Thursday, March 25, 2010

ഒരു മണിക്കൂര്‍ വിളക്കുകള്‍ കെടുത്തി ഭൌമ മണിക്കൂറില്‍ പങ്കുചേരാം

ഗുരുതരമായ ഒരു ഊര്‍ജ-പരിസ്ഥിതി പ്രതിസന്ധിയെ നേരിടാന്‍ നാമെല്ലാം സജ്ജരായിക്കഴിഞ്ഞു. ഒരോ ദിനം ചെല്ലുന്തോറും വൈദ്യുതിയെ ആശ്രയിച്ചുള്ള നമ്മുടെ പ്രവര്‍ത്തനം കൂടിക്കൂടി വരുന്നു, എന്നാല്‍ അതിനനുസരിച്ച് ഉത്പാദനം ശക്തിപ്പെടുന്നുമില്ല. ഇപ്പോള്‍ ലഭ്യമായ വൈദ്യുതി തന്നെ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കാലം തെറ്റിയ കാലാവസ്ഥയും, ശരീരം പൊള്ളുന്ന ചൂടും ഒക്കെ ഈയടുത്ത ദിവസത്തെ വാര്‍ത്തയാണങ്കില്‍ അതിന് മുഖ്യകാരണക്കാരന്‍ നമ്മള്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്ന ഊര്‍ജരൂപങ്ങള്‍ തന്നെ. വൈദ്യുതോത്പാദന കേന്ദ്രമായാലും മോട്ടോര്‍ വാഹനങ്ങളായാലും പുറത്തേക്ക് വമിപ്പിക്കുന്നത് അന്തരീക്ഷതാപനിലയെ താറുമാറാക്കാന്‍ സാധ്യതയുള്ള ഹരിതഗൃഹവാതകങ്ങളാണ്.
എങ്ങനെ നമ്മുടെ ഭൂമിയമ്മയെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കാം?
ആകെയുള്ള പോം വഴി മുഖ്യമായും മൂന്നെണ്ണമാണ്

1.കുറഞ്ഞ കാര്‍ബണ്‍ മാത്രം പുറത്തേക്ക് വിടുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറുക . ബദല്‍ ഊര്‍ജ സ്രോതസുകളിലേക്ക് മാറാനുള്ള സമയമായി. ഇത് സ്വയം പുതുക്കപ്പെടുന്നവയാണ്. എന്നാല്‍ ഇന്ന് ലോകമാകമാനം വൈദ്യുതോത്പാദനത്തിനായി ആശ്രയിക്കുന്നത് ഖനിജ ഇന്ധനങ്ങളെ കുടിച്ചുതീര്‍ത്ത് പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയങ്ങളെയാണ്, ഇവയാകട്ടെ ടണ്‍ കണക്കിന് ഹരിതഗൃഹവാതകങ്ങളാണ് ഒരോ നിമിഷത്തിലും ഒരോ കേന്ദ്രങ്ങളില്‍ നിന്നും പല പുകക്കുഴലുകളീലൂടെ പുറത്തേക്ക് വമിപ്പിക്കുന്നത്.
2.വളരെ കുറച്ച് ഊര്‍ജം മാത്രം എടുക്കുന്ന ഉപകരണങ്ങളിലേക്ക് മാറുക . വെളിച്ചത്തിനായി സി എഫ് അല്ലെങ്കില്‍ എല്‍ ഇ ഡി വിളക്കുകള്‍ , ടെലിവിഷന്റെ കാര്യത്തില്‍ എല്‍ സി ഡി, കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ലാപ്ടോപ്പും നെറ്റ്ബുക്കുകളും ,നാലോ അതില്‍ കൂടുതലോ നക്ഷത്രചിഹ്നമുള്ള വീട്ടുപകരണങ്ങള്‍ ,പ്രതി ലിറ്റര്‍ എണ്ണയില്‍ 70 കി മീ ലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ എന്നിവ ഉദാഹരണം മാത്രം
3.കുറഞ്ഞ കാര്‍ബണ്‍ കാല്പാട് ഉണ്ടാക്കുന്ന ജീവിത ശൈലി പിന്തുടരുക, : പ്രകൃതി സൌഹൃദമായി ജീവിക്കാന്‍ മറ്റുള്ളവരേയും പ്രേരിപ്പിക്കുക. കുറഞ്ഞ കാര്‍ബണ്‍ കാല്പാട് കൊണ്ടുദ്ദേശിച്ചത് പരമാവധി കുറവ് ഊര്‍ജം മാത്രം ഉപയോഗിക്കുന്ന ഉപകരണമോ സേവനമോ സ്വീകരിക്കുക എന്നതാണ്, സംരക്ഷിക്കാന്‍ കഴിയുന്ന ഒരോ യൂണിറ്റ് ഊര്‍ജത്തിനും പുറത്തേക്ക് വിടുന്ന കാര്‍ബണിന്റെ അളവില്‍ ഗണ്യമായ കുറവ് വരുത്താനാകും എന്ന് സാരം.

