Saturday, November 07, 2009

ഉബുണ്ടു വിശേഷങ്ങള്‍

കംപ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാന വിപണിയില്‍ ഇതുവരെ ഉണ്ടായിരുന്നത്‌ എറെക്കുറെ ആശയപരമായ മത്സരമായിരുന്നു. ഉബുണ്ടു ലിനക്‌സിന്റെ പുതിയ പതിപ്പിന്റെ വരവോടെ ആശയതലത്തിനൊപ്പംതന്നെ പ്രയോഗതലത്തിലും മറ്റേതു കുത്തക പ്രവര്‍ത്തക സംവിധാന (ഓപറേറ്റിങ്‌ സിസ്‌റ്റം) ത്തിനും ഒപ്പമോ അതിനു മേലെയോ സ്വതന്ത്രസോഫ്‌റ്റ്‌വെയറായ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തകസംവിധാനങ്ങളെ പ്രതിഷ്‌ഠിക്കാമെന്നത്‌ കേവലം കൗതുകംമാത്രമല്ല, സ്ഥായിയായ മറുപടികൂടിയാണ്‌.
ഒട്ടനവധി ഗ്‌നു/ലിനക്‌സ്‌ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നിര്‍മിതിയുടെയും വിതരണത്തിന്റെയും പുതുക്കലിന്റെയും കാര്യത്തില്‍ ഉബുണ്ടു ഒരുപടി മുന്നിലാണെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിദഗ്‌ധരെന്ന പോലെ സാധാരണക്കാരും പറയുന്നു. ഡെബിയന്‍ ഗ്നു/ലിനക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ ഉബുണ്ടു നിര്‍മിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായ നവീകരണവും സ്ഥിരതയുള്ള ഓപ്പറേറ്റിങ്‌ സിസ്‌റ്റവുമെന്ന ഖ്യാതി ഉബുണ്ടുവിനുണ്ട്‌. ഏറ്റവും പുതിയ പതിപ്പ്‌ ഈ വര്‍ഷം ഒക്ടോബര്‍ 29ന്‌ ഡൗണ്‍ലോഡിന്‌ സജ്ജമായി. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ ഉബുണ്ടുവിന്റെ പിന്നണിപ്രവര്‍ത്തനം നടത്തുന്ന്‌.

രണ്ടുതരത്തില്‍ ഈ നവീന ഓപ്പറേറ്റിങ്‌ സിസ്‌റ്റം കരസ്ഥമാക്കാം. ഒന്നാമത്തേതും ഏറ്റവും ഉചിതവുമായ മാര്‍ഗം http://ubuntu.com ല്‍നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കുക എന്നതാണ്‌. രണ്ടാമത്തെ മാര്‍ഗം http://shipit.ubuntu.com ല്‍ചെന്ന്‌ രജിസ്‌റ്റര്‍ചെയ്യുകയാണെങ്കില്‍ തപാല്‍മാര്‍ഗം സിഡി റോം കൈകളിലെത്തും.
ഉബുണ്ടു 9.10 ആണ്‌ നിലവിലുള്ള ഏറ്റവും പുതിയ പതിപ്പ്‌. ഇതിന്റെ പേര്‌ കാര്‍മിക്‌കോല എന്നറിയപ്പെടുന്നു. അടുത്ത പതിപ്പായ ലൂസിഡ്‌ ലിന്‍ക്‌സ്‌ (Lucid Lynx) 2010 ഏപ്രിലില്‍ പ്രവര്‍ത്തനത്തിനെത്തും. കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനം ലാഭേഛയില്ലാതെയാണ്‌ ഉബുണ്ടു വിതരണംചെയ്യുന്നത്‌. തുടര്‍സേവനവും സാങ്കേതികസഹായവും വന്‍കിട/വാണിജ്യ ഉപയോക്താക്കള്‍ക്കു നല്‍കി വരുമാനം ലക്ഷ്യമിടുന്നുണ്ട്‌. ഓരോ പതിപ്പിനും ഒന്നരവര്‍ഷത്തേക്ക്‌ പിന്തുണയും നല്‍കുന്നുണ്ട്‌.
ഉബുണ്ടു തത്ത്വചിന്ത എന്ന ദക്ഷിണാഫ്രിക്കന്‍ ശൈലിയില്‍നിന്നാണ്‌ ആശയം ഉരുത്തിരിഞ്ഞുവന്നത്‌. പരസ്‌പരബന്ധവും അന്യോന്യസ്‌നേഹവും സേവനസന്നദ്ധതയുമാണ്‌ ഇതിന്റെ മുഖമുദ്ര. `മറ്റുള്ളവരോടു കാട്ടേണ്ട മനുഷ്യത്വം' എന്നാണ്‌ ഉബുണ്ടു എന്ന വാക്കിന്റെ അകംപൊരുള്‍.

