Saturday, March 06, 2010

മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം

മലയാള ഭാഷയിലെ പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form
ഇന്ന് (മാര്‍ച്ച് ആറ്, 2010) നടന്ന ഒരു ഗൂഗിള്‍ ബസ് ചര്‍ച്ചയെ തുടര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ്. നിങ്ങള്‍ക്കും പുതിയ വാക്കുകള്‍ നല്‍കാം. സാങ്കേതിക വിദ്യ സംബന്ധമായ ഒട്ടേറെ പദങ്ങളും ശൈലിയും ദിനേന മലയാള ഭാഷയിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭാഷയുടെ തനിമ നിലനിര്‍ത്താനും പുതിയതും പുതുക്കപ്പെട്ടതുമായ വാക്കുകള്‍ അറിയാനും ഈ കണ്ണികള്‍ പ്രയോജനപ്പെടുത്താം. ഇവിടെ നടക്കുന്ന വാക്കുചേര്‍ക്കലുകള്‍ക്കും മാറ്റിയെഴുതലുകള്‍ക്കും പക്വത പ്രാപിക്കുന്നതിനുമനുസരിച്ച് ഒരു ബ്ലോഗിലേക്കോ അല്ലെങ്കില്‍ വിക്കി പേജിലേക്കോ വാക്കുകളെ മാറ്റാം. എതായാലും പത്രപ്രവര്‍ത്തകര്‍ക്ക്/ബ്ലോഗര്‍മാര്‍ക്ക് ഈ ശൈലീ-വാക്ക് ഇ-പുസ്തകം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയുണ്ട്.

പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form

....
പ്രമുഖ ബ്ലോഗറും സമാന മേഖലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഹരീഷ് നമ്പൂതിരിയാണ് ഈ നവസംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്

37 comments:

വി. കെ ആദര്‍ശ് said...

പുത്തന്‍ വാക്കുകളുടെ വസന്തകാലം സ്വപ്‌നം കാണുന്നവര്‍ക്ക് അത് പൂവണിയിക്കാനിവിടെ എത്താം. പരമാവധി ആള്‍ക്കാരിലേക്ക് ഈ കണ്ണികള്‍/ബ്ലോഗ് പേജ് പങ്കു വയ്ക്കൂ

keralafarmer said...

വളരുന്ന മലയാള ഭാഷക്ക് ഉറപ്പേകുവാന്‍ ഈ സംരംഭം പ്രയോജനപ്പെട്ടും. പത്രമാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ വാക്കുകളുടെ പ്രചാരം ഉപയോഗം എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

Haree said...

:-) നന്ദി. എനിക്കു തോന്നുന്നു ഒരു വിക്കി പേജാവും ബ്ലോഗിനേക്കാള്‍ അനുയോജ്യമെന്ന്. ഏവര്‍ക്കും വാക്കുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അനുയോജ്യമായ ഒരു സങ്കേതം എന്ന നിലയില്‍ ഗൂഗിള്‍ എക്സല്‍ ഷീറ്റും അതിലുള്ള ഫോം സാധ്യതയും ഉപയോഗിച്ചുവെന്നു മാത്രം. വിക്കിയില്‍ പരിചയമുള്ളവര്‍ക്ക് ഒരു വിക്കി പേജ് തുടങ്ങി, ഈ വാക്കുകള്‍ അതിലേക്ക് ചേര്‍ക്കാവുന്നതാണ്.
--

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

SMC's wiki page on technical words and translations http://wiki.smc.org.in/Glossary

സാല്‍ജോҐsaljo said...

൧. അര്‍ത്ഥം എഴുതാതെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പോകാമോ? അതായത് Toggle(എതിര്‍ക്രിയ?) -ന്റെ അര്‍ത്ഥം എനിക്കറിയില്ലെന്നുവയ്ക്കുക. പക്ഷേ വേറെ ആര്‍ക്കെങ്കിലും അറിയുകയും ചെയ്യാം, എങ്കിലെനിക്ക് Toggle എന്ന വാക്കുമാത്രം അപൂര്‍ണ്ണമായി ചേര്‍ക്കാമോ? ഇത്തരത്തില്‍ കൂടുതല്‍ പദങ്ങള്‍ വന്നുചേരാന്‍ സാധ്യത ഉണ്ട്.

൨. കണ്ട്റോള്‍ എന്ന വാക്ക് നിയന്ത്രണം എന്ന അര്‍ത്ഥം, അത് എവിടെയും ചേര്‍ക്കാവുന്ന നൗണ്‍ ആണ്. പക്ഷേ വര്‍ക്ക് സ്പെയ്സ് എന്ന വാക്ക് പണിയിടം എന്ന അര്‍ത്ഥം അത് എല്ലായിടത്തും കൂട്ടിച്ചേര്‍ത്ത് പോകാവുന്ന ഒന്നല്ല, അതായത് നേരിട്ടുള്ള ട്രാന്‍സ്ലേഷനുകള്‍ അപകടകരമായ ഭാഷയിലേയ്ക്ക് കൊണ്ടുപോകും എന്നര്‍ത്ഥം.

".....കൃഷിയില്‍ തല്പരനായിരുന്ന ഞാന്‍ പണിയിടത്തിലെ അധ്വാനം കൊണ്ട് ഫലം നേടിയെടുത്തു, എങ്കിലും പിന്നീട് സാങ്കേതികരംഗത്തെ എന്റെ പ്രാവീണ്യം തെളിയിക്കാനായി മൃദുലസാമഗ്രികളുടെ നാട്ടിലെത്തി. ആദ്യദിവസം ജോലിസ്ഥലത്തെത്തിയ ഞാന്‍ എനിക്കനുവദിച്ചുകിട്ടിയ ഘനസാമഗ്രികളില്‍ ജോലിയാരംഭിച്ചു പണിയിടം തുറന്ന ഉടനെ ഭരണനിര്വ്വാഹകനിലെത്തി എന്റെ രഹസ്യവാക്കുമാറ്റുകയായിരുന്നു ആദ്യപടി. യന്ത്രസാമഗ്രികളുടെ വേണ്ടത്ര ചലനമില്ലായ്മയാല്‍ ഞൊട്ടിവലിയ്ക്കുന്നതിന് വിഷമമുണ്ടാക്കി. എഴുത്തുകുത്തുകള്‍ പരിശോധിച്ചപ്പോള്‍ പത്തിരുപത് പാ‌ഴ്കത്തുകള്‍ ശ്രദ്ധയില്പെട്ടു. ജോലിയില്‍ ഞാന്‍ പൂര്‍ണ്ണനായി വ്യാപൃതനായി, പല തവണ കുനിഷ്ടുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു"

aathman said...

ലിങ്ക് തയ്യാറാക്കി ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്
http://puramkazhchakal.blogspot.com/
അഭിനന്ദനങ്ങള്‍

ടോട്ടോചാന്‍ (edukeralam) said...

മികച്ച സംരംഭം....
കൂട്ടു ചേരുന്നു.....

സാല്‍ജോҐsaljo said...

http://www.google.com/buzz/saljojoseph/1X7AKx8Fk9k/%E0%B4%86%E0%B4%A6%E0%B4%B0-%E0%B4%B6-%E0%B4%B5-%E0%B4%95-%E0%B4%AF-%E0%B4%B9%E0%B4%B0-%E0%B4%AF-%E0%B4%95

Haree said...

:-)
സാല്‍ജോയുടെ കമന്റ് കണ്ടിരുന്നില്ല. ഈ സംരംഭത്തെക്കുറിച്ചു തന്നെ ചിലത് ആദ്യമെ പറഞ്ഞുകൊള്ളട്ടെ:
1) സാങ്കേതിക പദങ്ങളുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനം പല ഏജന്‍സികള്‍ പലപ്പോഴായി നടത്തിയിട്ടുള്ളതാണ്. അങ്ങിനെയൊരു വിവര്‍ത്തനം ആവശ്യമാണോ അല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല.
2) അത്തരത്തില്‍ വാക്കുകളുടെ മലയാളരൂപം നിര്‍മ്മിക്കുക എന്നൊരു സമാന്തരപ്രവര്‍ത്തനം ഇതിലൂടെ ഉദ്ദേശിച്ചിട്ടില്ല. പല ഏജന്‍സികള്‍ ഇതിനോടകം നിര്‍മ്മിച്ച വാക്കുകള്‍ ഏതൊക്കെയെന്ന് ഏവര്‍ക്കും അറിയുവാനൊരു അവസരം, അത്രമാത്രം. വാക്കുകള്‍ അങ്ങിനെ അറിയാവുന്നവര്‍ക്ക് കൂട്ടിച്ചേര്‍ക്കാം, പുതുതായി ഒരു വാക്ക് തോന്നുന്നെങ്കില്‍ നിര്‍ദ്ദേശിക്കാം, എഴുത്തുകാര്‍ക്ക് താത്പര്യം തോന്നുന്ന വാക്കുകള്‍ ഉപയോഗിക്കാം. ഉദാ: സമ്പര്‍ക്കമുഖം എന്നതിന് Interface എന്നവാക്ക് എനിക്കിഷ്ടമായി. ഇനി ഞാനത് എന്റെ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നതാണ്. അതിഷ്ടമാവാത്ത മറ്റൊരാള്‍ അതുപയോഗിക്കില്ല. അയാള്‍ക്ക് ഇന്റര്‍ഫേസ് എന്നു തന്നെയോ അതല്ലെങ്കില്‍ അയാള്‍ക്കിഷ്ടമുള്ള മറ്റൊരു വാക്കോ ഉപയോഗിക്കുവാന്‍ അവസരമുണ്ട്. കാലം കഴിയുമ്പോള്‍ ഏതെങ്കിലുമൊരു വാക്ക് ജനപ്രിയത നേടുകയും ഏവരും ആ വാക്ക് തുടര്‍ന്നുപയോഗിക്കുവാന്‍ തുടങ്ങുകയും ചെയ്യും.
3) സാല്‍ജോയെഴുതിയ പാരഗ്രാഫിലെ വാക്കുകള്‍ എല്ലാം യുക്തമാണ് എന്നെനിക്കും അഭിപ്രായമില്ല. യുക്തമായ വാക്കുകള്‍ സ്വീകരിച്ച് എഴുതുക എന്ന രീതിയാവും ഞാന്‍ തുടരുക. ഒരു കാര്യം കൂടി, പുതിയവാക്കുകളുടെ അര്‍ത്ഥം മനസിലാവാതിരിക്കുക എന്നതില്‍ അതിശയിക്കുവാനില്ല. ഉപയോഗത്തിലൂടെ മാത്രമേ അവ മനസിലായി വരുകയുള്ളൂ.
--

സാല്‍ജോҐsaljo said...

