Tuesday, December 29, 2009

ഐ.ടി @ 2009

പോയ വര്‍ഷം വിവരസാങ്കേതികവിദ്യാ രംഗത്തെ കണക്കെടുപ്പിന് മുതിരുകയാണങ്കില്‍ എന്തൊക്കെയാകും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. രണ്ടാം തലമുറ വെബ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമായത് ഈ വര്‍ഷം തന്നെയാകണം. ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിക്കും ചെറുതല്ലാത്ത ചരിത്രമെഴുതാന്‍ 2009 നായി, മൈക്രോസോഫ്ടില്‍ നിന്നുള്ള വിന്‍ഡോസ് ഏഴിന് ഉബുണ്ടു 09.10 വ്യക്തമായ മറുപടിയായെത്തിയത് സ്വതന്ത്രസോഫ്ട്‌വെയര്‍ പ്രേമികളെ ഉത്സാഹിതരാക്കി മാത്രമല്ല ഇന്റര്‍നെറ്റ് രംഗത്തെ വിസ്മയ സാന്നിദ്ധ്യമായ ഗൂഗിള്‍ അവരുടെ ക്രോം വെബ്രൌസറിനെ ഒരു സമ്പൂര്‍ണ ഓ.എസ് ആക്കിമാറ്റുമെന്ന് പ്രഖ്യാപിച്ചതും ഇതേ കാലത്തായിരുന്നു. ഇതു മാത്രമല്ല ചെറുതും വലുതുമായ സേവനങ്ങളിലൂടെ വിവരസാങ്കേതികവിദ്യ സാധാരണകാരിലേക്ക് കൂടുതല്‍ ചങ്ങാത്തം കൂടുന്നതിനാണ് പോയ വര്‍ഷം സാക്ഷിയായത്.

1. കൂട്ടത്തില്‍ എറ്റവും കൂടുതല്‍ കേട്ടത് ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ് സൌകര്യം തന്നെയാണ്. ശശി തരൂരിന്റെ വിവാദപരമായ കുഞ്ഞുകുറിപ്പുകള്‍ ഇതിനെ ഇന്ത്യയില്‍ പെട്ടെന്ന് ജനകീയമാക്കി. 140 അക്ഷര-അക്ക കൂട്ടുകെട്ടിലൂടെ നമുക്ക് പുറം‌ലോകത്തോട് പറയാനുള്ള വേദിയാണ് ട്വിറ്റര്‍‌ . ഒരു പക്ഷെ ഗൂഗിളിന് ശേഷം ലോകം കണ്ട എറ്റവും മികച്ച ഐ.ടി സ്ഥാപനവും ട്വിറ്റര്‍ തന്നെയാകണം. ഇന്ന് രാഷ്‌ട്രീയപ്രവര്‍ത്തകര്‍ ,സിനിമാതാരങ്ങള്‍ , വ്യവസായ സംരഭകര്‍ തുടങ്ങി വിദ്യാര്‍ത്ഥികളും സാധാരണക്കാരും വരെ ട്വിറ്ററില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. കേവലം വ്യക്തിഗത സന്ദേശം വിനിമയം ചെയ്യാനുള്ള ഇടം മാത്രമല്ല ഒപ്പം വാര്‍ത്താലോകത്തെ പുതുമാറ്റങ്ങള്‍ അറിയാനും ഓഹരിച്ചന്തയിലെ കയറ്റിറക്കങ്ങള്‍ ചൂടോടെ അറിയാനും ട്വിറ്റര്‍ തന്നെ ആശ്രയം എന്ന നിലയ്ക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍ .

2. വീഡിയോ പങ്കിടല്‍ ശ്രദ്ധേയമായ ഇടമാണെന്ന് വ്യക്തമായി ഓര്‍മപ്പെടുത്തിയത് ഒരു പക്ഷെ പോയവര്‍ഷത്തിന്റെ അവസാന ദിനങ്ങളായിരുന്നു. ആന്ധ്രാ ഗവര്‍ണര്‍ ലൈംഗികപവാദത്തില്‍പ്പെട്ട വാര്‍ത്ത രാജിയില്‍ കലാശിക്കുന്നതിന് മുന്നെ തന്നെ പൊതുതാത്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രസ്തുത ദൃശ്യം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ടി.വി ചാനലുകളെ കോടതി വിലക്കിയിരുന്നു. എന്നാല്‍ യൂടൂബിലൂടെ ഇതേ സംഭവം വീക്ഷിക്കാനെത്തിയവരുടെ എണ്ണം ഇതിനു ശേഷം ക്രമാതീതമായി വര്‍ധിച്ചു, ഇതാകട്ടെ ഒരു ബദല്‍ മാധ്യമം എന്നനിലയില്‍ വീഡിയോ ഷെയറിംഗ് സൈറ്റുകളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെങ്കില്‍ ഈ വര്‍ഷത്തെ നൊബെല്‍ പുരസ്‌കാര പ്രഖ്യാപനം തന്നെ നേരിട്ട് സം‌പ്രേഷണം ചെയ്ത് ലക്ഷണമൊത്ത പുത്തന്‍ തലമുറ ദൃശ്യമാധ്യമമാണ് യുട്യൂബെന്ന് ഓര്‍മിപ്പിച്ചു. 2005 ഡിസംബറില്‍ തുടങ്ങിയ യൂടൂബ് എന്ന ചെറുസാന്നിദ്ധ്യത്തിന്റെ വന്‍‌സാദ്ധ്യത തിരിച്ചറിഞ്ഞ ഗൂഗിള്‍ ഇത് തൊട്ടടുത്ത വര്‍ഷം തന്നെ സ്വന്തമാക്കിയത് തികച്ചും കൃത്യമായ വിപണിനീക്കമായിരുന്നു എന്ന് അടയാളപ്പെടുത്തിയത് 2009 ല്‍ ദിനം‌പ്രതി നൂറുകോടി മൌസ് ക്ലിക്ക് എന്ന നാഴികക്കല്ല് പിന്നിട്ടപ്പോഴായിരുന്നു. വെബ് നിരീക്ഷകരായ അലക്സാ ഡോട്ട് കോമിന്റെ കണക്ക് പ്രകാരം ലോകത്തെ എറ്റവും കൂടുതല്‍ പേരെത്തുന്ന നാലാമത്തെ വെബ്‌ഇടമാണ് യൂടൂബ്. വാര്‍ത്താചിത്രം മാത്രമല്ല ഇഷ്‌ടഗാനങ്ങള്‍ , സിനിമാ ശകലങ്ങള്‍ ,സ്വകാര്യ വീഡിയോ, സിറ്റിസണ്‍ ജേണലിസം ഇടപെടലുകള്‍ ,ക്ലാ‍സ് റൂം പാഠങ്ങള്‍ എന്നിവയാലും യൂടൂബ് ദൃശ്യസമ്പന്നമായിക്കൊണ്ടിരിക്കുന്നു എന്നത് വരും വര്‍ഷവും ഈ സൈറ്റിനെ ശ്രദ്ധേയമാക്കും എന്നതില്‍ തര്‍ക്കമുണ്ടാകില്ല.

