Friday, January 22, 2010

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം

നേരത്തേ വിക്കിപീഡിയയില്‍ ലേഖനം ചേര്‍ക്കുന്നത് പഠിപ്പിക്കാനായി ഒരു മലയാളി എഞ്ചിനീയര്‍ നാട്ടില്‍ വന്നപ്പോള്‍ തന്റെ തൊട്ടടുത്ത സ്കൂളില്‍ ഒരു പരിശീലനം നല്‍കി, താമസിച്ചില്ല ഒരു പ്രമുഖപാര്‍ടിയുടെ യുവജനവിഭാഗം പരിശിലനം തടസപ്പെടുത്തിയത് “രാജ്യത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ കുട്ടികളെ കൊണ്ട് വിദേശത്തെ ശക്തികള്‍ക്കായി ചോര്‍ത്തിനല്‍കുന്നു” എന്ന ആരോപണവുമായാണ്. ഇന്ന് വിക്കിപീഡിയ മലയാളം എന്താണന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിക്കി എന്ന പ്രത്യേക പദ്ധതി ഒദ്യോഗികമായി തന്നെ തുടങ്ങി.
ഈ മാപ്പിംഗ് പദ്ധതിക്കും അതു തന്നെ യാകാനാണ് സാദ്ധ്യത. നേരത്തേ അച്യുത് ശങ്കര്‍ സര്‍ ഒരിടത്ത് സൂചിപ്പിച്ചത് പോലെ നമുക്ക് ‘ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞാല്‍ വണക്കം” ആണ്. കമ്പ്യൂട്ടറിന്റെ കാര്യമായാലും ട്രാക്‍ടര്‍,മൊബീല്‍ ഫോണ്‍,വിക്കിപീഡിയ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തും. ഡോ സിബി മാത്യൂസ് സത്യസന്ധതയുള്ള ഓഫീസര്‍ ആകാം ആ സത്യ സന്ധതയുടെ ലേബലില്‍ ആകാം താഴെ കാണുന്ന വാര്‍ത്ത വായനക്കാര്‍ വായിക്കുന്നത്, എന്നാല്‍ സംസ്ഥാന പൊലിസിലെ സൈബര്‍ സെല്ലിലോ സിഡാക് പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായമോ അല്ലേ കൂടുതല്‍ ഉപയുക്തമാകുക. അതുമല്ലെങ്കില്‍ ഐ.ഐ.ടി യില്‍ അടക്കം പഠിച്ചിട്ടുള്ള ഓഫീസര്‍മാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായി ‘മില്‍മ’ യിലും മറ്റും ഒതുങ്ങിക്കഴിയുന്നുണ്ടല്ലോ അവരുടെ അഭിപ്രായം ആരായാമല്ലോ. ഇങ്ങനെ ഈ മാപ്പിംഗ് പാര്‍ട്ടി തടയപ്പെടുകയാണങ്കില്‍ നഷ്ടമാകുന്നത് കുറെ വര്‍ഷം മാത്രമാകും, കാരണം എതാനും വര്‍ഷങ്ങാള്‍ക്കകം സംസ്ഥാനം തന്നെ ഗൂഗിളിന് ഓദ്യോഗികമായി എഴുതുന്ന കാര്യം പോലും തള്ളിക്കളയാനാത്ത സാഹചര്യത്തില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക
http://www.mathrubhumi.com/php/newFrm.php?news_id=123843&n_type=NE&category_id=3&Farc=

