Wednesday, September 09, 2009

ഇന്റര്‍നെറ്റിന്‌ 40 വയസ്

ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു കണ്ടെത്തലിന്‌ 40 വര്‍ഷം തികഞ്ഞു. 1969 സെപ്‌തംബര്‍ രണ്ടിനാണ്‌ ഇന്റര്‍നെറ്റിന്റെ ആദിമരൂപത്തിന്‌ നാന്ദികുറിച്ചത്‌. ഇന്ന്‌ ഇന്റര്‍നെറ്റിന്റെയും ഫൈബര്‍ ഒപ്‌ടിക്കല്‍ ശൃംഖലകളുടെയും സഹായത്താല്‍ ഒരു മുഴുനീള ഫീച്ചര്‍ ചലച്ചിത്രംപോലും മിനിറ്റുകള്‍കൊണ്ട്‌ ലോകത്തിന്റെ ഓരു കോണില്‍ നിന്ന്‌ മറ്റൊരു കോണിലെത്തിക്കാം എന്നാല്‍ ആദ്യകാലങ്ങളിലെ സ്ഥിതിയോ?.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരവാര്‍ത്ത അങ്ങ്‌ ബ്രിട്ടനിലെത്തിയത്‌ ഒരു മാസത്തിനു ശേഷമായിരുന്നു. എന്തിന്‌ നമ്മുടെ മഹാകവി കുമാരനാശാന്‍ മരിച്ചവിവരം വര്‍ത്തമാനപത്രങ്ങളിലെത്തിയത്‌ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു എന്നത്‌ സമീപകാല ചരിത്രം. 1865 ഏപ്രില്‍ 14ന്‌ വാഷിങ്‌ടണിലെ ഫോര്‍ഡ്‌ തിയറ്ററിനു മുന്നില്‍ എബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ട വാര്‍ത്ത യൂറോപ്പിലെത്തിയത്‌ നാലുദിവസം കഴിഞ്ഞായിരുന്നെങ്കില്‍ 2009ല്‍ മൈക്കേല്‍ ജാക്‌സന്റെ മരണവിവരം കേവലം നാലുമിനിട്ടിനുള്ളില്‍ പുറംലോകത്തെത്തി. മൈക്രോ ബ്ലോഗിങ്‌ സേവനമായ ട്വിറ്ററിലൂടെയായിരുന്നു ഇതു സാധ്യമായത്‌. 1800കളുടെ രണ്ടാം പകുതിയില്‍ പത്ര ഓഫീസുകളിലേക്ക്‌ വാര്‍ത്ത എത്തിയിരുന്നത്‌ മണിക്കൂറുകളുടെ പ്രയത്‌നംകൊണ്ട്‌ ടെലഗ്രാഫ്‌ വഴിയാണ്‌. ലിങ്കന്റെ മരണം പിറ്റേന്ന്‌ പുലര്‍ച്ചെ രണ്ടിന്‌ ഇറങ്ങിയ ന്യൂയോര്‍ക്‌ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 9.30ന്‌ വെടിയേറ്റു എന്നാണ്‌. യഥാര്‍ഥത്തില്‍ 10 കഴിഞ്ഞ്‌ മിനിറ്റുകള്‍ക്കുശേഷമായിരുന്നു ദാരുണസംഭവം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ `ബ്രേക്കിങ്‌ ന്യൂസ്‌' പോലും എത്തിയത്‌ തെറ്റിയാണെന്നത്‌ ഇന്ന്‌ ഒരുപക്ഷേ അതിശയോക്തിയോടെയേ കാണാനാകൂ. സ്ഥലകാല സീമകള്‍ ഇല്ലാതാക്കാനാണല്ലോ മനുഷ്യന്‍ വിവരസാങ്കേതിക വിദ്യയിലൂടെ അനുദിനം ഇടപെട്ടുകൊണ്ടിരിക്കുന്നത്‌.

