Saturday, January 30, 2010

ഇനി ഐ പാഡിന്റെ കാലം

ആപ്പിളില്‍ നിന്ന് സാങ്കേതികവിദ്യയുടെ ലോകം കാത്തിരുന്ന പുതിയ ഉപകരണം വിപണിയിലെത്തി. മാര്‍ച്ച് മാസം മുതലാണ് വില്‍‌പ്പനയ്‌ക്കായി ഉപയോക്താക്കളുടെ പക്കലെത്തുക. ഊഹാപോഹങ്ങള്‍ എറെയുണ്ടായിരുന്നു, സങ്കേതികമായി മാത്രമല്ല പേര് പ്രവചിക്കുന്നതില്‍ വരെ മത്സരിച്ചവര്‍ ഒട്ടേറെയായിരുന്നു. ഐ സ്ലേറ്റ്, ഐ ടാബ്‌ലറ്റ് എന്നിവയാകും പുതിയ ഉപകരണത്തിന്റെ പേര് എന്ന് കരുതിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഐ പാഡ് എന്ന പേര് ഈ മാസം 27 നടന്ന ഔദ്യോഗിക പ്രകാശനത്തില്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് അവതരിപ്പിച്ചത്. ഇ എന്ന ഇംഗ്ലീഷ് അക്ഷരം ഇന്റര്‍നെറ്റിലെ മിക്ക പൊതു സൌകര്യങ്ങളുടേയും മുന്നക്ഷരമാണങ്കില്‍ ജി ഗൂഗീളിനും ഐ ആപ്പിളിനും സ്വന്തമാണന്ന തോന്നലിന് അടിവരയിടുന്നതുമാണ് പുതിയ പേരും. പ്രതീക്ഷിച്ചിരുന്നതു പോലെ മൊബീല്‍ ഫോണിനും ലാപ്‌ടോപ്പ് കമ്പ്യൂട്ടറിനും ഇടയിലാണ് പുത്തന്‍ ആപ്പിളവതാരത്തെ പ്രതിഷ്ഠിക്കാനാകുന്നത്. ആപ്പിളില്‍ നിന്ന് നേരത്തേ വന്ന ഐ പോഡ് സംഗീതവിപണിയെ ആകെ മാറ്റിമറിച്ചു, ഇതിനെ വിദഗ്ദമായും വികൃതമായും അനുകരിച്ച് അനവധി ഉപകരണങ്ങള്‍ ചെറുവിലയ്ക്ക് വരെ വിപണിയിലെത്തി. ഐ ഫോണ്‍ മൊബീല്‍ ഫോണ്‍ വിപണിയെ സ്വാധീനിച്ചത് അതിലെ മള്‍ട്ടിടച്ച് ഉപാധിയുടെ കൌതുകവും എളുപ്പവുമായിരുന്നു. ഐ ഫോണിലേക്ക് വേണ്ടിയുള്ള എണ്ണമറ്റ ആപ്ലിക്കേഷനുകളാണ് ലോകമാകമാനമുള്ള സോഫ്‌ട്‌വെയര്‍ പണിയാളുകള്‍ വികസിപ്പിച്ചെടുത്ത് ഐആപ് സ്റ്റോറിലിടുന്നത് സൌജന്യമായതും പണം കൊടുത്ത് വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒന്നരലക്ഷത്തോളം ആപ്ലിക്കേഷനുകള്‍ ഈ ഭണ്ഡാരത്തിലുണ്ട്. വികസിപ്പിച്ചവരുമായി ഇങ്ങനെ കിട്ടുന്ന പണം ആപ്പിള്‍ പങ്കു വയ്ക്കുന്നത് ഇതില്‍ തത്പരരായവരെ ആകര്‍ഷിക്കുന്നുണ്ട്.

ഇനി ഐ പാഡ് കാലം:

