്റിനെ അടിമുടി തന്നെ മാറ്റുകയും ടാബ്‌ലറ്റ് (ഐ പാഡ്/ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ) പതിപ്പുകളുമിറക്കി തങ്ങളുടെ ഡാറ്റാബേസിനെ പരിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ അച്ചടിമാധ്യമങ്ങളുടെ ഭാവി ടാബ്‌ലറ്റ് വായനയിലൂടെയാകും എന്ന് പ്രവചിക്കുന്നവരാണ് ഫ്യൂച്ചറിസ്റ്റുകളില്‍ അധികവും. മാധ്യമങ്ങളെ, പുസ്തകത്തെ, കമ്പ്യൂട്ടിങിനെ ഒക്കെ ഒരേ സമയം ലക്ഷ്യംവെച്ചുള്ളതാണ് വിവിധ കമ്പനിയുടെ ടാബ്‌ലറ്റുകള്‍ . അച്ചടിമാധ്യമങ്ങള്‍ക്ക് ഡിജിറ്റല്‍ ലോകത്തേക്കുള്ള പുതിയ അവതാരം സാധ്യമാകുക ഇത് വഴിയാകുമെന്ന് പലരും കരുതുന്നു.

അടുത്ത സുഹൃത്തുക്കളിലൊരാള്‍ കഴിഞ്ഞ് ദിവസം പറഞ്ഞത് പത്രം വായിക്കുന്നത് ഇപ്പോള്‍ തന്റെ ആന്‍ഡ്രോയ്ഡ് ഫോണിലെന്നാണ്, എന്നാല്‍ വായിക്കാനെടുത്ത സമയമാണ് രസകരം കൊച്ചിയിലെ ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കുന്ന സമയം! ശരാശരി ഇന്ത്യാക്കാരന്റെ ജീവിതസമയത്തില്‍ നല്ലൊരു പങ്ക് ഹോമിക്കപ്പെടുന്നത് ട്രാഫിക്ക് കുരുക്കുകളിലാകും എന്ന് വായിച്ചതോര്‍ക്കുന്നു. അതെ ഒരു പ്രയോജനം ഇല്ലെന്ന് കരുതിയ സമയത്ത് ഓഫീസ് ഇ-മെയിലും പത്രവും വായിച്ച് പ്രയോജനപ്രദമാക്കുന്നു അല്ലെങ്കില്‍ യൂട്യൂബ് വീഡിയോ പര്യടനം നടത്തി വിനോദിക്കുന്നു. അമേരിക്കയിലേയും ബ്രിട്ടനിലേയും പ്രൌഡപാരമ്പര്യമുള്ള പത്രമാസികകള്‍ കേവലം ഒരു തൊടല്‍ (ടച്ച് സ്ക്രീന്‍ ) മാത്രം അകലെ. ത്രീ ജി സേവനങ്ങളുടെ വരവോടെ കൂടുതല്‍ വ്യക്തതയോടെയുള്ള വീഡിയോ ചിത്രങ്ങളും ഉടനടി ലഭിക്കും. അതായത് പത്രങ്ങള്‍ മാത്രമല്ല ടെലിവിഷന്‍ ചാനലുകളും യൂട്യൂബ് അടക്കമുള്ള വീഡിയോപുരകളും ഇനി ഇത്തിരിപോന്ന മൊബൈലിലോ ടാബ്‌ലറ്റിലോ കൊണ്ട് നടക്കാം.

നേരത്തേ തുടങ്ങിവച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലേക്ക് വരാം. കൊണ്ട് നടക്കാവുന്ന ഇന്റര്‍നെറ്റ് ഉപകരണങ്ങളില്‍ ട്വിറ്ററും ഫേസ്‌ബുക്കും ഒക്കെ നോക്കുന്നത് വെബ്‌ബ്രൌസറില്‍ പരമ്പരാഗത രീതിയില്‍ വിലാസം ടൈപ്പ് ചെയ്ത് അല്ല, മറിച്ച് ഒരോന്നിനും വേണ്ട ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. മിക്ക ടാബ്‌ലറ്റ്/മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ തന്നെ ഇത്തരം ആപ്ലിക്കേഷനുകള്‍ മുന്‍‌കൂര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇമെയിലും ട്വിറ്റര്‍ ഓര്‍മ്മപ്പെടുത്തലുകളുമെല്ലാം എസ് എം എസ് വരുന്നതുപോലെ അറിഞ്ഞുകൊണ്ടേയിരിക്കാം. നിരത്തില്‍ കാണുന്ന ഒരു ദൃശ്യം അതേ മാത്രയില്‍ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വഴി തത്സമയം പങ്കുവയ്‌ക്കാം. ഇത് കൌതുകകരമായ ഒരു ചിത്രമോ അതുമല്ലങ്കില്‍ നിരത്തുവക്കില്‍ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലിവാങ്ങുന്നതാകാം. ഒക്കെ പോകട്ടെ അഴിമതിക്കും പോലിസ് പീഡനത്തിന് നേരേ പിടിച്ച കാമറക്കണ്ണുകള്‍ ദൃശ്യങ്ങള്‍ അതേ സമയം തന്നെ പൊതുശ്രദ്ധയിലേക്ക് എത്തിക്കുന്നത് സ്വകാര്യത ഇല്ലായ്‌മയിലേക്കല്ല മറിച്ച് ഔദ്യോഗിക ഗൂഡാലോചനയുടെ വല്ലായ്‌മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതു തന്നെയല്ലേ 2010 ന്റെ അവസാനമാസങ്ങളില്‍ ജൂലിയന്‍ അസാന്‍‌ജെ വീക്കീലീക്ക്സ് വഴി തുറന്നുവച്ചതും. വരും കാലം ഇന്റര്‍നെറ്റ് ഇനിയും വളരും. നടന്നുനീങ്ങുന്ന ഒരോരുത്തരുടെ പക്കലുമുള്ള ഉപകരണങ്ങള്‍ക്ക് ശബ്‌ദ വിനിമയമല്ല കേവല ഉപയോഗം, അതിലുമേറേ ചെയ്യാനുള്ള കരുത്തും പ്രാപ്‌തിയുള്ളവയാണന്ന് നാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ മറ്റൊരു ഉപയോഗം ഇതിന്റെ ഇ-ബുക്ക് റീഡര്‍ എന്ന പരകായ പ്രവേശം ആണ്. അച്ചടിയില്‍ ഇന്ന് ഇച്ചടിയിലേക്ക് കടക്കുന്ന കാലത്ത് പുസ്തകങ്ങള്‍ മിക്കതും ഇ-കോപ്പിയായി ഇറക്കാന്‍ പ്രസാധകര്‍ ഇന്ന് മടിക്കുന്നില്ല. ആമസോണ്‍ കിന്‍‌ഡില്‍ പോലെയുള്ള ഉപകരണങ്ങള്‍ വഴി പുസ്തകങ്ങള്‍ ഇലക്‍ട്രോണിക് രീതിയില്‍ വായിക്കുന്നത് ഇന്ന് അമേരിക്കയില്‍ പുതുമയേയല്ല, നമ്മുടെ നാട്ടിലും വിങ്ക് എന്ന പേരില്‍ സമാനമായ ഉപകരണം അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ചുരുക്കം ചില ഉപയോക്താക്കളെങ്കിലും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തന്നെ ഇ-ബുക്ക് റീഡര്‍ ആയി ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കിന്‍ഡിലിലും വിങ്കിലും ഒക്കെ ഇ-ഇങ്ക് എന്ന സങ്കേതമാണ് കണ്ണിന് ആയാസ രഹിതമായ വായന സാധ്യമാക്കുന്നത് എന്നാല്‍ ടാബ്‌ലറ്റിലെ കളര്‍ ഡിസ്‌പ്ലെയും തെളിച്ചവും ബഹുവര്‍ണ പേജ് വായനക്ക് സഹായിക്കും. അച്ചടി പത്ര മാസികകളെല്ലാം തന്നെ കിന്‍ഡില്‍ പതിപ്പിന് ഇന്ന് ഉത്സാഹിക്കുന്നത് ധനാഗമമാര്‍ഗം കൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. ടാബ്‌ലറ്റില്‍ കിന്‍ഡില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപകരണത്തെ എളുപ്പമാര്‍ഗത്തില്‍ കിന്‍‌ഡില്‍ പോലെയാക്കാം, ഒരു വ്യത്യാസവുമില്ലാതെ തന്നെ. ഇങ്ങനെയുള്ള പകര്‍ന്നാട്ട മെയ്‌വഴക്കമാണ് ടാബ്‌ലറ്റിനെ ഭാവിയുടെ ഉപകരണമാക്കുന്നത്. ആപ്പിളിന്റെ ഐ പാഡിനെ പിന്‍ പറ്റി ഒട്ടേറെ താരങ്ങള്‍ അരങ്ങിലെത്തിക്കഴിഞ്ഞു. സാംസങ്ങിന്റെ ഗാലക്‍സി ടാബ് കൂട്ടത്തില്‍ ശ്രദ്ധേയന്‍ ,വിലക്കുറവ് മാത്രമല്ല ആന്‍ഡ്രോയ്ഡ് മേന്മ കൊണ്ടും. ഇതിനൊക്കെ ചൂ‍ടുപകരാനെന്നവണ്ണം ഗൂഗിള്‍ മൂന്ന് ദശലക്ഷം പുസ്തകങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ നെറ്റില്‍ എത്തിച്ച് ഇ-ബുക്ക് സ്റ്റോര്‍ ആരംഭിച്ചു കഴിഞ്ഞു. വളരുന്ന ടാബ്‌ലറ്റ് ബുക്ക് വിപണിയില്‍ മത്സരം ഉഷാറാകുമെന്ന് എതായാലും ഗൂഗിള്‍ നീക്കത്തില്‍ നിന്ന് അനുമാനിക്കാം.

