Wednesday, December 01, 2010

പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക.

പത്ര/മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ തൊഴില്‍ പരമായ ഒരു പ്രതിസന്ധി അവരുടേത് മാത്രമല്ല, മൊത്തം പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട കടന്നു കയറ്റമാണ്.
ഇതുമായി ചേര്‍ന്ന് ഒരു ചര്‍ച്ച ഒരു സംഘം മാധ്യമ സ്‌നേഹികള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.
താങ്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും ഇത് പകര്‍ത്തിയിടുക.

*ഇത് പത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസം*

ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായി
ബന്ധിപ്പിക്കുന്നത് എന്ന്‌ കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി
മദനിയുടെ കുടക് യാത്രയാണ്. മദനിയെ കുടകില്‍ കണ്ടു എന്ന്‌ ‌ കര്‍ണാടക
പോലീസ്
പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ മുതിര്‍ന്ന ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിനയെ, സാക്ഷികളെ
ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചു കേസില്‍
കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമം അത്യന്തം അപലപനീയമാണ്. ഇത് പത്ര
സ്വാതന്ത്ര്യത്തിന്റെ മേലുള്ള ആക്രമണം ആണെന്ന് ഞങ്ങള്‍ കരുതുന്നു. പൊതു
താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി
പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ
സത്യാവസ്ഥ
സ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്ര പ്രവര്‍ത്തകരുടെ ചുമതലയാണ്.
അത്
നിര്‍വഹിക്കാന്‍ ശ്രമിച്ച ഷാഹിനയെ ഭീഷണിപ്പെടുത്തുന്നതും കേസില്‍
കുടുക്കാന്‍
ശ്രമിക്കുന്നതും സ്വതന്ത്രമായ പത്രപ്രവര്തനത്തെ ഭയപ്പെടുന്ന ഫാസിസ്റ്റു
രീതികളാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത്
ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും എന്ന്‌ ഞങ്ങള്‍ ഭയപ്പെടുന്നു.
അതുകൊണ്ട്
ഇതിനെ കേവലം ഷാഹിനയുടെയോ ടെഹെല്‍കയുടെയോ പ്രശ്നം എന്നതിലുപരി പത്ര
സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയില്‍ കണ്ട് ജനാധിപത്യത്തെ
മാനിക്കുന്ന
സര്‍വരും ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്ന്‌ ഞങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു.

(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയത്)

Friday, October 08, 2010

ഗ്രാമീണ (ടെലകോം) ഇന്ത്യ

ടെലകോം രംഗത്തെ സ്‌ഥിതിവിവരക്കണക്കുകള്‍ വച്ച് ഒരു അനുമാനത്തിലെത്താന്‍ ഇന്ന് വിഷമമാണ്. കാരണം ഭാരതത്തെ പോലെ വിവിധസാമൂഹിക, സാമ്പത്തിക രീതിയില്‍ കൂടിക്കലര്‍ന്ന് കിടക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഉദാഹരണത്തിന് 2010 ആഗസ്റ്റ് 31 ന് ശേഖരിച്ച കണക്കുപ്രകാരം നമ്മുടെ രാജ്യത്ത് 70.63 കോടി ടെലകോം വരിക്കാരുണ്ട്, ഇതില്‍ മുഖ്യപങ്കും (67.06 കോടി) മൊബീല്‍ ടെലഫോണുകള്‍ ആണ്. അതായത് നമ്മുടെ ടെലകോം സാന്ദ്രത 59.63 വരും. ഇതാകട്ടെ ആഗോള ശരാശരിയുമായി ഒപ്പത്തിനൊപ്പം . പ്രത്യക്ഷത്തില്‍ അഭിമാനമുണ്ടാക്കുന്ന ഈ കണക്ക് ഇഴപിരിച്ച് പരിശോധിക്കുന്നത് അഭികാമ്യമാ‍യിരിക്കും, ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ തുല്യനീതി ഉറപ്പാക്കുന്ന സമകാലീന ചര്‍ച്ചാപരിസരത്തില്‍ പ്രത്യേകിച്ചും. എഴുപതു ശതമാനം ആളുകളും വസിക്കുന്ന തനിഗ്രാമങ്ങളെ മാത്രം കണക്കിലെടുത്താല്‍ ടെലിസാന്ദ്രത ഇന്നും ഒറ്റ അക്കത്തില്‍ ആണെന്ന് കാണാം. 2006 ലെ കണക്ക് പ്രകാരം ഗ്രാമീണ ഇന്ത്യയില്‍ ടെലകോം എത്തപ്പെടല്‍ വെറും 2% വും നാ‍ഗരിക‌ഇന്ത്യയില്‍ ഇത് 35 %, മെട്രോ നഗരങ്ങളിലാകട്ടെ ഇത് അന്‍പതിലേറെയും. ഇതേ സമയം തന്നെ രാജ്യത്തെ അടിസ്ഥാന ടെലഫോണ്‍ (ഫിക്സഡ് ലൈന്‍ /ലാന്‍ഡ് ലൈന്‍ ) കേവലം മൂന്ന് ശതമാനം മാത്രവും, ഇതിലാകട്ടെ പൊതുമേഖലാ സ്ഥാപനങ്ങളായ ബി‌എസ്‌എന്‍‌എല്‍‌ /എം‌ടി‌എന്‍‌എല്‍ ആണ് 83.68 ശതമാനം കണക്‍ഷനും നല്‍കിയിരിക്കുന്നത്. കണക്കുകളുടെ പെരുക്കം അവിടെ നില്‍ക്കട്ടെ, ഇതില്‍ നിന്നും അനുമാനിക്കാവുന്ന വിവരം ഇവയാണ്: ഒന്ന് ടെലകോം വളര്‍ച്ച പറയുമ്പോള്‍ ഗ്രാമ നഗര വേര്‍തിരിവ് ഉണ്ടാകണം. ഗ്രാമക്കണക്കിന്റെ മെച്ചം രാജ്യത്ത് നഗര ഗ്രാമ സന്തുലിതമായ വളര്‍ച്ച വിലയിരുത്താനുള്ള സാധ്യത ലഭിക്കും എന്നതും വികസനം എത്താത്ത ഇടങ്ങളിലേക്ക് അടിസ്ഥാന സൌകര്യം ഉറപ്പാക്കാനുള്ള യത്നത്തില്‍ രാഷ്ട്രീയ /ഭരണ നേതൃത്വത്തിലുള്ളവരെ നിര്‍ബന്ധിക്കാന്‍ വോട്ടര്‍‌മാര്‍ക്ക് ആകും എന്നത്. രണ്ട്: സ്വകാര്യ ടെലകോം സേവന ദാതാക്കള്‍ വിപണിമൂല്യമുള്ള നഗരങ്ങളില്‍ കവറേജ് ഉറപ്പാക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അത്രയ്‌ക്ക് ലാഭസാധ്യതയില്ലാത്തതും എന്നാല്‍ വന്‍‌തോതില്‍ മൂലധനാവശ്യം വരുന്നതുമായ ലാന്‍‌ഡ്‌ലൈന്‍ മുന്നൊരുക്ക/പരിപാലന സൌകര്യങ്ങള്‍ കൊണ്ട്‌ വരാന്‍ നിര്‍ബന്ധിതരാകുന്നു എന്നതുമാണ്.

1948 ല്‍ രാജ്യത്തെ ടെലഫോണ്‍ സാന്ദ്രത കേവലം 0.02 ശതമാനം മാത്രമായിരുന്നു. ഇന്ന് പടിപടിയായുള്ള പൊതുമൂലധന നിക്ഷേപത്തിന്റെ ഭാഗമായി ബി എസ് എന്‍ എല്‍ ന്റെ ആസ്തി (ഭൂമി,കെട്ടിടം,കേബിള്‍ ,പ്ലാന്റ് ) 54352 കോടി, വന്‍‌നഗരങ്ങളീല്‍ മാത്രം നോക്കിയാല്‍ 2.5 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി, 38,302 എക്‍സ്‌‌ചേഞ്ചുകള്‍ ,46,565 മൊബീല്‍ ഫോണ്‍ ടവറുകള്‍ ,614755 റൂട്ട് കിലോമീറ്റര്‍ ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഖല. ഇത്രയും ബൃഹത്തായ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിട്ടും അതിന് ആനുപാതികമായ ലാഭം ഉണ്ടാക്കാനാകുന്നില്ല എന്ന് കുറ്റപ്പെടുത്താനാകില്ല, കാരണം പൊതു മേഖലാ സ്ഥാപനങ്ങളുടെ സൌകര്യം പങ്കിട്ടെടുത്താണ് സ്വകാര്യ ഓപ്പറേറ്റര്‍‌മാര്‍ സേവനം നല്‍കുന്നത്. എന്നാല്‍ താരതമ്യപ്പെടുത്തുമ്പോഴുള്ള പരിമിതമായ നിക്ഷേപം കൊണ്ട് ഇവര്‍ കനത്ത തോതില്‍ ലാഭം ഉണ്ടാക്കുന്നുണ്ട് എന്നത് ബാലന്‍സ് ഷീറ്റിലും ഓഹരി വിപണിയിലെ കയറ്റത്തിലും കാണാനാകുന്ന വസ്‌തുത. അതേ സമയം ഈ സ്വകാര്യ സംരംഭകരെ എങ്ങനെയെല്ലാം ഗ്രാമീണ ടെല‌കോം ഇന്‍‌ഫ്രാ‌സ്ട്രക്‍ചര്‍ മെച്ചപ്പെടുത്താന്‍ ആകര്‍ഷിക്കാം എന്നതാകണം ഇനി നമ്മുടെ രാജ്യത്തെ ഈ മേഖലയിലെ വികസനത്തിന് ചെയ്യാനാകുന്നത്. നഗര ഇന്ത്യ എകദേശം വളര്‍ച്ചാമുറ്റലില്‍ (സ്റ്റാഗ്‌നേഷന്‍ ) എത്തിയ അവസ്ഥയില്‍ സ്വഭാവികമായും ഇവര്‍ അടുത്ത ചെറുപട്ടണങ്ങള്‍ ലക്ഷ്യമിട്ട് ഗ്രാമപ്രദേശങ്ങളില്‍ വരെ എത്തും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ സര്‍ക്കാരിന് ഇവിടെ രാസത്വരകമായി പ്രവര്‍ത്തിക്കാനായാല്‍ മറ്റ് മേഖലകളിലെ പുരോഗതിക്കും ഊര്‍ജമേകും.

എന്തൊക്കെയാണ് ഗ്രാമീണതലത്തില്‍ ശ്രദ്ധപതിപ്പിക്കാവുന്ന നേട്ടങ്ങള്‍ :

1.കാര്‍ഷിക വിപണിയില്‍ ഇടനിലക്കാരെ ഒഴിവാക്കി, അപ്പപ്പോള്‍ നഗരത്തിലെ വിവരം നല്‍കി വിലയിടിയുന്ന ഘട്ടത്തില്‍ പോലും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ സഹായിക്കാം. ഇത് കൂടാതെ ചരക്ക് നീക്കം കാര്യക്ഷമമാക്കാം.

  1. വ്യക്തികളുടെ കാര്യക്ഷമത വര്‍ദ്ധിക്കും , ഇത് വഴി സാമ്പത്തിക രംഗം സുസ്ഥിര വളര്‍ച്ചയിലെത്തിക്കാം.

  2. പൊതുസേവനങ്ങളായ വിദ്യാഭ്യാസം , ആരോഗ്യം, ധാന്യങ്ങളുടെയും ആഹാര സാധനങ്ങളുടെയും വിതരണം (റേഷന്‍ ) എന്നിവ കാര്യക്ഷമമാക്കാം

  3. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനായി ഗ്രാമീണ സൂക്‍ഷ്മ ചെറുകിട സംരംഭങ്ങള്‍ ( Micro Small and Medium level Enterprises) പരിമിതമായ തോതിലെങ്കിലും ആരംഭിക്കാം. റൂറല്‍ ബി പി ഓ തമിഴ്‌നാട്ടില്‍ ആരംഭിച്ചതും വിജയകരമായി മുന്നോട്ട് പോകുന്നതും ഉദാഹരണം.

  4. വാര്‍ത്താ മാധ്യമങ്ങള്‍ അനുബന്ധമായി എത്തും , ഇന്റര്‍നെറ്റ് കിയോസ്‌ക്കുകളും

ഇതിനായി എന്തു ചെയ്യാനാകും : നഗരപ്രദേശത്ത് അഞ്ച് എക്‍സേഞ്ചിന് /ടവറിന് ഒന്ന് എന്ന കണക്കിലെങ്കിലും അതി വിദൂര ഗ്രാമത്തില്‍ സേവനം തുടങ്ങാന്‍ സ്വകാര്യ സേവന ദാതാക്കളെ നിര്‍ബന്ധിക്കാം, ഇതിനായി ഇപ്പോള്‍ തന്നെ ഒരു ഘടനാ സംവിധാനം ഉണ്ടെങ്കിലും അതിന്റെ പോരായ്‌മയാണല്ലോ ഗ്രാമ-നഗര വിടവ് ഇത്രമേല്‍ രൂക്ഷമാക്കിയത്. പ്രത്യേക നിരക്കുകള്‍ ഉള്ള താരിഫ് ഘടന, ചിലവ് കുറഞ്ഞ അടിസ്ഥാന സൌകര്യ ഉപകരണങ്ങള്‍ എന്നിവ വ്യാപകമാക്കണം. ചെന്നൈ ഐ ഐ ടി കോര്‍ഡെക്‍ട് (corDECT)എന്ന പേരില്‍ ഇത്തരം ഗ്രാമ കേന്ദീകൃത ഉപകര്‍ണങ്ങള്‍ വികസിപ്പിച്ച് വിന്യസിപ്പിക്കുന്നുണ്ട്, ഇത് വലുതാക്കാന്‍ (സ്‌കെയില്‍ അപ്പ്) ഉള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണം. ഗ്രാമ പ്രദേശത്തെ ആളുകളുടെ കുറഞ്ഞ ക്രയശേഷിയും അവിടെ കവറേജ് ഉറപ്പാക്കാന്‍ ഉള്ള ഭൂമിശാസ്ത്ര പ്രശ്‌നങ്ങള്‍ എന്നിവ നിര്‍ദ്ധാരണം ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങളുടെ മത്സരപരമല്ലാത്ത സഹകരണവും തേടാം.

ഗാന്ധിജി സ്വപ്‌നം കണ്ടതുപോലെ സ്വയപര്യാപ്തമായ ഗ്രാമം ഉറപ്പാക്കാന്‍ ടെലകോം അടിസ്ഥാന സൌകര്യത്തിന് നിര്‍ണായകമായ പങ്കുണ്ട്. വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ പോലും സോളാര്‍ പാനലിന്റെ വെളിച്ചത്തില്‍ ടെലകോം സൌകര്യങ്ങള്‍ എത്തി എന്നതും , ഇന്ന് ലോകത്തിലെ എറ്റവും ചിലവ് കുറഞ്ഞ ടെലഫോണ്‍ നിരക്ക് നമ്മുടെ രാജ്യത്തേതാണന്നതും അനുകൂല ഘടകങ്ങളാണ്. വേണ്ടത് അനൂകൂല ഘടകങ്ങളെ കൂടുതല്‍ അനുകൂലമാക്കാനും പ്രതികൂല സാഹചര്യങ്ങളെ പരമാവധി കുറച്ച് കൊണ്ട് വരാനും ഉള്ള ആശയങ്ങളും അതിന്റെ പ്രയോഗവത്‌കരണവുമാണ്.

Tuesday, October 05, 2010

ഇറാന്റെ ആണവ വൈദ്യുത നിലയത്തെ ലക്ഷ്യമിട്ട് സൈബര്‍ ആ‍ക്രമണം

സാധാരണയായി കമ്പ്യൂട്ടര്‍ വൈറസ് ആക്രമണമോ, നെറ്റ്വര്‍ക്കിലേക്കുള്ള നുഴഞ്ഞുകയറ്റമോ അത്ര വ്യാപകമായി ചര്‍ച്ചചെയ്യാറില്ല, ഉടനടി ആന്റിവൈറസ് സംവിധാനം ഒരുക്കി ആക്രമണകാരിയെ മെരുക്കിയെടുത്ത് എറിയുകയോ അല്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പടരാതെ നോക്കുകയോ ഒക്കെ ചെയ്യും. എന്നാല്‍ ഇറാനില്‍ നിന്നും ചൈനയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ വരും കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമാണോ എന്ന് സന്ദേഹിച്ചാലും തെറ്റ് പറയാനാകില്ല. സ്റ്റക്‍സ്‌നെറ്റ് ( Stuxnet Computer worm) ആണ് ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പുതിയ കുതന്ത്രക്കാരന്‍ . ചെറിയതോ അല്ലെങ്കില്‍ അത്രമേല്‍ കാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്ന കമ്പ്യൂട്ടര്‍ വ്യൂഹങ്ങളെ സ്റ്റക്‍സ്നെറ്റ് ലക്ഷ്യമിടുന്നില്ല, മറിച്ച് ആണവവൈദ്യുത നിലയങ്ങള്‍ ,മെട്രോ നഗരങ്ങളിലെ സങ്കീര്‍ണമായ ജലവിതരണ സംവിധാനം , എണ്ണപ്പാടവും എണ്ണശുദ്ധീകരണ ശാലയും ബൃഹത്തായ എഞ്ചിനീയറിംഗ് വ്യവസായശാലകള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് ഇത് ലക്ഷ്യമിടുന്നത്. അതായത് ഇത്തരം വ്യവസായശാലകളിലെ പമ്പ്, മോട്ടോറുകള്‍ ,വാല്‍‌വ് , അലാറം ,വൈദുത മാനേജ്മെന്റ് എന്നിവയുടെ നിയന്ത്രണം മുഴുവനായോ ഭാഗികമായോ അല്ലെങ്കില്‍ അല്പനേരത്തേക്കോ ഇത് കൈക്കലാക്കും. ഒരു ആണവ വൈദ്യുത നിലയത്തിന്റെ നിയന്ത്രണം ഒരു സെക്കന്റിന്റെ നൂറിലൊരംശം സമയം കൈവിട്ടുപോയാലുണ്ടാകുന്ന ദുരന്തം പ്രവചിക്കാനാകാത്തതാകും. ഭൌതികമായി ആണവറിയാക്‍ടറിന്റെ കേന്ദ്രസ്ഥാനത്ത് ബോംബിട്ട് തകര്‍ക്കുന്നതിലും കൃത്യമായും എളുപ്പത്തിലും ഇത് സാധിക്കുന്നു എന്ന് മാത്രമല്ല ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കുന്നുമില്ല. ഒരു വന്‍‌രാസ വ്യവസായശാലയിലെ വാതകം / ആസിഡ് വഹിച്ചുകൊണ്ട് പോകുന്ന കുഴലിലെ വാല്‍‌വില്‍ അല്ലെങ്കില്‍ ബോയിലറിലോ വിദൂര നിയന്ത്രിത സോഫ്‌ട്‌വെയറിന്റെ സഹായത്താല്‍ വരുത്തുന്ന മാറ്റം ഉണ്ടാക്കുന്ന അപകടം ഭാവി ഭോപ്പാലുകളെയാകും സൃഷ്ടിക്കുക.

എന്നാല്‍ ലോകത്തിലെ ആദ്യത്തെ സൈബര്‍ മഹായുധം എന്ന് തന്നെ വിളിക്കപ്പെട്ട് തുടങ്ങിയ സ്റ്റക്‍സ്‌നെറ്റ് ഒരു രാജ്യാന്തര ഗൂഡാലോചനയുടെ മണവും നല്‍കിയെന്നത് നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. എന്താണ് ഗൂഡാലോചന ? സിമാന്റെക് (Symantec) നിരീക്ഷണവിഭാഗം പറയുന്നത് വിശ്വാസത്തിലെടുത്താല്‍ ഈ മാല്‍‌വെയര്‍ ആ‍ക്രമണത്തിന് വിധേയമായ കമ്പ്യൂട്ടറില്‍ അറുപത് ശതമാനം ഇറാനിലും പതിനെട്ട് ശതമാനം ഇന്ത്യോനേഷ്യയിലും ആണ്. ചൈനയിലും വന്‍‌തോതില്‍ ശൃംഖലകളെ താറുമാറാക്കിയെന്ന് ഔദ്യോഗികമായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വന്‍‌തോതില്‍ കൂറ്റന്‍ കമ്പ്യൂട്ടര്‍ വ്യൂഹങ്ങളാല്‍ പരിപാലിക്കപ്പെടുന്ന എഞ്ചിനീയറിംഗ് ശാലകള്‍ ഉള്ള അമേരിക്കയില്‍ കേവലം രണ്ട് ശതമാനം മാത്രമേ ഈ ആക്രമണപ്പങ്ക് എത്തിയുള്ളൂ എന്നതില്‍ ആശ്ചര്യത്തിനപ്പുറം കരുതിക്കൂട്ടിയുള്ള ഒരു നീക്കമാണോ എന്ന് സംശയിക്കുന്നവര്‍ ധാരാളം. ഇറാനിലെ ആണവനിലയത്തിലെ സൈബര്‍ ആക്രമണം ഔദ്യോഗിക വാര്‍ത്താ എജന്‍സി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്ക കഴിഞ്ഞ കുറെ മാസങ്ങളായി മറ്റ് രാജ്യങ്ങളുടെ സഹായത്താലും അല്ലാതെയും ഇറാനുമേല്‍ ആണവ പരിപാടികളില്‍ നിന്ന് പിന്‍‌തിരിയാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ സാമ്പത്തിക ഉപരോധം അടക്കം പ്രയോഗിച്ചിട്ടും നിര്‍ദ്ദിഷ്ഠ പരിപാടികളുമായി തെഹ്‌റാന്‍ തെല്ലും കൂസാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നടുക്കുന്ന വര്‍ത്തമാനം പുറത്തു വരുന്നത്.

