Friday, April 30, 2010

ഇലക്‍ട്രോണിക് മാലിന്യത്തില്‍ മൊബീല്‍ ഫോണ്‍ തലവേദനയാകുന്നുവോ ?

ഇലക്ട്രോണിക് മാലിന്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാമാന്യജനങ്ങള്‍ക്കിടയില്‍ പൊതുവിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ബോധവല്‍ക്കരണം നടന്നുവരുന്നു എന്നത് ആശ്വാസകരമായ വര്‍ത്തമാനമാണ്.

ഉപേക്ഷിക്കപ്പെടുന്ന ടെലിവിഷനും കമ്പ്യൂട്ടറുമാണ് ഇലക്ട്രോണിക് ഉച്ചിഷ്ഠക്കൂമ്പാരത്തിലെ മുന്‍‌നിരക്കാരെന്ന നിലയിലാണ് നമ്മള്‍ ബദല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഒരു സാധാരണ ടെലിവിഷനില്‍ എകദേശം രണ്ട് കിലോഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു, ഉപേക്ഷിക്കപ്പെടുമ്പോള്‍ നഗരപ്രാന്തത്തിലോ നമ്മുടെ പറമ്പിന്റെയോ ഉപരിതലത്തില്‍ എത്തുന്നത് ലെഡ് ഉള്‍പ്പടെയുള്ള അപകടകരമായ വിഷപദാര്‍ത്ഥങ്ങളാണ്. ഒരു ടെലിവിഷന്റെ ശരാശരി ആയുസ് പത്തുവര്‍ഷവും കമ്പ്യൂട്ടറിന്റെത് ആറു വര്‍ഷമായി കണക്കാക്കിയാല്‍ തന്നെ ഇ-മാലിന്യത്തോത് എത്രയധികമാണന്ന് ഊഹിക്കാവുന്നതേയുള്ളൂ. വരും കാലത്ത് ഈ നിരക്ക് കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിലവില്‍ നമ്മുടെ നാട്ടില്‍ മൂന്ന് തരത്തിലാണ് ഇ മാലിന്യം പുറത്തുകളയുന്നത്. ഒന്നാമതായി പഴകിയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വഴി, ഇലക്‍ട്രോണിക് ഉപകരണങ്ങള്‍ /കമ്പ്യൂട്ടര്‍ റിപ്പയറിംഗ് ഷോപ്പില്‍ നിന്നും വഴിവക്കില്‍ നിന്നും ആണ് ഇക്കൂട്ടരുടെ പക്കല്‍ ഉപയോഗശൂന്യമായ ഇ-വസ്തുക്കള്‍ എത്തുന്നത്. രണ്ടാമത്തെ രീതി, പറമ്പില്‍ ഉപേക്ഷിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ കാണുന്നത്, വര്‍ഷങ്ങളോളം അവിടെ കിടന്ന് മഴയും വെയിലുമേറ്റ് അപകരമായ മാലിന്യങ്ങള്‍ മേല്‍മണ്ണിനെ തന്നെ വിഷലിപ്തമാക്കും. മറ്റോരു കൂട്ടരാകട്ടെ നഗരത്തിലെ മാലിന്യം വിതരണസംവിധാനത്തിലേക്ക് എത്തിക്കും, ചില അവസരങ്ങളിലെങ്കിലും ഇത് കൂട്ടിയിട്ട് കത്തിക്കുന്നതാണ് നമ്മുടെ മാലിന്യ (അ)സംസ്‌കരണം! കത്തുമ്പോള്‍ അന്തരീക്ഷത്തിലേക്കെത്തുന്ന പുക സാധാരണമാലിന്യപ്പുകയെ അപേക്ഷിച്ച് നൂറുമടങ്ങോളം അപകടകരമാണ് എന്നോര്‍ക്കാറില്ല.

ലഭ്യമാകുന്ന വസ്തുതകളും ചിത്രങ്ങളും ചേര്‍ത്തു വച്ചാല്‍ ഇത് ശരിയാണന്ന് ബോധ്യമാകും. സാധാരണ ഇലക്‍ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ തീരെ അറ്റകുറ്റപ്പണി നടത്താനാകാത്ത അവസരത്തില്‍ മനസില്ലാമനസോടെയാണ് നാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത് (ആദ്യം ഉപേക്ഷിക്കില്ല നമ്മളില്‍ പലരും, വീട്ടിലെ സ്റ്റോറിലോ പിന്നാമ്പുറത്തോ ഇടും, വലിയ വില കൊടുത്ത് വാങ്ങിയ ടിവിയല്ലേ ഉപേക്ഷിക്കാന്‍ ഒരു മനപ്രയാസം ! അടുത്ത തവണ ചുമരിന് ചായം തേയ്‌ക്കാന്‍ ആളെത്തുമ്പോഴോ, വീട് ശരിക്കൊന്ന് അടിച്ചുവാരുമ്പോഴോ ആണ് ഇത് ശരിക്കും പുറത്താവുന്നത്, അല്ലേ). എന്നാല്‍ മൊബീല്‍ ഫോണ്‍ അങ്ങനെയല്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ തന്നെ ഉപേക്ഷിക്കുന്നത് അഭിമാനമായി കാണുന്നവരുണ്ടെന്ന് പറയുന്നത് അതിശയോക്തിയാകില്ല.