Wednesday, January 05, 2011

ഒരു യുവവ്യവസായി ഇങ്ങനെയൊക്ക പട്ടുപോകാം

ഒരു കല്‍പിത കഥയായി എടുത്തോളൂ. ഒരേ എഞ്ചിനീയറിംഗ് കോളെജില്‍ ഒരു ബഞ്ചില്‍ ഇരുന്ന് പഠിച്ച രണ്ട് കൂട്ടുകാരെ അന്ന് പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ പത്തു വര്‍ഷം കഴിഞ്ഞ് ഒരു സായാഹ്നസവാരിക്കിടെ കണ്ടുമുട്ടുന്നു. പതിവ് സുഖാന്വേഷണത്തിനിടെ ഇരുവരുടേയും ജോലിക്കാര്യം അന്വേഷിക്കുന്നു.

ആദ്യത്തെയാള്‍ പറഞ്ഞു ‘സര്‍ ഞാന്‍ സ്റ്റേറ്റ് ബാങ്കിലാണ് ഇപ്പോള്‍ കോഴിക്കോട് മെയിന്‍ ശാഖയില്‍ സീനിയര്‍ മാനേജര്‍ ’ സര്‍ സന്തോഷാഭിമാനത്തോടെ പറഞ്ഞു ‘ഗുഡ് ’ .

താനെന്തു ചെയ്യുന്നു ചോദ്യമുന അടുത്തയാളിലേക്ക് നീങ്ങി

“ഞാന്‍ ഇവിടെ കൊല്ലത്തെ സിഡ്കോ പാര്‍ക്കില്‍ ഒരു വ്യവസായ യൂണിറ്റ് നടത്തുന്നു. മറ്റോരു യൂ‍ണിറ്റിന് വായ്പ തരപ്പെടുത്തുന്നത് ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു”

സര്‍ ഉടനെ “അപ്പോ ജോലി ഒന്നും കിട്ടിയില്ല ‍അല്ലേ? ”

......

നോക്കണേ ഇതേ പ്രോഫസര്‍ അവസാന സെമസ്റ്ററുകളില്‍ ആവേശത്തോടെ പഠിപ്പിച്ച മെഷീന്‍ ഡിസൈന്‍ പേപ്പറിന്റെ അതേ മേഖലയില്‍ സ്വന്തം കാലില്‍ നിന്ന് വ്യവസായം നടത്തുകയും രണ്ടുഡസന്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുകയും മാത്രമല്ല പത്തുവര്‍ഷത്തിനകം തന്നെ രണ്ടാമത്തെ യൂണിറ്റിനെ പറ്റി ആലോചിച്ച് തുടങ്ങിയ ഒരു യുവ‌എഞ്ചിനീയര്‍ സാറിന്റെ കണ്ണില്‍ ജീവിത വിജയം നേടാത്ത രണ്ടാം തരം പൌരന്‍ . എന്നാല്‍ പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്തതും എതൊരു ബിരുദധാരിക്കും സാമാന്യമായി ചെയ്യാവുന്ന ഒരു ജോലി ചെയ്യുന്ന ആള്‍ മിടുക്കനുമാകുന്ന സാമൂഹികാന്തരീക്ഷം.

എഞ്ചിനീയറിംഗ് കോളെജിലോ മാനേജ്മെന്റ് ഇന്‍സ്റ്റിട്യൂട്ടിലോ ചേര്‍ന്നാല്‍ തുടങ്ങും നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യം “കാമ്പസ് ഇന്റര്‍വ്യൂ ആയോ ഇന്‍ഫൊസിസ് വന്നോ വിപ്രോ എന്ന് വരും മട്ടില്‍ ” അതേ സമയം ഒരു നാരായണമൂര്‍ത്തിയോ അസിം പ്രേംജിയോ കാമ്പസില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ ഇവര്‍ സമ്മതിക്കുകയുമില്ല. ഇത് മാറേണ്ടേ. വിദേശ രാജ്യങ്ങളിലും എന്തിന് ഇന്ത്യയില്‍ തന്നെ . നമ്മുടെ ഇന്‍ഫോസിസ് സ്ഥാപകര്‍ തന്നെ ഉദാഹരണം. വയസിന്റെ ഇരുപതുകളില്‍ ഉത്സാഹികളും മിടുക്കരുമായ സംരംഭകര്‍ തുടങ്ങുന്ന സ്ഥാപനം ലോകത്ത് അതാത് മേഖലകളില്‍ അജയ്യമായി മുന്നേറുന്ന ഉദാഹരണം ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ അനവധി.

23 വയസില്‍ സ്റ്റാന്‍ഫഡില്‍ വിദ്യാര്‍ത്ഥികളായിരിക്കെ സെര്‍ജി ബ്രിന്‍ ,ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ഗൂഗിള്‍ എന്ന കമ്പനിയുടെ പേര് കേള്‍ക്കാത്തവര്‍ എത്രപേരുണ്ടാകും. ഇന്ന് ഗൂഗിളിന്റെ ആസ്തി എതാണ്ട് നമ്മുടെ റിലയന്‍സ് സാമ്രാജ്യത്തിനൊപ്പം വരും. നേക്കണേ, നാല്പതാണ്ടുകള്‍ക്ക് മുന്നെ തുടങ്ങിയ റിലയന്‍സ് ഇന്ന് രണ്ടാം തലമുറയിലെ നേതൃത്വമാണ് നയിക്കുന്നത്. ഗൂഗിള്‍ ആകട്ടെ 14 വയസിന്റെ ചെറുപ്പത്തിലും.

ഇതിലും രസകരമാണ് പോയ വാരം ടൈം മാഗസിന്‍ ‘ഈ വര്‍ഷത്തെ (2010) ശ്രദ്ധേയ വ്യക്തിത്വം’ ആയി തിരഞ്ഞെറ്റുത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സംരംഭകത്വ വഴി. 1984 ല്‍ ജനിച്ച ഈ പയ്യന്‍സ് ഹര്‍വാഡില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 2004 ല്‍ ഫേസ്‌ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് കൂട്ടുകാരുമായി ചേര്‍ന്ന് ആരംഭിച്ചു. ഇന്ന് 50 കോടി ഉപയോക്താക്കള്‍ ഈ സംരംഭത്തിന് കീഴില്‍ ഉണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ എറ്റവും വലിയ മൂന്നാമത്തെ രാജ്യമെന്ന് പോലും ഫേസ്ബുക്ക് ജനസംഖ്യയെ വിളിക്കാം! ആകെ ഒരു ജോലിയേ മാര്‍ക്ക് ഇന്നേ വരെ ചെയ്തിട്ടുള്ളൂ, മറ്റുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ ആണ് ഇന്ന് മാര്‍ക്ക് സുക്കര്‍ ബര്‍ഗ് എന്ന ഇരുപത്തിയാറുകാരന്‍ . നാല് വര്‍ഷം മുന്നെ യാഹൂ എന്ന സര്‍ച്ച് എഞ്ചിന്‍ സ്ഥാപനം ഫേസ്ബുക്കിന് പറഞ്ഞ വില 4500 കോടി രൂപയാണ്. ഈ വാഗ്ദാനം നിഷ്‌ക്കരുണം തള്ളിക്കളഞ്ഞങ്കിലും 2007 ല്‍ കേവലം ഒന്നര ശതമാനം ഓഹരി മൈക്രോസോഫ്ട് വാങ്ങിയത് ആയിരം കോടി രൂപയ്‌ക്കാണ്.

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് ഇത്തരത്തില്‍ വലുത് അല്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത സംരംഭകകഥ കാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്നില്ല. സമൂഹത്തിനും ഇക്കാര്യത്തില്‍ ചെറുതല്ലാത്ത റോളുണ്ട്. യുവവ്യവസായികളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന മനോഭാവം തന്നെ വില്ലന്‍ .

ഇതു മാത്രമല്ല വിവാഹാലോചന സമയത്താണ് ഇതിലും രസം. സര്‍ക്കാര്‍ ഓഫീസിലെ ശിപായിക്ക് പോലും നല്ല പരിഗണന കിട്ടും. എന്നാല്‍ സംരംഭകനാണന്ന് പറഞ്ഞാല്‍ . ഇവന് എന്തോ കുഴപ്പമുണ്ടന്ന് മട്ടിലാകും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ . അതൊക്കെ പോകട്ടെ നമ്മുടെ മോഹന്‍ലാലും മമ്മൂട്ടിയും വരെ ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷാക്കണ്ണിലൂടെ നോക്കിയാല്‍ സ്ഥിര വരുമാനം ഇല്ലാത്തവര്‍ എന്നാല്‍ സര്‍ക്കാര്‍ ഓഫീസിലെ വരുമാനം കൊണ്ട് അരിഷ്ടിച്ച് ജീവിതം തള്ളിനീക്കുന്ന ശരാശരിക്കാരന്‍ സാമ്പത്തിക സുരക്ഷിതത്വം ഉള്ള ജോലി ചെയ്യുന്നവന്‍ .

ഇനി നേരത്തേ പറഞ്ഞ ചോദ്യം ഒന്ന് തിരിച്ച് വയ്‌ക്കുന്നു. പെണ്‍കുട്ടി സംരംഭകയാകാന്‍ തീരുമാനിക്കുന്നു എന്ന് കരുതുക. പിന്നത്തെ പുകില്‍ പറയുകയും വേണ്ട. അവള്‍ അഹങ്കാരിയാണ്, തോന്നിയതുപോലെ പ്രവര്‍ത്തിക്കുകയാണ്. പതിയെ വ്യവസായം ഒക്കെ മെച്ചമാക്കിയാല്‍ പിന്നെ സുധാ മൂര്‍ത്തി (ഇന്‍ഫോസിസ്), ബീനാ കണ്ണന്‍ (ശീമാട്ടി) യുടെ പിന്‍‌തലമുറക്കാരി എന്ന് പറഞ്ഞ് ഉയര്‍ത്തും. അവള്‍ക്ക് നിര്‍ണായക പിന്തുണ വേണ്ടുന്ന സമയത്ത് മുഖം തിരിച്ചവരാണ് പിന്നീട് മുഖസ്തുതി പാടാനെത്തുന്നത്.

