Saturday, June 20, 2009

വെബ്‌ 2.0: ഇംഗ്ലീഷ്‌ ഭാഷയിലെയും നാഴികക്കല്ല്‌

ആംഗലേയ ഭാഷയിലെ പദസമ്പത്ത്‌ ഒരു ദശലക്ഷം പിന്നിട്ടത്‌ ഇന്റര്‍നെറ്റ്‌ വ്യവഹാരത്തിലെ `വെബ്‌ 2.0' എന്ന പദത്തെ ഭാഷയിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടായിരുന്നു. വെബ്‌ ടു പോയിന്റ്‌ സീറോ എന്ന പദത്തിന്‌ `The next generation of webproducts and services, comin soon to a browser near you' എന്നാണ്‌ നിഘണ്ടു നല്‍കിയിരിക്കുന്ന വിശദീകരണം. ഗ്ലോബല്‍ ലാംഗ്വേജ്‌ മോണിറ്റര്‍ എന്ന കൂട്ടായ്‌മയാണ്‌ പദങ്ങളെ ഭാഷയിലേക്ക്‌ സ്വാംശീകരിച്ച വിവരം പ്രസിദ്ധപ്പെടുത്തിയത്‌. ഇവരുടെ കണക്കുപ്രകാരം ഓരോ 98 മിനിറ്റിലും ഓരോ വാക്കുകള്‍ ആംഗലേയവാണിയിലേക്കെത്തുന്നു, അതായത്‌ ദിനംപ്രതി 14.7 വാക്കുകള്‍.

ദശലക്ഷം പദവിതൊടാന്‍ മത്സരിച്ച വാക്കുകള്‍ക്കും ഉണ്ട്‌ പ്രത്യേകത. ജയ്‌ഹോ, സ്ലംഡോഗ്‌ എന്നീ ഇന്ത്യന്‍ വാക്കുകളും അവസാനറൗണ്ടില്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ മറ്റു ഭാഷകളിലെ ജനകീയപദങ്ങളെ സ്വന്തമാക്കി ശക്തിയും പ്രൗഢിയും വര്‍ധിപ്പിക്കുന്ന രീതി വളരെ നേരത്തെ ഉണ്ടല്ലോ? നമ്മുടെ മലയാളത്തിലെ coir, copra എന്നിവ ഇംഗ്ലീഷ്‌ നേരത്തെ സ്വന്തമാക്കിയിരുന്നു. ahimsa, guru, avtar, thali തുടങ്ങി ഒട്ടേറെ ഇന്ത്യന്‍പദങ്ങള്‍ ഇത്തരത്തില്‍ ആംഗലേയം സ്വരുക്കൂട്ടിയിട്ടുമുണ്ട്‌. എന്നാല്‍, ഒരു ദശലക്ഷം തികയ്‌ക്കുന്ന വേളയില്‍ എത്തിയ വാക്കുകളിലും ഈ കഴിഞ്ഞ ദശകത്തില്‍ ഇംഗ്ലീഷിലേക്കെത്തുന്ന വാക്കുകളുടെ കാര്യത്തിലും ടെക്‌നോളജിക്ക്‌ പൊതുവിലും വിവരസാങ്കേതികവിദ്യയ്‌ക്ക്‌ പ്രത്യേകിച്ചും കാര്യമായ സംഭാവനയുണ്ട്‌. www, home page, googling, pull down menu തുടങ്ങിയ വാക്കുകള്‍ സാധാരണ ഉപയോഗത്തില്‍വരെ ഇന്ന്‌ പരിചിതമാണ്‌.

ഒരു ദശലക്ഷം പദവി സ്വന്തമാക്കാനിടയുള്ള വാക്കുകളെ `ഗ്ലോബല്‍ ലാംഗ്വേജ്‌ മോണിറ്റര്‍' ആദ്യം പരസ്യപ്പെടുത്തി. ഇവയില്‍നിന്ന്‌ ഒരോപദത്തിന്റെയും ആഴം, വൈപുല്യം എന്നിവ ശാസ്‌ത്രീയമായി കണക്കാക്കി. പദം എത്രമാത്രം ആഴത്തില്‍ വേരോടിയിട്ടുണ്ട്‌ എന്നറിയാന്‍ ആഗോളമാധ്യമങ്ങളില്‍ ഈ പദം എത്രപ്രാവശ്യം പ്രത്യക്ഷപ്പെട്ടുവെന്നത്‌ തിട്ടപ്പെടുത്തി, വിപുലത മനസ്സിലാക്കാന്‍ ഏതൊക്കെ ദേശങ്ങളില്‍ (geographic extent of word usage) ഈ വാക്ക്‌ പ്രചുരപ്രചാരം നേടിയെന്നും അളന്നു. ഇതിനുശേഷമാണ്‌ പട്ടികയിലേക്ക്‌ ഓരോ വാക്കിനേയും ചേര്‍ത്തത്‌. സ്ലംഡോഗ്‌ മില്ല്യനെയര്‍ എന്ന ഇന്ത്യന്‍ പശ്‌ചാത്തലമുള്ള സിനിമയിലൂടെ മത്സരാര്‍ഥിയാകാന്‍ ഭാഗ്യംലഭിച്ച ഇന്ത്യന്‍ വാക്കുകളായ Jaiho! യും slum Dog ഉം ഫോട്ടോ ഫിനിഷിലാണ്‌ ഒരു ദശലക്ഷം തൊടാതെ പോയത്‌.

