Tuesday, September 22, 2009

ഗ്രാമീണ എ‌ടി‌എം

നഗരപ്രദേശങ്ങളില്‍ ഇന്ന് എ‌ടി‌എം അത്ഭുതവസ്തു അല്ലെങ്കിലും വിദൂരദേശങ്ങളിലും ഗ്രാമങ്ങളിലും ഇന്നും ഇതൊരു കൌതുകക്കാഴ്‌ച തന്നെയാണന്നതില്‍ തര്‍ക്കമില്ല. കേരളത്തില്‍ നഗര ഗ്രാമ വേര്‍തിരിവ് അത്ര പ്രകടമല്ലെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എ‌ടി‌എം പോയിട്ട് ബാങ്ക് ശാഖകള്‍ പോലും വിരളമാണന്നത് മറക്കരുത്. ബീഹാറിലെ 22 ശതമാനം (ഏകദേശം അഞ്ച് വിടുകളില്‍ ഒന്ന്) വീടുകള്‍ മാത്രമാണ് വൈദ്യൂതികരിച്ചിട്ടുള്ളത് എന്ന് കൂടി ചേര്‍ത്ത് വായിക്കുക.വാണിജ്യ ബാങ്കുകള്‍ അടക്കം ധനകാര്യ സ്ഥാപനങ്ങള്‍ വിദൂരപ്രദേശങ്ങളില്‍ എ‌ടി‌എം സേവനം എര്‍പ്പെടുത്താത്തതിന്റെ മുഖ്യകാരണം അതിന്റെ വര്‍ധിച്ച പ്രാരംഭ മുതല്‍മുടക്കും പിന്നീടുള്ള പരിപാലനച്ചിലവുമാണ്, ഇതു കൂടാതെ ചെറുതല്ലാത്ത തുക അറ്റകുറ്റപ്പണിക്കും കരുതണം. ഇപ്പോള്‍ ലഭ്യമാകുന്ന എ‌ടി‌എം ന് പ്രതിമാസം 20,000 രൂപയോളം വൈദ്യുതചാര്‍ജ് തന്നെയാകും, വില എകദേശം 10 ലക്ഷവും. മൊത്തത്തില്‍ കണക്കുക്കൂട്ടിയാല്‍ ലാഭ-നഷ്‌ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ 200 ഇടപാടെങ്കിലും ദിനം‌പ്രതി നടക്കണം. കേവലം 2000-3000 മാത്രം ജനസംഖ്യയുള്ള വിദൂര ഗ്രാമങ്ങളില്‍ എല്ലാവരും ബാങ്ക് അക്കൌണ്ട് എടുത്താല്‍ പോലും ഈ ലക്ഷ്യത്തിനടുത്തെത്താനാകില്ല.