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം
ആഭ്യന്തര വകുപ്പിന്‌ ഇന്ന്‌ കത്ത്‌ നല്‍കും
കേരളത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' നടത്തുന്ന 'കേരള മാപ്പിങ്‌ പാര്‍ട്ടി' വിവാദത്തിലേയ്‌ക്ക്‌. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശവും ഒരുമീറ്റര്‍ സൂക്ഷ്‌മാനുപാതത്തില്‍ ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്താനാണ്‌ ഗൂഗിള്‍ തിരുവനന്തപുരത്ത്‌ ആദ്യ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നത്‌. സാറ്റലൈറ്റ്‌ സഹായത്തോടെ ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്‌' എന്ന നിലവിലെ പ്രോഗ്രാമില്‍ സംസ്ഥാനത്തിലെ ഇടവഴികളും പ്രധാന കെട്ടിടങ്ങളും ബാങ്കുകളും ആസ്‌പത്രികളുമെല്ലാം രേഖപ്പെടുത്തി സമഗ്രമാക്കാനുള്ള പരിശീലനം നല്‍കാനാണ്‌ തങ്ങള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നതെന്ന്‌ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവരെ രണ്ടാഴ്‌ചമുമ്പ്‌ ഗൂഗിളിന്റെ പ്രാദേശിക പ്രതിനിധികള്‍ ക്ഷണിച്ചിരുന്നു. ഓണ്‍ലൈനില്‍ വസ്‌തുവിന്റെ സ്‌കെച്ച്‌ ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, റവന്യൂ വകുപ്പിന്റെ കീഴിലുളള, ഭൂമികേരളം പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ബിജു പ്രഭാകറിനെക്കൂടാതെ സംസ്ഥാന സര്‍വേ ഡയറക്ടര്‍ ഡോ.രവീന്ദ്രനും സര്‍വേ വകുപ്പിലെ സാങ്കേതിക വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

എന്നാല്‍ മാപ്പിങ്‌ പാര്‍ട്ടി സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. സിബി മാത്യൂസ്‌. 'സംസ്ഥാനത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയെന്നത്‌ തീര്‍ച്ചയായും സുരക്ഷയ്‌ക്ക്‌ ഭീഷണിയാണ്‌. മാപ്പിങ്‌ പാര്‍ട്ടിയ്‌ക്ക്‌ എന്‍ജിനീയറിങ്‌ മേഖലയില്‍ പ്രസക്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ സുരക്ഷയ്‌ക്ക്‌ ഭീഷണിയുണ്ടാക്കുന്ന ഈ പദ്ധതി നടത്താന്‍ അനുവദിക്കണമോ എന്ന കാര്യം അടിയന്തരമായി തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌' -ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച്‌ ശനിയാഴ്‌ച ആഭ്യന്തര വകുപ്പിന്‌ കത്തുനല്‍കുമെന്നും സിബി മാത്യൂസ്‌ കൂട്ടിച്ചേര്‍ത്തു.

9 comments:

വി. കെ ആദര്‍ശ് said...

:-)

Cartoonist said...

ഒരു ഡബ്ബ്ള് :)) ഇരിക്കട്ടെ

അങ്കിള്‍ said...

"‘ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞാല്‍ വണക്കം”

ഡോഃ അച്ചുത് ശങ്കറിന്റെ വാക്കുകൾ അന്വർത്ഥമാകുന്നു അല്ലേ. നമ്മൾ നന്നാകില്ല, ആദർശേ.

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ ജനത്തിന്റെ ബുദ്ധി മാന്ദ്യം അധികാര തലത്തിലെത്തുംബോള്‍ കൂടിവരികയാണെന്നു തോന്നുന്നു.
ലോക സ്വര്‍ണ്ണഖനി ഉടമകളുടെ സംഘടനയുമായി ഒത്തുചേര്‍ന്ന് (world Gold Council)ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ നടത്താന്‍ നമുക്ക്
സാമ്രാജ്യത്വ വിരോധം തടസ്സമാകുന്നില്ല.
എന്നാല്‍, ശാസ്ത്ര സാങ്കേതിക നേട്ടത്തിന്റെ ഭാഗമായുള്ള
ഗൂഗിള്‍ മാപ്പിന്റെ ഉപയോഗം എന്താണെന്ന് ചിന്തിക്കാനുള്ള ശേഷിപോലും നമ്മളില്‍ വികസിച്ചിട്ടില്ലെന്ന് ഈ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിപ്പോയി.
ശത്രു രാജ്യങ്ങളും,തീവ്രവാദികളും ഉപയോഗപ്പെടുത്തുമെന്ന ഭയത്താല്‍ ഒരു സുപ്രധാന അറിവ് പൊത്തിപ്പിടിച്ച് എത്രകാലം ഇരിക്കും...
അപകടത്തെ ഭയന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നവരേയും,മണ്ണില്‍ തലപൂഴ്ത്തുന്നവരെയും നമ്മുടെ ഇന്റെലിജെന്‍സ് സ്ഥാനങ്ങളില്‍ ഇരുത്തുന്നതുതന്നെ അപകടമായിരിക്കും.
കുറ്റവാളികളെ സെക്കന്റുകള്‍ക്കകം സ്പോറ്റ് ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് ശാസ്ത്രീയബോധമുള്ള ഉദ്ദ്യോഗസ്ഥന്മാര്‍ ചിന്തിക്കേണ്ടത്.ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക,മണല്‍ ചിറകൊണ്ട് ശാസ്ത്രത്തെ തടുത്തുനിര്‍ത്താതിരിക്കുക.