ജയ്‌ഹോ രണ്ടാംസ്ഥാനവും (9,99,999-ാം വാക്ക്‌) സ്ലംഡോഗ്‌ നാലാംസ്ഥാനവും നേടിയെങ്കില്‍ അവസാനപട്ടികയിലിടംപിടിച്ച മറ്റുവാക്കുകള്‍ അറിയുന്നത്‌ രസകരമാണ്‌. N00b എന്ന വാക്ക്‌ (N നുശേഷം രണ്ട്‌ `ഒ' അല്ല മറിച്ച്‌, രണ്ട്‌ പൂജ്യ ആണ്‌!) അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കൗതുകവാക്കായി. ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ ഗെയിമിലേക്ക്‌ എത്തുന്ന പുതിയ ഉപയോക്താവിനെക്കുറിക്കുന്ന പദമാണ്‌ N00b. sexting എന്നതാണ്‌ മറ്റൊരു വാക്ക്‌. അശ്ലീലച്ചുവയുള്ള (sexual text) ഇമെയില്‍ സന്ദേശത്തെയാണ്‌ ഇത്‌ അര്‍ഥമാക്കുന്നത്‌.

വെബ്‌ 2.0ക്കുശേഷം പദകോശത്തിലേക്കു പടികടന്നെത്തിയത്‌ Financial Tsunami എന്ന വാക്കാണ്‌. ആഗോളസാമ്പത്തികമാന്ദ്യം പദസമ്പത്തിന്‌ ഒരു മാന്ദ്യവും വരുത്തിയില്ല എന്ന്‌ അനുമാനിക്കാം! ഇതുകൂടാതെ Cloud Computing എന്ന പദവും അവസാനമായി ചേര്‍ത്ത കംപ്യൂട്ടര്‍ സംബന്ധിയായ പദങ്ങളിലൊന്നാണ്‌. പരിസ്ഥിതി സാങ്കേതികപദങ്ങളും കടന്നുവന്നിട്ടുണ്ട്‌. Carbon neutral (an effort to stem climate change), Green washing (rebranding an old product as environment friendly) എന്നിവ സമീപകാല ഉദാഹരണങ്ങള്‍. Blog, byte, e-mail, wiki, spam, twitter, tweets, googlism എന്നിവ വളരെയടുത്തകാലത്ത്‌ എത്തിയ പദങ്ങളാണ്‌. ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച സ്വീകാര്യതയാണ്‌ ഇത്തരം സാങ്കേതികവിദ്യാധിഷ്‌ഠിത പദത്തിന്റെ വന്നുചേരലില്‍ ഭവിക്കുന്നത്‌.

ഇന്റര്‍നെറ്റിന്റെ ഭാഷയായി ഇംഗ്ലീഷ്‌ വളര്‍ന്നുവന്ന്‌ സാംസ്‌കാരിക സാമ്രാജ്യത്വം (Cultural imperialism) ഉണ്ടാക്കുമെന്ന്‌ ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ നേരെമറിച്ച്‌, സാംസ്‌കാരിക നിര്‍മമത (cultural neutrality) ആണ്‌ സംഭവിക്കുകയെന്ന്‌ മറുകൂട്ടര്‍. ഇംഗ്ലീഷ്‌ (UK & USA) രണ്ടുതരത്തില്‍തന്നെയാണ്‌ ആഗോളതലത്തില്‍ ഉപയോഗിക്കുന്നത്‌. (എന്തിന്‌ കംപ്യൂട്ടറിലേക്ക്‌ ഓരോ ആപ്ലിക്കേഷന്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും UK English വേണോ US English വേണോ!)

'England and America are two countries divided by a common language' എന്ന്‌ സാക്ഷാല്‍ ബര്‍ണാഡ്‌ ഷാ തട്ടിവിട്ടത്‌ ചുമ്മാതെയല്ല. യുകെ ഇംഗ്ലഷീഷ്‌ മാത്രമേ ഉപയോഗിക്കൂ എന്ന്‌ ശഠിക്കുന്നവരുടെ ഇടയിലേക്ക്‌ ഇന്റര്‍നെറ്റിന്റെ ചാരംപറ്റി യുഎസ്‌ ഇംഗ്ലീഷ്‌ മേല്‍ക്കോയ്‌മ നേടുന്നു എന്നത്‌ വിസ്‌മരിക്കരുത്‌. ഒരു ഉദാഹരണം ഇതാ! എഴുത്തിന്‌ Mail എന്ന്‌ US English, Post എന്ന്‌ സമാനമായ യുകെ ഇംഗ്ലീഷും. Mailbox എന്ന്‌ ഒരു കൂട്ടര്‍ Post box എന്ന്‌ മറുഭാഗം. ഇതില്‍നിന്നും Mail carrier ഉം Post Man ഉം എന്ന രണ്ടാളും വന്നു! എന്നാല്‍, ഇന്റര്‍നെറ്റ്‌ എഴുത്തിന്‌ e-mail എന്ന പേര്‌ യു.കെ യില്‍പോലും സാര്‍വത്രികാംഗീകാരം ലഭിച്ചത്‌ മുന്‍പിന്‍ നോക്കാതെയാണ്‌! നോക്കണേ ഇന്റര്‍നെറ്റുവഴി ഒരു ഭാഷാ നുഴഞ്ഞുകയറ്റം. ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ പിന്നാമ്പുറത്തുകൂടി ഇംഗ്ലീഷ്‌ ഭാഷയുടെ പൂമുഖത്ത്‌ കസേരവലിച്ചിട്ട്‌ ഗമയില്‍ ഇരിപ്പുറപ്പിക്കാനെത്തുന്ന പദങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്ന്‌ തോന്നുന്നില്ല.