Friday, April 30, 2010

ഇലക്‍ട്രോണിക് മാലിന്യത്തില്‍ മൊബീല്‍ ഫോണ്‍ തലവേദനയാകുന്നുവോ ?

ഇലക്ട്രോണിക് മാലിന്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാമാന്യജനങ്ങള്‍ക്കിടയില്‍ പൊതുവിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ബോധവല്‍ക്കരണം നടന്നുവരുന്നു എന്നത് ആശ്വാസകരമായ വര്‍ത്തമാനമാണ്.

ഉപേക്ഷിക്കപ്പെടുന്ന ടെലിവിഷനും കമ്പ്യൂട്ടറുമാണ് ഇലക്ട്രോണിക് ഉച്ചിഷ്ഠക്കൂമ്പാരത്തിലെ മുന്‍‌നിരക്കാരെന്ന നിലയിലാണ് നമ്മള്‍ ബദല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഒരു സാധാരണ ടെലിവിഷനില്‍ എകദേശം രണ്ട് കിലോഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു, ഉപേക്ഷിക്കപ്പെടുമ്പോള്‍ നഗരപ്രാന്തത്തിലോ നമ്മുടെ പറമ്പിന്റെയോ ഉപരിതലത്തില്‍ എത്തുന്നത് ലെഡ് ഉള്‍പ്പടെയുള്ള അപകടകരമായ വിഷപദാര്‍ത്ഥങ്ങളാണ്. ഒരു ടെലിവിഷന്റെ ശരാശരി ആയുസ് പത്തുവര്‍ഷവും കമ്പ്യൂട്ടറിന്റെത് ആറു വര്‍ഷമായി കണക്കാക്കിയാല്‍ തന്നെ ഇ-മാലിന്യത്തോത് എത്രയധികമാണന്ന് ഊഹിക്കാവുന്നതേയുള്ളൂ. വരും കാലത്ത് ഈ നിരക്ക് കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിലവില്‍ നമ്മുടെ നാട്ടില്‍ മൂന്ന് തരത്തിലാണ് ഇ മാലിന്യം പുറത്തുകളയുന്നത്. ഒന്നാമതായി പഴകിയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വഴി, ഇലക്‍ട്രോണിക് ഉപകരണങ്ങള്‍ /കമ്പ്യൂട്ടര്‍ റിപ്പയറിംഗ് ഷോപ്പില്‍ നിന്നും വഴിവക്കില്‍ നിന്നും ആണ് ഇക്കൂട്ടരുടെ പക്കല്‍ ഉപയോഗശൂന്യമായ ഇ-വസ്തുക്കള്‍ എത്തുന്നത്. രണ്ടാമത്തെ രീതി, പറമ്പില്‍ ഉപേക്ഷിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ കാണുന്നത്, വര്‍ഷങ്ങളോളം അവിടെ കിടന്ന് മഴയും വെയിലുമേറ്റ് അപകരമായ മാലിന്യങ്ങള്‍ മേല്‍മണ്ണിനെ തന്നെ വിഷലിപ്തമാക്കും. മറ്റോരു കൂട്ടരാകട്ടെ നഗരത്തിലെ മാലിന്യം വിതരണസംവിധാനത്തിലേക്ക് എത്തിക്കും, ചില അവസരങ്ങളിലെങ്കിലും ഇത് കൂട്ടിയിട്ട് കത്തിക്കുന്നതാണ് നമ്മുടെ മാലിന്യ (അ)സംസ്‌കരണം! കത്തുമ്പോള്‍ അന്തരീക്ഷത്തിലേക്കെത്തുന്ന പുക സാധാരണമാലിന്യപ്പുകയെ അപേക്ഷിച്ച് നൂറുമടങ്ങോളം അപകടകരമാണ് എന്നോര്‍ക്കാറില്ല.

ലഭ്യമാകുന്ന വസ്തുതകളും ചിത്രങ്ങളും ചേര്‍ത്തു വച്ചാല്‍ ഇത് ശരിയാണന്ന് ബോധ്യമാകും. സാധാരണ ഇലക്‍ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ തീരെ അറ്റകുറ്റപ്പണി നടത്താനാകാത്ത അവസരത്തില്‍ മനസില്ലാമനസോടെയാണ് നാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത് (ആദ്യം ഉപേക്ഷിക്കില്ല നമ്മളില്‍ പലരും, വീട്ടിലെ സ്റ്റോറിലോ പിന്നാമ്പുറത്തോ ഇടും, വലിയ വില കൊടുത്ത് വാങ്ങിയ ടിവിയല്ലേ ഉപേക്ഷിക്കാന്‍ ഒരു മനപ്രയാസം ! അടുത്ത തവണ ചുമരിന് ചായം തേയ്‌ക്കാന്‍ ആളെത്തുമ്പോഴോ, വീട് ശരിക്കൊന്ന് അടിച്ചുവാരുമ്പോഴോ ആണ് ഇത് ശരിക്കും പുറത്താവുന്നത്, അല്ലേ). എന്നാല്‍ മൊബീല്‍ ഫോണ്‍ അങ്ങനെയല്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ തന്നെ ഉപേക്ഷിക്കുന്നത് അഭിമാനമായി കാണുന്നവരുണ്ടെന്ന് പറയുന്നത് അതിശയോക്തിയാകില്ല.

