Thursday, January 08, 2009

കോര്‍പ്പറേറ്റ്‌ ഇന്ത്യയുടെ 'സത്യ' മെന്ത്‌?

അറുപത്തിയാറ്‌ രാജ്യങ്ങളില്‍ സാന്നിദ്ധ്യവും 52,865 ജീവനക്കാരുമുള്ള സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സാമ്പത്തിക 'നിജസ്ഥിതി വെളിപ്പെടുത്തല്‍' പല തരത്തിലും വിശകലനം ചെയ്യേണ്ടത്‌ അനിവാര്യമായിരിക്കുന്നു. ശതകോടി അമേരിക്കന്‍ ഡോളറിന്‌ (5000 കോടി രൂപ) തുല്യമായ തിരിമറിയാണ്‌ കമ്പനി മേധാവി തന്റെ രാജിക്കത്തില്‍ ഏറ്റുപറഞ്ഞിരിക്കുന്നത്‌. ജനുവരി 7ന്‌ ദൈനംദിന ക്രയവക്രയങ്ങള്‍ തുടങ്ങുന്നതിന്‌ മുന്‍പ്‌ സെബി ചെയര്‍മാന്‌ നല്‍കിയ കത്തിലാണ്‌ കുറ്റസമ്മതം രേഖപ്പെടുത്തിയത്‌. ഇതിനെ തുടര്‍ന്ന്‌ സത്യത്തിന്റെ ഓഹരി വില 139.15 രൂപയില്‍ നിന്ന്‌ 39.95 രൂപ എന്ന നിലവാരത്തിലാണ്‌ ക്ലോസ്‌ ചെയതത്‌ ഒരു ഘട്ടത്തില്‍ വില 30.70 രൂപയിലും വില്‌പന നടത്തി. 77 ശതമാനം വിലയിടിവ്‌ സത്യത്തിന്റെ സ്റ്റോക്കില്‍ ഉണ്ടായപ്പോള്‍ സെന്‍സെക്‌സ്‌ സൂചിക 7% ഇടിവ്‌ രേഖപ്പെടുത്തുകയും ചെയ്‌തു.

ആദ്യം ഓഹരി വിപണിയിലെ പ്രത്യാഘാതങ്ങള്‍ നോക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 544 രൂപ എന്ന ഉയര്‍ന്ന വിലയില്‍ വരെ എത്തിയിരുന്ന ഓഹരിയാണ്‌ സത്യം കമ്പ്യൂട്ടേഴ്‌സിന്റേത്‌. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേയും തദ്ദേശീയമായ സാമ്പത്തിക-മ്യൂച്വല്‍ ഫണ്ടുകളുടെയും വാങ്ങല്‍ പ്രശ്‌നത്തേക്കാളും ഗുരുതരമായ പ്രശ്‌നം ചെറുകിട ബ്രോക്കര്‍മാര്‍ക്കും നിക്ഷേപകര്‍ക്കുമാണ്‌. 100 ഓഹരി ഉയര്‍ന്ന വിലയില്‍ വാങ്ങിയ ഒരു ശരാശരി നിക്ഷേപകന്‍ 54,400 നിക്ഷേപിച്ചു എന്നിരിക്കട്ടെ, ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ മൂല്യം വെറും 3995 രൂപ മാത്രമാണ്‌. കേവലം ഒരു ഓഹരിയുടെ 100 എണ്ണം വരുത്തിയ നഷ്‌ടം മാത്രം 50,405 രൂപ, അതും ഒരു വര്‍ഷത്തിനിടെ. ഇനി സത്യത്തിന്റെ ഓഹരി വാങ്ങാത്ത നിക്ഷേപകനും പരോക്ഷമായി BSE, NSE യിലെ ഇടിവ്‌ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയിട്ടുണ്ട്‌.

സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ ബാലപാഠം പോലും അറിയാത്ത പാവം ജനം എല്‍.ഐ.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച്‌ തങ്ങളുടെ മിച്ച സാമ്പാദ്യം നിക്ഷേപിച്ചിട്ടുണ്ടല്ലോ. സത്യത്തില്‍ മാത്രം ഉള്ള എല്‍.ഐ.സി യുടെ നിക്ഷേപം കോടികള്‍ വരും. കേവലം 100 ഓഹരി കൈവശം വച്ചിരുന്ന നിക്ഷേപകന്‌ അന്‍പതിനായിരത്തിലേറെ നഷ്‌ടം വന്നപ്പോള്‍ എല്‍.ഐ.സി. പോലുള്ള സ്ഥാപനത്തിന്റെ നഷ്‌ടം ഊഹിക്കാവുന്നതേയുളളൂ. ഈ അവസരത്തിലാണ്‌ ജീവനക്കാരുടെ പ്രോവിഡന്റ്‌ ഫണ്ട്‌ നിക്ഷേപം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പച്ചക്കൊടി കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിശകലന വിധേയമാക്കേണ്ടത്‌. ഐ.സി.ഐ.സി.ഐ, റിലയന്‍സ്‌ ക്യാപ്പിറ്റല്‍ അടക്കമുള്ള സ്ഥാപനങ്ങളാണ്‌ പാവങ്ങളുടെ സുരക്ഷിത നിക്ഷേപമായ പി.എഫില്‍ കണ്ണുംനട്ട്‌ എത്തിയത്‌. സത്യത്തിന്റെ തകര്‍ച്ചയില്‍ ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍, ഫിഡെലിറ്റി, അബര്‍ഡീന്‍, ഐ.എല്‍&എഫ്‌.എസ്‌ എന്നിവയ്‌ക്കുണ്ടായ യഥാര്‍ത്ഥ നഷ്‌ടത്തിന്റെ തോത്‌ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പല സ്ഥാപനങ്ങളഉം 160 രൂപയ്‌ക്കും 80 രൂപയ്‌ക്കും ഇടയില്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ഓഹരി വിറ്റോഴിച്ച്‌ തടി തപ്പിയിട്ടുണ്ടെന്ന്‌ പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും ഐ.ഐ.എം പോലുള്ള വിശ്രുത അക്കാദമിക്‌ സ്ഥാപനങ്ങളില്‍ നിന്ന്‌ പരിശീലനം സിദ്ധിച്ചവര്‍ ഫണ്ട്‌ കൈകാര്യം ചെയ്യാനുണ്ടാകും എന്നാല്‍ ചെറുകിട ബ്രോക്കര്‍മാരും നിക്ഷേപകരും സാമ്പത്തിക വിശകലനത്തിനായി ആശ്രയിക്കുന്നത്‌ പത്രറിപ്പോര്‍ട്ടുകളെയും വിപണി വിശകലനങ്ങളേയും ആണ്‌. ഓരോ പാദ വര്‍ഷ പ്രവര്‍ത്തന ഫലവും സാമ്പത്തിക വര്‍ഷ റിപ്പോര്‍ട്ടുകളഉം പ്രഖ്യാപിക്കുന്ന പത്രസമ്മേളനങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ശീതീകരിച്ച മുറികളില്‍ വിതരണം ചെയ്യുന്ന ബാലന്‍സ്‌ ഷീറ്റുകളുടെ അക്കങ്ങളുടെ അപ്പുറം നീങ്ങാറില്ല. സാമ്പത്തിക വിഷയങ്ങള്‍ സ്‌പെഷ്യലൈസ്‌ ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ പോലും കോര്‍പ്പറേറ്റ്‌ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഒരു ചോദ്യം ഉന്നയിക്കുകയോ അല്ലെങ്കില്‍ കണക്കിലെ തിരിമറികള്‍ മണത്തുനോക്കാന്‍ പോലും ഒരുമ്പെട്ടിട്ടില്ല. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന്‌ കണിശമായ ഒരു ഇടപെടല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്ന എന്ന്‌ പറയാം.

പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസറുമായ ശ്രീ. സി. പി ചന്ദ്രശേഖര്‍ രണ്ടു വര്‍ഷത്തിന്‌ മുന്‍പ്‌ തന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നു. " Financial liberalisation and financial fraud: Revisiting the 1990's " എന്ന പ്രബന്ധത്തില്‍ ഓഹരി വിപണിയുടെ നിമ്‌ന്നോന്നതങ്ങള്‍ അസ്വഭാവികത ജനിപ്പിക്കുന്നുണ്ടെന്ന്‌ വ്യക്തമായ കണക്കുകളുടെയും വിശകലനത്തിന്റെയും പിന്‍ബലത്തോടെ ഇദ്ദേഹം പറഞ്ഞിരുന്നു. http://www.networkideas.org/feathm/may2006/Chandrasekhar.pdf ഈ പ്രബന്ധത്തിന്റെ പൂര്‍ണ രൂപം ലഭ്യമാണ്‌.