എന്തിനാണ് ഈ ഭൌമ മണിക്കൂര്‍ ആചരണം :
ഈ വര്‍ഷം മാര്‍ച്ച് 27 ന് രാത്രി 8.30 മുതല്‍ 9.30 വരെയാണ് നമ്മുടെ നാട്ടില്‍ എര്‍ത്ത് അവര്‍ അഥവാ ഭൌമ മണിക്കൂര്‍ ആയി ആചരിക്കുന്നത്. ഈ ഒരു മണിക്കൂര്‍ സമയത്ത് എല്ലാ വൈദ്യുത വിളക്കുകളും കെടുത്തി നമ്മള്‍ ഈ യത്നത്തില്‍ പങ്കാളിയാകുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോകവ്യാപകമായി 6000 നഗരങ്ങളിലായി നൂറുകോടിയാളുകളാണ് ഒത്തൊരുമയില്‍ ഭാഗമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ,വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ,വിദ്യാലയങ്ങള്‍ ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ,സന്നദ്ധ സംഘടനകള്‍ എന്നിവ ഔദ്യോഗികമായി തന്നെ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ ചേരുന്നുണ്ട് ഒപ്പം വ്യക്തിഗത ഉപയോക്താക്കളും.
2007 ല്‍ സിഡ്നി നഗരത്തില്‍ ഒരു പരീക്ഷണമെന്നോണം തുടങ്ങിയ ഈ പദ്ധതിയില്‍ അന്ന് രണ്ട് ദശലക്ഷം ആളുകള്‍ പങ്കെടുത്തു. തൊട്ടടുത്ത വര്‍ഷം 35 രാജ്യങ്ങളിലായി 50 ദശലക്ഷം പേരിലേക്ക് ഊര്‍ജസംരക്ഷണസന്ദേശം എത്തി. പോയ വര്‍ഷം ഭാരതം അടക്കമുള്ള 35 രാജ്യങ്ങളിലെ 4000 നഗരങ്ങള്‍ പങ്കുചേര്‍ന്നു. നമ്മുടെ നാട്ടിലെ 56 പട്ടണങ്ങളിലെ അഞ്ച് ദശലക്ഷം ആളുകള്‍ക്ക് ഒരു മണിക്കൂര്‍ കൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി മിച്ചം പിടിക്കാനായി.
ലോകപ്രശസ്തമായ സ്ഥാപനങ്ങളും കെട്ടിടങ്ങളും പ്രതീകമെന്നോണം ഇതില്‍ പങ്കാളിയാകുന്നു. കുത്തബ് മിനാര്‍ ,ചെങ്കോട്ട ,മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് ,റിസര്‍വ് ബാങ്ക് ,ഹഡ്കോ, ഐ ഐ ടി കള്‍ , ഐ ഐ എം കള്‍ , ജാമിയ മിലിയ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ തുടങ്ങിയ വയ്ക്ക് ഒപ്പം പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളായ ഇന്‍ഫോസിസ്,വിപ്രോ,ഗൂഗിള്‍ ,ടാജ് ഹോട്ടല്‍ ശൃംഖല എന്നിവയെല്ലാം ഒരു മണിക്കൂര്‍ വിളക്കുകള്‍ ഒഴിവാക്കി സന്ദേശപ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നു. പോയ വര്‍ഷം ബോളിവുഡ് താരം ആമീര്‍ ഖാനായിരുന്നു ഈ പദ്ധതിയുടെ ബ്രാന്‍ഡ് അം‌ബാസിഡര്‍ ഇത്തവണ ഊഴം അഭിഷേക് ബച്ചനാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ , അഭിനവ് ബിന്ദ്ര തുടങ്ങിയ പ്രമുഖരും പലതരത്തില്‍ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനവുമായി സഹകരിക്കുന്നു. കേരളത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ , ഭൌമശാസ്ത്ര പഠന കേന്ദ്രം എന്നിവ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഇത് കേവലം ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം മാത്രമല്ല, ചൂടുപിടിച്ച് ഗുരുതരമായ വിപത്തിലേക്ക് നീങ്ങുന്ന ഭൂമിയുടെ വീണ്ടെടുപ്പിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഈ വേനലവധിക്കാലത്ത് കൂട്ടുകാര്‍ക്കെന്തു ചെയ്യാനാകും ?
ഒരു ലൈറ്റണയ്ക്കൂ ലോഡ് ഷെഡിംഗ് ഒഴിവാക്കൂ : അതായത് സന്ധ്യാ സമയത്ത് നമ്മുടെ വീടുകളില്‍ ഒരു സാധാരണ ബള്‍ബ് അണച്ചിടാനായാല്‍ ഉണ്ടാകുന്ന നേട്ടം എന്താണന്നറിയാമോ? ചിലപ്പോള്‍ ലോഡ്ഷെഡിംഗ് തന്നെ ഒഴിവാക്കാനാകും. എങ്ങനെയെന്നറിയേണ്ടേ! 75 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക വൈദ്യുതോപഭോക്താക്കളില്‍ 70 ലക്ഷം പേര്‍ അറുപത് വാട്സ് ശേഷിയുള്ള ഒരു വിളക്ക് മാത്രം കെടുത്തി സഹകരിച്ചാല്‍ തന്നെ സംസ്ഥാനം ഒട്ടാകെ 420 മെഗാ വാട്ട് ലാഭിക്കാം.
