Thursday, March 04, 2010

ഇങ്ങനെയും ഭാഷയുടെ തനിമ നിലനിര്‍ത്താം :-(

ഈ ബ്ലോഗ് പോസ്റ്റിനൊപ്പമുള്ള പരസ്യം വായിക്കുക. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’ യുടെ ഡിസംബര്‍ ലക്കത്തിലെ ഒരു പരസ്യമാ‍ണ് പ്രതിപാദ്യ വിഷയം. പരസ്യം ഇന്‍സ്റ്റിട്യൂട്ടിന്റെതു തന്നെ, അന്താരാഷ്ട്ര പുസ്തകോത്സവം ആണ് വിഷയം. ഇത് നടക്കുന്ന സ്ഥലത്തിന്റെ പേര് കൌതുകമുണര്‍ത്തും. അരയിടത്തു ബ്രിഡ്ജ് ഗ്രൌണ്ട്. കോഴിക്കോട്ടെ ഈ സ്ഥലത്തിന് അരയിടത്ത് പാലം മൈതാനം എന്ന് പോരെ, അങ്ങനെ തന്നെയല്ലേ അന്നാട്ടുകാരും നാമെല്ലാവരും പറയുന്നത്. എന്തിന് ആ നാട്ടിലെ ബസിലെ സ്ഥല സൂചികകളിലും മറ്റും അരയിടത്തുപാലം എന്ന് തന്നെയാണ് എഴുതുന്നത്.
മറ്റാരെങ്കിലും മലയാളഭാഷയെ ഈ രീതിയില്‍ അരും കൊല ചെയ്താലും പൊറുക്കാമായിരുന്നു, പക്ഷെ ഭാഷയുടെ തനിമ നിലനിര്‍ത്താനും അനുബന്ധ ഗവേഷണ പഠനങ്ങളിലും പ്രസിദ്ധീകരണ രംഗത്തും ഇടപെടുന്ന അല്ലെങ്കില്‍ അതിനായി നിയോഗിക്കപ്പെട്ട ‘കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്’ തന്നെ ഇതു ചെയ്തത് ശരിയായില്ല.
താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

10 comments:

വി. കെ ആദര്‍ശ് said...

എന്തു ചെയ്യും ഇത്തരത്തില്‍ ഭാഷയെ വികസിപ്പിക്കുന്നതിനെ

പി.അനൂപ് said...

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ തന്നെയില്ലേ ഇംഗ്ലീഷ്. ആദ്യം അതുമാറ്റി കേരള ഭാഷാ പ്രസ്ഥാനം എന്നോ മറ്റോ ആക്കട്ടെ.

വി. കെ ആദര്‍ശ് said...

@അനൂപ്
അവിടുത്തെ ആംഗലേയ വാക്കുകളുടെ കാര്യം പറയാതെയിരിക്കുന്നതാണ് ഭേദം.
ഡയറക്‍ടര്‍ ആണല്ലോ മുഖ്യ അധികാരി. പിന്നെ എഡിറ്റര്‍മാരും. കേരള ഭാഷാ വികസന കേന്ദ്രം എന്നും അധ്യക്ഷന്‍ എന്നും ഒക്കെ നല്ല മലയാള വാക്കുകള്‍ ഉള്ളപ്പോഴാണ് ഈ വക അഭ്യാസങ്ങള്‍. വിജ്ഞാന കൈരളി എന്ന പ്രസിദ്ധീകരണം ഉന്നതമായ ശാസ്ത്ര-സാങ്കേതിക ലേഖനങ്ങള്‍/പ്രബന്ധങ്ങള്‍ കൂടി അച്ചടിക്കാനാണ് ഇത് ലക്ഷ്യമിട്ടിരുന്നത് എന്നാല്‍ ഇന്ന് ഇത്തരത്തിലെ എത്ര വരികള്‍ ഇതില്‍ അച്ചടി മഷി പുരളുന്നു എന്ന് നോക്കിയാല്‍ വിഷമം ഉണ്ടാകും. അതേ സമയം മാതൃഭൂമി, മാധ്യമം, കലാകൌമുദി ആഴ്ചപ്പതിപ്പുകളില്‍ ധാരാളം ശാസ്ത്ര-വൈജ്ഞാനിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്നുമുണ്ട്.

aathman said...

എല്ലാത്തരം വാക്കുകളെയും മലയാളീകരിച്ച് വക്രീകരിയ്ക്കണമെന്ന് അഭിപ്രായമില്ല. എന്നാല്‍ താങ്കള്‍ ചൂണ്ടിക്കാട്ടിയ പരസ്യപ്രയോഗം തികച്ചും അനുചിതം തന്നെ. സൂക്ഷ്മനിരീക്ഷണത്തെയും അത് ചര്‍ച്ചയ്ക്ക് വച്ചതിനെയും അഭിനന്ദിയ്ക്കുന്നു. മലയാളഐക്യവേദിയുടെ ബ്ലോഗ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിയ്ക്കുമല്ലൊ...
http://malayaalavedi.blogspot.com/

വെള്ളെഴുത്ത് said...

ഭാഷയോട് ഉത്തരവാദിത്വമില്ലായ്മ നമ്മുടെ സമൂഹത്തിൽ കൂടി കൂടി വരികയാണ്.. വളരെ ചെറിയ ഉദാഹരണം മാത്രമാണിത്. ഏറ്റവും താഴേക്കിടയിലുള്ളവർ തൊട്ട് മേലേക്കിടവരെ അതു വ്യാപിച്ചു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടി വരും ഭാഷ നിലനിൽക്കണമെങ്കിൽ..