സ്റ്റക്‍സ്‌നെറ്റ് എന്ന ഈ ദുരുദ്ദേശ പ്രോഗ്രാം സാധാരണയായി പടരാറുള്ള ഒരു സൈബര്‍ ആക്രമണമായി കാണാനാകില്ല, ഒന്നുകില്‍ പത്തോ ഇരുപതോ പേരടങ്ങുന്ന അതിവിദഗ്ദമാരായ ഒരു ശാസ്ത്ര/സാങ്കേതിക സംഘത്തെക്കൊണ്ട് ഒരു കോര്‍പ്പറേറ്റ് സ്ഥാപനം വളരെ കൃത്യമായ (ദുരു)ഉദ്ദേശത്തോടെ രൂപസംവിധാനം ചെയ്‌തെടുത്തത്, അല്ലെങ്കില്‍ എതോ ഒരു രാജ്യത്തിന്റെ ഒളിയജണ്ടക്ക് അനുസരിച്ച് കൃത്യമായി തയ്യാറാക്കിയത്. കാരണം ഈ സൈബര്‍ ആക്രമണം ആദ്യം ചെന്നുപതിച്ചത് തന്നെ ഇറാന്റെ മേല്‍ അതും അവരുടെ ആണവ പദ്ധതിയുടെ മേല്‍ ആശങ്കയുണര്‍ത്തിക്കൊണ്ട്. ലോകമാകമാനം കുറഞ്ഞത് 45,000 കോര്‍പ്പറേറ്റ് കമ്പ്യൂട്ടറുകളെയെങ്കിലും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ആ‍ദ്യാനുമാനം.

ജര്‍മ്മന്‍ സ്ഥാപനമായ സീമെന്‍സ് (sIEMENS) എന്ന ബഹുരാഷ്ട്ര ഭീമന്‍ സ്ഥാപിച്ച നിയന്ത്രണ സംവിധാനത്തിന്റെ പഴുതിലൂടെയാണ് സ്റ്റക്‍സ്‌നെറ്റ് ഇഴഞ്ഞുകയറിയത്. സീമെന്‍സ് ആകട്ടെ ലോകത്തിലെ ഇത്തരത്തിലെ തന്ത്രപ്രധാന കൂറ്റന്‍ എഞ്ചിനീയറിംഗ് വ്യവസായശാലകളുടെ നിയന്ത്രണ സംവിധാനം പരിപാലിക്കുന്ന ജോലി വളരെക്കാലമായി ചെയ്തു വരുന്നുമുണ്ട്. Siemens supervisory Control And Data -SCADA- Systems എന്ന സംവിധാനത്തെയാണ് സ്റ്റക്‍സ്നെറ്റ് ഭേദിച്ചത്

ഇത് ഉയര്‍ത്തുന്ന ചിലചോദ്യങ്ങള്‍ നമ്മുടെ രാജ്യത്തിനും പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും എന്തിന് സ്വകാര്യ സ്ഥപനങ്ങള്‍ക്കും പാഠം ആകണം. മറ്റൊരു സോഫ്ട്‌വെയര്‍ നമ്മുടെ ആന്തരിക കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ഉള്‍‌പെടുത്തുന്നതിന് മുന്‍പ് വ്യക്തവും വിശദവുമായ സൈബര്‍ സെക്ക്യൂരിറ്റി ഓഡിറ്റിന് വിധേയമാക്കണം. ഇത് സ്വകാര്യ സ്ഥപനങ്ങളുടെ വ്യവസായശാല ആണെന്ന് കരുതി അവരുടെ കാര്യം എന്ന മട്ടില്‍ ഉദാസീനമായി കൈകാര്യം ചെയ്യരുത്. കാരണം റിലയന്‍സിന്റെ ജാംനഗറിലുള്ള എണ്ണശുദ്ധീകരണ ശാ‍ലയില്‍ ഒരു സൈബര്‍ അട്ടിമറി നടന്നാലും മൊത്തത്തിലുള്ള നഷ്‌ടം രാജ്യത്തിനുകൂടിയാണ്.

Thursday, July 01, 2010

ബ്ലോഗ് എങ്ങനെ: പുസ്തകം പ്രസിദ്ധീകരിച്ചു


എന്റെ ഒരു പുസ്തകം- എന്താണ് ബ്ലോഗ്? ബ്ലോഗിങ്ങ് എങ്ങനെ തുടങ്ങാം)- പുറത്തിറങ്ങി. തൃശൂര്‍ കറന്റ് ബുക്‍സ് ആണ് പ്രസാധകര്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നേരത്തേ രണ്ട് ലക്കങ്ങളായി പ്രസിദ്ധീകരിച്ചവയാണ് ( താഴെ ലിങ്ക് ആയി ഇട്ടിരിക്കുന്ന) പുസ്തകത്തിന്റെ ഉള്ളടക്കം. കുറിഞ്ഞി ഓണ്‍ലൈന്‍, ആദ്യാക്ഷരി, സര്‍ക്കാര്‍ കാര്യം മുറപോലെ, സൈബര്‍ ലോകം എന്നീ ബ്ലോഗുകളെയും ട്വിറ്ററിനെയും പരിചയപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്.
ബ്ലോഗ് ഭൂമി - e lekhanangal: വീഡിയോ ക്ലിപ്പിംഗുകള് : ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജന

Friday, April 30, 2010

ഇലക്‍ട്രോണിക് മാലിന്യത്തില്‍ മൊബീല്‍ ഫോണ്‍ തലവേദനയാകുന്നുവോ ?

ഇലക്ട്രോണിക് മാലിന്യത്തിന്റെ കാര്യത്തില്‍ ഇന്ന് സാമാന്യജനങ്ങള്‍ക്കിടയില്‍ പൊതുവിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ബോധവല്‍ക്കരണം നടന്നുവരുന്നു എന്നത് ആശ്വാസകരമായ വര്‍ത്തമാനമാണ്.

ഉപേക്ഷിക്കപ്പെടുന്ന ടെലിവിഷനും കമ്പ്യൂട്ടറുമാണ് ഇലക്ട്രോണിക് ഉച്ചിഷ്ഠക്കൂമ്പാരത്തിലെ മുന്‍‌നിരക്കാരെന്ന നിലയിലാണ് നമ്മള്‍ ബദല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഒരു സാധാരണ ടെലിവിഷനില്‍ എകദേശം രണ്ട് കിലോഗ്രാം ലെഡ് അടങ്ങിയിരിക്കുന്നു, ഉപേക്ഷിക്കപ്പെടുമ്പോള്‍ നഗരപ്രാന്തത്തിലോ നമ്മുടെ പറമ്പിന്റെയോ ഉപരിതലത്തില്‍ എത്തുന്നത് ലെഡ് ഉള്‍പ്പടെയുള്ള അപകടകരമായ വിഷപദാര്‍ത്ഥങ്ങളാണ്. ഒരു ടെലിവിഷന്റെ ശരാശരി ആയുസ് പത്തുവര്‍ഷവും കമ്പ്യൂട്ടറിന്റെത് ആറു വര്‍ഷമായി കണക്കാക്കിയാല്‍ തന്നെ ഇ-മാലിന്യത്തോത് എത്രയധികമാണന്ന് ഊഹിക്കാവുന്നതേയുള്ളൂ. വരും കാലത്ത് ഈ നിരക്ക് കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിലവില്‍ നമ്മുടെ നാട്ടില്‍ മൂന്ന് തരത്തിലാണ് ഇ മാലിന്യം പുറത്തുകളയുന്നത്. ഒന്നാമതായി പഴകിയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വഴി, ഇലക്‍ട്രോണിക് ഉപകരണങ്ങള്‍ /കമ്പ്യൂട്ടര്‍ റിപ്പയറിംഗ് ഷോപ്പില്‍ നിന്നും വഴിവക്കില്‍ നിന്നും ആണ് ഇക്കൂട്ടരുടെ പക്കല്‍ ഉപയോഗശൂന്യമായ ഇ-വസ്തുക്കള്‍ എത്തുന്നത്. രണ്ടാമത്തെ രീതി, പറമ്പില്‍ ഉപേക്ഷിക്കുകയാണ്. ഗ്രാമ പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ കാണുന്നത്, വര്‍ഷങ്ങളോളം അവിടെ കിടന്ന് മഴയും വെയിലുമേറ്റ് അപകരമായ മാലിന്യങ്ങള്‍ മേല്‍മണ്ണിനെ തന്നെ വിഷലിപ്തമാക്കും. മറ്റോരു കൂട്ടരാകട്ടെ നഗരത്തിലെ മാലിന്യം വിതരണസംവിധാനത്തിലേക്ക് എത്തിക്കും, ചില അവസരങ്ങളിലെങ്കിലും ഇത് കൂട്ടിയിട്ട് കത്തിക്കുന്നതാണ് നമ്മുടെ മാലിന്യ (അ)സംസ്‌കരണം! കത്തുമ്പോള്‍ അന്തരീക്ഷത്തിലേക്കെത്തുന്ന പുക സാധാരണമാലിന്യപ്പുകയെ അപേക്ഷിച്ച് നൂറുമടങ്ങോളം അപകടകരമാണ് എന്നോര്‍ക്കാറില്ല.

ലഭ്യമാകുന്ന വസ്തുതകളും ചിത്രങ്ങളും ചേര്‍ത്തു വച്ചാല്‍ ഇത് ശരിയാണന്ന് ബോധ്യമാകും. സാധാരണ ഇലക്‍ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തില്‍ തീരെ അറ്റകുറ്റപ്പണി നടത്താനാകാത്ത അവസരത്തില്‍ മനസില്ലാമനസോടെയാണ് നാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത് (ആദ്യം ഉപേക്ഷിക്കില്ല നമ്മളില്‍ പലരും, വീട്ടിലെ സ്റ്റോറിലോ പിന്നാമ്പുറത്തോ ഇടും, വലിയ വില കൊടുത്ത് വാങ്ങിയ ടിവിയല്ലേ ഉപേക്ഷിക്കാന്‍ ഒരു മനപ്രയാസം ! അടുത്ത തവണ ചുമരിന് ചായം തേയ്‌ക്കാന്‍ ആളെത്തുമ്പോഴോ, വീട് ശരിക്കൊന്ന് അടിച്ചുവാരുമ്പോഴോ ആണ് ഇത് ശരിക്കും പുറത്താവുന്നത്, അല്ലേ). എന്നാല്‍ മൊബീല്‍ ഫോണ്‍ അങ്ങനെയല്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ തന്നെ ഉപേക്ഷിക്കുന്നത് അഭിമാനമായി കാണുന്നവരുണ്ടെന്ന് പറയുന്നത് അതിശയോക്തിയാകില്ല.

മറ്റ് ചിലപ്പോഴാകട്ടെ സാങ്കേതികവിദ്യയിലെ അത്ഭുതകരമായ മാറ്റം ആരേയും പുതിയ മോഡലിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കും. തൊണ്ണൂറുകളുടെ അവസാനപാദത്തിലാണ് നമ്മുടെ നാട്ടില്‍ കൊണ്ട് നടക്കാവുന്ന ഫോണിന്റെ രംഗപ്രവേശം. ആദ്യ കാലത്ത് വന്ന ഫോണുകള്‍ക്ക് ഒരു ചെറിയ ഇഷ്ടികയുടെ വലിപ്പവും ഭാരവും സാമാന്യം കനത്ത വിലയുമുണ്ടായിരുന്നു എന്നത് വസ്തുത. ആ ഫോണുകള്‍ സാങ്കേതികമായി ഇപ്പോഴും ഉപയോഗിക്കാനാകും എങ്കിലും ആരും ഉപയോഗിക്കാറില്ല. ഇത്തരം ഉപേക്ഷിക്കലുകള്‍ അനിവാര്യമാകും. എന്നാല്‍ പത്തുമാസത്തിനിടെ മോഡലുകള്‍ മാറുന്നത് ഈ വീക്ഷണകോണിലൂടെ കാണുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ 18 മാസമാണ് ഒരു ഫോണ്‍ മാറുന്നതിന്റെ ശരാശരി സമയദൈര്‍ഘ്യം. പോയ വര്‍ഷം 130 ദശലക്ഷം ഹാന്‍ഡ്സെറ്റുകള്‍ വിപണിയിലൂടെ എത്തി അതായത് ഇതില്‍ മൂന്നിലൊന്നും പുതിയ ഉപയോക്താക്കളിലേക്കല്ല എത്തുന്നത് എന്ന സത്യം കൂടിയുണ്ട്. രണ്ടോ അതിലധികമോ തവണ മാറ്റിയെടുക്കന്നവരാണ് ഫോണ്‍ മാര്‍ക്കറ്റില്‍ തിരക്കുകൂട്ടുന്നത്.

ഇതോടോപ്പം ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു കണക്ക് മാലിന്യമാകുന്ന ഫോണിന്റെ എണ്ണമാണ് 35 ദശലക്ഷം എണ്ണം ചവറ്റുകുട്ടയിലേക്ക് എത്തുന്നു, ഒപ്പം ഇത്ര തന്നെ അനുബന്ധ ഘടകങ്ങളും. ചാര്‍ജറുകള്‍ കേടാകുന്നതും ഉപേക്ഷിക്കുന്നതും ഇന്ന് നിത്യസംഭവമാണ്, ഒപ്പം ഇതിന്റെ പുറം ചട്ട, പ്ലാസ്റ്റിക്കും അല്ലാത്തതുമായ ഫോണ്‍ കുപ്പായങ്ങള്‍ എന്നിവയെല്ലാം മാലിന്യസംസ്‌കരണത്തില്‍ വന്‍‌നഗരങ്ങളിലെന്ന പോലെ ചെറുപട്ടണങ്ങളില്‍ വരെ കീറാമുട്ടിയായി തുടരുന്നു.

ഒരു വര്‍ഷം അയ്യായിരം ടണ്‍ ഇലക്ട്രോണിക് ഉച്ചിഷ്ഠം ഇന്ത്യയില്‍ എത്തുന്നു. മൊബീല്‍ ഫോണ്‍ സാന്ദ്രത എറെ വര്‍ധിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങളാകും ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് ആദ്യം നേരിടാന്‍ പോകുന്നത്. ഫോണ്‍ സാന്ദ്രതയും ജനസാന്ദ്രതയും ഒരേ പോലെ കൂടുതലെന്നതും, ഫോണ്‍ അടിയ്‌ക്കടി മാറുന്നവരുടെ എണ്ണം എറെയുള്ളതും നമ്മുടെ നാട്ടിലാണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലെഡ്, കാഡ്മിയം, മെര്‍ക്കുറി പൊലെയുള്ള അപകടകരമായ മൂലകങ്ങളുടെ സംയുക്തങ്ങള്‍ എറിയും കുറഞ്ഞും മിക്ക മോഡലിലും ഉണ്ട്. ഇതു വരെ നാം ഫോണ്‍ മാറിയിരുന്നത് പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെയായിരുന്നുവെങ്കില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായെത്തുന്ന ത്രീ ജി സേവനങ്ങള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടണ്‍ കണക്കിന് ഇ-മാലിന്യം അധികമായി ഉണ്ടാക്കും. നിലവില്‍ രണ്ടു ശതമാനം ഹാന്‍ഡ്സെറ്റുകളോ അതില്‍ കുറവോ ആണ് ത്രീ ജി സംവിധാനം ഉപയോഗിക്കാന്‍ പിന്തുണയ്‌ക്കുന്നത്. 35000 കോടി രൂപ ലക്ഷ്യമിട്ട ത്രീ ജി ലേലം ഇപ്പോള്‍ തന്നെ 50,000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വന്‍‌തുകയ്‌ക്ക് സ്പെക്ട്രം ലേലം കൊള്ളുന്ന സ്ഥാപനങ്ങള്‍ എല്ലാ ഉപയോക്താക്കളെയും മൂന്നാം തലമുറ സേവനങ്ങളിലേക്കെത്തിക്കാന്‍ പതിനെട്ടടവും എടുക്കും. അപ്പോള്‍ കേരളത്തില്‍ മാത്രം ഇപ്പോഴുള്ള രണ്ട് കോടിയോളം മൊബീല്‍ ഫോണുകള്‍ പഴഞ്ചനാകും. നേരത്തെ സൂചിപ്പിച്ച ഇഷ്ടിക വലിപ്പ-ഭാരമുള്ളവ പോലെ.

നമുക്കെന്തു ചെയ്യാനാകും :
ഉപയോഗിക്കേണ്ട അല്ലെങ്കില്‍ പുതിയ മോഡലിലേക്ക് മാറേണ്ട എന്ന് ഉപദേശിക്കുന്നത് ഒരു തരത്തിലും ശരിയല്ല. എന്നാല്‍ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, ഉപയോഗാനന്തരം കൈകാര്യം ചെയ്യാം എന്ന് ചിന്തിക്കാം.

  • ഹാന്‍ഡ്‌സെറ്റ് ഉപകരണ നിര്‍മ്മാതാക്കള്‍ തന്നെ ഇത് പ്രവര്‍ത്തനകാലം കഴിഞ്ഞോ അറ്റകുറ്റപ്പണിക്ക് സാധ്യമാകാത്ത സമയത്തോ തിരിച്ചെടുക്കണം. ഇത് (EPR -Extended Producer Responsibility)യൂറോപ്യന്‍ യൂണിയനിലും മറ്റ് ചില രാജ്യങ്ങളിലും കര്‍ശനമായി നടപ്പാക്കിവരുന്നു. ഇങ്ങനെ ശേഖരിക്കുന്ന പാഴ് ഉപകരണങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കാനാകും. ചില ഘടകങ്ങള്‍ വീണ്ടും ഉപയോഗിക്കാനാകും.
  • ശാസ്ത്രീയമായി ഇ-മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്‌ക്കുക. ഫോണ്‍ വാങ്ങുന്ന വേളയില്‍ ഒരു ചെറുതുക ഈ ഫണ്ടിലേക്ക് സ്വരുക്കൂട്ടി ഇതിനായുള്ള സംവിധാനത്തിനും പ്രചരണത്തിനും ഉപയോഗിക്കാം.
  • നമ്മുടെ നാട്ടില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും മൊബീല്‍ സേവന ദാതാക്കളുടെ ഓഫീസ് കാണാം. ഇവര്‍ക്കും തിരിച്ചെടുക്കല്‍ ചങ്ങലയില്‍ കണ്ണികളാകാം.
  • നിലവിലുള്ള മാലിന്യ മാനേജ്‌മെന്റ് നീയമവും നയവും ഇ-മാലിന്യത്തിന്റെ വെളിച്ചത്തില്‍ പരിഷ്‌കരിച്ച് നടപ്പാക്കാം.
  • ഉപകരണ നിര്‍മാതാക്കള്‍ക്കോ പ്രാദേശിക ടെക്നീഷ്യനോ തുറന്ന് അറ്റകുറ്റപ്പണി നടത്താനാകുന്ന രീതിയില്‍ മാത്രം ചട്ടക്കൂടുകള്‍ രൂപകല്‍‌പന നടത്തിയാല്‍ മതിയെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കാം. ഉദാഹരണത്തിന് മൊബീല്‍ ഫോണിന്റെ/ലാപ്പ് ടോപ്പിന്റെ ചാര്‍ജര്‍ തുറന്ന് നന്നാക്കാന്‍ സാധിക്കുന്ന തരത്തിലല്ല നിര്‍മ്മിച്ചിരിക്കുന്നത്. അതായത് കേവലം 50 പൈസ വിലയുള്ള ഒരു റെസിസ്റ്ററിന്റെ കുഴപ്പം ചിലപ്പോള്‍ ഉപകരണത്തിന്റെ മൊത്തത്തിലുള്ള ചരമക്കുറിപ്പെഴുതും ! ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. മാത്രമല്ല ഒരു നിര്‍മ്മാതാവ് തന്നെ പല മോഡലുകള്‍ക്കും പല തരത്തിലുള്ള ചാര്‍ജര്‍ അഗ്രങ്ങള്‍ (പിന്‍ ) ആണ് വിപണിയിലെത്തിക്കുന്നത്. എന്തുകൊണ്ട് ഒരേ ശൈലിയിലുള്ളവ ആയിക്കൂടാ. ഇക്കാര്യത്തില്‍ ഒരു മാനനീകരണം (Standardisation) അനിവാര്യമാണ്.

Sunday, April 18, 2010

ഭാവികാലം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടേത്

കയ്യില്‍ കൊണ്ടുനടക്കാവുന്നതും വളരെയെളുപ്പം ഇന്റര്‍നെറ്റ് തിരയലിനും ഇ-പുസ്തകങ്ങള്‍ വായിക്കാവുന്നതുമായ സ്ലേറ്റ് പോലയുള്ള ഉപകരണങ്ങളാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ .വളരെ വര്‍ഷങ്ങളായി ഒരു കൌതുകമെന്നപോലെയോ ശാസ്ത്രസാങ്കേതിക രംഗത്തെ വിസ്മയമായോ പറഞ്ഞുകേട്ടുകൊണ്ടിരിക്കുന്ന ഈ കുട്ടി കമ്പ്യൂട്ടറിന്റെ വിപണി ഉഷാറായത് ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഐ പാഡിന്റെ കടന്നു വരവോടെയാണ്. മൊബീല്‍ ഫോണിനും ലാപ്ടോപ്പിനും മധ്യേയിടം പിടിക്കാവുന്നതാണ് ടാബ്‌ലറ്റ് വകഭേദമെങ്കിലും വിപണി ശക്തിയാര്‍ജിക്കുന്നതും വിലകുറയുന്നതും സംഭവിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പേഴ്സണല്‍ കമ്പ്യൂട്ടറും ലാപ്ടോപ്പും വെടിഞ്ഞ് ടാബ്‌ലറ്റിന്റെ ആരാധകരാകും. ഐ പാഡ് വില്പനയ്ക്കെത്തിയ ആദ്യ ദിനം തന്നെ മൂന്ന് ലക്ഷം പേര്‍ പുത്തന്‍ കൌതുകത്തെ സ്വന്തമാക്കി. ഇതു തന്നെ ടാബ്‌ലറ്റുകളുടെ ഭാവി ശോഭനമാണന്നത് തെളിയിക്കുന്നു.