നിരക്ഷരന്‍ said...

അറബിക്കഥ സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് ഓര്‍മ്മവന്നു.

“തെറ്റ് പറ്റിയാലും പത്തിരുപത് കൊല്ലം കഴിയുംപ്പോള്‍ ഞങ്ങള്‍ തിരുത്താറുണ്ടല്ലോ “

SONY.M.M. said...

ഗൂഗിള്‍ മാപ്പോ അതെന്തു കോപ്പാണ് ?
അതിനെ കുറിച്ച് ഞങ്ങള്‍ പഠിച്ചശേഷം അങ്ങോട്ട്‌ വിളിച്ചു പറയാം അതുവരെ ഗൂഗിള്‍ മോന്‍ സ്റ്റേഷന് വെളിയില്‍ ഇരിക്ക്

SONY.M.M. said...

മാപ്പ് ജനത്തിന് കിട്ടല്ലെന്നേ നമ്മള്‍ക്കുള്ളൂ തീവ്രവാദി അത് എങ്ങനേം സംഘടിപ്പിച്ചോളും അല്ല പിന്നെ

ജോ l JOE said...

Congrats for the quiz session in Manorama Padippura.....

അങ്കിള്‍ said...

സംഗതി നാം വിജാരിക്കുന്ന അത്ര നിസ്സാരമല്ല. കേന്ദ്രത്തിൽ നിന്നും നിർദ്ദേശം കിട്ടിക്കാണണം. ഗൂഗിൽ ഇൻഡ്യയോട് ഇരട്ടത്താപ്പ് നയം കാണിക്കുന്നു എന്നാണു പത്രവാർത്തകളിൽ നിന്നും മനസ്സിലാകുന്നത്.

21-1-2010 ലെ മനോരമയിൽ ഒന്നാം പേജിൽ തന്നെ ഒരു വാർത്ത ഉണ്ടായിരുന്നു. രാജ്യത്തിന്റെ അവിഭാജ്യഘടകങ്ങളായ അരുണാചൽ പ്രദേശും കാശ്മീരും ഇൻഡ്യയുടെ ഭാഗം തന്നെയാണെന്നു വ്യക്തമാക്കുന്ന ഭൂപടമാണു ഇൻഡ്യയിൽ ഗൂഗിൾ നൽകുന്നത്. എന്നാൽ ചൈനയിലെത്തി ഗൂഗിൾ തുറന്നാൽ അരുണാചൽ അവരുടെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടമാണു ലഭിക്കുക. കാശ്മീരിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ചില ഭാഗങ്ങൾ പാകിസ്ഥാനും ചൈനക്കും വീതിച്ച് നൽകിയ ഭൂപടമാണു ഗൂഗിൾ ചൈനയിൽ പ്രസിദ്ധീകരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നൽകുന്നതാകട്ടെ അരുണാചലും കാശ്മീരിന്റെ ചിലഭാഗങ്ങളും തർക്കപ്രദേശം എന്നു രേഖപ്പെടുത്തിയ ഭൂപടവും. ഇതൊന്നും ഗൂഗിൾ അറിയാതെ നടപ്പിലാക്കിയതല്ലല്ലോ. ഈ ഇരട്ടത്താപ്പിനെതിരെ ഇൻഡ്യക്ക് പ്രതികരിക്കേണ്ടി വരുന്നതിൽ തെറ്റു കാണാനാവില്ല.

ഇപ്പോഴത്തെ പിണക്കം അവസാനം വണക്കമാകാതിരുന്നാൽ നന്ന്.