Monday, October 12, 2009

വീഡിയോ പങ്കുവയ്ക്കല്‍ ആവേശത്തോടെ മുന്നോട്ട്

ന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവയ്ക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെഗാ സിനിമാപ്പുരയോ ആയി മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിളിള്‍ കുടുംബാഗമായ യൂടൂബാണ്. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തേ തന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു പക്ഷെ ഇത് അത്ര ജനപ്രീതി നേടാന്‍ സാധ്യതയില്ലന്ന തിരിച്ചറിവാകണം എറ്റെടുക്കല്‍ കാര്‍ഡ് ഇറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി യൂട്യൂബ് എന്ന സേവനത്തെ തൊട്ടടുത്ത വര്‍ഷം നവംബറില്‍ മോഹവില നല്‍കി ഗൂഗിള്‍ സ്വന്തമാക്കി.

2005 ഡിസംബറിലാണ് യൂട്യൂബ് സ്ഥാപിതമായത്. എറ്റെടുത്തശേഷം ഒരു ഗൂഗിള്‍ ഉപകമ്പനി (സബ്സിഡയറി) ആയി തുടരാനനുവദിച്ചത് ഒരു പക്ഷെ കൂടുതല്‍ വളര്‍ച്ചയ്ക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനം തോറും ശതകോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെ തേടിയെത്തുന്നത്. വെബ്‌സൈറ്റ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോപ്പുരയ്ക്ക്, മാത്രമോ ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂ ട്യൂബ് വഴി വരാറുണ്ടത്രേ. ഗൂഗിള്‍, യാഹൂ, ഫേസ് ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

12 ദശലക്ഷം ഡോളറിന്റെ പ്രാരംഭമുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവബഹുലമാകുമെന്ന് അവര്‍പോലും കരുതിയിട്ടുണ്ടാകില്ല. 2006 ഒക്ടോബര്‍ ഒന്‍പതാം തീയതി 1.65 ശതകോടി (1650ദശലക്ഷം) യു.എസ് ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍, യൂട്യൂബിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. നവംബറില്‍ ഔദ്യോഗികമായ എറ്റെടുക്കല്‍ ചട്ടങ്ങള്‍ പൂര്‍ത്തിയാല്ക്കി. മൂന്ന് വര്‍ഷം തികയുന്നവേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണന്നതിന് വര്‍ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടയ്ക്ക് യുട്യൂബ് ഗൂഗിളിന് നഷ്‌ടം വരുത്തി വയ്ക്കുന്നു എന്ന വര്‍ത്തമാനം ഉണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യുട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്‌സെന്‍സ് എന്ന സാന്ദര്‍ഭികപരസ്യവിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന ചെറുപരസ്യവുമാണ് വരുമാന സ്രോതസ്. ഇതു കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.
ഇഷ്‌ടഗാനരംഗങ്ങളുടെയും ചലച്ചിത്രശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേണലിസ്റ്റിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജനസമക്ഷം എത്തിക്കുന്നവരും കുറവല്ല. കേം‌ബ്രിജ്,ഹര്‍വാഡ്,സ്റ്റാന്‍
ഫഡ്,എം ഐ ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവചിത്രീകരണങ്ങളാലും(youtube.com/edu) സമ്പന്നമാണ് ഇന്ന് യുട്യൂബ്.

ഒപ്പം തന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോപ്പെരുക്കം, ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്നതാണ് ഗൂഗിള്‍ നയം. കൂടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലുകളുടേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഒരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യുട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യുട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക്ക് ഒബാമ പ്രചരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബെല്‍ പുരസ്കാര പ്രഖ്യാപനം ലൈവ് ആയി തന്നെ യുട്യൂബില്‍ സം‌പ്രേഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യുട്യൂബ്.

കുറിഞ്ഞി ഓണ്‍ലൈനില്‍ ശ്രീ ജോസഫ് ആന്റണി എഴുതിയ ‘യൂട്യൂബ് നൂറുകോടിയുടെ നിറവില്‍ എന്ന ലേഖനം വായിക്കാനായി ഇവിടെ ക്ലിക്കുക

ബ്ലോഗ് ഭൂമിയില്‍ നേരത്തെ വന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2008 ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ചതുമായ ‘വീഡിയോ ക്ലിപ്പിംഗുകള്‍: ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയം’ എന്ന ലേഖനം വായിക്കാനായി ഇവിടെ ക്ലിക്കുക