അല്‍‌പം തമാശയോടെ കാണാവുന്ന മറ്റൊരു കാര്യം .ഇത് നടന്ന കഥയണെന്ന് തോന്നുന്നു . പറഞ്ഞ് കേട്ടതാണ്. ഒരിക്കല്‍ ഒരു കമ്പനി നടത്തുന്ന ചെറുപ്പക്കാരന്റെ വിവാഹാലോചന ലഭിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ എല്ലാ അനുബന്ധവിവരങ്ങളും കൃത്യമായി തിരക്കി. ആകെ ഒരു കുഴപ്പം. അവന്‍ ഒരു കമ്പനി നടത്തുന്നു. തൊഴില്‍ സുരക്ഷിതത്വവും ഇല്ലന്ന് ഉടനെ വിധിച്ചു. താമസിച്ചില്ല അതുകൊണ്ട് തന്നെ ആലോചന ഉപേക്ഷിച്ചു. ആറുമാസം കഴിഞ്ഞു. തന്റെ കാബിനിലേക്ക് അടുത്തിടെ കമ്പനിയില്‍ ചേര്‍ന്ന ഒരു ചെറുപ്പക്കാരന്‍ സന്തോഷത്തോടെ കയറി വന്ന് വിവാഹ ക്ഷണക്കത്ത് നല്‍കി. ആശംസകള്‍ ഒക്കെ പറഞ്ഞ് ആ കത്ത് വായിച്ചു നോക്കിയ യുവവ്യവസായി അത്ഭൂതപ്പെടാതിരുന്നില്ല, അന്ന് തനിക്ക് വിവാഹാലോചന വന്ന അതേ പെണ്‍കുട്ടിയാണ് വധു. കാര്യം ഇത്രമാത്രം. ഇപ്പോഴത്തെ പയ്യന്‍ സുരക്ഷിതത്വം ഉള്ള തൊഴിലാണ് ചെയ്യുന്നത്, അവനെ പോലെ പത്തോളം ആള്‍ക്കാര്‍ക്ക് തൊഴില്‍ കൊടുക്കുകയും സാമാന്യം നല്ല നിലയില്‍ സമ്പാദിക്കുകയും ചെയ്യുന്ന സംരംഭകന്‍ ഒട്ടും തൊഴില്‍ സുരക്ഷിതനല്ലത്രേ!!!! ഇത് മാറാതെ മലയാളിയുടെ വ്യവസായ സംരംഭങ്ങള്‍ മുന്നോട്ട് വരില്ല

സംരംഭകത്വബോധം ഇല്ലാത്തതിന് മറ്റ് ചില കാരണങ്ങളും ഉണ്ട്.
എഞ്ചിനീയറിംഗ് ബിരുദത്തിനായി എകദേശം അന്‍പത്തിയഞ്ചിലേറേ പേപ്പറുകള്‍ പഠിച്ച് പരീക്ഷ എഴുതി പാസാവുന്ന ഒരാള്‍ക്ക് ‘എന്‍‌ട്രപ്രണര്‍ഷിപ്പ്’ ന്റെ ഒരു പേപ്പറെങ്കിലും നിര്‍ബന്ധിത വിഷയമായി പഠിക്കാനുണ്ടോ? മറ്റൊരു ജോലിയും കിട്ടാതെ അവസാന അത്താണിയായി കരുതേണ്ടതല്ല സംരംഭ്കത്വം . മികച്ചവര്‍ തന്നെ (അക്കാദമിക് മികവോ പ്രോഫഷണല്‍ തികവോ, നൂതന ചിന്തയോ ) സംരംഭകരാകാന്‍ എത്തണം. നാരായണമൂര്‍ത്തി, നന്ദന്‍ നിലേകാനി, കിരണ്‍ മസുംദാര്‍ഷാ (ബയോകോണ്‍ ) എന്നിവരില്‍ തുടങ്ങി സ്റ്റീവ് ജോബ്സ് (ആപ്പിള്‍ ), ബില്‍ ഗേറ്റ്സ്, സെര്‍ജി ബ്രിന്‍ -ലാറി പേജ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരെല്ലാം മിടുക്കര്‍ തന്നെയാണ് സംരംഭകര്‍ എന്ന പട്ടം അഴിച്ചുവച്ചാലും.

എതായാലും പത്തുവര്‍ഷത്തിന് മുന്നത്തെ അവസ്ഥയില്‍ നിന്ന് കേരളത്തിലെ കാമ്പസുകള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണന്നതിന് സമീപകാലത്തായി ടെക്‍നോപാര്‍ക്കിലെ ഇന്‍‌കുബേഷന്‍ കേന്ദ്രത്തില്‍ വിരിഞ്ഞു തുടങ്ങിയ നവസംരംഭങ്ങള്‍ തന്നെ സാക്ഷി. ഇത് വര്‍ധിതവീര്യത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ നമ്മുടെ യുവാക്കള്‍ക്കാകണം. ഭാവി ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസും ബയോകോണും ഒക്കെ ആകട്ടെ ഇന്ന് ക്ലാസ് മുറികളിലിരുന്ന് പഠിക്കുന്നത്. അത് കണ്ട് സമൂഹവും ബിരുദധാരികളോട് ചോദിക്കട്ടെ എന്താ തനിക്ക് കമ്പനി തുടങ്ങാനായില്ലേ!
പണത്തിന്റെ കാര്യം ആലോചിച്ച് ഇന്ന് യുവാക്കള്‍ വിഷമിക്കേണ്ട ആവശ്യമില്ല, വാണിജ്യ സാധ്യതയുള്ള ആശയം കമ്പനിയാക്കി വിജയം കൊയ്യാന്‍ ഒരു കോടി രൂപ വരെ ജാമ്യരഹിതമായി മൂലധനം ലഭിക്കുന്നതിന് ഇന്ന് എല്ലാ ബാങ്കുകള്‍ക്കും പദ്ധതിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ചറിയാന്‍ http://www.cgtmse.in/ സന്ദര്‍ശിക്കുക .അര്‍ഹിക്കുന്നവര്‍ക്ക് ഇത്തരം ജാമ്യരഹിത വായ്പ ലഭ്യമാക്കി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് താഴേ തട്ടില്‍ അതുണ്ടാക്കുന്ന വന്‍‌തൊഴിലവസരങ്ങള്‍ കൂടിയാണ്. ബാങ്കില്‍ പോകാന്‍ താത്പര്യമില്ലാത്തവര്‍ക്കായി മാലാഖ നിക്ഷേപകര്‍ ഉണ്ട്. നിങ്ങളുടെ ആശയത്തെ തേടി പണവുമായി വന്നുകൊള്ളും.

വാല്‍കഷണം : എന്‍ എസ് എസ് /എന്‍ സി സി/കോളെജ് യൂണിയന്‍ /സര്‍വകലാശാലാ യുവജനോത്‌സവം / അത്‌ലറ്റിക് മീറ്റ് എന്ന് വേണ്ട ക്രിക്കറ്റ് കളി കാണാന്‍ പോയാലോ അല്ലെങ്കില്‍ കാമ്പസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയാല്‍ പോലും ഡ്യൂട്ടി ലീവോ അഥവാ ഇന്റേണല്‍ മാര്‍ക്കില്‍ ആനുപാതികമായ സഹായമോ കിട്ടും. എന്നാല്‍ ഒരു കാമ്പസ് കമ്പനി തുടങ്ങാന്‍ പോകുന്ന വഴിക്ക് ചില ദിവസങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നാല്‍ ഈ വകുപ്പില്‍ ഒന്നും അര ദിവസത്തെ അവധികിട്ടില്ല. ഇത് മാറ്റാന്‍ എന്തു ചെയ്യാനാകും. ആലോചിക്കൂ സംരംഭകരേ!

Tuesday, January 04, 2011

പണികൊടുക്കാന്‍ പഠിക്കാം!

സംരംഭകരാകാന്‍ പഠിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്‍തമാണെങ്കിലും ഒരു വ്യവസായം തുടങ്ങുന്നതിന് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനപാഠങ്ങള്‍ സിലബസിലില്ലാതെ പോകുന്നതിന്റെ കുറവ് ഇന്ന് കാണാനുണ്ട്. ലോക പ്രസിദ്ധരായ കുറെയേറെ സംരംഭകര്‍ ഒരു പക്ഷെ കോളെജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് അല്ലെങ്കില്‍ കലാലയത്തിന്റെ പടി പോലും കാണാത്തവരാണ്. എന്നാല്‍ ഒരു കാര്യം മറന്ന് പോകരുത് അന്നത്തെ കാലമല്ല, ഇന്ന് എതൊരാള്‍ക്കും അത്രയ്‌ക്ക് പണച്ചിലവില്ലാതെ ബിരുദം നേടാന്‍ ഇപ്പോള്‍ ഒരു പ്രയാസവുമില്ല. അപ്പോള്‍ സംരംഭകത്വം പ്രത്യേക വിഷയമായി എടുത്ത് ബിരുദാനന്തരബിരുദം നേടുന്നത് ജോലി കിട്ടാന്‍ അല്ല ജോലി കൊടുക്കാനാണ് എറെ ഉപകരിക്കുന്നത്. നമ്മുടെ നാട്ടില്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് തിളക്കം കിട്ടാതിരുന്നതിന് സാമൂഹികവും അല്ലാത്തതുമായ ഒരുപാട് കാരണങ്ങളുണ്ടാകാം. എന്നാല്‍ ഐ ടി/ബയോ ടെക് കമ്പനികളുടെ വരവോടെ ഈ അവസ്ഥ നേരേ തിരിച്ചായിക്കൊണ്ടിരിക്കുന്നു. നാരായണമൂര്‍ത്തിയും അസിം‌പ്രേംജിയും ഇന്ന് ആദരവ് നേടുന്നത് അവരുടെ സംരംഭകത്വഗുണത്തിന്റെ മാത്രം പേരിലാണ്. സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണമോ പടുത്തുയര്‍ത്തിയ പ്രൌഡമായ കെട്ടിട സമുച്ചയങ്ങളെക്കാളും അവര്‍ രാജ്യത്ത് സൃഷ്ടിച്ച സമ്പത്തും അഭിവൃദ്ധിയും ഇന്ന് ആരെയും അഭിമാനിതരാക്കുന്നു. അതുകൊണ്ടാകണം ഇപ്പോള്‍ സംരംഭം തുടങ്ങാനായിവരുന്നവര്‍ക്ക് അല്‍‌പം വീരപരിവേഷവും കിട്ടുന്നുണ്ട് എന്നത് മറക്കേണ്ട. തിരുവനന്തപുരത്തെ ടെക്‍നോപ്പാര്‍ക്കിലെ ഇന്‍‌കുബേഷന്‍ സെന്ററില്‍ കമ്പനികള്‍ തുടങ്ങിയിട്ടുള്ള ചെറുപ്പക്കാര്‍ കാമ്പസ് ഇന്റര്‍വ്യൂ വഴിയല്ല അവിടെയെത്തിയത് മറിച്ച് അടുത്ത എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിലര്‍ക്ക് അഭിമുഖപരീക്ഷയിലൂടെ ആളിനെയെടുക്കാന്‍ നേരത്തേ പഠിച്ചിരുന്ന കലാലയത്തിലേക്ക് അഭിമാനപൂര്‍വം കടന്നു ചെല്ലാം .