സി എഫ് എല്‍ ലേക്കുമാറാന്‍ ഉപദേശിക്കൂ : സംസ്ഥാനത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിലവില്‍ ഉപയോഗിക്കുന്ന രണ്ട് സാധാരണ ബള്‍ബുകള്‍ക്ക് പകരം ഊര്‍ജക്ഷമത കൂടിയ സി എഫ് വിളക്കുകള്‍ പിടിപ്പിച്ചാല്‍ ഉണ്ടാകുന്ന ലാഭം 600 മെഗാ വാട്ടോളം വരും. സംസ്ഥാന ഊര്‍ജ സുരക്ഷാ മിഷന്റെയും കെ എസ് ഇ ബി യുടെയും ആഭിമുഖ്യത്തില്‍ സൌജന്യനിരക്കില്‍ ഒരോ ഉപഭോക്താവിനും രണ്ട് സി എഫ് വിളക്കുകള്‍ കൊടുക്കുന്ന നടപടി പുരോഗമിക്കുന്നു. ഇതു കൂടാതെ മറ്റ് ബള്‍ബുകളും മാറ്റിയിടാനായി കുടുംബാംഗങ്ങളേയും അയല്‍ക്കാരെയും പ്രേരിപ്പിക്കുക, ഇതുമൂലം അവരുടെ വൈദ്യുത ബില്ലില്‍ ഉണ്ടാകുന്ന കുറവും സംസ്ഥാനത്തിനുണ്ടാകുന്ന മൂലധന നേട്ടവും ബോധ്യപ്പെടുത്തുക. ഒരു മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാനുള്ള പ്രാരംഭച്ചിലവ് എകദേശം നാലു കോടി രൂപയില്‍ കൂടുതലാണ്. ഉപയോഗ സമയത്തുള്ള പ്രസരണ വിതരണ നഷ്ടം വേറെ.
മേല്‍പ്പറഞ്ഞ രണ്ട് മാര്‍ഗങ്ങളിലൂടെ കുറഞ്ഞത് 1000 മെഗാവാട്ട് ലാഭിക്കാനായാല്‍ എകദേശം 4000 കോടിയിലേറേ രൂപയുടെ പദ്ധതിച്ചിലവാണ് നമുക്ക് മിച്ചം പിടിക്കാനാവുന്നത്. മാത്രമല്ല പദ്ധതിമൂലം പുനരധിവസിപ്പിക്കേണ്ടിവരുന്നവരുടെ പ്രശ്നങ്ങളും, പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതവും ഒഴിവാക്കുകയും ചെയ്യാം.
പൂജാമുറിയിലും ആരാധനാ സ്ഥലങ്ങളിലും ഇടുന്ന സീറോ വാട്സ് ബള്‍ബ് (ഇത് സീറോ അല്ല മറിച്ച് 15 വാട്ട് വൈദ്യുതി എടുക്കുന്നതാണ്) മാറ്റി പകരം ഒരു/രണ്ട് വാട്ട് മാത്രം എടുക്കുന്ന എല്‍ ഇ ഡി ബള്‍ബ് ഇടാന്‍ പ്രേരിപ്പിക്കാം. സംസ്ഥാനത്തൊട്ടാകെ ഇത്തരം 10 ലക്ഷം ബള്‍ബ് മാറ്റാനായാല്‍ വരുത്താനാകുന്ന ലാഭം 13 മെഗാവാട്സിന്റെതാണ് എന്ന് ഓര്‍ക്കുക. ഇത്തരം ബള്‍ബുകള്‍ മിക്കയിടങ്ങളിലും ദിനം മുഴുവന്‍ പ്രകാശിക്കുന്നതിനാല്‍ ഈ ചെറിയ നീക്കം ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.
ചെറിയ ദൂരത്തിനുള്ളിലെ യാത്ര കാല്‍നടയായോ അല്ലെങ്കില്‍ സൈക്കിളിലോ ആക്കിക്കോളൂ, ഊര്‍ജവും കരുതാം പ്രകൃതിയെ സംരക്ഷിക്കം ഒപ്പം ആരോഗ്യവും നിലനിര്‍ത്താം.
ദീര്‍ഘദൂരയാത്രയ്ക്ക് കഴിവതും ബസ്, ട്രെയിന്‍ എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക. ഒരു കാറില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രം യാത്രചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതിശീര്‍ഷ എണ്ണയുപയോഗവും ബസിലോ ടെയിനിലോ യാത്രചെയ്യുമ്പോള്‍ ആള്‍ക്കൊന്നിന് ഉണ്ടാകുന്ന എണ്ണച്ചിലവും തമ്മില്‍ വന്‍ അന്തരമാണുള്ളത്. പാതകളിലെ ഗതാഗത കുരുക്കിനും ശമനമാകും. ലാഭിക്കുന്ന ഒരോ തുള്ളി എണ്ണ വഴിയും നമുക്ക് ഒഴിവാക്കാനാകുന്നത് അത് പുറത്തേക്ക് തള്ളുമായിരുന്ന ടണ്‍ കണക്കിന് ഹരിത്ര ഗൃഹ വാതകങ്ങളാണ്. ഈ വാതകങ്ങളാണ് ക്രമേണ ഭൂമിയെ ചൂടുപിടിപ്പിക്കുന്നത്.
നാം ജീവിക്കുന്ന ഭൂമി ഭാവി തലമുറയുടെ പക്കല്‍ നിന്നും കടം വാങ്ങിയതാണന്നോര്‍ക്കുക, അത് സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കേണ്ട ധാര്‍മിക ബാധ്യത നമുക്കുണ്ടെന്ന് ഓര്‍ക്കാം.