മറ്റ് ചിലപ്പോഴാകട്ടെ സാങ്കേതികവിദ്യയിലെ അത്ഭുതകരമായ മാറ്റം ആരേയും പുതിയ മോഡലിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കും. തൊണ്ണൂറുകളുടെ അവസാനപാദത്തിലാണ് നമ്മുടെ നാട്ടില്‍ കൊണ്ട് നടക്കാവുന്ന ഫോണിന്റെ രംഗപ്രവേശം. ആദ്യ കാലത്ത് വന്ന ഫോണുകള്‍ക്ക് ഒരു ചെറിയ ഇഷ്ടികയുടെ വലിപ്പവും ഭാരവും സാമാന്യം കനത്ത വിലയുമുണ്ടായിരുന്നു എന്നത് വസ്തുത. ആ ഫോണുകള്‍ സാങ്കേതികമായി ഇപ്പോഴും ഉപയോഗിക്കാനാകും എങ്കിലും ആരും ഉപയോഗിക്കാറില്ല. ഇത്തരം ഉപേക്ഷിക്കലുകള്‍ അനിവാര്യമാകും. എന്നാല്‍ പത്തുമാസത്തിനിടെ മോഡലുകള്‍ മാറുന്നത് ഈ വീക്ഷണകോണിലൂടെ കാണുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ 18 മാസമാണ് ഒരു ഫോണ്‍ മാറുന്നതിന്റെ ശരാശരി സമയദൈര്‍ഘ്യം. പോയ വര്‍ഷം 130 ദശലക്ഷം ഹാന്‍ഡ്സെറ്റുകള്‍ വിപണിയിലൂടെ എത്തി അതായത് ഇതില്‍ മൂന്നിലൊന്നും പുതിയ ഉപയോക്താക്കളിലേക്കല്ല എത്തുന്നത് എന്ന സത്യം കൂടിയുണ്ട്. രണ്ടോ അതിലധികമോ തവണ മാറ്റിയെടുക്കന്നവരാണ് ഫോണ്‍ മാര്‍ക്കറ്റില്‍ തിരക്കുകൂട്ടുന്നത്.

ഇതോടോപ്പം ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു കണക്ക് മാലിന്യമാകുന്ന ഫോണിന്റെ എണ്ണമാണ് 35 ദശലക്ഷം എണ്ണം ചവറ്റുകുട്ടയിലേക്ക് എത്തുന്നു, ഒപ്പം ഇത്ര തന്നെ അനുബന്ധ ഘടകങ്ങളും. ചാര്‍ജറുകള്‍ കേടാകുന്നതും ഉപേക്ഷിക്കുന്നതും ഇന്ന് നിത്യസംഭവമാണ്, ഒപ്പം ഇതിന്റെ പുറം ചട്ട, പ്ലാസ്റ്റിക്കും അല്ലാത്തതുമായ ഫോണ്‍ കുപ്പായങ്ങള്‍ എന്നിവയെല്ലാം മാലിന്യസംസ്‌കരണത്തില്‍ വന്‍‌നഗരങ്ങളിലെന്ന പോലെ ചെറുപട്ടണങ്ങളില്‍ വരെ കീറാമുട്ടിയായി തുടരുന്നു.