എന്താണ് സംരംഭകത്വം ?

കൃത്യമായ നിര്‍വചനത്തില്‍ ഒതുക്കാനാകില്ലെങ്കിലും ‘പുതുമയുള്ള ആശയങ്ങളില്‍ പണം ഇറക്കി വാണിജ്യമായി വിജയിക്കാന്‍ പറ്റുന്നതരത്തില്‍ അതിനെ മാറ്റിയെടുത്ത് കൂടുതല്‍ മൂല്യമുണ്ടാക്കുന്നു’ എന്ന് പറയാം. വികസിച്ചു വരുന്ന സമ്പദ്‌വ്യവസ്ഥയില്‍ സംരംഭകര്‍ക്ക് സീമാതീതമായ സാധ്യതകളാണുള്ളത്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇന്ന് സര്‍ക്കാരും ഒട്ടനവധി അനുകൂലമായ നയപരിപാടികളുമായി ഇവരെ സഹായിക്കാനുണ്ട്. ഒരു പത്തു വര്‍ഷം മുന്നെ സംരംഭകനാകുക എന്നാല്‍ അത്രമേല്‍ ‘റിസ്‌ക്’ ഉള്ള എടുത്തുചാട്ടമായിരുന്നെങ്കില്‍ ഇന്ന് ഒരാളിന് കീഴില്‍ പണിയെടുക്കുന്ന ജോലി സുരക്ഷിതത്വത്തിനെക്കാളും എളുപ്പമായി ഒട്ടേറെ ചെറുപ്പക്കാര്‍ സ്വന്തം കാലില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കാണുന്നു. ഫേസ്‌ബുക്ക്, ഗൂഗിള്‍ ,യാഹൂ എന്നീ ആഗോള സ്ഥാപനങ്ങളെല്ലാം തന്നെ ഈയടുത്ത കാലത്തെ കാമ്പസില്‍ നിന്നും പിറവിയെടുത്തതാണന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇവയുണ്ടാക്കിയ സമ്പത്ത് ഒരു പക്ഷെ ഇന്ത്യയിലെ എറ്റവും പ്രശസ്തമായ കമ്പനികള്‍ ഇക്കഴിഞ്ഞ മൂന്നോ നാലോ പതിറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ആസ്തിയെക്കാളും അധികം വരും.

എവിടെ പഠിക്കാം :

ചെറുപ്പക്കാരായ സംരംഭകര്‍ക്ക് സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാന വിഷയങ്ങളിലൂന്നിയ പഠന പദ്ധതികള്‍ ചിട്ടപ്പെടുത്താന്‍ രാജ്യത്തെയും വിദേശത്തെയും അക്കാദമിക് പെരുമ ഉള്ള സ്ഥാപനങ്ങള്‍ ഇന്ന് ശ്രദ്ധാലുക്കളാണ്. ഒപ്പം കുടും‌ബ ബിസിനസില്‍ വിജയം വരിച്ചവരും തങ്ങളുടെ മക്കളെ ‘എന്‍‌ട്രപ്രണര്‍ഷിപ്പ്’ പഠിപ്പിക്കാന്‍ അയക്കുന്നുണ്ട്. ഇങ്ങനെ പഠനാനന്തരം തിരിച്ചെത്തി പരമ്പരാഗതമായി നടത്തി വന്ന ബിസിനസിന്റെ ജാതകക്കുറി തന്നെ തിരുത്തിയെഴുതിയ കഥകള്‍ ധാരാളം. National Institute for Entrepreneurship and Small Business Development, Entrepreneurship Development Institute of India എന്നിവ വിവിധ പഠനപദ്ധതികള്‍ നടത്തുന്നുണ്ട്. ഹൃസ്വകാല രീതിയിലാണ് ഇവയില്‍ അധികവും. ഒരു സംരംഭകന്റെ പൊതുവെയുള്ള സംശയങ്ങള്‍ ദൂരികരിക്കുക, ധനസ്രോതസ് സംഘടിപ്പിക്കുന്നതെങ്ങനെ,സാങ്കേതിക സഹായം ലഭ്യമാക്കുന്നത് ഒക്കെയാണ് ഇത്തരം ചെറു കോഴ്സുകളുടെ ഘടന. എന്നാല്‍ എതാനും ദിവസത്തേക്ക് അല്ലെങ്കില്‍ ആഴ്ചകളില്‍ മാത്രം നീളുന്ന പഠനത്തിന് എറെ പരിമിതികളുണ്ട്. ഡോ. ആര്‍‌ വി ജി മേനോന്റെ അഭിപ്രായത്തില്‍ “വ്യവസായ സംരംഭകത്വത്തിന്റെ പരിശീലനം എന്നു കേള്‍ക്കുമ്പോഴൊക്കെ കൌതുകം തോന്നുന്ന ഒരു കാര്യം അതില്‍ ക്ലാസ് എടുക്കുന്നവര്‍ മിക്കവരും ശമ്പളം ഉള്ള സുരക്ഷിതമായ ഉദ്യോഗം ഉള്ളവര്‍ ആണെന്നതാണ്. വ്യവസായം തുടങ്ങാന്‍ അവശ്യം വേണ്ടത് രണ്ട് കാര്യങ്ങളാണല്ലോ: ഒന്ന് ബന്ധപ്പെട്ട മേഖലയെ പറ്റിയുള്ള ആഴത്തിലുള്ള അറിവ്. രണ്ട്, റിസ്‌ക് എടുക്കാനുള്ള സ്പിരിറ്റ്. രണ്ടും പരിശീലനത്തിലൂടെ കിട്ടാവുന്നതല്ല. വാസ്തവത്തില്‍ അവരെ സഹായിക്കാന്‍ ചെയ്യാവുന്നത്, ബന്ധപ്പെട്ട മേഖലയിലെ സംരംഭകരുമായി ഇടപഴകുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ്. പിന്നെ വേണ്ടത്, ബാങ്ക്, സര്‍ക്കാര്‍ മുതലായ സ്രോതസ്സുകളില്‍ നിന്ന്‌ കിട്ടാവുന്ന സഹായങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയാണ്. ബാക്കിയൊക്ക നീന്തല്‍ പഠിക്കും പോലെ സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ ആണ്‌ ”

ഈ വിടവ് നികത്താനാണ് ഐ..ടി ,..എം പോലുള്ള അതിപ്രശസ്ത കാമ്പസുകള്‍ സംരംഭകത്വത്തില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പഠന പദ്ധതികള്‍ മികച്ച രീതിയില്‍ തുടങ്ങിയിട്ടുള്ളതും. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് ബാംഗ്ലൂര്‍ ഐ..എം ലെ NS Raghavan center for Entrepreneurial learning ആണ് . ഇന്‍ഫോസിസ് സ്ഥപകരിലൊരാളാണ് എന്‍ എസ് രാഘവന്‍ . ഈ കേന്ദ്രത്തില്‍ 52 ആഴ്ച നീളുന്ന Management Programme for Entrepreneurs and Family Businesses (MPEFB) പ്രോഗ്രാം ഉണ്ട്.

എന്‍‌ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന Post Graduate Diploma in Management-Business Entrepreneurship(PGDM – BE) , NIRMA യൂണിവേഴ്സിറ്റി യുടെ (http://www.imnu.ac.in) ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന MBA- Family Business & Entrepreneurship എന്നിവ മറ്റ് രണ്ട് ശ്രദ്ധേയ പഠനപദ്ധതികള്‍ .

എങ്ങനെ തുടങ്ങാം സ്ഥാപനം :

സ്വന്തമായി കമ്പനി ആരംഭിക്കുന്നതിനുള്ള തീപ്പൊരിയാണല്ലോ ഇങ്ങനെയൊരു പഠനം തിരഞ്ഞെടുത്തതിന് പിന്നില്‍ തന്നെ .അടുത്തതായി വേണ്ടത് തീപ്പൊരി ആളിക്കത്തിക്കാനുള്ള മുതല്‍ മുടക്കാണ്. ഇത് എവിടെ നിന്ന് ലഭിക്കുമെന്നത് നിലവില്‍ ഒരു പ്രശ്‌നമേയല്ല വെഞ്ചര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ /മാലാഖ നിക്ഷേപകര്‍ മികച്ച ആശയങ്ങളെ തേടി വന്നുകൊള്ളും. ഇനി പരമ്പരാഗതമായ രീതിയില്‍ ബാങ്കിനെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സമീ‍പിക്കുന്നതാണ് മനസിന് പിടിക്കുന്നതെങ്കില്‍ ഇന്ന് അതും എളുപ്പമാണ്. ഒരു കോടി രൂപ വരെ ജാമ്യമില്ലാ വായ്പ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കീം തന്നെ എല്ലാ പ്രമുഖ ബാങ്കുകളും നല്‍കി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cgtmse.com

ജോലിയും കിട്ടും !