വിവര്‍ത്തനം ആവശ്യമാണോ അല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല.
സമാന്തരപ്രവര്‍ത്തനം ഇതിലൂടെ ഉദ്ദേശിച്ചിട്ടില്ല.
എഴുത്തുകാര്‍ക്ക് താത്പര്യം തോന്നുന്ന വാക്കുകള്‍ ഉപയോഗിക്കാം.
ഇനി ഞാനത് എന്റെ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നതാണ്. അതിഷ്ടമാവാത്ത മറ്റൊരാള്‍ അതുപയോഗിക്കില്ല.


ഈ വാചകങ്ങള്‍ വായിച്ചിട്ട് ഇതിനൊരു മറുപടിയിടണമോ വേണ്ടയോ എന്നുതന്നെ ഒരു ശങ്ക. സ്വന്തം ലേഖനങ്ങളില്‍ ഉപയോഗിക്കുക, ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കില്‍ സ്വന്തം ലേഖനത്തില്‍ തന്നെ അവയെ glossary ആയി ഉപയോഗിക്കാമായിരുന്നു. ഹരിയെഴുതിയത്ര നിസ്സാരമായ ഒരു സം‌രംഭം ആണിത് എന്ന് ഞാന്‍ ധരിച്ചില്ല. ഒരു പക്ഷേ ബാക്കി ആളുകള്‍ക്ക് മനസിലായതുകൊണ്ടാവും കൂടുതല്‍ ചര്‍ച്ച ഉണ്ടാകാഞ്ഞതും.

ഞാന്‍ മനസിലാക്കിയത് ഈ രീതിയിലാണ്. ഒട്ടേറെ അന്യഭാഷകളില്‍ എല്ലാവസ്തുക്കള്‍ക്കും പേരുണ്ട്. ഫ്രിഡ്ജ് പോലുള്ള പ്രൊഡക്ടുകള്‍ക്ക് ചിലഭാഷകളില്‍ തര്‍ജ്ജമകള്‍ ഉണ്ട് പക്ഷേ മലയാളത്തില്‍ ഇല്ല. ഭാഷയില്‍ ഉപകരണങ്ങളുടെ പേരുകള്‍ തനതായി ഉത്ഭവിക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് അത്യാവശ്യമാണ്. മലയാളത്തിലെ ഈ കുറവ് പരിഹരിക്കപ്പെടേണ്ടതാണെന്നതാണെന്റെ പക്ഷം. സ്വഭാവികമായും ഹരീയും ആദര്‍ശും ഈ മാറ്റം ആണുദ്ദേശിക്കുന്നതെന്നും തെറ്റിദ്ധരിച്ചു. സമാനമായ ധാരണ കേരളഫാര്‍മറുടെ കമന്റിലും കാണാം. നിലനില്‍ക്കുന്നവാക്കുകളെ വികലമായി തര്‍ജ്ജമചെയ്യുന്ന രീതി മലയാളഭാഷയെ ഇത് എത്രമാത്രം സഹായിക്കും എന്നും, 'പുത്തന്‍ വാക്കുകളുടെ വസന്തകാലം' ഇനിയും പൂവണിയാതെ പോകുമെന്നും ആശങ്കപ്പെടുന്നു.

സാല്‍ജോҐsaljo said...

...പുതിയവാക്കുകളുടെ അര്‍ത്ഥം മനസിലാവാതിരിക്കുക എന്നതില്‍ അതിശയിക്കുവാനില്ല. ഉപയോഗത്തിലൂടെ മാത്രമേ അവ മനസിലായി വരുകയുള്ളൂ.....

എങ്കില്‍ പുതിയവാക്കുകള്‍ സൃഷ്ടിക്കൂ. വായിക്കുന്നവര്‍ കാലക്രമേണപഠിച്ചുകൊള്ളും
-------
university എന്ന വാക്കിന് നിങ്ങളുടെ രീതിയില്‍ എന്താകുമായിരുന്നു തര്‍ജ്ജമ?

Haree said...

സ്വന്തം ലേഖനങ്ങളില്‍ മറ്റു ചിലര്‍ കൂടി ഉപയോഗിക്കണം എന്നും വിചാരിക്കുന്നു, എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാതിരിക്കുവാനുള്ള സ്വാതന്ത്ര്യവും തീര്‍ച്ചയായുമുണ്ട്. പുതിയവാക്കുകള്‍ എന്നു പറയുമ്പോള്‍ Operating System എന്നതിന് ഖമാനരവ എന്ന പുതിയ വാക്ക് എന്നരീതിയില്‍ ആവണമെന്നില്ല.

“നിങ്ങളുടെ രീതിയില്‍ എന്താകുമായിരുന്നു തര്‍ജ്ജമ?” - ഒരു രീതിയും ഇതിനു വേണ്ടി പിന്തുടരുന്നില്ല. അവിടെ വന്ന വാക്കുകളില്‍ പലതും പലയിടത്തും മറ്റു പലര്‍ നിര്‍ദ്ദേശിച്ചവയും ചിലതൊക്കെ പലയിടത്തും ഉപയോഗിച്ചു വരുന്നതുമാണ്. കുറേ വാക്കുകള്‍ പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടവയാണ്, അവ യുക്തമെങ്കില്‍ മറ്റ് സംരംഭങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. അതുപോലെ സാങ്കേതികലേഖനങ്ങള്‍ എഴുതുന്നവര്‍ക്ക് ഈ വാക്കുകള്‍ നോക്കിയ ശേഷം യുക്തമായവ അവരവരുടെ ലേഖനത്തിലും ഉപയോഗിക്കാം. ഈ വാക്കുകളുടെ വിസിബിലിറ്റി കൂട്ടുക, കൂടുതല്‍ പേരെ തത്തുല്യ മലയാളം പദങ്ങള്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനുണ്ട്.
--

വി. കെ ആദര്‍ശ് said...

മറുപടി വൈകിയതില്‍ ക്ഷമിക്കുക

പ്രധാനമായും ഈ ശ്രമം ആരംഭിച്ചത് സാങ്കേതികവിദ്യ സംബന്ധിയായ ലേഖനങ്ങളും ആശയവിനിമയവും നടത്തുമ്പോള്‍ കഴിയുന്നത്ര സുന്ദരമായ മലയാളപദങ്ങള്‍ ഉപയോഗിക്കണം എന്ന ലക്ഷ്യത്തോടെയാണ്. അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ എഴുതുന്നതും അവര്‍ക്കറിയാവുന്ന സാങ്കേതികവിദ്യ സംബന്ധിയായ വാക്കുകള്‍ കുറിച്ചുവച്ചാല്‍ നമുക്കെല്ലാവര്‍ക്കും പോയി നോക്കാന്‍ നിഘണ്ടു പോലെ ഒരിടം കിട്ടുമല്ലോ എന്ന് കരുതി(ഇപ്പോഴും അത് ശരിയാണന്ന് കരുതുന്നു)
അതിനായി വലിയ മുന്നൊരുക്കമൊന്നുമില്ലാതെ തന്നെയാണ് ഒരു ഗൂഗിള്‍ ഫോം ഉപയോഗിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ നടന്ന ബസ്/ട്വിറ്റര്‍ ചര്‍ച്ചയുടെ പരിണിതഫലമാണീ ചെറു സംരംഭം, അതിന്റെ പോരായ്മകളുണ്ടാകാം. എല്ലാ വാക്കുകളും ഞാനോ ഹരിയോ എഴുതിയതല്ല. ഇതിലൂടെ വരുന്നവര്‍ എഴുതുന്നതാണ്. അതില്‍ താങ്കള്‍ സൂചിപ്പിച്ചതുപോലെ സോഫ്‌ട്‌വെയര്‍ എന്നതിന് മൃദുല സാമഗ്രി എന്നുപയോഗിക്കണമെന്ന് ആരും പറയുന്നില്ല, അത് നല്ല തര്‍ജമ അല്ല എന്നത് തന്നെയാണ് വ്യക്തമായ അഭിപ്രായം. പിന്നെ എന്തുകൊണ്ട് അത് മായിച്ചു കളഞ്ഞുകൂടാ എന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെ ചെയ്യാത്തത് അത് എഴുതിയ ആളില്‍ നിന്ന് ചിലപ്പോള്‍ നമുക്ക് നാളെ ഒരു സുന്ദരപദം കിട്ടിക്കൂടന്നില്ല. തുടങ്ങിയിട്ട് ഒരാഴ്ച പോലും ആയില്ലല്ലോ, ഒരു മാസത്തിനകം ഇതില്‍ നിന്ന് വാ‍ക്കുകള്‍ നീക്കുന്നതില്‍ ഒരു നയം ഉണ്ടാക്കാമെന്ന് തോന്നുന്നു. മാത്രമല്ല സാമാന്തരമായി ഉള്ള പല രീതികളുമായി (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് http://wiki.smc.org.in/Glossary,.....) താരതമ്യം ചെയ്യുകയുമാകാം.
ഒരാഴ്ച ആയിട്ടില്ലാത്ത ഈ പേജില്‍ ആരും ഇത് അവസാന വാക്കാണന്ന് പറഞ്ഞിട്ടില്ല, റെറ്റിനാ ഐ ഡിക്ക് നേത്രാടയാളം എന്നുപയോഗിച്ചതിനെ തമാശരൂപേണ പരാമര്‍ശിച്ച് ഇവിടെയും ബസിലും അഭിപ്രായക്കുറിപ്പ് ഇട്ടല്ലോ. ഇന്ന് മനോരമാ ന്യൂസില്‍ വിദേശത്തെ പാസ്‌പോര്‍ട്ടോ മ്റ്റൊ സംബന്ധിയായ ഒരു റിപ്പോര്‍ട്ടില്‍ ‘നേത്രാടയാളം’ എന്ന് പറഞ്ഞു കേട്ടു. എന്തായാലും ഈ പേജ് കണ്ടിട്ടല്ല ഇങ്ങനെയോരു വാചകം ഈ വാര്‍ത്താ ചാനലിലൂടെ വന്നു പോയത്. അത് മുഴച്ചു നില്‍ക്കുന്നതായും തോന്നിയില്ല.

വി. കെ ആദര്‍ശ് said...

