കംപ്യൂട്ടര്‍ ഉപയോഗിച്ചുതുടങ്ങുമ്പോള്‍ത്തന്നെ മിക്കവരും കേട്ടുതുടങ്ങുന്ന പേരാണ് ഫോട്ടോഷോപ്പ്. ചിത്രങ്ങള്‍ക്ക് മിഴിവേകുവാനും മറ്റു ചില അവസരത്തില്‍ രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും വരയ്ക്കാനും ഈ ചിത്രപ്പീടിക (Photoshop) തന്നെ ആശ്രയം. കംപ്യൂട്ടര്‍ ഇമേജിങ് രംഗത്ത് പിച്ചവച്ചു നടക്കുന്നവര്‍മുതല്‍ തികഞ്ഞ പ്രൊഫഷണല്‍ വൈഭവമുള്ള ആര്‍ട്ടിസ്റ്റുകള്‍വരെ ഫോട്ടോഷോപ്പിന്റെ ആരാധകര്‍. ഈ ആവശ്യകത മുന്‍കൂട്ടി കണ്ടുകൊണ്ടാകണം നിര്‍മാതാക്കളായ അഡോബി ഓരോ പുതിയ പതിപ്പ് പുറത്തിറക്കുമ്പോഴും നവീനവും പുതുക്കപ്പെട്ടതുമായ സൗകര്യങ്ങള്‍ (New and Improved tools) ഫോട്ടോഷോപ്പിലേക്ക് വിദഗ്ദമായി ഇണക്കിച്ചേര്‍ക്കുന്നത്.
അല്‍പ്പം ചരിത്രം:
മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തോമസ് നോളും സഹോദരന് ജോണും കൂടി പരീക്ഷണം എന്ന നിലയില്‍ 1987ല്‍ തുടങ്ങിയതാണ് ഈ സംരംഭം. പിതാവിന്റെ ഫോട്ടോഗ്രഫി പരീക്ഷണശാലയുടെ ഇരുട്ടുമുറി ബാല്യകാലംമുതല്‍ക്കേ ഇവരില്‍ ചിത്രകൗതുകത്തിന്റെ സാധ്യതകള്‍ക്ക് വിത്തുപാകിയെന്നു പറയാം. അന്നത്തെ കാലത്തുതന്നെ പിതാവ് തന്റെ ആവശ്യങ്ങള്‍ക്കും മറ്റുമായി ഒരു കംപ്യൂട്ടറും വാങ്ങിയിരുന്നു. പ്രതിഭയുടെ മിന്നലാട്ടം ചിത്രപ്പണിയുടെ രൂപത്തില്‍ കംപ്യൂട്ടറിലൂടെ വളരാന്‍ അധികസമയം എടുത്തില്ല. കളര്‍ മോണിറ്ററും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസും (GUI) അത്രമേല്‍ വ്യാപകമല്ലാതിരുന്ന ആ കാലത്ത് തോമസ് നോള്‍ ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കി. ചാരനിറമുള്ള ചിത്രങ്ങള്‍ (Greyscale Images) കൈകാര്യം ചെയ്യാനുതകുന്നതായിരുന്നു ഇത്. കറുപ്പും വെളുപ്പും മാത്രം മിന്നിമറയുന്ന സ്ക്രീന്‍ ചതുരത്തില്‍ ഇതിന്റെ ഷെയ്ഡുകളായ വിവിധാനുപാതത്തിലുള്ള ചാരനിറം മാത്രമായിരുന്നു അന്നത്തെ പരമാവധി സാധ്യത. അത് അവര്‍ ഭംഗിയായി പ്രയോജനപ്പെടുത്തുകയും ചെയ്തു. 1987ല്‍ ആരംഭസമയത്ത് `ഡിസ്പ്ലേ' എന്നായിരുന്നു പേര്. പിന്നീട് ചെറിയൊരു ഇടവേളയില്‍ `ഇമേജ് പ്രോ' എന്ന പേരുമാറ്റവും നടന്നു. 