Monday, April 12, 2010

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍

വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരുന്ന കാലമാണ്. മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദവുമായി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക. രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍ ഇപ്പോഴെ തയാറെടുക്കാം ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബി‌എസ്.സി എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പരിചയം സിദ്ധിക്കുന്നത് സമീപഭാവിയില്‍ തന്നെ ഗുണം ചെയ്യും. മൂന്നാമത്തെ കൂട്ടരാകട്ടെ ഒരു തൊഴില്‍ കൂടി സ്വപ്‌നം കണ്ടാണ് അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികള്‍ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകള്‍ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തില്‍ ജോലി നേടാന്‍ പ്രാപ്തമാക്കും.

ഇതുവരെ കമ്പ്യൂട്ടര്‍ പരിചയിച്ചിട്ടില്ലാത്തവരാണങ്കില്‍ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഗ്നു ലിനക്സോ അല്ലെങ്കില്‍ വിന്‍‌ഡോസോ) ഒപ്പം ഒരു ഓഫീസ് പാക്കേജും പഠിക്കുക. ഇതിന് എകദേശം 40 മണിക്കൂറില്‍ താഴെവരുന്ന രണ്ടുമാസമോ ഒരു മാസമോ ദൈര്‍ഘ്യമുള്ള പഠനം മതിയാകും. പിന്നീടുള്ള ഉപയോഗമാണ് പഠിതാവിനെ പൂര്‍ണമായും സജ്ജമാക്കുന്നത്. അത് സാവധാനം സംഭവിച്ചുകൊള്ളും. ഇതിന് വലിയ പണച്ചിലവും ആകില്ല. ഓഫീസ് പാക്കേജ് എന്നതുകൊണ്ട് കത്തെഴുതാനും നോട്ടെഴുതാനും സഹായിക്കുന്ന വേഡ് പ്രോസസര്‍ ,ഒരു വിഷയം കമ്പ്യൂട്ടര്‍ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പ്രസന്റേഷന്‍ സോഫ്ട്‌വെയര്‍ ,കണക്കുകൂട്ടലുകള്‍ കാര്യക്ഷമവും എളുപ്പവും ആക്കുന്ന സ്പ്രെഡ് ഷീറ്റ് പരിചയപ്പെടല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. വിപണിയില്‍ ഓപ്പണ്‍ ഓഫീസ് എന്ന സ്വതന്ത്ര സോഫ്ട്‌വെയറും മൈക്രോസോഫ്ടിന്റെ ഓഫീസും ഉണ്ട് ഇതില്‍ ഒന്ന് പഠിക്കുക.

നിര്‍ദ്ദേശിക്കാനാകുന്ന മറ്റൊരു പഠനപദ്ധതി ഗ്നു/ലിനക്സിനെ അടുത്തറിയലാണ് .ഇന്ന് ലോകമാകമാനം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്, ഒട്ടേറെ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇതില്‍ എതെങ്കിലും ഒന്ന് പഠിക്കാം. പണച്ചിലവ് കുറയുമെന്നതും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുമെന്നതും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നു.

നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഇന്റര്‍നെറ്റ് പഠിക്കാന്‍ ചേരാം. കേവലം പത്തുമണിക്കൂര്‍ പരിചയപ്പെടല്‍ തന്നെ ധാരാളം. മിക്ക കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും സൈബര്‍ കഫെകളും എല്ലാ സമയത്തും ഇത് പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരു ബ്രൌസര്‍ ഉപയോഗിക്കാനും ഇ-മെയില്‍ വിലാസം എടുത്ത് കത്തിടപാടുകള്‍ ആരംഭിക്കാനും ഒപ്പം സര്‍ച്ചിംഗ് പരിചയപ്പെടാനും ഈ സമയം ധാരാളം പിന്നീട് ദൈനംദിന ജീവിതത്തിലെ പലരംഗത്തും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോള്‍ മടികൂടാതെ സമീപിക്കാനും അപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി വിവരമഹാശൃംഖലയെ അടുത്തറിയാനും സാധിക്കും.

പ്രോഗ്രാമിംഗ് ഭാഷ പഠിക്കാന്‍ ചേരുന്നതിന് മുന്‍പ് അത് നമുക്ക് വേണോ എന്ന് ചിന്തിച്ച ശേഷം മാത്രം ചേരുക. ശാസ്ത്ര സാങ്കേതിക രംഗത്തും വെബ്ഡിസൈനിംഗ് രംഗത്തും ജോലിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക തന്നെ വേണം എന്നതും ഓര്‍ക്കുക. എന്നാല്‍ പേജ് ഡിസൈനിലും രൂപകല്പനയിലും ത്രിമാന ചിത്രീകരണത്തിലും കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മധ്യവേനലവധി ക്ലാസിന്റെ ഭാഗമായി ഇപ്പോഴെ ‘സി’ പ്രോഗ്രാമിംഗ് പഠിക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. എന്നാല്‍ ഗ്രാഫിക്സ് മേഖലയില്‍ എതാനും വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്‌ക്രിപ്ടിംഗുമായി പരിചയപ്പെടേണ്ടിവരും ആ സമയത്ത് സ്വാഭാവികമായി പ്രോഗ്രാമിംഗ് പഠിക്കാമല്ലോ. അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക. ഇത്തരം കരിയറില്‍ ചേരുന്നയാളിന്റെ സര്‍ഗശേഷി തന്നെയാണ് വിജയത്തിന്റെ താക്കോല്‍ എന്നത് അറിയാമല്ലോ.