സാല്‍ജോയുടെ കമന്റ്:
“൧. അര്‍ത്ഥം എഴുതാതെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പോകാമോ? അതായത് Toggle(എതിര്‍ക്രിയ?) -ന്റെ അര്‍ത്ഥം എനിക്കറിയില്ലെന്നുവയ്ക്കുക. പക്ഷേ വേറെ ആര്‍ക്കെങ്കിലും അറിയുകയും ചെയ്യാം, എങ്കിലെനിക്ക് Toggle എന്ന വാക്കുമാത്രം അപൂര്‍ണ്ണമായി ചേര്‍ക്കാമോ? ഇത്തരത്തില്‍ കൂടുതല്‍ പദങ്ങള്‍ വന്നുചേരാന്‍ സാധ്യത ഉണ്ട്.“
മറുപടി: ഇത് ഒരു ഗൂഗിള്‍ ഫോമിന്റെ പരിമിതിയില്‍ നിന്ന് എങ്ങനെ ചേര്‍ക്കാനാകും എന്ന് പരിശോധിക്കണം. എളുപ്പമാര്‍ഗത്തില്‍ ഒന്ന് പറയട്ടെ. ആ ടോഗിള്‍ എന്ന വാക്ക് ചേര്‍ക്കുക മലയാളം അര്‍ത്ഥം വരേണ്ടയിടത്ത് -- വരയിട്ടോളൂ, പുതിയ ഒരാള്‍ ഇത് മറ്റോരു രേഖപ്പെടുത്തലോടെ ഇവിടെ എഴുതുമെന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ ഇത്തരം വരയിട്ട വാക്കുകള്‍ മലയാളത്തിലെത്തിക്കാന്‍ പറ്റുമോയെന്ന് നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം. ഉദാ: ബഞ്ച് എന്ന വാക്കിന് മലയാളം ഉണ്ടാക്കിയാല്‍ അത് എച്ചു കെട്ടുന്നപോലെയിരിക്കും. അതേ സമയം കെമസ്‌ട്രി എന്ന പഠന ശാഖയ്ക്ക് രസതന്ത്രമെന്ന് വന്നത് നമുക്ക് മുന്നെയുള്ള തലമുറയില്‍ നിന്നാണ്. എന്നാല്‍ നമ്മുടെ സമയത്ത് എത്തുന്ന പഠന പദ്ധതികള്‍ക്ക് മലയാളവാക്കുണ്ടാകുന്നില്ല. ഉദാ: നാനോ ടെക്നോളജി, ബയോ ഇന്‍ഫോ മാറ്റിക്സ്.


സാല്‍ജോയുടെ കമന്റ്:
“൨. കണ്ട്റോള്‍ എന്ന വാക്ക് നിയന്ത്രണം എന്ന അര്‍ത്ഥം, അത് എവിടെയും ചേര്‍ക്കാവുന്ന നൗണ്‍ ആണ്. പക്ഷേ വര്‍ക്ക് സ്പെയ്സ് എന്ന വാക്ക് പണിയിടം എന്ന അര്‍ത്ഥം അത് എല്ലായിടത്തും കൂട്ടിച്ചേര്‍ത്ത് പോകാവുന്ന ഒന്നല്ല, അതായത് നേരിട്ടുള്ള ട്രാന്‍സ്ലേഷനുകള്‍ അപകടകരമായ ഭാഷയിലേയ്ക്ക് കൊണ്ടുപോകും എന്നര്‍ത്ഥം“

മറുപടി: അതെ ഇത്തരത്തില്‍ ഇണങ്ങാത്ത പദങ്ങള്‍ ഉണ്ടാകാം. അതും നമുക്ക് കണ്ടെത്തണം. പിന്നെ ഇത് മലയാളത്തിന്റെ മാത്രം പ്രശ്‌നമല്ല, ഇംഗ്ലീഷും ഈ ഭീഷണി ചെറിയൊരളവിലെങ്കിലും നേരിടുന്നുണ്ട്.
മൌസ് എന്ന വാക്കുതന്നെ നോക്കുക. കമ്പ്യൂട്ടര്‍ എന്നൊന്ന് ഇതുവരെ പരിചയിട്ടില്ലാത്ത ആംഗലേയ നാട്ടിലെ അമ്മൂമ്മയ്ക്ക് ഒരു മൌസ് ക്ലിക്ക് എന്നുപറഞ്ഞാല്‍ ആശയക്കുഴപ്പത്തിന്റെ ചെറിയ സാധ്യതയെങ്കിലും ഇല്ലേ.

സാല്‍ജോയുടെ കമന്റ്:
“ഞാന്‍ മനസിലാക്കിയത് ഈ രീതിയിലാണ്. ഒട്ടേറെ അന്യഭാഷകളില്‍ എല്ലാവസ്തുക്കള്‍ക്കും പേരുണ്ട്. ഫ്രിഡ്ജ് പോലുള്ള പ്രൊഡക്ടുകള്‍ക്ക് ചിലഭാഷകളില്‍ തര്‍ജ്ജമകള്‍ ഉണ്ട് പക്ഷേ മലയാളത്തില്‍ ഇല്ല. ഭാഷയില്‍ ഉപകരണങ്ങളുടെ പേരുകള്‍ തനതായി ഉത്ഭവിക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് അത്യാവശ്യമാണ്. മലയാളത്തിലെ ഈ കുറവ് പരിഹരിക്കപ്പെടേണ്ടതാണെന്നതാണെന്റെ പക്ഷം. സ്വഭാവികമായും ഹരീയും ആദര്‍ശും ഈ മാറ്റം ആണുദ്ദേശിക്കുന്നതെന്നും തെറ്റിദ്ധരിച്ചു. സമാനമായ ധാരണ കേരളഫാര്‍മറുടെ കമന്റിലും കാണാം. നിലനില്‍ക്കുന്നവാക്കുകളെ വികലമായി തര്‍ജ്ജമചെയ്യുന്ന രീതി മലയാളഭാഷയെ ഇത് എത്രമാത്രം സഹായിക്കും എന്നും, 'പുത്തന്‍ വാക്കുകളുടെ വസന്തകാലം' ഇനിയും പൂവണിയാതെ പോകുമെന്നും ആശങ്കപ്പെടുന്നു.“

മറിപടി: സാല്‍ജോയുടെ ചിന്ത തന്നെ ഞാനും പങ്കിടുന്നു. സംസ്കൃതജഡിലമായ ‘മലയാള’ വാക്കുകള്‍ ഗൂഗിള്‍ ഫോമില്‍ കാണാം. ഇത് നമുക്ക് മാറ്റാം. എനിക്കു തോന്നുന്നത് ഒരു വിക്കി പേജ് ഉണ്ടാക്കുകയോ അല്ലെങ്കില്‍ നാമെല്ലാം ചേര്‍ന്ന് പരിപാലിക്കുന്ന ഒരു ബ്ലോഗുവഴിയോ ചര്‍ച്ചനടത്താം പുത്തന്‍ വാക്കുകള്‍ കണ്ടെത്താന്‍ ശ്രമിക്കാം.
സാല്‍ജോയുടെ കമന്റില്‍ അവസാന ഭാഗത്ത് എഴിതിയിരിക്കുന്നതു പോലെ “എങ്കില്‍ പുതിയവാക്കുകള്‍ സൃഷ്ടിക്കൂ. വായിക്കുന്നവര്‍ കാലക്രമേണപഠിച്ചുകൊള്ളും“
നമുക്ക് ഇതിനായി ശ്രമിക്കാം.

വി. കെ ആദര്‍ശ് said...

പിന്നെ ഒരു വിയോജിപ്പ് കൂടി രേഖപ്പെടുത്താതെ ഇത് പൂര്‍ണമാകില്ല എന്ന് കരുതുന്നു.
മൃദുല സാമഗ്രി, ഘനസാമഗ്രി, തലക്കുറി, മുഖത്താള്‍ എന്നിവ ഒരു തരത്തിലും (വ്യക്തിപരമായി) അംഗീകരിക്കാനാവാത്ത വാക്കുകളാണ്. എന്നാല്‍ അതിന്റെ കൂടെ നേത്രാടയാളം(റെറ്റിനാ ഐ ഡി), എടുക്കാ വിളി(മിസ്ഡ് കോള്‍) എന്നിവയെ തഴയാന്‍ മനസുവരുന്നില്ല.
എരിയ എന്ന വാക്കിന് നാമെല്ലാം പഠിച്ചത് വിസ്തീര്‍ണം എന്ന പദമാണല്ലോ, എന്നാല്‍ ഇന്നത്തെ കുട്ടികള്‍ പാഠപുസ്തകത്തില്‍ ‘പരപ്പളവ്’ എന്നാണ് പഠിക്കുന്നത്. എന്തുനല്ല മാറ്റം.

ഗൂഗിള്‍ ബസില്‍ രവീഷ് രവി ഇങ്ങനെ എഴുതി “ക്ഷമിക്കണം ... ഒരു എടുക്കാവിളി വന്നു.. ഇപ്പോ വരാവേ...“
മറുപടി: തമാശയുടെ തലം മൃദുലസാമഗ്രി പോലെ കുറച്ചുപേര്‍ക്കെങ്കിലും ആസ്വദിക്കാനാകും എന്ന് തോന്നുന്നില്ല.
കുറെ നാള്‍ മുന്‍പ് അക്ഷയ കമ്പ്യുട്ടര്‍ സാക്ഷരതയുമായി ഒരു ക്ലാസ് എടുക്കാന്‍ പോയിരുന്നു. സാധാരണ കച്ചവടക്കാര്‍ക്ക് ‘ഈ കൃഷി’ പോര്‍ട്ടല്‍ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. ക്ലാസ് തുടങ്ങുന്നതിനു മുന്നെ ഒരു വ്യാപാരി/സംഘാടകന്‍ വന്നു പറഞ്ഞു. കൈഫോണ്‍ എല്ലാരും ഓഫ് ചെയ്തു വയ്ക്കുകയോ അല്ലെങ്കില്‍ തരിപ്പ് രീതിയില്‍ ഇടുകയോ ചെയ്യുക. വൈബ്രേറ്റ് എന്ന വാക്കിനെയാണ് ഭാഷാപരമായ അത്ര ഇടപെടലുകള്‍ നടത്താന്‍ സാധ്യതയില്ലാത്ത അവര്‍ തരിപ്പ് രീതിയാക്കി മാറ്റിയത്. എനിക്ക് ഈ വാക്ക് ഉപയോഗിക്കാന്‍ ഇഷ്‌ടമില്ലെങ്കിലും അവര്‍ ഉപയോഗിക്കുന്നത് കൌതുകമായി തോന്നി.തമാശയായി തോന്നിയില്ല, നിത്യജീവിതത്തിന്റെ ഭാഗമായി അവരുപയോഗിച്ച തരിപ്പ് എതിര്‍ക്കാനോ തമാശയാക്കാനോ പോയാല്‍ അവര്‍ എന്റെ ‘തരിപ്പ്’ മാറ്റിയാലോ. :-)