ഒരു വര്‍ഷം അയ്യായിരം ടണ്‍ ഇലക്ട്രോണിക് ഉച്ചിഷ്ഠം ഇന്ത്യയില്‍ എത്തുന്നു. മൊബീല്‍ ഫോണ്‍ സാന്ദ്രത എറെ വര്‍ധിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങളാകും ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് ആദ്യം നേരിടാന്‍ പോകുന്നത്. ഫോണ്‍ സാന്ദ്രതയും ജനസാന്ദ്രതയും ഒരേ പോലെ കൂടുതലെന്നതും, ഫോണ്‍ അടിയ്‌ക്കടി മാറുന്നവരുടെ എണ്ണം എറെയുള്ളതും നമ്മുടെ നാട്ടിലാണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലെഡ്, കാഡ്മിയം, മെര്‍ക്കുറി പൊലെയുള്ള അപകടകരമായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ എറിയും കുറഞ്ഞും മിക്ക മോഡലിലും ഉണ്ട്. ഇതു വരെ നാം ഫോണ്‍ മാറിയിരുന്നത് പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെയായിരുന്നുവെങ്കില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായെത്തുന്ന ത്രീ ജി സേവനങ്ങള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടണ്‍ കണക്കിന് ഇ-മാലിന്യം അധികമായി ഉണ്ടാക്കും. നിലവില്‍ രണ്ടു ശതമാനം ഹാന്‍ഡ്സെറ്റുകളോ അതില്‍ കുറവോ ആണ് ത്രീ ജി സംവിധാനം ഉപയോഗിക്കാന്‍ പിന്തുണയ്‌ക്കുന്നത്. 35000 കോടി രൂപ ലക്ഷ്യമിട്ട ത്രീ ജി ലേലം ഇപ്പോള്‍ തന്നെ 50,000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വന്‍‌തുകയ്‌ക്ക് സ്പെക്ട്രം ലേലം കൊള്ളുന്ന സ്ഥാപനങ്ങള്‍ എല്ലാ ഉപയോക്താക്കളെയും മൂന്നാം തലമുറ സേവനങ്ങളിലേക്കെത്തിക്കാന്‍ പതിനെട്ടടവും എടുക്കും. അപ്പോള്‍ കേരളത്തില്‍ മാത്രം ഇപ്പോഴുള്ള രണ്ട് കോടിയോളം മൊബീല്‍ ഫോണുകള്‍ പഴഞ്ചനാകും. നേരത്തെ സൂചിപ്പിച്ച ഇഷ്ടിക വലിപ്പ-ഭാരമുള്ളവ പോലെ.

നമുക്കെന്തു ചെയ്യാനാകും :
ഉപയോഗിക്കേണ്ട അല്ലെങ്കില്‍ പുതിയ മോഡലിലേക്ക് മാറേണ്ട എന്ന് ഉപദേശിക്കുന്നത് ഒരു തരത്തിലും ശരിയല്ല. എന്നാല്‍ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, ഉപയോഗാനന്തരം കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കാം.

  • ഹാന്‍ഡ്‌സെറ്റ് ഉപകരണ നിര്‍മ്മാതാക്കള്‍ തന്നെ ഇത് പ്രവര്‍ത്തനകാലം കഴിഞ്ഞോ അറ്റകുറ്റപ്പണിക്ക് സാധ്യമാകാത്ത സമയത്തോ തിരിച്ചെടുക്കണം. ഇത് (EPR -Extended Producer Responsibility)യൂറോപ്യന്‍ യൂണിയനിലും മറ്റ് ചില രാജ്യങ്ങളിലും കര്‍ശനമായി നടപ്പാക്കിവരുന്നു. ഇങ്ങനെ ശേഖരിക്കുന്ന പാഴ് ഉപകരണങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കാനാകും. ചില ഘടകങ്ങള്‍ വീണ്ടും ഉപയോഗിക്കാനാകും.
  • ശാസ്ത്രീയമായി ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്‌ക്കുക. ഫോണ്‍ വാങ്ങുന്ന വേളയില്‍ ഒരു ചെറുതുക ഈ ഫണ്ടിലേക്ക് സ്വരുക്കൂട്ടി ഇതിനായുള്ള സംവിധാനത്തിനും പ്രചരണത്തിനും ഉപയോഗിക്കാം.
  • നമ്മുടെ നാട്ടില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും മൊബീല്‍ സേവന ദാതാക്കളുടെ ഓഫീസ് കാണാം. ഇവര്‍ക്കും തിരിച്ചെടുക്കല്‍ ചങ്ങലയില്‍ കണ്ണികളാകാം.
  • നിലവിലുള്ള മാലിന്യ മാനേജ്‌മെന്റ് നീയമവും നയവും ഇ-മാലിന്യത്തിന്റെ വെളിച്ചത്തില്‍ പരിഷ്‌കരിച്ച് നടപ്പാക്കാം.
  • ഉപകരണ നിര്‍മാതാക്കള്‍ക്കോ പ്രാദേശിക ടെക്നീഷ്യനോ തുറന്ന് അറ്റകുറ്റപ്പണി നടത്താനാകുന്ന രീതിയില്‍ മാത്രം ചട്ടക്കൂടുകള്‍ രൂപകല്‍‌പന നടത്തിയാല്‍ മതിയെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാം. ഉദാഹരണത്തിന് മൊബീല്‍ ഫോണിന്റെ/ലാപ്പ് ടോപ്പിന്റെ ചാര്‍ജര്‍ തുറന്ന് നന്നാക്കാന്‍ സാധിക്കുന്ന തരത്തിലല്ല നിര്‍മ്മിച്ചിരിക്കുന്നത്. അതായത് കേവലം 50 പൈസ വിലയുള്ള ഒരു റെസിസ്റ്ററിന്റെ കുഴപ്പം ചിലപ്പോള്‍ ഉപകരണത്തിന്റെ മൊത്തത്തിലുള്ള ചരമക്കുറിപ്പെഴുതും ! ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. മാത്രമല്ല ഒരു നിര്‍മ്മാതാവ് തന്നെ പല മോഡലുകള്‍ക്കും പല തരത്തിലുള്ള ചാര്‍ജര്‍ അഗ്രങ്ങള്‍ (പിന്‍ ) ആണ് വിപണിയിലെത്തിക്കുന്നത്. എന്തുകൊണ്ട് ഒരേ ശൈലിയിലുള്ളവ ആയിക്കൂടാ. ഇക്കാര്യത്തില്‍ ഒരു മാനനീകരണം (Standardisation) അനിവാര്യമാണ്.

