Saturday, October 31, 2009

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും

2009 ഒക്ടോബര്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയ മാസമായാണ്‌ രേഖപ്പെടുത്താന്‍ പോകുന്നത്‌. കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ്‌ കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ്‌ വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്) ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി‌.

ഇത്തരത്തിലൊരു വലിയമാറ്റം കംപ്യൂട്ടര്‍ വിപണിയില്‍ സംഭവിക്കുമ്പോള്‍ സാധാരണ ഉപയോക്താക്കളും വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കളും പുതിയ പതിപ്പിലേക്ക്‌ മാറുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കില്ല. സാങ്കേതികവിദ്യയുടെ പുതുമയും ചിലപ്പോള്‍ നമുക്കാവശ്യമില്ലാത്ത ആപ്ലിക്കേഷ
നുകളുടെ ബാഹുല്യവും ആകും കൗതുകത്തിന്റെ പേരിലെങ്കിലും ഒരു മാറ്റത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഓരോ പുതിയ പതിപ്പും ഒട്ടേറെ സവിശേഷതകളും മേന്മകളുടെ വാര്‍ത്തയും പേറിയാകും കടന്നുവരുന്നത്‌. മാറ്റം എന്നു പറയുമ്പോള്‍ വിന്‍ഡോസ്‌ 7 പോലുള്ളവയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മുതല്‍മുടക്കുകൂടിയാണ്‌. ഇത്‌ സോഫ്‌റ്റ്‌വെയര്‍ വാങ്ങാനുള്ള ധനവ്യയം മാത്രമല്ല, ചില അവസരങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ശേഷി ഉയര്‍ത്താനുള്ള പണച്ചെലവുകൂടിയാകും.

ഏതായാലും ഓപ്പറേറ്റിങ്‌ സിസ്‌റ്റമോ അല്ലെങ്കില്‍ ഏതെങ്കിലും ആപ്ലിക്കേഷനോ പുതുതായി വാങ്ങുന്നതിനുമുമ്പ്‌ മൂന്നു കാര്യങ്ങള്‍ വിലയിരുത്തുക.
1. ഒരു അപ്‌ഗ്രേഡിങ്ങിന്‌ നിര്‍ബന്ധിക്കുന്ന ഗുണഗണങ്ങള്‍ നിര്‍ദിഷ്ട സോഫ്‌റ്റ്‌വെയറിന്‌ ഉണ്ടോ?
2. നിലവിലെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഇതിനാകുമോ?
3. പുതിയതിന്റെ ചെലവ്‌ സ്ഥാപനത്തിനോ അല്ലെങ്കില്‍ വീട്ടാവശ്യത്തിനോ താങ്ങാനാവുന്നതാണോ?
4. ഹാര്‍ഡ്‌വെയര്‍ശേഷി ഇ
പ്പോഴുള്ളത്‌ പുതിയ സോഫ്‌റ്റ്‌വെയറിന്‌ പര്യാപ്‌തമാണോ?
5. അവസാനമായി ഈ പുതിയ അപ്‌ഗ്രേഡിങ്‌/വാങ്ങല്‍ നടത്തിയവരുടെ അഭിപ്രായം ശേഖരിക്കുക.
മിക്കയിടങ്ങളിലും ഇന്റര്‍നെറ്റ്‌ ഉപയോഗം, ഓഫീസ്‌ പാക്കേജ്‌ ഉപയോഗം എന്നിവ മാത്രമാണ്‌ കംപ്യൂട്ടര്‍കൊണ്ട്‌ ചെയ്യുന്ന ജോലി. ഇതിനു മാത്രമായി ഒരു അപ്‌ഗ്രേഡിങ്‌ വേണമോ എന്ന്‌ ചിന്തിക്കുക. ഉദാ: മൈക്രോസോഫ്‌റ്റ്‌ ഓഫീസിന്റെ ഏറ്റവും പുതിയ പതിപ്പ്‌ (.docx, .xlsx) പഴയ എംഎസ്‌ ഓഫീസ്‌ പാക്കേജില്‍പ്പോ
ലും തുറക്കാനാകുന്നില്ല. ഇത്‌ പലയിടങ്ങളിലും നിലവില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. .doc, .xls
ആയി സേവ്‌ ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇത്‌ സാധാരണക്കാര്‍ക്കെങ്കിലും പ്രായോഗിക ന്യൂനതയായി കടന്നുവരുന്നുണ്ട്‌.