ആപ്പിളിന്റെ ഒട്ടുമിക്ക അവതാരങ്ങള്‍ക്കും ഉപഭോക്തൃ ഇലക്‍ട്രോണിക്സ് വിപണിയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ ആയിട്ടുണ്ട്, എന്നതിനാല്‍ തന്നെ എതിര്‍ഭാഗത്തു നിലയുറപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളും ആപ്പിളിന്റെ ചെറുനീക്കങ്ങളെ പോലും ജാഗ്രതയോടെ നിരീക്ഷിക്കും. കൊണ്ടുനടക്കാവുന്ന സംഗീതത്തിന്റെ കാര്യം തന്നെയെടുക്കുക, സോണി വാക്‍മാന്‍ അജയ്യമായി നിന്ന കാലത്താണ് ഡിജിറ്റല്‍ കാലമാറ്റത്തിനൊപ്പം ഐ പോഡ് എന്ന കുഞ്ഞന്‍ പാട്ടുപെട്ടി (ഒരു തീപ്പെട്ടിയുടെ അത്ര വലിപ്പവും അത്രതന്നെ ഭാരവും! ) അവതരിച്ചതും മറ്റുള്ള എല്ലാവരെയും കാതങ്ങള്‍ക്കപ്പുറം പിന്നിലാക്കി നിര്‍ണായക സ്ഥാനം നേടിയതും. സാധാരണ കാസറ്റ്‌-ടേപ്പ് റെക്കോഡറിന് നേരിട്ട തിരിച്ചടി തന്നെയാകും ഇപ്പോഴത്തെ ലാപ്‌ടോപ്പുകളെ കാത്തിരിക്കുന്നതെന്ന് കരുതുന്നവരും കുറവല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി എണ്‍പതുകളുടെ ആദ്യഭാഗത്ത് വീടിന് ആഡംബരമായിരുന്നുവെങ്കില്‍ ഇന്ന് കുറച്ചിലാണ് ! പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയാകട്ടെ കിട്ടാനുമില്ല. ഇതുപോലെയാകും വ്യക്തിഗത ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകളുടെയും വലിയ ലാപ്പ്ടോപ്പുകളുടെയും സ്ഥിതിയും. ടാബ്‌ലറ്റും നെറ്റ്ബുക്കുകളും വിപണിയുടെ സിംഹഭാഗവും കയ്യടക്കാനുള്ള സാധ്യത കൂടുതലാണ്.

ഒരു പുതിയ ഉപകരണത്തിന്റെ വിജയതോത് തീരുമാനിക്കുന്നത് അത് ഹിറ്റാകുന്ന മാനദണ്ഡം മാത്രം വിശകലനം ചെയ്തല്ല, മറ്റുള്ള ഉത്പാദകര്‍ ഈ ഗണത്തിലേക്ക് എത്തുന്നുണ്ടോ എന്നതും നിര്‍ണായകമാണ്. എച്‌പി, നോക്കിയ, ഡെല്‍ ,തോഷിബ എന്നീ വമ്പന്മാരെല്ലാം ടാബ്‌ലറ്റ് അങ്കം കുറിക്കാന്‍ തയാറെടുത്തു കഴിഞ്ഞുവെങ്കിലും കഴിഞ്ഞ ആഴ്ച വന്ന പുതിയ വാര്‍ത്തയാണ് ടാബ്‌ലറ്റ് മത്സരത്തിന്റെ തീവൃത വെളിവാക്കിയത്, മറ്റാരുമല്ല ഗൂഗിള്‍ തന്നെയാണ് ഈ രംഗത്തേക്ക് എത്തുന്നത്. ഗൂഗിളിന്റെ എതുനീക്കവും സംസാരമാകുന്ന ഗൂഗിളീകരണകാലത്ത് ഇതും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ട്വിറ്ററിലും ബസിലും (ഗൂഗിള്‍ ബസ് ആണേ) ബ്ലോഗുകളിലും ഗൂഗിള്‍ ടാബ്‌ലറ്റിന്റെ വരവില്‍ സന്തോഷവും കൌതുകവും പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ എത്തി. ഗൂഗിള്‍ ടാബ്‌ലറ്റിനായുള്ള പത്രസമ്മേളനത്തിലോ ഔദ്യോഗിക വിശദീകരത്തോടെയോ അല്ല ഈ വിവരം വാര്‍ത്താലോകത്തെത്തിയത് എങ്കിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇ-ബുക്ക് റീഡര്‍ എന്നാണ് ഗൂഗിളിന്റെ മേധാവി അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം ആദ്യം നെക്സസ് വണ്‍ എന്ന മോബീല്‍ ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചത് ഹാര്‍ഡ്‌വെയര്‍ രംഗത്തെ പ്രമുഖസാന്നിദ്ധ്യമായ എച്‌.ടിസി യുമായി സഹകരിച്ചാണ്, ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും ഉപകരണപ്പങ്കാളി എച്‌ടി‌സി ആയിരിക്കുമെന്നാണ് അനുമാനിക്കുന്നത്. ഐ പാഡിനോട് മത്സരിക്കാന്‍ തന്നെയാണ് തീരുമാനം എന്നുറപ്പ്. ആന്‍‌ഡ്രോയ്ഡ് എന്ന പ്രവര്‍ത്തകസംവിധാനം(ഒ എസ്) ആയിരിക്കും ടാബ്‌ലറ്റില്‍ ഉള്‍പ്പെടുത്തുക, എന്നാല്‍ എതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ക്രോം ഒ എസ് ഇതില്‍ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ചിലപ്പോള്‍ ക്രോം വകഭേദവും താമസിയാതെ എത്തുമായിരിക്കും എന്ന് കരുതാം.

ടാബ്‌ലറ്റിന്റെ പ്രധാന നേട്ടം അതിന്റെ രൂപഘടന തന്നെയാണ്. ടച്ച് സ്ക്രീന്‍ അടിസ്ഥാനമാക്കിയ വിവരാലേഖനം ആണ് ഇതില്‍ .പ്രധാന നേട്ടം ഇത് പലതരത്തില്‍ ഉപയോഗിക്കാം. കിടന്നു കൊണ്ടോ, നടക്കുമ്പോഴോ, തീവണ്ടി യാത്ര ചെയ്യുന്ന അവസരത്തിലോ കീ ബോഡിന്റെയും മൌസിന്റെയും കുരുക്കുകളില്ലാത്തത് പ്രയോജനപ്രദമാണ്. ടൈപ്പ് ചെയ്യുന്ന വേളയില്‍ സ്ക്രീനിന്റെ ഒരു ഭാഗത്ത് കീ ബോഡ് ലേ ഔട്ട് തെളിയും ഇതില്‍ വിരലമര്‍ത്തിയാല്‍ മതി. ഇപ്പോള്‍ തന്നെ മൊബീല്‍ ഫോണില്‍ വളരെ വിജയകരമായി ടച്ച് സ്ക്രീന്‍ ഉണ്ടല്ലോ. ഇതിന്റെ അതേ രൂപം വലിയ അളവില്‍ പ്രയോഗിച്ചിരിക്കുന്നു. സ്റ്റൈലസ് , ഡിജിറ്റല്‍ പെന്‍ എന്നിവ ഉപയോഗിക്കാവുന്ന രീതികളും പ്രചാരത്തില്‍ ഉണ്ടെങ്കിലും വിരലമര്‍ത്തല്‍ തന്നെ അനായാസം. സാധാരണ കീബോഡിനെ അപേക്ഷിച്ച് പ്രതി മിനുട്ടില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്ന വാക്കുകളുടെ എണ്ണത്തില്‍ (WPM) കുറവുണ്ടാകുമെങ്കിലും, പ്രധാന ഉപയോഗം മണിക്കൂറുകള്‍ നീളുന്ന ടൈപ്പിംഗ് അല്ലാത്തതിനാല്‍ ഇതൊരു പോരായ്മയായെടുക്കേണ്ടതില്ല. കൈയ്യക്ഷരം തിരിച്ചറിയലും (hand writing sensor) ശബ്ദാനുവര്‍ത്തി വിവരാലേഖനവും (voice recognition) കൂടി കണക്കിലെടുക്കുന്നതോടെ ടാബ്‌ലറ്റുകളുടെ കരുത്ത് വര്‍ധിക്കുന്നു. എടുത്തു പറയേണ്ട മറ്റോരു നേട്ടം, കീബോഡുകള്‍ക്ക് വരുത്താവുന്ന വേഷപ്പകര്‍ച്ചയാണ്, ഉദാഹരണത്തിന് മലയാളം പോലുള്ള പ്രാദേശിക ഭാഷ ടൈപ്പ് ചെയ്യുമ്പോള്‍ കീ ബോഡിലെ ബട്ടണുകള്‍ക്ക് മുകളില്‍ എഴുതിയിരിക്കുന്നതും അതേ അക്ഷരമായിരിക്കും. നിലവില്‍ മലയാളം അക്ഷരങ്ങള്‍ ഉള്ള കീ ബോഡ് മുഖ്യധാരാ വിപണിയില്‍ ഇല്ല എന്നു കൂടി ഓര്‍ക്കുക. അടുത്ത മാത്രയില്‍ നിങ്ങളുടെ കര്‍ണാടകക്കാരന്‍ ചങ്ങാതിയ്ക്ക് കന്നട ടൈപ്പ് ചെയ്യണമെങ്കില്‍ അതിനും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തയാര്‍ ,ക്രമീകരണത്തിലെ ചെറിയ മാറ്റം കൊണ്ട് ലോകത്തിലെ എത് ഭാഷയിലേക്കും കീ ബോഡ് പകര്‍ന്നാട്ടം നടത്തും.

Sci-Fi ബൈറ്റ്സ്: മലയാളിയായ നാനോ‌ടെക്‍നോളജി വിദഗ്ദന്‍ ഡോ.പുളിക്കല്‍ അജയനും സംഘവും ചുരുട്ടിയെടുക്കാവുന്ന ബാറ്ററി കണ്ടെത്തിയിട്ടുണ്ട്. ഇതേ പോലെ എളുപ്പത്തില്‍ വളയ്ക്കാവുന്ന സ്ക്രീനും പരീക്ഷണശാലയില്‍ നിന്ന് ഫാക്‍ടറിയിലേക്കുള്ള യാത്രയിലാണ്. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ആശയം ഇതുമായി കൂട്ടിയിണക്കിയാല്‍ സമീപഭാവിയില്‍ തന്നെ കീശയിലേക്ക് ചുരുട്ടിയോ മടക്കിയോ വയ്ക്കാവുന്ന കമ്പ്യൂട്ടര്‍ വരുമെന്നത് ശാസ്ത്രകല്പിത കഥയല്ല മറിച്ച് സാങ്കേതികവിദ്യാ രംഗത്തെ ഒരു സാധ്യതയാണ്. അതിനെ കടലാസ് കമ്പ്യൂട്ടര്‍ എന്നോ കീശ കമ്പ്യൂട്ടര്‍ എന്നോ വിളിക്കാമോ !

Monday, April 12, 2010

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍

വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരുന്ന കാലമാണ്. മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദവുമായി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക. രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍ ഇപ്പോഴെ തയാറെടുക്കാം ഉദാഹരണത്തിന് എഞ്ചിനീയറിംഗ്/ബി‌എസ്.സി എന്നിവയ്ക്ക് ചേരുന്നതിന് മുന്നെ എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷയില്‍ പരിചയം സിദ്ധിക്കുന്നത് സമീപഭാവിയില്‍ തന്നെ ഗുണം ചെയ്യും. മൂന്നാമത്തെ കൂട്ടരാകട്ടെ ഒരു തൊഴില്‍ കൂടി സ്വപ്‌നം കണ്ടാണ് അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തിന് തയാറെടുക്കുന്നത്. ഉദാഹരണത്തിന് കൊമേഴ്സ് ബിരുദധാരികള്‍ ടാലി പോലെയുള്ള അക്കൌണ്ടിംഗ് പാക്കേജുകള്‍ പഠിക്കുന്നത് സ്വദേശത്തും വിദേശത്തും എളുപ്പത്തില്‍ ജോലി നേടാന്‍ പ്രാപ്തമാക്കും.

ഇതുവരെ കമ്പ്യൂട്ടര്‍ പരിചയിച്ചിട്ടില്ലാത്തവരാണങ്കില്‍ എതെങ്കിലും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഗ്നു ലിനക്സോ അല്ലെങ്കില്‍ വിന്‍‌ഡോസോ) ഒപ്പം ഒരു ഓഫീസ് പാക്കേജും പഠിക്കുക. ഇതിന് എകദേശം 40 മണിക്കൂറില്‍ താഴെവരുന്ന രണ്ടുമാസമോ ഒരു മാസമോ ദൈര്‍ഘ്യമുള്ള പഠനം മതിയാകും. പിന്നീടുള്ള ഉപയോഗമാണ് പഠിതാവിനെ പൂര്‍ണമായും സജ്ജമാക്കുന്നത്. അത് സാവധാനം സംഭവിച്ചുകൊള്ളും. ഇതിന് വലിയ പണച്ചിലവും ആകില്ല. ഓഫീസ് പാക്കേജ് എന്നതുകൊണ്ട് കത്തെഴുതാനും നോട്ടെഴുതാനും സഹായിക്കുന്ന വേഡ് പ്രോസസര്‍ ,ഒരു വിഷയം കമ്പ്യൂട്ടര്‍ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സഹായിക്കുന്ന പ്രസന്റേഷന്‍ സോഫ്ട്‌വെയര്‍ ,കണക്കുകൂട്ടലുകള്‍ കാര്യക്ഷമവും എളുപ്പവും ആക്കുന്ന സ്പ്രെഡ് ഷീറ്റ് പരിചയപ്പെടല്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്. വിപണിയില്‍ ഓപ്പണ്‍ ഓഫീസ് എന്ന സ്വതന്ത്ര സോഫ്ട്‌വെയറും മൈക്രോസോഫ്ടിന്റെ ഓഫീസും ഉണ്ട് ഇതില്‍ ഒന്ന് പഠിക്കുക.

നിര്‍ദ്ദേശിക്കാനാകുന്ന മറ്റൊരു പഠനപദ്ധതി ഗ്നു/ലിനക്സിനെ അടുത്തറിയലാണ് .ഇന്ന് ലോകമാകമാനം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്, ഒട്ടേറെ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇതില്‍ എതെങ്കിലും ഒന്ന് പഠിക്കാം. പണച്ചിലവ് കുറയുമെന്നതും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുമെന്നതും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നു.

നിലവില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് ഇന്റര്‍നെറ്റ് പഠിക്കാന്‍ ചേരാം. കേവലം പത്തുമണിക്കൂര്‍ പരിചയപ്പെടല്‍ തന്നെ ധാരാളം. മിക്ക കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും സൈബര്‍ കഫെകളും എല്ലാ സമയത്തും ഇത് പഠിപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരു ബ്രൌസര്‍ ഉപയോഗിക്കാനും ഇ-മെയില്‍ വിലാസം എടുത്ത് കത്തിടപാടുകള്‍ ആരംഭിക്കാനും ഒപ്പം സര്‍ച്ചിംഗ് പരിചയപ്പെടാനും ഈ സമയം ധാരാളം പിന്നീട് ദൈനംദിന ജീവിതത്തിലെ പലരംഗത്തും ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടിവരുമ്പോള്‍ മടികൂടാതെ സമീപിക്കാനും അപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുക വഴി വിവരമഹാശൃംഖലയെ അടുത്തറിയാനും സാധിക്കും.

പ്രോഗ്രാമിംഗ് ഭാഷ പഠിക്കാന്‍ ചേരുന്നതിന് മുന്‍പ് അത് നമുക്ക് വേണോ എന്ന് ചിന്തിച്ച ശേഷം മാത്രം ചേരുക. ശാസ്ത്ര സാങ്കേതിക രംഗത്തും വെബ്ഡിസൈനിംഗ് രംഗത്തും ജോലിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും എതെങ്കിലും ഒരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക തന്നെ വേണം എന്നതും ഓര്‍ക്കുക. എന്നാല്‍ പേജ് ഡിസൈനിലും രൂപകല്പനയിലും ത്രിമാന ചിത്രീകരണത്തിലും കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ മധ്യവേനലവധി ക്ലാസിന്റെ ഭാഗമായി ഇപ്പോഴെ ‘സി’ പ്രോഗ്രാമിംഗ് പഠിക്കുന്നത് നല്ലതാണോ എന്നാലോചിക്കുക. എന്നാല്‍ ഗ്രാഫിക്സ് മേഖലയില്‍ എതാനും വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്‌ക്രിപ്ടിംഗുമായി പരിചയപ്പെടേണ്ടിവരും ആ സമയത്ത് സ്വാഭാവികമായി പ്രോഗ്രാമിംഗ് പഠിക്കാമല്ലോ. അതായത് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കാനും വീഡിയോ അനുബന്ധ ജോലികള്‍ , ദ്വിമാന-ത്രിമാന (2 ഡി-3 ഡി) ആനിമേഷന്‍ എന്നീ ജോലികളില്‍ താത്പര്യമുള്ളവര്‍ അതിനാവശ്യമുള്ള പാക്കേജുകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നവരുമായും അധ്യാപകരുമായും ചോദിച്ച് മനസിലാക്കിയ ശേഷം ഉചിതമായ കോഴ്സില്‍ നല്ല ഒരു കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരുക. ഇത്തരം കരിയറില്‍ ചേരുന്നയാളിന്റെ സര്‍ഗശേഷി തന്നെയാണ് വിജയത്തിന്റെ താക്കോല്‍ എന്നത് അറിയാമല്ലോ.

ഡി‌ടി‌പി കോഴ്സുകളും അവധിക്കാല പഠനത്തിന്റെ ഭാഗമായും അല്ലാതെയും എറെ ആവശ്യക്കാരുള്ളതാണ്. പെട്ടെന്ന് ഒരു ജോലി പ്രാദേശികമായി തന്നെ ലഭിക്കാനും ഡിടിപി പഠനം ഉപകരിക്കും. ഒന്നിലധികം വേഡ് പ്രോസസര്‍ (പേജ് മേക്കര്‍ ഉള്‍പ്പടെ), അത്യാവശ്യം ചിത്രപ്പണികള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്ന (ജിമ്പ്,കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്) പാക്കേജുകള്‍ ഡിടിപി പഠനത്തിന്റെ ഭാഗമാണ്. മലയാളം ടൈപ്പിംഗിലോ മറ്റോരു പ്രാദേശിക ഭാഷാ ടൈപ്പിംഗോ വശമാക്കുന്നത് തൊഴില്‍ കമ്പോളത്തില്‍ ഡിടിപി ഓപ്പറേറ്ററുടെ മൂല്യം വര്‍ധിപ്പിക്കും.

നിലവില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായി ഉപയോഗിക്കാന്‍ അറിയുന്ന ചിലര്‍ക്കെങ്കിലും വെബ് സൈറ്റ് രൂപകല്‍‌പനയില്‍ താത്പര്യമുണ്ടാകും. ഇന്ന് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിനെ (CMS) വരവോടെ ആകര്‍ഷകമായ ഒരു വെബ്സൈറ്റ് നിര്‍മിക്കുന്നത് അത്രയേറേ സങ്കീര്‍ണമായ ഒരു ഏര്‍പ്പാട് ഒന്നുമല്ല, ആകര്‍ഷകമായി വിവരങ്ങള്‍ വിന്യസിക്കാനും മേമ്പൊടിയായി അല്പം സൌന്ദര്യബോധവും കൂടിയുണ്ടെകില്‍ നല്ല വെബ്പേജുകള്‍ നിര്‍മ്മിച്ചെടുക്കാം. ജൂമ്‌ല, വേഡ് പ്രസ്, ഡ്രുപാല്‍ എന്നിവ ഇക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന CMSകളാണ് .ഫ്ലാഷ് തുടങ്ങിയ പാക്കേജുകള്‍ പഠിക്കുന്നത് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല ആകര്‍ഷകമായ പ്രസന്റേഷന്‍ ,പഠന വിഭവ സിഡി കള്‍ എന്നിവ രൂപപ്പെടുത്താനും പഠിതാവിനെ സഹായിക്കും.

ഐ‌ടി‌ഐ /പോളിടെക്നിക്ക് പോലുള്ള സാങ്കേതിക പഠനത്തില്‍ എര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അത് പാസായി നില്‍ക്കുന്നവര്‍ക്കും. കാഡ്,പോജക്‍ട് മാനേജ്മെന്റ് എന്നിവ പഠിക്കുന്നത് ഉചിതമാണ് എന്നാല്‍ ഇത് ഒരു അവധിക്കാല പഠനമായി കാണേണ്ട മറിച്ച് അവധിക്കാലത്ത് ആരംഭിക്കുന്ന പഠനമായി കണ്ടാല്‍ മതി. കാഡ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ) രംഗത്ത് പഠനം മാത്രമല്ല അതിന് ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ണായകമാണ് അതിനാല്‍ അംഗീകൃത സ്ഥാപനമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ചേരുക.