1990ല്‍ ലോകപ്രസിദ്ധമായ `അഡോബി' ഈ ചിത്രപ്പണി സോഫ്റ്റ്വെയറിയെ സ്വന്തമാക്കി (അതോ ഇതിനെ സ്വന്തമാക്കുന്നതിലൂടെ അഡോബി പ്രശസ്തമാവുകയായിരുന്നോ!). ഏതായാലും അഡോബി എന്ന പുത്തന്‍ ഉടമയ്ക്കൊപ്പം ചെന്നപ്പോള്‍ `ഫോട്ടോഷോപ്പ്' ആരാധകരുടെ ഇഷ്ടപ്പെട്ട ആപ്ലിക്കേഷന്‍ ആകാന്‍ ഏറെസമയം എടുത്തില്ല. ഇന്ന് ഇതില്‍ എത്രയധികം സൗകര്യങ്ങളുണ്ടെന്ന് അറിയുന്നവര്‍ അത്രയധികം ഉണ്ടാകില്ല അതായത് എല്ലാ മെനുവും അതിന്റെ പരമാവധി സൗകര്യവും അറിയുന്നവര്‍ ചുരുക്കം. ഡിജിറ്റല്‍ ക്യാമറകളുടെ വന്‍ ജനപ്രീതിയും വ്യാപകമായ ഉപയോഗവും അക്ഷരാര്‍ഥത്തില്‍ ഫോട്ടോഷോപ്പിനെ ആര്‍ക്കും വിട്ടുപിരിയാന്‍ പറ്റാത്ത തലത്തിലേക്കെത്തിച്ചു.
നമ്മുടെ നാട്ടിലെ സ്റ്റുഡിയോയിലെ ചിത്രമെടുപ്പിന്റെ ഭൂതകാലം തന്നെ നോക്കുക. ഭാരമേറിയ ക്യാമറയില്‍ ഫോട്ടോഗ്രാഫിക് ഫിലിം റോള്‍ ലോഡ് ചെയ്തശേഷം എടുക്കുന്ന ഫോട്ടോ, ഹൈപ്പോവാട്ടര്‍ ഉപയോഗിച്ചു കഴുകിയശേഷം ഡെവലപ് ചെയ്തെടുക്കുന്നു. ഒരു ഫോട്ടോ എടുക്കാനുള്ള ചെലവ്, സമയം എന്നിവ ഏറെയായിരുന്നു. ഇന്നാകട്ടെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഒട്ടേറെ ഫോട്ടോ നിമിഷംകൊണ്ട് എടുക്കാനാകും. കപ്യൂട്ടറില് നോക്കി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രം തെരഞ്ഞെടുത്ത് േഫാട്ടോഷോപ്പില്‍ `മിനുക്കല്‍' പണി നടത്തിയശേഷം മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലേക്കെത്തിക്കും. നേരത്തത്തെ`ഡാര്‍ക്റൂം' പ്രക്രിയയെയാണ് നല്ല വെളിച്ചത്തില്‍ ഇരിക്കുന്ന കംപ്യൂട്ടറിലെ ഫോട്ടോഷോപ്പ് മാറ്റി പ്രതിഷ്ഠിച്ചത്.
സാങ്കേതികവിദ്യയോടുള്ള ചങ്ങാത്തം സമൂഹത്തില്‍ എല്ലാകാലത്തും ഭീതിയോ ആശങ്കയോ ആയി ഇരുപ്പുറപ്പിക്കാറുണ്ട്. പരമ്പരാഗത ശൈലിയെ തകര്‍ക്കുന്ന വേഗവും കൈമാറ്റ സൗകര്യങ്ങളുമാണ് ഇതിനു കാരണം. ഇവിടെ ഇത് `ഫോട്ടോഷോപ്പ് ഫോബിയ' എന്നു പറയാവുന്ന ഒരു തലത്തിലേക്കെത്തിച്ചിട്ടുണ്ട്. അപകീര്‍ത്തികരമായ ചിത്രങ്ങള്‍, അശ്ലീലതയുടെ ചുവയുള്ള എഡിറ്റിങ്ങുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ചിത്രവധം എന്നിവ നടത്താന്‍ ഫോട്ടോഷോപ്പിനെ കൂട്ടുപിടിച്ചവര്‍ കുറവല്ല. ഇനി തനി/യഥാര്‍ഥ ഫോട്ടോ കാണിച്ച് ഒരാളെ സത്യത്തിന്റെ രീതിയിലേക്ക് ചോദ്യംചെയ്യാന്‍ ആരംഭിച്ചാലും അയാള്‍ രക്ഷയുടെ അവസാന കച്ചിത്തുരുമ്പായി എടുത്ത് വീശുന്നതും `ഓ! ഇത് ഫോട്ടോഷോപ്പിന്റെ കളിയാ'! എന്നായിരിക്കുന്നു. ഇമേജ് എഡിറ്റിങ്ങിനുള്ള കോറല്‍ഡ്രോ, സ്വതന്ത്ര സോഫ്റ്റ്വെയര് ഉപായമായ `ജിമ്പ്' എന്നിവയ്ക്കും ഒട്ടേറെ ആരാധകരുണ്ടെങ്കിലും ഫോട്ടോഷോപ്പ് ഒരു പ്രോഡക്ട് ഐഡന്റിഫിക്കേഷന്‍ സ്ഥാപിച്ചെടുത്തു എന്നത് നിഷേധിക്കാനാകില്ല (ഫോട്ടോസ്റ്റാറ്റിന് Xerox കോപ്പി, വനസ്പതിക്ക് ഡാല്‍ഡ, ആന്റിസെപ്റ്റിക് ലായനിക്ക് ഡെറ്റോള്‍ എന്നുപറയുന്നപോലെ).