മറ്റ് ചിലപ്പോഴാകട്ടെ സാങ്കേതികവിദ്യയിലെ അത്ഭുതകരമായ മാറ്റം ആരേയും പുതിയ മോഡലിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കും. തൊണ്ണൂറുകളുടെ അവസാനപാദത്തിലാണ് നമ്മുടെ നാട്ടില്‍ കൊണ്ട് നടക്കാവുന്ന ഫോണിന്റെ രംഗപ്രവേശം. ആദ്യ കാലത്ത് വന്ന ഫോണുകള്‍ക്ക് ഒരു ചെറിയ ഇഷ്ടികയുടെ വലിപ്പവും ഭാരവും സാമാന്യം കനത്ത വിലയുമുണ്ടായിരുന്നു എന്നത് വസ്തുത. ആ ഫോണുകള്‍ സാങ്കേതികമായി ഇപ്പോഴും ഉപയോഗിക്കാനാകും എങ്കിലും ആരും ഉപയോഗിക്കാറില്ല. ഇത്തരം ഉപേക്ഷിക്കലുകള്‍ അനിവാര്യമാകും. എന്നാല്‍ പത്തുമാസത്തിനിടെ മോഡലുകള്‍ മാറുന്നത് ഈ വീക്ഷണകോണിലൂടെ കാണുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ 18 മാസമാണ് ഒരു ഫോണ്‍ മാറുന്നതിന്റെ ശരാശരി സമയദൈര്‍ഘ്യം. പോയ വര്‍ഷം 130 ദശലക്ഷം ഹാന്‍ഡ്സെറ്റുകള്‍ വിപണിയിലൂടെ എത്തി അതായത് ഇതില്‍ മൂന്നിലൊന്നും പുതിയ ഉപയോക്താക്കളിലേക്കല്ല എത്തുന്നത് എന്ന സത്യം കൂടിയുണ്ട്. രണ്ടോ അതിലധികമോ തവണ മാറ്റിയെടുക്കന്നവരാണ് ഫോണ്‍ മാര്‍ക്കറ്റില്‍ തിരക്കുകൂട്ടുന്നത്.

ഇതോടോപ്പം ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു കണക്ക് മാലിന്യമാകുന്ന ഫോണിന്റെ എണ്ണമാണ് 35 ദശലക്ഷം എണ്ണം ചവറ്റുകുട്ടയിലേക്ക് എത്തുന്നു, ഒപ്പം ഇത്ര തന്നെ അനുബന്ധ ഘടകങ്ങളും. ചാര്‍ജറുകള്‍ കേടാകുന്നതും ഉപേക്ഷിക്കുന്നതും ഇന്ന് നിത്യസംഭവമാണ്, ഒപ്പം ഇതിന്റെ പുറം ചട്ട, പ്ലാസ്റ്റിക്കും അല്ലാത്തതുമായ ഫോണ്‍ കുപ്പായങ്ങള്‍ എന്നിവയെല്ലാം മാലിന്യസംസ്‌കരണത്തില്‍ വന്‍‌നഗരങ്ങളിലെന്ന പോലെ ചെറുപട്ടണങ്ങളില്‍ വരെ കീറാമുട്ടിയായി തുടരുന്നു.

ഒരു വര്‍ഷം അയ്യായിരം ടണ്‍ ഇലക്ട്രോണിക് ഉച്ചിഷ്ഠം ഇന്ത്യയില്‍ എത്തുന്നു. മൊബീല്‍ ഫോണ്‍ സാന്ദ്രത എറെ വര്‍ധിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങളാകും ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് ആദ്യം നേരിടാന്‍ പോകുന്നത്. ഫോണ്‍ സാന്ദ്രതയും ജനസാന്ദ്രതയും ഒരേ പോലെ കൂടുതലെന്നതും, ഫോണ്‍ അടിയ്‌ക്കടി മാറുന്നവരുടെ എണ്ണം എറെയുള്ളതും നമ്മുടെ നാട്ടിലാണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലെഡ്, കാഡ്മിയം, മെര്‍ക്കുറി പൊലെയുള്ള അപകടകരമായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ എറിയും കുറഞ്ഞും മിക്ക മോഡലിലും ഉണ്ട്. ഇതു വരെ നാം ഫോണ്‍ മാറിയിരുന്നത് പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെയായിരുന്നുവെങ്കില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായെത്തുന്ന ത്രീ ജി സേവനങ്ങള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടണ്‍ കണക്കിന് ഇ-മാലിന്യം അധികമായി ഉണ്ടാക്കും. നിലവില്‍ രണ്ടു ശതമാനം ഹാന്‍ഡ്സെറ്റുകളോ അതില്‍ കുറവോ ആണ് ത്രീ ജി സംവിധാനം ഉപയോഗിക്കാന്‍ പിന്തുണയ്‌ക്കുന്നത്. 35000 കോടി രൂപ ലക്ഷ്യമിട്ട ത്രീ ജി ലേലം ഇപ്പോള്‍ തന്നെ 50,000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വന്‍‌തുകയ്‌ക്ക് സ്പെക്ട്രം ലേലം കൊള്ളുന്ന സ്ഥാപനങ്ങള്‍ എല്ലാ ഉപയോക്താക്കളെയും മൂന്നാം തലമുറ സേവനങ്ങളിലേക്കെത്തിക്കാന്‍ പതിനെട്ടടവും എടുക്കും. അപ്പോള്‍ കേരളത്തില്‍ മാത്രം ഇപ്പോഴുള്ള രണ്ട് കോടിയോളം മൊബീല്‍ ഫോണുകള്‍ പഴഞ്ചനാകും. നേരത്തെ സൂചിപ്പിച്ച ഇഷ്ടിക വലിപ്പ-ഭാരമുള്ളവ പോലെ.