“എല്ലാവരുടേയും ആവശ്യങ്ങളെ സഫലീകരിക്കാനുള്ള വിഭവങ്ങള്‍ ഈ ഭൂമിയിലുണ്ട്. പക്ഷെ അത് എല്ലാവരുടെയും അത്യാര്‍ത്തിക്ക് തികയില്ല”
ഈ ഗാന്ധീ സൂക്തം എക്കാലത്തും പ്രസക്തം.

Tuesday, March 23, 2010

ഡോട്ട് കോം വിലാസത്തിന് 25 ന്റെ നിറവ്

ഇന്റര്‍നെറ്റ്‌ എന്നാല്‍ നമുക്കു പലര്‍ക്കും ഡോട്ട്‌കോം ആണ്‌ (.com). ഒട്ടനേകം വാലറ്റപ്പേരുകള്‍ ഉണ്ടെങ്കിലും ഇത്രമേല്‍ ജനകീയമായത്‌ മറ്റൊന്നുമില്ല. ഓരോ ദിവസവും ആയിരക്കണക്കിനു പേരാണ്‌ ഡോട്ട്‌കോം വാലുമായി പിറന്നുവീഴുന്നത്‌. സാങ്കേതികമായി ഈ `കോമിനെ' ജനറിക്‌ ടോപ്‌ ലെവല്‍ ഡൊമൈന്‍ (g TLD) എന്നാണ്‌ വിളിക്കുന്നത്‌. .edu, .net, .mil (മിലിറ്ററി), .org എന്നിവയും നമുക്ക്‌ പരിചിതങ്ങളായ മറ്റ്‌ gTLD കളാണ്‌. കൂട്ടത്തില്‍ എണ്ണംകൊണ്ടും ഉപയോഗംകൊണ്ടും ഡോട്ട്‌കോം തന്നെ മുന്നില്‍. ഇതുകൂടാതെ cc TLD കളും (country code TLD) ഉണ്ട്‌. .in (ഇന്ത്യ) .cn (ചൈന), .pk (പാകിസ്ഥാന്‍), .sa (സൗദി അറേബ്യ) എന്നിവ ഉദാഹരണം.
ഡോട്ട്‌കോം എന്ന ഇന്റര്‍നെറ്റ്‌ വാലറ്റപ്പേര്‌ 25 വര്‍ഷം തികയുന്നവേളയില്‍ വിപുലമായ ആഘോഷങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌. നിലവിലെ .കോം രജിസ്‌ട്രാറായ വെരിസൈന്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ആദ്യത്തെ ഡോട്ട്‌കോം വിലാസം കരസ്ഥമാക്കിയ symbolics.com ഉം ഒപ്പമുണ്ട്‌. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്‌ ലോകത്തിന്‌ നിസ്‌തുല സംഭാവന നല്‍കിയ 75 പ്രസ്ഥാനങ്ങളെ/വ്യക്തികളെ ആദരിക്കുന്നുണ്ട്‌. വിശ്രുതരായ സംരംഭകരും എഴുത്തുകാരും അടങ്ങിയ ജൂറിയാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌. ഇന്ത്യന്‍ സ്ഥാപനമായ ഇന്‍ഫോസിസും സിലിക്കോണ്‍ വാലിയിലെ പ്രൗഢമായ ഇന്ത്യന്‍ സാന്നിധ്യം വിനോദ കോസ്‌ലയും ആദരിക്കുന്നവരുടെ പട്ടികയിലുണ്ട്‌. പട്ടികയിലെ മറ്റൊരു ശ്രദ്ധേയതാരം നോബല്‍ ജേതാവും ബംഗ്ലാദേശുകാരനുമായ ഡോ. മുഹമ്മദ്‌ യൂനുസാണ്‌. ഇന്റര്‍നെറ്റിനെ ഒരു ബിസിനസ്‌ ഇടമാക്കി ചെറുകിട സംരംഭകര്‍ക്കിടയില്‍ ജനപ്രിയമാക്കിയതിനും ഗ്രാമീണ ടെലിഫോണ്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയതിനുമാണ്‌ ഈ അംഗീകാരം.
കൊമേഴ്‌സ്യല്‍ എന്ന വാക്കിന്റെ ചുരുക്കെഴുത്തായാണ്‌ .com ഉരുത്തിരിഞ്ഞുവന്നത്‌. ഇതിന്റെ വര്‍ധിച്ച എണ്ണവും തിരക്കും നിയന്ത്രിക്കാനായി .biz എന്ന മറ്റൊരു gTLD കൂടി അവതരിപ്പിച്ചെങ്കിലും പുതിയ അവതാരത്തെ ആര്‍ക്കും വേണ്ടെന്നതാണ്‌ അവസ്ഥ. ആദ്യകാലത്ത്‌ അമേരിക്കന്‍ പ്രതിരോധവകുപ്പാണ്‌ കോം പട്ടിക പരിപാലിച്ചിരുന്നത്‌. പിന്നീട്‌ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള വെരിസൈന്‍ (verisign) എന്ന സ്ഥാപനത്തിന്‌ നിയന്ത്രണാധികാരം കൈമാറി. മറ്റനേകം സമാനസ്ഥാപനങ്ങളെയും ബാങ്കുകളേയും ഡിജിറ്റല്‍ സുരക്ഷയില്‍ സാങ്കേതിക സജ്ജരാക്കുന്ന ജോലിയില്‍ മുഖ്യമായും ശ്രദ്ധപതിപ്പിച്ചിരിക്കുന്ന സ്ഥാപനമാണ്‌ വെരിസൈന്‍. 1985 മാര്‍ച്ച്‌ 15 നാണ്‌ ആദ്യ .കോം വിലാസം Symbolics സ്വന്തമാക്കുന്നത്‌. പിന്നീടിങ്ങോട്ട്‌ ചരിത്രം, ഇന്ന്‌ ഇന്റര്‍നെറ്റ്‌ വിലാസമോ ഇ മെയില്‍ വിലാസമോ ഇല്ലാതെ വാണിജ്യ/വ്യാപാര ബന്ധങ്ങളില്‍ സുഗമമായി ഇടപെടാനാകില്ല എന്നുവരെ എത്തിനില്‍ക്കുന്നു. മൊബൈല്‍ ഫോണിലേക്കുകൂടി ഇന്റര്‍നെറ്റ്‌ വ്യാപിച്ചതോടെ ഒരു രണ്ടാം കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്‌ ഇന്റര്‍നെറ്റ്‌. എം കൊമേഴ്‌സും, എം ഗവണന്‍സും ഇതിന്റെ ഭാഗം.

(ccTLD യും വിവിധ രാജ്യങ്ങളുമായുള്ള കൗതുകവിവരങ്ങളും ഡോട്ട്‌കോം തട്ടിപ്പുകളെപ്പറ്റിയും അടുത്ത പോസ്റ്റായി ഇടാം).