ഗൂഗിളില്‍ നിന്ന് നെക്‍സസ് വണ്‍ വാര്‍ത്ത കേട്ടുകൊണ്ടാണ് 2010 വേഗതയാര്‍ജിക്കാന്‍ തുടങ്ങിയതെങ്കില്‍ തൊട്ടുപിന്നാലെ ആപ്പിളും സാങ്കേതികാവിദ്യാ സ്‌നേഹികളെ ആകര്‍ഷിക്കുന്നു. ഒരു വലിയ ഐ ഫോണാണ് പുതിയ ഉപകരണം എന്നാണ് വിപണി നിരീക്ഷകരുടെ മതം. ഐ ഫോണിന്റെ വില്പനാബിന്ദുവായ മള്‍ട്ടിടച്ച് സ്ക്രീന്‍ മികവുറ്റതാക്കിയാണ് ഐ പാഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ തന്നെ വെബ്‌ബ്രൌസറായ സഫാരിയിലൂടെ അനായാസം ഇന്റര്‍നെറ്റ് തിരയല്‍ നടത്താം. സ്ക്രീനില്‍ തന്നെയുള്ള ടച്ച് സ്ക്രീന്‍ ഉപയോഗിച്ച് സാധാരണ കീബോഡു പോലെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാം. പ്രത്യേകമായ ഡോക്ക് പിടിപ്പിച്ചാല്‍ ആപ്പിള്‍ കീബോഡ് കൂട്ടിയിണക്കി പതിവു പോലെ ടൈപ്പ് ചെയ്യാം. വൈ ഫൈ, ബ്ലൂ ടൂത്ത്, ത്രീ ജി എന്നീ സൌകര്യങ്ങളും ഉണ്ട്.

എടുത്ത് പറയേണ്ട മറ്റോരു പ്രത്യേകത പുസ്തക വിപണിയെയാണ് ഇത്തവണത്തെ ഐ അവതാരം കണ്ണ് വയ്ക്കുന്നതെന്നാണ്, ഇതിനായി ഐബുക്ക് സ്റ്റോര്‍ തുടങ്ങിക്കഴിഞ്ഞു, പെന്‍‌ഗ്വിന്‍ അടക്കമുള്ള പ്രസാധകരുമായി കൈകോര്‍ത്തുകൊണ്ടാണ് ഐപാഡില്‍ പുസ്തകം മറിക്കാനുള്ള പദ്ധതി. നേരത്തെ ഐപോഡിന്റെ ഭാഗമായി ഐട്യൂണ്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു ഇവിടെ നിന്ന് സംഗീത ഫയലുകള്‍ ഡൌണ്‍‌ലോഡ് ചെയ്തെടുക്കുന്നത് പോലെ പുസ്തകങ്ങളുടെയും പത്രമാസികകള്‍ഊടേയും ഡിജിറ്റല്‍ രൂപം ഐപാഡി ലേക്കെത്തിക്കാം,സാധാരണ പുസ്തകത്തിന്റെ വലിപ്പമാണ് ഇതിന് അതു കൊണ്ട് തന്നെ പുസ്തകം വായിക്കുന്നതു പോലെ!

ഇതു കൊണ്ടാകണം ഇ-പുസ്തക രംഗത്തെ നിലവിലെ അതികായരായ ആമസോണ്‍ കിന്‍‌ഡില്‍ പുസ്തക പ്രസാധകരുമായുള്ള വരുമാനനുപാതം ആകര്‍ഷകമാക്കിയത്.
ഇന്റര്‍നെറ്റും സംഗീതവും കൂടാതെ വീഡിയോയും (സിനിമ, സംഗീത ആല്‍ബം, സ്വന്തം കാമറാ കളക്ഷനുകള്‍, യൂ ട്യൂബ്) സൌകര്യപ്രദമായി കാണാം. നമ്മുടെ സ്ലേറ്റ് തിരിച്ച് വയ്ക്കുന്നതു പോലെ എങ്ങനെ വേണമെങ്കിലും -പോര്‍ട്രെയ്റ്റ്/ലാന്‍ഡ് സ്കേപ്പ്‌- കാണാം. ഇനി സംഗീത പേമികള്‍ക്കാണെങ്കില്‍ ഇരു വലിയ ഐ പോഡായി ഇതിനെ കാണാം, എല്ലാ ഐ പോഡ് ഉപാധികളും ഇതിലും അനായാസമായി പ്രവര്‍ത്തിക്കും. ഐ ട്യൂണില്‍ നിന്ന് പാട്ട് ഫയല്‍ വാങ്ങുകയും ചെയ്യാം. ഭൂപടങ്ങള്‍, ഫോട്ടോ ആല്‍ബം, നോട്ട് ബുക്ക്, കലണ്ടര്‍, ഡയറി, തിരയല്‍ സങ്കേതം എന്നിവയും അകമ്പടിയായുണ്ട്.