ഉബുണ്ടു 9.10ന്റെ എടുത്തുപറയേണ്ട പ്രത്യേകത അത്‌ കംപ്യൂട്ടറില്‍ ഇന്‍സ്‌റ്റാള്‍ചെയ്യാനുള്ള എളുപ്പമാണ്‌. ലിനക്‌സ്‌ അധിഷ്‌ഠിത ഓപ്പറേറ്റിങ്‌ സിസ്‌റ്റം നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു. കംപ്യൂട്ടര്‍ നിരീക്ഷകരുടെ അഭിപ്രായം വിന്‍ഡോസ്‌ 7 നേക്കാള്‍ കുറഞ്ഞ മൗസ്‌ ക്ലിക്ക്‌ കൊണ്ട്‌ ഉബുണ്ടു 9.10 ഇന്‍സ്‌റ്റാള്‍ ചെയ്യാമെന്നാണ്‌. ആദ്യം ലൈവ്‌ സിഡി ഇട്ട്‌ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു ഫയലും സിസ്‌റ്റത്തിലേക്കു പകര്‍ത്താതെതന്നെ പുതിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റം എങ്ങനെയുണ്ടെന്നു നോക്കാം. ഒപ്പം പുതിയ സംവിധാനത്തിനുവേണ്ട ഹാര്‍ഡ്‌വെയര്‍ശേഷി, മറ്റു ഹാര്‍ഡ്‌വെയറുകള്‍ക്ക്‌ ആവശ്യമായ ഡ്രൈവര്‍ ഫയല്‍ എന്നിവയും ഉണ്ടോയെന്ന്‌ പരിശോധിക്കുകയും ആകാം. പുതിയ പതിപ്പിന്റെ അടുത്ത പ്രത്യേകത ഇന്റല്‍ ആറ്റം ശ്രേണിയിലുള്ള ചെറു കംപ്യൂട്ടറുകള്‍ക്കുവേണ്ടിയുള്ള സവിശേഷ പതിപ്പാണ്‌. UNR അഥവാ ഉബുണ്ടു നെറ്റ്‌ബുക്ക്‌ റീമിക്‌സ്‌ എന്നാണ്‌ ഈ പ്രത്യേക ഓപ്പറേറ്റിങ്‌ സിസ്‌റ്റം അറിയപ്പെടുന്നത്‌. പുതിയ പതിപ്പിനൊപ്പമുള്ള `ഉബുണ്ടു സോഫ്‌റ്റ്‌വെയര്‍ സെന്റര്‍' പലവിധ അപ്ലിക്കേഷന്‍ സോഫ്‌റ്റ്‌വെയറുകളെ എളുപ്പത്തില്‍ കൈകാര്യംചെയ്യാന്‍ അനുവദിക്കുന്നു. ഇതുവഴി ലിനക്‌സ്‌ അധിഷ്‌ഠിതരീതിയില്‍ പരിചയമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം നടപടികളുമായി ഇണങ്ങാനാകും.

