Wednesday, September 30, 2009

മലമ്പുഴയിലെ ഈ ബോട്ട് നോക്കുക


പാലക്കാട് ഐ.ആര്‍.ടി.സി യില്‍ ഒരു ആവശ്യത്തിന് പോയിട്ട് വരുന്ന വഴിയില്‍ മലമ്പുഴ സന്ദര്‍ശിക്കാന്‍ പോയി. ഭാര്യയുടെ നിര്‍ബന്ധം മൂലമാണ് ബോട്ടില്‍ കയറിയത്. അടുത്ത് ചെന്ന് കണ്ടപ്പോള്‍ തന്നെ എനിക്ക് പേടിയായി. ആ യാത്ര തീരുന്നതിനിടെ കുറെ ചിത്രങ്ങള്‍ പകര്‍ത്താമെന്ന് തോന്നി (പേടി മാറാനുള്ള ഒരു ഉപായം എന്ന് വച്ചോ!!) . അണക്കെട്ടില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണലും ചെളിയും ഒക്കെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ഡോ. തോമസ് ഐസക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നല്ലോ. അതിനു മുന്നെ മലമ്പുഴയെ ഒന്നു കാണാമെന്നും കരുതാതിരുന്നില്ല.

മലമ്പുഴയില്‍ ഇപ്പോള്‍ ഓടുന്ന ബോട്ടുകളില്‍ ഒന്നിന്റെ ചിത്രമാണ് മുകളില്‍. ഇതിന്റെ ഉള്‍ച്ചിത്രമാണ് രണ്ടാമത്തേത് .ഈ ചിത്രത്തില്‍ എന്നുവരെ യാണ് ലൈസന്‍സ് എന്ന് വ്യക്തമല്ല. മാത്രമോ ഈ വിവര പ്ലേറ്റില്‍ അപ്പടി അക്ഷരപിശാചും !!!! .ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു. രണ്ടുമാസത്തെ പഴക്കം പോലുമില്ല ചിത്രങ്ങള്‍ക്ക്. ഇലക്ട്രിക്ക് വയറുകളും മറ്റ് നിയന്ത്രണ ഉപാധികളും ഒരു ശ്രദ്ധയുമില്ലാതെയാണ് ഉപയോഗിക്കുന്നത്. ഇതെങ്ങാനും അപകടത്തില്‍ പെട്ടാല്‍(അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ) അന്വേഷണമായി ,അനുശോചനമായി, ഒരു ലക്ഷമോ അതില്‍ കൂടുതലോ സഹായധനം പ്രഖ്യാപിക്കലായി, അന്വേഷണ കമ്മീഷനും അവരുടെ റിപ്പോര്‍ട്ടിന് പൊടിപിടിക്കാതെ വിശ്രമിക്കാന്‍ അലമാര ഒരുക്കലുമായി.
ഇതില്‍ കേവലം പതിനായിരം മാത്രം ചിലവാക്കിയാല്‍ മികച്ച സുരക്ഷാ വിവരമോ അല്ലെങ്കില്‍ സൌകര്യമോ (ലൈഫ് ജാക്കറ്റ്, എത്ര പേര്‍ പോകുന്നു, ആരോക്കെ, പരമാവധി യാത്രക്കാരിലധികം കയറുന്നതെങ്ങനെ നിരോധിക്കാം... ) ഒരുക്കാവുന്നതല്ലേ ഉള്ളൂ. തട്ടേക്കാട് ദുരന്തം കഴിഞ്ഞപ്പോള്‍ ഇനി ഇത്തരം അശ്രദ്ധ വരില്ല എന്ന് ഉറപ്പുതന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നു.

ഇന്ന് മാധ്യമങ്ങളില്‍ തേക്കടി ബോട്ടപകട വാര്‍ത്തയും അതിന്റെ വിശകലനവുമാണല്ലോ.
പണ്ട് റെഡിമീര്‍ ബോട്ട് അപകടത്തിലാണ് മഹാകവി കുമാരനാശാന്‍ കൊല്ലപ്പെട്ടത്. ആ വാര്‍ത്ത ഒരാഴ്ചക്ക് ശേഷമാണ് ദിനപത്രങ്ങളിലെത്തിയത് എന്നത് പഴയകാല ചരിത്രം. ഇന്ന് വാര്‍ത്താ ചാനലുകളുടെ പെരുക്കത്തില്‍ വിവരം ഞൊടിയിടയില്‍ എത്തി എന്ന് മാത്രമല്ല കുറെ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തകരായെത്താനും ഇതുപകരിച്ചു.

തേക്കടി ബോട്ടപകടത്തിന്റെ
തിരുവനന്തപുരം കണ്‍‌ട്രോള്‍ റൂം നമ്പര്‍ # 0471 2333198 കുമിളി ഹെല്‍പ്പ് ലൈന്‍ 0489 6222620, 94460 52361