ഗൂഗിള്‍ ബസില്‍ വന്ന മറ്റൊരു അഭിപ്രായ കവിത
Muhammed Ziyad
മുഖതലം (Desktop) വിടര്‍ന്നു
പ്രവര്‍ത്തകം (Operating System) ഉണര്‍ന്നൂ...
തലക്കുറി (URL) അടിച്ചപ്പോള്‍
മുഖത്താള്‍ (Homepage) തെളിഞ്ഞൂ...ആ‍...ആ
(മുഖതലം)
ഗണനോപായ (Algorithm) തലങ്ങളിലൂടെ
മൃദുസാമഗ്രികള്‍ (Software) മരുവുന്നൂ
സമ്പര്‍ക്കമുഖങ്ങളില്‍ (Interface)
ചാരകര്‍മ്മികള്‍ (Cracker)
നേത്രാടയാളം (Retina ID)പരതുന്നൂ...ആ...ആ...
(മുഖതലം)

മറുപടി: ഇതില്‍ ഞങ്ങള്‍ ഇപ്പോള്‍ പരിപാലിക്കുന്ന (നാളെ നിങ്ങള്‍ക്കും ഒന്നു ചേരാം) വാക്കുകള്‍ എല്ലം മാറ്റിയ ശേഷം വ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാക്കി ആലപിച്ചു നോക്കൂ. അപ്പോഴും മുഴച്ചുനില്‍ക്കുന്നില്ലേ. ആരോപണം ആകാം എന്നാല്‍ മടുപ്പിക്കുന്ന അല്ലെങ്കില്‍ പിന്‍‌വാങ്ങാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ആകുന്നതെന്തിന്?
ഇതിനെക്കാളും നല്ല രീതിയില്‍ വാക്കുകള്‍ ഇണക്കി ചേര്‍ത്ത് നല്ലരു തമാശയാക്കി നമുക്കെല്ലാവര്‍ക്കും ആസ്വദിക്കാമായിരുന്നു.
ഇപ്പോള്‍ ഇംഗ്ലീഷ് വാക്കായി ഉപയോഗിക്കുന്നതിനെപോലും കളിയാക്കുന്നതായി പോയി..

സാല്‍ജോҐsaljo said...

വിശദമായ മറുപടിയിലെ മുഴുവന്‍ വിശദാംശങ്ങളിയേയ്ക്ക് പോകാന്‍ സമയം അനുവദിക്കുന്നില്ല. പ്രായോഗികമായ ചര്‍ച്ചയുടെ അഭാവമാണ് ഞാന്‍ മുഖ്യമായും ചോദ്യം ചെയ്യുന്നത്. മാനദണ്ഡങ്ങളില്ലാതെ സ്വീകരിക്കുന്ന രീതികള്‍ തീരെ യോജിച്ചതല്ല. കൂടുതല്‍ വിവരങ്ങള്‍ വഴിയെ എഴുതാം.


ഹരീ വീണ്ടും 'സ്വന്തം ലേഖന'ത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു :). ഹരീ താന്‍ ഇന്നീ ചെയ്യുന്നത് ഒരു പുതുതലമുറയെ സഹായിക്കുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു വികലമായ പരീക്ഷണം. മനോഹരമായ പദം ആയിക്കൂടേ? എന്തിന് സായിപ്പിന്റെ രീതിയെ അതേപടി പകര്‍ത്തണം? അതുകൊണ്ടാണ് ഞാന്‍ യൂനിവേഴ്സിറ്റി ഉദാഹരണമാക്കിയത് സര്വ്വകലാശാല എന്നത് അതിന്റെ ബ്ലൈന്‍ഡ് ട്രാന്‍സ്ലേഷന്‍ അല്ല. അര്‍ത്ഥം മാത്രം സ്വീകരിച്ച് അതിന്റെ ലഘൂകരിച്ച് ഉപയോഗിച്ചിരിക്കുന്നു. ഒന്നുകൂടി വൈഡായി ചിന്തിച്ചാല്‍ അത് മനസിലാവും.

ഖമാനരവ എന്ന വാക്ക് ഇത്തിരി കട്ടിയാണ്. :) പക്ഷേ നേരെ തിരിച്ച് 'വരനമാഖ' എന്നിട്ടാല്‍ എന്താ ഭംഗി! ഇങ്ങനെ ഹരിക്ക് തന്നെ വാകുകള്‍ നിശ്ചയിക്കാമല്ലോ? അതില്‍ ഭൂരിപക്ഷത്തിന് ഇഷ്ടപെടുന്നത് സ്വീകരിക്കുകയും ആവാമല്ലോ.

നേരിട്ടുള്ള തര്‍ജ്ജമകള്‍ ഏതോ കോമഡി പോലെയാണ് തോന്നുന്നത്. വിന്‍ഡോസ് എന്ന പ്രൊഡക്ടിന് മലയാളത്തില്‍ ജാലകം ൭ എന്നും, ഹിന്ദിയില്‍ ഖിഡ്‌കിയാം(ന്‍) സാത്ത് എന്നും വിളിച്ചാല്‍ അത് ഒരു നല്ല രീതിയല്ല. അതേ രീതിതന്നെയാണ് വാക്കുകള്‍ ഉപയോഗിക്കുന്നതിലും.


'യുക്തമായവ' എന്ന് ആവര്‍ത്തിക്കുന്നതില്‍ ഒരു യുക്തിയില്ലല്ലോ ഹരി. നേരിട്ടുള്ള തര്‍ജ്ജമകളില്‍ പലതും ആദര്‍ശ് ഇഷ്ടപ്പെടുന്നില്ല എന്ന അതേ കാര്യം തന്നെയാണ് ഞാന്‍ സൂചിപ്പിക്കുന്നതും.


വേണ്ടവര്‍ക്ക് ഉപയോഗിക്കാം, വേണ്ടാത്തവര്‍ക്ക് വേണ്ട എന്ന ഒരു നിലപാട് തീര്‍ത്തും നിസ്സംഗമാണ്. 'പറഞ്ഞുകേട്ടു, ചിലര്‍ ഉപയോഗിക്കുന്നു' എന്നതും ഒരു മാനദണ്ഡമല്ല.

::സിയ↔Ziya said...

ആദര്‍ശ്, മടുപ്പിക്കാനോ പിന്‍‌വാങ്ങാന്‍ പ്രേരിപ്പിക്കാനോ അല്ല. നിങ്ങളുടെ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും ഉണ്ട്. അതില്‍ ചേരാന്‍ എനിക്ക് താല്പര്യവും ഉണ്ട്. എന്നാല്‍ വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പദാനുപദ വിവര്‍ത്തനം എന്നതിനേക്കാള്‍ സന്ദര്‍ഭത്തിനു യോജിച്ച ലളിതമലയാള പദങ്ങളല്ലേ നാം തെരഞ്ഞെടുക്കേണ്ടത്. പദങ്ങള്‍ കൊണ്ട് ആശയവും പ്രവൃത്തിയും വ്യക്തമാകണം. ആശംസകള്‍.

Haree said...

വാക്കിന്റെ ലാളിത്യം (മാത്രം) നോക്കിയാവരുത് വാക്കുകള്‍ തിരഞ്ഞെടുക്കുന്നത്. ലാളിത്യം, തനിമലയാള പദങ്ങളുടെ ഉപയോഗം എന്നിവയ്ക്കും അര്‍ഹമായ പരിഗണന നല്‍കണം എന്നു കരുതാം. അതല്ലാതെ തനിമലയാളത്തിലുള്ള വളരെ ലളിതമായ പദങ്ങളേ ഉപയോഗിക്കുവാന്‍ പാടുള്ളൂ എന്ന നിബന്ധന ഭാഷയ്ക്ക് പ്രയോജനകരമാണെന്നു തോന്നുന്നില്ല. സംസ്കൃതത്തിലും തമിഴിലും മറ്റും അധിഷ്ഠിതമായാണ് മലയാള ഭാഷ ഉണ്ടായതും വളര്‍ന്നതും. ഇനിയങ്ങോട്ട് ആ ഭാഷകളുടെ സ്വാധീനം പാടില്ല എന്നു പറയുന്നതില്‍ എന്താണ് യുക്തി? ഒരു ഉദാഹരണമെടുത്താല്‍: Thumbnail of the image can be seen on the desktop എന്നതിന് ചിത്രത്തിന്റെയൊരു നഖചിത്രം മേല്‍തലത്തില്‍ കാണാവുന്നതാണ്; കുഴപ്പമൊന്നും എനിക്കു തോന്നുന്നില്ല. അവിടെ മേശപ്പുറത്ത് കാണാവുന്നതാണ് / മുഖതലത്തില്‍ കാണാവുന്നതാണ് എന്നതിന് യോജിപ്പുകുറവ് തോന്നിക്കുകയും ചെയ്യുന്നു. (മേശപ്പുറം Tabletop ആണ് എന്നത് മറ്റൊരു വശം.) മുഖതലം എന്നതിനോട് എനിക്കത്ര പ്രതിപത്തിയില്ല, മേല്‍‌തലം എന്നതിനോടാണ് താത്പര്യം. പദാനുപദ വിവര്‍ത്തനം, അര്‍ത്ഥമറിഞ്ഞുള്ള വിവര്‍ത്തനം, ഉച്ചാരണത്തിലടക്കം പുതുമയുള്ള വാക്കുകള്‍ - ഇങ്ങിനെ പല രീതികള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. Desktop-ന് മേല്‍‌തലം എന്നു പറയുമ്പോള്‍, പദാനുപദ വിവര്‍ത്തനം, അര്‍ത്ഥമറിഞ്ഞുള്ള വിവര്‍ത്തനം; ഇതു രണ്ടും സംഭവിക്കുന്നുണ്ട്, മാത്രവുമല്ല ലളിതമായ മലയാളം പദങ്ങളുടെ സങ്കരവുമാണ്. പദാനുപദ വിവര്‍ത്തനം പാടില്ല എന്നു ശഠിക്കേണ്ടതില്ല. ചിലപ്പോള്‍ അങ്ങിനെ ചെയ്യുമ്പോളാവാം നല്ല ഒരു പദം ലഭിക്കുന്നത്.