വിന്‍ഡോസ്‌ 7: മൈക്രോസോഫ്‌റ്റില്‍നിന്നുള്ള ഏഴാംനമ്പര്‍ അവതാരത്തെ കൂടുതല്‍ പ്രതീക്ഷകളോടാണ്‌ ആരാധകര്‍ നോക്കുന്നത്‌. ആറാം തമ്പുരാന്‍ (വിസ്‌ത) ദയനീയമായി തകര്‍ന്നടിഞ്ഞതിന്റെ കാരണം അതിന്റെ സാങ്കേതിക പോരായ്‌മയായിരുന്നു. ഒപ്പം സാമ്പത്തിക മാന്ദ്യം വിപണിയെ പിടിച്ചുലച്ചതും മൈ
ക്രോസോഫ്‌റ്റ്‌ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായത്രേ. അതുകൊണ്ട്‌ വിന്‍ഡോസ്‌ Xp യില്‍ത്തന്നെ പറ്റിച്ചേര്‍ന്നു നില്‍ക്കാനായിരുന്നു സ്ഥാപനങ്ങള്‍ക്ക്‌ താല്‍പ്പര്യം. അതിനാല്‍ മിക്കയിടങ്ങളും വിന്‍ഡോസ്‌ ഏഴിലേക്ക്‌ കൂടുമാറും എന്നാണ്‌ അനുമാനിക്കാവുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക-സോഫറ്റ്‌വെയര്‍ വില്‍പ്പനശാലയായ ആമസോണ്‍ ഡോട്ട് കോമില്‍ വിന്‍ഡോസ്‌ 7 ബുക്ക്‌ ചെയ്‌തവരുടെ എണ്ണം സര്‍വകാല റെക്കോഡാണ്‌. ആമസോണിന്റെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്‌ ഹാരിപോട്ടര്‍ ആന്‍ഡ്‌ ദ ഡെത്തി ഹാലോസ്‌ (Harrypotter and the deathy hallows by J K Rowling) എന്ന ബെസ്‌റ്റ്‌ സെല്ലര്‍ പുസ്‌തകമായിരുന്നു. ഇതാണ്‌ വിന്‍ഡോസ്‌ ഏഴ്‌ തിരുത്തിയെഴുതിയത്‌. വിസ്‌തയുടെ അതേ അകക്കാമ്പ്‌ (Kernal) ഉപയോഗിച്ചാണ്‌ വിന്‍ഡോസ്‌ ഏഴും തയ്യാറാക്കിയിരിക്കുന്നത്‌. കാല്‍കുലേറ്റര്‍, പെയിന്റ്‌ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ മൈക്രോസോഫറ്റ്‌ ഇതുവരെ ശ്രദ്ധവെച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഏഴില്‍ തോല്‍ക്കാതിരിക്കാന്‍ ഇത്തരം ചെറുകാര്യങ്ങളില്‍പ്പോലും സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. വിന്‍ഡോസ്‌ സഹസ്രാബ്ദ (Me) പതിപ്പും വിസ്‌തയും പരാജയപ്പെട്ടതുപോലെയായിരിക്കില്ല അഥവാ വിന്‍ഡോസ്‌ ഏഴ്‌ പരാജയപ്പെട്ടാല്‍ സംഭവിക്കുന്നതെന്ന്‌ മൈക്രോസോഫ്‌റ്റിന്‌ നല്ല നിശ്‌ചയമുണ്ട്‌, പ്രത്യേകിച്ചും ഗൂഗിള്‍ക്രോമും വിവിധ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനങ്ങളും ഒരു നല്ല യുദ്ധത്തിന്‌ പോര്‍മുന മിനുക്കുന്ന പശ്‌ചാത്തലത്തില്‍.