സാങ്കേതിക വിവരങ്ങള്‍:
പേര്: ഐ പാഡ് (iPad)

സ്ഥാപനം: ആപ്പിള്‍
പ്രവര്‍ത്തക സംവിധാനം: ഐ ഫോണ്‍ ഓ എസ്
സ്ക്രീന്‍: എല്‍ ഇ ഡി വര്‍ച്വല്‍ കീ ബോഡും ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്
ഡാറ്റാ: വൈ-ഫൈ (മാര്‍ച്ചില്‍ വിപണിയിലെത്തും), ത്രീ ജി (എപ്രിലില്‍)
പ്രഖ്യാപന ദിവസം: ജനുവരി 27, 2010
വിവര സംഭരണശേഷി: 16,32,64 ജിഗാ ബൈറ്റ്
സഹായ കേന്ദ്രങ്ങള്‍: ഐ ട്യൂണ്‍സ്-ഐ ബുക്ക്സ്, ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍
പ്രോസസര്‍: 1 ജിഗാ ഹെര്‍‌ട്സ് ആപ്പിള്‍ എ4 ചിപ്പ്
ബാറ്ററി : ഉപയോഗ സമയം 10 മണിക്കൂര്‍, സ്റ്റാന്‍ഡ് ബൈ ഒരു മാസം വരെ
വലിപ്പം: 24.3 സെ.മീ നീളം, 19 സെ.മീ വീതി, 1.34 സെ.മീ കനം
ഭാരം: വൈ ഫൈ മോഡല്‍ 680 ഗ്രാം, ത്രീ ജി 730 ഗ്രാം

ഹരിതമയം ഈ ആപ്പിള്‍:

ഇലക്‍ട്രോണിക് മാലിന്യപ്പെരുക്കത്തില്‍ നിന്ന് ഒരു പരിധി വരെ മാറി നില്ക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറെ മാസങ്ങളായി ആപ്പിള്‍ എടുക്കുന്നുണ്ട്. ഗ്രീന്‍ ടെക്‍നോളജി എന്ന് ലോകത്താകമാനം വിളിക്കുന്ന ഈ രീതി അപകടകരമായ മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനുള്ളതു മാത്രമല്ല, ഉപയോഗവേളയില്‍ വളരെ കുറച്ച് ഊര്‍ജം മാത്രം എടുക്കുക നിര്‍മ്മാണ സമയത്ത് പരിസര മലിനീകരണം കുറച്ചു കൊണ്ട് വരിക ഒക്കെയാണ്. എന്തിന് ഉപകരണം പൊതിയാനെടുക്കുന്ന സാധനങ്ങള്‍ വരെ ജൈവ വിഘടനത്തിന് വിധേയമാകുന്നതാകുക ഇങ്ങനെ പോകുന്നു ഹരിത ചിന്തകള്‍.
പരിസ്ഥിതി സൌഹാര്‍ദ പാതയിലൂടെയാണ് ഐപാഡും എത്തുന്നത്. ആഴ്സനിക്, മെര്‍ക്കുറി എന്നിവ ഒഴിവാക്കിയാണ് ഡിസ്പ്ലേയും അനുബന്ധ ഘടകങ്ങളും ഉണ്ടാക്കിയെടുക്കുന്നത്. പുനരുപയോഗിക്കാവുന്ന അലൂമിനിയവും ഗ്ലാസും ആണ് ചട്ടക്കൂടിലും പുറമെയും ഉപയോഗിച്ചിരിക്കുന്നത്.

പോരായ്മകള്‍: ഓഫീസ്/ബിസിനസ് ഉപയോഗത്തിനേക്കാളേറെ വിനോദ വിപണിയെയാണ് മുന്നില്‍ കാണുന്നതെന്നത് വാണിജ്യ/വ്യാപാര രംഗത്തെ ആളുകളെ നിരാശപ്പെടുത്തും, ഇന്റര്‍നെറ്റും ഇ-ബുക്കും മാത്രമാണ് ഇവര്‍ക്ക് ആശ്വസിക്കാനാകുന്ന മാറ്റം. തനത് കാമറ ഇല്ലാത്തതിനാല്‍ ലൈവ് വീഡിയോ ചാറ്റും വീഡിയോ ചര്‍ച്ചയും തടസം നേരിടും. സ്കൈപ്പ് ഉപയോക്താക്കള്‍ എങ്ങനെ നേരില്‍ കണ്ടു സംസാരിക്കും ! വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കുന്ന പതിപ്പുകളില്‍ ഉള്‍പ്പെടുത്താനായി ക്യാമറയും പ്രാദേശികഭാഷാ പതിപ്പുകളും അണിയറയില്‍ തയാറാകുന്നുണ്ടെന്ന് തത്കാലം പ്രതീക്ഷിക്കാം.
ആപ്ലിക്കേഷന്‍ പണം കൊടുത്താണ് ഡൌണ്‍‌ലോഡ് ചെയ്തുപയോഗിക്കേണ്ടത്, അത്യാവശ്യം വേണ്ടുന്ന ഗൈയിം മറ്റ് സന്നാഹം എന്നിവ കൊണ്ട് വരുമ്പോഴേക്ക് ഐ പാഡിന്റെയത്രയോ അതില്‍ കൂടുതലോ പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷകളില്‍ മലയാളം ഇല്ല. വലിയ സ്ക്രീനിലോ പ്രോജക്‍ടറിലോ കൂട്ടിയിണക്കണമെങ്കില്‍ വി‌ജി‌എ ഡോക്ക് കണക്‍ടര്‍ എന്ന കേബിള്‍ ആപ്പിളില്‍ നിന്ന് വാങ്ങണം ഇതിന് വില 1500 രൂപ. കാമറ കണക്‍ടര്‍ ഡോക്ക് കേബിളിന്റെ വില 1500 രൂപ കീബോഡ് ഡോക്ക് കണക്‍ടറിന് 3500 രൂപയും.