Sunday, April 18, 2010

ഭാവികാലം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേത്

കയ്യില്‍ കൊണ്ടുനടക്കാവുന്നതും വളരെയെളുപ്പം ഇന്റര്‍നെറ്റ് തിരയലിനും ഇ-പുസ്തകങ്ങള്‍ വായിക്കാവുന്നതുമായ സ്ലേറ്റ് പോലയുള്ള ഉപകരണങ്ങളാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ .വളരെ വര്‍ഷങ്ങളായി ഒരു കൌതുകമെന്നപോലെയോ ശാസ്ത്രസാങ്കേതിക രംഗത്തെ വിസ്മയമായോ പറഞ്ഞുകേട്ടുകൊണ്ടിരിക്കുന്ന ഈ കുട്ടി കമ്പ്യൂട്ടറിന്റെ വിപണി ഉഷാറായത് ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഐ പാഡിന്റെ കടന്നു വരവോടെയാണ്. മൊബീല്‍ ഫോണിനും ലാപ്ടോപ്പിനും മധ്യേയിടം പിടിക്കാവുന്നതാണ് ടാബ്‌ലറ്റ് വകഭേദമെങ്കിലും വിപണി ശക്തിയാര്‍ജിക്കുന്നതും വിലകുറയുന്നതും സംഭവിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പേഴ്സണല്‍ കമ്പ്യൂട്ടറും ലാപ്ടോപ്പും വെടിഞ്ഞ് ടാബ്‌ലറ്റിന്റെ ആരാധകരാകും. ഐ പാഡ് വില്പനയ്ക്കെത്തിയ ആദ്യ ദിനം തന്നെ മൂന്ന് ലക്ഷം പേര്‍ പുത്തന്‍ കൌതുകത്തെ സ്വന്തമാക്കി. ഇതു തന്നെ ടാബ്‌ലറ്റുകളുടെ ഭാവി ശോഭനമാണന്നത് തെളിയിക്കുന്നു.

ആപ്പിളിന്റെ ഒട്ടുമിക്ക അവതാരങ്ങള്‍ക്കും ഉപഭോക്തൃ ഇലക്‍ട്രോണിക്സ് വിപണിയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ ആയിട്ടുണ്ട്, എന്നതിനാല്‍ തന്നെ എതിര്‍ഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളും ആപ്പിളിന്റെ ചെറുനീക്കങ്ങളെ പോലും ജാഗ്രതയോടെ നിരീക്ഷിക്കും. കൊണ്ടുനടക്കാവുന്ന സംഗീതത്തിന്റെ കാര്യം തന്നെയെടുക്കുക, സോണി വാക്‍മാന്‍ അജയ്യമായി നിന്ന കാലത്താണ് ഡിജിറ്റല്‍ കാലമാറ്റത്തിനൊപ്പം ഐ പോഡ് എന്ന കുഞ്ഞന്‍ പാട്ടുപെട്ടി (ഒരു തീപ്പെട്ടിയുടെ അത്ര വലിപ്പവും അത്രതന്നെ ഭാരവും! ) അവതരിച്ചതും മറ്റുള്ള എല്ലാവരെയും കാതങ്ങള്‍ക്കപ്പുറം പിന്നിലാക്കി നിര്‍ണായക സ്ഥാനം നേടിയതും. സാധാരണ കാസറ്റ്‌-ടേപ്പ് റെക്കോഡറിന് നേരിട്ട തിരിച്ചടി തന്നെയാകും ഇപ്പോഴത്തെ ലാപ്‌ടോപ്പുകളെ കാത്തിരിക്കുന്നതെന്ന് കരുതുന്നവരും കുറവല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി എണ്‍പതുകളുടെ ആദ്യഭാഗത്ത് വീടിന് ആഡംബരമായിരുന്നുവെങ്കില്‍ ഇന്ന് കുറച്ചിലാണ് ! പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയാകട്ടെ കിട്ടാനുമില്ല. ഇതുപോലെയാകും വ്യക്തിഗത ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകളുടെയും വലിയ ലാപ്പ്ടോപ്പുകളുടെയും സ്ഥിതിയും. ടാബ്‌ലറ്റും നെറ്റ്ബുക്കുകളും വിപണിയുടെ സിംഹഭാഗവും കയ്യടക്കാനുള്ള സാധ്യത കൂടുതലാണ്.