സാല്‍‌ജോ പറയുന്ന രീതിയിലാണെങ്കില്‍; Desktop എന്നതിന് മേല്‍തലം എന്ന് ഞങ്ങള്‍ നിശ്ചയിച്ചു. ഇനി ഏവരും അതുപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കണം എന്നു വരുന്നല്ലോ! അതിലും നല്ലത് നിസ്സംഗമായ നിലപാട് തന്നെയാണ്. അതില്‍ ഒരു വാക്കും അടിച്ചേല്പിക്കപ്പെടുന്നില്ല. വാക്കുകളെ പരിചയപ്പെടുത്തുക മാത്രം. ചിലപ്പോള്‍ ഒരുവാക്കിന് ഒന്നിലധികം തത്തുല്യപദങ്ങള്‍ പരിചയപ്പെടുത്തിയെന്നിരിക്കാം. അതിലേതു വേണമെന്നത് (അതല്ലെങ്കില്‍ വ്യത്യസ്തമായ മറ്റൊന്ന്) ഉപയോഗിക്കുന്നയാള്‍ക്ക് നിശ്ചയിക്കാം. അങ്ങിനെ പലര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഒരു വാക്ക് ഉറച്ചു കിട്ടും, ഒന്നു മാത്രമേ കാലത്തെ അതിജീവിക്കുവാന്‍ സാധ്യതയുള്ളൂ, ചിലത് പര്യായ പദങ്ങളായി വന്നുവെന്നിരിക്കാം; ഈ രീതിയിലാണ് വാക്കുകള്‍ ഭാഷയില്‍ സ്ഥിരമാവുന്നത് എന്നാണ് എന്റെ വിശ്വാസം. വിന്‍ഡോയ്ക്ക് ജാലകം എന്നു പറയുന്നതില്‍ ഒരു കോമഡിയും എനിക്കു തോന്നുന്നില്ല. Select file menu from the main window. പ്രധാന ജാലകത്തില്‍ ലഭ്യമായിരിക്കുന്ന ഫയല്‍ മെനു തിരഞ്ഞെടുക്കുക. ഇതിലെന്താണ് കോമഡി? (മെനുവിന് ഇനപ്പട്ടിക എന്നു പറയാറുണ്ട്. ഫയല്‍ ഇനപ്പട്ടിക എന്നു പറയുന്നതിലും നല്ലത് ഫയല്‍ മെനു എന്നാകയാല്‍ ഞാനങ്ങിനെ ഉപയോഗിച്ചു വരുന്നു. മെനുവിനെ മലയാളപദമായി അംഗീകരിക്കുന്ന ഈ രീതിയിലും പുതിയ വാക്കുകള്‍ ഉണ്ടായേക്കാം. ബഞ്ച്, സ്വിച്ച്, ഡെസ്ക്, സ്റ്റൂള്‍ എന്നിവയെയൊക്കെ പോലെ.) ഇതിനെ ഒരു ശേഖരമായി കണക്കാക്കിയാല്‍ മതി, ശേഖരത്തില്‍ വാക്കു ചേര്‍ക്കുന്നതിന് പറഞ്ഞു കേട്ടു / ചിലര്‍ ഉപയോഗിക്കുന്നു എന്നതും മാനദണ്ഡമാവാം.
--

ടോട്ടോചാന്‍ (edukeralam) said...

സംരംഭം മികച്ചതു തന്നെ എന്നതില്‍ തര്‍ക്കമില്ല. പതിയേ വാക്കുകള്‍ക്കും ഉപയോഗരീതികള്‍ക്കും ഒരു അടുക്കും ചിട്ടയും വന്നു കൊള്ളും. അത് ചര്‍ച്ചകളിലൂടെ വരുന്നതാണ്...

പദാനുപദവിവര്‍ത്തനം പലപ്പോഴും ശരിയാകാറില്ല. ആശയവിവര്‍ത്തനമാണ് ഏറ്റവും നല്ലത്.
ഒരു വാക്ക് തന്നെ പല സന്ദര്‍ഭത്തിലും പല അര്‍ത്ഥം വരാറുണ്ട്. പശ്ചാത്തലത്തിനനുസരിച്ചും ഇത് മാറാം...
ഇടുക എന്ന വാക്ക് കല്ലിടുക, എന്നതിലും സ്വിച്ചിടുക എന്നതിലും ആശയപരമായി വ്യതിയാനമുണ്ട്...
വാക്കുകള്‍ വരട്ടെ...
പതിയേ അതിന്റെ അര്‍ത്ഥം പ്രചാരത്തിലായിക്കോളും..
'അടിപൊളി' എന്ന വാക്കുപോലെ മികച്ച വാക്കുകള്‍ പലതിനും നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്...

ടോട്ടോചാന്‍ (edukeralam) said...

press the enter key എന്നതിന് സാധാരണ മലയാളികള്‍ പറയാറ് എന്റ്ര്‍ 'അടിക്കൂ' എന്നാണ്... press അമര്‍ത്തുക എന്നതിന് പകരം അടിക്കുക എന്നാക്കുന്നതിന്റെ മാധ്യുര്യം ഒന്നു വേറെ തന്നെ....

സാല്‍ജോҐsaljo said...

ഹരീ വിൻഡോ ജാലകം എന്നല്ല ഞാൻ ഉദ്ദേശിച്ചത് വിൻഡോസ് എന്ന പ്രൊഡക്ടിനെപറ്റിയാണ്. ഹരീ, പദാനുപദവിവർത്തനം വേണ്ടിവരുന്ന സന്ദർഭങ്ങൾ ഉണ്ടാവാം. അല്ല എന്നു ശഠിക്കാൻ പറ്റില്ല കാരണം ചിലസന്ദർഭങ്ങളിലെങ്കിലും അങ്ങനെവേണ്ടിവന്നേക്കാം, പക്ഷേ അതിനെ പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഉദാ: (പേന പെന്നിൽ നിന്ന് രൂപഭേദം വന്നിട്ടുണ്ട്, പെന്ന്, പെന്ന, പേന ഇങ്ങനെ

സംസാരഭാഷയിലൂടെ മാറ്റം സംഭവിച്ച് കടന്നുവന്നതാവാം. എനിക്ക് എഴുതാനിഷ്ടം ‘പെന്ന‘ എന്നാണ്, പേന എന്നുവേണ്ടവർക്ക് അങ്ങനെ ഉപയോഗിക്കാം എന്നു

പറയാൻ പറ്റില്ലല്ലോ. നാളെ എഴുത്തുയന്ത്രം എന്ന് കുറേപ്പേർ, എഴുതുന്ന സാധനം എന്ന് കുറേപ്പേർ ഇങ്ങനെയൊക്കെ ഇതിന് വിവർത്തനം വന്നാൽ കൂടുതൽ

ഉപയോഗിക്കപ്പെടുന്നതേതാണോ അത് നിലനിൽക്കും. എന്നുവച്ചാൽ ഏതെങ്കിലും പ്രാദേശിക പത്രം, മാസിക ഇവർ തീരുമാനിക്കും എന്ന് സാരം. ആ പ്രശ്നം

പരിഹരിക്കപ്പെടണം, എന്നാലും ഒരാളോട് ഏതെങ്കിലും രീതിയിൽ എഴുതരുതെന്ന് വിലക്കാൻ സാധിക്കില്ല. പക്ഷേ ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കാം. വാക്കുകളെ

തിരഞ്ഞെടുക്കുന്ന ജനാതിപത്യരീതി എന്നുവേണമെങ്കിൽ കരുതാം. ഏറ്റവും ചേർച്ച ഏതെന്നതാണ് പ്രധാനം. എഴുതായനം-എഴുതുന്നസാധനം{ പിരിച്ചെഴുതുമ്പോൾ

അർത്ഥവ്യത്യാസം സംഭവിക്കുന്നു-{എഴുത്തിന്റെ അയനം}} എന്നൊരു പേര് ഇതിലേയ്ക്ക് വരുന്നു എന്നിരിക്കട്ടെ, ഇതിലൊക്കെ സിമ്പിളായി നാളെ ഒരു തലമുറയ്ക്ക്

മനസിലാവില്ലേ?

വാക്കുകൾ തർജ്ജമചെയ്യുന്നതിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടകാര്യമില്ല. ആശയമാണ് പ്രധാനം. ഇംഗ്ലീഷിൽ മൌസ് എന്ന് കൊടുത്തതുകൊണ്ട് നമ്മൾ എലി എന്നോ

മറ്റോകൊടുക്കേണ്ട കാര്യമില്ല. ‘ചലാചലം‘ എന്നോമറ്റോ വന്നാൽ ഭംഗിതോന്നും. (ചലാചലമെന്നാൽ കാക്ക എന്നും അർത്ഥമുണ്ട്, ഇങ്ങനെ അർത്ഥം വന്നാൽ

നാനാർത്ഥത്തിൽ നമ്മൾ പെടുത്താറുള്ളതാണല്ലോ, അനിമകം=തവള, വണ്ട് എന്ന് എന്തുകൊണ്ട് ആയിക്കൂട!) നിലവിലുള്ള കൊടുത്തിരിക്കുന്ന വാക്കുകൾ കോടതിഭാഷകൾ പോലെ തോന്നിക്കുന്നു ഒട്ടും ജനകീയമല്ല എന്നതും

ഒരു വസ്തുതയാണ്. ഇതുതന്നെയാണ് സിയ ലളിതം എന്ന് ആവർത്തിക്കുന്നതും. ലളിതമായ വാക്കുകൾക്ക് പകരം ഘനമുള്ളതേ ഉപയോഗിക്കൂ എന്ന് വന്നാൽ നാളെ

അത് ഹിന്ദിയിൽ ധൂമ്രുപാൻ‌ദണ്ഡിക എന്ന് സിഗരറ്റിനും, ‘അംഗുലിമർദ്ധിതമുദ്രിതനിയന്ത്രണയന്ത്രം‘ എന്ന് മലയാളത്തിൽ ടൈപ് റൈറ്ററിന് പറയുന്നതുപോലെയുമാവും.

