Saturday, October 31, 2009

വന്‍‌മരങ്ങള്‍ വീഴുമ്പോള്‍: ഇന്ദിരാജിയില്ലാത്ത കാല്‍‌നൂറ്റാണ്ട്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് ഇരുപത്തിയഞ്ചാണ്ട് തികയുന്ന വേളയില്‍ ഇന്ദിരയില്ലാത്ത കാല്‍നൂറ്റാണ്ട് എങ്ങനെയായിരുന്നു എന്ന് നോക്കുന്നത് കൌതുകരമെങ്കിലും ആകാതിരിക്കില്ല.
ഒന്നില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസില്‍ പതിവില്ലാത്ത ഒരു മാറ്റം അനുഭവപ്പെട്ടത് ഓര്‍മ്മയുണ്ട്, ട്യൂഷന്‍ ക്ലാസിലെ ടീച്ചര്‍മാരെല്ലാം കൂട്ടം കൂടി നിന്ന് എന്തോ അടക്കം പറയുന്നു. പുറത്തെ നിരത്തുകളില്‍ ഒരു തരം ശൂന്യത. പിന്നെ ഞങ്ങളോടെല്ലാം വീട്ടിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞു, സാധാരണ നേരത്തേ ക്ലാസ് അവസാനിപ്പിച്ചാല്‍ സന്തോഷത്തൊടെ കൂട്ടുകാരെല്ലാം പുറത്തേക്ക് ഓടുന്നത് . എന്നാല്‍ ആരാണ് മരിച്ചതെന്നോ അല്ലെങ്കില്‍ പ്രധാനമന്ത്രിയെന്നാല്‍ എന്താണന്ന് പോലും അറിയാത്ത ഞങ്ങളെ പുറത്തെ ഒരു തരം സ്മശാനമൂകത ബാധിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ എല്ലാരും റേഡിയോയ്ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്നതും പിന്നെ പിറ്റേന്നത്തെ പത്രത്തില്‍ പതിവില്‍ കൂടുതല്‍ കറുപ്പുനിറത്തില്‍ വാക്കുകള്‍ നിറച്ചതും ഒപ്പമുള്ള ഫോട്ടോയും ചെറിയ ഓര്‍മ്മയുണ്ട്. രണ്ട് അംഗരക്ഷകര്‍ വെടിവെച്ചതാണന്നും അത് സിഖ് കാരെന്നും പിന്നീടറിഞ്ഞു.
ഹൈസ്കൂള്‍ ക്ലാസില്‍ ഹിസ്റ്ററി പഠിപ്പിച്ച അധ്യാപകന്‍ അല്പസ്വല്പം കെ എസ് യു ടച്ച് ഉള്ള ആളായതിനാല്‍ ഇന്ദിരയുടെ ഭരണനേട്ടങ്ങള്‍(പ്രിവി പഴ്സ് നിര്‍ത്തലാക്കിയത്, ബാങ്ക് ദേശസാല്‍ക്കരണം,ബംഗ്ലാദേശ് രൂപികരണം, ഗരീബി ഹഠാവോ...) പൊലിപ്പിച്ചു തന്നെ അവതരിപ്പിച്ചപ്പോള്‍ ഇത്ര നല്ല അമ്മൂമ്മയെ ആണല്ലോ കൊന്നത് എന്ന് സംശയിക്കാതിരുന്നില്ല.
പിന്നീട് പതിയെ അടിയന്തിരാവസ്ഥ, കോടതി വിധികള്‍, ജയ്പ്രകാശ് നാരായണന്‍ ഒക്കെ വായിച്ചപ്പോള്‍ ഇന്ദിരാ അമ്മൂമ്മയെ ചെറുതായി ഇഷ്ടപ്പെടാതിരിക്കാനും തുടങ്ങി.
1977 മാര്‍ച്ചിന് ശേഷം മൂന്ന് വര്‍ഷം ജനതാ പരിവാര്‍ പരീക്ഷണത്തിന് ജനം നിന്നുകൊടുത്ത സമയം ഞങ്ങളൊക്കെ അറിയാനും പഠിക്കാനും തുടങ്ങിയ സമയത്ത് വി.പി സിംഗ്,ചന്ദ്രശേഖര്‍, ഉപന്‍ ദേവിലാല്‍ എന്നിവര്‍ ഭാരതദേശത്തിന്റെ നിര്‍ണായക സ്ഥാനത്ത് ഇരിക്കുന്നതും വര്‍ധിച്ച സന്തോഷത്തോടെയാണ് കണ്ടത്. വടകരയില്‍ നിന്നുള്ള കെ.പി ഉണ്ണികൃഷ്‌ണന്‍ ഉപരിതല ഗതാഗതമന്ത്രിയായത് ഒരു നേട്ടമായി കണ്ട നാളുകള്‍, എം ജി കെ മേനോന്‍ എന്ന ശാസ്ത്രജ്ഞന്‍ വരെ മന്ത്രിപദത്തില്‍. ആകെ ഒരു മാറ്റത്തിന്റെ ദിശ.
പക്ഷെ വഴക്കും വക്കാണവും അധികാരത്തെ പഴയ ഇടത്തേക്ക് തന്നെ സഞ്ചരിപ്പിച്ച് തുടങ്ങിയ സമയത്താണ് രാജീവ് ഗാന്ധിയും രാഷ്‌ട്രീയക്കളത്തില്‍ കൊല്ലപ്പെടുന്ന വാര്‍ത്തയെത്തുന്നത്. ശ്രീപെരും‌പുത്തൂര്‍ എന്ന സ്ഥലം ഓര്‍മ്മയില്‍ ഇടം നേടിയത് ഒരു പക്ഷെ ഇതു കൊണ്ടായിരിക്കണം.
*****
എന്‍ എസ് മാധവന്റെ രണ്ട് കഥകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വീഴ്ചകളുമായി(വന്‍‌മരങ്ങള്‍ വീഴുമ്പോള്‍, തിരുത്ത്) ബന്ധമുണ്ടായത് രസകരമാണ്.
വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയില്‍ നിന്ന് “കാവല്‍ക്കാരന്‍ ഗൂര്‍ഖ മഠത്തിന്റെ ഇരുമ്പുഗേറ്റുകള്‍ ചങ്ങലയിട്ട് പൂട്ടി അകത്തിരുന്നു. .....ക്ലോക്ക് ടവര്‍ ചൌക്കിലെ സര്‍ദാര്‍ ജി ക്കടകള്‍ അപ്പാടെ നശിച്ചു. മെയിന്‍ റോഡില്‍ സര്‍ദാര്‍ജിമാരുടെ ടാക്സികള്‍ ബഹളക്കാര്‍ മറിച്ചിട്ട് തീവച്ചു. സദര്‍ ബസാറിലേക്ക് പോകുന്ന വഴിയില്‍ സര്‍ദാര്‍ജിമാരുടെ ശവശരീരങ്ങള്‍ കാണാം....രാത്രി മുഴുവന്‍ വെടിയൊച്ച കേള്‍ക്കാമായിരുന്നു.”