ഒരു പുതിയ ഉപകരണത്തിന്റെ വിജയതോത് തീരുമാനിക്കുന്നത് അത് ഹിറ്റാകുന്ന മാനദണ്ഡം മാത്രം വിശകലനം ചെയ്തല്ല, മറ്റുള്ള ഉത്പാദകര്‍ ഈ ഗണത്തിലേക്ക് എത്തുന്നുണ്ടോ എന്നതും നിര്‍ണായകമാണ്. എച്‌പി, നോക്കിയ, ഡെല്‍ ,തോഷിബ എന്നീ വമ്പന്മാരെല്ലാം ടാബ്‌ലറ്റ് അങ്കം കുറിക്കാന്‍ തയാറെടുത്തു കഴിഞ്ഞുവെങ്കിലും കഴിഞ്ഞ ആഴ്ച വന്ന പുതിയ വാര്‍ത്തയാണ് ടാബ്‌ലറ്റ് മത്സരത്തിന്റെ തീവൃത വെളിവാക്കിയത്, മറ്റാരുമല്ല ഗൂഗിള്‍ തന്നെയാണ് ഈ രംഗത്തേക്ക് എത്തുന്നത്. ഗൂഗിളിന്റെ എതുനീക്കവും സംസാരമാകുന്ന ഗൂഗിളീകരണകാലത്ത് ഇതും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ട്വിറ്ററിലും ബസിലും (ഗൂഗിള്‍ ബസ് ആണേ) ബ്ലോഗുകളിലും ഗൂഗിള്‍ ടാബ്‌ലറ്റിന്റെ വരവില്‍ സന്തോഷവും കൌതുകവും പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ എത്തി. ഗൂഗിള്‍ ടാബ്‌ലറ്റിനായുള്ള പത്രസമ്മേളനത്തിലോ ഔദ്യോഗിക വിശദീകരത്തോടെയോ അല്ല ഈ വിവരം വാര്‍ത്താലോകത്തെത്തിയത് എങ്കിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇ-ബുക്ക് റീഡര്‍ എന്നാണ് ഗൂഗിളിന്റെ മേധാവി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ആദ്യം നെക്സസ് വണ്‍ എന്ന മോബീല്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചത് ഹാര്‍ഡ്‌വെയര്‍ രംഗത്തെ പ്രമുഖസാന്നിദ്ധ്യമായ എച്‌.ടിസി യുമായി സഹകരിച്ചാണ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും ഉപകരണപ്പങ്കാളി എച്‌ടി‌സി ആയിരിക്കുമെന്നാണ് അനുമാനിക്കുന്നത്. ഐ പാഡിനോട് മത്സരിക്കാന്‍ തന്നെയാണ് തീരുമാനം എന്നുറപ്പ്. ആന്‍‌ഡ്രോയ്ഡ് എന്ന പ്രവര്‍ത്തകസംവിധാനം(ഒ എസ്) ആയിരിക്കും ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തുക, എന്നാല്‍ എതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ക്രോം ഒ എസ് ഇതില്‍ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ചിലപ്പോള്‍ ക്രോം വകഭേദവും താമസിയാതെ എത്തുമായിരിക്കും എന്ന് കരുതാം.