അനുബന്ധ വിവരങ്ങള്‍:

ഐ പോഡ്: സംഗീതാസ്വാദനത്തിനുള്ള ഉപകരണം വാക്ക്‍മാന്‍ എന്ന ഉപകരണത്തെ അപ്രത്യക്ഷമാക്കുന്നതില്‍ പ്രമുഖപങ്ക് വഹിച്ചു. കേവലം 11 ഗ്രാമില്‍ താഴെ മാത്രമാണ് ഐ പോഡ് ഷഫിളിന്റെ ഭാരം. നാനോ, ക്ലാസിക്ക്, ടച്ച് എന്നീ വകഭേദങ്ങളുമുണ്ട്. 2 ജിഗാ ബൈറ്റ് മുതല്‍ സംഭരണ ശേഷി. മോഡലുകള്‍ക്കനുസരിച്ച് വീഡിയോ/ഗെയിം അടക്കമുള്ള പല സൌകര്യങ്ങളും ലഭ്യമാണ്.

ഐ ഫോണ്‍: രണ്ടു വര്‍ഷത്തിന് മുന്‍പ് വിപണിയിലെത്തിയ ആപ്പിള്‍ മൊബീല്‍ ഫോണ്‍. ഫോണ്‍ എന്നതിലുപരിയായി ഐ പോഡിന്റെ സൌകര്യം അടക്കമുള്ള ഒരു പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റാണ് ഇത്. എണ്ണമറ്റ വിവിധോദ്ദേശ ആപ്ലിക്കേഷനുകളാണ് ഐ ഫോണിനെ ജനകീയമാക്കുന്നത്.

9 comments:

വി. കെ ആദര്‍ശ് said...

ഐ പാഡ് ആപ്ലിക്കേഷനുകള്‍ വന്തോതില്‍ കൂടും

S.V.Ramanunni said...

നെറ്റിൽ ഇതിന്റെ പരസ്യം-കണ്ടിരുന്നു. നല്ല പരിചയപ്പെടുത്തൽ. വില പറഞ്ഞില്ലേ അവർ? 20-25000 വരുമായിരിക്കും. ട്രാഷ് വായന വീണ്ടും ഉഷാറാകും അല്ലേ? ഇതിൽ എഴുതാ‍പറ്റില്ലല്ലോ, അതൊക്കെ ഇനി വരുമയിരിക്കും.
ബുക്ക് റിവ്യൂ പോലെ ഒരു പംക്തി ഈ രംഗത്തും സ്കോപ്പുണ്ട്.മാഷിന്ന് നോക്കാം.അതിനായി ബ്ലോഗും. വേഡ്പ്രസ്സിൽ നോക്കൂ. കുറേകൂടി രസകരമാണ്.

റ്റോംസ് കോനുമഠം said...

ഏറെ ഇഷ്ടായീ... ഇനിയും വരാം...
കൊള്ളാം മാഷേ..

www.tomskonumadam.blogspot.com

hari said...

i pad super!!

abey e mathews said...
This comment has been removed by a blog administrator.
mukthar udarampoyil said...

ഇനി ഐ പാഡ് കാലം.
നന്ദിണ്ട്ട്ടോ..
പുതിയ അറിവുകള്‍ക്ക്...

കുതിരവട്ടന്‍ :: kuthiravattan said...

http://www.youtube.com/watch?v=xOaIQt4UEp4

ഡെബിയാന്‍‌ ബേസ്ഡ് ആണ്.

sonu said...

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

Devu, Vava, Deepu said...

hi adharsh... haven't seen you writing about open platforms like Android and ChromeOS. In this, the Android wave is already sweeping N.A.