നമുക്കെന്തു ചെയ്യാനാകും :
ഉപയോഗിക്കേണ്ട അല്ലെങ്കില്‍ പുതിയ മോഡലിലേക്ക് മാറേണ്ട എന്ന് ഉപദേശിക്കുന്നത് ഒരു തരത്തിലും ശരിയല്ല. എന്നാല്‍ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, ഉപയോഗാനന്തരം കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കാം.

  • ഹാന്‍ഡ്‌സെറ്റ് ഉപകരണ നിര്‍മ്മാതാക്കള്‍ തന്നെ ഇത് പ്രവര്‍ത്തനകാലം കഴിഞ്ഞോ അറ്റകുറ്റപ്പണിക്ക് സാധ്യമാകാത്ത സമയത്തോ തിരിച്ചെടുക്കണം. ഇത് (EPR -Extended Producer Responsibility)യൂറോപ്യന്‍ യൂണിയനിലും മറ്റ് ചില രാജ്യങ്ങളിലും കര്‍ശനമായി നടപ്പാക്കിവരുന്നു. ഇങ്ങനെ ശേഖരിക്കുന്ന പാഴ് ഉപകരണങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കാനാകും. ചില ഘടകങ്ങള്‍ വീണ്ടും ഉപയോഗിക്കാനാകും.
  • ശാസ്ത്രീയമായി ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്‌ക്കുക. ഫോണ്‍ വാങ്ങുന്ന വേളയില്‍ ഒരു ചെറുതുക ഈ ഫണ്ടിലേക്ക് സ്വരുക്കൂട്ടി ഇതിനായുള്ള സംവിധാനത്തിനും പ്രചരണത്തിനും ഉപയോഗിക്കാം.
  • നമ്മുടെ നാട്ടില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും മൊബീല്‍ സേവന ദാതാക്കളുടെ ഓഫീസ് കാണാം. ഇവര്‍ക്കും തിരിച്ചെടുക്കല്‍ ചങ്ങലയില്‍ കണ്ണികളാകാം.
  • നിലവിലുള്ള മാലിന്യ മാനേജ്‌മെന്റ് നീയമവും നയവും ഇ-മാലിന്യത്തിന്റെ വെളിച്ചത്തില്‍ പരിഷ്‌കരിച്ച് നടപ്പാക്കാം.
  • ഉപകരണ നിര്‍മാതാക്കള്‍ക്കോ പ്രാദേശിക ടെക്നീഷ്യനോ തുറന്ന് അറ്റകുറ്റപ്പണി നടത്താനാകുന്ന രീതിയില്‍ മാത്രം ചട്ടക്കൂടുകള്‍ രൂപകല്‍‌പന നടത്തിയാല്‍ മതിയെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാം. ഉദാഹരണത്തിന് മൊബീല്‍ ഫോണിന്റെ/ലാപ്പ് ടോപ്പിന്റെ ചാര്‍ജര്‍ തുറന്ന് നന്നാക്കാന്‍ സാധിക്കുന്ന തരത്തിലല്ല നിര്‍മ്മിച്ചിരിക്കുന്നത്. അതായത് കേവലം 50 പൈസ വിലയുള്ള ഒരു റെസിസ്റ്ററിന്റെ കുഴപ്പം ചിലപ്പോള്‍ ഉപകരണത്തിന്റെ മൊത്തത്തിലുള്ള ചരമക്കുറിപ്പെഴുതും ! ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. മാത്രമല്ല ഒരു നിര്‍മ്മാതാവ് തന്നെ പല മോഡലുകള്‍ക്കും പല തരത്തിലുള്ള ചാര്‍ജര്‍ അഗ്രങ്ങള്‍ (പിന്‍ ) ആണ് വിപണിയിലെത്തിക്കുന്നത്. എന്തുകൊണ്ട് ഒരേ ശൈലിയിലുള്ളവ ആയിക്കൂടാ. ഇക്കാര്യത്തില്‍ ഒരു മാനനീകരണം (Standardisation) അനിവാര്യമാണ്.