ഉബുണ്ടു 9.10 എത്തിപ്പോയ്
വിന്‍ഡോസ്‌ ഏഴിന്റെ വരവ്‌ ഉബുണ്ടുവിന്‌ പരസ്യമായോ? എന്ന്‌ ചോദിച്ചാല്‍ അതെ ഉത്തരം പറയാമെന്ന്‌ സെര്‍ച്ച്‌ എന്‍ജിന്‍ വാക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞയാഴ്‌ച വിന്‍ഡോസിനൊപ്പം ഉപയോക്താക്കള്‍ ഗൂഗിളില്‍ തെരഞ്ഞ വാക്കുകൂട്ടങ്ങള്‍ ഇതൊക്കെയാണ്‌. 'Linux Vs Windows7', 'Ubuntu Vs Windows7'. ഇതുമാത്രമല്ല, വിന്‍ഡോസ്‌ 7 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചില ലിനക്‌സ്‌-വിന്‍ഡോസ്‌ താരതമ്യപഠനങ്ങളിലേക്കുള്ള ട്രാഫിക്‌ 400 ശതമാനം വര്‍ധിച്ചുവെന്നതും എടുത്തുപറയേണ്ട വസ്‌തുതയാണ്‌. ഒരുപക്ഷേ, വിസ്‌തയില്‍ കൈപൊള്ളിയ അനുഭവമാകാം ഒ
രു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ വിശദമായ പഠനത്തിനും മനനത്തിനും ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്‌.
ലിനക്‌സ്‌ അധിഷ്‌ഠിത ജനപ്രിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്‌ ഉബുണ്ടു 9.10 (രണ്ടായിരത്തി ഒമ്പത്‌ പത്താംമാസം! എന്ന്‌ പൂര്‍ണരൂപം) വ്യാഴാഴ്‌ച മുതല്‍ സൗജന്യമായി ഉപയോഗത്തിന്‌ തയ്യാര്‍ എന്നത്‌ പലതുകൊണ്ടും ശ്രദ്ധേയമാണ്‌.
ഒരു താരതമ്യപഠനത്തിന്‌ മുതിരുകയാണെങ്കില്‍ ഉബുണ്ടുവിന്റെ പഴയപതിപ്പ്‌ (9.04) പോലും വിന്‍ഡോസ്‌ 7നേക്കാള്‍ മേലെയാണെന്ന്‌ കാണാം. https://shipit.ubuntu.com/ ചെന്ന്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ സൗജന്യമായി നമ്മുടെ വീട്ടില്‍ തപാല്‍മാര്‍ഗം ഉബുണ്ടു എത്തുകയും ചെയ്യും. ഉബുണ്ടുവിന്റെ 11-മത് പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. സാധാരണയായി എ
ല്ലാ ഏപ്രില്‍, ഒക്ടോബര്‍ മാസമാണ്‌ പുതിയ അവതാരങ്ങള്‍ ഉബുണ്ടുവില്‍ ജന്മമെടുക്കുന്നതെന്നു പറയാം. അടുത്ത പതിപ്പ്‌ (10.4). 2010 ഏപ്രില്‍ അവസാനം ഇന്റനെറ്റില്‍ എത്തും. വിന്‍ഡോസ്‌ ഏഴ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌ക്കില്‍ ഏഴുമുതല്‍ 11 ജിബിവരെ ഓര്‍മ്മപ്പുര (മെമ്മറി സ്ഥലം) ആവശ്യമാണെങ്കില്‍ ഉബുണ്ടുവിന്‌ ഇരുപ്പുറപ്പിക്കാനായി കേവലം മൂന്നു ജിബിയില്‍ താഴെമതി. ചെറിയ സ്‌ക്രീന്‍ വലുപ്പമുള്ള, നെറ്റ്‌ ബുക്‌ ശ്രേണിക്കു വേണ്ടിയുള്ള പരിഷ്‌കരിച്ച നെറ്റ്‌ ബുക റീമിക്‍സും ഉബുണ്ടു 9.10ന്റെ പ്രത്യേകതയാണ്‌. മലയാളം അടക്കമുള്ള പ്രാദേശികഭാഷകളെ നിലവില്‍ത്തന്നെ മികച്ചരീതിയില്‍ ഉബുണ്ടുപതിപ്പുകള്‍ പിന്തുണയ്‌ക്കുന്നുണ്ട്‌.