കഴിഞ്ഞവര്‍ഷം നടത്തിയ ഒരു പഠനത്തില്‍ ഉബുണ്ടു സെര്‍വറും പിസി എഡിഷനും ഏറ്റവും കൂടുതല്‍ വ്യാപകമാകുന്നത്‌ ഇന്ത്യയിലെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഇത്‌ പുതിയ പതിപ്പിന്റെ കാര്യത്തിലും കൂടുതല്‍ ശരിയാകാനാണ്‌ സാധ്യത. പദ്‌മ പോലുള്ള ആഡ്‌ഓണുകള്‍ മലയാളം വിനിമയത്തെയും സുഗമമാക്കും. ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങിന്റെ കാര്യത്തില്‍ മോസില്ല ഫയര്‍ഫോക്‌സ്‌ ഇതിനോടകം വിന്‍ഡോസില്‍ അടക്കം വിജയമായത്‌ ഉബുണ്ടുവിലേക്ക്‌ എത്തുന്ന ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ എളുപ്പമാണ്‌. ഓഫീസ്‌ കാര്യത്തിനായി ഓപ്പണ്‍ ഓഫീസ്‌ ഡോട്ട്‌ ഒര്‍ഗും ലഭ്യമാക്കിയിട്ടുണ്ട്‌.

സാധാരണയായി ഉബുണ്ടുവില്‍ ജിനോം ഡെസ്‌ക്‌ ടോപ്‌ ആണുള്ളത്‌. ഇതിനുപകരം KDE ഉപയോഗിക്കുന്ന Kubuntu, വിദ്യാഭ്യസ അപ്ലിക്കേഷനുകളുള്ള എഡ്യുഉബുണ്ടു (Eduubuntu), മള്‍ട്ടിമീഡിയ എഡിറ്റിങ്ങും നിര്‍മാണവും സാധ്യമാക്കുന്ന ഉബുണ്ടു സ്‌റ്റുഡിയോ എന്നിവയും ഇതിന്റെ ഭാഗമാണ്‌.

5 comments:

വി. കെ ആദര്‍ശ് said...

ഉബുണ്ടു സാധ്യതകള്‍

ബീഫ് ഫ്രൈ||b33f fry said...

Kubuntu-വും Edubuntu-വും സൂചിപ്പിച്ച സ്ഥിതിക്ക് XFCE ഉപയോഗിക്കുന്ന Xubuntu-വിനെ പറ്റിയും പറയേണ്ടതായിരുന്നു. ഗ്നു/ലിനക്സ് എന്നതിനെ പലപ്പോഴും ലിനക്സ് എന്ന് ചുരുക്കി എഴുതുന്നത് ശരിയായ പ്രവണതയല്ല. കുറഞ്ഞ പക്ഷം, ഡെബിയന്‍ ഗ്നു/ലിനക്സിന്റെ പേര് പരാമര്‍ശിച്ച സ്ഥലത്തെങ്കിലും ഗ്നു/ലിനക്സ് എന്ന് ഉപയോഗിക്കാമായിരുന്നു.

വി. കെ ആദര്‍ശ് said...

ഡേബിയന്‍ ഗ്നു/ലിനക്‍സ് എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. പിന്നെ ഗ്നു/ലിനക്‍സ് അല്ലെങ്കില്‍ ലിനക്‍സ് അധിഷ്ഠിത(Linux Based) സംവിധാനം എന്നുപയോഗിച്ചാലും മതിയല്ലോ. അല്ലേ.

vrajesh said...

ഉബുണ്ടു എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം, എന്നൊക്കെ ലളിതമായി വിവരിക്കുന്ന ബ്ലോഗുകള്‍ ഉണ്ടോ?
കമ്പ്യൂട്ടറ് കാര്യങ്ങളില്‍ അറിവ് തീരെ കുറവായ ഒരാളാണ്‌ ഞാന്‍.നമ്മുടെ സാങ്കേതിക ബ്ലോഗുകള്‍ എന്നെപ്പോലെയുള്ളവരെ കാര്യമായി സഹായിക്കുന്നില്ല.

abey e mathews said...

"ML Blog Box"
Categorized Malayalam Blog Aggregator
http://ml.cresignsys.in/

submit your blog at info@cresignsys.com
or info@cresignsys.in


please specify category of the blog.

your blog added in http://ml.cresignsys.in/
please send any other blog by you or your favorite blog.

http://ml.cresignsys.in/

http://cresignsys.in
Cre sign sys . in
Creative Orkut Scraps|Orkut Greatings|Orkut Flash Scraps|Orkut Image Scraps

http://cresignsys.com