ഇങ്ങനെയുള്ള സന്നിഗ്ദ ഘട്ടത്തിലാണ് അനുയോജ്യ സാങ്കേതികവിദ്യയുടെ(Appropriate Technology) പ്രസക്തിയും സാന്നിദ്ധ്യവും ഉറപ്പാക്കേണ്ടത്. എ‌ടി‌എം,മൊബൈല്‍ ഫോണ്‍ ടവര്‍, അടിസ്ഥാന ടെലഫോണ്‍ എക്‍സേഞ്ചുകള്‍ തുടങ്ങിയവയില്‍
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണവും രീതിയും അതേപടി ഉപയോഗിക്കുകയാണ് പതിവ്, എളുപ്പവും അതാണല്ലോ!! .ഇതിനെ ടെക്നോളജി പകര്‍ത്തല്‍(Adopting Technology) എന്ന് പറയാം. ഒരു പക്ഷെ പ്രാദേശികമായ രീതി മുന്നില്‍ക്കണ്ട് ഒരു പൊളിച്ചെഴുത്ത് നടത്താന്‍ (Technological Adaptation) ആരും ശ്രമിക്കാറില്ല. ഈ സാഹചര്യത്തില്‍ ഗ്രാമീണ ഇന്ത്യയെ മുന്നില്‍ക്കണ്ട് വികസിപ്പിച്ചെടുത്ത ഗ്രാംടെല്ലര്‍ പഠനാര്‍ഹമായ ഇടപെടലാണ്. ചെന്നൈ ആസ്ഥാനമായ വോര്‍ട്ടക്‍സ് എന്ന സ്ഥാപനം മദ്രാസ് ഐ.ഐ.ടി യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഗ്രാംടെല്ലര്‍ രൂപസംവിധാനം ചെയ്തിരിക്കുന്നത്.
സഹകരണബാങ്കുകള്‍ക്ക് ഉത്തമം:
പരമ്പരാഗത എ‌ടി‌എം ന്റെ അഞ്ചിലൊന്ന് മുതല്‍മുടക്ക് മാത്രമേ ഇതിനുണ്ടാകുന്നുള്ളൂ ഒപ്പം വൈദ്യുതചിലവ് പ്രതിമാസം ആയിരം രൂപയില്‍ താഴെയും. പണകൈമാറ്റച്ചിലവ് നാല്പത് ശതമാനം കുറവും. വിസാറ്റ്, വൈ മാക്‍സ്, ഡബ്ല്യൂ എല്‍ എല്‍, സി ഡി എം എ എന്നീ വിവരവിനിമയ രീതികളിലേത് വേണമെങ്കിലും തിരഞ്ഞെടുത്ത് മുഖ്യശാഖയുമായി ബന്ധിപ്പിക്കാം. വളര്‍ച്ചയെത്തിയ സമ്പദ് വ്യവസ്ഥയില്‍ ഓരോ ആയിരം പേര്‍ക്കും ഒരോ എ‌ടി‌എം എന്നതാണ് കണക്ക്.നിലവില്‍ ഇന്ത്യയില്‍ 20,000-25,000 എ‌ടി‌എം മാത്രമേ ഉള്ളൂ, ഇതാകട്ടെ നഗരകേന്ദ്രീകൃതവും ഇതനുസരിച്ച് നോക്കുകയാണങ്കില്‍ ഒരു ദശലക്ഷം യന്ത്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കേണ്ടതിന്റെ സാധ്യത ഉണ്ട്. പക്ഷെ നിലവിലുള്ള എ‌ടി‌എം അതേപടി ഉപയോഗിച്ചാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ല. മാത്രമല്ല ഒരു ശാഖമാത്രമോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന ശാഖാസംവിധാനങ്ങള്‍ മാത്രമുള്ള സഹകരണ ബാങ്കുകള്‍ പോലെയുള്ളവയ്‌ക്ക് സാങ്കേതികപരമായോ മുതല്‍മുടക്ക് അടിസ്ഥാനത്തിലോ പരമ്പരാഗത എ‌ടി‌എം ഒരു പരിഹാരമാകുന്നില്ല.
തമിഴ്നാട്ടിലെയും ആന്ധ്രാ‌പ്രദേശിലേയും 15 സ്ഥലങ്ങളില്‍ ഗ്രാം ടെല്ലര്‍ ഉറപ്പിച്ചുകഴിഞ്ഞു. കൂടല്ലൂര്‍ ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണപഭോക്താക്കള്‍ ഇതിന്റെ സേവനം ഉപയോഗിക്കാനും തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം 50 ഉം അടുത്ത വര്‍ഷം 500 ഉം ഇന്‍‌സ്റ്റലേഷനാണ് പദ്ധതിയിടുന്നത്. ഉത്പാദനം പുരോഗമിക്കുന്നമുറയ്‌ക്ക് വില ഒരു ലക്ഷമാക്കാമെന്ന് നിര്‍മ്മാതാക്കള്‍ കണക്കുക്കൂട്ടുന്നു, ഒപ്പം പുതിയ ദേശങ്ങളിലേക്കും ഗ്രാം ടെല്ലറിന്റെ മണിക്കിലുക്കം അറിയിക്കാനും.