ഇന്റര്‍നെറ്റിന്റെ തുടക്കം:
ഇന്റര്‍നെറ്റിന്റെ ചരിത്രത്തിന്‌ അമേരിക്കന്‍-റഷ്യന്‍ ശീതസമരവുമായും ബന്ധമുണ്ടെന്നത്‌ ഒരുപക്ഷേ കൗതുകമാകാം. 1957ല്‍ ലോകത്തിലെ ആദ്യ കൃത്രിമഉപഗ്രഹം റഷ്യ വിക്ഷേപിച്ചതുമുതല്‍ അമേരിക്കന്‍ പ്രതിരോധവിഭാഗം അക്ഷമരായിരുന്നു. അര്‍പ (ARPA - Advanced Research Project Agency) എന്ന വകുപ്പുതന്നെ അമേരിക്ക സജ്ജമാക്കിയത്‌ ഗവേഷണത്തിലൂന്നിയ യുദ്ധസാമഗ്രികളും തന്ത്രങ്ങളും രൂപപ്പെടുത്താനായിരുന്നു. ഇതിന്‌ കംപ്യൂട്ടര്‍ശൃംഖലയും അവര്‍ പദ്ധതിയിട്ടു. ആണവ ആക്രമണംപോലുള്ള ബാഹ്യ കടന്നുകയറ്റങ്ങള്‍ ചെറുത്ത്‌ തങ്ങളുടെ രഹസ്യങ്ങളും മറ്റ്‌ അത്യാവശ്യ വിവരങ്ങളും കൈമാറാനായിരുന്നു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യത ആലോചിച്ചത്‌. ഇതിന്റെ പരിസമാപ്‌തിയായി 1969 സെപ്‌തംബര്‍ രണ്ടിന്‌ (40-ാം ആണ്ട്‌ തികഞ്ഞ ഈ വര്‍ഷം ഇത്‌ തിരുവോണദിവസം) ലൊസാഞ്ചലസിലുള്ള കാലിഫോര്‍ണിയ സര്‍വകാലാശാല ആസ്ഥാനത്തെ പരീക്ഷണശാലയില്‍ ആദ്യ ഡാറ്റ വിനിമയംചെയ്‌തു. അര്‍പാനെറ്റ്‌ എന്നാണ്‌ ഈ കംപ്യൂട്ടര്‍ കൂട്ടുകെട്ടിന്റെ പേര്‌. ഒക്‌ടോബര്‍ 29ന്‌ പുറത്തേക്കുള്ള ആദ്യ സന്ദേശം അയച്ചു. മനുഷ്യരാശിയുടെ വാര്‍ത്താവിനിമയ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായത്തിന്റെ തുടക്കംകുറിക്കാന്‍ 1969നായി. ഇതേവര്‍ഷംതന്നെയാണ്‌ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതെന്നത്‌ മറ്റൊരു യാദൃച്ഛികത. 1969ല്‍തന്നെ അമേരിക്കയിലെ സ്‌റ്റാന്‍ഫഡ്‌, ഉട്ടാ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശൃംഖലയില്‍ കണ്ണിചേര്‍ന്നു. തൊട്ടടുത്തവര്‍ഷം രണ്ട്‌ അമേരിക്കന്‍തീര പട്ടണങ്ങള്‍വരെ ദൂരത്തില്‍ അര്‍പാനെറ്റ്‌ ശൃംഖല വ്യാപിച്ചു. പിന്നീടിങ്ങോട്ട്‌ ഇതൊരു മഹാശൃംഖലയായി പടര്‍ന്നു പന്തലിക്കുകയായിരുന്നു. ഇ-മെയില്‍ ടിസിപി/ഐപി പ്രോട്ടോകോള്‍ എന്നിവ തൊട്ടുപിന്നാലെയെത്തിയത്‌ ഒരു പുതിയ ആശയവിനിമയ ഉപാധിയെന്ന നിലയില്‍ ഇന്റര്‍നെറ്റിനെ കരുത്തുറ്റതാക്കി.
പക്ഷേ തൊണ്ണൂറുകളിലാണ്‌ വാണിജ്യപരമായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഇന്റര്‍നെറ്റ്‌ ജനകീയമായത്‌. ഇന്ന്‌ ഇ-മെയില്‍ വിലാസം ഇല്ലാത്തവരോ അല്ലെങ്കില്‍ വെബ്‌സൈറ്റ്‌ ഇല്ലാത്ത സ്ഥാപനങ്ങളോ പതിറ്റാണ്ടുകള്‍ക്കു പിന്നില്‍ നടക്കുന്നവരെന്നു കരുതുന്നവര്‍ ധാരാളം. 2008ലെ കണക്കനുസരിച്ച്‌ 150 കോടി ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുണ്ട്‌. ഇന്റര്‍നെറ്റ്‌ പൗരന്മാരുടെ എണ്ണത്തില ചൈന അമേരിക്കയെ മറികടന്നു എന്നതാണ്‌ ഏറ്റവും പുതിയ വര്‍ത്തമാനം.