മലയാളി ടച്ചും
എവിടെ ചെന്നാലും മലയാളികള്‍ ഉണ്ടെന്നു പറയുന്നത് ഒരുപക്ഷേ ഫലിതമായിട്ടാകാം. എന്നാല്‍ ഫോട്ടോഷോപ്പ് കംപ്യൂട്ടറില്‍ സജീവമായി വരുന്നവേളയില്‍ ഔദ്യോഗിക മുദ്രയ്ക്കും ഗ്രാഫിക്സിനുമൊപ്പം ഇതില്‍ സഹകരിച്ച പ്രൊഫഷണലുകളുടെ പേര് എഴുതിക്കാണിക്കുന്നുണ്ട്. ഇതില്‍ ഒരു മലയാളി ഉണ്ട്. പത്തനംതിട്ട സ്വദേശി വിനോദ് ബാലകൃഷ്ണന്. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജില്‍നിന്നു ബിരുദമെടുത്ത വിനോദ് അഡോബിയിലെ മുന്‍നിര എന്‍ജിനിയറാണ്. തിരുച്ചിറപ്പള്ളി ആര്‍ഇസിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്ത തമിഴ്നാട്ടുകാരനായ സീതാരാമന് നാരായണനും അഡോബിയില്‍ മറ്റൊരു മുതിര്‍ന്ന ഇന്ത്യന്‍ സാന്നിധ്യമാണ്.
******
യൂടൂബ് @ 5
അഡോബിയുടെ ഇരുപതു വര്‍ഷ ചരിത്രത്തിനിടയില്‍ മറ്റോരു താരം അഞ്ചുവര്‍ഷം തികയ്ക്കുന്നത് വലിയ വാര്‍ത്താപ്രാധാന്യമുള്ളതാണോ എന്നു സന്ദേഹിച്ചാല്‍ അല്ല എന്നുത്തരം. എന്നാല്‍ നിലവില്‍വന്ന് അഞ്ചാണ്ടിനുള്ളില്‍ സൈബര്‍ലോകത്തെ ഇരുത്തംവന്ന സ്ഥാപനങ്ങളെ പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന യൂടൂബിന്റെ കാര്യത്തില്‍ ഈ ചെറിയ കാലയളവ് ചരിത്രംതന്നെ. ഇന്റര്‍നെറ്റിലൂടെ വീഡിയോ കൈമാറാനുള്ള സംരംഭമായി തുടങ്ങിയ ഈ വെബ്സൈറ്റ് ഇത്രകണ്ട് ജനപ്രിയമാകുമെന്ന് സ്ഥാപകരായ സറ്റീവ്ചിന്, ചഡ്ഹാര്ലി, ജവേദ് കരീം എന്നിവര്‍പോലും സ്വപ്നംകണ്ടിട്ടുണ്ടാകില്ല. വെബ് നിരീക്ഷകരായ അലക്സാ ഡോട്ട്കോമിന്റെ കണക്കുകളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നായി യൂടൂബുണ്ട്.