മറ്റ് പ്രത്യേകതകള്‍:
പരമ്പരാഗത എ‌ടി‌എം ല്‍ പണം വച്ചിരിക്കുന്ന സ്ഥലം(cassette) ഉപകരണത്തിന്റെ താഴ്‌വശത്തായി തിരശ്ചീനമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു നാടയുടെ(conveyer belt) സഹായത്താല്‍ എകദേശം ഒരു മീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പണം നമ്മുടെ കയ്യിലെത്തുന്നത്. ഇതാകട്ടെ സമയ നഷ്‌ടത്തിലുപരിയായി മോട്ടോര്‍ ചലിപ്പിക്കാനും മറ്റും വൈദ്യുതച്ചിലവും ഉണ്ടാക്കുന്നു. ഉള്ളില്‍ നിന്ന് ചില്ലറ അപശബ്ദങ്ങളും കേള്‍ക്കാം അല്ലേ? ഗ്രാം ടെല്ലറില്‍ പണസഞ്ചാരദൂരം 15 ഓ 20 ഓ സെന്റീമീറ്റര്‍ മാത്രമാണ്, മുകളില്‍ കുത്തനെ ക്രമീകരിച്ചിരിക്കുന്ന കാസറ്റാണ് ഈ ചെറുതല്ലാത്ത ലാഭം ഉണ്ടാക്കിത്തരുന്നത്. ഡിസ്‌പ്ലേ സ്ക്രീന്‍ ആയി ആറ് ഇഞ്ച്(പതിനഞ്ച് സെന്റീമീറ്റര്‍) വലിപ്പമുള്ള എല്‍ സി ഡി ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിനക്‍സ് അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനമാണ് ഈ നൂതന യന്ത്രത്തിന്റെ കാതല്‍. പ്രവര്‍ത്തന സമയത്തും പുറത്തും സാധാരണ താപനില ആണ്. ഇതിനായി പ്രത്യേകിച്ച് എയര്‍ കണ്ടീഷണര്‍ മുറിക്കുള്ളില്‍ പിടിപ്പിക്കേണ്ടതില്ല. 50 ഡിഗ്രി സെഷ്യല്‍‌സ് വരെ സുഗമമായി പ്രവര്‍ത്തിക്കും. എ.സി ക്കുള്ള ചിലവും മാസാമാസം ഉള്ള വൈദ്യുതബില്ലിലെ തുകയും ലാഭിക്കാം. യന്ത്രത്തിന്റെ ശേഷി 100 വാട്സ് മാത്രവും. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും ഇതുകൊണ്ട് തന്നെ സാധ്യവുമാണ്. വിദൂര ഗ്രാമങ്ങളില്‍ ചിലപ്പോള്‍ സൌരവൈദ്യുതി മാ‍ത്രമാകും ആശ്രയം എന്നത് ഓര്‍ക്കുക. ഒതുക്കമുള്ള രൂപല്‍കല്പനയായതിനാല്‍ സ്ഥലലാഭവും കാഴ്ചഭംഗിയും ഉണ്ട്.
നോട്ടുകള്‍ വേര്‍പെടുത്തുന്ന വിദ്യ (Sheet Separation Apparatus) യും പഴകി മുഷിഞ്ഞ നോട്ട് കൈകാര്യം ചെയ്യുന്നരീതി (Gravity assisted friction pick)യും പേറ്റന്റിന് കാത്തു നില്‍ക്കുകയാണ്. കേരളത്തിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കും വാണിജ്യ-സ്വകാര്യ ബാങ്കുകളുടെ വിദൂരഗ്രാമങ്ങളിലെ എ‌ടി‌എം സേവനത്തിനും ഗ്രാം ടെല്ലര്‍ പ്രയോജനപ്പെടുത്താം.