വി. കെ ആദര്‍ശ് said...

എല്ലാ വാക്കിനും മലയാളം ഉണ്ടാക്കി ആര്‍ക്കും മനസിലാകാത്ത അവസ്ഥ ഉണ്ടാക്കാതിരിക്കാം, ഒപ്പം സാധ്യമായ ഇടങ്ങളില്‍ മലയാളം ഉപയോഗിക്കുക തന്നെ വേണം.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ വണ്ടികാത്തുനില്‍ക്കുമ്പോള്‍ ഒരു അറിയിപ്പ് കേട്ടു. ചെന്നൈ വണ്ടി(ഇരയില്‍) മുന്നാടിയാര്‍ തലത്തിലേക്ക് എത്തുന്നു. ഒന്നാം പ്ലാറ്റ്ഫോം ആണ് അവിടെ ഭംഗിയുള്ള ഭാഷയിലേക്ക് മാറ്റിയിരിക്കുന്നത്.

മറ്റ് നാലു തമിഴ് വാക്കുകള്‍ സന്ദര്‍ഭോചിതമാണെന്ന് കരുതുന്നു:
ഹൈസ്കൂള്‍ : ഉയര്‍ നിലൈപ്പള്ളി
ആര്‍ട്സ് ആന്‍‌ഡ് സയന്‍സ് കൊളെജ് : കലൈ മട്രും അറിവിയല്‍ കല്ലൂരി
പ്രൊഫസര്‍ : പേരാശിരിയര്‍
പ്രിന്‍സിപ്പല്‍ : മുതല്‍‌വര്‍

ഇങ്ങനെ എല്ലാ വാക്കുകളും മലയാളം ആക്കേണ്ട. എന്നാല്‍ അരയിടത്ത് ബ്രിഡ്ജ് നമ്മുടെ ഭാഷയെ ‘വാണിഭം‘ നടത്തുന്നതിന് തുല്യമാണ്

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ രാജ്യം ലോകത്തിന്റെ ഒരു വഴിയംബലമായിരുന്നെന്നും,
നമ്മുടെ രാജ്യത്തിന്റെ ശരീരത്തിലും മനസ്സിലും പലരും കയറി നിരങ്ങാന്‍ ഇടവന്നിട്ടുമുണ്ടെന്നുമുള്ള തെളിവും സായിപ്പിന്റെ വിരലടയാളവുമായ അരയടത്ത് ബ്രിഡ്ജ് റോഡ് നമ്മുടെ അപമാനകരമായതെങ്കിലും തനത് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായതുകൊണ്ട് അത് മായ്ച്ചുകളയേണ്ടതില്ലെന്നെ !

അതുകൊണ്ടൊന്നും ചാനലിലെ രഞ്ജ്നിമാരുണ്ടാക്കുന്നതുപോലെ ഗുരുതരമായി ഭാഷക്ക് ഒന്നും സംഭവിക്കുന്നില്ല.

ആശംസകള്‍.

ali said...

നോട്ടീസ്‌ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു.അരയിടത്തുപാലം സുപരിചിതമാണ്‌. പിന്നെ എങ്ങിനെയാണതിന്‌ പുതിയ പേര്‌ വന്നത്‌ ? ഭാഷ സംരക്ഷകര്‍ ഇങ്ങനയൊക്കെ നാടിനുപേരിടാന്‍ തുടങ്ങിയാല്‍ .......കഷ്ടം....ഈ രീതിയില്‍ ഭാഷാ സംരക്ഷണം നടത്തിയാല്‍.... മലയാള ഭാഷ എങ്ങിനെ രക്ഷപ്പെടും .?

S.V.Ramanunni said...

സ്ഥാപനത്തെ കുറ്റം പറയാൻ വയ്യ. വലിയ ഉദ്ദേശശുദ്ധിയോടെ നടന്നുവരുന്നതു തന്നെ. പക്ഷെ, ഇത്തരം വികൃതികൾ ചിലെ മനോരോഗികളായ ജീവനക്ക്ർ മാത്രം. അവരെ നേർവഴിക്കാക്കണം. അതേ പറ്റൂ.ഇതെവിടെയും ഉണ്ട്. റ്റെക്സ്റ്റ് ബുക്ക്െഴുതുമ്പോൾ, ഉത്തരവുകൾ ഉണ്ടാക്കുമ്പൊൾ, ചോദ്യക്കടലാസ് തയ്യാറാക്കുമ്പൊൽ, പ്രോട്ടോക്ക്കോൽ നോക്കുമ്പൊൽ,ഇത്തരം വികൃതികൾ ഉഷാറാകും. മാത്ര്6ഭൂമിയിലോ മനോരമയിലോ ആണിവരെങ്കിൽ ജോലി ഉണ്ടാവില്ല്. ഇതു സർക്കാർ സ്ഥാപനം. അവിടെ തൊഴിലാളിക്കൊരു പ്രശം വന്ന്ൽ....

വി. കെ ആദര്‍ശ് said...

ഇപ്പോള്‍ ടിവിയില്‍ കല്യാണ്‍ ജൂവലറി പരസ്യം കണ്ടതേയുള്ളൂ. അരയിടത്ത് പാലം എന്നു തന്നെയാണ് പറയുന്നത്.