എവിടെ പഠിക്കണം എന്നതും അവധിക്കാലത്ത് പ്രസക്തമായ ചോദ്യമാണ്. ഇക്കാലത്ത് പലവിധ പരസ്യങ്ങളുമായി സ്വകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അവരുടെ അവകാശവാദങ്ങളില്‍ വീഴാതെ അവിടെ പഠിച്ചവരുമായി ആശയവിനിമയം നടത്തിയും ഒരു പ്രാവശ്യം ആ സ്ഥാപനത്തില്‍ നേരിട്ട് പോയി അന്വേഷണം നടത്തി നമുക്കാവശ്യമുള്ള പഠനം നമ്മള്‍ ഉദ്ദേശിക്കുന്നരീതിയില്‍ അവിടെ നടത്താന്‍ സാധിക്കുമോ എന്നും ഉറപ്പാക്കിയ ശേഷം ചേരുക. വലിയ ഫീസും കൊടുക്കുകയും ബഹുവര്‍ണ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും അല്ല ഒരു വേനലവധി ക്ലാസില്‍ നിന്നും നമ്മള്‍ നേടേണ്ടത് കമ്പ്യൂട്ടറിനെയും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വെയറിനെയും പരിചയപ്പെടുകയും കൂടുതല്‍ മനസിലാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. പോളിടെക്‍നിക്,എഞ്ചിനീയറിംഗ് കോളെജുകള്‍ ,സര്‍വകലാശാലകള്‍ എന്നിവയുടെ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഒപ്പം ഗ്രാമീണ ഗ്രന്ഥശാലകള്‍ എന്നിവയും അവധിക്കാല കമ്പ്യൂട്ടര്‍ പഠനപദ്ധതിയുമായി സജീവമാണ് ഇതും പ്രയോജനപ്പെടുത്താം.

Thursday, March 25, 2010

ഒരു മണിക്കൂര്‍ വിളക്കുകള്‍ കെടുത്തി ഭൌമ മണിക്കൂറില്‍ പങ്കുചേരാം

ഗുരുതരമായ ഒരു ഊര്‍ജ-പരിസ്ഥിതി പ്രതിസന്ധിയെ നേരിടാന്‍ നാമെല്ലാം സജ്ജരായിക്കഴിഞ്ഞു. ഒരോ ദിനം ചെല്ലുന്തോറും വൈദ്യുതിയെ ആശ്രയിച്ചുള്ള നമ്മുടെ പ്രവര്‍ത്തനം കൂടിക്കൂടി വരുന്നു, എന്നാല്‍ അതിനനുസരിച്ച് ഉത്പാദനം ശക്തിപ്പെടുന്നുമില്ല. ഇപ്പോള്‍ ലഭ്യമായ വൈദ്യുതി തന്നെ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കാലം തെറ്റിയ കാലാവസ്ഥയും, ശരീരം പൊള്ളുന്ന ചൂടും ഒക്കെ ഈയടുത്ത ദിവസത്തെ വാര്‍ത്തയാണങ്കില്‍ അതിന് മുഖ്യകാരണക്കാരന്‍ നമ്മള്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്ന ഊര്‍ജരൂപങ്ങള്‍ തന്നെ. വൈദ്യുതോത്പാദന കേന്ദ്രമായാലും മോട്ടോര്‍ വാഹനങ്ങളായാലും പുറത്തേക്ക് വമിപ്പിക്കുന്നത് അന്തരീക്ഷതാപനിലയെ താറുമാറാക്കാന്‍ സാധ്യതയുള്ള ഹരിതഗൃഹവാതകങ്ങളാണ്.
എങ്ങനെ നമ്മുടെ ഭൂമിയമ്മയെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കാം?
ആകെയുള്ള പോം വഴി മുഖ്യമായും മൂന്നെണ്ണമാണ്

1.കുറഞ്ഞ കാര്‍ബണ്‍ മാത്രം പുറത്തേക്ക് വിടുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറുക . ബദല്‍ ഊര്‍ജ സ്രോതസുകളിലേക്ക് മാറാനുള്ള സമയമായി. ഇത് സ്വയം പുതുക്കപ്പെടുന്നവയാണ്. എന്നാല്‍ ഇന്ന് ലോകമാകമാനം വൈദ്യുതോത്പാദനത്തിനായി ആശ്രയിക്കുന്നത് ഖനിജ ഇന്ധനങ്ങളെ കുടിച്ചുതീര്‍ത്ത് പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയങ്ങളെയാണ്, ഇവയാകട്ടെ ടണ്‍ കണക്കിന് ഹരിതഗൃഹവാതകങ്ങളാണ് ഒരോ നിമിഷത്തിലും ഒരോ കേന്ദ്രങ്ങളില്‍ നിന്നും പല പുകക്കുഴലുകളീലൂടെ പുറത്തേക്ക് വമിപ്പിക്കുന്നത്.
2.വളരെ കുറച്ച് ഊര്‍ജം മാത്രം എടുക്കുന്ന ഉപകരണങ്ങളിലേക്ക് മാറുക . വെളിച്ചത്തിനായി സി എഫ് അല്ലെങ്കില്‍ എല്‍ ഇ ഡി വിളക്കുകള്‍ , ടെലിവിഷന്റെ കാര്യത്തില്‍ എല്‍ സി ഡി, കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ലാപ്ടോപ്പും നെറ്റ്ബുക്കുകളും ,നാലോ അതില്‍ കൂടുതലോ നക്ഷത്രചിഹ്നമുള്ള വീട്ടുപകരണങ്ങള്‍ ,പ്രതി ലിറ്റര്‍ എണ്ണയില്‍ 70 കി മീ ലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ എന്നിവ ഉദാഹരണം മാത്രം
3.കുറഞ്ഞ കാര്‍ബണ്‍ കാല്പാട് ഉണ്ടാക്കുന്ന ജീവിത ശൈലി പിന്തുടരുക, : പ്രകൃതി സൌഹൃദമായി ജീവിക്കാന്‍ മറ്റുള്ളവരേയും പ്രേരിപ്പിക്കുക. കുറഞ്ഞ കാര്‍ബണ്‍ കാല്പാട് കൊണ്ടുദ്ദേശിച്ചത് പരമാവധി കുറവ് ഊര്‍ജം മാത്രം ഉപയോഗിക്കുന്ന ഉപകരണമോ സേവനമോ സ്വീകരിക്കുക എന്നതാണ്, സംരക്ഷിക്കാന്‍ കഴിയുന്ന ഒരോ യൂണിറ്റ് ഊര്‍ജത്തിനും പുറത്തേക്ക് വിടുന്ന കാര്‍ബണിന്റെ അളവില്‍ ഗണ്യമായ കുറവ് വരുത്താനാകും എന്ന് സാരം.

എന്തിനാണ് ഈ ഭൌമ മണിക്കൂര്‍ ആചരണം :
ഈ വര്‍ഷം മാര്‍ച്ച് 27 ന് രാത്രി 8.30 മുതല്‍ 9.30 വരെയാണ് നമ്മുടെ നാട്ടില്‍ എര്‍ത്ത് അവര്‍ അഥവാ ഭൌമ മണിക്കൂര്‍ ആയി ആചരിക്കുന്നത്. ഈ ഒരു മണിക്കൂര്‍ സമയത്ത് എല്ലാ വൈദ്യുത വിളക്കുകളും കെടുത്തി നമ്മള്‍ ഈ യത്നത്തില്‍ പങ്കാളിയാകുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോകവ്യാപകമായി 6000 നഗരങ്ങളിലായി നൂറുകോടിയാളുകളാണ് ഒത്തൊരുമയില്‍ ഭാഗമാകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ,വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ ,വിദ്യാലയങ്ങള്‍ ,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ,സന്നദ്ധ സംഘടനകള്‍ എന്നിവ ഔദ്യോഗികമായി തന്നെ ഭൌമ മണിക്കൂര്‍ ആചരണത്തില്‍ ചേരുന്നുണ്ട് ഒപ്പം വ്യക്തിഗത ഉപയോക്താക്കളും.
2007 ല്‍ സിഡ്നി നഗരത്തില്‍ ഒരു പരീക്ഷണമെന്നോണം തുടങ്ങിയ ഈ പദ്ധതിയില്‍ അന്ന് രണ്ട് ദശലക്ഷം ആളുകള്‍ പങ്കെടുത്തു. തൊട്ടടുത്ത വര്‍ഷം 35 രാജ്യങ്ങളിലായി 50 ദശലക്ഷം പേരിലേക്ക് ഊര്‍ജസംരക്ഷണസന്ദേശം എത്തി. പോയ വര്‍ഷം ഭാരതം അടക്കമുള്ള 35 രാജ്യങ്ങളിലെ 4000 നഗരങ്ങള്‍ പങ്കുചേര്‍ന്നു. നമ്മുടെ നാട്ടിലെ 56 പട്ടണങ്ങളിലെ അഞ്ച് ദശലക്ഷം ആളുകള്‍ക്ക് ഒരു മണിക്കൂര്‍ കൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി മിച്ചം പിടിക്കാനായി.
ലോകപ്രശസ്തമായ സ്ഥാപനങ്ങളും കെട്ടിടങ്ങളും പ്രതീകമെന്നോണം ഇതില്‍ പങ്കാളിയാകുന്നു. കുത്തബ് മിനാര്‍ ,ചെങ്കോട്ട ,മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് ,റിസര്‍വ് ബാങ്ക് ,ഹഡ്കോ, ഐ ഐ ടി കള്‍ , ഐ ഐ എം കള്‍ , ജാമിയ മിലിയ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലാ തുടങ്ങിയ വയ്ക്ക് ഒപ്പം പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങളായ ഇന്‍ഫോസിസ്,വിപ്രോ,ഗൂഗിള്‍ ,ടാജ് ഹോട്ടല്‍ ശൃംഖല എന്നിവയെല്ലാം ഒരു മണിക്കൂര്‍ വിളക്കുകള്‍ ഒഴിവാക്കി സന്ദേശപ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നു. പോയ വര്‍ഷം ബോളിവുഡ് താരം ആമീര്‍ ഖാനായിരുന്നു ഈ പദ്ധതിയുടെ ബ്രാന്‍ഡ് അം‌ബാസിഡര്‍ ഇത്തവണ ഊഴം അഭിഷേക് ബച്ചനാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ , അഭിനവ് ബിന്ദ്ര തുടങ്ങിയ പ്രമുഖരും പലതരത്തില്‍ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനവുമായി സഹകരിക്കുന്നു. കേരളത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ , ഭൌമശാസ്ത്ര പഠന കേന്ദ്രം എന്നിവ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഇത് കേവലം ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം മാത്രമല്ല, ചൂടുപിടിച്ച് ഗുരുതരമായ വിപത്തിലേക്ക് നീങ്ങുന്ന ഭൂമിയുടെ വീണ്ടെടുപ്പിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ഈ വേനലവധിക്കാലത്ത് കൂട്ടുകാര്‍ക്കെന്തു ചെയ്യാനാകും ?
ഒരു ലൈറ്റണയ്ക്കൂ ലോഡ് ഷെഡിംഗ് ഒഴിവാക്കൂ : അതായത് സന്ധ്യാ സമയത്ത് നമ്മുടെ വീടുകളില്‍ ഒരു സാധാരണ ബള്‍ബ് അണച്ചിടാനായാല്‍ ഉണ്ടാകുന്ന നേട്ടം എന്താണന്നറിയാമോ? ചിലപ്പോള്‍ ലോഡ്ഷെഡിംഗ് തന്നെ ഒഴിവാക്കാനാകും. എങ്ങനെയെന്നറിയേണ്ടേ! 75 ലക്ഷത്തോളം വരുന്ന ഗാര്‍ഹിക വൈദ്യുതോപഭോക്താക്കളില്‍ 70 ലക്ഷം പേര്‍ അറുപത് വാട്സ് ശേഷിയുള്ള ഒരു വിളക്ക് മാത്രം കെടുത്തി സഹകരിച്ചാല്‍ തന്നെ സംസ്ഥാനം ഒട്ടാകെ 420 മെഗാ വാട്ട് ലാഭിക്കാം.
സി എഫ് എല്‍ ലേക്കുമാറാന്‍ ഉപദേശിക്കൂ : സംസ്ഥാനത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിലവില്‍ ഉപയോഗിക്കുന്ന രണ്ട് സാധാരണ ബള്‍ബുകള്‍ക്ക് പകരം ഊര്‍ജക്ഷമത കൂടിയ സി എഫ് വിളക്കുകള്‍ പിടിപ്പിച്ചാല്‍ ഉണ്ടാകുന്ന ലാഭം 600 മെഗാ വാട്ടോളം വരും. സംസ്ഥാന ഊര്‍ജ സുരക്ഷാ മിഷന്റെയും കെ എസ് ഇ ബി യുടെയും ആഭിമുഖ്യത്തില്‍ സൌജന്യനിരക്കില്‍ ഒരോ ഉപഭോക്താവിനും രണ്ട് സി എഫ് വിളക്കുകള്‍ കൊടുക്കുന്ന നടപടി പുരോഗമിക്കുന്നു. ഇതു കൂടാതെ മറ്റ് ബള്‍ബുകളും മാറ്റിയിടാനായി കുടുംബാംഗങ്ങളേയും അയല്‍ക്കാരെയും പ്രേരിപ്പിക്കുക, ഇതുമൂലം അവരുടെ വൈദ്യുത ബില്ലില്‍ ഉണ്ടാകുന്ന കുറവും സംസ്ഥാനത്തിനുണ്ടാകുന്ന മൂലധന നേട്ടവും ബോധ്യപ്പെടുത്തുക. ഒരു മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാനുള്ള പ്രാരംഭച്ചിലവ് എകദേശം നാലു കോടി രൂപയില്‍ കൂടുതലാണ്. ഉപയോഗ സമയത്തുള്ള പ്രസരണ വിതരണ നഷ്ടം വേറെ.
മേല്‍പ്പറഞ്ഞ രണ്ട് മാര്‍ഗങ്ങളിലൂടെ കുറഞ്ഞത് 1000 മെഗാവാട്ട് ലാഭിക്കാനായാല്‍ എകദേശം 4000 കോടിയിലേറേ രൂപയുടെ പദ്ധതിച്ചിലവാണ് നമുക്ക് മിച്ചം പിടിക്കാനാവുന്നത്. മാത്രമല്ല പദ്ധതിമൂലം പുനരധിവസിപ്പിക്കേണ്ടിവരുന്നവരുടെ പ്രശ്നങ്ങളും, പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതവും ഒഴിവാക്കുകയും ചെയ്യാം.
പൂജാമുറിയിലും ആരാധനാ സ്ഥലങ്ങളിലും ഇടുന്ന സീറോ വാട്സ് ബള്‍ബ് (ഇത് സീറോ അല്ല മറിച്ച് 15 വാട്ട് വൈദ്യുതി എടുക്കുന്നതാണ്) മാറ്റി പകരം ഒരു/രണ്ട് വാട്ട് മാത്രം എടുക്കുന്ന എല്‍ ഇ ഡി ബള്‍ബ് ഇടാന്‍ പ്രേരിപ്പിക്കാം. സംസ്ഥാനത്തൊട്ടാകെ ഇത്തരം 10 ലക്ഷം ബള്‍ബ് മാറ്റാനായാല്‍ വരുത്താനാകുന്ന ലാഭം 13 മെഗാവാട്സിന്റെതാണ് എന്ന് ഓര്‍ക്കുക. ഇത്തരം ബള്‍ബുകള്‍ മിക്കയിടങ്ങളിലും ദിനം മുഴുവന്‍ പ്രകാശിക്കുന്നതിനാല്‍ ഈ ചെറിയ നീക്കം ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.
ചെറിയ ദൂരത്തിനുള്ളിലെ യാത്ര കാല്‍നടയായോ അല്ലെങ്കില്‍ സൈക്കിളിലോ ആക്കിക്കോളൂ, ഊര്‍ജവും കരുതാം പ്രകൃതിയെ സംരക്ഷിക്കം ഒപ്പം ആരോഗ്യവും നിലനിര്‍ത്താം.
ദീര്‍ഘദൂരയാത്രയ്ക്ക് കഴിവതും ബസ്, ട്രെയിന്‍ എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക. ഒരു കാറില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രം യാത്രചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതിശീര്‍ഷ എണ്ണയുപയോഗവും ബസിലോ ടെയിനിലോ യാത്രചെയ്യുമ്പോള്‍ ആള്‍ക്കൊന്നിന് ഉണ്ടാകുന്ന എണ്ണച്ചിലവും തമ്മില്‍ വന്‍ അന്തരമാണുള്ളത്. പാതകളിലെ ഗതാഗത കുരുക്കിനും ശമനമാകും. ലാഭിക്കുന്ന ഒരോ തുള്ളി എണ്ണ വഴിയും നമുക്ക് ഒഴിവാക്കാനാകുന്നത് അത് പുറത്തേക്ക് തള്ളുമായിരുന്ന ടണ്‍ കണക്കിന് ഹരിത്ര ഗൃഹ വാതകങ്ങളാണ്. ഈ വാതകങ്ങളാണ് ക്രമേണ ഭൂമിയെ ചൂടുപിടിപ്പിക്കുന്നത്.
നാം ജീവിക്കുന്ന ഭൂമി ഭാവി തലമുറയുടെ പക്കല്‍ നിന്നും കടം വാങ്ങിയതാണന്നോര്‍ക്കുക, അത് സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കേണ്ട ധാര്‍മിക ബാധ്യത നമുക്കുണ്ടെന്ന് ഓര്‍ക്കാം.

“എല്ലാവരുടേയും ആവശ്യങ്ങളെ സഫലീകരിക്കാനുള്ള വിഭവങ്ങള്‍ ഈ ഭൂമിയിലുണ്ട്. പക്ഷെ അത് എല്ലാവരുടെയും അത്യാര്‍ത്തിക്ക് തികയില്ല”
ഈ ഗാന്ധീ സൂക്തം എക്കാലത്തും പ്രസക്തം.

Tuesday, March 23, 2010

ഡോട്ട് കോം വിലാസത്തിന് 25 ന്റെ നിറവ്

ഇന്റര്‍നെറ്റ്‌ എന്നാല്‍ നമുക്കു പലര്‍ക്കും ഡോട്ട്‌കോം ആണ്‌ (.com). ഒട്ടനേകം വാലറ്റപ്പേരുകള്‍ ഉണ്ടെങ്കിലും ഇത്രമേല്‍ ജനകീയമായത്‌ മറ്റൊന്നുമില്ല. ഓരോ ദിവസവും ആയിരക്കണക്കിനു പേരാണ്‌ ഡോട്ട്‌കോം വാലുമായി പിറന്നുവീഴുന്നത്‌. സാങ്കേതികമായി ഈ `കോമിനെ' ജനറിക്‌ ടോപ്‌ ലെവല്‍ ഡൊമൈന്‍ (g TLD) എന്നാണ്‌ വിളിക്കുന്നത്‌. .edu, .net, .mil (മിലിറ്ററി), .org എന്നിവയും നമുക്ക്‌ പരിചിതങ്ങളായ മറ്റ്‌ gTLD കളാണ്‌. കൂട്ടത്തില്‍ എണ്ണംകൊണ്ടും ഉപയോഗംകൊണ്ടും ഡോട്ട്‌കോം തന്നെ മുന്നില്‍. ഇതുകൂടാതെ cc TLD കളും (country code TLD) ഉണ്ട്‌. .in (ഇന്ത്യ) .cn (ചൈന), .pk (പാകിസ്ഥാന്‍), .sa (സൗദി അറേബ്യ) എന്നിവ ഉദാഹരണം.
ഡോട്ട്‌കോം എന്ന ഇന്റര്‍നെറ്റ്‌ വാലറ്റപ്പേര്‌ 25 വര്‍ഷം തികയുന്നവേളയില്‍ വിപുലമായ ആഘോഷങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌. നിലവിലെ .കോം രജിസ്‌ട്രാറായ വെരിസൈന്‍ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ആദ്യത്തെ ഡോട്ട്‌കോം വിലാസം കരസ്ഥമാക്കിയ symbolics.com ഉം ഒപ്പമുണ്ട്‌. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്‌ ലോകത്തിന്‌ നിസ്‌തുല സംഭാവന നല്‍കിയ 75 പ്രസ്ഥാനങ്ങളെ/വ്യക്തികളെ ആദരിക്കുന്നുണ്ട്‌. വിശ്രുതരായ സംരംഭകരും എഴുത്തുകാരും അടങ്ങിയ ജൂറിയാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌. ഇന്ത്യന്‍ സ്ഥാപനമായ ഇന്‍ഫോസിസും സിലിക്കോണ്‍ വാലിയിലെ പ്രൗഢമായ ഇന്ത്യന്‍ സാന്നിധ്യം വിനോദ കോസ്‌ലയും ആദരിക്കുന്നവരുടെ പട്ടികയിലുണ്ട്‌. പട്ടികയിലെ മറ്റൊരു ശ്രദ്ധേയതാരം നോബല്‍ ജേതാവും ബംഗ്ലാദേശുകാരനുമായ ഡോ. മുഹമ്മദ്‌ യൂനുസാണ്‌. ഇന്റര്‍നെറ്റിനെ ഒരു ബിസിനസ്‌ ഇടമാക്കി ചെറുകിട സംരംഭകര്‍ക്കിടയില്‍ ജനപ്രിയമാക്കിയതിനും ഗ്രാമീണ ടെലിഫോണ്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയതിനുമാണ്‌ ഈ അംഗീകാരം.
കൊമേഴ്‌സ്യല്‍ എന്ന വാക്കിന്റെ ചുരുക്കെഴുത്തായാണ്‌ .com ഉരുത്തിരിഞ്ഞുവന്നത്‌. ഇതിന്റെ വര്‍ധിച്ച എണ്ണവും തിരക്കും നിയന്ത്രിക്കാനായി .biz എന്ന മറ്റൊരു gTLD കൂടി അവതരിപ്പിച്ചെങ്കിലും പുതിയ അവതാരത്തെ ആര്‍ക്കും വേണ്ടെന്നതാണ്‌ അവസ്ഥ. ആദ്യകാലത്ത്‌ അമേരിക്കന്‍ പ്രതിരോധവകുപ്പാണ്‌ കോം പട്ടിക പരിപാലിച്ചിരുന്നത്‌. പിന്നീട്‌ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള വെരിസൈന്‍ (verisign) എന്ന സ്ഥാപനത്തിന്‌ നിയന്ത്രണാധികാരം കൈമാറി. മറ്റനേകം സമാനസ്ഥാപനങ്ങളെയും ബാങ്കുകളേയും ഡിജിറ്റല്‍ സുരക്ഷയില്‍ സാങ്കേതിക സജ്ജരാക്കുന്ന ജോലിയില്‍ മുഖ്യമായും ശ്രദ്ധപതിപ്പിച്ചിരിക്കുന്ന സ്ഥാപനമാണ്‌ വെരിസൈന്‍. 1985 മാര്‍ച്ച്‌ 15 നാണ്‌ ആദ്യ .കോം വിലാസം Symbolics സ്വന്തമാക്കുന്നത്‌. പിന്നീടിങ്ങോട്ട്‌ ചരിത്രം, ഇന്ന്‌ ഇന്റര്‍നെറ്റ്‌ വിലാസമോ ഇ മെയില്‍ വിലാസമോ ഇല്ലാതെ വാണിജ്യ/വ്യാപാര ബന്ധങ്ങളില്‍ സുഗമമായി ഇടപെടാനാകില്ല എന്നുവരെ എത്തിനില്‍ക്കുന്നു. മൊബൈല്‍ ഫോണിലേക്കുകൂടി ഇന്റര്‍നെറ്റ്‌ വ്യാപിച്ചതോടെ ഒരു രണ്ടാം കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്‌ ഇന്റര്‍നെറ്റ്‌. എം കൊമേഴ്‌സും, എം ഗവണന്‍സും ഇതിന്റെ ഭാഗം.