പിന്നീട് ഉപയോഗത്തിൽ വരില്ലെന്നതു തന്നെ. എത്ര ലേഖനങ്ങളിൽ എഴുതിയാലും ശങ്കരൻ പിന്നെയും തെങ്ങിൽ എന്ന അവസ്ഥയിൽ ടൈപ്രെറ്റർ തന്നെ

ഉപയോഗിക്കപ്പെടും.

വാക്കുകളെ ക്രോഡീകരിക്കുമ്പോൾ ഒരു പൊതുവായ ഉപയോഗത്തിന് സഹായിക്കുകയാണല്ലോ ചെയ്യുക. ഇത് ബ്ലോഗിൽ മാത്രം ഒതുങ്ങാതെ മലയാളഭാഷയിലേയ്ക്ക്

സംഭാവനയാകട്ടെ എന്നതാവട്ടെ ലക്ഷ്യം. കാലക്രമേണ സംസാരഭാഷയിൽ/എഴുത്തുഭാഷയിൽ ‘പെബിൾ‘ വാക്ക് വന്നേക്കാം എന്നു കരുതി ഇപ്പഴേ

സ്റ്റാൻഡേഡൈസ് ചെയാതിരിക്കേണ്ട ആവശ്യമില്ല. മലയാള നിഘണ്ടുവിൽ ചേർത്ത് ഭാവിയിൽ ഇത് പബ്ലിഷ് ചെയ്യപ്പെട്ടാൽ പ്രചാരത്തിൽ വന്നുകൊള്ളും.

എന്നുമാത്രമല്ലെ യൂണിവേഴ്സിറ്റി തലത്തിൽ റിസർച്ചിന് വിധേയമാക്കുകയും വേണം.


തംബ്നെയിലിലേയ്ക്ക് വരാം. തംബ്നെയിൽ എന്നത് പദാനുപദ വിവർത്തനം ചേർത്തുനിർത്തുന്നത് നഖചിത്രം എന്നതുതന്നെയാണോ.(തമ്പ് സൈസ് പിക്ചർ, തമ്പ്സൈസ് ഇമ്പ്രഷൻ എന്നൊക്കെ പ്രയോഗത്തിലുണ്ടായിരുന്നു ഇതൊന്നും നഖവുമായി ബന്ധപ്പെട്ടിട്ടേയില്ല) ആശയപരമായി സായിപ്പ് ഉദ്ദേശിച്ചത് പെട്ടെന്നുലഭിക്കാവുന്ന ഒരു രൂപം എന്നാണ് പരിഭാഷക്കാർ അതിന്റെ മൂലകാരണം അന്വേഷിച്ച് പോയതുമില്ല. പക്ഷേ പ്രാരംഭരൂപം, പ്രാരംഭചിത്രം, ആദിചിത്രം അങ്ങനെ ആമുഖചിത്രം എന്നൊക്കെ പരിഭാഷപ്പെടുത്തുകയുമാവാം.

ടെൿ-ലേഖനങ്ങളേക്കാളേറെ കഥകളെയും കവിതകളെയും സ്നേഹിക്കുന്നതുകൊണ്ടാവാം, മലയാളിത്തം തുളുമ്പുന്ന വാക്കുകൾ ടെക്നിക്കൽ വാക്കുകളായി മാറുന്നത് എന്നിൽ കല്ലുകടിയുണ്ടാക്കുന്നത്. ഇത് ഭാഷാസ്നേഹികൾക്ക് മൊത്തം ഉണ്ടാവും എന്നും കരുതുന്നു. കവിതതുളുമ്പുന്ന ടെക്നിക്കൽ വാക്കുകൾ കാണേണ്ടിവരും എന്നതുകൊണ്ട്തന്നെ സാധാരണനാമങ്ങൾ ടെക്നിക്കൽ പ്രമേയങ്ങളിൽ ഉപയോഗിക്കുമ്പോൾ എങ്ങനെ വേർതിരിക്കാം എന്നതും ചിന്തിക്കാവുന്ന കാര്യങ്ങൾ ആണ്.

Haree said...

‘വിന്‍ഡോസ്’ തുടങ്ങിയ പ്രോഡക്ടുകള്‍ക്ക് അതേ പേരുതന്നെ മതിയാവും എന്നു കരുതുന്നു. അവിടെത്തന്നെ വേഡ്, പവര്‍പോയിന്റ് തുടങ്ങിയവയ്ക്ക് പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. അപ്പോള്‍ പിന്നെ ‘വിന്‍ഡോസ്’ എന്നതിനു ജാലകങ്ങള്‍ എന്നു പറയുന്നത് കോമഡിയാണ് എന്നും പറഞ്ഞ് സമയം കളയേണ്ടതുണ്ടോ?

പറഞ്ഞുവന്നത് അതാണ്. തുടക്കത്തില്‍ പെന്നും പെന്നയും പേനയും ഉപയോഗിച്ചിരിക്കാം. ആരും പേനയേ ഉപയോഗിക്കാവൂ എന്നു നിര്‍ദ്ദേശിച്ചല്ല അതു സ്ഥിരമായത്. കൂടുതല്‍ പേര്‍ ഉപയോഗിച്ചുപയോഗിച്ചാണ്. അതുപോലെയേ പുതിയ വാക്കുകള്‍ പ്രചാരത്തിലാവുകയുള്ളൂ. പത്രങ്ങള്‍, മാസികകള്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍; ഇവയെല്ലാം ഉപയോഗിക്കുന്നതിന് സ്വീകാര്യത തീര്‍ച്ചയായും കൂടുതലായിരിക്കും. അവര്‍ തീരുമാനിക്കും, നാം അനുസരിക്കും; ഈ രീതിയിലൊരു മനോഭാവത്തില്‍ ഇതിനെ കാണേണ്ടതില്ല. വളരെയധികം പേരെ സ്വാധീനിക്കുന്നത് എന്ന നിലയില്‍ അവരുടെ ഇടപെടലുകള്‍ തീര്‍ച്ചയായും ആവശ്യവുമാണ്.

ലളിതമേ ഉപയോഗിക്കൂ, ഘനമുള്ളതേ ഉപയോഗിക്കൂ, ലളിതം ഉപയോഗിക്കില്ല, ഘനമുള്ളത് ഉപയോഗിക്കില്ല - ഇങ്ങിനെയൊന്നും അവിടെ ആരും പറഞ്ഞിട്ടില്ലല്ലോ! സാല്‍ജോയ്ക്ക് / സിയയ്ക്ക് ലളിതമായ വാക്കുകള്‍ നിര്‍ദ്ദേശിക്കുവാനും അവസരമുണ്ട്.

പ്രാരംഭരൂപം / പ്രാരംഭചിത്രം / ആദിചിത്രം /ആമുഖചിത്രം എന്നിവയൊന്നും തമ്പ്നെയില്‍ എന്ന അര്‍ത്ഥത്തെ സൂചിപ്പിക്കുന്നില്ല. തമ്പ്നെയില്‍ എന്നതിന്റെ adjective (Of, relating to, or of the size of a thumbnail.) രൂപമാണ് വാക്കായത്. Thumbnail Image എന്നു പറഞ്ഞു തുടങ്ങി, പിന്നീട് Thumbnail എന്നു മാത്രമായി ചുരുങ്ങിയതാവാം. അതിന്റെ പദാനുപദവിവര്‍ത്തനമല്ല നഖചിത്രം, ആ‍ശയത്തെ അധികരിച്ചുള്ള വിവര്‍ത്തനമാണ്. പിന്നെ, നഖചിത്രം എന്നത് പുതിയ വാക്കൊന്നുമല്ല. സി. മാധവന്‍ പിള്ളയെഴുതി, എന്‍.ബി.എസ്. 1997 മെയില്‍ പുറത്തിറക്കിയ നാലാം പതിപ്പ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥവും ഇതാണ്.
--

വി. കെ ആദര്‍ശ് said...

തമ്പ് നെയില്‍ വ്യൂ എന്നതിന് നഖചിത്രം എന്ന് മലയാളത്തില്‍ പ്രയോഗിക്കുന്നതില്‍ തെറ്റില്ല. ഒന്നിലേറേ ലേഖനങ്ങളില്‍ ഇതു കണ്ടിട്ടുമുണ്ട്.
അല്‍‌പം കവിത തുളുമ്പുന്നവാക്കുകള്‍ വന്നോട്ടെ, ഒരു നിബന്ധന മാത്രം കൃത്യമായ അര്‍ത്ഥം സന്നിവേശിപ്പിക്കാനാകണം.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‍നോളജിക്ക് വിവര വിനിമയ സാങ്കേതികവിദ്യ എന്നുപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ടല്ലോ.
ബയോ ടെക്‍നോളജിക്ക് ജൈവ സാങ്കേതികവിദ്യ എന്ന് നാം ഉപയോഗിക്കുന്നു.

എന്നാല്‍ ബയോടെക്‍നോളജിയുടേയും ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജിയുടേയും അന്തര്‍വൈജ്ഞാനിക (ഇന്റര്‍ ഡിസിപ്ലിനറി) പഠനപദ്ധതിയായ ബയോ‌ഇന്‍ഫോമാറ്റിക്‍സിന് മലയാളം വാക്ക് രൂപപ്പെട്ടുവരുന്നുമില്ല.

ശ്രദ്ധയ്ക്ക്: Interdisciplinary Programmes ന് അന്തര്‍ വൈജ്ഞാനിക പഠനപദ്ധതി എന്ന് മനോരമയില്‍ ബി‌എസ് വാരിയര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. കൊള്ളാമെന്ന് തോന്നുന്നു. ഞാന്‍ എഴുതിയ രണ്ട് മൂന്ന് ലേഖനങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ആരും പരാതിയോ അഭിനന്ദനമോ (അഭിനന്ദനം പറയുന്നത് കുറ്റമാണ് എന്നല്ലേ വ്യംഗ്യാര്‍ത്ഥം !!) പറഞ്ഞിട്ടില്ല.

Haree said...
This comment has been removed by the author.
Haree said...

തമ്പ് നെയില്‍ വ്യൂ എന്നതിന് നഖചിത്ര വീക്ഷണം എന്നാവണം. :-) (അതല്ലെങ്കില്‍ view എന്നതിനു സ്വീകരിക്കുന്ന തത്തുല്യ മലയാളം പദം നഖചിത്രത്തിനോട് ചേര്‍ത്തു വെയ്ക്കണം.)