3. ഇന്റര്‍നെറ്റിന് നാല്പത് വര്‍ഷം തികഞ്ഞത് സെപ്റ്റംബര്‍ രണ്ടിനായിരുന്നു. സാധാരണക്കാരന്റെ നിത്യവ്യവഹാരത്തിലേക്ക് വരെ ഇന്റര്‍നെറ്റ് പദങ്ങള്‍ എത്തി എന്നുപറയുമ്പോള്‍ ജനകീയ ഭാവം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ന് കേരളത്തിലെ വിവിധ പരീക്ഷാഫലങ്ങള്‍ എത്തുന്നത് വെബ്‌സൈറ്റിലോ അല്ലെങ്കില്‍ വെബ്‌വിവരസഞ്ചയം ആശ്രയിക്കുന്ന മൊബൈല്‍ സന്ദേശങ്ങളായോ ആണ്. എതാനും വര്‍ഷം മുന്‍‌പ് വരെ എസ്.എസ്.എല്‍ .സി ഫലം പത്രത്താളുകളുടെ പേജുകള്‍ നിറച്ചിരുന്നു എന്നാല്‍ ഇന്നോ ഫലം അറിയുന്ന മാത്രയില്‍ തന്നെ എതുദിക്കിലും വിവരം എത്തും. ഒപ്പം തന്നെ സര്‍ക്കാരുകളുടെ ഇ-ഗവണന്‍‌സ് പദ്ധതികളും കൂടുതല്‍ ജനപ്രീയമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വാണിജ്യ നികുതി പിരിവിനായി തുടങ്ങിയ ഇ-പേയ്‌മെന്റ് സംവിധാനവും വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യവും സാമ്പത്തികാനുകൂല്യവും കാര്യക്ഷമമായി വിതരണം ചെയ്യാനാരംഭിച്ച ഇ-ഗ്രാന്റ്സും കേരളത്തില്‍ നിന്നുള്ള ശ്രദ്ധേയ ഇ-മാറ്റങ്ങള്‍ . കേരള സര്‍വകലാശാല കമ്പ്യൂട്ടര്‍ കേന്ദ്രത്തിന്റെ സംഘാടനത്തില്‍ പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായി ഇ-ഗവണന്‍സ് ശൈലിയിലാക്കി, പരീക്ഷാ രജിസ്‌ട്രേഷന്‍ , ഫലപ്രഖ്യാപനം, മാര്‍ക്ക് ലിസ്റ്റും തുടങ്ങി എല്ലാ സൌകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ വിന്യസിച്ചത് മറ്റോരു ഉദാഹരണം, ഇതിന് സര്‍വകലാശാലയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി പുരസ്‌കാരവും ലഭിച്ചു..

4. .ടി അധിഷ്ഠിത ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ശ്രേണി പരിശോധിക്കുകയാണങ്കില്‍ ഐ.ഫോണും ഐ.പോഡും മേധാവിത്വം നിലനിര്‍ത്തുന്ന ലോകകാഴ്ചയ്ക്കൊപ്പം ബ്ലാക്ക്ബെറി സേവനങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ സജീവമായി. ത്രീ ജി ലേലം പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ സേവന ദാതാക്കള്‍ വിപണി മത്സരത്തിന്റെ മേഖലയിലേക്ക് ഡാറ്റാ അധിഷ്ഠിത ഫോണുകളുമായെത്തുന്നതിന് വരും വര്‍ഷം സാക്ഷിയാകും.15,000 രൂപയ്ക്കുള്ള ബ്ലാക്ക്ബെറി തന്നെയാകും ഇതിനുള്ള പരീക്ഷണപ്രതലം!

5. മറ്റൊരു ഉപകരണം ഇ-ബുക്ക് റീഡറുകളാണ്. ആമസോണ്‍ കിന്‍ഡില്‍ (kindle) ന്റെ രണ്ടാം തലമുറ 2009 ഫെബ്രുവരി തന്നെ അവതരിപ്പിച്ചു എന്നാല്‍ ഭാവി വിപണി മുന്നില്‍ക്കണ്ട് ഫ്യൂജിറ്റ്സു വില്‍ നിന്ന് ഫ്ലെപ്പിയ, ബാര്‍‌നെസ് ആന്റ് നോബിളിന്റെ നൂക്ക്, സോണിയുടെ ഇ-ബുക്ക് റീഡര്‍ എന്നിവയും സാന്നിദ്ധ്യമറിയിച്ചു. സാധാരണ ബുക്കിന്റെ പകരക്കാരനായാണ് ഈ ഉപകരണം പ്രചാരത്തിലെത്തുന്നത്. 2012 എന്ന അഗോളഹിറ്റ് ചലച്ചിത്രത്തില്‍ ഒരു അറബ് ഭരണാധികാരി രേഖകള്‍ വായിക്കുന്നത് കാണിക്കുന്നത് കടലാസിലല്ല മറിച്ച് ഇ-ബുക്ക് റീഡറിലാണ് എന്നത് ഓര്‍ക്കുക. നിലവില്‍ 12,500 രൂപ വിലയുള്ള ഇത്തരം ഉപകരണത്തിന് ഒരു പുസ്തകത്തിന്റെ ഭാരവും വലിപ്പവുമേ ഉള്ളൂ, എന്നാല്‍ 1500 ഓളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇതിനാകും. സഞ്ചരിക്കുന്ന വ്യക്തിഗത ഗ്രന്ഥശാല !