ഒരു താരതമ്യ പട്ടിക ഇതാ. വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്തോളൂ

*****

ചില വിവരങ്ങള്‍ക്കും ചിത്രത്തിനും പിസി ക്വസ്‌റ്റ്‌ കമ്പ്യൂട്ടര്‍ മാസികയോട്‌ കടപ്പാട്‌

വന്‍‌മരങ്ങള്‍ വീഴുമ്പോള്‍: ഇന്ദിരാജിയില്ലാത്ത കാല്‍‌നൂറ്റാണ്ട്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് ഇരുപത്തിയഞ്ചാണ്ട് തികയുന്ന വേളയില്‍ ഇന്ദിരയില്ലാത്ത കാല്‍നൂറ്റാണ്ട് എങ്ങനെയായിരുന്നു എന്ന് നോക്കുന്നത് കൌതുകരമെങ്കിലും ആകാതിരിക്കില്ല.
ഒന്നില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസില്‍ പതിവില്ലാത്ത ഒരു മാറ്റം അനുഭവപ്പെട്ടത് ഓര്‍മ്മയുണ്ട്, ട്യൂഷന്‍ ക്ലാസിലെ ടീച്ചര്‍മാരെല്ലാം കൂട്ടം കൂടി നിന്ന് എന്തോ അടക്കം പറയുന്നു. പുറത്തെ നിരത്തുകളില്‍ ഒരു തരം ശൂന്യത. പിന്നെ ഞങ്ങളോടെല്ലാം വീട്ടിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞു, സാധാരണ നേരത്തേ ക്ലാസ് അവസാനിപ്പിച്ചാല്‍ സന്തോഷത്തൊടെ കൂട്ടുകാരെല്ലാം പുറത്തേക്ക് ഓടുന്നത് . എന്നാല്‍ ആരാണ് മരിച്ചതെന്നോ അല്ലെങ്കില്‍ പ്രധാനമന്ത്രിയെന്നാല്‍ എന്താണന്ന് പോലും അറിയാത്ത ഞങ്ങളെ പുറത്തെ ഒരു തരം സ്മശാനമൂകത ബാധിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ എല്ലാരും റേഡിയോയ്ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്നതും പിന്നെ പിറ്റേന്നത്തെ പത്രത്തില്‍ പതിവില്‍ കൂടുതല്‍ കറുപ്പുനിറത്തില്‍ വാക്കുകള്‍ നിറച്ചതും ഒപ്പമുള്ള ഫോട്ടോയും ചെറിയ ഓര്‍മ്മയുണ്ട്. രണ്ട് അംഗരക്ഷകര്‍ വെടിവെച്ചതാണന്നും അത് സിഖ് കാരെന്നും പിന്നീടറിഞ്ഞു.
ഹൈസ്കൂള്‍ ക്ലാസില്‍ ഹിസ്റ്ററി പഠിപ്പിച്ച അധ്യാപകന്‍ അല്പസ്വല്പം കെ എസ് യു ടച്ച് ഉള്ള ആളായതിനാല്‍ ഇന്ദിരയുടെ ഭരണനേട്ടങ്ങള്‍(പ്രിവി പഴ്സ് നിര്‍ത്തലാക്കിയത്, ബാങ്ക് ദേശസാല്‍ക്കരണം,ബംഗ്ലാദേശ് രൂപികരണം, ഗരീബി ഹഠാവോ...) പൊലിപ്പിച്ചു തന്നെ അവതരിപ്പിച്ചപ്പോള്‍ ഇത്ര നല്ല അമ്മൂമ്മയെ ആണല്ലോ കൊന്നത് എന്ന് സംശയിക്കാതിരുന്നില്ല.