ഇക്കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കണക്കില്‍ തിരിമറി നടത്തി ഊതിപ്പെരുപ്പിച്ചിട്ടുണ്ടെന്ന്‌ സത്യം മേധാവി കുറ്റ സമ്മതം നടത്തേണ്ടി വന്ന സാഹചര്യം അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന്‌ കള്ളവുമായി ഏറെ നാള്‍ പിടിച്ചു നിലക്കാനാകില്ലെന്ന തിരിച്ചറിവാണ്‌. ഒപ്പം മക്കളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ള സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയവിക്രയങ്ങളും തുറന്ന കുറ്റസമ്മതം വളരെ നേരത്തേയാക്കി. ഒരു പക്ഷേ അമേരിക്കയിലെ സാമ്പത്തിക മഞ്ഞുരുകല്‍ വൈകിയിരുന്നെങ്കില്‍ ഈ തകര്‍ച്ചയുടെ ആഘാതം ഇതിലും എത്രയോ വര്‍ധിക്കുമായിരുന്നു. ബിസിനസ്‌ മാഗസിനുകളുടെയും അന്താരാഷ്‌ട്രതലത്തിലുള്ള റേറ്റിംഗ്‌ ഏജന്‍സികളുടെയും മാനസപുത്രനായിരുന്നു ശ്രീ. ബി. രാമലിംഗ രാജു. ബ്രിട്ടന്‍ ആസ്ഥാനമായ വേള്‍ഡ്‌ കൗണ്‍സില്‍ ഫോര്‍ കോര്‍പ്പറേറ്റ്‌ ഗവണന്‍സ്‌ നാലുമാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ 'ഗോള്‍ഡന്‍ പീക്കോക്ക്‌ ഗ്ലോബല്‍ അവാര്‍ഡ്‌ ഫോര്‍ എക്‌സലന്‍സ്‌ ഇന്‍ കോര്‍പ്പറേറ്റ്‌ ഗവണന്‍സ്‌ 2008' എന്ന ബഹുമതി സത്യത്തിന്‌ ചാര്‍ത്തിക്കൊടുത്തത്‌. സാമ്പത്തിക കള്ളം കുറച്ചു വര്‍ഷങ്ങളായി പറയുകയാണെന്ന്‌ ബോധ്യമുള്ള ഇദ്ദേഹത്തിന്‌ എങ്ങനെ തോന്നി ഇതു വാങ്ങാന്‍. ഇതു കൂടാതെ 'യൂത്ത്‌ ഐക്കണ്‍', 'ടോപ്‌ ടെന്‍' എന്നിങ്ങനെയുള്ള കീര്‍ത്തി മുദ്രകളും പതിവായി ഏറ്റുവാങ്ങിക്കൊണ്ടിരുന്നു ഇതൊക്കെയാണ്‌ ചെറുകിട നിക്ഷേപകനെ സത്യത്തില്‍ നിക്ഷേപിക്കാന്‍ സത്യമായും പ്രേരിപ്പിച്ചതും. ഇക്കഴിഞ്ഞ നവംബറില്‍ ന്യൂഡല്‍ഹിയില്‍ വച്ച്‌ നടന്ന വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തില്‍ ആദ്യവസാനം സക്രീയമായി പങ്കെടുത്ത്‌ 'ബ്രാന്‍ഡ്‌ ഇന്ത്യ' യുടെ സാന്നിദ്ധ്യമറിയിച്ചതും മറ്റാരുമല്ല.

സാമ്പത്തിക തകര്‍ച്ചയുടെ ഇന്ത്യയിലെ അനുഭവം ശരിക്കറിഞ്ഞ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മേധാവി കെ. വി. കമ്മത്ത്‌ സത്യത്തിനെ പറ്റി എണസ്റ്റ്‌ ആന്‍ഡ്‌ യംഗ്‌ അവര്‍ഡ്‌ദാന ചടങ്ങില്‍ പറഞ്ഞതിങ്ങനെയാണ്‌ ?നൂതനമായ ആശയങ്ങളുള്ള സ്ഥാപനമാണ്‌ സത്യം. വിപണി നിരീക്ഷകരുടെ പ്രതീക്ഷകള്‍ക്ക്‌ അപ്പുറമെത്താന്‍ ശ്രീ രാജുവിന്റെ നേതൃത്വത്തിനായിട്ടുണ്ട്‌?!. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ചെറുകിട നിക്ഷേപകന്‍ വിലകല്‍പ്പിക്കേണ്ട എന്നര്‍ത്ഥം കൂടിയുണ്ടോ ഈ വീഴ്‌ചയ്‌ക്ക്‌.