6. മാസം തോറും എകദേശം 250 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു എന്നത് മാത്രമല്ല 2009 ല്‍ മലയാളം വിക്കിപീഡിയയുടെ സവിശേഷത, ഇന്ന് ലോകത്തില്‍ എറ്റവും കൂടുതല്‍ പേജ് ഡെപ്ത് ഉള്ള രണ്ടാമത്തെ വിക്കിപീഡിയ സംരംഭം നമ്മുടെ ഭാഷയിലാണ്. ഡിസംബര്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം വിക്കിപീഡിയയില്‍ 11,608 ലേഖനങ്ങള്‍ ഉണ്ട്. പേജ് ഡെപ്ത് 212ല്‍ നിന്നു് 219 ആയി ഉയര്‍‌ന്നു. ഇംഗ്ലീഷിനു് ശേഷം ഏറ്റവും കൂടുതല്‍ പേജ് ഡെപ്ത്തുള്ള വിക്കിപീഡിയ ആയി നമ്മുടെ വിക്കിപീഡിയ തുടരുന്നു. മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: 5,33,391. നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 16,500 തിരുത്തലുകളാണ് നടന്നത്. മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 14,196. നവംബര്‍ മാസത്തില്‍ ഏതാണ്ട് 4000 പേരാണു പുതുതായി അംഗത്വമെടുത്തത്.

7. ആംഗലേയ ഭാഷയിലെ പദസമ്പത്ത് ഒരു ദശലക്ഷം പിന്നിട്ട വര്‍ഷമായിരുന്നു വിടപറഞ്ഞത്, എന്നാല്‍ ഇത് ഭാഷാസ്നേഹികളെക്കാള്‍ സന്തോഷിപ്പിച്ചത് ഐ.ടി തത്പരരെയായിരുന്നു. വെബ് 2.0 (web 2.0) എന്ന വാക്കിനെ ഭാഷയിലേക്ക് സ്വരുക്കൂട്ടികൊണ്ടായിരുന്നു ആംഗലേയ വാണി ഈ നാഴികക്കല്ല് പിന്നിട്ടത് എന്നത് മാത്രമല്ല, ഈയടുത്ത കാലത്ത് ഭാഷയിലേക്ക് എത്തുന്ന പദങ്ങള്‍ക്ക് മിക്കതിനും ഐ.ടി രുചിയുമുണ്ട്. ഗൂഗ്ലിംഗ്, വിക്കി കള്‍ച്ചര്‍ , നൂബ് (n00b), സെക്സ്ടിംഗ് (sexting), ക്ലൌഡ് കമ്പ്യൂട്ടിംഗ്, നെറ്റിസണ്‍ (netizen) എന്നിവ ഉദാഹരണം.

8. കമ്പ്യൂട്ടറിന്റെ അവിഭാജ്യഘടകമാണല്ലോ ഓ.എസ് എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ പ്രവര്‍ത്തക സംവിധാനം. കുത്തക വിപണിയും സ്വതന്ത്ര സോ‌ഫ്ട്‌വെയറുമായുള്ള താരതമ്യവും പഠനവും രാഷ്‌ട്രീയ സാമൂഹികരംഗത്തുള്ളവരുടെയും ശ്രദ്ധപതിയുന്ന രംഗമാണ്. 2009 ല്‍ മൈക്രോസോഫ്‌ടില്‍ നിന്ന് എറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 7 വിപണിയിലെത്തി, ഗ്നു/ലിനക്സ് ശ്രേണിയില്‍ നിന്ന് ഉബുണ്ടു 09.10 ഉം. സഹസ്രാബ്‌ദ പതിപ്പും വിസ്തയും നല്‍കിയ കയ്പ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് മൈക്രോസോഫ്‌ട് പുതിയ താരത്തെ അണിയിച്ചൊരുക്കിയതെങ്കിലും, മലയാളം പോലുള്ള ചെറു പ്രാദേശിക ഭാഷകളെ മികവാര്‍ന്ന രീതിയില്‍ പിന്തുണയ്ക്കുന്നുവെന്നത് ഗ്നു/ലിനക്സ് അധിഷ്ഠിത സംവിധാനങ്ങളുടെ മേല്‍കൈയണന്നതിന് വര്‍ധിച്ച പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ തന്നെ സാക്ഷി. ഇതു കൂടാതെ മോസില്ല ഫയര്‍ഫോക്‍സ് വെബ്‌ബ്രൌസറിന്റെയും മലയാളം പതിപ്പ് 2009 ന്റെ പ്രിയപ്പെട്ട കരുതിവയ്പ്പായി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകര്‍ക്ക് നന്ദി.