പിന്നീട് പതിയെ അടിയന്തിരാവസ്ഥ, കോടതി വിധികള്‍, ജയ്പ്രകാശ് നാരായണന്‍ ഒക്കെ വായിച്ചപ്പോള്‍ ഇന്ദിരാ അമ്മൂമ്മയെ ചെറുതായി ഇഷ്ടപ്പെടാതിരിക്കാനും തുടങ്ങി.
1977 മാര്‍ച്ചിന് ശേഷം മൂന്ന് വര്‍ഷം ജനതാ പരിവാര്‍ പരീക്ഷണത്തിന് ജനം നിന്നുകൊടുത്ത സമയം ഞങ്ങളൊക്കെ അറിയാനും പഠിക്കാനും തുടങ്ങിയ സമയത്ത് വി.പി സിംഗ്,ചന്ദ്രശേഖര്‍, ഉപന്‍ ദേവിലാല്‍ എന്നിവര്‍ ഭാരതദേശത്തിന്റെ നിര്‍ണായക സ്ഥാനത്ത് ഇരിക്കുന്നതും വര്‍ധിച്ച സന്തോഷത്തോടെയാണ് കണ്ടത്. വടകരയില്‍ നിന്നുള്ള കെ.പി ഉണ്ണികൃഷ്‌ണന്‍ ഉപരിതല ഗതാഗതമന്ത്രിയായത് ഒരു നേട്ടമായി കണ്ട നാളുകള്‍, എം ജി കെ മേനോന്‍ എന്ന ശാസ്ത്രജ്ഞന്‍ വരെ മന്ത്രിപദത്തില്‍. ആകെ ഒരു മാറ്റത്തിന്റെ ദിശ.
പക്ഷെ വഴക്കും വക്കാണവും അധികാരത്തെ പഴയ ഇടത്തേക്ക് തന്നെ സഞ്ചരിപ്പിച്ച് തുടങ്ങിയ സമയത്താണ് രാജീവ് ഗാന്ധിയും രാഷ്‌ട്രീയക്കളത്തില്‍ കൊല്ലപ്പെടുന്ന വാര്‍ത്തയെത്തുന്നത്. ശ്രീപെരും‌പുത്തൂര്‍ എന്ന സ്ഥലം ഓര്‍മ്മയില്‍ ഇടം നേടിയത് ഒരു പക്ഷെ ഇതു കൊണ്ടായിരിക്കണം.
*****
എന്‍ എസ് മാധവന്റെ രണ്ട് കഥകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വീഴ്ചകളുമായി(വന്‍‌മരങ്ങള്‍ വീഴുമ്പോള്‍, തിരുത്ത്) ബന്ധമുണ്ടായത് രസകരമാണ്.
വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയില്‍ നിന്ന് “കാവല്‍ക്കാരന്‍ ഗൂര്‍ഖ മഠത്തിന്റെ ഇരുമ്പുഗേറ്റുകള്‍ ചങ്ങലയിട്ട് പൂട്ടി അകത്തിരുന്നു. .....ക്ലോക്ക് ടവര്‍ ചൌക്കിലെ സര്‍ദാര്‍ ജി ക്കടകള്‍ അപ്പാടെ നശിച്ചു. മെയിന്‍ റോഡില്‍ സര്‍ദാര്‍ജിമാരുടെ ടാക്സികള്‍ ബഹളക്കാര്‍ മറിച്ചിട്ട് തീവച്ചു. സദര്‍ ബസാറിലേക്ക് പോകുന്ന വഴിയില്‍ സര്‍ദാര്‍ജിമാരുടെ ശവശരീരങ്ങള്‍ കാണാം....രാത്രി മുഴുവന്‍ വെടിയൊച്ച കേള്‍ക്കാമായിരുന്നു.”