(ccTLD യും വിവിധ രാജ്യങ്ങളുമായുള്ള കൗതുകവിവരങ്ങളും ഡോട്ട്‌കോം തട്ടിപ്പുകളെപ്പറ്റിയും അടുത്ത പോസ്റ്റായി ഇടാം).

Wednesday, March 10, 2010

ഫോട്ടോഷോപ്പ്‌ @20

കംപ്യൂട്ടര്‍ ഉപയോഗിച്ചുതുടങ്ങുമ്പോള്‍ത്തന്നെ മിക്കവരും കേട്ടുതുടങ്ങുന്ന പേരാണ്‌ ഫോട്ടോഷോപ്പ്‌. ചിത്രങ്ങള്‍ക്ക്‌ മിഴിവേകുവാനും മറ്റു ചില അവസരത്തില്‍ രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും വരയ്‌ക്കാനും ഈ ചിത്രപ്പീടിക (Photoshop) തന്നെ ആശ്രയം. കംപ്യൂട്ടര്‍ ഇമേജിങ്‌ രംഗത്ത്‌ പിച്ചവച്ചു നടക്കുന്നവര്‍മുതല്‍ തികഞ്ഞ പ്രൊഫഷണല്‍ വൈഭവമുള്ള ആര്‍ട്ടിസ്‌റ്റുകള്‍വരെ ഫോട്ടോഷോപ്പിന്റെ ആരാധകര്‍. ഈ ആവശ്യകത മുന്‍കൂട്ടി കണ്ടുകൊണ്ടാകണം നിര്‍മാതാക്കളായ അഡോബി ഓരോ പുതിയ പതിപ്പ്‌ പുറത്തിറക്കുമ്പോഴും നവീനവും പുതുക്കപ്പെട്ടതുമായ സൗകര്യങ്ങള്‍ (New and Improved tools) ഫോട്ടോഷോപ്പിലേക്ക്‌ വിദഗ്ദമായി ഇണക്കിച്ചേര്‍ക്കുന്നത്‌.
അല്‍പ്പം ചരിത്രം:
മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തോമസ്‌ നോളും സഹോദരന്‍ ജോണും കൂടി പരീക്ഷണം എന്ന നിലയില്‍ 1987ല്‍ തുടങ്ങിയതാണ്‌ ഈ സംരംഭം. പിതാവിന്റെ ഫോട്ടോഗ്രഫി പരീക്ഷണശാലയുടെ ഇരുട്ടുമുറി ബാല്യകാലംമുതല്‍ക്കേ ഇവരില്‍ ചിത്രകൗതുകത്തിന്റെ സാധ്യതകള്‍ക്ക്‌ വിത്തുപാകിയെന്നു പറയാം. അന്നത്തെ കാലത്തുതന്നെ പിതാവ്‌ തന്റെ ആവശ്യങ്ങള്‍ക്കും മറ്റുമായി ഒരു കംപ്യൂട്ടറും വാങ്ങിയിരുന്നു. പ്രതിഭയുടെ മിന്നലാട്ടം ചിത്രപ്പണിയുടെ രൂപത്തില്‍ കംപ്യൂട്ടറിലൂടെ വളരാന്‍ അധികസമയം എടുത്തില്ല. കളര്‍ മോണിറ്ററും ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസും (GUI) അത്രമേല്‍ വ്യാപകമല്ലാതിരുന്ന ആ കാലത്ത്‌ തോമസ്‌ നോള്‍ ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കി. ചാരനിറമുള്ള ചിത്രങ്ങള്‍ (Greyscale Images) കൈകാര്യം ചെയ്യാനുതകുന്നതായിരുന്നു ഇത്‌. കറുപ്പും വെളുപ്പും മാത്രം മിന്നിമറയുന്ന സ്‌ക്രീന്‍ ചതുരത്തില്‍ ഇതിന്റെ ഷെയ്‌ഡുകളായ വിവിധാനുപാതത്തിലുള്ള ചാരനിറം മാത്രമായിരുന്നു അന്നത്തെ പരമാവധി സാധ്യത. അത്‌ അവര്‍ ഭംഗിയായി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. 1987ല്‍ ആരംഭസമയത്ത്‌ `ഡിസ്‌പ്ലേ' എന്നായിരുന്നു പേര്‌. പിന്നീട്‌ ചെറിയൊരു ഇടവേളയില്‍ `ഇമേജ്‌ പ്രോ' എന്ന പേരുമാറ്റവും നടന്നു. 1990ല്‍ ലോകപ്രസിദ്ധമായ `അഡോബി' ഈ ചിത്രപ്പണി സോഫ്‌റ്റ്‌വെയറിയെ സ്വന്തമാക്കി (അതോ ഇതിനെ സ്വന്തമാക്കുന്നതിലൂടെ അഡോബി പ്രശസ്‌തമാവുകയായിരുന്നോ!). ഏതായാലും അഡോബി എന്ന പുത്തന്‍ ഉടമയ്‌ക്കൊപ്പം ചെന്നപ്പോള്‍ `ഫോട്ടോഷോപ്പ്‌' ആരാധകരുടെ ഇഷ്ടപ്പെട്ട ആപ്ലിക്കേഷന്‍ ആകാന്‍ ഏറെസമയം എടുത്തില്ല. ഇന്ന്‌ ഇതില്‍ എത്രയധികം സൗകര്യങ്ങളുണ്ടെന്ന്‌ അറിയുന്നവര്‍ അത്രയധികം ഉണ്ടാകില്ല അതായത് എല്ലാ മെനുവും അതിന്റെ പരമാവധി സൗകര്യവും അറിയുന്നവര്‍ ചുരുക്കം. ഡിജിറ്റല്‍ ക്യാമറകളുടെ വന്‍ ജനപ്രീതിയും വ്യാപകമായ ഉപയോഗവും അക്ഷരാര്‍ഥത്തില്‍ ഫോട്ടോഷോപ്പിനെ ആര്‍ക്കും വിട്ടുപിരിയാന്‍ പറ്റാത്ത തലത്തിലേക്കെത്തിച്ചു.

നമ്മുടെ നാട്ടിലെ സ്‌റ്റുഡിയോയിലെ ചിത്രമെടുപ്പിന്റെ ഭൂതകാലം തന്നെ നോക്കുക. ഭാരമേറിയ ക്യാമറയില്‍ ഫോട്ടോഗ്രാഫിക്‌ ഫിലിം റോള്‍ ലോഡ്‌ ചെയ്‌തശേഷം എടുക്കുന്ന ഫോട്ടോ, ഹൈപ്പോവാട്ടര്‍ ഉപയോഗിച്ചു കഴുകിയശേഷം ഡെവലപ്‌ ചെയ്‌തെടുക്കുന്നു. ഒരു ഫോട്ടോ എടുക്കാനുള്ള ചെലവ്‌, സമയം എന്നിവ ഏറെയായിരുന്നു. ഇന്നാകട്ടെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച്‌ ഒട്ടേറെ ഫോട്ടോ നിമിഷംകൊണ്ട്‌ എടുക്കാനാകും. കപ്യൂട്ടറില്‍ നോക്കി നമ്മുടെ ഇഷ്ടത്തിനനുസരിച്ച്‌ ചിത്രം തെരഞ്ഞെടുത്ത്‌ േഫാട്ടോഷോപ്പില്‍ `മിനുക്കല്‍' പണി നടത്തിയശേഷം മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലേക്കെത്തിക്കും. നേരത്തത്തെ`ഡാര്‍ക്‌റൂം' പ്രക്രിയയെയാണ്‌ നല്ല വെളിച്ചത്തില്‍ ഇരിക്കുന്ന കംപ്യൂട്ടറിലെ ഫോട്ടോഷോപ്പ്‌ മാറ്റി പ്രതിഷ്‌ഠിച്ചത്‌.

സാങ്കേതികവിദ്യയോടുള്ള ചങ്ങാത്തം സമൂഹത്തില്‍ എല്ലാകാലത്തും ഭീതിയോ ആശങ്കയോ ആയി ഇരുപ്പുറപ്പിക്കാറുണ്ട്‌. പരമ്പരാഗത ശൈലിയെ തകര്‍ക്കുന്ന വേഗവും കൈമാറ്റ സൗകര്യങ്ങളുമാണ്‌ ഇതിനു കാരണം. ഇവിടെ ഇത്‌ `ഫോട്ടോഷോപ്പ്‌ ഫോബിയ' എന്നു പറയാവുന്ന ഒരു തലത്തിലേക്കെത്തിച്ചിട്ടുണ്ട്‌. അപകീര്‍ത്തികരമായ ചിത്രങ്ങള്‍, അശ്ലീലതയുടെ ചുവയുള്ള എഡിറ്റിങ്ങുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ചിത്രവധം എന്നിവ നടത്താന്‍ ഫോട്ടോഷോപ്പിനെ കൂട്ടുപിടിച്ചവര്‍ കുറവല്ല. ഇനി തനി/യഥാര്‍ഥ ഫോട്ടോ കാണിച്ച്‌ ഒരാളെ സത്യത്തിന്റെ രീതിയിലേക്ക്‌ ചോദ്യംചെയ്യാന്‍ ആരംഭിച്ചാലും അയാള്‍ രക്ഷയുടെ അവസാന കച്ചിത്തുരുമ്പായി എടുത്ത്‌ വീശുന്നതും `ഓ! ഇത്‌ ഫോട്ടോഷോപ്പിന്റെ കളിയാ'! എന്നായിരിക്കുന്നു. ഇമേജ്‌ എഡിറ്റിങ്ങിനുള്ള കോറല്‍ഡ്രോ, സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപായമായ `ജിമ്പ്‌' എന്നിവയ്‌ക്കും ഒട്ടേറെ ആരാധകരുണ്ടെങ്കിലും ഫോട്ടോഷോപ്പ്‌ ഒരു പ്രോഡക്ട്‌ ഐഡന്റിഫിക്കേഷന്‍ സ്ഥാപിച്ചെടുത്തു എന്നത്‌ നിഷേധിക്കാനാകില്ല (ഫോട്ടോസ്‌റ്റാറ്റിന്‌ Xerox കോപ്പി, വനസ്‌പതിക്ക്‌ ഡാല്‍ഡ, ആന്റിസെപ്‌റ്റിക്‌ ലായനിക്ക്‌ ഡെറ്റോള്‍ എന്നുപറയുന്നപോലെ).
മലയാളി ടച്ചും
എവിടെ ചെന്നാലും മലയാളികള്‍ ഉണ്ടെന്നു പറയുന്നത്‌ ഒരുപക്ഷേ ഫലിതമായിട്ടാകാം. എന്നാല്‍ ഫോട്ടോഷോപ്പ്‌ കംപ്യൂട്ടറില്‍ സജീവമായി വരുന്നവേളയില്‍ ഔദ്യോഗിക മുദ്രയ്‌ക്കും ഗ്രാഫിക്‌സിനുമൊപ്പം ഇതില്‍ സഹകരിച്ച പ്രൊഫഷണലുകളുടെ പേര്‌ എഴുതിക്കാണിക്കുന്നുണ്ട്‌. ഇതില്‍ ഒരു മലയാളി ഉണ്ട്‌. പത്തനംതിട്ട സ്വദേശി വിനോദ്‌ ബാലകൃഷ്‌ണന്‍. കൊല്ലം ടികെഎം എന്‍ജിനിയറിങ്‌ കോളേജില്‍നിന്നു ബിരുദമെടുത്ത വിനോദ്‌ അഡോബിയിലെ മുന്‍നിര എന്‍ജിനിയറാണ്‌. തിരുച്ചിറപ്പള്ളി ആര്‍ഇസിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്ത തമിഴ്‌നാട്ടുകാരനായ സീതാരാമന്‍ നാരായണനും അഡോബിയില്‍ മറ്റൊരു മുതിര്‍ന്ന ഇന്ത്യന്‍ സാന്നിധ്യമാണ്‌.

******
യൂടൂബ് @ 5
അഡോബിയുടെ ഇരുപതു വര്‍ഷ ചരിത്രത്തിനിടയില്‍ മറ്റോരു താരം അഞ്ചുവര്‍ഷം തികയ്ക്കുന്നത്‌ വലിയ വാര്‍ത്താപ്രാധാന്യമുള്ളതാണോ എന്നു സന്ദേഹിച്ചാല്‍ അല്ല എന്നുത്തരം. എന്നാല്‍ നിലവില്‍വന്ന്‌ അഞ്ചാണ്ടിനുള്ളില്‍ സൈബര്‍ലോകത്തെ ഇരുത്തംവന്ന സ്ഥാപനങ്ങളെ പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന യൂടൂബിന്റെ കാര്യത്തില്‍ ഈ ചെറിയ കാലയളവ്‌ ചരിത്രംതന്നെ. ഇന്റര്‍നെറ്റിലൂടെ വീഡിയോ കൈമാറാനുള്ള സംരംഭമായി തുടങ്ങിയ ഈ വെബ്‌സൈറ്റ്‌ ഇത്രകണ്ട്‌ ജനപ്രിയമാകുമെന്ന്‌ സ്ഥാപകരായ സറ്റീവ്‌ചിന്‍, ചഡ്‌ഹാര്‍ലി, ജവേദ്‌ കരീം എന്നിവര്‍പോലും സ്വപ്‌നംകണ്ടിട്ടുണ്ടാകില്ല. വെബ്‌ നിരീക്ഷകരായ അലക്‌സാ ഡോട്ട്‌കോമിന്റെ കണക്കുകളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നായി യൂടൂബുണ്ട്‌.

2005 ഫെബ്രുവരിയില്‍ 12 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ മൂലധനവുമായി സ്ഥാപനം തുടങ്ങി. ഇന്ന്‌ ഓരോ മിനിറ്റിലും 20 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന്‌ ഇവിടേക്കെത്തുന്നു. തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗൂഗിള്‍ യൂടൂബിനെ സ്വന്തമാക്കി. ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തെത്തന്നെ ഉള്ളതിനാലോ അതോ ഇതിനെ സ്വന്തമായി പറക്കാനനുവദിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആകണം ഗൂഗിളിലേക്ക്‌ പൂര്‍ണമായും ലയിപ്പിക്കാതെ ഒരു ഉപകമ്പനിയായി തുടരാനാണ്‌ അനുവദിച്ചത്‌. ഇന്ന്‌ യൂടൂബിന്‌ തൊട്ടടുത്തുപോലും ഒരു എതിരാളി ഇല്ല. നോബല്‍സമ്മാനം ആയാലും ഈയാഴ്‌ച പ്രഖ്യാപിച്ച ഓസ്‌കാറായാലും ഇനി നടക്കാനിരിക്കുന്ന ഐപിഎല്‍ ക്രിക്കറ്റായാലും ലൈവായിത്തന്നെ യൂടൂബിലുണ്ട്‌; അതും ഔദ്യോഗിക വീഡിയോ അവകാശത്തോടെ. ആദ്യകാലത്ത്‌ ഒരു നിലവാരത്തിലുള്ള വീഡിയോ മാത്രമായിരുന്നുവെങ്കില്‍. ഇന്ന്‌ ഹൈ ഡെഫനിഷന്‍, മൊബൈല്‍ ഫോണ്‍ വീഡിയോ എന്നിങ്ങനെ കുറച്ചധികം വകഭേദങ്ങളുമുണ്ട്‌. സിറ്റിസണ്‍ ജേര്‍ണലിസ്‌റ്റുകളുടെയും സമാന്തര സിനിമാ പ്രേമികളുടെയും ഇഷ്ടയിടമായി യൂടൂബ്‌ മാറിക്കഴിഞ്ഞു. ട്വിറ്റര്‍, ഓര്‍ക്കുട്ട്‌, ഫേസ്‌ ബുക്ക്‌, ബസ്‌ എന്നീ സോഷ്യല്‍ ഇടങ്ങള്‍ വഴി നേരിട്ടും ഹൈപ്പര്‍ലിങ്കായും യൂടൂബ്‌ വീഡിയോ കോടിക്കണക്കിന്‌ പ്രേക്ഷകരിലെത്തുന്നുണ്ട്‌. ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ടിവി ചാനലിനേക്കാളും പ്രേക്ഷകര്‍ യൂടൂബിനുണ്ട്‌ എന്നറിയുമ്പോള്‍ ഇതിന്റെ അഞ്ചുവര്‍ഷം സംഭവബഹുലമായിരുന്നുവെന്നു വ്യക്തമാകും.
യൂട്യൂബിനെ വിശദീകരിച്ച് ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം ഇട്ടിരുന്നു. വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യൂ

Saturday, March 06, 2010

മലയാളത്തിലെ പുതിയ വാക്കുകള്‍ക്കായി ഒരു സംരംഭം

മലയാള ഭാഷയിലെ പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form
ഇന്ന് (മാര്‍ച്ച് ആറ്, 2010) നടന്ന ഒരു ഗൂഗിള്‍ ബസ് ചര്‍ച്ചയെ തുടര്‍ന്ന് ആരംഭിച്ച ഒരു സംരംഭമാണ്. നിങ്ങള്‍ക്കും പുതിയ വാക്കുകള്‍ നല്‍കാം. സാങ്കേതിക വിദ്യ സംബന്ധമായ ഒട്ടേറെ പദങ്ങളും ശൈലിയും ദിനേന മലയാള ഭാഷയിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭാഷയുടെ തനിമ നിലനിര്‍ത്താനും പുതിയതും പുതുക്കപ്പെട്ടതുമായ വാക്കുകള്‍ അറിയാനും ഈ കണ്ണികള്‍ പ്രയോജനപ്പെടുത്താം. ഇവിടെ നടക്കുന്ന വാക്കുചേര്‍ക്കലുകള്‍ക്കും മാറ്റിയെഴുതലുകള്‍ക്കും പക്വത പ്രാപിക്കുന്നതിനുമനുസരിച്ച് ഒരു ബ്ലോഗിലേക്കോ അല്ലെങ്കില്‍ വിക്കി പേജിലേക്കോ വാക്കുകളെ മാറ്റാം. എതായാലും പത്രപ്രവര്‍ത്തകര്‍ക്ക്/ബ്ലോഗര്‍മാര്‍ക്ക് ഈ ശൈലീ-വാക്ക് ഇ-പുസ്തകം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയുണ്ട്.