Wednesday, March 10, 2010

ഫോട്ടോഷോപ്പ്‌ @20

കംപ്യൂട്ടര്‍ ഉപയോഗിച്ചുതുടങ്ങുമ്പോള്‍ത്തന്നെ മിക്കവരും കേട്ടുതുടങ്ങുന്ന പേരാണ്‌ ഫോട്ടോഷോപ്പ്‌. ചിത്രങ്ങള്‍ക്ക്‌ മിഴിവേകുവാനും മറ്റു ചില അവസരത്തില്‍ രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും വരയ്‌ക്കാനും ഈ ചിത്രപ്പീടിക (Photoshop) തന്നെ ആശ്രയം. കംപ്യൂട്ടര്‍ ഇമേജിങ്‌ രംഗത്ത്‌ പിച്ചവച്ചു നടക്കുന്നവര്‍മുതല്‍ തികഞ്ഞ പ്രൊഫഷണല്‍ വൈഭവമുള്ള ആര്‍ട്ടിസ്‌റ്റുകള്‍വരെ ഫോട്ടോഷോപ്പിന്റെ ആരാധകര്‍. ഈ ആവശ്യകത മുന്‍കൂട്ടി കണ്ടുകൊണ്ടാകണം നിര്‍മാതാക്കളായ അഡോബി ഓരോ പുതിയ പതിപ്പ്‌ പുറത്തിറക്കുമ്പോഴും നവീനവും പുതുക്കപ്പെട്ടതുമായ സൗകര്യങ്ങള്‍ (New and Improved tools) ഫോട്ടോഷോപ്പിലേക്ക്‌ വിദഗ്ദമായി ഇണക്കിച്ചേര്‍ക്കുന്നത്‌.
അല്‍പ്പം ചരിത്രം:
മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തോമസ്‌ നോളും സഹോദരന്‍ ജോണും കൂടി പരീക്ഷണം എന്ന നിലയില്‍ 1987ല്‍ തുടങ്ങിയതാണ്‌ ഈ സംരംഭം. പിതാവിന്റെ ഫോട്ടോഗ്രഫി പരീക്ഷണശാലയുടെ ഇരുട്ടുമുറി ബാല്യകാലംമുതല്‍ക്കേ ഇവരില്‍ ചിത്രകൗതുകത്തിന്റെ സാധ്യതകള്‍ക്ക്‌ വിത്തുപാകിയെന്നു പറയാം. അന്നത്തെ കാലത്തുതന്നെ പിതാവ്‌ തന്റെ ആവശ്യങ്ങള്‍ക്കും മറ്റുമായി ഒരു കംപ്യൂട്ടറും വാങ്ങിയിരുന്നു. പ്രതിഭയുടെ മിന്നലാട്ടം ചിത്രപ്പണിയുടെ രൂപത്തില്‍ കംപ്യൂട്ടറിലൂടെ വളരാന്‍ അധികസമയം എടുത്തില്ല. കളര്‍ മോണിറ്ററും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസും (GUI) അത്രമേല്‍ വ്യാപകമല്ലാതിരുന്ന ആ കാലത്ത്‌ തോമസ്‌ നോള്‍ ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കി. ചാരനിറമുള്ള ചിത്രങ്ങള്‍ (Greyscale Images) കൈകാര്യം ചെയ്യാനുതകുന്നതായിരുന്നു ഇത്‌. കറുപ്പും വെളുപ്പും മാത്രം മിന്നിമറയുന്ന സ്‌ക്രീന്‍ ചതുരത്തില്‍ ഇതിന്റെ ഷെയ്‌ഡുകളായ വിവിധാനുപാതത്തിലുള്ള ചാരനിറം മാത്രമായിരുന്നു അന്നത്തെ പരമാവധി സാധ്യത. അത്‌ അവര്‍ ഭംഗിയായി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. 1987ല്‍ ആരംഭസമയത്ത്‌ `ഡിസ്‌പ്ലേ' എന്നായിരുന്നു പേര്‌. പിന്നീട്‌ ചെറിയൊരു ഇടവേളയില്‍ `ഇമേജ്‌ പ്രോ' എന്ന പേരുമാറ്റവും നടന്നു. 1990ല്‍ ലോകപ്രസിദ്ധമായ `അഡോബി' ഈ ചിത്രപ്പണി സോഫ്‌റ്റ്‌വെയറിയെ സ്വന്തമാക്കി (അതോ ഇതിനെ സ്വന്തമാക്കുന്നതിലൂടെ അഡോബി പ്രശസ്‌തമാവുകയായിരുന്നോ!). ഏതായാലും അഡോബി എന്ന പുത്തന്‍ ഉടമയ്‌ക്കൊപ്പം ചെന്നപ്പോള്‍ `ഫോട്ടോഷോപ്പ്‌' ആരാധകരുടെ ഇഷ്ടപ്പെട്ട ആപ്ലിക്കേഷന്‍ ആകാന്‍ ഏറെസമയം എടുത്തില്ല. ഇന്ന്‌ ഇതില്‍ എത്രയധികം സൗകര്യങ്ങളുണ്ടെന്ന്‌ അറിയുന്നവര്‍ അത്രയധികം ഉണ്ടാകില്ല അതായത് എല്ലാ മെനുവും അതിന്റെ പരമാവധി സൗകര്യവും അറിയുന്നവര്‍ ചുരുക്കം. ഡിജിറ്റല്‍ ക്യാമറകളുടെ വന്‍ ജനപ്രീതിയും വ്യാപകമായ ഉപയോഗവും അക്ഷരാര്‍ഥത്തില്‍ ഫോട്ടോഷോപ്പിനെ ആര്‍ക്കും വിട്ടുപിരിയാന്‍ പറ്റാത്ത തലത്തിലേക്കെത്തിച്ചു.

നമ്മുടെ നാട്ടിലെ സ്‌റ്റുഡിയോയിലെ ചിത്രമെടുപ്പിന്റെ ഭൂതകാലം തന്നെ നോക്കുക. ഭാരമേറിയ ക്യാമറയില്‍ ഫോട്ടോഗ്രാഫിക്‌ ഫിലിം റോള്‍ ലോഡ്‌ ചെയ്‌തശേഷം എടുക്കുന്ന ഫോട്ടോ, ഹൈപ്പോവാട്ടര്‍ ഉപയോഗിച്ചു കഴുകിയശേഷം ഡെവലപ്‌ ചെയ്‌തെടുക്കുന്നു. ഒരു ഫോട്ടോ എടുക്കാനുള്ള ചെലവ്‌, സമയം എന്നിവ ഏറെയായിരുന്നു. ഇന്നാകട്ടെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച്‌ ഒട്ടേറെ ഫോട്ടോ നിമിഷംകൊണ്ട്‌ എടുക്കാനാകും. കപ്യൂട്ടറില്‍ നോക്കി നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ ചിത്രം തെരഞ്ഞെടുത്ത്‌ േഫാട്ടോഷോപ്പില്‍ `മിനുക്കല്‍' പണി നടത്തിയശേഷം മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലേക്കെത്തിക്കും. നേരത്തത്തെ`ഡാര്‍ക്‌റൂം' പ്രക്രിയയെയാണ്‌ നല്ല വെളിച്ചത്തില്‍ ഇരിക്കുന്ന കംപ്യൂട്ടറിലെ ഫോട്ടോഷോപ്പ്‌ മാറ്റി പ്രതിഷ്‌ഠിച്ചത്‌.