ഇന്ത്യയും ഇന്റര്‍നെറ്റും:

1986ല്‍ ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബംഗളൂരു IISc, വിവിധ IITകള്‍ എന്നിവയുടെ സഹായത്തോടെ ഒരു ശൃംഖല തുടങ്ങാനുള്ള ശ്രമം തുടങ്ങിയിരുന്നു. 1987ല്‍ ഐബിഎം മെയിന്‍ ഫ്രെയിം കൂട്ടിയിണക്കാനായി കചഉഛചഋഠ നിലവില്‍വന്നിരുന്നു. എങ്കിലും 1995 ആഗസ്‌ത്‌ 15ന്‌ അന്ന്‌ പൊതുമേഖലാ സ്ഥാപനമായിരുന്ന VSNL (വിദേശ്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ്‌- 2002ല്‍ ഇത്‌ വിറ്റഴിച്ചു. ഇപ്പോള്‍ ടാറ്റാ ഗ്രൂപ്പ്‌ നിയന്ത്രണത്തില്‍)മുംബൈയില്‍ വാണിജ്യരീതിയിലുള്ള സേവനം തുടങ്ങി. സേവനം നല്‍കുന്നത്‌ VSNL ആണെങ്കിലും BSNL, MTNL ലൈന്‍ വഴിയായിരുന്നു ബന്ധം സാധ്യമാക്കിയത്‌. ഡയല്‍ അപ്‌ ഇന്റര്‍നെറ്റിന്‌ ഫോണ്‍ ഉപയോഗത്തിനുള്ള തുക ടെലികോം സ്ഥാപനത്തിനും ഇന്റര്‍നെറ്റ്‌ ഉപയോഗ തുക ISP ക്കും കൊടുക്കണമായിരുന്നു. 1989ല്‍ ഇന്ത്യയില്‍നിന്ന്‌ ആദ്യ പരീക്ഷണ ഇന്റര്‍നെറ്റ്‌ ബന്ധം അമേരിക്കയിലേക്ക്‌ ആരംഭിക്കുമ്പോള്‍ കേവലം 9.6 കിലോ ബെറ്റ്‌സ്‌ പ്രതി സെക്കന്റ്‌ എന്നതായിരുന്നു വിവരവിനിമയ നിരക്ക്‌. ഇത്‌ 64 സയു െ ആകാന്‍ മൂന്നുവര്‍ഷമെടുത്തു. ഇന്ന്‌ ഒരു സാധാരണ ഉപയോക്താവിന്റെ വീട്ടിലേക്ക്‌ ബ്രോഡ്‌ബാന്‍ഡ്‌ സേവനം എത്തുന്നത്‌ 2 mbps നിരക്കിലാണ്‌.
ഇപ്പോള്‍ ബാങ്കിങ്‌, ഹോസ്‌പിറ്റല്‍ സേവനം (ടെലി മെഡിസിന്‍),വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവ രൂപപ്പെടുന്നതും വിന്യസിക്കുന്നതും ഇന്റര്‍നെറ്റിനെക്കൂടി മുന്നില്‍ക്കണ്ടാണ്‌. ബ്ലോഗിങ്‌, യൂട്യൂബ്‌, വിക്കിപീഡിയ, ട്വിറ്റര്‍ എന്നിവ ഇ-മെയില്‍പോലെത്തന്നെ ജനകീയമായി.