പുതിയ പദങ്ങള്‍ ഇവിടെ ലഭ്യമാണ്: www.bit.ly/ml-words പുതിയവാക്ക് എഴുതാന്‍: http://bit.ly/ml-words-form

....
പ്രമുഖ ബ്ലോഗറും സമാന മേഖലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഹരീഷ് നമ്പൂതിരിയാണ് ഈ നവസംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്

Thursday, March 04, 2010

ഇങ്ങനെയും ഭാഷയുടെ തനിമ നിലനിര്‍ത്താം :-(

ഈ ബ്ലോഗ് പോസ്റ്റിനൊപ്പമുള്ള പരസ്യം വായിക്കുക. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’ യുടെ ഡിസംബര്‍ ലക്കത്തിലെ ഒരു പരസ്യമാ‍ണ് പ്രതിപാദ്യ വിഷയം. പരസ്യം ഇന്‍സ്റ്റിട്യൂട്ടിന്റെതു തന്നെ, അന്താരാഷ്ട്ര പുസ്തകോത്സവം ആണ് വിഷയം. ഇത് നടക്കുന്ന സ്ഥലത്തിന്റെ പേര് കൌതുകമുണര്‍ത്തും. അരയിടത്തു ബ്രിഡ്ജ് ഗ്രൌണ്ട്. കോഴിക്കോട്ടെ ഈ സ്ഥലത്തിന് അരയിടത്ത് പാലം മൈതാനം എന്ന് പോരെ, അങ്ങനെ തന്നെയല്ലേ അന്നാട്ടുകാരും നാമെല്ലാവരും പറയുന്നത്. എന്തിന് ആ നാട്ടിലെ ബസിലെ സ്ഥല സൂചികകളിലും മറ്റും അരയിടത്തുപാലം എന്ന് തന്നെയാണ് എഴുതുന്നത്.
മറ്റാരെങ്കിലും മലയാളഭാഷയെ ഈ രീതിയില്‍ അരും കൊല ചെയ്താലും പൊറുക്കാമായിരുന്നു, പക്ഷെ ഭാഷയുടെ തനിമ നിലനിര്‍ത്താനും അനുബന്ധ ഗവേഷണ പഠനങ്ങളിലും പ്രസിദ്ധീകരണ രംഗത്തും ഇടപെടുന്ന അല്ലെങ്കില്‍ അതിനായി നിയോഗിക്കപ്പെട്ട ‘കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്’ തന്നെ ഇതു ചെയ്തത് ശരിയായില്ല.
താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

Tuesday, March 02, 2010

ഗൂണ്ടാ സ്റ്റേഷന്‍ അഥവാ പഴയ പൊലിസ് സ്റ്റേഷന്‍

വ്യാജ സി ഡി ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ശിക്ഷ കടുത്തതായിരിക്കുമെന്ന് ആന്റി പൈറസി സെല്‍ മേധാവിയും ഐ.ജിയുമായ ശ്രീ ലേഖ
ഇതുമായി ചേര്‍ത്തു വയ്ക്കാവുന്ന ചില പ്രശ്‌നങ്ങള്‍
1. നാളെ നമ്മുടെ പോലിസ് സ്റ്റേഷനുകളിലെ കമ്പ്യൂട്ടറുകളില്‍ പൈറേറ്റഡ് സോഫ്‌ട് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഒരാള്‍ ആര്‍ ടി ഐ പ്രകാരം ശ്രമിച്ചാലോ, അല്ലെങ്കില്‍ മൈക്രോ‌സോഫ്ടോ അഡോബിയോ നേരിട്ട് ഒരു പരാതിയോ കൊടുത്താല്‍ കള്ളന്‍ കപ്പലില്‍ (ഗൂണ്ടാ പോലിസ് സ്റ്റേഷനില്‍) ആണെന്ന് തെളിയില്ലേ.
2. ബ്ലു ടൂത്ത് വഴി സിനിമ/പാട്ട് പകര്‍ത്തി കൊടുക്കുന്നതും കാണുന്നതും ഇതേ നിയമത്തിന്റെ കണ്ണില്‍ കുറ്റമല്ലേ. കേരളത്തില്‍ 2 കോടി മൊബീല്‍ കണക്ഷന്‍ ഉണ്ടത്രേ. അതില്‍ കേവലം ഒരു ശതമാനം വരിക്കാരുടെ ഫോണില്‍ അനധികൃതമായി പകര്‍ത്തിയ സിനിമയ്യോ അല്ലെങ്കില്‍ ഒരു പാട്ടോ ഉണ്ടെന്നിരിക്കട്ടെ. എന്നു വച്ചാല്‍ രണ്ടു ലക്ഷം മലയാളികള്‍ ഗൂണ്ടാ ആണെന്നാണ് തെളിയാന്‍ പോകുന്നത്.
3. നമ്മുടെ തെരുവോരങ്ങളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകം വില്‍ക്കുന്നവരുടെ മുഖ്യ വിപണനം പൈറേറ്റഡ് പുസ്തകമാണ് . ഇപ്പോഴത്തെ ബെസ്റ്റ് സെല്ലറായ ചേതന്‍ ഭഗത്തിന്റെ പുസ്തകങ്ങളെടുക്കാം. എകദേശം 160 പതിപ്പുകള്‍ വിറ്റ ഫൈവ് പോയിന്റ് സം‌വണ്‍ അതിലും എത്രയോ കോപ്പി വ്യാജപ്പതിപ്പുകള്‍ മൂലം വായനക്കാരുടെ കയ്യില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ പ്രസാധകരായ രൂപ & കോ നമ്മുടെ ഐ ജി ക്ക് ഒരു കത്ത് കൊടുത്താല്‍ ഇത് വില്‍ക്കുന്ന പാവങ്ങളെയോ അല്ലെങ്കില്‍ ചുളുവിലയ്ക്ക് വാങ്ങി അലമാരയില്‍ വച്ചിരിക്കുന്ന മാന്യന്മാരെയോ ഗൂണ്ടാ ആക്‍റ്റില്‍ പെടുത്തുമോ.
4. സിനിമാ പ്രവര്‍ത്തകരുടെ/നിര്‍മാതാക്കളുടെ വീട്ടിലുള്ള പുസ്തകങ്ങളും /കമ്പ്യൂട്ടറും ഒന്ന് അരിച്ചു പെറുക്കിയാല്‍ ഗൂണ്ടായെ പിടിക്കാന്‍ പോയവരും ഗൂണ്ടാ ആകുന്ന കാലം കാണാം. അപ്പോള്‍ പൈറേറ്റഡ് പുസ്തകം ഇല്ലാത്ത വീടാണ് അഴിക്കോട്ടെതെങ്കില്‍ സുകുമാരന് ഇനി ഗുണ്ടാ മമ്മൂട്ടി,ഗൂണ്ടാ മോഹന്‍ ലാല്‍ എന്നും കൂവാം.

Sunday, February 21, 2010

ഗൂഗിള്‍ മാപ്പിംഗ്, കേരള പോലീസ് പിന്നെ സര്‍ക്കാരും

ഫെബ്രുവരി അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി രാജ്യത്തിന്റെ മൊത്തത്തിലും കേരളീയരെ പ്രത്യേകിച്ചും ആകര്‍ഷിച്ചത് അതിന്റെ സാങ്കേതികമേന്മയോ കൌതുകമോ കൊണ്ടല്ല, മറിച്ച് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ‘ആശങ്ക’ മൂലമാണ്. ഔദ്യോഗികമായി ഒരു കത്തു തന്നെ ഇന്റലിജന്‍സ് എഡി‌ജി‌പി നല്‍കി. ലക്ഷ്യം ഒന്നുമാത്രം ഈ ഒത്തുചേരല്‍ തടയണം. ശരിയാണ് എല്ലായിടത്തേയും പോലെ ഇവിടെയും പൊലീസിനാണല്ലോ നീയമ വാഴ്ച, സുരക്ഷ എന്നിവയുടെ ഉത്തരവാദിത്വം. അത് അവര്‍ പഴുതുകളില്ലാതെ ചെയ്യുകയും വേണം. എന്നാല്‍ കേരള പോലീസിന്റെ ആശങ്ക ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ ആകേണ്ടതല്ലേ. അതു കൊണ്ടുതന്നെ ഐടി മുന്നേറുന്ന അന്ധ്രാപ്രദേശില്‍ എന്താണ് നടക്കുന്നതെന്ന് നോക്കാം, സൈബരാബാദ് മെട്രോ പൊലീസ് ഔദ്യോഗികമായി തന്നെ ഗൂഗിളിന്റെ മാപ്പിംഗ് സേവനം ഉപയോഗിക്കുന്നു! ജി മെയിലോ ബ്ലോഗറോ ഉപയോഗിക്കുന്നത് പൊലെ നേരെയങ്ങ് ഉപയൊഗിച്ചു തുടങ്ങിയതല്ല അവിടെ, ഗൂഗിളില്‍ നിന്നുള്ളവര്‍ സംസ്ഥാന പൊലീസുമായി നേരില്‍കണ്ട് ചര്‍ച്ച നടത്തിയാണ് മാപ്പിംഗ് സേവന പരിശീലനം നടത്തിയത് എന്നു കൂടിയറിയുക. നമ്മുടെ സംസ്ഥാനത്ത് ഇല്ലാത്ത ആശങ്കയും പിണക്കവും അയല്‍‌വക്കത്തെ ഇണക്കവുമറിയാന്‍ ഈ വിലാസം നോക്കുക http://www.cyberabadpolice.gov.in/police.html .ആന്ധ്രയില്‍ എത്രകാര്യക്ഷമമായാണ് ഒരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സൈബര്‍ ഭൂമിയില്‍ വരച്ചിട്ടിരിക്കുന്നത്. കേരളത്തില്‍ ചില അവസരങ്ങളിലെങ്കിലും കുറ്റകൃത്യം, വാഹനാപകടം ഒക്കെ സംഭവിക്കുമ്പോള്‍ ഇത് എന്റെ സ്റ്റേഷന്‍ അതിര്‍ത്തിയല്ല എന്ന് തര്‍ക്കമുണ്ടാകുന്നതിന് നാം സാക്ഷിയാണല്ലോ, സൈബരാബാദില്‍ ഇതൊഴിവാക്കി എന്നുമാത്രമല്ല എത് സ്ഥലത്ത് നിന്നും പരാതി അയക്കാനും അത് പിന്തുടരാനും സാധിക്കുകയും ചെയ്യുന്നു. സംസ്ഥാന പൊലീസിന്റെ ആശങ്ക ശരിയെങ്കില്‍ അത് ഇത്തരത്തില്‍ ആണോ പ്രകടിപ്പിക്കേണ്ടത്, സാങ്കേതിക പരമായും നീയമപരമായും മേല്‍നടപടിക്കായി കേന്ദ്രസര്‍ക്കാരിലേക്കോ അല്ലെങ്കില്‍ ഐ‌ഐ‌ടി/സിഡാക്ക് പോലെയുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെ സമീപിച്ച് വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ട് വാങ്ങുകയും പ്രസിദ്ധപ്പെടുത്തുകയും അല്ലേ ചെയ്യേണ്ടത്.

ഇന്റര്‍നെറ്റ് കാലത്ത് ജനങ്ങള്‍ ‘ഗൂഗിള്‍ മാപ്പ് + ഇന്ത്യാ പോലീസ്‘ എന്ന് സര്‍ച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ ലഭ്യമാകുന്ന വിവരത്തില്‍ സൈബരാബാദിന്റെ ഗൂഗിള്‍ ചങ്ങാത്തവും കേരളത്തിന്റെ പിന്തിരിയലും ദൃശ്യമാകുന്നത് ആശാവഹമല്ല. രാജ്യസുരക്ഷയാണ് മാനദണ്ഡമെങ്കില്‍ രാജ്യമൊട്ടുക്കും ഒരു നയമല്ലേ അഭികാമ്യം. മാത്രവുമല്ല ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തുന്ന ഐ‌എസ്‌ആര്‍‌ഓ ഇക്കഴിഞ്ഞ വര്‍ഷമാണല്ലോ ഭുവന്‍ എന്ന സമാന സംരംഭവുമായി രംഗത്തെത്തിയത് അന്നും ഈ ആശങ്ക പ്രകടിപ്പിച്ചു കണ്ടില്ല. ഈ മാപ്പിംഗ് പാര്‍ട്ടി നടത്തിയില്ലെങ്കിലും ഗൂഗിള്‍ മാപ്പില്‍ നേരത്തേ തന്നെ കേരള വിവരങ്ങള്‍ സമൃദ്ധമായി ഉണ്ടല്ലോ അത് എത്രയോ റിപ്പോര്‍ട്ടുകളായി ദിനപത്രങ്ങളിലും ഐടി മാസികകളിലും വന്നിരിക്കുന്നു. അന്നൊന്നും എതിരഭിപ്രായം ഉയര്‍ത്താതിരുന്നതെന്തേ? മാത്രമല്ല യാഹൂ, മൈക്രോസോഫ്‌ട്,നോക്കിയ ഒ‌വി‌ഐ ,ഓപ്പണ്‍ സ്റ്റ്രീറ്റ് എന്നിവയുടെ മാപ്പും ഉണ്ടല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ മാപ്പ് ഈ ലിങ്കില്‍ നോക്കുക http://www.vigyanprasar.gov.in/mapnew.htm .കേന്ദ്ര സര്‍ക്കാരും ആന്ധ്രാ പൊലീസും നേരിട്ട് തന്നെ ഗൂഗിളിന്റെ സേവനം ഉപയോഗിക്കുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇതില്‍ എതിര്‍പ്പുയരുന്നതിന്റെ കാരണം സാങ്കേതികപരമായ അജ്ഞത കൂടിയല്ലേ.

ഇന്നത്തെ സാഹചര്യത്തില്‍ നാം മികവോടെ മുന്നോട്ട് പോകണമെങ്കില്‍ വിവരവിനിമയ സാങ്കേതികവിദ്യയേ സഫലമായി ഉപയുക്തമാക്കിയേ പറ്റൂ, ആശങ്ക മൂലം അല്പകാലത്തേക്കെങ്കിലും തടസം വരുന്നത് പോലും ദൂരവ്യാപകമായി നമ്മെ ബഹുകാതം പിന്നിലാക്കും. സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി ആശങ്കകള്‍ ഉണ്ടാകുന്നത് സ്വഭാവികം എന്നാല്‍ സന്ദേഹം കൃത്യമായി പരിഹരിക്കാനും ഇതുയര്‍ത്തിയ കേന്ദ്രങ്ങള്‍ തന്നെ നടപടിയെടുക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം നിലനില്‍ക്കുന്നതാണങ്കില്‍ അത് ഗൂഗിള്‍ പോലെയുള്ള എജന്‍സികളുമായി സംസാരിച്ച് വ്യക്തത വരുത്തി തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വിശദവിവരത്തിന്റെ ദൃശ്യസൂക്ഷ്മത കുറയ്ക്കാം, അല്ലെങ്കില്‍ യുക്തമായ മറ്റെന്തെങ്കിലും പോംവഴി തേടാം. പക്ഷെ ഇതിന് രാജ്യം മുഴുവന്‍ ഒരു എകീകൃത നയവും രൂപവും ആകണം.

ഇന്റലിജന്‍സ് എ‌ഡിജി‌പിയുടെ കത്തിന് മുന്നെ സംസ്ഥാന റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഭൂമി കേരളം‘ പദ്ധതി ഒരു ഐ‌‌എ‌എസ് ഓഫീസറും എതാനും ഉദ്യോഗസ്ഥരും ഉള്‍പ്പടെ കുറച്ച് പേരേ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിക്കയക്കാന്‍ തീരുമാനം എടുത്ത് തയാറെടുക്കുകയും ചെയ്തു. കത്തിന് ശേഷം മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയിട്ടാകണം എല്ലാവരും വിട്ടു നിന്നു. ഈ മീറ്റിംഗിനുള്ള ക്ഷണം മെയില്‍ വഴി ലഭിച്ചപ്പോള്‍ കര്‍ശനമായ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു. വൈ-ഫൈ ലാപ്‌ടോപ്പ് ഉണ്ടായിരിക്കണം നിര്‍ബന്ധമായും പങ്കെടുക്കണം ഇല്ലെങ്കില്‍ ക്യൂവില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഊഴം കൈമാറും. പരിമിതമായ സീറ്റുമാത്രമേ ഉള്ളൂ എന്നോര്‍മിപ്പിക്കാനും മറന്നില്ല. എന്നാല്‍ അന്നേ ദിവസം എത്തിചേര്‍ന്നത് കേവലം മുപ്പത് പേരില്‍ താഴെ മാത്രം. ഏറെ മാധ്യമപ്രവര്‍ത്തകരും, വിവാദം ഇല്ലെങ്കില്‍ സ്ഥിതി മറിച്ചായേനേ. ആകെ നിറം കെട്ട പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലരാകട്ടെ പൊലീസ് വരുമോ എന്ന ആശങ്കയിലുമായിരുന്നു, കൂട്ടത്തില്‍ ഒരാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെന്ന വര്‍ത്തമാനം എതാനും മിനുട്ടുകള്‍ക്കകം ട്വിറ്ററില്‍ എത്തി, പടരുകയും ചെയ്തു.

സിറ്റിസണ്‍ കാര്‍ട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുക എന്ന സദുദ്ദേശത്തോടെയാണ് ഗൂഗിള്‍ പരിപാടി സംഘടിപ്പിച്ചത്.ഒരു പണി ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലതും എളുപ്പവും അത് കൂട്ടായി ചെയ്യുന്നതാണന്നതിന് വിക്കിപീഡിയ തന്നെ മികച്ച ഉദാഹരണം, ഇന്റര്‍നെറ്റിലൂടെ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ചെയ്യാമെന്നതും ചിലവ് കുറവാണന്നതും എല്ലാവരേയും ആകര്‍ഷിച്ചു. വികേന്ദ്രീകൃതമായി ചെയ്യുന്നതിന്റെ ഗുണവും അളവും വര്‍ധിപ്പിക്കാന്‍ ഇത്തരം മുഖാമുഖ പരിപാടികള്‍ ഉപകരിക്കുമെന്ന ബോധ്യമാകണം ഒട്ടേറെ പേരെ ഇതില്‍ സംബന്ധിക്കാന്‍ പ്രേരിപ്പിച്ചതും. എതായാലും കേരളത്തിലെ സമീപകാല ശാസ്ത്ര സാങ്കേതിക ചരിത്രമെഴുതിയാല്‍ ഈ ഗൂഗിള്‍ പിണക്കത്തെ ഒഴിവാക്കാനാകില്ല, ഭാവിയില്‍ ആവര്‍ത്തിക്കാതെയിരിക്കാനെങ്കിലും ഇത്തരം രേഖപ്പെടുത്തലുകള്‍ അനിവാര്യമാണ്‍. IEEE, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ(CSI) എന്നീ സ്ഥാപനങ്ങളുടെ കേരള ഘടകം നേരിട്ട് ഈ പരിപാടിയുമായി ആദ്യന്തം സഹകരിക്കുകയും ചെയ്തു, ഒരു വ്യത്യാസം മാത്രം. കത്തിന് മുന്നെ ഈ രണ്ടു സംഘടനകളുടേയും ലോഗോ അടക്കം വിവരങ്ങള്‍ മാപ്പിംഗ് പാര്‍ട്ടി വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. വിവാദ(മാന!) ഭയത്താലാകണം ലോഗോയും മറ്റും നീക്കം ചെയ്ത് പരോക്ഷമായി ഇവര്‍ക്ക് പരിപാടിയില്‍ സഹകരിക്കേണ്ടി വന്നത്. അതേ സമയം ഗൂഗിളിന്റെ വാണിജ്യ താത്പര്യം സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രേമികളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമുണ്ട് ഈ ‘സുരക്ഷാ വിവാദ പ്രളയത്തില്‍ ‘ കാര്യമായ ചര്‍ച്ചയ്ക്കെത്തിയില്ല എന്നതാണ് ദുഖകരമായ വസ്തുത.

തീര്‍ച്ചയായും ആധുനീകരിക്കേണ്ട ചില മേഖലകളുണ്ട്, ഭൂവിവരങ്ങളും അനുബന്ധവിവര സന്നാഹങ്ങളും അക്കൂട്ടത്തില്‍ പെടുന്നു. മാത്രമല്ല ആസന്ന ഭാവികാലത്തില്‍ തന്നെ മൊബൈല്‍ ഫോണിലൂടെ നമ്മുടെ നാട്ടില്‍ ഗൂഗിള്‍ മാപ്പ് വഴി തൊട്ടടുത്ത എടി‌എം/പെട്രോള്‍ ബങ്ക്/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /ആശുപത്രി/മെഡിക്കല്‍ സ്റ്റോര്‍ /ഷോപ്പിംഗ് മാളുകള്‍ എന്നിവ എവിടെയെന്ന് തിരയുന്ന കാലം വരും, ചിലപ്പോള്‍ പൊലീസ് സ്റ്റേഷനാണ് തിരയുന്നതെങ്കിലോ?

Tuesday, February 16, 2010

ഗൂഗിള്‍ ബസ് എത്തി2010
ന്റെ ആദ്യവാരത്തില്‍ തന്നെ നെക്‍സസ് വണ്‍ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ നവവര്‍ഷത്തെ വരവേറ്റു. ഇപ്പോഴിതാ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് ‘ബസ്‘ എന്ന നവതരംഗത്തിനും തുടക്കം കുറിച്ചുകൊണ്ട് സമാന സംരംഭങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. വിവരവിനിമയ രംഗത്തെ സാധ്യമായ എല്ലാ മേഖലകളിലും മേധാവിത്വം ഉറപ്പിക്കണമെന്ന ചിന്തയാണ് ഗൂഗിളിനെ നയിക്കുന്നതെന്ന് വ്യക്‍തം. അടുത്ത അവതാരം എന്ത് എന്ന് നിരീക്ഷിച്ചിരിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന പതിവ് രീതി ഇത്തവണയും ഗൂഗിള്‍ തെറ്റിച്ചില്ല.

നിലവില്‍ ഓര്‍ക്കുട്ട് എന്ന സേവനം ഉള്ളപ്പോഴാണ് പുതിയ ഒരു സേവനത്തിന് ശ്രമിച്ചത്. ഓര്‍ക്കുട്ട് ആകട്ടെ ഇന്ത്യയിലും ബ്രസീലിലും ആണ് കാര്യമായ വേരോട്മെങ്കിലും ഉണ്ടാക്കിയത്, അടുത്ത കാലത്തായി ഉപയോക്‍താക്കളുടെ കാര്യത്തില്‍ ഒര്‍ക്കുട്ട് കാര്യമായ വെല്ലുവിളിയും നേരിടുന്നുണ്ടെന്നത് ഗൂഗിളിനെ ശക്തമായ ഒരു തിരിച്ചുവരവിന് പ്രേരിപ്പിച്ചിട്ടുണ്ടാകണം. ഇന്റര്‍നെറ്റിന്റെ സമീപകാല ചരിത്രം പഠിക്കുകയാണങ്കില്‍ ഗൂഗിളിന് ശേഷം രണ്ടു പേരേ -ട്വിറ്ററും ഫേസ്ബുക്കും- വ്യക്തമായ വിപണി സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളൂ. ഇതില്‍ ട്വിറ്ററാകട്ടെ സാധാരണക്കാരില്‍ തുടങ്ങി വന്‍ കോര്‍പ്പറേറ്റ് സ്ഥാപനാധിപര്‍ , രാഷ്‌ട്രീയപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രീയ ഡിജിറ്റല്‍ ഇടനാഴിയായി മാറിക്കഴിഞ്ഞു. ഫേസ്ബുക്ക് വിവിധ ആപ്ലിക്കേഷനുകളാല്‍ സമ്പന്നമായി ജൈത്രയാത്ര തുടരുകയും ചെയ്യുന്നു. ഇവ രണ്ടിന്റെയും വര്‍ധിച്ച ജനപ്രീതി ഒര്‍ക്കുട്ടിനെ പരിധിക്ക് പുറത്താക്കി എന്നുപറയുന്നതില്‍ അതിശയോക്‍തി ഒട്ടുമില്ല. “ഓ ഞാന്‍ ഒര്‍ക്കുട്ട് സ്‌ക്രാപ് ബുക്ക് നോക്കിയിട്ട് ഒരുമാസമായി’ എന്നോ ‘എല്ലാം കൂടി വയ്യന്നേ, ഒര്‍ക്കുട്ട് അക്കൌണ്ട് ഞാനങ്ങ് ഡിലീറ്റ് ചെയ്‌തു’ ...ഈ രീതി വര്‍ത്തമാനങ്ങള്‍ ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് പോലും ആയി പതിവ് സംഭാഷണങ്ങളില്‍ വരുവാനും തുടങ്ങി.

എതായാലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്ന അക്ഷയഖനിയെ അങ്ങനെയങ്ങ് വെറുതെ വിടുന്നത് ഭാവിയില്‍ തങ്ങളുടെ തേരോട്ടത്തിന് വെല്ലുവിളിയാകുമെന്ന് കണ്ട് തയാറാക്കിത് പോലെയാണ് പുതിയ ‘ബസ്’ ന്റെ രൂപസംവിധാനം. ആദ്യ വിശകലനത്തില്‍ വിജയം തന്നെയാണന്നതിന് അവതരിപ്പിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇതില്‍ വന്നെത്തിയ ഒന്‍പത് ദശലക്ഷം സന്ദേശങ്ങള്‍ തന്നെ ഉത്തമ ദൃഷ്‌ടാന്തം.

എന്താണ് ഗൂഗിള്‍ ബസ്:
അറിയാം അറിഞ്ഞുകൊണ്ടേയിരിക്കാം എന്നതാണല്ലോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങളുടെ ഘടന. പ്രത്യക്ഷത്തില്‍ ഇതു തന്നെയാണ് ബസ് ഉപയോഗിച്ചും ചെയ്യുന്നത്. നമ്മുടെ മനസില്‍ തോന്നുന്നത് എന്തുമാകട്ടെ അത് രേഖപ്പെടുത്താന്‍ ബസ് ന്റെ വിവരാലേഖനചതുരം ഉപയോഗിക്കാം. നമ്മെ പിന്തുടരുന്നവര്‍ക്ക് തല്‍ക്ഷണം ഈ വിവരം ലഭിക്കുകയും താത്പര്യമുള്ളവര്‍ക്ക് ഇതില്‍ മറുപടിയിടുകയും ആകാം. കുത്തിക്കുറിക്കലുകള്‍ മാത്രമല്ല, വായിച്ച വെബ്സൈറ്റുകളുടേയോ ബ്ലോഗുകളുടെയൊ വിലാസം പ്രസിദ്ധപ്പെടുത്തുകയോ, ചിത്രങ്ങള്‍-ആല്‍ബം-കാര്‍ട്ടൂണുകള്‍-വീഡിയോ എന്നിവ പങ്കുവയ്ക്കുകയോ ആകാം. നല്‍കുന്ന ഫോട്ടോയുടെ നഖചിത്രം മാത്രമാകും ബസില്‍ കാണുക പ്രസ്‌തുത ചിത്രത്തില്‍ ക്ലിക്ക് ചെയ്‌ത് പൂര്‍ണ വലിപ്പത്തില്‍ ആസ്വദിക്കാം. ട്വിറ്റര്‍ , ഫേസ് ബുക്ക്, ഫ്ലിക്കര്‍ ,പിക്കാസ പോലെയുള്ള സമാന രീതികളുമായി കൂട്ടിയിണക്കുകയുമാകാം.
എടുത്തു പറയേണ്ട പ്രത്യേകത ഇതിന് പ്രത്യേക രജിസ്‌ട്രേഷനോ ചോദ്യാവലി പൂരിപ്പിക്കല്‍ നടപടികള്‍ പോലുമോ ഇല്ല എന്നുള്ളതാണ്. നിലവിലെ ജിമെയില്‍ ഉപയോക്‍താക്കളെയാണ് ഗൂഗിള്‍ ഇതിലൂടെ പരസ്പരം കണ്ണികളാക്കുന്നത്. ജി മെയിലില്‍ അടുത്ത പ്രാവശ്യം പ്രവേശിക്കുമ്പോള്‍ ബസ് ലേക്കുള്ള ക്ഷണം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പേജ് പ്രത്യക്ഷപ്പെടും Sweet! Check out Buzzഎന്ന വരിയില്‍ ക്ലിക്ക് ചെയ്താല്‍ തത്ക്ഷണം ബസ് അംഗമാക്കപ്പെടും Nah, go to my inboxഎന്ന വരിയില്‍ മൌസ് ബട്ടണ്‍ അമര്‍ത്തി ബസ് അഭ്യര്‍ത്ഥന നിരാ‍കരിച്ച് മെയില്‍ സേവനം മാത്രമാക്കി ജിമെയിലിനെ നിലനിര്‍ത്താം, പിന്നീട് സൌകര്യപ്രദമായ അവസരത്തില്‍ ബസില്‍ കയറികൂടുകയും ചെയ്യാം.
ഇടതു വശത്ത് ഇന്‍ബോക്സ് ലിങ്കിന് തൊട്ടുതാഴെ ബസ് എന്ന വാക്ക് കോള്‍ ഔട്ട് ചിത്രത്തോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഇവിടെയാണ് ഇനി ബസ് ന്റെ ഇരിപ്പിടം. വന്നെത്തുന്ന ചെറു സന്ദേശങ്ങളും അപ്ഡേറ്റുകളും ഇതില്‍ ക്ലിക്ക് ചെയ്തു പ്രത്യക്ഷപ്പെടുത്തുന്ന പേജില്‍ നിന്നറിയാം. ജി മെയിലില്‍ അവതരിപ്പിച്ച കോ‌ണ്‍‌വര്‍സേഷന്‍ ശൈലിയാണ് ബസിലും തുടരുന്നത്. അതായത് ഒരു ചെറുസന്ദേശത്തിനുള്ള മറുകുറിപ്പ് തൊട്ടുതാഴെ താഴെയായി അണിനിരക്കും.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്‌തിരിക്കുന്ന ഇടങ്ങളിലാണ് ബസ് കൂടുതല്‍ ജനകീയമാകാന്‍ പോകുന്നതെന്ന് ഉറപ്പിക്കാം. കാരണം ഇത് പതിവായി ഉപയോഗിക്കുന്ന ഇമെയിലിന് ഒപ്പം തന്നെയെന്നതു തന്നെ. ജി മെയിലിനെ ഉപേക്ഷിക്കാനും വയ്യ എന്നാല്‍ ബസ് നെ അനുവദിക്കാനും വയ്യ എന്നതാകും സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ ശ്രംഖല പരിപാലിക്കുന്നവരുടെ ആശങ്ക. ജോലിക്കും വിനോദത്തിനും ഇടയിലെ കണ്ണിയായി മാറുമോ ബസ്, കാത്തിരുന്നു കാണാം.
ആന്‍‌ഡ്രോയ്ഡ്, ഐ ഫോണ്‍ എന്നിവയ്‌ക്കായുള്ള മൊബീല്‍ പതിപ്പും സജ്ജമാണ്, ഗൂഗിള്‍ മാപ്പുമാ‍യി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ നമ്മുടെ തൊട്ടടുത്തുള്ള ചങ്ങാതിമാരെ കണ്ടുപിടിക്കല്‍ എളുപ്പമാകും. ഒരപകടത്തിലോ ആപത്ഘട്ടത്തിലോ എത്തപ്പെട്ടാല്‍ ചങ്ങാതിമാരുടെ സഹായം തേടാന്‍ ഇതെളുപ്പമാകും. അതേ സമയം മേലുദ്യോഗസ്ഥനോ അദ്ധ്യാപകനോ അറിയാതെ മുങ്ങിനടക്കുന്നവര്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിടിക്കപ്പെടാനും ഇതുമതി. നമ്മുടെ സന്ദേശങ്ങളും മറുപടിക്കുറിപ്പുകളും ആരോക്കെ കാണണമെന്ന് തീര്‍ച്ചപ്പെടുത്തേണ്ടത് ആവശ്യമാണന്ന് ചുരുക്കം.
അതീവ ലളിതമാക്കാനുള്ള യത്നത്തില്‍ ജിമെയിലില്‍ നിന്ന് നേരിട്ട് ബസിലേക്ക് ടിക്കറ്റ് കൊടുക്കുകയായിരുന്നു. ഇതിന് പകരമായി താഴെ കൊടുത്തിരിക്കുന്ന പോലെ ഒരു ചോദ്യാവലി കൂടി പൂരിപ്പിച്ച ശേഷമാകാമായിരുന്നു ബസ് ലേക്കുള്ള പ്രവേശനം.
• എല്ലാ ഇമെയില്‍ കോണ്ടാക്‍ട് പേരുകളേയും പിന്തുടരണോ?
• @ ടൈപ്പ് ചെയ്യുമ്പോള്‍ പൂര്‍ണ ജിമെയില്‍ വിലാസം സന്ദേശങ്ങളില്‍ പ്രസിദ്ധപ്പെടുത്താമോ?
• ഭൂമിശാസ്ത്ര വിവരങ്ങള്‍ കാണിക്കാമോ?
• ഓരോ തവണ ബസ് ചെയ്യുമ്പോഴും പബ്ലിക്ക്, പ്രൈവറ്റ് എന്ന് നിജപ്പെടുത്തുന്ന സന്ദേശം കാണിക്കണമോ?
എല്ലാ ഇ മെയില്‍ കോണ്‍‌ടാക്‍ടുകള്‍ക്കും നമ്മുടെ ബസ് അപ്ഡേറ്റുകള്‍ പോകുന്നു ഇത് നാം അറിയാതെ സ്വകാര്യതയ്ക്ക് എല്‍ക്കുന്ന പ്രഹരമാകും എന്ന ആശങ്ക ഇപ്പോഴും ഉണ്ട്. അതായത് തനത്(ഡിഫോള്‍ട്ട്) രീതിയില്‍ എല്ലാ ഇ മെയില്‍ വിലാസങ്ങളും ബസിലേക്ക് കൂട്ടിചേര്‍ക്കപെടുന്നതിനാലായിരുന്നു ഇത്. എന്നാല്‍ പ്രോഫൈല്‍ പേജില്‍ പോയി വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയാല്‍ ബസ് നെ ആവശ്യാനുസരണം മാറ്റിയെടുക്കാം.. ആശങ്കകളേതായാലും ആദ്യ ദിനങ്ങളിലെത്തിയ മിക്കവര്‍ക്കും ബസ് ന്റെ ശൈലി ഇഷ്ടമായി എന്നത് ട്വിറ്ററിലെ #ബസ് ചര്‍ച്ചകള്‍ തന്നെ സാക്ഷ്യം.

സാധാരണ മെയില്‍ ജാലകത്തിലേക്ക് ജി ടോക് എന്ന മെസഞ്ചര്‍ സംവിധാനത്തെ കൂട്ടിയിണക്കി ഇമെയിലിനെ കൂടുതല്‍ ജനകീയവും വിപുലവുമാക്കി ഗൂഗിള്‍ നേരത്തേ തന്നെ വൈഭവം പ്രകടിപ്പിച്ചിരുന്നു. ഇതേ മാതൃകയില്‍ തന്നെയാണ് ബസ് ഉം സന്നിവേശിപ്പിച്ചിരിക്കുന്നത്. അഥവാ തത്കാലത്തേക്ക് ഈ സൌകര്യം ഒഴിവാക്കണമെങ്കില്‍ ജിമെയില്‍ പേജിന്റെ എറ്റവും താഴെ ഭാഗത്തുകാണുന്ന turn off buzz എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. ഇതേ മാതൃകയില്‍ തന്നെ വീണ്ടും ബസ് സജീവമാക്കുകയും ചെയ്യാം.
ഗൂഗിള്‍ വേവ് ഉപയോഗിക്കാനും അറിയാനും മറ്റോരാള്‍ക്ക് പറഞ്ഞുകൊടുക്കാ‍നും പ്രയാസമായിരുന്നെങ്കില്‍ ബസ് അതീവ ലളിതമാണ്. ഒരു പക്ഷെ ജിമെയിലിനും വേവിനും ഇടയിലുള്ള സ്ഥലത്താണ് ബസിനെ ഉപയോഗിച്ചിരിക്കുന്നത്. ട്വിറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിള്‍ ബസ് ല്‍ കൂടുതല്‍ മിനുക്കപ്പെടുത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഇങ്ങനെ പതിയെ ഓരോ ചെറു നീക്കങ്ങളിലൂടെ ട്വിറ്ററിന്റെയും ഫേസ് ബുക്കിന്റെയും മുകളില്‍ ഈ പുതിയ അവതാരത്തെ കാണാനാകുമോ, ഇതു വരെ പറയാറായിട്ടില്ല. എതായാലും കാത്തിരുന്നു കാണാം.

ബസ് സുന്ദരമാക്കാനുള്ള ചെറുവിദ്യകള്‍ :
* നക്ഷ്ത്ര സമാന ചിഹ്നം ( '*' Asterisk - shift 8) ഒരു വാക്കിന്റെയോ വാചകത്തിന്റെയോ മുന്നിലും പിന്നിലും കൊടുത്താല്‍ പ്രസ്‌തുത ഭാഗം *കടുപ്പിച്ച് / bold* കാണിക്കും. സന്ദേശത്തിലെ പ്രധാന ഭാഗത്തെ വ്യക്തമാക്കാന്‍ ഇതുപയോഗിക്കാം
അടിവര( '_' under score) ഇതു പോലെ മുന്നിലും പിന്നിലും നല്‍കി ഇടയിലുള്ള ഭാഗത്തെ അക്ഷരസഞ്ചയത്തെ _ചരിഞ്ഞ_ രീതിയില്‍ ആക്കാം
വെട്ടി മാറ്റിയ രീതിയില്‍ ( testing buzz ) കാണിക്കാനായി ഇതു പോലെ ഡാഷ് ('-')ചിഹ്നവും ഉപയോഗിക്കാം

Saturday, January 30, 2010

ഇനി ഐ പാഡിന്റെ കാലം

ആപ്പിളില്‍ നിന്ന് സാങ്കേതികവിദ്യയുടെ ലോകം കാത്തിരുന്ന പുതിയ ഉപകരണം വിപണിയിലെത്തി. മാര്‍ച്ച് മാസം മുതലാണ് വില്‍‌പ്പനയ്‌ക്കായി ഉപയോക്താക്കളുടെ പക്കലെത്തുക. ഊഹാപോഹങ്ങള്‍ എറെയുണ്ടായിരുന്നു, സങ്കേതികമായി മാത്രമല്ല പേര് പ്രവചിക്കുന്നതില്‍ വരെ മത്സരിച്ചവര്‍ ഒട്ടേറെയായിരുന്നു. ഐ സ്ലേറ്റ്, ഐ ടാബ്‌ലറ്റ് എന്നിവയാകും പുതിയ ഉപകരണത്തിന്റെ പേര് എന്ന് കരുതിയവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഐ പാഡ് എന്ന പേര് ഈ മാസം 27 നടന്ന ഔദ്യോഗിക പ്രകാശനത്തില്‍ ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് അവതരിപ്പിച്ചത്. ഇ എന്ന ഇംഗ്ലീഷ് അക്ഷരം ഇന്റര്‍നെറ്റിലെ മിക്ക പൊതു സൌകര്യങ്ങളുടേയും മുന്നക്ഷരമാണങ്കില്‍ ജി ഗൂഗീളിനും ഐ ആപ്പിളിനും സ്വന്തമാണന്ന തോന്നലിന് അടിവരയിടുന്നതുമാണ് പുതിയ പേരും. പ്രതീക്ഷിച്ചിരുന്നതു പോലെ മൊബീല്‍ ഫോണിനും ലാപ്‌ടോപ്പ് കമ്പ്യൂട്ടറിനും ഇടയിലാണ് പുത്തന്‍ ആപ്പിളവതാരത്തെ പ്രതിഷ്ഠിക്കാനാകുന്നത്. ആപ്പിളില്‍ നിന്ന് നേരത്തേ വന്ന ഐ പോഡ് സംഗീതവിപണിയെ ആകെ മാറ്റിമറിച്ചു, ഇതിനെ വിദഗ്ദമായും വികൃതമായും അനുകരിച്ച് അനവധി ഉപകരണങ്ങള്‍ ചെറുവിലയ്ക്ക് വരെ വിപണിയിലെത്തി. ഐ ഫോണ്‍ മൊബീല്‍ ഫോണ്‍ വിപണിയെ സ്വാധീനിച്ചത് അതിലെ മള്‍ട്ടിടച്ച് ഉപാധിയുടെ കൌതുകവും എളുപ്പവുമായിരുന്നു. ഐ ഫോണിലേക്ക് വേണ്ടിയുള്ള എണ്ണമറ്റ ആപ്ലിക്കേഷനുകളാണ് ലോകമാകമാനമുള്ള സോഫ്‌ട്‌വെയര്‍ പണിയാളുകള്‍ വികസിപ്പിച്ചെടുത്ത് ഐആപ് സ്റ്റോറിലിടുന്നത് സൌജന്യമായതും പണം കൊടുത്ത് വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒന്നരലക്ഷത്തോളം ആപ്ലിക്കേഷനുകള്‍ ഈ ഭണ്ഡാരത്തിലുണ്ട്. വികസിപ്പിച്ചവരുമായി ഇങ്ങനെ കിട്ടുന്ന പണം ആപ്പിള്‍ പങ്കു വയ്ക്കുന്നത് ഇതില്‍ തത്പരരായവരെ ആകര്‍ഷിക്കുന്നുണ്ട്.

ഇനി ഐ പാഡ് കാലം:

ഗൂഗിളില്‍ നിന്ന് നെക്‍സസ് വണ്‍ വാര്‍ത്ത കേട്ടുകൊണ്ടാണ് 2010 വേഗതയാര്‍ജിക്കാന്‍ തുടങ്ങിയതെങ്കില്‍ തൊട്ടുപിന്നാലെ ആപ്പിളും സാങ്കേതികാവിദ്യാ സ്‌നേഹികളെ ആകര്‍ഷിക്കുന്നു. ഒരു വലിയ ഐ ഫോണാണ് പുതിയ ഉപകരണം എന്നാണ് വിപണി നിരീക്ഷകരുടെ മതം. ഐ ഫോണിന്റെ വില്പനാബിന്ദുവായ മള്‍ട്ടിടച്ച് സ്ക്രീന്‍ മികവുറ്റതാക്കിയാണ് ഐ പാഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ തന്നെ വെബ്‌ബ്രൌസറായ സഫാരിയിലൂടെ അനായാസം ഇന്റര്‍നെറ്റ് തിരയല്‍ നടത്താം. സ്ക്രീനില്‍ തന്നെയുള്ള ടച്ച് സ്ക്രീന്‍ ഉപയോഗിച്ച് സാധാരണ കീബോഡു പോലെ വിവരങ്ങള്‍ ടൈപ്പ് ചെയ്യാം. പ്രത്യേകമായ ഡോക്ക് പിടിപ്പിച്ചാല്‍ ആപ്പിള്‍ കീബോഡ് കൂട്ടിയിണക്കി പതിവു പോലെ ടൈപ്പ് ചെയ്യാം. വൈ ഫൈ, ബ്ലൂ ടൂത്ത്, ത്രീ ജി എന്നീ സൌകര്യങ്ങളും ഉണ്ട്.

എടുത്ത് പറയേണ്ട മറ്റോരു പ്രത്യേകത പുസ്തക വിപണിയെയാണ് ഇത്തവണത്തെ ഐ അവതാരം കണ്ണ് വയ്ക്കുന്നതെന്നാണ്, ഇതിനായി ഐബുക്ക് സ്റ്റോര്‍ തുടങ്ങിക്കഴിഞ്ഞു, പെന്‍‌ഗ്വിന്‍ അടക്കമുള്ള പ്രസാധകരുമായി കൈകോര്‍ത്തുകൊണ്ടാണ് ഐപാഡില്‍ പുസ്തകം മറിക്കാനുള്ള പദ്ധതി. നേരത്തെ ഐപോഡിന്റെ ഭാഗമായി ഐട്യൂണ്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു ഇവിടെ നിന്ന് സംഗീത ഫയലുകള്‍ ഡൌണ്‍‌ലോഡ് ചെയ്തെടുക്കുന്നത് പോലെ പുസ്തകങ്ങളുടെയും പത്രമാസികകള്‍ഊടേയും ഡിജിറ്റല്‍ രൂപം ഐപാഡി ലേക്കെത്തിക്കാം,സാധാരണ പുസ്തകത്തിന്റെ വലിപ്പമാണ് ഇതിന് അതു കൊണ്ട് തന്നെ പുസ്തകം വായിക്കുന്നതു പോലെ!

ഇതു കൊണ്ടാകണം ഇ-പുസ്തക രംഗത്തെ നിലവിലെ അതികായരായ ആമസോണ്‍ കിന്‍‌ഡില്‍ പുസ്തക പ്രസാധകരുമായുള്ള വരുമാനനുപാതം ആകര്‍ഷകമാക്കിയത്.
ഇന്റര്‍നെറ്റും സംഗീതവും കൂടാതെ വീഡിയോയും (സിനിമ, സംഗീത ആല്‍ബം, സ്വന്തം കാമറാ കളക്ഷനുകള്‍, യൂ ട്യൂബ്) സൌകര്യപ്രദമായി കാണാം. നമ്മുടെ സ്ലേറ്റ് തിരിച്ച് വയ്ക്കുന്നതു പോലെ എങ്ങനെ വേണമെങ്കിലും -പോര്‍ട്രെയ്റ്റ്/ലാന്‍ഡ് സ്കേപ്പ്‌- കാണാം. ഇനി സംഗീത പേമികള്‍ക്കാണെങ്കില്‍ ഇരു വലിയ ഐ പോഡായി ഇതിനെ കാണാം, എല്ലാ ഐ പോഡ് ഉപാധികളും ഇതിലും അനായാസമായി പ്രവര്‍ത്തിക്കും. ഐ ട്യൂണില്‍ നിന്ന് പാട്ട് ഫയല്‍ വാങ്ങുകയും ചെയ്യാം. ഭൂപടങ്ങള്‍, ഫോട്ടോ ആല്‍ബം, നോട്ട് ബുക്ക്, കലണ്ടര്‍, ഡയറി, തിരയല്‍ സങ്കേതം എന്നിവയും അകമ്പടിയായുണ്ട്.