ഈ രംഗത്ത്‌ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനും വ്യക്തമായി നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്തുവാനുമായി സെബി, രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസ്‌, കമ്പനികാര്യ മന്ത്രാലയം, റിസര്‍വ്‌ ബാങ്ക്‌ എന്നിവര്‍ ഉണ്ട്‌. ഇതില്‍ ഓരോരുത്തരുടെ ഭാഗത്തു നിന്നും വീഴ്‌ച ചൂണ്ടിക്കാട്ടാമെങ്കിലും ഇക്കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി (ആഗോളീകരണകാലം തുടങ്ങിയതുമുതല്‍) സ്വകാര്യ ഓഡിറ്റര്‍മാരാണ്‌ വര്‍ഷാന്ത്യ-പാദാന്ത്യ കണക്കുകള്‍ വിശകലനം ചെയ്യുന്നതും സാക്ഷ്യപത്രം നല്‍കുന്നതും. ഈ രീതി കൂടി മാറ്റേണ്ടതുണ്ടെന്ന്‌ സത്യം സംഭവം ഓര്‍മ്മിപ്പിക്കുന്നു. പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പര്‍ (Price Water house Coopers) എന്ന സ്ഥാപനമാണ്‌ സത്യത്തിന്റെ കണക്കെടുപ്പുക്കാര്‍. ഇവരറിയാതെ ഇത്ര വലിയ സാമ്പത്തിക തിരിമറി നടക്കില്ല എന്നത്‌ തീര്‍ച്ചയാണ്‌. മാരുതി സുസുകി അടക്കം 139 ഇന്ത്യന്‍ സ്ഥാപനങ്ങളഉടെ ഓഡിറ്റര്‍മാരാണ്‌ ഇവര്‍ എന്നറിയുക. ഇതില്‍ 97 സ്ഥാപനങ്ങള്‍ ഓഹരി എക്‌സേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുമുണ്ട്‌. ഗ്ലെന്‍മാര്‍ക്ക്‌ ഫാര്‍മ ഇതിനോടകം തന്നെ ഈ കളങ്കിത ഓഡിറ്റനെ മാറ്റാന്‍ തീരുമാനമെടുത്തുക്കഴിഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഇന്ത്യ നടപടിയെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്‌ എത്രമാത്രം വിശ്വസ്യത ഉള്ളതാണെന്ന്‌ പറയാറായിട്ടില്ല.

ഗ്ലോബല്‍ ട്രസ്‌ററ്‌ ബാങ്കിന്റെ(GTB) നിഷ്‌ക്രീയ ആസ്‌തി കണക്കാക്കുന്നതില്‍ ഗുരുതര വീഴ്‌ചവരുത്തിയതിനെ തുടര്‍ന്ന്‌ 2007 ല്‍ തന്നെ പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പറിനെ ആര്‍.ബി.ഐ. കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2006 ല്‍ ജപ്പാനിലും ഇതേ പ്രശ്‌നം ഈ ആഡിറ്റര്‍മാര്‍ വരുത്തിവച്ചിരുന്നു. ഇതൊന്നും കണ്ടിട്ട്‌ (ഏതോ മൗനം നടിച്ചതോ) നടപടിെയടുക്കാന്‍ സെബി യ്‌ക്കോ കമ്പനികാര്യ മന്ത്രാലയത്തിനോ സാധിച്ചില്ല എന്നത്‌ നമ്മുടെ രാജ്യത്തെ കോര്‍പ്പറേറ്റ്‌ ഭരണ നിയന്ത്രണ സംവിധാനം പൊളിച്ചെഴുതേണ്ട അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

സെബി (SEBI) നിയമത്തിന്റെ ലംഘനം, കമ്പനി നിയമം മറികടന്നത്‌, കള്ളക്കണക്ക്‌, വിശ്വാസ വഞ്ചന, ഫണ്ട്‌ തിരിമറി എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ പീനല്‍ കോഡ്‌ അനുസരിച്ചും ഏഴുവര്‍ഷം വരെ തടവു ശിക്ഷയും കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്‌ വന്‍ തുക പിഴയും കിട്ടാവുന്ന കാര്യമാണ്‌ ഇത്‌ വരെ വെളിപ്പെട്ടത്‌. ഇത്‌ ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നത്ര ലളിതമായ ഏര്‍പ്പാടല്ല. ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ഫീനാന്‍ഷ്യല്‍ മാനേജര്‍, നിയമ-ടാക്‌സ്‌ ഉപദേശകര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും, വരണം.