ഇനി സ്വന്തം സംരംഭം തുടങ്ങാനായില്ലെങ്കിലും ആശയങ്ങളുടെ ഫാക്‍ടറി മനസിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ കൈ നിറയെ അവസരങ്ങളുണ്ടാകും. ഈയടുത്ത കാലത്തായി Intrapreneurship (entrepreneurship within a large organization) എന്ന രീതിയില്‍ സ്ഥാപനത്തിനകത്ത് തന്നെ സ്ഥിരമായ ശമ്പളം നല്‍കി സംരംഭകത്വം പ്രോല്‍‌സാഹിപ്പിക്കുന്ന സംവിധാനവും ഉണ്ട്. എന്തിന് പൊതു മേഖലാ -സര്‍ക്കാര്‍ സ്ഥാപനത്തില്‍ സുരക്ഷിത ജോലിയില്‍ പ്രവേശിച്ചാലും ഉള്ളിലെ സംരംഭകനെ ഊതിക്കാച്ചിയെടുക്കാം. അമുല്‍ കുര്യന്‍ , മെട്രോ റെയില്‍വെ ഇ.ശ്രീധരന്‍ , മാരുതി കാറിന്റെ ആര്‍‌‌ .സി ഭാര്‍ഗവ എന്നിവരെ പോലെ അനവധി പേര്‍ മുന്‍‌ഗാമികളായുണ്ട്.


മാറ്റത്തിന്റെ പതാകവാഹകര്‍ :

സംരംഭകത്വത്തെ പ്രോല്‍‌സാഹിപ്പിക്കുക, അത് ഊതിക്കെടുത്തരുത് എന്നതാകണം സമൂഹം എറ്റെടുക്കേണ്ട മുദ്രാവാക്യം. ഇതോടോപ്പം കാമ്പസ് ഇന്റര്‍വ്യൂ പോലെ തന്നെ അതീവ ശ്രദ്ധയുള്ള ഒരു എര്‍പ്പാടായി കാമ്പസില്‍ നിന്ന് സ്വന്തം കമ്പനിയിലേക്ക് എന്ന ദൌത്യത്തെയും നമ്മുടെ കൊളെജുകളും വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷകര്‍ത്താക്കളും കാണണം.


അധികവിവരം : സംരംഭകരാന്‍ കൊതിക്കുന്ന ചെറുപ്പക്കാരെ തിളക്കമുള്ളവരാക്കാനായും അവസരങ്ങള്‍ കാട്ടാനുമായി ടാറ്റാ ജാഗ്രിതി യാത്ര എന്ന രാജ്യമെങ്ങും ചുറ്റിയടിച്ച് ഇന്ത്യയെ തൊട്ടറിയാനുള്ള തീവണ്ടി യാത്ര പ്രസിദ്ധമാണ്

(ഇന്നത്തെ മലയാള മനോരമ കരിയര്‍ഗുരു പേജില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

Monday, January 03, 2011

ഐ ടി @ 2010

പോയ വര്‍ഷം വിവര വിനിമയ സാങ്കേതികവിദ്യ ഒട്ടേറെ പ്രാവശ്യം വാര്‍ത്തകളില്‍ പലതരത്തിലും വിധത്തിലും സ്ഥാനം പിടിച്ചിരുന്നു. വിക്കിലീക്ക്സ് പോലെയുള്ള സമര്‍ത്ഥമായ ഇടപെടലുകള്‍ അമേരിക്ക അടക്കമുള്ള പ്രബലകേന്ദ്രങ്ങളുടെ നിഗൂഡമായ അധികാര ഇടനാഴികളിലേക്ക് വെബ്‌മാധ്യമത്തിന്റെ കരുത്തും അനിവാര്യമായ മാറ്റത്തിന്റെയും കാഹളം മുഴക്കുന്നതായിരുന്നു. സിറ്റിസണ്‍ ജേണലിസമെന്നോ അല്ലെങ്കില്‍ ജനജാഗ്രതയോ എന്ന് വിളിക്കാവുന്ന പുതിയ വെളിപ്പെടുത്തലുകള്‍ വെബ് മാധ്യമത്തിന്റെ കരുത്തുകാട്ടിയിരുന്നു. ഇന്ന് സാങ്കേതികവിദ്യയെ പ്രത്യേകിച്ച് ഇന്റര്‍നെറ്റ് അധിഷ്ഠിതവിദ്യകളെ പേടിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ ഭരണ വൃന്ദം മാറിക്കഴിഞ്ഞു. അതേ സമയം തന്നെ വിവരവിനിമയ സങ്കേതികവിദ്യയുടെ തലം ലോകം കണ്ട എറ്റവും വലിയ അഴിമതിക്കും -സ്‌പെക്‍ട്രം ഇടപാട്- വഴിവെച്ചു. ഇന്‍ഫോ കൈരളിയുടെ വായനക്കാര്‍ക്കായി പോയ വര്‍ഷത്തെ ഐ ടി മേഖലയുമായി നേരിട്ട് ബന്ധമുള്ള സംഭവവികാസങ്ങള്‍ നാല് മേഖലകളായി അവതരിപ്പിക്കുന്നു. വാര്‍ത്താസംഭവങ്ങള്‍ , സാങ്കേതികവിദ്യ, വ്യക്തികള്‍ , പുസ്തകങ്ങള്‍ എന്നിങ്ങനെ ഓരോന്നിലും അഞ്ച് പ്രാധാന്യമേറിയ കാര്യങ്ങള്‍ .കൃത്യമായ വിശകലനത്തില്‍ ഇത് തുടങ്ങിയത് ചരിത്രത്തിന്റെ കണിശമായ കണ്ണില്‍ 2010 ല്‍ അല്ലാത്തവ ഉണ്ടാകും എന്നാല്‍ പോയ വര്‍ഷം നിര്‍ണായകമായ രീതിയില്‍ ഇവ ശക്‍തിപ്രാപിച്ചതിനാല്‍ ഉള്‍പ്പെടുത്തുന്നു. ഒരു പത്തു വര്‍ഷം മുന്നെ പോയവര്‍ഷ കണക്കെടുപ്പുകളില്‍ ഐ ടി യോ വിനിമയ സാങ്കേതികതയോ അത്ര കണ്ട് സാന്നിദ്ധ്യം ചെലുത്തിയിരുന്നില്ല എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. സാധാരണക്കാരെയാണ് വിവര സാങ്കേതികവിദ്യ ശാക്തീകരിക്കുന്നത് ഇ ഗവണന്‍സ് ജനങ്ങളെയും സര്‍ക്കാരിനേയും കമ്പ്യൂട്ടറിന്റെ സമ്പര്‍ക്കമുഖം വഴി എളുപ്പമാര്‍ഗത്തില്‍ വൈവിധ്യമായ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമ്പോള്‍ വിഡിയോ ചാറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും അനേകകോടി ജനങ്ങളെ പരസ്പരം സംവേദിക്കാനും ആശയരൂപീകരണം നടത്തുവാനും മുമ്പങ്ങുമില്ലാത്തവിധം അനുവദിക്കുന്നു, അതും തുശ്ചമായ പണച്ചിലവില്‍ . ബ്ലോഗും ഇന്റര്‍നെറ്റ് പത്രങ്ങളും പരമ്പരാഗത അച്ചടി പത്രമാസികകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് ഇന്ന് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. നാല് മേഖലകളിലായ് അഞ്ച് എണ്ണം വീതം അവതരിപ്പിക്കുന്നത് കേവലം ഒരു ചൂണ്ടുപലകയായി മാത്രമാണ്. ഇതിലുമേറെയുണ്ടാകാം

സാങ്കേതികവിദ്യ

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്ട്‌വെയര്‍ രംഗത്തെ ഒന്നായി എടുത്ത് വിശകലനം ചെയ്താല്‍ ഇവയൊക്കെയാകാം 2010 ലെ താരങ്ങള്‍

 1. ഐ പാഡ് - പൊതു പേരായി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്ന് പറയാം എങ്കിലും ആപ്പിളിന്റെ ഐ പാഡിനെ തന്നെ പേരില്‍ ചേര്‍ത്തു കാരണം, ഐ പാഡിന്റെ വരവാണ് മറ്റ് സ്ഥാപനങ്ങളെ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ലോകത്ത് ശ്രദ്ധയൂന്നാ‍ന്‍ അത്രമേല്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടിംഗിന്റെ ഒരു ഘട്ടത്തിന് വിരാമമിടും ഐ പാഡ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പേഴ്സണല്‍ കമ്പ്യൂട്ടിംഗിന്റെ ദിശതന്നെ മാറ്റുന്ന നിലയിലാണ് ഇന്ന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പ്രചുര പ്രചാരം നേടുന്നത്. ടാബ്‌ലറ്റുകള്‍ കമ്പ്യൂട്ടറിനെയോ മൊബൈല്‍ ഫോണിനെയോ മാത്രം ലക്ഷ്യമിട്ട് ഒരു പുത്തന്‍ നിര ഉപകരണ സ്‌പെയ്സ് മാത്രമല്ല സൃഷ്ടിച്ചെടുക്കുന്നത്. മാധ്യമങ്ങളെ അടിമുടി തന്നെ മാറ്റാനോ അല്ലെങ്കില്‍ മാധ്യമങ്ങള്‍ ടാബ്‌ലറ്റ് (ഐ പാഡ്/ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ) പതിപ്പുകളിറക്കി തങ്ങളുടെ ഡാറ്റാബേസിനെ തന്നെ ടാബ്‌ലറ്റ് രീതിയിലേക്ക് മാറ്റാനോ ഉള്ള ഉത്രാടപാച്ചിലിലാണ് ഇപ്പോള്‍ ! അച്ചടിമാധ്യമങ്ങളുടെ ഭാവി ടാബ്‌ലറ്റ് വായനയിലൂടെയാകും എന്ന് കരുതുന്നവരാണ് ഫ്യൂച്ചറിസ്റ്റുകളില്‍ അധികവും. ആപ്പിളിന്റെ ഒരോ ഉപകരണവും കണ്‍സ്യൂമര്‍ ഇലക്‍ട്രോണിക്‍സ് വിപണിയുടെ വര്‍ത്തമാനം തന്നെ മാറ്റിയിട്ടുണ്ടന്നതിന് മക്കിന്റോഷ്, ഐ പോഡ്,ഐ ഫോണ്‍ എന്നിവ തന്നെ ഉദാഹരണം ഇപ്പോള്‍ ഐ പാഡും.