സാങ്കേതിക വിവരങ്ങള്‍:
പേര്: ഐ പാഡ് (iPad)

സ്ഥാപനം: ആപ്പിള്‍
പ്രവര്‍ത്തക സംവിധാനം: ഐ ഫോണ്‍ ഓ എസ്
സ്ക്രീന്‍: എല്‍ ഇ ഡി വര്‍ച്വല്‍ കീ ബോഡും ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്
ഡാറ്റാ: വൈ-ഫൈ (മാര്‍ച്ചില്‍ വിപണിയിലെത്തും), ത്രീ ജി (എപ്രിലില്‍)
പ്രഖ്യാപന ദിവസം: ജനുവരി 27, 2010
വിവര സംഭരണശേഷി: 16,32,64 ജിഗാ ബൈറ്റ്
സഹായ കേന്ദ്രങ്ങള്‍: ഐ ട്യൂണ്‍സ്-ഐ ബുക്ക്സ്, ആപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍
പ്രോസസര്‍: 1 ജിഗാ ഹെര്‍‌ട്സ് ആപ്പിള്‍ എ4 ചിപ്പ്
ബാറ്ററി : ഉപയോഗ സമയം 10 മണിക്കൂര്‍, സ്റ്റാന്‍ഡ് ബൈ ഒരു മാസം വരെ
വലിപ്പം: 24.3 സെ.മീ നീളം, 19 സെ.മീ വീതി, 1.34 സെ.മീ കനം
ഭാരം: വൈ ഫൈ മോഡല്‍ 680 ഗ്രാം, ത്രീ ജി 730 ഗ്രാം

ഹരിതമയം ഈ ആപ്പിള്‍:

ഇലക്‍ട്രോണിക് മാലിന്യപ്പെരുക്കത്തില്‍ നിന്ന് ഒരു പരിധി വരെ മാറി നില്ക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറെ മാസങ്ങളായി ആപ്പിള്‍ എടുക്കുന്നുണ്ട്. ഗ്രീന്‍ ടെക്‍നോളജി എന്ന് ലോകത്താകമാനം വിളിക്കുന്ന ഈ രീതി അപകടകരമായ മാലിന്യങ്ങളുടെ അളവ് കുറയ്ക്കാനുള്ളതു മാത്രമല്ല, ഉപയോഗവേളയില്‍ വളരെ കുറച്ച് ഊര്‍ജം മാത്രം എടുക്കുക നിര്‍മ്മാണ സമയത്ത് പരിസര മലിനീകരണം കുറച്ചു കൊണ്ട് വരിക ഒക്കെയാണ്. എന്തിന് ഉപകരണം പൊതിയാനെടുക്കുന്ന സാധനങ്ങള്‍ വരെ ജൈവ വിഘടനത്തിന് വിധേയമാകുന്നതാകുക ഇങ്ങനെ പോകുന്നു ഹരിത ചിന്തകള്‍.
പരിസ്ഥിതി സൌഹാര്‍ദ പാതയിലൂടെയാണ് ഐപാഡും എത്തുന്നത്. ആഴ്സനിക്, മെര്‍ക്കുറി എന്നിവ ഒഴിവാക്കിയാണ് ഡിസ്പ്ലേയും അനുബന്ധ ഘടകങ്ങളും ഉണ്ടാക്കിയെടുക്കുന്നത്. പുനരുപയോഗിക്കാവുന്ന അലൂമിനിയവും ഗ്ലാസും ആണ് ചട്ടക്കൂടിലും പുറമെയും ഉപയോഗിച്ചിരിക്കുന്നത്.

പോരായ്മകള്‍: ഓഫീസ്/ബിസിനസ് ഉപയോഗത്തിനേക്കാളേറെ വിനോദ വിപണിയെയാണ് മുന്നില്‍ കാണുന്നതെന്നത് വാണിജ്യ/വ്യാപാര രംഗത്തെ ആളുകളെ നിരാശപ്പെടുത്തും, ഇന്റര്‍നെറ്റും ഇ-ബുക്കും മാത്രമാണ് ഇവര്‍ക്ക് ആശ്വസിക്കാനാകുന്ന മാറ്റം. തനത് കാമറ ഇല്ലാത്തതിനാല്‍ ലൈവ് വീഡിയോ ചാറ്റും വീഡിയോ ചര്‍ച്ചയും തടസം നേരിടും. സ്കൈപ്പ് ഉപയോക്താക്കള്‍ എങ്ങനെ നേരില്‍ കണ്ടു സംസാരിക്കും ! വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കുന്ന പതിപ്പുകളില്‍ ഉള്‍പ്പെടുത്താനായി ക്യാമറയും പ്രാദേശികഭാഷാ പതിപ്പുകളും അണിയറയില്‍ തയാറാകുന്നുണ്ടെന്ന് തത്കാലം പ്രതീക്ഷിക്കാം.
ആപ്ലിക്കേഷന്‍ പണം കൊടുത്താണ് ഡൌണ്‍‌ലോഡ് ചെയ്തുപയോഗിക്കേണ്ടത്, അത്യാവശ്യം വേണ്ടുന്ന ഗൈയിം മറ്റ് സന്നാഹം എന്നിവ കൊണ്ട് വരുമ്പോഴേക്ക് ഐ പാഡിന്റെയത്രയോ അതില്‍ കൂടുതലോ പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷകളില്‍ മലയാളം ഇല്ല. വലിയ സ്ക്രീനിലോ പ്രോജക്‍ടറിലോ കൂട്ടിയിണക്കണമെങ്കില്‍ വി‌ജി‌എ ഡോക്ക് കണക്‍ടര്‍ എന്ന കേബിള്‍ ആപ്പിളില്‍ നിന്ന് വാങ്ങണം ഇതിന് വില 1500 രൂപ. കാമറ കണക്‍ടര്‍ ഡോക്ക് കേബിളിന്റെ വില 1500 രൂപ കീബോഡ് ഡോക്ക് കണക്‍ടറിന് 3500 രൂപയും.

അനുബന്ധ വിവരങ്ങള്‍:

ഐ പോഡ്: സംഗീതാസ്വാദനത്തിനുള്ള ഉപകരണം വാക്ക്‍മാന്‍ എന്ന ഉപകരണത്തെ അപ്രത്യക്ഷമാക്കുന്നതില്‍ പ്രമുഖപങ്ക് വഹിച്ചു. കേവലം 11 ഗ്രാമില്‍ താഴെ മാത്രമാണ് ഐ പോഡ് ഷഫിളിന്റെ ഭാരം. നാനോ, ക്ലാസിക്ക്, ടച്ച് എന്നീ വകഭേദങ്ങളുമുണ്ട്. 2 ജിഗാ ബൈറ്റ് മുതല്‍ സംഭരണ ശേഷി. മോഡലുകള്‍ക്കനുസരിച്ച് വീഡിയോ/ഗെയിം അടക്കമുള്ള പല സൌകര്യങ്ങളും ലഭ്യമാണ്.

ഐ ഫോണ്‍: രണ്ടു വര്‍ഷത്തിന് മുന്‍പ് വിപണിയിലെത്തിയ ആപ്പിള്‍ മൊബീല്‍ ഫോണ്‍. ഫോണ്‍ എന്നതിലുപരിയായി ഐ പോഡിന്റെ സൌകര്യം അടക്കമുള്ള ഒരു പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റാണ് ഇത്. എണ്ണമറ്റ വിവിധോദ്ദേശ ആപ്ലിക്കേഷനുകളാണ് ഐ ഫോണിനെ ജനകീയമാക്കുന്നത്.

Friday, January 22, 2010

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം

നേരത്തേ വിക്കിപീഡിയയില്‍ ലേഖനം ചേര്‍ക്കുന്നത് പഠിപ്പിക്കാനായി ഒരു മലയാളി എഞ്ചിനീയര്‍ നാട്ടില്‍ വന്നപ്പോള്‍ തന്റെ തൊട്ടടുത്ത സ്കൂളില്‍ ഒരു പരിശീലനം നല്‍കി, താമസിച്ചില്ല ഒരു പ്രമുഖപാര്‍ടിയുടെ യുവജനവിഭാഗം പരിശിലനം തടസപ്പെടുത്തിയത് “രാജ്യത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ കുട്ടികളെ കൊണ്ട് വിദേശത്തെ ശക്തികള്‍ക്കായി ചോര്‍ത്തിനല്‍കുന്നു” എന്ന ആരോപണവുമായാണ്. ഇന്ന് വിക്കിപീഡിയ മലയാളം എന്താണന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിക്കി എന്ന പ്രത്യേക പദ്ധതി ഒദ്യോഗികമായി തന്നെ തുടങ്ങി.
ഈ മാപ്പിംഗ് പദ്ധതിക്കും അതു തന്നെ യാകാനാണ് സാദ്ധ്യത. നേരത്തേ അച്യുത് ശങ്കര്‍ സര്‍ ഒരിടത്ത് സൂചിപ്പിച്ചത് പോലെ നമുക്ക് ‘ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞാല്‍ വണക്കം” ആണ്. കമ്പ്യൂട്ടറിന്റെ കാര്യമായാലും ട്രാക്‍ടര്‍,മൊബീല്‍ ഫോണ്‍,വിക്കിപീഡിയ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തും. ഡോ സിബി മാത്യൂസ് സത്യസന്ധതയുള്ള ഓഫീസര്‍ ആകാം ആ സത്യ സന്ധതയുടെ ലേബലില്‍ ആകാം താഴെ കാണുന്ന വാര്‍ത്ത വായനക്കാര്‍ വായിക്കുന്നത്, എന്നാല്‍ സംസ്ഥാന പൊലിസിലെ സൈബര്‍ സെല്ലിലോ സിഡാക് പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായമോ അല്ലേ കൂടുതല്‍ ഉപയുക്തമാകുക. അതുമല്ലെങ്കില്‍ ഐ.ഐ.ടി യില്‍ അടക്കം പഠിച്ചിട്ടുള്ള ഓഫീസര്‍മാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായി ‘മില്‍മ’ യിലും മറ്റും ഒതുങ്ങിക്കഴിയുന്നുണ്ടല്ലോ അവരുടെ അഭിപ്രായം ആരായാമല്ലോ. ഇങ്ങനെ ഈ മാപ്പിംഗ് പാര്‍ട്ടി തടയപ്പെടുകയാണങ്കില്‍ നഷ്ടമാകുന്നത് കുറെ വര്‍ഷം മാത്രമാകും, കാരണം എതാനും വര്‍ഷങ്ങാള്‍ക്കകം സംസ്ഥാനം തന്നെ ഗൂഗിളിന് ഓദ്യോഗികമായി എഴുതുന്ന കാര്യം പോലും തള്ളിക്കളയാനാത്ത സാഹചര്യത്തില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക
http://www.mathrubhumi.com/php/newFrm.php?news_id=123843&n_type=NE&category_id=3&Farc=

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം
ആഭ്യന്തര വകുപ്പിന്‌ ഇന്ന്‌ കത്ത്‌ നല്‍കും
കേരളത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' നടത്തുന്ന 'കേരള മാപ്പിങ്‌ പാര്‍ട്ടി' വിവാദത്തിലേയ്‌ക്ക്‌. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശവും ഒരുമീറ്റര്‍ സൂക്ഷ്‌മാനുപാതത്തില്‍ ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്താനാണ്‌ ഗൂഗിള്‍ തിരുവനന്തപുരത്ത്‌ ആദ്യ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നത്‌. സാറ്റലൈറ്റ്‌ സഹായത്തോടെ ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്‌' എന്ന നിലവിലെ പ്രോഗ്രാമില്‍ സംസ്ഥാനത്തിലെ ഇടവഴികളും പ്രധാന കെട്ടിടങ്ങളും ബാങ്കുകളും ആസ്‌പത്രികളുമെല്ലാം രേഖപ്പെടുത്തി സമഗ്രമാക്കാനുള്ള പരിശീലനം നല്‍കാനാണ്‌ തങ്ങള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നതെന്ന്‌ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവരെ രണ്ടാഴ്‌ചമുമ്പ്‌ ഗൂഗിളിന്റെ പ്രാദേശിക പ്രതിനിധികള്‍ ക്ഷണിച്ചിരുന്നു. ഓണ്‍ലൈനില്‍ വസ്‌തുവിന്റെ സ്‌കെച്ച്‌ ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, റവന്യൂ വകുപ്പിന്റെ കീഴിലുളള, ഭൂമികേരളം പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ബിജു പ്രഭാകറിനെക്കൂടാതെ സംസ്ഥാന സര്‍വേ ഡയറക്ടര്‍ ഡോ.രവീന്ദ്രനും സര്‍വേ വകുപ്പിലെ സാങ്കേതിക വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

എന്നാല്‍ മാപ്പിങ്‌ പാര്‍ട്ടി സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. സിബി മാത്യൂസ്‌. 'സംസ്ഥാനത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയെന്നത്‌ തീര്‍ച്ചയായും സുരക്ഷയ്‌ക്ക്‌ ഭീഷണിയാണ്‌. മാപ്പിങ്‌ പാര്‍ട്ടിയ്‌ക്ക്‌ എന്‍ജിനീയറിങ്‌ മേഖലയില്‍ പ്രസക്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ സുരക്ഷയ്‌ക്ക്‌ ഭീഷണിയുണ്ടാക്കുന്ന ഈ പദ്ധതി നടത്താന്‍ അനുവദിക്കണമോ എന്ന കാര്യം അടിയന്തരമായി തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌' -ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച്‌ ശനിയാഴ്‌ച ആഭ്യന്തര വകുപ്പിന്‌ കത്തുനല്‍കുമെന്നും സിബി മാത്യൂസ്‌ കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം

നേരത്തേ വിക്കിപീഡിയയില്‍ ലേഖനം ചേര്‍ക്കുന്നത് പഠിപ്പിക്കാനായി ഒരു മലയാളി എഞ്ചിനീയര്‍ നാട്ടില്‍ വന്നപ്പോള്‍ തന്റെ തൊട്ടടുത്ത സ്കൂളില്‍ ഒരു പരിശീലനം നല്‍കി, താമസിച്ചില്ല ഒരു പ്രമുഖപാര്‍ടിയുടെ യുവജനവിഭാഗം പരിശിലനം തടസപ്പെടുത്തിയത് “രാജ്യത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ കുട്ടികളെ കൊണ്ട് വിദേശത്തെ ശക്തികള്‍ക്കായി ചോര്‍ത്തിനല്‍കുന്നു” എന്ന ആരോപണവുമായാണ്. ഇന്ന് വിക്കിപീഡിയ മലയാളം എന്താണന്ന് എല്ലാവര്‍ക്കും അറിയാം. അഞ്ചാണ്ട് കഴിഞ്ഞപ്പോള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിക്കി എന്ന പ്രത്യേക പദ്ധതി ഒദ്യോഗികമായി തന്നെ തുടങ്ങി.
ഈ മാപ്പിംഗ് പദ്ധതിക്കും അതു തന്നെ യാകാനാണ് സാദ്ധ്യത. നേരത്തേ അച്യുത് ശങ്കര്‍ സര്‍ ഒരിടത്ത് സൂചിപ്പിച്ചത് പോലെ നമുക്ക് ‘ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞാല്‍ വണക്കം” ആണ്. കമ്പ്യൂട്ടറിന്റെ കാര്യമായാലും ട്രാക്‍ടര്‍,മൊബീല്‍ ഫോണ്‍,വിക്കിപീഡിയ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്തും. ഡോ സിബി മാത്യൂസ് സത്യസന്ധതയുള്ള ഓഫീസര്‍ ആകാം ആ സത്യ സന്ധതയുടെ ലേബലില്‍ ആകാം താഴെ കാണുന്ന വാര്‍ത്ത വായനക്കാര്‍ വായിക്കുന്നത്, എന്നാല്‍ സംസ്ഥാന പൊലിസിലെ സൈബര്‍ സെല്ലിലോ സിഡാക് പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായമോ അല്ലേ കൂടുതല്‍ ഉപയുക്തമാകുക. അതുമല്ലെങ്കില്‍ ഐ.ഐ.ടി യില്‍ അടക്കം പഠിച്ചിട്ടുള്ള ഓഫീസര്‍മാര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായി ‘മില്‍മ’ യിലും മറ്റും ഒതുങ്ങിക്കഴിയുന്നുണ്ടല്ലോ അവരുടെ അഭിപ്രായം ആരായാമല്ലോ. ഇങ്ങനെ ഈ മാപ്പിംഗ് പാര്‍ട്ടി തടയപ്പെടുകയാണങ്കില്‍ നഷ്ടമാകുന്നത് കുറെ വര്‍ഷം മാത്രമാകും, കാരണം എതാനും വര്‍ഷങ്ങാള്‍ക്കകം സംസ്ഥാനം തന്നെ ഗൂഗിളിന് ഓദ്യോഗികമായി എഴുതുന്ന കാര്യം പോലും തള്ളിക്കളയാനാത്ത സാഹചര്യത്തില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക
http://www.mathrubhumi.com/php/newFrm.php?news_id=123843&n_type=NE&category_id=3&Farc=

ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം
ആഭ്യന്തര വകുപ്പിന്‌ ഇന്ന്‌ കത്ത്‌ നല്‍കും
കേരളത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' നടത്തുന്ന 'കേരള മാപ്പിങ്‌ പാര്‍ട്ടി' വിവാദത്തിലേയ്‌ക്ക്‌. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശവും ഒരുമീറ്റര്‍ സൂക്ഷ്‌മാനുപാതത്തില്‍ ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്താനാണ്‌ ഗൂഗിള്‍ തിരുവനന്തപുരത്ത്‌ ആദ്യ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നത്‌. സാറ്റലൈറ്റ്‌ സഹായത്തോടെ ഭൂപടങ്ങള്‍ ലഭ്യമാക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്‌' എന്ന നിലവിലെ പ്രോഗ്രാമില്‍ സംസ്ഥാനത്തിലെ ഇടവഴികളും പ്രധാന കെട്ടിടങ്ങളും ബാങ്കുകളും ആസ്‌പത്രികളുമെല്ലാം രേഖപ്പെടുത്തി സമഗ്രമാക്കാനുള്ള പരിശീലനം നല്‍കാനാണ്‌ തങ്ങള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്തുന്നതെന്ന്‌ ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവരെ രണ്ടാഴ്‌ചമുമ്പ്‌ ഗൂഗിളിന്റെ പ്രാദേശിക പ്രതിനിധികള്‍ ക്ഷണിച്ചിരുന്നു. ഓണ്‍ലൈനില്‍ വസ്‌തുവിന്റെ സ്‌കെച്ച്‌ ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, റവന്യൂ വകുപ്പിന്റെ കീഴിലുളള, ഭൂമികേരളം പദ്ധതിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

''മാതൃഭൂമിയില്‍ ജനവരി 13ന്‌ വന്ന വാര്‍ത്തയെത്തുടര്‍ന്നാണ്‌ ഞങ്ങള്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടിയെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍തന്നെ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഗൂഗിള്‍ എര്‍ത്ത്‌ ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മാപ്പിങ്‌ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്ന പുതിയ അറിവ്‌ ഞങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കും ''- ഭൂമികേരളം പദ്ധതിയുടെ പ്രോജക്ട്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. സര്‍ക്കാരിന്റെ സര്‍വേ രേഖകളൊന്നും മാപ്പിങ്‌ പാര്‍ട്ടിയില്‍ നല്‍കില്ലെന്നും മറിച്ച്‌ ഓണ്‍ ലൈന്‍ ഭൂപടം തയ്യാറാക്കുന്നതില്‍ ഗൂഗിളിനുള്ള അന്താരാഷ്ട്ര വൈദഗ്‌ധ്യം ഭൂമികേരളം പദ്ധതിയ്‌ക്ക്‌ സഹായകമാവുമെന്നതിനാലാണ്‌ തങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും ബിജു പ്രഭാകര്‍ പറയുന്നു. ഗൂഗിള്‍ മാപ്പിങ്ങിന്റെ സൗകര്യം ഉപയോഗിക്കാനായാല്‍ നിലവില്‍ ജനങ്ങളുടെ കൈയിലുള്ള സര്‍വേ സ്‌കെച്ചുകള്‍ ഗൂഗിള്‍ എര്‍ത്ത്‌ നല്‍കുന്ന സാറ്റലൈറ്റ്‌ ഭൂപടവുമായി ഒത്തുനോക്കാന്‍ കഴിയുമെന്നും ഇത്‌ സര്‍വേ നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ബിജു പ്രഭാകറിനെക്കൂടാതെ സംസ്ഥാന സര്‍വേ ഡയറക്ടര്‍ ഡോ.രവീന്ദ്രനും സര്‍വേ വകുപ്പിലെ സാങ്കേതിക വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്‌.

എന്നാല്‍ മാപ്പിങ്‌ പാര്‍ട്ടി സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. സിബി മാത്യൂസ്‌. 'സംസ്ഥാനത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയെന്നത്‌ തീര്‍ച്ചയായും സുരക്ഷയ്‌ക്ക്‌ ഭീഷണിയാണ്‌. മാപ്പിങ്‌ പാര്‍ട്ടിയ്‌ക്ക്‌ എന്‍ജിനീയറിങ്‌ മേഖലയില്‍ പ്രസക്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ സുരക്ഷയ്‌ക്ക്‌ ഭീഷണിയുണ്ടാക്കുന്ന ഈ പദ്ധതി നടത്താന്‍ അനുവദിക്കണമോ എന്ന കാര്യം അടിയന്തരമായി തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌' -ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡി.ജി.പി ഡോ.സിബി മാത്യൂസ്‌ അറിയിച്ചു.ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച്‌ ശനിയാഴ്‌ച ആഭ്യന്തര വകുപ്പിന്‌ കത്തുനല്‍കുമെന്നും സിബി മാത്യൂസ്‌ കൂട്ടിച്ചേര്‍ത്തു.