ടാബ്‌ലറ്റിന്റെ പ്രധാന നേട്ടം അതിന്റെ രൂപഘടന തന്നെയാണ്. ടച്ച് സ്ക്രീന്‍ അടിസ്ഥാനമാക്കിയ വിവരാലേഖനം ആണ് ഇതില്‍ .പ്രധാന നേട്ടം ഇത് പലതരത്തില്‍ ഉപയോഗിക്കാം. കിടന്നു കൊണ്ടോ, നടക്കുമ്പോഴോ, തീവണ്ടി യാത്ര ചെയ്യുന്ന അവസരത്തിലോ കീ ബോഡിന്റെയും മൌസിന്റെയും കുരുക്കുകളില്ലാത്തത് പ്രയോജനപ്രദമാണ്. ടൈപ്പ് ചെയ്യുന്ന വേളയില്‍ സ്ക്രീനിന്റെ ഒരു ഭാഗത്ത് കീ ബോഡ് ലേ ഔട്ട് തെളിയും ഇതില്‍ വിരലമര്‍ത്തിയാല്‍ മതി. ഇപ്പോള്‍ തന്നെ മൊബീല്‍ ഫോണില്‍ വളരെ വിജയകരമായി ടച്ച് സ്ക്രീന്‍ ഉണ്ടല്ലോ. ഇതിന്റെ അതേ രൂപം വലിയ അളവില്‍ പ്രയോഗിച്ചിരിക്കുന്നു. സ്റ്റൈലസ് , ഡിജിറ്റല്‍ പെന്‍ എന്നിവ ഉപയോഗിക്കാവുന്ന രീതികളും പ്രചാരത്തില്‍ ഉണ്ടെങ്കിലും വിരലമര്‍ത്തല്‍ തന്നെ അനായാസം. സാധാരണ കീബോഡിനെ അപേക്ഷിച്ച് പ്രതി മിനുട്ടില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്ന വാക്കുകളുടെ എണ്ണത്തില്‍ (WPM) കുറവുണ്ടാകുമെങ്കിലും, പ്രധാന ഉപയോഗം മണിക്കൂറുകള്‍ നീളുന്ന ടൈപ്പിംഗ് അല്ലാത്തതിനാല്‍ ഇതൊരു പോരായ്മയായെടുക്കേണ്ടതില്ല. കൈയ്യക്ഷരം തിരിച്ചറിയലും (hand writing sensor) ശബ്ദാനുവര്‍ത്തി വിവരാലേഖനവും (voice recognition) കൂടി കണക്കിലെടുക്കുന്നതോടെ ടാബ്‌ലറ്റുകളുടെ കരുത്ത് വര്‍ധിക്കുന്നു. എടുത്തു പറയേണ്ട മറ്റോരു നേട്ടം, കീബോഡുകള്‍ക്ക് വരുത്താവുന്ന വേഷപ്പകര്‍ച്ചയാണ്, ഉദാഹരണത്തിന് മലയാളം പോലുള്ള പ്രാദേശിക ഭാഷ ടൈപ്പ് ചെയ്യുമ്പോള്‍ കീ ബോഡിലെ ബട്ടണുകള്‍ക്ക് മുകളില്‍ എഴുതിയിരിക്കുന്നതും അതേ അക്ഷരമായിരിക്കും. നിലവില്‍ മലയാളം അക്ഷരങ്ങള്‍ ഉള്ള കീ ബോഡ് മുഖ്യധാരാ വിപണിയില്‍ ഇല്ല എന്നു കൂടി ഓര്‍ക്കുക. അടുത്ത മാത്രയില്‍ നിങ്ങളുടെ കര്‍ണാടകക്കാരന്‍ ചങ്ങാതിയ്ക്ക് കന്നട ടൈപ്പ് ചെയ്യണമെങ്കില്‍ അതിനും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തയാര്‍ ,ക്രമീകരണത്തിലെ ചെറിയ മാറ്റം കൊണ്ട് ലോകത്തിലെ എത് ഭാഷയിലേക്കും കീ ബോഡ് പകര്‍ന്നാട്ടം നടത്തും.

Sci-Fi ബൈറ്റ്സ്: മലയാളിയായ നാനോ‌ടെക്‍നോളജി വിദഗ്ദന്‍ ഡോ.പുളിക്കല്‍ അജയനും സംഘവും ചുരുട്ടിയെടുക്കാവുന്ന ബാറ്ററി കണ്ടെത്തിയിട്ടുണ്ട്. ഇതേ പോലെ എളുപ്പത്തില്‍ വളയ്ക്കാവുന്ന സ്ക്രീനും പരീക്ഷണശാലയില്‍ നിന്ന് ഫാക്‍ടറിയിലേക്കുള്ള യാത്രയിലാണ്. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആശയം ഇതുമായി കൂട്ടിയിണക്കിയാല്‍ സമീപഭാവിയില്‍ തന്നെ കീശയിലേക്ക് ചുരുട്ടിയോ മടക്കിയോ വയ്ക്കാവുന്ന കമ്പ്യൂട്ടര്‍ വരുമെന്നത് ശാസ്ത്രകല്പിത കഥയല്ല മറിച്ച് സാങ്കേതികവിദ്യാ രംഗത്തെ ഒരു സാധ്യതയാണ്. അതിനെ കടലാസ് കമ്പ്യൂട്ടര്‍ എന്നോ കീശ കമ്പ്യൂട്ടര്‍ എന്നോ വിളിക്കാമോ !

Monday, April 12, 2010

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍

വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരുന്ന കാലമാണ്. മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദവുമായി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക. രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍ ഇപ്പോഴെ തയാറെടുക്കാം ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബി‌എസ്.സി എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പരിചയം സിദ്ധിക്കുന്നത് സമീപഭാവിയില്‍ തന്നെ ഗുണം ചെയ്യും. മൂന്നാമത്തെ കൂട്ടരാകട്ടെ ഒരു തൊഴില്‍ കൂടി സ്വപ്‌നം കണ്ടാണ് അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികള്‍ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകള്‍ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തില്‍ ജോലി നേടാന്‍ പ്രാപ്തമാക്കും.