2005 ഫെബ്രുവരിയില്‍ 12 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ മൂലധനവുമായി സ്ഥാപനം തുടങ്ങി. ഇന്ന് ഓരോ മിനിറ്റിലും 20 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് ഇവിടേക്കെത്തുന്നു. തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗൂഗിള്‍ യൂടൂബിനെ സ്വന്തമാക്കി. ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തെത്തന്നെ ഉള്ളതിനാലോ അതോ ഇതിനെ സ്വന്തമായി പറക്കാനനുവദിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആകണം ഗൂഗിളിലേക്ക് പൂര്‍ണമായും ലയിപ്പിക്കാതെ ഒരു ഉപകമ്പനിയായി തുടരാനാണ് അനുവദിച്ചത്. ഇന്ന് യൂടൂബിന് തൊട്ടടുത്തുപോലും ഒരു എതിരാളി ഇല്ല. നോബല്‍സമ്മാനം ആയാലും ഈയാഴ്ച പ്രഖ്യാപിച്ച ഓസ്കാറായാലും ഇനി നടക്കാനിരിക്കുന്ന ഐപിഎല്‍ ക്രിക്കറ്റായാലും ലൈവായിത്തന്നെ യൂടൂബിലുണ്ട്; അതും ഔദ്യോഗിക വീഡിയോ അവകാശത്തോടെ. ആദ്യകാലത്ത് ഒരു നിലവാരത്തിലുള്ള വീഡിയോ മാത്രമായിരുന്നുവെങ്കില്‍. ഇന്ന് ഹൈ ഡെഫനിഷന്‍, മൊബൈല്‍ ഫോണ്‍ വീഡിയോ എന്നിങ്ങനെ കുറച്ചധികം വകഭേദങ്ങളുമുണ്ട്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളുടെയും സമാന്തര സിനിമാ പ്രേമികളുടെയും ഇഷ്ടയിടമായി യൂടൂബ് മാറിക്കഴിഞ്ഞു. ട്വിറ്റര്‍, ഓര്‍ക്കുട്ട്, ഫേസ് ബുക്ക്, ബസ് എന്നീ സോഷ്യല്‍ ഇടങ്ങള്‍ വഴി നേരിട്ടും ഹൈപ്പര്ലിങ്കായും യൂടൂബ് വീഡിയോ കോടിക്കണക്കിന് പ്രേക്ഷകരിലെത്തുന്നുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ടിവി ചാനലിനേക്കാളും പ്രേക്ഷകര്‍ യൂടൂബിനുണ്ട് എന്നറിയുമ്പോള്‍ ഇതിന്റെ അഞ്ചുവര്‍ഷം സംഭവബഹുലമായിരുന്നുവെന്നു വ്യക്തമാകും.
യൂട്യൂബിനെ വിശദീകരിച്ച് ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം ഇട്ടിരുന്നു. വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ
4 comments:
ഫോട്ടോ ഷോപ്പും യൂട്യൂബും
അഡോബി എറ്റെടുത്തതിന്റെ വാര്‍ഷികം എന്ന നിലയിലാണ് 20 ആണ്ടിന്റെ തിളക്കം. മൂലരൂപം വച്ച് പിറന്നാള്‍ നോക്കിയാല്‍ 22 അല്ലെങ്കില്‍ 23 എന്നു പറയാം
നന്ദി ആദര്‍ശ് ഈ വിവരങ്ങള്‍ക്ക്.....
ഫോട്ടോഷോപ്പ് ഇനിയും വളരും...
ജിംമ്പ് പോലുള്ള സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ വികസിച്ചു വരാന്‍ ഒരു കാരണം ഫോട്ടോഷോപ്പും ആണ്... എങ്കിലും ജിംപിന് ഇനിയും ഒത്തിരി ദൂരം പോകേണ്ടി വരും...അതിന് സഹായകരമാകാന്‍ ഫോട്ടോഷോപ്പിന് കഴിയും...
ഫോട്ടോഷോപ്പിനെ എന്നെങ്കിലും അഡോബി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആക്കിയിരുന്നെങ്കില്‍.....!!!
മാഷേ..
അവാര്‍ഡ് വിവരം വായിച്ചു
ഈ ശാസ്ത്രലേഖകന് ഹൃദയം നിറഞ്ഞ ആശംസകള്‍
Post a Comment