*****
ഇന്ദിര ഉണ്ടായിരുന്നുവെങ്കില്‍ എങ്ങെനെയാകുമായിരുന്നു കോണ്‍ഗ്രസും ഇന്ത്യാചരിത്രവും.

സാം‌പത്രോദ സി.ഡോട്ട് എക്സേഞ്ചുമായി ഇത്ര വ്യാപകമായി എത്തുമായിരുന്നോ. ബോബോഴ്സ് അഴിമതി ഉണ്ടാകുമായിരുന്നോ (ഇപ്പോഴും പ്രതിരോധ അഴിമതി സാര്‍വത്രികമാണല്ലോ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണി അറിയുന്നില്ല അല്ലെങ്കില്‍ ആന്റണിയുടെ ശുഭ്രവസ്ത്രത്തിന്റെ മറയില്‍ നമ്മള്‍ കാണുന്നില്ല! ). ബോബോഴ്സ് വള്ളിയില്‍ പിടിച്ച് വി.പി സിംഗും സംഘവും ശക്തിയാര്‍ജിക്കുന്നത് എത് തരത്തിലാകും ഇന്ദിരാജി കാണുകയും കൈകാര്യം ചെയ്യുന്നതും.
ഭാ.ജ.പയും വാജ്പെയ് അദ്വാനിമാരും ഇങ്ങനെയെത്തുമായിരുന്നോ. ഇന്ദിരയുടെ മരണത്തിന് എതാനും വര്‍ഷം മുന്നെ ഭാ ജ പാ പിച്ച വെയ്ക്കാന്‍ തുടങ്ങിയിരുന്നല്ലോ.
മകന്‍ രാജീവിന് ശ്രീലങ്കന്‍ പട്ടാളത്തിന്റെ തോക്ക് തോണ്ടല്‍ കിട്ടിയ സ്ഥാനത്ത് അമ്മയായിരുന്നെങ്കിലോ.
ബാബറി മസ്ജിദ് പ്രദേശം എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു. പഞ്ചാബിലെ ഇന്ദിരയുടെ അടുത്തനീക്കം എന്താകുമായിരിക്കും.
ഒരു പക്ഷെ ബി.ജെ.പി എന്‍‌ട്രി പഞ്ചാബ് വഴിയാകുമായിരുന്നു അല്ലേ.
പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകള്‍ ഭാരതത്തിന്റെ മണ്ണിലെത്തുമായിരുന്നോ. കാര്‍ഗില്‍ യുദ്ധം എങ്ങനെയാകും അവസാകിക്കുക.

ജവര്‍ഹര്‍ ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ദിരയിലേക്ക് ഉള്ള ദൂരമായിരുന്നോ ഇന്ദിരയില്‍ നിന്ന് രാജീവിലേക്ക്.....

Monday, October 12, 2009

വീഡിയോ പങ്കുവയ്ക്കല്‍ ആവേശത്തോടെ മുന്നോട്ട്

ന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവയ്ക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെഗാ സിനിമാപ്പുരയോ ആയി മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിളിള്‍ കുടുംബാഗമായ യൂടൂബാണ്. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തേ തന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു പക്ഷെ ഇത് അത്ര ജനപ്രീതി നേടാന്‍ സാധ്യതയില്ലന്ന തിരിച്ചറിവാകണം എറ്റെടുക്കല്‍ കാര്‍ഡ് ഇറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി യൂട്യൂബ് എന്ന സേവനത്തെ തൊട്ടടുത്ത വര്‍ഷം നവംബറില്‍ മോഹവില നല്‍കി ഗൂഗിള്‍ സ്വന്തമാക്കി.