*****
ഇന്ദിര ഉണ്ടായിരുന്നുവെങ്കില്‍ എങ്ങെനെയാകുമായിരുന്നു കോണ്‍ഗ്രസും ഇന്ത്യാചരിത്രവും.

സാം‌പത്രോദ സി.ഡോട്ട് എക്സേഞ്ചുമായി ഇത്ര വ്യാപകമായി എത്തുമായിരുന്നോ. ബോബോഴ്സ് അഴിമതി ഉണ്ടാകുമായിരുന്നോ (ഇപ്പോഴും പ്രതിരോധ അഴിമതി സാര്‍വത്രികമാണല്ലോ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണി അറിയുന്നില്ല അല്ലെങ്കില്‍ ആന്റണിയുടെ ശുഭ്രവസ്ത്രത്തിന്റെ മറയില്‍ നമ്മള്‍ കാണുന്നില്ല! ). ബോബോഴ്സ് വള്ളിയില്‍ പിടിച്ച് വി.പി സിംഗും സംഘവും ശക്തിയാര്‍ജിക്കുന്നത് എത് തരത്തിലാകും ഇന്ദിരാജി കാണുകയും കൈകാര്യം ചെയ്യുന്നതും.
ഭാ.ജ.പയും വാജ്പെയ് അദ്വാനിമാരും ഇങ്ങനെയെത്തുമായിരുന്നോ. ഇന്ദിരയുടെ മരണത്തിന് എതാനും വര്‍ഷം മുന്നെ ഭാ ജ പാ പിച്ച വെയ്ക്കാന്‍ തുടങ്ങിയിരുന്നല്ലോ.
മകന്‍ രാജീവിന് ശ്രീലങ്കന്‍ പട്ടാളത്തിന്റെ തോക്ക് തോണ്ടല്‍ കിട്ടിയ സ്ഥാനത്ത് അമ്മയായിരുന്നെങ്കിലോ.
ബാബറി മസ്ജിദ് പ്രദേശം എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു. പഞ്ചാബിലെ ഇന്ദിരയുടെ അടുത്തനീക്കം എന്താകുമായിരിക്കും.
ഒരു പക്ഷെ ബി.ജെ.പി എന്‍‌ട്രി പഞ്ചാബ് വഴിയാകുമായിരുന്നു അല്ലേ.
പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകള്‍ ഭാരതത്തിന്റെ മണ്ണിലെത്തുമായിരുന്നോ. കാര്‍ഗില്‍ യുദ്ധം എങ്ങനെയാകും അവസാകിക്കുക.

ജവര്‍ഹര്‍ ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ദിരയിലേക്ക് ഉള്ള ദൂരമായിരുന്നോ ഇന്ദിരയില്‍ നിന്ന് രാജീവിലേക്ക്.....

3 comments:

ബാബുരാജ് ഭഗവതി said...

ഇന്ദിരാഗന്ധിയുടെ ലോജിക്കല്‍ കണ്‍ക്ലൂഷന്‍ തന്നെ ആയിരുന്നു രാജീവെന്നു തോന്നുന്നു.

രാഷ്ട്രതന്ത്രത്തെ കുറിച്ച് നെഹ്രുവിന് തന്റെ പിന്‍ ഗാമികളില്‍ നിന്ന് വ്യത്യസ്ത അഭിപ്രാ‍യമുണ്ടായതായി തോന്നിയിട്ടില്ല. അതേ സമയം നീണ്ട കാലം സമരരംഗത്തുണ്ടാ‍യിരുന്ന നെഹ്രുവിന് ജനാധിപത്യത്തെ കുറിച്ച് കുറച്ചുകൂടെ വ്യത്യസ്ത ആശയങ്ങള്‍ ഉണ്ടായിരുന്നെന്നു തോന്നുന്നു.
സ്നേഹപൂര്‍വ്വം

വി. കെ ആദര്‍ശ് said...

.

Areekkodan | അരീക്കോടന്‍ said...

നല്ല ചിന്തകള്‍...