 2. ഭാരതസര്‍ക്കാരിന്റെ ലാപ്ടോപ്പ് : ആയിരത്തിയഞ്ഞൂറ് രൂപ മാത്രം വിലയിട്ട് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതികവകുപ്പ് കുഞ്ഞു കമ്പ്യൂട്ടറിന് മേഖലയിലെ സ്ഥാനം ഔദ്യോഗികമായി അറിയിച്ചത് വന്‍‌തോതിലാണ് പ്രാധാന്യം നേടിയത്. വിലക്കുറവ് മാത്രമല്ല സര്‍ക്കാര്‍ തന്നെ അത്യന്തം വിപണി വല്‍ക്കരിക്കപ്പെട്ട കമ്പ്യൂട്ടര്‍ രംഗത്തേക്കെത്തിയത് അതും വിലക്കുറവില്‍ മത്സരിച്ച്, സ്വകാര്യ സ്ഥാപനങ്ങളെ പോലും ഞെട്ടിച്ചു. ഐ ഐ ടികള്‍ ഐ ഐ എസ് സി എന്നിവയുടെ ഗവേഷണ മികവിലാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നത്. അഞ്ചുവര്‍ഷം മുന്നെ സുദീപ് ബാനര്‍ജിയെന്ന സിവില്‍ സര്‍വീസ് ഓഫീസറുടെ ആ‍ശയമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

 3. ആന്‍ഡ്രോയ്ഡ് - ആന്‍‌ഡ്രോയ്ഡ് എന്ന സ്ഥാപനം വികസിപ്പിച്ചു തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അഞ്ചുവര്‍ഷം മുന്നെ തന്നെ ഈ സ്ഥാപനത്തില്‍ നിന്ന് ഇന്റര്‍നെറ്റ് സര്‍ച്ച് എഞ്ചിന്‍ സ്ഥാപനമായ ഗൂഗിള്‍ സ്വന്തമാക്കി. ഗൂഗിളിന്റെ നേതൃത്വത്തില്‍ ഒരു സംഘം സ്ഥാപനങ്ങളാണ് ആന്‍ഡ്രോയ്ഡ് വികസിപ്പിക്കുന്നതും പരിഷ്‌കരിച്ചവ ലഭ്യമാക്കുന്നതും. ഇത് കൂടാതെ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന വൈവിധ്യമായ ആപ്ലിക്കേഷനുകള്‍ എഴുതിയുണ്ടാക്കുന്ന ഡവലപ്പര്‍മാരുടെ വലിയ ഒരു നിര തന്നെ ആന്‍ഡ്രോയ്ഡിന് ഒപ്പമുണ്ട്. 2010 ല്‍ ഫ്രോയോ, ജിഞ്ചര്‍ബ്രെഡ് എന്നീ രണ്ട് പതിപ്പുകള്‍ ഇറക്കി എന്ന് മാത്രമല്ല പാ‍ദവര്‍ഷ വളര്‍ച്ച വച്ച് നോക്കിയാല്‍ മറ്റെല്ലാ മൊബൈല്‍ ഓ എസിനെയും നിഷ്‌പ്രഭമാക്കി ആന്‍ഡ്രോയ്ഡ് വളരുകയാണ്. ഒരു പക്ഷെ ഗൂഗിളിന്റെ മാത്രമല്ല മൊബൈല്‍ ഫോണുകളുടെ ചരിത്രത്തിലും ഒരു പ്രധാന അധ്യായം തന്നെ എഴുതിചേര്‍ത്താണ് 2010 ലെ ആന്‍ഡ്രോയ്ഡ് ജൈത്രയാത്ര

 4. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ : ആശയവിനിമയത്തിന്റെ തുറസ്സിനെ ഇത്രമേല്‍ ജനാധിപത്യവല്‍ക്കരിച്ച ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ ഇല്ല എന്ന് പറയാം. ഫേസ്ബുക്കില്‍ 50 കോടി ,ട്വിറ്ററില്‍ 10 കോടി എന്നീ നാഴികകല്ലുകള്‍ പിന്നിട്ടത് മാത്രമല്ല. ഇന്ന് ഗൌരവമായ പല ചര്‍ച്ചകള്‍ക്കും വേദിയാകുന്നത് ഇവ തന്നെ. വിക്കിലീക്ക്സിനെ അമര്‍ത്തി കൊല്ലാന്‍ ഭരണകൂടം ശ്രമിച്ചപ്പോഴും മാറിയ വെബ്‌വിലാസങ്ങളും അപ്ഡേറ്റുകളും അപ്പപ്പോള്‍ ജനസഞ്ചയത്തിലേക്കെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വഹിച്ച പങ്ക് ചെറുതല്ല. ചിലര്‍ക്ക് മന്ത്രികസേര പോകാന്‍ പോലും ട്വിറ്റര്‍ മൊഴിയമ്പുകള്‍ കാരണമായി എന്നത് മറക്കുമോ രാഷ്ട്രീയ ഭൂമിക. കവി സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ സാഹിത്യത്തിലെ പുതുനാമ്പുകളും ഫേസ്ബുക്ക് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത് ഫേസ്ബുക്ക് സമൂഹത്തിന്റെ സമസ്ഥമേഖലകളിലെ ചര്‍ച്ചയിലും എത്തുന്നതിന്റെ ഉദാഹരണം

 5. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് - "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ഒരു സംഘം മലയാളഭാഷാ സ്നേഹികളായ കമ്പ്യൂട്ടര്‍ വിദഗ്ദരുടെ കൂട്ടായ പ്രയത്നം മലയാളി സമൂഹത്തിന് നല്‍കിയ നിസ്തുലമായ സേവനം വേണ്ടവിധത്തില്‍ അധികാരകേന്ദ്രങ്ങളും മാധ്യമങ്ങളും അംഗീകരിച്ചുവോ എന്ന സംശയം ഇല്ലാതില്ല, എന്നിരുന്നാലും ഈ അര്‍പണബോധമുള്ള പ്രവര്‍ത്തകരുടെ മൂല്യബോധത്തോടെയുള്ള സേവനം എക്കാലവും സ്‌മരിക്കേണ്ടത് നമ്മുടെ കടമയാണ്. ഒപ്പം ഈ സംഘത്തോടോപ്പം ചേരുകയുമാകാം. കൂടുതല്‍ ഭാഷാ കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ക്ക് ഈ ലിങ്ക് ന്ദര്‍ശിക്കുക


വാര്‍ത്താ സംഭവങ്ങള്‍

 1. വിക്കിലീക്ക്സ് : ഇന്റര്‍നെറ്റിന്റെ കരുത്തും എവിടെയും കടന്നെത്തി ജനോപകാരമായ തലത്തില്‍ തന്നെ ഭരണകൂടത്തെയും മറ്റും മാധ്യമതുറസ്സിലേക്ക് വലിച്ചിടാനുള്ള സാധ്യതയും ഇത്രയധികം വ്യക്തമായ സംഭവം ചരിത്രത്തിലില്ല. അന്താരാഷ്ട്ര നയതന്ത്രത്തിന്റെ പൊള്ളത്തരങ്ങളും കള്ളക്കളികളും അമേരീക്ക അടക്കമുള്ള പ്രബലരെ അലോസരപ്പെടുത്തിയെന്നതിന് 2010 സാക്ഷ്യം വഹിച്ചു, ഇതിന്റെ സഹസ്ഥാപകരിലൊരാള്‍ ഓപ്പണ്‍ ലീക്ക്സ് എന്ന സമാനമായ മറ്റൊന്ന് കൂടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചതും പോയ വര്‍ഷമായിരുന്നു. ഇനിയും എത്രയോ വിവരം വിക്കിലീക്ക്സില്‍ നിന്നും വരാനിരിക്കുന്നു എന്നതിനേക്കാള്‍ ശ്രദ്ധേയം പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഒരു പക്ഷെ അറിയാമായിരുന്ന അല്ലെങ്കില്‍ അവര്‍ക്ക് ചെന്നെത്തപ്പെടാന്‍ ദുര്‍ഗ്രാഹ്യമായിരുന്ന നിഗൂഡസ്ഥലങ്ങളിലേക്കാണ് വീക്കിലീക്ക്സിന്റെ വാര്‍ത്താമുന ചെന്നെത്തിയത്. ഇത് സാധാരണാക്കാരായ പൌരന്മാരെ പോലും ആത്മവിശ്വാസമുള്ളവരാക്കും കാരണം പരമ്പരാഗത മാധ്യമങ്ങളും ആഭ്യന്തര-രാജ്യാന്തര അന്വേഷണ എജന്‍സികള്‍ പോലും പരിശോധിക്കാന്‍ മടിക്കുന്ന പലവിവരങ്ങളും പൊതുജനമധ്യത്തിലേക്കെത്തിച്ച് അവരെ തുറന്ന് കാട്ടാമല്ലോ.