2005 ഡിസംബറിലാണ് യൂട്യൂബ് സ്ഥാപിതമായത്. എറ്റെടുത്തശേഷം ഒരു ഗൂഗിള്‍ ഉപകമ്പനി (സബ്സിഡയറി) ആയി തുടരാനനുവദിച്ചത് ഒരു പക്ഷെ കൂടുതല്‍ വളര്‍ച്ചയ്ക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനം തോറും ശതകോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെ തേടിയെത്തുന്നത്. വെബ്‌സൈറ്റ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോപ്പുരയ്ക്ക്, മാത്രമോ ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂ ട്യൂബ് വഴി വരാറുണ്ടത്രേ. ഗൂഗിള്‍, യാഹൂ, ഫേസ് ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

12 ദശലക്ഷം ഡോളറിന്റെ പ്രാരംഭമുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവബഹുലമാകുമെന്ന് അവര്‍പോലും കരുതിയിട്ടുണ്ടാകില്ല. 2006 ഒക്ടോബര്‍ ഒന്‍പതാം തീയതി 1.65 ശതകോടി (1650ദശലക്ഷം) യു.എസ് ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍, യൂട്യൂബിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. നവംബറില്‍ ഔദ്യോഗികമായ എറ്റെടുക്കല്‍ ചട്ടങ്ങള്‍ പൂര്‍ത്തിയാല്ക്കി. മൂന്ന് വര്‍ഷം തികയുന്നവേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണന്നതിന് വര്‍ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടയ്ക്ക് യുട്യൂബ് ഗൂഗിളിന് നഷ്‌ടം വരുത്തി വയ്ക്കുന്നു എന്ന വര്‍ത്തമാനം ഉണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യുട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്‌സെന്‍സ് എന്ന സാന്ദര്‍ഭികപരസ്യവിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന ചെറുപരസ്യവുമാണ് വരുമാന സ്രോതസ്. ഇതു കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.
ഇഷ്‌ടഗാനരംഗങ്ങളുടെയും ചലച്ചിത്രശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേണലിസ്റ്റിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജനസമക്ഷം എത്തിക്കുന്നവരും കുറവല്ല. കേം‌ബ്രിജ്,ഹര്‍വാഡ്,സ്റ്റാന്‍
ഫഡ്,എം ഐ ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവചിത്രീകരണങ്ങളാലും(youtube.com/edu) സമ്പന്നമാണ് ഇന്ന് യുട്യൂബ്.

ഒപ്പം തന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോപ്പെരുക്കം, ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്നതാണ് ഗൂഗിള്‍ നയം. കൂടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലുകളുടേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഒരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യുട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യുട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക്ക് ഒബാമ പ്രചരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബെല്‍ പുരസ്കാര പ്രഖ്യാപനം ലൈവ് ആയി തന്നെ യുട്യൂബില്‍ സം‌പ്രേഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യുട്യൂബ്.

കുറിഞ്ഞി ഓണ്‍ലൈനില്‍ ശ്രീ ജോസഫ് ആന്റണി എഴുതിയ ‘യൂട്യൂബ് നൂറുകോടിയുടെ നിറവില്‍ എന്ന ലേഖനം വായിക്കാനായി ഇവിടെ ക്ലിക്കുക

ബ്ലോഗ് ഭൂമിയില്‍ നേരത്തെ വന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2008 ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ചതുമായ ‘വീഡിയോ ക്ലിപ്പിംഗുകള്‍: ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയം’ എന്ന ലേഖനം വായിക്കാനായി ഇവിടെ ക്ലിക്കുക