ഓരോ ലിസ്റ്റഡ്‌ സ്ഥാപനങ്ങളുടേയും ഡയറക്‌ടര്‍ ബോഡില്‍ സ്വതന്ത്ര ഡയറക്‌ടമാര്‍ ഉണ്ടാകണമെന്ന്‌ സെബി നിഷ്‌ക്കര്‍ഷിക്കുന്നു. സത്യത്തിന്റെ ബോഡിലെ ഒരു സ്വതന്ത്ര ഡയറക്‌ടര്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ കമ്മറ്റികളില്‍ അംഗവും ഉപദേശകനും ഒക്കെയാണ്‌. ട്രായ്‌ അധ്യക്ഷന്‍, റിസര്‍വ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്നീ സുപ്രധാന പദവികളിലേക്ക്‌ നിയുക്തരാവേണ്ടേവരെ നിര്‍ദ്ദേശിക്കുന്നത്‌ ഇദ്ദേഹം കൂടി ഉള്‍പ്പെട്ട കമ്മറ്റിയാണന്നത്‌ സ്വതന്ത്ര ഡയറക്‌ടര്‍മാര്‍ക്ക്‌ ഒരു പെരുമാറ്റച്ചട്ടം വേണമെന്ന്‌ അഭിപ്രായത്തിന്‌ ശക്തി പകരുന്നു.

52,865 ജീവനക്കാരുള്ള സത്യം കമ്പ്യൂട്ടേഴ്‌സ്‌ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ (ടി.സിഎസ്‌., ഇന്‍ഫോസിസ്‌, വിപ്രോ എന്നിവയ്‌ക്ക്‌ പിന്നില്‍) ഐ.ടി സ്ഥാപനമാണ്‌. അമേരിക്കയില്‍ ഈയിടെ തകര്‍ന്ന ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ വിവര സാങ്കേതിക ചുമതലക്കാരും സത്യത്തിന്റെ പ്രൊഫഷണലുകളാണ്‌ എന്നത്‌ ജീവനക്കാരുടെ ഭാവി സംബന്ധിച്ച്‌ ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ ലേഖകന്റെ ഒരു സുഹൃത്ത്‌ ബാഗ്ലൂരിലെ പ്രശസ്‌ത പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിലെ സാമാന്യം നല്ല ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ്‌ സത്യത്തിന്റെ ഓഫര്‍ സ്വീകരിച്ചു. ലക്ഷം രൂപയ്‌ക്ക്‌ മുകളില്‍ മാസശമ്പളം ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം എന്നിവയാകാം ഇങ്ങനെയുള്ളവരെ തൃപ്‌തരാക്കിയത്‌. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ മിടുക്കരായ ഉദ്യോഗസ്ഥരെപോലും വല്ലാത്ത മാനസിക സംഘര്‍ഷത്തിലെത്തിക്കും.
കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ സിതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടം ഐ.ടി. തൊഴില്‍ സംഘടനയെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ തൊഴിലുടമകളേക്കാള്‍ വീറോടെ ഇതിനെതിരെ വാദിച്ചത്‌ ഉദ്യോഗസ്ഥരായ ചെറുപ്പക്കാരാണന്നത്‌ വൈരുദ്ധ്യമാകാം. ഐ.ടി. കമ്പനികള്‍ക്ക്‌ NASSCOM, MAIT തുടങ്ങിയ സംഘടനകള്‍ ഉണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌, നികുതിയിളവുകള്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാരുമായി വിലപേശല്‍ നടത്താനാണ്‌ സത്യം കൂടി അംഗമായ ഈ സംഘടനകള്‍ ശ്രമിക്കുന്നത്‌. ഉടമകള്‍ക്ക്‌ സംഘടനയാകാം വിലപേശലാകാം, ഉദ്യോഗസ്ഥ തൊഴിലാളികള്‍ക്ക്‌ ആയിക്കൂടാ! എന്ന വിചിത്രകീഴ്‌വഴക്കം ഇന്ത്യയെ പോലെ ഒരു രാജ്യത്ത്‌ എങ്ങനെ രൂപപ്പെട്ടുവെന്നത്‌ സാമ്പത്തിക വ്യവസ്ഥയുടെ 'ഉദാരത'യായി കാണാമോ?. സത്യം പ്രശ്‌നത്തില്‍ നാസ്‌കോം അദ്ധ്യക്ഷന്‍ സോം മിത്തലിന്റെ കമന്റ്‌ : " വിവരങ്ങള്‍ ഇടപാടുകാര്‍ക്കും മറ്റുള്ളവര്‍ക്കും വെളിപ്പെടുത്താന്‍ ഞങ്ങള്‍ കമ്പനികളെ ഉപദേശിക്കാം?" എന്നതായിരുന്നു. കോര്‍പ്പറേറ്റ്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യത്തെ എത്രലാഘവമായാണ്‌ വ്യവസായ സംഘടന കാണുന്നത്‌ എന്നതു തന്നെ ഈ പ്രസ്‌താവനയുടെ അകം പൊരുള്‍.