ഇതുവരെ കമ്പ്യൂട്ടര്‍ പരിചയിച്ചിട്ടില്ലാത്തവരാണങ്കില്‍ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഗ്നു ലിനക്സോ അല്ലെങ്കില്‍ വിന്‍‌ഡോസോ) ഒപ്പം ഒരു ഓഫീസ് പാക്കേജും പഠിക്കുക. ഇതിന് എകദേശം 40 മണിക്കൂറില്‍ താഴെവരുന്ന രണ്ടുമാസമോ ഒരു മാസമോ ദൈര്‍ഘ്യമുള്ള പഠനം മതിയാകും. പിന്നീടുള്ള ഉപയോഗമാണ് പഠിതാവിനെ പൂര്‍ണമായും സജ്ജമാക്കുന്നത്. അത് സാവധാനം സംഭവിച്ചുകൊള്ളും. ഇതിന് വലിയ പണച്ചിലവും ആകില്ല. ഓഫീസ് പാക്കേജ് എന്നതുകൊണ്ട് കത്തെഴുതാനും നോട്ടെഴുതാനും സഹായിക്കുന്ന വേഡ് പ്രോസസര്‍ ,ഒരു വിഷയം കമ്പ്യൂട്ടര്‍ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പ്രസന്റേഷന്‍ സോഫ്ട്‌വെയര്‍ ,കണക്കുകൂട്ടലുകള്‍ കാര്യക്ഷമവും എളുപ്പവും ആക്കുന്ന സ്പ്രെഡ് ഷീറ്റ് പരിചയപ്പെടല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. വിപണിയില്‍ ഓപ്പണ്‍ ഓഫീസ് എന്ന സ്വതന്ത്ര സോഫ്ട്‌വെയറും മൈക്രോസോഫ്ടിന്റെ ഓഫീസും ഉണ്ട് ഇതില്‍ ഒന്ന് പഠിക്കുക.

നിര്‍ദ്ദേശിക്കാനാകുന്ന മറ്റൊരു പഠനപദ്ധതി ഗ്നു/ലിനക്സിനെ അടുത്തറിയലാണ് .ഇന്ന് ലോകമാകമാനം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്, ഒട്ടേറെ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇതില്‍ എതെങ്കിലും ഒന്ന് പഠിക്കാം. പണച്ചിലവ് കുറയുമെന്നതും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുമെന്നതും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നു.

നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഇന്റര്‍നെറ്റ് പഠിക്കാന്‍ ചേരാം. കേവലം പത്തുമണിക്കൂര്‍ പരിചയപ്പെടല്‍ തന്നെ ധാരാളം. മിക്ക കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും സൈബര്‍ കഫെകളും എല്ലാ സമയത്തും ഇത് പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരു ബ്രൌസര്‍ ഉപയോഗിക്കാനും ഇ-മെയില്‍ വിലാസം എടുത്ത് കത്തിടപാടുകള്‍ ആരംഭിക്കാനും ഒപ്പം സര്‍ച്ചിംഗ് പരിചയപ്പെടാനും ഈ സമയം ധാരാളം പിന്നീട് ദൈനംദിന ജീവിതത്തിലെ പലരംഗത്തും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോള്‍ മടികൂടാതെ സമീപിക്കാനും അപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി വിവരമഹാശൃംഖലയെ അടുത്തറിയാനും സാധിക്കും.

പ്രോഗ്രാമിംഗ് ഭാഷ പഠിക്കാന്‍ ചേരുന്നതിന് മുന്‍പ് അത് നമുക്ക് വേണോ എന്ന് ചിന്തിച്ച ശേഷം മാത്രം ചേരുക. ശാസ്ത്ര സാങ്കേതിക രംഗത്തും വെബ്ഡിസൈനിംഗ് രംഗത്തും ജോലിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക തന്നെ വേണം എന്നതും ഓര്‍ക്കുക. എന്നാല്‍ പേജ് ഡിസൈനിലും രൂപകല്പനയിലും ത്രിമാന ചിത്രീകരണത്തിലും കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മധ്യവേനലവധി ക്ലാസിന്റെ ഭാഗമായി ഇപ്പോഴെ ‘സി’ പ്രോഗ്രാമിംഗ് പഠിക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. എന്നാല്‍ ഗ്രാഫിക്സ് മേഖലയില്‍ എതാനും വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്‌ക്രിപ്ടിംഗുമായി പരിചയപ്പെടേണ്ടിവരും ആ സമയത്ത് സ്വാഭാവികമായി പ്രോഗ്രാമിംഗ് പഠിക്കാമല്ലോ. അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക. ഇത്തരം കരിയറില്‍ ചേരുന്നയാളിന്റെ സര്‍ഗശേഷി തന്നെയാണ് വിജയത്തിന്റെ താക്കോല്‍ എന്നത് അറിയാമല്ലോ.