ഡി‌ടി‌പി കോഴ്സുകളും അവധിക്കാല പഠനത്തിന്റെ ഭാഗമായും അല്ലാതെയും എറെ ആവശ്യക്കാരുള്ളതാണ്. പെട്ടെന്ന് ഒരു ജോലി പ്രാദേശികമായി തന്നെ ലഭിക്കാനും ഡിടിപി പഠനം ഉപകരിക്കും. ഒന്നിലധികം വേഡ് പ്രോസസര്‍ (പേജ് മേക്കര്‍ ഉള്‍പ്പടെ), അത്യാവശ്യം ചിത്രപ്പണികള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന (ജിമ്പ്,കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്) പാക്കേജുകള്‍ ഡിടിപി പഠനത്തിന്റെ ഭാഗമാണ്. മലയാളം ടൈപ്പിംഗിലോ മറ്റോരു പ്രാദേശിക ഭാഷാ ടൈപ്പിംഗോ വശമാക്കുന്നത് തൊഴില്‍ കമ്പോളത്തില്‍ ഡിടിപി ഓപ്പറേറ്ററുടെ മൂല്യം വര്‍ധിപ്പിക്കും.

നിലവില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ചിലര്‍ക്കെങ്കിലും വെബ് സൈറ്റ് രൂപകല്‍‌പനയില്‍ താത്പര്യമുണ്ടാകും. ഇന്ന് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിനെ (CMS) വരവോടെ ആകര്‍ഷകമായ ഒരു വെബ്സൈറ്റ് നിര്‍മിക്കുന്നത് അത്രയേറേ സങ്കീര്‍ണമായ ഒരു ഏര്‍പ്പാട് ഒന്നുമല്ല, ആകര്‍ഷകമായി വിവരങ്ങള്‍ വിന്യസിക്കാനും മേമ്പൊടിയായി അല്പം സൌന്ദര്യബോധവും കൂടിയുണ്ടെകില്‍ നല്ല വെബ്പേജുകള്‍ നിര്‍മ്മിച്ചെടുക്കാം. ജൂമ്‌ല, വേഡ് പ്രസ്, ഡ്രുപാല്‍ എന്നിവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന CMSകളാണ് .ഫ്ലാഷ് തുടങ്ങിയ പാക്കേജുകള്‍ പഠിക്കുന്നത് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല ആകര്‍ഷകമായ പ്രസന്റേഷന്‍ ,പഠന വിഭവ സിഡി കള്‍ എന്നിവ രൂപപ്പെടുത്താനും പഠിതാവിനെ സഹായിക്കും.

ഐ‌ടി‌ഐ /പോളിടെക്നിക്ക് പോലുള്ള സാങ്കേതിക പഠനത്തില്‍ എര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് പാസായി നില്‍ക്കുന്നവര്‍ക്കും. കാഡ്,പോജക്‍ട് മാനേജ്മെന്റ് എന്നിവ പഠിക്കുന്നത് ഉചിതമാണ് എന്നാല്‍ ഇത് ഒരു അവധിക്കാല പഠനമായി കാണേണ്ട മറിച്ച് അവധിക്കാലത്ത് ആരംഭിക്കുന്ന പഠനമായി കണ്ടാല്‍ മതി. കാഡ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ) രംഗത്ത് പഠനം മാത്രമല്ല അതിന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ണായകമാണ് അതിനാല്‍ അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചേരുക.

എവിടെ പഠിക്കണം എന്നതും അവധിക്കാലത്ത് പ്രസക്തമായ ചോദ്യമാണ്. ഇക്കാലത്ത് പലവിധ പരസ്യങ്ങളുമായി സ്വകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അവരുടെ അവകാശവാദങ്ങളില്‍ വീഴാതെ അവിടെ പഠിച്ചവരുമായി ആശയവിനിമയം നടത്തിയും ഒരു പ്രാവശ്യം ആ സ്ഥാപനത്തില്‍ നേരിട്ട് പോയി അന്വേഷണം നടത്തി നമുക്കാവശ്യമുള്ള പഠനം നമ്മള്‍ ഉദ്ദേശിക്കുന്നരീതിയില്‍ അവിടെ നടത്താന്‍ സാധിക്കുമോ എന്നും ഉറപ്പാക്കിയ ശേഷം ചേരുക. വലിയ ഫീസും കൊടുക്കുകയും ബഹുവര്‍ണ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും അല്ല ഒരു വേനലവധി ക്ലാസില്‍ നിന്നും നമ്മള്‍ നേടേണ്ടത് കമ്പ്യൂട്ടറിനെയും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വെയറിനെയും പരിചയപ്പെടുകയും കൂടുതല്‍ മനസിലാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. പോളിടെക്‍നിക്,എഞ്ചിനീയറിംഗ് കോളെജുകള്‍ ,സര്‍വകലാശാലകള്‍ എന്നിവയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒപ്പം ഗ്രാമീണ ഗ്രന്ഥശാലകള്‍ എന്നിവയും അവധിക്കാല കമ്പ്യൂട്ടര്‍ പഠനപദ്ധതിയുമായി സജീവമാണ് ഇതും പ്രയോജനപ്പെടുത്താം.