സാങ്കേതികവിദ്യയോടുള്ള ചങ്ങാത്തം സമൂഹത്തില്‍ എല്ലാകാലത്തും ഭീതിയോ ആശങ്കയോ ആയി ഇരുപ്പുറപ്പിക്കാറുണ്ട്‌. പരമ്പരാഗത ശൈലിയെ തകര്‍ക്കുന്ന വേഗവും കൈമാറ്റ സൗകര്യങ്ങളുമാണ്‌ ഇതിനു കാരണം. ഇവിടെ ഇത്‌ `ഫോട്ടോഷോപ്പ്‌ ഫോബിയ' എന്നു പറയാവുന്ന ഒരു തലത്തിലേക്കെത്തിച്ചിട്ടുണ്ട്‌. അപകീര്‍ത്തികരമായ ചിത്രങ്ങള്‍, അശ്ലീലതയുടെ ചുവയുള്ള എഡിറ്റിങ്ങുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ചിത്രവധം എന്നിവ നടത്താന്‍ ഫോട്ടോഷോപ്പിനെ കൂട്ടുപിടിച്ചവര്‍ കുറവല്ല. ഇനി തനി/യഥാര്‍ഥ ഫോട്ടോ കാണിച്ച്‌ ഒരാളെ സത്യത്തിന്റെ രീതിയിലേക്ക്‌ ചോദ്യംചെയ്യാന്‍ ആരംഭിച്ചാലും അയാള്‍ രക്ഷയുടെ അവസാന കച്ചിത്തുരുമ്പായി എടുത്ത്‌ വീശുന്നതും `ഓ! ഇത്‌ ഫോട്ടോഷോപ്പിന്റെ കളിയാ'! എന്നായിരിക്കുന്നു. ഇമേജ്‌ എഡിറ്റിങ്ങിനുള്ള കോറല്‍ഡ്രോ, സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപായമായ `ജിമ്പ്‌' എന്നിവയ്‌ക്കും ഒട്ടേറെ ആരാധകരുണ്ടെങ്കിലും ഫോട്ടോഷോപ്പ്‌ ഒരു പ്രോഡക്ട്‌ ഐഡന്റിഫിക്കേഷന്‍ സ്ഥാപിച്ചെടുത്തു എന്നത്‌ നിഷേധിക്കാനാകില്ല (ഫോട്ടോസ്‌റ്റാറ്റിന്‌ Xerox കോപ്പി, വനസ്‌പതിക്ക്‌ ഡാല്‍ഡ, ആന്റിസെപ്‌റ്റിക്‌ ലായനിക്ക്‌ ഡെറ്റോള്‍ എന്നുപറയുന്നപോലെ).
മലയാളി ടച്ചും
എവിടെ ചെന്നാലും മലയാളികള്‍ ഉണ്ടെന്നു പറയുന്നത്‌ ഒരുപക്ഷേ ഫലിതമായിട്ടാകാം. എന്നാല്‍ ഫോട്ടോഷോപ്പ്‌ കംപ്യൂട്ടറില്‍ സജീവമായി വരുന്നവേളയില്‍ ഔദ്യോഗിക മുദ്രയ്‌ക്കും ഗ്രാഫിക്‌സിനുമൊപ്പം ഇതില്‍ സഹകരിച്ച പ്രൊഫഷണലുകളുടെ പേര്‌ എഴുതിക്കാണിക്കുന്നുണ്ട്‌. ഇതില്‍ ഒരു മലയാളി ഉണ്ട്‌. പത്തനംതിട്ട സ്വദേശി വിനോദ്‌ ബാലകൃഷ്‌ണന്‍. കൊല്ലം ടികെഎം എന്‍ജിനിയറിങ്‌ കോളേജില്‍നിന്നു ബിരുദമെടുത്ത വിനോദ്‌ അഡോബിയിലെ മുന്‍നിര എന്‍ജിനിയറാണ്‌. തിരുച്ചിറപ്പള്ളി ആര്‍ഇസിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്ത തമിഴ്‌നാട്ടുകാരനായ സീതാരാമന്‍ നാരായണനും അഡോബിയില്‍ മറ്റൊരു മുതിര്‍ന്ന ഇന്ത്യന്‍ സാന്നിധ്യമാണ്‌.

******
യൂടൂബ് @ 5
അഡോബിയുടെ ഇരുപതു വര്‍ഷ ചരിത്രത്തിനിടയില്‍ മറ്റോരു താരം അഞ്ചുവര്‍ഷം തികയ്ക്കുന്നത്‌ വലിയ വാര്‍ത്താപ്രാധാന്യമുള്ളതാണോ എന്നു സന്ദേഹിച്ചാല്‍ അല്ല എന്നുത്തരം. എന്നാല്‍ നിലവില്‍വന്ന്‌ അഞ്ചാണ്ടിനുള്ളില്‍ സൈബര്‍ലോകത്തെ ഇരുത്തംവന്ന സ്ഥാപനങ്ങളെ പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന യൂടൂബിന്റെ കാര്യത്തില്‍ ഈ ചെറിയ കാലയളവ്‌ ചരിത്രംതന്നെ. ഇന്റര്‍നെറ്റിലൂടെ വീഡിയോ കൈമാറാനുള്ള സംരംഭമായി തുടങ്ങിയ ഈ വെബ്‌സൈറ്റ്‌ ഇത്രകണ്ട്‌ ജനപ്രിയമാകുമെന്ന്‌ സ്ഥാപകരായ സറ്റീവ്‌ചിന്‍, ചഡ്‌ഹാര്‍ലി, ജവേദ്‌ കരീം എന്നിവര്‍പോലും സ്വപ്‌നംകണ്ടിട്ടുണ്ടാകില്ല. വെബ്‌ നിരീക്ഷകരായ അലക്‌സാ ഡോട്ട്‌കോമിന്റെ കണക്കുകളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നായി യൂടൂബുണ്ട്‌.