‘ആശയപരമായി സായിപ്പ് ഉദ്ദേശിച്ചത് പെട്ടെന്നുലഭിക്കാവുന്ന ഒരു രൂപം എന്നാണ് ’ - എന്നല്ലല്ലോ! ഒരു ചിത്രത്തിന്റെ ചെറുരൂപം എന്നേ thumbnail image / thumbnail എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. പദാനുപദ വിവര്‍ത്തനമായിരുന്നെങ്കില്‍ തള്ളവിരല്‍നഖചിത്രം എന്നു വരേണ്ടിയിരുന്നു!
--

ടോട്ടോചാന്‍ (edukeralam) said...

കുഞ്ഞിച്ചിത്രം, സൂഷ്മചിത്രം, ഇലച്ചിത്രം (ചെറിയ ഇലയാണേ ഉദ്ദേശിച്ചത്, വാഴയിലയൊന്നും മനസ്സില്‍ വന്നേക്കരുത്..)
എന്നക്കെയും ആവാം...

un said...

സമ്പര്‍ക്കമുഖം,ഏകമുഖം,നിറവ്യതികരം,മേല്‍‌പുറം,മേല്‍ത്തടം എന്നൊക്കെ കേട്ടാല്‍ ആര്‍ക്കെങ്കിലും വല്ലതും മനസ്സിലാവുമോ എന്നറിയില്ല. പണ്ട് എന്‍.വി.കൃഷ്ണവാര്യര്‍ മലയാളം മീഡിയം സ്കൂളില്‍ സയന്‍സും മാത്സും ഒക്കെ പഠിപ്പിക്കാന്‍ ഇങ്ങനെകുറേ പദങ്ങള്‍ ഉണ്ടാക്കിവെച്ചതുകൊണ്ട് കോളേജിലെത്തിയപ്പോള്‍ എന്നെപ്പോലെയുള്ള കുറേ വിഡ്ഡികള്‍ കണ്ണുംതള്ളി ഇരുന്നിട്ടുണ്ട്. ഇപ്പോളാണെങ്കില്‍ അന്നുപഠിച്ച ഒരു മലയാളവാക്കുപോലും ഓര്‍മ്മയുമില്ല. മെഡുല ഒബ്ലാങ്കട്ടക്കും വരെ മലയാളപദം ഉണ്ടായിരുന്നതായി മാത്രം ഓര്‍മ്മയുണ്ട്.

ശ്രീ said...

കൊള്ളാം. ആശംസകള്‍!

jayanEvoor said...

നല്ല ഉദ്യമം.

എല്ലാ ഭാവുകങ്ങളും!

cALviN::കാല്‍‌വിന്‍ said...

സംരഭത്തിനു എല്ലാ വിധ ആശംസകളും. ആശയത്തോട് പൂര്‍ണവിയോജിപ്പായത് കാരണം പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനോ ഇതിലുള്ളത് പഠിക്കാനോ തല്ക്കാലം ഉദ്ദേശിക്കുന്നില്ല.

നിരു‌‌ല്സാഹപ്പെടുത്തിയതല്ല. ഇതെന്റെ നിലപാട് മാത്രം.

aathman / ആത്മന്‍ said...

ഈ സംലംഭത്തിന് ആശംസകള്‍ നേരത്തെ അറിയിച്ചിരുന്നു. അന്ന് മനസ്സില്‍ തോന്നിയത് തന്നെ ഇവിടെ സംഭവിയ്ക്കുന്നു. ബ്ലോഗ് എന്ന ഈ മാധ്യമം ഈ ഒരു ആവശ്യത്തിന് ഏറ്റവും ഉചിതം എന്നതാണ് അത്. ചുരുങ്ങിയ ഈ ദിവസങ്ങള്‍ കൊണ്ട് നടന്ന ചര്‍ച്ചകള്‍ തന്നെ ഇത് തെളിയിയ്ക്കുന്നു. സാല്‍ജൊ പറയുന്ന കാര്യങ്ങളില്‍ പലതിലും പല നിലപാടുകള്‍ ആണ് ഉളളത്. പദങ്ങള്‍ വരണം എന്നാല്‍പ്പിന്നെ തുടക്കത്തിലേ എതിര്‍പ്പെന്തിന്? അന്തിമവിധിയൊന്നുമല്ലല്ലൊ ഇത്. സാല്‍ജൊയ്ക്ക് തന്‍റെ അഭിപ്രായം രേഖപ്പെടുത്താമല്ലൊ. ഏത് സ്വീകരിയ്ക്കണമെന്ന് പ്രയോഗിയ്ക്കുന്നവര്‍ തീരുമാനിയ്ക്കട്ടെ.

മറ്റൊരു പ്രധാനവിഷയം അവതരിപ്പിയ്ക്ക്ക്കട്ടെ,

ആദര്‍ശിന്‍റെയും ഹരിയുടെയും പ്രധാനപ്രവര്‍ത്തനമേഖല ഭാഷാപഠനം അല്ല എന്നത് ഈ സംരംഭത്തിന്‍റെ മുല്യം വര്‍ധിപ്പിയ്ക്കുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നിഘണ്ടുവിന് എസ്.പി.സി.എസ്. ഇറക്കിയ പുതിയ പതിപ്പിലെ 'അക്രമങ്ങള്‍' ഒന്ന് നോക്കുക. സത്യത്തില്‍ കരച്ചില്‍ വരും.പുതിയ പദങ്ങള്‍ എന്ന പേരില്‍ തനി ഇംഗ്ലീഷ് പദങ്ങള്‍ മലയാളം ആക്കിയിരിയ്ക്കുന്നു. ഈ പദങ്ങളുടെ പ്രയോഗസന്ദര്‍ഭത്തെയോ അര്‍ത്ഥവിപുലതയെയോ പരിഗണിയ്ക്കാതെ തികച്ചും അപ്രധാനമായ പ്രയോഗസന്ദര്‍ഭത്തിലെ അര്‍ത്ഥത്തെ നല്‍കുന്നു ഇവര്‍. ഉദാഹരണത്തിന്, realism ഇവര്‍ക്ക് സിനിമയുമായി മാത്രം ബന്ധമുള്ള വാക്കാണ്. സാഹിത്യം പോലും പുറത്ത്. (കൂടുതല്‍ ഉദാഹരണങ്ങള്‍ ചര്‍ച്ചയില്‍ തരാം). stay എന്ന വാക്കിന് എന്താകും അര്‍ത്ഥം? ഉത്തരം നാളെ തരാം. അത് വരെ ഈ നിഘണ്ടു കാണാത്തവര്‍ പറയൂ...

ഇത്തരം പദങ്ങള്‍, മലയാളമായി പരിഗണിയ്ക്കത്തക്കവിധത്തില്‍ ആയിട്ടുള്ളവയല്ല എന്ന് ഞാന്‍ കരുതുന്നു.നമ്മള്‍ മലയാളത്തെ നിലനിര്‍ത്താന്‍ ശ്രമിയ്ക്കുമ്പോള്‍ അത് ചെയ്യേണ്ടവര്‍ അതിനെ വികലമാക്കുന്നു. ആയിരക്കണക്കിന് പുറങ്ങള്‍, പദങ്ങള്‍ക്ക് അതിന്‍റെ എല്ലാ സാധ്യതകളെയും കണ്ട് അര്‍ത്ഥം നല്കി, ശ്രീകണ്ഠേശ്വരം തയ്യാരാക്കിയ വിലപ്പെട്ട പുസ്തകത്തില്‍ ഇത് നടത്തിയത് അതിക്രമം തന്നെ. കേവലം 57 പുറങ്ങള്‍ ഇത്തരം സാധ്യതകളെക്കൂടി ഉള്‍ക്കൊള്ളിയ്ക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് ഇപ്പണിയ്ക്ക് ഇവര്‍ പോയി? ആദര്‍ശ് മുന്‍പ് കാണിച്ച, 'അരയിടത്ത്പാലം ഗ്രൌണ്ടി'നെയും കവച്ച് വയ്ക്കും ഇത്.
ഇവരെല്ലാംകൂടി മലയാളത്തെ ഒരു വഴിയ്ക്കാക്കും.
മറ്റൊരു പുതിയ വാക്ക് കൂടി,
'വീശുക' എന്ന വാക്കിന്‍റെ അര്‍ത്ഥം 'മദ്യപിയ്ക്കുക' എന്നാണത്രെ!!!!
ഈ അര്‍ത്ഥത്തില്‍ ഈ പദം പ്രയോഗിയ്ക്കുന്നത് അറിയാഞ്ഞിട്ടല്ല, അത് സാന്ദര്‍ഭികമാണെന്ന് സൂചിപ്പിയ്ക്കേണ്ടതുണ്ട്. ഈ പുസ്തകത്തിന്‍റെ മുന്‍ പുറങ്ങളില്‍ ശ്രീകണ്ഠേശ്വരം 'ദേശ്യം' തുടങ്ങി നിരവധി ചുരുക്കെഴുത്തുകളിലൂടെ പ്രയോഗസന്ദര്‍ഭത്തെ ആവശ്യമുള്ളിടത്ത് സൂചിപ്പിയ്ക്കുന്നു. ഇതിനെയെല്ലാം ഇങ്ങനെ അവമതിയ്ക്കാമോ? നമുക്ക് ഇതിനോട് സഹതപിയ്ക്കാം... നമ്മുടെ പ്രവര്‍ത്തനങ്ങളെ ഉഷാറാക്കാം.

അടിക്കുറിപ്പ്-
'പൂശുക' എന്ന പദത്തിന്‍റെ അര്‍ത്ഥം ചേര്‍ക്കാന്‍ വിട്ടുപോയത് മോശമായി... അടുത്ത പതിപ്പില്‍ കാണുമായിരിയ്ക്കും.

aathman / ആത്മന്‍ said...

ശബ്ദതാരാവലിയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് ഇറങ്ങിയ എസ്.പി.സി.​എസ്. പരിഷ്കരിച്ച പതിപ്പാണ് മുകളിലെ കമന്‍റിന് ആധാരം. (ഇതിന്‍റെ അവസാന 57 പുറങ്ങള്‍ നോക്കുക)

സാല്‍ജോҐsaljo said...