സാങ്കേതിക വിവരങ്ങള്‍
ടൈപ്പ് : ഫ്രീ സ്റ്റാന്‍ഡിംഗ്, റിയര്‍ മൌണ്ടിംഗ്
നോട്ട് കൈകാര്യം ചെയ്യല്‍ : മുന്‍‌വശത്തുകൂടി
യന്ത്രാനുമതി/പ്രവേശനം : വിരലടയാളം ബയോമെട്രിക്ക് രീതിയില്‍ പരിശോധിക്കുന്നു/ പിന്‍ സംഖ്യ
കാര്‍ഡിലെ വിവരം ശേഖരിക്കല്‍ : നീക്കുന്നതോ ഉള്ളിലേക്ക് കടത്തിവിടുന്ന രീതിയിലോ (swipe or dip type) കാര്‍ഡില്‍ നിന്ന് കാന്തികവിവരങ്ങള്‍ പരിശോധിക്കുന്നു
ഡിസ്‌പ്ലെ സ്ക്രീന്‍: ആറ് ഇഞ്ച് വലിപ്പം, ഒറ്റ വര്‍ണ എല്‍ സി ഡി
ഭാഷ: മൂന്ന് ഭാഷാകളില്‍ ഒന്ന് ഉപഭോക്താവിന്റെ ഇഷ്‌ടാനുസരണം
സുരക്ഷ: സെര്‍വറുമായി കൂട്ടിയിണക്കിയ ഇലക്‍ട്രോണിക്ക് ലോക്ക് കൂടാതെ മെക്കാനിക്കല്‍ ലോക്കും
നോട്ട് ശേഖരണ ശേഷി: 2000
കുറഞ്ഞ തുക പിന്‍‌വലിക്കല്‍: 50 രൂപ
പ്രിന്റര്‍ : 40 കോളം തെര്‍മല്‍ പ്രിന്റര്‍
അളവ്: 1500 മില്ലീമീറ്റര്‍ പൊക്കം, 540 മി.മീ വീതി, 300 മിമീ കനം
ഭാരം: 200 കിലോ ഗ്രാം
ഊര്‍ജ‌ഉപഭോഗം: പീക്ക് ലോഡ് (പൂര്‍ണ ഉപയോഗാവസ്ഥയില്‍) 100 വാട്സ്. ഓഫ്പീക്ക് (ഉറക്കാ‍വസ്ഥയില്‍ !) 30 വാട്സ്
സാങ്കേതിക സഹകരണം: TeNeT ഐ.ഐ. ടി മദ്രാസ്
നിര്‍മ്മാതാക്കള്‍: Vortex എഞ്ചിനീയറിംഗ് ചെന്നൈ

6 comments:

വി. കെ ആദര്‍ശ് said...

2009 സെപ്‌തംബര്‍ മാസത്തെ ടെക്‍നോളജി റിവ്യൂ മാഗസിന്‍ അവസാന പേജില്‍ നിന്നാണ് ഗ്രാം ടെല്ലര്‍ വിവരം കിട്ടിയത്, പിന്നീട് ഗൂഗിള്‍ തന്ന വിവരത്തിനും നന്ദി

ആദര്‍ശ്║Adarsh said...

എല്ലാം പുതിയ അറിവായിരുന്നു..നന്ദി.
സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഗ്രാം ടെല്ലര്‍ ആണോ?

വി. കെ ആദര്‍ശ് said...

അല്ല എന്നാ‍ണ് അറിയാന്‍ സാധിച്ചത്. ഇതിന്റെ ഡിസ്‌പ്ലേ സ്ക്രീന്‍ പഴയ/ആദ്യ കാല മൊബീല്‍ ഫോനിലേതു പോലെ ഒരു നിറം (കറുപ്പ്) മാത്രമുള്ളതാണ്. ഇത് കേരളത്തില്‍ ഉടനെ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധ്യത ഉണ്ട്

ശ്രീ said...

പുതിയ വിവരങ്ങള്‍ക്ക് നന്ദി.

ഞാന്‍ said...

റീഡറില്‍ കുറെ നാളായി വന്നുവെങ്കിലും ഇപ്പോഴാണ് ഇത് വായിച്ചത്. ഈ സംഭവം ഉപയോഗിച്ചു നോക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഗിനി പന്നിയാണ് ഞാന്‍. ഒരു വര്‍ഷത്തോളമായി. എസ്.ബി.ഐ-യുടെ അക്കൗണ്ടുപയോഗിച്ചായിരുന്നു അന്ന് ചെയ്തത്. വിരലടയാളം അതില്‍ "പതിപ്പിച്ചെടുക്കുക" (മെഷീനിനെ പഠിപ്പിച്ചെടുക്കുക) ഒരു ചടങ്ങാണ്. അതിനു ശേഷം വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.

Sabarinath C said...

ഇപ്പോള്‍ പല നിറം പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഒള്ള മോഡല്‍ ഒണ്ടു, ഗ്രാമ-ടെല്ലര്‍ ഡുഓ