Thursday, March 12, 2009

പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം

മലയാള മനോരമ ദിനപത്രത്തിന്റെ മാര്‍ച്ച് ഏഴ് ശനിയാഴ്ച എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം’ എന്ന ചിന്താമധുരമായ കുറിപ്പ് വായിച്ച ‘പച്ച’യായ സന്തോഷം പങ്കുവയ്‌ക്കുന്നു.
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോറ്റം തിരുമേനി ഈ ഉപവാസ കാലത്ത് പൊതുവില്‍ ജനങ്ങളുമായും പ്രത്യേകിച്ച് വിശ്വാസികളുമായും പങ്ക് വച്ച പരിസ്ഥിതി ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ പ്രകൃതിയ്‌ക്ക് പുണ്യകാലം ആകും. പ്രകൃതിയുമായി എത്രമാത്രം അടുത്ത് ഇടപെട്ട് ജീവിതകാലം ആസ്വാദ്യകരമാക്കാം എന്ന് ലേഖന രൂപേണ എഴുതുകമാത്രമല്ല, കാര്‍ബണ്‍ കാല്‌പ്പാട് കുറയ്‌ക്കാനാകുന്ന ഒട്ടേറെ ചെറുവിദ്യകള്‍ ലളിതമായ ഭാഷയില്‍ പങ്ക് വയ്‌ക്കുക കൂ‍ടിചെയ്യുന്നത് മറ്റ് മത/ജാതി/സാമൂഹിക അധ്യക്ഷന്മാര്‍ക്ക് കൂടി മാതൃകയാകട്ടെ.
പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ച് തീര്‍ക്കാനുള്ളതല്ലന്നും,വരും തലമുറയില്‍ നിന്ന് കടം വാങ്ങിയ ഭൂമിയില്‍ ഇത്തിരിനാള്‍ മാത്രം വാടകയ്‌ക്ക് താമസിക്കുകയാണ് നാം എന്നും മനസിലാക്കണം. കടം വാങ്ങിയ ഭൂമി അതുപോലെ തിരിച്ചേല്‍പ്പിക്കണമെങ്കില്‍ മാര്‍ ക്രിസ്‌റ്റോറ്റം തിരുമേനി മുന്നോട്ട് വയ്‌ക്കുന്നതും ഇന്ന് ലോകവ്യാപകമായി ചര്‍ച്ചചെയ്യുന്നതുമായ ഹരിതചിന്തകള്‍ മാത്രമാണാശ്രയം. ഗ്രീന്‍ ബില്‍ഡിംഗ്,ഗ്രീന്‍ എന്‍‌ജിനീയറിംഗ് എന്നിങ്ങനെ പലരാജ്യത്തും ഇക്കാലയളവില്‍ സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നില്‍ ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി സന്ദേശവും ഈ ദിശയിലുള്ളതായിരുന്നു - ‘കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കായ് ജീവിതശീലങ്ങള്‍ മാറ്റുക’-. ഇങ്ങനെയുള്ള ജീവിതശീലമാറ്റങ്ങള്‍ക്കുള്ള പ്രായോഗികമായതും ചിലവ് കുറഞ്ഞതുമായ നിര്‍ദ്ദേശങ്ങളാല്‍ വിവരസമ്പന്നമോ സമൃദ്ധമോ ആണ് കുറിപ്പിലുടനീളം.
ആഗോള തപനവും അതുമായുണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനവും ഒരു പതിറ്റാണ്ടിലേറെയായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതം അന്ന് പ്രവചിച്ചതിലും ഭീകരമാകാനിടയുണ്ടന്ന് അപ്രതീക്ഷിതമായെത്തുന്ന സുനാമിയും ഈ മാര്‍ച്ചിലെ പൊള്ളുന്ന ചൂടും നമ്മോട് ഒരു താക്കീതെന്ന പോലെ പറയുന്നു. പ്രതിവിധികള്‍ക്കുള്ള സമയം ഇനിയും വൈകിയിട്ടില്ല. കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ നമുക്ക് വീടുകളിലും തൊഴിലിടങ്ങളിലും പിന്തുടരാ‍മെങ്കില്‍, കാര്‍ബണ്‍ ക്രെഡിറ്റ് പോലുള്ള സാമ്പത്തിക സഹായം വന്‍‌കിട ഊര്‍ജ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍-പൊതു മെഖലാ സംരഭങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്തി വിഭവ ഉപയോഗത്തില്‍ ദക്ഷത ഉയര്‍ത്തി പ്രകൃതി സ്നേഹികളാകാന്‍ അനുവദിക്കുന്നു.
മനോരമ യുടെ ജലതരംഗവും പലതുള്ളി യുമൊക്കെ ഇതേ ഉദ്ദേശത്തില്‍ തന്നെയുള്ളതിനാല്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഒരു ഗ്രീന്‍ സല്യൂട്ട്.