ഇതിന്റെ പ്രയോഗസാധ്യതകളെ മുൻ‌നിർത്തി ചില ഉദാഹരണങ്ങളാണ് ഞാൻ ആദ്യം മുതലേ നൽകിക്കൊണ്ടിരിക്കുന്നത്. ആ വാക്കുകൾക്കെല്ലാം ശരിയായ അർത്ഥം തന്നെയാണ് നൽകിയിരിക്കുന്നത് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. ചർച്ച എങ്ങും തൊടാതെ പോകുന്നതുകൊണ്ട് ഉദാഹരണങ്ങളിൽ പിടിച്ച് പോകുന്നില്ല. ഞാൻ പറഞ്ഞുവന്നതത്രയുടെയും സാരം ഇതാണ്.

1. വാക്കുകൾ ഇതുവരെ ചേർത്തിരിക്കുന്നതനുസരിച്ച് മെച്ചമെന്ന് പറയാവുന്ന തർജ്ജമകൾ കണ്ടില്ല. ഉള്ളവ നിലവിൽ നിഘണ്ടുവിൽ കൊടുത്തിരിക്കുന്ന മറ്റ് അർത്ഥങ്ങളുള്ള വാക്കുകളുടെ ഒരു പ്രയോഗരീതിയാണ്.

2. ഹാർഡ് ഡിസ്ക്(കാക്കക്കാഷ്ഠം) എന്ന് എഴുതിയാൽ ചിലപ്പോൾ കാലക്രമേണ ആളുകൾ അത് സ്വീകരിച്ചേക്കാം. എന്നുവച്ച് ആ വാക്ക് ശരിയാണെന്ന് പറയാൻ (വ്യക്തിപരമായി‌) കഴിയില്ല.

3. പുതിയവാക്കുകൾ ഒരുപക്ഷേ കാലക്രമേണ ജനങ്ങൾ സ്വീകരിച്ചേയ്ക്കാം. പക്ഷേ മണിപ്രവാളാവലംബിതമായ വാക്കുകൾ ജനങ്ങളെ വെറുപ്പിക്കും.

4. നിലവിൽ ഫയൽ എന്ന വാക്കിന് ഏറ്റവും യോജിച്ച ഒന്ന് ഇല്ല എന്നുകരുതി ഏകദേശരൂപം വരുത്തിത്തീർക്കുന്നതിനോട് വിയോജിക്കുന്നു.അങ്ങനെയൊന്നില്ലാത്തിടത്തോളം അത് അന്യഭാഷയിൽ തന്നെ നിൽക്കട്ടെ, ഒരു മികച്ച വാക്ക് ഉണ്ടായിവരുന്നതുവരെ.

5. പുതിയ വാക്കുകൾ മാത്രമേ മിക്കവയിലും യോജിക്കൂ. എന്നിരിക്കെ അതിന് വികലമായ പരിഭാഷ നൽകരുത്.

6. ഞാൻ ഇതെന്നല്ല ഒരു പൊതുജനനന്മയ്ക്കുള്ള സംരംഭത്തിനും ഞാൻ എതിരല്ല.നിരുത്സാഹപ്പെടുത്തുകയല്ല, ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.

ആത്മൻ പലതിലും പല നിലപാടുകൾ അല്ല എന്നത് വ്യക്തമായിക്കാണുമെന്ന് വിചാരിക്കുന്നു.

ഓഫ്: ആദ്യം ഈ പരിഭാഷയിൽ ചാടിവീഴാനുണ്ടായ കാരണം, ഡെൽഹിയിൽ ഹിന്ദിയിൽ മിക്ക ടെക്നിക്കൽ കാര്യങ്ങളും സംസാരിച്ച് ഒടുവിൽ ദുബൈയിലെത്തിയപ്പോൾ മലയാളത്തിൽ വേണ്ടിവന്നു. അപ്പോഴാണ് പല പ്രയോഗരീതികളിലെയും വ്യത്യാസം രസകരമായി തോന്നിയത്. (നല്ലതാണെന്നാണ് പറഞ്ഞുവന്നത്). പിന്നെ ഇൻഫോകൈരളിയുടെ ഒരു സിഡി കേൾക്കാനിടയായി. വികലമായ ഭാഷോച്ഛാരണമായിരുന്നു വെറുപ്പിച്ച ഒന്നാമത്തെ സംഗതി. “ഭ’(as in f**k).
കൂട്ടത്തിൽ ഏതൊക്കെയോ ചില തർജ്ജമകളും.

aathman / ആത്മന്‍ said...

ഹാര്‍ഡ് ഡിസ്ക്ിന് 'കാക്കക്കാഷ്ഠം' എന്ന് എഴുതിയാല്‍ ആളുകള്‍ അത് സ്വീകരിയ്ക്കില്ല, അത്കൊണ്ട് തന്നെ വികലപ്രയോഗങ്ങള്‍ ഇതില്‍ രേഖപ്പെടുത്തപ്പെടുന്നത് എന്നെ ആശങ്കപ്പെടുത്തുന്നില്ല.
Retina ID കണ്ണൊപ്പ് എന്ന് സുജനികനിര്‍ദ്ദേശിയ്ക്കുമ്പോള്‍ 'ആദര്‍ശ്: കൂടുതല്‍ ഭംഗി നേത്രാടയാളം അല്ലേ?' എന്ന് കമന്‍റിടും. പക്ഷെ, കണ്ണൊപ്പിലെ മലയാളിത്തം നേത്രാടയാളത്തില്‍ ഇല്ല തന്നെ, അത് സംസ്കൃതബദ്ധമാണ്. ഈ താരതമ്യപഠനത്തിലൂടെ ഞാനോ മറ്റൊരാളോ യുക്തമായത് തെരഞ്ഞെടുക്കുന്നു. പലര്‍ സമാനപ്രയോഗം നടത്തുകവഴി ഭാഷയ്ക്ക് ഒരു പുതിയ പദം ലഭിയ്ക്കുന്നു, അങ്ങനെ ഭാഷ വളരുന്നു. ഈ രീതി ജനാധിപത്യപരമാണ് താനും.

കെ.പി.സുകുമാരന്‍/KPS said...

മലയാളത്തില്‍ പുതിയ വാക്കുകള്‍ ചേര്‍ക്കുന്നതിനുള്ള സംരംഭങ്ങള്‍ എത്ര കണ്ട് വിജയിക്കുമെന്ന് അറിയില്ല. അടിസ്ഥാനപരമായി മലയാളം ഭാഷ അത്ര ഫ്ലക്സിബിള്‍ അല്ല എന്നത് തന്നെ കാരണം. തമിഴിലാണെങ്കില്‍ ഇംഗ്ലീഷിലുള്ള മുഴുവന്‍ സാങ്കേതികപദങ്ങള്‍ക്കും തത്തുല്യമായ തമിഴ് വാക്കുകള്‍ ഉണ്ട്. കാലാകാലങ്ങളായി മലയാളം വളരാതെ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയായിരുന്നു.

തമിഴിലാണെങ്കില്‍ “നാളൊരു മേനി പൊഴുതൊരു വണ്ണം” എന്ന മട്ടില്‍ ഭാഷ അനുസ്യൂതം വളര്‍ന്നുകൊണ്ടിരുന്നു. അതേ സമയം മലയാളത്തില്‍ ഉള്ള വാക്കുകള്‍ പോലും നഷ്ടപ്പെടുകയായിരുന്നു. ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം മലയാളം വാക്കുകള്‍ക്കുള്ള അന്വേഷണം പലപ്പോഴും, സ്വിച്ച് = വൈദ്യുതി ഗമനാഗമനനിയന്ത്രണയന്ത്രം എന്ന മട്ടിലുള്ള യാന്ത്രികമായ നിര്‍ദ്ദേശങ്ങളില്‍ ഒടുങ്ങിപ്പോകാറാണ് പതിവ്. സംസ്കൃതത്തെ അമിതമായി ആശ്രയിച്ചത്കൊണ്ടും ഭാഷയുടെ വളര്‍ച്ചയ്ക്ക് കാര്യമായ ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതുമാണ് ഇതിന് കാരണമെന്നും എനിക്ക് തോന്നാറുണ്ട്.

ഇപ്പോള്‍ നെറ്റില്‍ മലയാളത്തിന്റേതായ സംഭാവനകള്‍ തീരെ ശുഷ്ക്കമാണ് . ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഇണയതളത്തില്‍ (ഇന്റര്‍നെറ്റ്) ശേഖരിച്ചു വെക്കാനുള്ള സംരഭമാണ് ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യ. ഇതില്‍ ഇതിനകം 1600 ല്‍ പരം തമിഴ് പുസ്തകങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. പുസ്തകങ്ങള്‍ Alternatiff എന്നൊരു plugin ഇന്‍സ്റ്റാള്‍ ചെയ്താലേ വായിക്കാന്‍ പറ്റൂ. മലയാളികള്‍ ഈ സംരംഭത്തെ അറിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. മറ്റൊന്ന് തമിഴംവല (തമിഴം ഡോട്ട് നെറ്റ്). ഇവിടെ ദിനം‌പ്രതി ഒരു പുസ്തകം വീതവും മറ്റ് ആനുകാലികങ്ങളും ശേഖരിച്ചു വരുന്നു. ഏതായാലും സംരംഭത്തിന് ആശംസകള്‍ !

YAHIYA said...

വളരെ മനോഹരമായ ഒരു ബ്ലോഗാണ് ഇത്..."പുത്തന്‍ വാക്കുകളുടെ വസന്തകാലം സ്വപ്‌നം കാണുന്നവര്‍ക്ക് അത് പൂവണിയിക്കാനിവിടെ എത്താം. ..."വളരെ മനോഹരമായ വാക്കുകള്‍ .....ആദര്‍ശ്‌ കലക്കിയിട്ടുണ്ട്

critic said...

നല്ലൊരു ഉദ്യമം
വിമര്‍ശനങ്ങള്‍ ഇപ്പോഴേ തുടങ്ങേണ്ട ആവശ്യമില്ല എന്നാണഭിപ്രായം
പുതിയ വാക്കുകള്‍ ചേര്ക്കുന്നിടത്തു താഴെ ക്കാണുന്ന വാചകങ്ങള്‍ കണ്ടു
.............................

സ്വന്തമായൊരു പദം ചേര്‍ക്കുന്നതിനു മുന്‍പ്, അതേ പദവും തത്തുല്യ മലയാളം പദവും ചേര്‍ത്തിട്ടില്ല എന്നുറപ്പാക്കുക.
.................................
ഇതു പ്രായോഗികമായി തോന്നിയില്ല
അല്ലാത്ത പക്ഷം ഇംഗ്ലീഷ് വാക്കുകള്‍ ആല്‍ഫ ബെറ്റിക്കായി ക്രമീകരിക്കുക