 2. ത്രീ ജി സ്പെക്ട്രം അഴിമതി : വിവര വിനിമയ സങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അഴിമതി എന്നത് മാത്രമല്ല പ്രബലരായ മാധ്യമ പ്രവര്‍ത്തകലാല്‍ വരെ അടിച്ചൊതുക്കപ്പെട്ട ഈ വാര്‍ത്ത ജനസമക്ഷം എത്താന്‍ ഇന്റര്‍നെറ്റ് വഹിച്ച പങ്ക് ചെറുതല്ല. ബര്‍ഖാഗേറ്റ് എന്നും സ്പെക്ട്രം സ്‌കാം എന്നും ടാഗ് ചെയ്യപ്പെട്ട എത്ര ലക്ഷം കുറിപ്പുകളുമാണ് ഒരോ ദിനവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പറന്നു നടന്നത്. സംഭാഷണങ്ങളുടെ ഒരു പങ്ക് ഓപ്പണ്‍ മാഗസിന്‍ അവരുടെ വെബ് സൈറ്റ് വഴിയാണ് പുറത്തെത്തിയത്. താമസിയാതെ സിറ്റിസണ്‍ ജേണലിസറ്റുകള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. ഒരു പക്ഷെ നവമാധ്യമ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കില്‍ ഇത് ഇത്രകണ്ട് ചര്‍ച്ചചെയ്യപ്പെടുമോ എന്ന സന്ദേഹം ബാക്കി.

 3. ബ്ലാക്ക് ബെറി നിരോധനം : ഒരു നിയന്ത്രണവുമില്ലാതെ വിവരകൈമാറ്റം ആഭ്യന്തരസുരക്ഷയെ പ്രതിക്കൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങള്‍ ബ്ലാക്ക്ബെറി ഫോണ്‍ നിര്‍മ്മാതക്കളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നു, മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് നിരോധനം എന്ന അവസാനായുധവും എടുത്തുപയോഗിക്കാന്‍ ഒരുമ്പെടുന്നു. ബ്ലാക്‍ബെറി ഒഴിച്ചുള്ള ഫോണുകളെല്ലാം ഇന്റര്‍നെറ്റ് വിനിമയം സാധ്യമാക്കുന്ന സേവനം നല്‍കാനുള്ള ചുമതല ഒരോ നാട്ടിലെയും മൊബീല്‍ സേവന ദാതാക്കള്‍ക്ക് വീട്ടുകൊടുത്തിരിക്കുന്നു. ഇവരെല്ലാം നാട്ടില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സെര്‍വര്‍ വഴിയോ ഇല്ലെങ്കില്‍ നാട്ടിലെ ആഭ്യന്തരസുരക്ഷാ എജന്‍സികള്‍ക്ക് നിരീക്ഷിക്കാവുന്ന തരത്തിലാണ് വിവരവിനിമയം സാധ്യമാക്കുന്നത്. എന്നാല്‍ ബ്ലാക്ക്ബെറികള്‍ തമ്മിലുള്ള ആശയവിനിമയം തദ്ദേശിയമായ പാതയിലൂടെയാണ് നീങ്ങുന്നതെങ്കില്‍ പോലും അത് നിരിക്ഷിക്കാനാവില്ല. ഇതാണ് 2010 ല്‍ ബ്ലാക്ക്‍ബെറിയെ വാര്‍ത്തയില്‍ നിറഞ്ഞു നിര്‍ത്തിയത്

 4. നമ്പര്‍ പോര്‍ട്ടബിലിറ്റി : ഇനി നിങ്ങളുടെ മൊബീല്‍ നമ്പര്‍ നിങ്ങള്‍ക്ക് സ്വന്തം എന്ന അശയവുമായി എത്തിയ ടെലകോം അനുഗ്രഹമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി. അതായത് ഒരു പ്രാവശ്യം ഒരു ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ അതു തന്നെ തുടര്‍ന്ന് എത് കമ്പനിയുടെ സേവനവും ഉപയോക്താക്കളുടെ ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു കമ്പനിയുടെ സേവനത്തിലേക്ക് തളച്ചിടപ്പെടുന്നില്ല. അതായത് ഇനി കമ്പനികള്‍ക്ക് മത്സരിക്കാനാകുന്നത് സേവനനിലവാരം മെച്ചപ്പെടുത്തി മാത്രമാകും അല്ലെങ്കില്‍ നിരക്കിലെ ചിലവ് കുറയ്‌ക്കാം. ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പലവുരു മാറ്റിവയ്‌ക്കപ്പെട്ട സംവിധാനമാണ് 2010 ന്റെ അവസാന പകുതിയില്‍ നടപ്പാക്കി തുടങ്ങാന്‍ സര്‍ക്കാരും ട്രായ് യും നിര്‍ബന്ധിതമായത്. 2011 അവസാനിക്കുന്നതിന് മുന്നെ തന്നെ ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം നിലവില്‍ വരും.

 5. സൈബര്‍ വാര്‍ : കമ്പ്യൂട്ടര്‍ വൈറസ് ആക്രമണമോ, നെറ്റ്വര്‍ക്കിലേക്കുള്ള നുഴഞ്ഞുകയറ്റമോ ഇന്ന് സാധാരണക്കാര്‍ക്ക് പോലും അറിവുള്ള വിഷയമാണ് എന്നാല്‍ ഇറാനില്‍ നിന്നും ചൈനയില്‍ നിന്നും വര്‍ഷാവസാനം ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ വരും കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമാണോ എന്ന് സന്ദേഹിച്ചാലും തെറ്റ് പറയാനാകില്ല. സ്റ്റക്‍സ്‌നെറ്റ് ( Stuxnet Computer worm) ആണ് 2010 ജൂണ്‍ മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പുതിയ സൈബര്‍ യുദ്ധമുന . കുഞ്ഞ് കമ്പ്യൂട്ടര്‍ വ്യൂഹങ്ങളെ സ്റ്റക്‍സ്നെറ്റ് ലക്ഷ്യമിടുന്നില്ല, മറിച്ച് ആണവവൈദ്യുത നിലയങ്ങള്‍ ,മെട്രോ നഗരങ്ങളിലെ സങ്കീര്‍ണമായ ജലവിതരണ സംവിധാനം , എണ്ണശുദ്ധീകരണ ശാല, വന്‍ എഞ്ചിനീയറിംഗ് വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് ഇത് ലക്ഷ്യമിടുന്നത്. ആണവ വൈദ്യുത നിലയത്തിന്റെ നിയന്ത്രണം ഒരു സെക്കന്റിന്റെ നൂറിലൊരംശം സമയം കൈവിട്ടുപോയാലുണ്ടാകുന്ന ദുരന്തം പ്രവചിക്കാനാകാത്തതാകും. ഭൌതികമായി ആണവറിയാക്‍ടറിന്റെ കേന്ദ്രസ്ഥാനത്ത് ബോംബിട്ട് തകര്‍ക്കുന്നതിലും കൃത്യമായും എളുപ്പത്തിലും ഇത് സാധിക്കുന്നു. എന്നാല്‍ ലോകത്തിലെ ആദ്യത്തെ സൈബര്‍ മഹായുധം എന്ന് തന്നെ വിളിക്കപ്പെട്ടു കഴിഞ്ഞു സ്റ്റക്‍സ്‌നെറ്റ്. സിമാന്റെക് (Symantec) നിരീക്ഷണവിഭാഗം പറയുന്നത് വിശ്വാസത്തിലെടുത്താല്‍ ഈ മാല്‍‌വെയര്‍ ആ‍ക്രമണത്തിന് വിധേയമായ കമ്പ്യൂട്ടറില്‍ അറുപത് ശതമാനം ഇറാനിലും പതിനെട്ട് ശതമാനം ഇന്ത്യോനേഷ്യയിലും ആണ്. എന്നാല്‍ വന്‍‌തോതില്‍ കൂറ്റന്‍ കമ്പ്യൂട്ടര്‍ വ്യൂഹങ്ങളാല്‍ പരിപാലിക്കപ്പെടുന്ന എഞ്ചിനീയറിംഗ് ശാലകള്‍ ഉള്ള അമേരിക്കയില്‍ കേവലം രണ്ട് ശതമാനം മാത്രമേ ഈ ആക്രമണം എത്തിയുള്ളൂ എന്നതില്‍ അപ്രഖ്യാപിത യുദ്ധ നീക്കമാണോ എന്ന് സംശയിക്കുന്നവര്‍ ധാരാളം. ഇറാനിലെ ആണവനിലയത്തിലെ സൈബര്‍ ആക്രമണം ഔദ്യോഗിക വാര്‍ത്താ എജന്‍സി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്ക കഴിഞ്ഞ മറ്റ് രാജ്യങ്ങളുടെ സഹായത്താലും അല്ലാതെയും ഇറാനുമേല്‍ ആണവ പരിപാടികളില്‍ നിന്ന് പിന്‍‌തിരിയാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ സാമ്പത്തിക ഉപരോധം അടക്കം പ്രയോഗിച്ചിട്ടും നിര്‍ദ്ദിഷ്ഠ പരിപാടികളുമായി ഇറാന്‍ തെല്ലും കൂസാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നടുക്കുന്ന വര്‍ത്തമാനം പുറത്തു വരുന്നത്.


പ്രബലര്‍ പ്രമുഖര്‍

 1. മാര്‍ക്ക് സക്കര്‍ബര്‍ഗ് : 26 വയസ് മാത്രമുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് സംരംഭകന്‍ ഇന്ന് സാങ്കേതികലോകത്തെ യുവരാജാവാണ്. ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹം എറ്റവും പ്രായം കുറഞ്ഞ ശതകോടിശ്വരന്മാരില്‍ ഒരാളാണ്. മൈക്രോസോഫ്ട് ,ഗൂഗിള്‍ എന്നീ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തിനോക്കുകയാണങ്കില്‍ പോലും ശരവേഗത്തിലാണ് ഫേസ്‌ബുക്കിന്റെ വളര്‍ച്ച. ഇതുകൊണ്ടാകണം 2010 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാസിക ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. 2004 ല്‍ നിലവില്‍ വന്ന ഫേസ്‌ബുക്ക് ഇതിനിടെ തന്നെ 50 കോടി ഉപയോക്താക്കളെ ആകര്‍ഷിച്ചു കഴിഞ്ഞു, 2012 ല്‍ 100 കോടി കടക്കുമെന്ന് അനുമാനിക്കുന്നു. അതായത് ഭാരതത്തിലെ ജനസംഖ്യയിലധികം. ഹര്‍വാഡില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ സംരംഭം നിരന്തരം പലമാറ്റങ്ങള്‍ക്കും വിധേയമാകാറുമുണ്ട്. പോയ വര്‍ഷം അവസാന പാദത്തിലാണ് ഇമെയില്‍ സമാനമായ സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ടെക്‍സ്നേഹികളെ ആകര്‍ഷിച്ചത്. ബ്രട്ടീഷ് രാജ്ഞിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും മാത്രമല്ല രാഷ്ട്രീയ-സാമ്പത്തിക-സാഹിത്യ-ചലചിത്ര മേഖലകളിലെ ചെറുതും വലുതുമായ താരങ്ങളും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സേവനം ഉപയോഗിക്കുന്നവരാണന്നത് വിജയചിഹ്നമായെടുക്കാം.