ഐ.ടി. തൊഴിലാളികളെ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ഐ.ബി.എസില്‍ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ വിവാദം കെട്ടിടങ്ങിയിട്ടില്ല. എന്തെങ്കിലും നിയന്ത്രണം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന്‌ ഭീഷണിയുടെ സ്വരത്തിലാണ്‌ തൊഴിലുടമയും ബന്ധപ്പെട്ട മാധ്യമങ്ങളും സംസാരിക്കുന്നത്‌. ഇത്‌ സേവന മേഖലയാണ്‌ ഒറ്റ ജിവസം കൊണ്ടു വേണമെങ്കിലും അടുത്ത സംസ്ഥാനത്തോ എന്തിന്‌ മറ്റൊരു രാജ്യത്തേക്കോ പ്രവര്‍ത്തനം മാറ്റാം. കുറ്റച്ചു കമ്പ്യൂട്ടറും ഭൗതിക സൗകര്യങ്ങളും മാത്രമേ ഇവിടെ ഉപേക്ഷിക്കതുള്ളൂ എന്ന മട്ടില്‍. അതെ സാമ്പ്രദായിക തൊഴില്‍ അന്തരീക്ഷവും, യന്ത്രങ്ങളും വന്‍ കെട്ടിട സൗകര്യങ്ങളും ഉള്ള തൊഴില്‍ അല്ല ഐ. ടി. അടങ്ങുന്ന സേവന മേഖല. പക്ഷെ ഐ.ടി. വ്യവസായത്തെ നിയന്ത്രിക്കുന്ന ഒരു നിയമം ഇല്ലാത്തതാണ്‌ ഇതിന്റെ ദൗര്‍ബല്യം എന്നത്‌ 'സത്യം സംഭവ' വും, സാമ്പത്തിക മഞ്ഞുരുകലിന്റെ അനുരണനങ്ങളും സൂചിപ്പിക്കുന്നു.
ബാംഗ്ലൂരില്‍ ഇന്‍ഫോസിസുമായി ബന്ധപ്പെട്ട്‌ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ അധ്യക്ഷനുംമായ ശ്രീ. ദേവഗൗഡ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന്‌ ഇത്‌ ഗൗരവമായ ചര്‍ച്ചയ്‌ക്ക്‌ എടുക്കാന്‍ ദേവഗൗഡയുടെ ഒപ്പമുള്ളവര്‍ പോലും തയ്യാറായിരുന്നില്ല. മറിച്ച്‌ ഇന്‍ഫോസീസ്‌ അധ്യക്ഷന്‍ നാരായണമൂര്‍ത്തിയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനായിരുന്നു താത്‌പര്യം. ബാംഗ്ലൂരിന്‌ ഇന്‍ഫോസിസും വിപ്രോയും എങ്ങനെയാണോ അതുപോലെയാണ്‌ ഹൈദരാബാദും സത്യം കമ്പ്യൂട്ടേഴ്‌സും ആയുളള ബന്ധം എന്നത്‌ വരാനിരിക്കുന്ന ആശങ്കകളിലേക്കും വെളിച്ചം വീശുന്നു. ഒന്നുകില്‍ ഇതൊക്കെ കണ്ടില്ലെന്ന്‌ നടിച്ച്‌ ഒരു വലിയ സാമ്പത്തിക പൊട്ടിത്തെറിയ്‌ക്ക്‌ തയ്യാറെടുക്കാം. അല്ലെങ്കില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കി തുടങ്ങാം. പന്ത്‌ സര്‍ക്കാരിന്റെയും സെബിയുടെയും കോര്‍ട്ടിലാണ്‌.