Tuesday, March 23, 2010

ഡോട്ട് കോം വിലാസത്തിന് 25 ന്റെ നിറവ്

ഇന്റര്‍നെറ്റ്‌ എന്നാല്‍ നമുക്കു പലര്‍ക്കും ഡോട്ട്‌കോം ആണ്‌ (.com). ഒട്ടനേകം വാലറ്റപ്പേരുകള്‍ ഉണ്ടെങ്കിലും ഇത്രമേല്‍ ജനകീയമായത്‌ മറ്റൊന്നുമില്ല. ഓരോ ദിവസവും ആയിരക്കണക്കിനു പേരാണ്‌ ഡോട്ട്‌കോം വാലുമായി പിറന്നുവീഴുന്നത്‌. സാങ്കേതികമായി ഈ `കോമിനെ' ജനറിക്‌ ടോപ്‌ ലെവല്‍ ഡൊമൈന്‍ (g TLD) എന്നാണ്‌ വിളിക്കുന്നത്‌. .edu, .net, .mil (മിലിറ്ററി), .org എന്നിവയും നമുക്ക്‌ പരിചിതങ്ങളായ മറ്റ്‌ gTLD കളാണ്‌. കൂട്ടത്തില്‍ എണ്ണംകൊണ്ടും ഉപയോഗംകൊണ്ടും ഡോട്ട്‌കോം തന്നെ മുന്നില്‍. ഇതുകൂടാതെ cc TLD കളും (country code TLD) ഉണ്ട്‌. .in (ഇന്ത്യ) .cn (ചൈന), .pk (പാകിസ്ഥാന്‍), .sa (സൗദി അറേബ്യ) എന്നിവ ഉദാഹരണം.
ഡോട്ട്‌കോം എന്ന ഇന്റര്‍നെറ്റ്‌ വാലറ്റപ്പേര്‌ 25 വര്‍ഷം തികയുന്നവേളയില്‍ വിപുലമായ ആഘോഷങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌. നിലവിലെ .കോം രജിസ്‌ട്രാറായ വെരിസൈന്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ആദ്യത്തെ ഡോട്ട്‌കോം വിലാസം കരസ്ഥമാക്കിയ symbolics.com ഉം ഒപ്പമുണ്ട്‌. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്‌ ലോകത്തിന്‌ നിസ്‌തുല സംഭാവന നല്‍കിയ 75 പ്രസ്ഥാനങ്ങളെ/വ്യക്തികളെ ആദരിക്കുന്നുണ്ട്‌. വിശ്രുതരായ സംരംഭകരും എഴുത്തുകാരും അടങ്ങിയ ജൂറിയാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌. ഇന്ത്യന്‍ സ്ഥാപനമായ ഇന്‍ഫോസിസും സിലിക്കോണ്‍ വാലിയിലെ പ്രൗഢമായ ഇന്ത്യന്‍ സാന്നിധ്യം വിനോദ കോസ്‌ലയും ആദരിക്കുന്നവരുടെ പട്ടികയിലുണ്ട്‌. പട്ടികയിലെ മറ്റൊരു ശ്രദ്ധേയതാരം നോബല്‍ ജേതാവും ബംഗ്ലാദേശുകാരനുമായ ഡോ. മുഹമ്മദ്‌ യൂനുസാണ്‌. ഇന്റര്‍നെറ്റിനെ ഒരു ബിസിനസ്‌ ഇടമാക്കി ചെറുകിട സംരംഭകര്‍ക്കിടയില്‍ ജനപ്രിയമാക്കിയതിനും ഗ്രാമീണ ടെലിഫോണ്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയതിനുമാണ്‌ ഈ അംഗീകാരം.
കൊമേഴ്‌സ്യല്‍ എന്ന വാക്കിന്റെ ചുരുക്കെഴുത്തായാണ്‌ .com ഉരുത്തിരിഞ്ഞുവന്നത്‌. ഇതിന്റെ വര്‍ധിച്ച എണ്ണവും തിരക്കും നിയന്ത്രിക്കാനായി .biz എന്ന മറ്റൊരു gTLD കൂടി അവതരിപ്പിച്ചെങ്കിലും പുതിയ അവതാരത്തെ ആര്‍ക്കും വേണ്ടെന്നതാണ്‌ അവസ്ഥ. ആദ്യകാലത്ത്‌ അമേരിക്കന്‍ പ്രതിരോധവകുപ്പാണ്‌ കോം പട്ടിക പരിപാലിച്ചിരുന്നത്‌. പിന്നീട്‌ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള വെരിസൈന്‍ (verisign) എന്ന സ്ഥാപനത്തിന്‌ നിയന്ത്രണാധികാരം കൈമാറി. മറ്റനേകം സമാനസ്ഥാപനങ്ങളെയും ബാങ്കുകളേയും ഡിജിറ്റല്‍ സുരക്ഷയില്‍ സാങ്കേതിക സജ്ജരാക്കുന്ന ജോലിയില്‍ മുഖ്യമായും ശ്രദ്ധപതിപ്പിച്ചിരിക്കുന്ന സ്ഥാപനമാണ്‌ വെരിസൈന്‍. 1985 മാര്‍ച്ച്‌ 15 നാണ്‌ ആദ്യ .കോം വിലാസം Symbolics സ്വന്തമാക്കുന്നത്‌. പിന്നീടിങ്ങോട്ട്‌ ചരിത്രം, ഇന്ന്‌ ഇന്റര്‍നെറ്റ്‌ വിലാസമോ ഇ മെയില്‍ വിലാസമോ ഇല്ലാതെ വാണിജ്യ/വ്യാപാര ബന്ധങ്ങളില്‍ സുഗമമായി ഇടപെടാനാകില്ല എന്നുവരെ എത്തിനില്‍ക്കുന്നു. മൊബൈല്‍ ഫോണിലേക്കുകൂടി ഇന്റര്‍നെറ്റ്‌ വ്യാപിച്ചതോടെ ഒരു രണ്ടാം കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്‌ ഇന്റര്‍നെറ്റ്‌. എം കൊമേഴ്‌സും, എം ഗവണന്‍സും ഇതിന്റെ ഭാഗം.

(ccTLD യും വിവിധ രാജ്യങ്ങളുമായുള്ള കൗതുകവിവരങ്ങളും ഡോട്ട്‌കോം തട്ടിപ്പുകളെപ്പറ്റിയും അടുത്ത പോസ്റ്റായി ഇടാം).