 2. ജൂലിയന്‍ അസാന്‍‌ജെ : വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് വിക്കിലീക്ക്സ് സ്ഥാപകന്‍ എന്നതുപോലെ തന്നെ ഭരണകൂടങ്ങളാല്‍ വേട്ടയാടപ്പെട്ടതു കൂടി കൊണ്ടാണ്. ലൈംഗികാരോപണം മുതല്‍ ദേശസുരക്ഷക്ക് എതിരുനില്‍ക്കുന്ന വകുപ്പിലുള്ള കേസുവരെ ചാര്‍ജ് ചെയ്യപ്പെട്ടു. ഒരു പക്ഷെ ജീവന്‍ പോലും അപായപ്പെടാന്‍ സാധ്യതയുണ്ടന്ന് ഭയന്നു, എന്നിരുന്നാലും താന്‍ തുടങ്ങി വച്ച വെളിപ്പെടുത്തലുകള്‍ വിരാമമില്ലാതെ തുടരുമെന്ന് പറഞ്ഞ പോരാളി. ടൈം മാസികയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് ഇദ്ദേഹം സൃഷ്ടിച്ച മാറ്റങ്ങള്‍ അധികാരകേന്ദ്രങ്ങളെ പിടിച്ചു കുലുക്കി എന്നതിന് തെളിവ്.

 3. ഫിറോസ് അബൗഖാദിജെ : വെറും 19 വയസ് മാത്രമുള്ള സ്റ്റാന്‍ഫഡ് വിദ്യാര്‍ഥി പട്ടികയില്‍ ഇടം പിടിക്കുന്നത് സ്ഥാപനം കെട്ടിപ്പടുത്തതോ അല്ലെങ്കില്‍ വിപ്ലവകാരിയായതോ കൊണ്ടല്ല. ഇദ്ദേഹം വരും കാല ചരിത്രത്തില്‍ ആരുമല്ല. നമ്മെ പോലെ ശരാശരിക്കാരന്‍ . ഇന്റര്‍നെറ്റ് സര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെ വിസ്‌മയിപ്പിച്ച ഈ പ്രോഗ്രാമര്‍ക്ക് ഉടനടി തന്നെ ഗൂഗിളില്‍ ജോലി ഓഫര്‍ കിട്ടിയതിലൂടെ വാര്‍ത്താമൂല്യം നേടി. ഫിറോസിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മികവിന്റെ പര്യായമായവര്‍ എത് സാഹചര്യങ്ങളില്‍ നിന്ന് വന്നാലും അര്‍ഹിച്ചത് കിട്ടും എന്നതിന്റെ ബലത്തിലാണ്. അതായത് വായനക്കാരായ നിങ്ങളുടെ പ്രതിനിധി. സെര്‍ച്ചിങിലെ പുത്തന്‍ ഫീച്ചറായി 2010 ല്‍ ഇന്‍സ്റ്റന്റ് എന്ന സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചതിന് പിന്നാലെ യൂ ട്യൂബ് ഇന്‍സ്റ്റന്റ് അവതരിപ്പിക്കുക മാത്രമല്‍ ആ വിവരം സന്ദേശമായി ട്വിറ്ററില്‍ ഇടുകയും ചെയ്തു. നോക്കണം എത്രയോ നാളത്തെ കഠിനാധ്വാനം കൊണ്ട് ഗൂഗിള്‍ സാങ്കേതികവിദഗ്ദര്‍ തയാറാക്കിയ അതേ സൌകര്യമാണ് കേവലം മണിക്കൂറുകള്‍ കൊണ്ട് ഫിറോസ് അതേ മികവോടെ മറ്റൊരാവശ്യത്തിന് -യൂ ട്യൂബ്- എഴുതിയുണ്ടാക്കിയത്. യുടൂബിന്റെ മേധാവി ചാഡ് ഹര്‍ലിയുടെ മെയില്‍ ഉടനെ എത്തി “യൂ ട്യൂബ് ഇന്‍സ്റ്റന്റ് ഇഷ്ടമായി. കൂടെ കൂടുന്നോ, ജോലി നല്‍കാം” അമേരിക്കന്‍ ദിനപത്രങ്ങള്‍ അടക്കം ഈ യുവാവിനെ പ്രകീര്‍ത്തിച്ചു. വരും കാലത്ത് ഫിറോസ് ആരും ആകുമായിരിക്കാം ഇല്ലായിരിക്കാം എങ്കിലും നൂതനമായ ഒരു ആശയം ഉണ്ടെങ്കില്‍ പ്രശസ്തിയുടെ നെറുകയില്‍ എത്താന്‍ മറ്റൊന്നും ആവശ്യമില്ലന്ന് ബോധ്യപ്പെടുത്തുന്ന 2010 ന്റെ ഐ ടി സാന്നിദ്ധ്യമായി ഇദ്ദേഹം മാറി.

 4. നന്ദന്‍ നിലേകാനി : കേന്ദ്ര സര്‍ക്കാരിന്റെ പതാകവാഹക പദ്ധതിയായ യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ അമരക്കാരനായാണ് നന്ദന്‍ നിലേകാനി 2010 ല്‍ വാര്‍ത്തകളില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിയുടെ റാങ്ക് നല്‍കിയാണ് പദ്ധതി നിര്‍വഹണത്തിനായി നിലേകാനിയെ നിയോഗിച്ചത്. വിവിധ മേഖലകളിലെ വിദഗ്ദരായ ഒരു സംഘം ആളുകളുമായി യുഐഡി പ്രവര്‍ത്തനം തുടങ്ങുകയും ആദ്യ നമ്പര്‍ 2010 ല്‍ നല്‍കി ‘ആധാര്‍ ‘ ന് തുടക്കം കുറിച്ചു. വന്‍‌തോതിലുള്ള മാറ്റമായിരിക്കും ഇത് കൊണ്ട് വരികയെന്ന് നിലേകാനി വാദിക്കുന്നു. അതേ സമയം തന്നെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വ്യക്തിസ്വാതന്ത്ര്യത്തില്‍ സാങ്കേതികവിദ്യ കടന്നു കയറുന്നു എന്ന ആരോപണത്തിന് പ്രവര്‍ത്തനത്തിലൂടെ നിലേകാനി മറുപടി പറയേണ്ടതുണ്ട്. എതായാലും തികച്ചും സ്വകാര്യമായ ഒരു വമ്പന്‍ സ്ഥാപനത്തിന്റെ പ്രതിനിധി ഒരു സര്‍ക്കാര്‍ സംരംഭത്തില്‍ പങ്കാളിയായെത്തിയത് മാറ്റത്തിന്റെ ശുഭസൂചനയാണ്. ഇന്‍ഫോസിസ് തുടങ്ങിയ ആദ്യവര്‍ഷം മുതല്‍ നിരന്തരം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നിലേകാനിയുടെ പ്രതിഭയുടെ മാറ്റുരച്ചു തുടങ്ങിയ വര്‍ഷമാണ് 2010. ഇനി കാത്തീരുന്ന് കാണാം.

 5. ടിം ബെര്‍ണേഴ്സ് ലീ : WWWകണ്ടുപിടിച്ചതിലൂടെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്ക് നിസ്‌തുല സംഭാവന നല്‍കിയ വ്യക്തിത്വം. വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (W3C) അമരക്കാരനായിരുന്ന് ഈ മേഖലയുടെ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. 1991 ആഗസ്റ്റില്‍ CERN ല്‍ ഉണ്ടാക്കിയ ആദ്യ വെബ്സൈറ്റിന്റെ ഇരുപതാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുമെന്നത് മാത്രമല്ല ഇന്റര്‍നെറ്റ് ഉള്ള എക്കാലവും ഇദ്ദേഹം സ്‌മരിക്കപ്പെടും. മുഖ്യകൃതി: Weaving the Web: The Past, Present and Future of the World Wide Web by its Inventor


പുസ്തകങ്ങള്‍

ഇതില്‍ മിക്കപുസ്‌തകങ്ങളും 2010 ല്‍ എഴുതിയത് അല്ലെങ്കിലും പോയ വര്‍ഷം കൂടുതല്‍ വായനക്കും വിശകലനത്തിനും വിധേയമായി എന്നതിനാല്‍ ഉള്‍പ്പെടുത്തുന്നു. നിലവില്‍ ഐ ടി സംരംഭം നടത്തുന്നവര്‍ക്കും പുതുതായി എത്താന്‍ താത്പര്യമുള്ളവര്‍ക്കും ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലും രേഖപ്പെടുത്തലിലും എര്‍പ്പെടുന്നവര്‍ക്ക് ഉപകാരമായ 5 പുസ്‌തകങ്ങള്‍

 1. txtng – the gr8 db8

  by David Crystal

 2. Imagining India – Nandan Nilekani

 3. Connect the DOTS -Rasmi Bansal

 4. E-Habits – What you must optimise your professional digital presence

  by Elizabeth Charnock

 5. BPO Sutra – True Stories from India's BPO and Call centers

  Compiled and Edited by Sudhindra Mokhasi

(ഈ ലേഖനം ഇന്‍ഫോ കൈരളി മാസികയില്‍ പുതിയ ലക്കം പ്രസിദ്ധീരിച്ചതാണ്)