ആദ്യ 50 ദശലക്ഷം ജനങ്ങളിലെത്താനെടുത്ത സമയം:
റേഡിയോ - 38 വര്‍ഷം
ടെലിവിഷന്‍ - 13 വര്‍ഷം
ഇന്റര്‍നെറ്റ്‌ - 4 വര്‍ഷം
ഐപോഡ്‌ - 3 വര്‍ഷം
ഫേസ്‌ & ഒര്‍ക്കുട്ട്‌ - 9 മാസമോ അതില്‍ കുറവോ!
ഫേസ്‌ബുക്ക്‌ അംഗങ്ങളെ ഒരു രാജ്യത്തെ ജനസംഖ്യയായെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജനസംഖ്യ ഫേസ്‌ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ വെബ്‌സൈറ്റാണ്‌.

പേരിനു പിന്നില്‍
വളരെ കൗതുകകരമായാണ്‌ ഇന്റര്‍നെറ്റിന്‌ സൈബര്‍ സ്‌പെയ്‌സ്‌ (Cyber Space) എന്ന പേരു കിട്ടിയത്‌. കനേഡിയന്‍ ശാസ്‌ത്ര കല്‍പ്പിത കഥാകാരനായ വില്യംഗിബ്‌സണ്‍ 1980ന്റെ തുടക്കത്തില്‍ എഴുതിയ ഒരു കൃതിയിലെ ആശയത്തിനിട്ട പേരായിരുന്നു ഇത്‌. കനഡയിലെ വാന്‍കോവര്‍ നഗരത്തിലൂടെ നടക്കുമ്പോള്‍ വീഡിയോ ഗെയിം ശ്രദ്ധയില്‍പ്പെട്ടു. ഒരു കംപ്യൂട്ടറില്‍നിന്ന്‌ അടുത്തതോ വിദൂരസ്ഥമായതോ ആയ മറ്റൊരു കംപ്യൂട്ടറുമായോ ഊളിയിട്ട്‌ പോകാനാകുമെന്ന്‌ കണക്കുകൂട്ടുകയും ഒരു കൃതി എഴുതുകയും ചെയ്‌തു. കംപ്യൂട്ടര്‍ മോണിറ്ററിന്റെ പിന്നില്‍ അദൃശ്യമായ ഒരു മണ്ഡലം സ്ഥിതിചെയ്യുന്നുണ്ടെന്ന്‌ കണക്കുകൂട്ടിയാണ്‌ ഇദ്ദേഹം എഴുതിയത്‌. പിന്നീടിങ്ങോട്ട്‌ ഇന്റര്‍നെറ്റിന്റെ സൂപ്പര്‍ഹിറ്റ്‌ പേരുകളിലൊന്നായി മാറുകയായിരുന്നു സൈബര്‍ സ്‌പെയ്‌സ്‌ എന്ന പദം.

ഇന്റര്‍നെറ്റിന് 40 വര്‍ഷം ആയ വിവരം ശ്രീ.ജോസഫ് ആന്റണിയുടെ ബ്ലോഗ്: കുറിഞ്ഞിഓണ്‍ലൈനിലും ഉണ്ട്. അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2 comments:

വി. കെ ആദര്‍ശ് said...

ഇന്റര്‍നെറ്റിന് നാല്പതായി

ശ്രീ said...

ഈ ലേഖനത്തിനു നന്ദി മാഷേ