2005 ഫെബ്രുവരിയില്‍ 12 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ മൂലധനവുമായി സ്ഥാപനം തുടങ്ങി. ഇന്ന്‌ ഓരോ മിനിറ്റിലും 20 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന്‌ ഇവിടേക്കെത്തുന്നു. തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗൂഗിള്‍ യൂടൂബിനെ സ്വന്തമാക്കി. ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തെത്തന്നെ ഉള്ളതിനാലോ അതോ ഇതിനെ സ്വന്തമായി പറക്കാനനുവദിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആകണം ഗൂഗിളിലേക്ക്‌ പൂര്‍ണമായും ലയിപ്പിക്കാതെ ഒരു ഉപകമ്പനിയായി തുടരാനാണ്‌ അനുവദിച്ചത്‌. ഇന്ന്‌ യൂടൂബിന്‌ തൊട്ടടുത്തുപോലും ഒരു എതിരാളി ഇല്ല. നോബല്‍സമ്മാനം ആയാലും ഈയാഴ്‌ച പ്രഖ്യാപിച്ച ഓസ്‌കാറായാലും ഇനി നടക്കാനിരിക്കുന്ന ഐപിഎല്‍ ക്രിക്കറ്റായാലും ലൈവായിത്തന്നെ യൂടൂബിലുണ്ട്‌; അതും ഔദ്യോഗിക വീഡിയോ അവകാശത്തോടെ. ആദ്യകാലത്ത്‌ ഒരു നിലവാരത്തിലുള്ള വീഡിയോ മാത്രമായിരുന്നുവെങ്കില്‍. ഇന്ന്‌ ഹൈ ഡെഫനിഷന്‍, മൊബൈല്‍ ഫോണ്‍ വീഡിയോ എന്നിങ്ങനെ കുറച്ചധികം വകഭേദങ്ങളുമുണ്ട്‌. സിറ്റിസണ്‍ ജേര്‍ണലിസ്‌റ്റുകളുടെയും സമാന്തര സിനിമാ പ്രേമികളുടെയും ഇഷ്ടയിടമായി യൂടൂബ്‌ മാറിക്കഴിഞ്ഞു. ട്വിറ്റര്‍, ഓര്‍ക്കുട്ട്‌, ഫേസ്‌ ബുക്ക്‌, ബസ്‌ എന്നീ സോഷ്യല്‍ ഇടങ്ങള്‍ വഴി നേരിട്ടും ഹൈപ്പര്‍ലിങ്കായും യൂടൂബ്‌ വീഡിയോ കോടിക്കണക്കിന്‌ പ്രേക്ഷകരിലെത്തുന്നുണ്ട്‌. ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ടിവി ചാനലിനേക്കാളും പ്രേക്ഷകര്‍ യൂടൂബിനുണ്ട്‌ എന്നറിയുമ്പോള്‍ ഇതിന്റെ അഞ്ചുവര്‍ഷം സംഭവബഹുലമായിരുന്നുവെന്നു വ്യക്തമാകും.
യൂട്യൂബിനെ വിശദീകരിച്ച് ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം ഇട്ടിരുന്നു. വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ

Saturday, March 06, 2010

മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം

മലയാള ഭാഷയിലെ പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form
ഇന്ന് (മാര്‍ച്ച് ആറ്, 2010) നടന്ന ഒരു ഗൂഗിള്‍ ബസ് ചര്‍ച്ചയെ തുടര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ്. നിങ്ങള്‍ക്കും പുതിയ വാക്കുകള്‍ നല്‍കാം. സാങ്കേതിക വിദ്യ സംബന്ധമായ ഒട്ടേറെ പദങ്ങളും ശൈലിയും ദിനേന മലയാള ഭാഷയിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭാഷയുടെ തനിമ നിലനിര്‍ത്താനും പുതിയതും പുതുക്കപ്പെട്ടതുമായ വാക്കുകള്‍ അറിയാനും ഈ കണ്ണികള്‍ പ്രയോജനപ്പെടുത്താം. ഇവിടെ നടക്കുന്ന വാക്കുചേര്‍ക്കലുകള്‍ക്കും മാറ്റിയെഴുതലുകള്‍ക്കും പക്വത പ്രാപിക്കുന്നതിനുമനുസരിച്ച് ഒരു ബ്ലോഗിലേക്കോ അല്ലെങ്കില്‍ വിക്കി പേജിലേക്കോ വാക്കുകളെ മാറ്റാം. എതായാലും പത്രപ്രവര്‍ത്തകര്‍ക്ക്/ബ്ലോഗര്‍മാര്‍ക്ക് ഈ ശൈലീ-വാക്ക് ഇ-പുസ്തകം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയുണ്ട്.

പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form

....
പ്രമുഖ ബ്ലോഗറും സമാന മേഖലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഹരീഷ് നമ്പൂതിരിയാണ് ഈ നവസംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്

Thursday, March 04, 2010

ഇങ്ങനെയും ഭാഷയുടെ തനിമ നിലനിര്‍ത്താം :-(

ഈ ബ്ലോഗ് പോസ്റ്റിനൊപ്പമുള്ള പരസ്യം വായിക്കുക. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’ യുടെ ഡിസംബര്‍ ലക്കത്തിലെ ഒരു പരസ്യമാ‍ണ് പ്രതിപാദ്യ വിഷയം. പരസ്യം ഇന്‍സ്റ്റിട്യൂട്ടിന്റെതു തന്നെ, അന്താരാഷ്ട്ര പുസ്തകോത്സവം ആണ് വിഷയം. ഇത് നടക്കുന്ന സ്ഥലത്തിന്റെ പേര് കൌതുകമുണര്‍ത്തും. അരയിടത്തു ബ്രിഡ്ജ് ഗ്രൌണ്ട്. കോഴിക്കോട്ടെ ഈ സ്ഥലത്തിന് അരയിടത്ത് പാലം മൈതാനം എന്ന് പോരെ, അങ്ങനെ തന്നെയല്ലേ അന്നാട്ടുകാരും നാമെല്ലാവരും പറയുന്നത്. എന്തിന് ആ നാട്ടിലെ ബസിലെ സ്ഥല സൂചികകളിലും മറ്റും അരയിടത്തുപാലം എന്ന് തന്നെയാണ് എഴുതുന്നത്.
മറ്റാരെങ്കിലും മലയാളഭാഷയെ ഈ രീതിയില്‍ അരും കൊല ചെയ്താലും പൊറുക്കാമായിരുന്നു, പക്ഷെ ഭാഷയുടെ തനിമ നിലനിര്‍ത്താനും അനുബന്ധ ഗവേഷണ പഠനങ്ങളിലും പ്രസിദ്ധീകരണ രംഗത്തും ഇടപെടുന്ന അല്ലെങ്കില്‍ അതിനായി നിയോഗിക്കപ്പെട്ട ‘കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്’ തന്നെ ഇതു ചെയ്തത് ശരിയായില്ല.
താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

Tuesday, March 02, 2010

ഗൂണ്ടാ സ്റ്റേഷന്‍ അഥവാ പഴയ പൊലിസ് സ്റ്റേഷന്‍

വ്യാജ സി ഡി ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ശിക്ഷ കടുത്തതായിരിക്കുമെന്ന് ആന്റി പൈറസി സെല്‍ മേധാവിയും ഐ.ജിയുമായ ശ്രീ ലേഖ
ഇതുമായി ചേര്‍ത്തു വയ്ക്കാവുന്ന ചില പ്രശ്‌നങ്ങള്‍
1. നാളെ നമ്മുടെ പോലിസ് സ്റ്റേഷനുകളിലെ കമ്പ്യൂട്ടറുകളില്‍ പൈറേറ്റഡ് സോഫ്‌ട് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഒരാള്‍ ആര്‍ ടി ഐ പ്രകാരം ശ്രമിച്ചാലോ, അല്ലെങ്കില്‍ മൈക്രോ‌സോഫ്ടോ അഡോബിയോ നേരിട്ട് ഒരു പരാതിയോ കൊടുത്താല്‍ കള്ളന്‍ കപ്പലില്‍ (ഗൂണ്ടാ പോലിസ് സ്റ്റേഷനില്‍) ആണെന്ന് തെളിയില്ലേ.
2. ബ്ലു ടൂത്ത് വഴി സിനിമ/പാട്ട് പകര്‍ത്തി കൊടുക്കുന്നതും കാണുന്നതും ഇതേ നിയമത്തിന്റെ കണ്ണില്‍ കുറ്റമല്ലേ. കേരളത്തില്‍ 2 കോടി മൊബീല്‍ കണക്ഷന്‍ ഉണ്ടത്രേ. അതില്‍ കേവലം ഒരു ശതമാനം വരിക്കാരുടെ ഫോണില്‍ അനധികൃതമായി പകര്‍ത്തിയ സിനിമയ്യോ അല്ലെങ്കില്‍ ഒരു പാട്ടോ ഉണ്ടെന്നിരിക്കട്ടെ. എന്നു വച്ചാല്‍ രണ്ടു ലക്ഷം മലയാളികള്‍ ഗൂണ്ടാ ആണെന്നാണ് തെളിയാന്‍ പോകുന്നത്.
3. നമ്മുടെ തെരുവോരങ്ങളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകം വില്‍ക്കുന്നവരുടെ മുഖ്യ വിപണനം പൈറേറ്റഡ് പുസ്തകമാണ് . ഇപ്പോഴത്തെ ബെസ്റ്റ് സെല്ലറായ ചേതന്‍ ഭഗത്തിന്റെ പുസ്തകങ്ങളെടുക്കാം. എകദേശം 160 പതിപ്പുകള്‍ വിറ്റ ഫൈവ് പോയിന്റ് സം‌വണ്‍ അതിലും എത്രയോ കോപ്പി വ്യാജപ്പതിപ്പുകള്‍ മൂലം വായനക്കാരുടെ കയ്യില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ പ്രസാധകരായ രൂപ & കോ നമ്മുടെ ഐ ജി ക്ക് ഒരു കത്ത് കൊടുത്താല്‍ ഇത് വില്‍ക്കുന്ന പാവങ്ങളെയോ അല്ലെങ്കില്‍ ചുളുവിലയ്ക്ക് വാങ്ങി അലമാരയില്‍ വച്ചിരിക്കുന്ന മാന്യന്മാരെയോ ഗൂണ്ടാ ആക്‍റ്റില്‍ പെടുത്തുമോ.
4. സിനിമാ പ്രവര്‍ത്തകരുടെ/നിര്‍മാതാക്കളുടെ വീട്ടിലുള്ള പുസ്തകങ്ങളും /കമ്പ്യൂട്ടറും ഒന്ന് അരിച്ചു പെറുക്കിയാല്‍ ഗൂണ്ടായെ പിടിക്കാന്‍ പോയവരും ഗൂണ്ടാ ആകുന്ന കാലം കാണാം. അപ്പോള്‍ പൈറേറ്റഡ് പുസ്തകം ഇല്ലാത്ത വീടാണ് അഴിക്കോട്ടെതെങ്കില്‍ സുകുമാരന് ഇനി ഗുണ്ടാ മമ്മൂട്ടി,ഗൂണ്ടാ മോഹന്‍ ലാല്‍ എന്നും കൂവാം.