ഡി‌ടി‌പി കോഴ്സുകളും അവധിക്കാല പഠനത്തിന്റെ ഭാഗമായും അല്ലാതെയും എറെ ആവശ്യക്കാരുള്ളതാണ്. പെട്ടെന്ന് ഒരു ജോലി പ്രാദേശികമായി തന്നെ ലഭിക്കാനും ഡിടിപി പഠനം ഉപകരിക്കും. ഒന്നിലധികം വേഡ് പ്രോസസര്‍ (പേജ് മേക്കര്‍ ഉള്‍പ്പടെ), അത്യാവശ്യം ചിത്രപ്പണികള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന (ജിമ്പ്,കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്) പാക്കേജുകള്‍ ഡിടിപി പഠനത്തിന്റെ ഭാഗമാണ്. മലയാളം ടൈപ്പിംഗിലോ മറ്റോരു പ്രാദേശിക ഭാഷാ ടൈപ്പിംഗോ വശമാക്കുന്നത് തൊഴില്‍ കമ്പോളത്തില്‍ ഡിടിപി ഓപ്പറേറ്ററുടെ മൂല്യം വര്‍ധിപ്പിക്കും.

നിലവില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ചിലര്‍ക്കെങ്കിലും വെബ് സൈറ്റ് രൂപകല്‍‌പനയില്‍ താത്പര്യമുണ്ടാകും. ഇന്ന് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിനെ (CMS) വരവോടെ ആകര്‍ഷകമായ ഒരു വെബ്സൈറ്റ് നിര്‍മിക്കുന്നത് അത്രയേറേ സങ്കീര്‍ണമായ ഒരു ഏര്‍പ്പാട് ഒന്നുമല്ല, ആകര്‍ഷകമായി വിവരങ്ങള്‍ വിന്യസിക്കാനും മേമ്പൊടിയായി അല്പം സൌന്ദര്യബോധവും കൂടിയുണ്ടെകില്‍ നല്ല വെബ്പേജുകള്‍ നിര്‍മ്മിച്ചെടുക്കാം. ജൂമ്‌ല, വേഡ് പ്രസ്, ഡ്രുപാല്‍ എന്നിവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന CMSകളാണ് .ഫ്ലാഷ് തുടങ്ങിയ പാക്കേജുകള്‍ പഠിക്കുന്നത് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല ആകര്‍ഷകമായ പ്രസന്റേഷന്‍ ,പഠന വിഭവ സിഡി കള്‍ എന്നിവ രൂപപ്പെടുത്താനും പഠിതാവിനെ സഹായിക്കും.

ഐ‌ടി‌ഐ /പോളിടെക്നിക്ക് പോലുള്ള സാങ്കേതിക പഠനത്തില്‍ എര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് പാസായി നില്‍ക്കുന്നവര്‍ക്കും. കാഡ്,പോജക്‍ട് മാനേജ്മെന്റ് എന്നിവ പഠിക്കുന്നത് ഉചിതമാണ് എന്നാല്‍ ഇത് ഒരു അവധിക്കാല പഠനമായി കാണേണ്ട മറിച്ച് അവധിക്കാലത്ത് ആരംഭിക്കുന്ന പഠനമായി കണ്ടാല്‍ മതി. കാഡ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ) രംഗത്ത് പഠനം മാത്രമല്ല അതിന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ണായകമാണ് അതിനാല്‍ അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചേരുക.

എവിടെ പഠിക്കണം എന്നതും അവധിക്കാലത്ത് പ്രസക്തമായ ചോദ്യമാണ്. ഇക്കാലത്ത് പലവിധ പരസ്യങ്ങളുമായി സ്വകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അവരുടെ അവകാശവാദങ്ങളില്‍ വീഴാതെ അവിടെ പഠിച്ചവരുമായി ആശയവിനിമയം നടത്തിയും ഒരു പ്രാവശ്യം ആ സ്ഥാപനത്തില്‍ നേരിട്ട് പോയി അന്വേഷണം നടത്തി നമുക്കാവശ്യമുള്ള പഠനം നമ്മള്‍ ഉദ്ദേശിക്കുന്നരീതിയില്‍ അവിടെ നടത്താന്‍ സാധിക്കുമോ എന്നും ഉറപ്പാക്കിയ ശേഷം ചേരുക. വലിയ ഫീസും കൊടുക്കുകയും ബഹുവര്‍ണ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും അല്ല ഒരു വേനലവധി ക്ലാസില്‍ നിന്നും നമ്മള്‍ നേടേണ്ടത് കമ്പ്യൂട്ടറിനെയും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വെയറിനെയും പരിചയപ്പെടുകയും കൂടുതല്‍ മനസിലാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. പോളിടെക്‍നിക്,എഞ്ചിനീയറിംഗ് കോളെജുകള്‍ ,സര്‍വകലാശാലകള്‍ എന്നിവയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒപ്പം ഗ്രാമീണ ഗ്രന്ഥശാലകള്‍ എന്നിവയും അവധിക്കാല കമ്പ്യൂട്ടര്‍ പഠനപദ്ധതിയുമായി സജീവമാണ് ഇതും പ്രയോജനപ്പെടുത്താം.