9. റെയില്‍‌വേ ടിക്കറ്റ് ബുക്കിംഗിനും അനുബന്ധ സേവനങ്ങള്‍ക്കുമായുള്ള ഐ.ആര്‍‌ .സി.ടി.സി (irctc) യുടെ വെബ്‌സൈറ്റ് മുന്‍‌വര്‍ഷങ്ങളിലില്ലാത്ത തിരക്കിന് വേദിയായി. അഞ്ച് കോടിരൂപയുടെ ഇടപാടാണ് ദിനം പ്രതി ഇന്ത്യന്‍ റെയില്‍‌വേയുടെ ഈ ഉപസ്ഥാപനം നടത്തുന്നത്. 15 ശതമാനം റെയില്‍ ടിക്കറ്റുകള്‍ വെബ്‌സൈറ്റ് വഴി ഉപയോക്താക്കള്‍ എടുക്കുന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. 2002 ല്‍ തുടങ്ങിയ ഈ സേവനം പെട്ടെന്നാണ് ജനപ്രീയമായത് ഇന്ന് ടിക്കറ്റ് എടുക്കലിന് പുറമെ പാക്കേജ് ടൂര്‍ , ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയ സൌകര്യങ്ങളും എര്‍പ്പാടാക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇ-ഗവണന്‍സില്‍ ശ്രദ്ധേയ പ്രകടനത്തിനുള്ള പുരസ്‌കാരം ഈ വെബ്‌ അധിഷ്ഠിത സേവനത്തിനായിരുന്നു. ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രം‌/ഇന്റര്‍നെറ്റ് കഫെ എന്നിവടങ്ങളില്‍ നിന്നോ നിമിഷങ്ങള്‍ കൊണ്ട് എതു സ്ഥലത്തു നിന്നും എതു സ്ഥലത്തേക്കുമുള്ള എത് ക്ലാസ് റെയില്‍ ടിക്കറ്റും കരസ്ഥമാക്കാം എന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത.

10. സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയായ സ്‌കൂള്‍ വിക്കി തുടങ്ങിയ വര്‍ഷം 2009 ആണ്. എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിദ്യാലായാധിഷ്ഠിതമായ വിജ്ഞാനകോശമാണ് സ്‌കൂള്‍ വിക്കി. സ്‌കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പൂര്‍വ വിദ്യാര്‍ത്ഥികള്‍, കായിക-കലാ നേട്ടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തും. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഒരു പക്ഷെ ലോകത്തിലെ തന്നെ എറ്റവും വലിയ വിദ്യാലയ വിക്കിയായി 2010 ല്‍ ഇത് മാറാന്‍ സാധ്യതയുണ്ട്. .ടി അറ്റ് സ്‌കൂള്‍ നിലവില്‍ കേരളത്തിലെ മുപ്പത് ലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുകയും ചെയ്യുന്നു. ബി.എസ്.എന്‍ .എല്‍ മായി സഹകരിച്ച് എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലായിട്ടുമുണ്ട്. ഈ വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് മുതല്‍ ഐ.ടി പഠനം ആരംഭിക്കുകയും ചെയ്തു. സമ്പൂര്‍ണമായി ഗ്നു/ലിനക്‍സ് അധിഷ്ഠിതമാണ് കേരള സര്‍ക്കാരിന്റെ ഈ സംരംഭം, ലോകത്തിലെ എറ്റവും വലിയ ഗ്നു/ലിനക്‍സ് അധിഷ്ഠിത വിദ്യാ‍ഭ്യാസ സൌകര്യവും ഇതാണന്നത് പദ്ധതിയുടെ തിളക്കം കൂട്ടുന്നു.